TopTop
Begin typing your search above and press return to search.

മാധ്യമങ്ങള്‍ നടത്തുന്നതിനുളള പ്രാഗല്‍ഭ്യം വോട്ടിന്റെ അളവുകോലായാല്‍ യുഡിഎഫ് വെള്ളം കുടിക്കും

മാധ്യമങ്ങള്‍ നടത്തുന്നതിനുളള പ്രാഗല്‍ഭ്യം വോട്ടിന്റെ അളവുകോലായാല്‍ യുഡിഎഫ് വെള്ളം കുടിക്കും

ജനാധിപത്യ ഭരണസംവിധാനത്തിന്റെ നാലു തൂണുകളിലൊന്നായി മാധ്യമങ്ങളെ നിര്‍വചിക്കുന്ന സാഹിത്യം വേണ്ടുവോളം ലഭ്യമാണ്. പക്ഷേ ഈ നാലാം തൂണിനെ നിലനിര്‍ത്തുന്ന മനുഷ്യര്‍, അതായത് പത്രപ്രവര്‍ത്തകരും, അല്ലാത്തവരുമായി മാധ്യമങ്ങളില്‍ പണിയെടുക്കുന്നവര്‍, വായുഭക്ഷണം മാത്രം കഴിച്ചു ജീവിക്കുന്നവരല്ല എന്ന വസ്തുത ആരും പറയാറില്ല. നാലാം തൂണിന്റെ മഹത്വത്തെ പറ്റി പ്രഘോഷണം നടത്തുന്നവര്‍ അതു കൂടി പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്ന് വേദപുസ്തകം പറയുമെങ്കിലും അപ്പമില്ലാതെ ജീവിക്കാന്‍ പറ്റിയ ഒരിനം മനുഷ്യരേയും ഇതുവരെ കണ്ടെത്താത്ത സ്ഥിതിക്ക് വിഷയം ഗൗരവമായ പരിഗണന ആവശ്യപ്പെടുന്നു. തുടര്‍ഭരണം ജനാധിപത്യത്തിന് ഭൂഷണമോ എന്ന വിഷയത്തെക്കുറിച്ചു പോലും കേരളത്തിലെ ബുദ്ധിജീവികള്‍ ഘോരഘോരം വര്‍ത്തമാനം പറയുന്ന തെരഞ്ഞെടുപ്പ് കാലമായത് കൊണ്ടാണ് നാലാം തൂണിനെ താങ്ങി നിര്‍ത്തുന്ന മാധ്യമങ്ങളിലെ പണിയാളരുടെ അവസ്ഥയെ കുറിച്ചുളള ആലോചനകളുടെ പ്രസക്തി. മാധ്യമങ്ങളിലെ ജീവനക്കാര്‍ക്കും അവരെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കും അന്നവസ്ത്രാദികള്‍ ഉറപ്പു വരുത്തുന്ന വേതനം നല്‍കുന്ന വിഷയം ഒരു മാനദണ്ഡമായെടുത്താല്‍ കേരളത്തിലെ ഒരു പ്രധാന മുന്നണിക്ക് വോട്ട് ചോദിക്കാന്‍ പോലും അര്‍ഹതയുണ്ടാവില്ല.

കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ കാര്യമാണ് പറയുന്നത്. മറ്റു പല കാര്യങ്ങളിലും വലിയ ഐക്യം ഇല്ലെങ്കിലും സ്വന്തം പാര്‍ട്ടി പത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കില്ല എന്ന കാര്യത്തില്‍ മുന്നണി ഒറ്റക്കെട്ടാണ്. മുന്നണിയുടെ പ്രധാനകക്ഷിയായ കോണ്‍ഗ്രസ്സിന്റെയും, രണ്ടാമത്തെ പ്രധാന കക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെയും മുഖപത്രങ്ങളായ 'വീക്ഷണ'ത്തിലും, 'ചന്ദ്രിക'യിലും ജോലിയെടുക്കുന്ന ജീവനക്കാരുടെ സ്ഥിതിയും തെരഞ്ഞെടുപ്പ് കാലമാവുമ്പോള്‍ ഈ കക്ഷികളിലെ നേതാക്കള്‍ കേരളത്തിലെ ജനങ്ങളോട് നടത്തുന്ന വാഗ്ദാനങ്ങളും തമ്മില്‍ തട്ടിച്ചുനോക്കുന്ന നിഷ്പക്ഷമതികള്‍ ആരും ഇവര്‍ക്ക് വോട്ടു ചെയ്യുമെന്ന് തോന്നുന്നില്ല. സ്വന്തം പാര്‍ട്ടിയുടെ ജിഹ്വകള്‍ എന്നറിയപ്പെടുന്ന ദിനപത്രങ്ങള്‍ കാര്യക്ഷമമായി നടത്തുവാന്‍ പറ്റാത്ത നേതാക്കള്‍ ഒരു സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ മുഴുവന്‍ പരിഹരിക്കുമെന്ന് പറയുന്ന അവകാശവാദങ്ങളെ എങ്ങനെയാണ് വിശ്വസിക്കുക? 'വീക്ഷണം', 'ചന്ദ്രിക' തുടങ്ങിയ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചരിത്രം ഒരു സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കുന്ന പക്ഷം വെളിവാകുക കെടുകാര്യസ്ഥതയുടെ പരമ്പരകളാവും.

കേന്ദ്രവും, രാജ്യത്തെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും കോണ്‍ഗ്രസ്സ് ഭരിക്കുന്ന കാലഘട്ടത്തില്‍ തുടങ്ങിയ വീക്ഷണത്തിന്റെ തുടക്കം മുതല്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് ക്ഷാമമില്ലായിരുന്നു. പത്രങ്ങളുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സാണ് പരസ്യത്തില്‍ നിന്നുള്ള വരുമാനം. കേന്ദ്രത്തിലും, ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും 1990-കള്‍ വരെ അധികാരത്തില്‍ ഇരുന്ന പാര്‍ട്ടിയുടെ മുഖപത്രത്തിന് ആവശ്യമായ പരസ്യം ലഭിക്കുന്നതിനുള്ള അവസരം ഉണ്ടാവാതെ പോവുന്നതിനുള്ള സാധ്യത വളരെ വിരളമാണ്. സാധ്യമായ പരസ്യവരുമാനം ചിട്ടയായ നിലയില്‍ സംഭരിക്കുക വഴി സ്ഥാപനത്തിന്റെ നിലനില്‍പ്പും അതില്‍ പണിയെടുക്കുന്ന ജീവനക്കാരുടെ വരുമാനവും ഉറപ്പു വരുത്തുന്നതിലും പുലര്‍ത്തിയ കെടുകാര്യസ്ഥതയാണ് 'വീക്ഷണ'ത്തിന്റെ ഇപ്പോഴത്തെ ദുര്യോഗത്തിന് കാരണം. 'ചന്ദ്രിക'യുടെ സ്ഥിതിയും സമാനമാണ്. കോണ്‍ഗ്രസ്സിന്റെ കാര്യത്തില്‍ ദേശീയതലത്തില്‍ തന്നെ ഇത്തരത്തിലുള്ള കൃത്യവിലോപത്തിന്റെ ദീര്‍ഘ ചരിത്രമുണ്ട്. 'വീക്ഷണ'ത്തിന്റെ കാര്യത്തിലെ കെടുകാര്യസ്ഥതയുടെ ദേശീയരൂപമാണ് ജവഹര്‍ലാല്‍ നെഹ്രൂ സ്ഥാപിച്ച 'നാഷണല്‍ ഹെറാള്‍ഡ്' എന്ന ഇംഗ്ലീഷ് പത്രത്തിന്റെ ഇന്നത്തെ സ്ഥിതി

ഈ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ അതിന് ചുമതലപ്പെട്ടവര്‍ പുലര്‍ത്തിയ, പുലര്‍ത്തുന്ന കുറ്റകരമായ അലംഭാവം ഒറ്റപ്പെട്ട വീഴ്ചകളായി അവഗണിക്കാനാവില്ല. കേരളത്തിലെ രാഷ്ട്രീയ പൊതുജീവിതത്തില്‍ ഇപ്പോഴും സുപ്രധാനമായ പങ്ക് വഹിക്കുന്ന വ്യക്തിത്വങ്ങള്‍ ആണ് അവരില്‍ പലരും. സ്വന്തം സ്ഥാപനം നോക്കി നടത്തുന്നതില്‍ ഇത്രയും കുറ്റകരമായ അനാസ്ഥയും, അലംഭാവവും പുലര്‍ത്തുന്നവര്‍ സംസ്ഥാന ഭരണം വെടിപ്പോടെ നടത്തും എന്നു കരുതാന്‍ കഴിയുമോ? 'വീക്ഷണ'വും, 'ചന്ദ്രിക'യും പോലുള്ള ദിനപ്പത്രങ്ങളുടെ കാര്യത്തില്‍ മാത്രമല്ല 'ജയ്ഹിന്ദ്' പോലുള്ള ടെലിവിഷന്‍ ചാനലുകളുടെ നടത്തിപ്പിന്റെ കാര്യത്തിലും സമാനമായ കൃത്യവിലോപം കാണാനാവും. രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിശ്ചയിക്കുന്നതില്‍ വിവിധ രൂപഭാവങ്ങളിലുള്ള മാധ്യമങ്ങള്‍ നിര്‍ണ്ണായക പ്രാധാന്യം നേടിയ ഒരു കാലയളവിലാണ് സ്വന്തമായ മാധ്യമസ്ഥാപനങ്ങള്‍ ഒരു പരിരക്ഷയുമില്ലാതെ ഇങ്ങനെ ഇല്ലായ്മകളുടെ പിടിയില്‍ കഴിയുന്നതെന്ന ധാരണ പോലും പ്രസ്തുത സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് ഇല്ലാതെ പോവുന്നത്.

ചെറിയ തോതില്‍ ആണെങ്കിലും സ്വന്തമായ ബ്രാന്‍ഡ് മൂല്യമുള്ള മാധ്യമങ്ങള്‍ ഏതൊരു രാഷ്ട്രീയ കക്ഷിക്കും ഒരു അസെറ്റ് ആണ്. തങ്ങളുടെ വാര്‍ത്തകള്‍ മറ്റുളള മാധ്യമങ്ങളില്‍ വരുത്താന്‍ പുലര്‍ത്തുന്ന വ്യഗ്രതയുടെ ചെറിയ ഒരംശം സ്വന്തം സ്ഥാപനത്തിന്റെ നടത്തിപ്പില്‍ പുലര്‍ത്താന്‍ കഴിയാതെ പോവുന്നതിന്റെ സാഹചര്യവും പരിശോധന അര്‍ഹിക്കുന്നു. 'ചന്ദ്രിക'യും, 'വീക്ഷണ'വും പോലുളള പത്രങ്ങളുടെ ചരിത്രപരവും, ആര്‍ക്കൈവലുമായ മൂല്യം കേരളത്തിന്റെ രാഷ്ട്രീയ ചരിത്ര പഠനത്തില്‍ അവഗണിക്കാവുന്നതല്ലെന്ന ഉത്തരവാദിത്തം പോലുമില്ലാത്ത മാനേജ്മെന്റുകള്‍ ജീവനക്കാരുടെ ശമ്പളമടക്കമുള്ള കാര്യങ്ങള്‍ അവഗണിക്കുന്നതില്‍ അത്ഭുതമില്ല. കേരളത്തിന്റെ സര്‍വ്വ മേഖലകളിലും ലോകോത്തര നിലവാരം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുന്ന മുന്നണിയുടെ പ്രകടന പത്രിക വീക്ഷണത്തിലെയും, ചന്ദ്രികയിലെയും ജീവനക്കാര്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്?പാര്‍ട്ടികളുടെ മാധ്യമ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ പ്രകടിപ്പിക്കുന്ന പ്രാഗല്‍ഭ്യം വോട്ടു ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഒന്നായി കേരളത്തിലെ ജനങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ എവിടെയാവും ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനം? യുഡിഎഫ് മുന്നണിയുടെ ഏറ്റവും പുതിയ അഭ്യുദയകാംക്ഷികളായി രംഗപ്രവേശം ചെയ്ത ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിലെ ജീവനക്കാരും അത്തരമൊരു മാനദണ്ഡം സ്വീകരിക്കുന്ന പക്ഷം യുഡിഎഫിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല. സ്വന്തം ജീവനക്കാര്‍ക്ക് അവകാശപ്പെട്ട പരിരക്ഷ ഒരുക്കാന്‍ കഴിയാത്തവര്‍ മുഴുവന്‍ നാട്ടുകാരെയും എങ്ങനെയാണ് രക്ഷിക്കുമെന്ന ചോദ്യം ഇന്നല്ലെങ്കില്‍ നാളെ ഉയരുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positiosn)


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories