TopTop
Begin typing your search above and press return to search.

വാക്സിന്‍ ക്ഷാമവും കോവിഡ് മഹാമാരിയുടെ രണ്ടാം വരവും

വാക്സിന്‍ ക്ഷാമവും കോവിഡ് മഹാമാരിയുടെ രണ്ടാം വരവും

കോവിഡിന്റെ രണ്ടാം വരവിലെ തീവ്രത ഒരു സൂചനയായി എടുത്താല്‍ വിഷുഫലം കുറിയ്ക്കുന്ന ജോത്സ്യന്മാര്‍ വിഷമത്തിലാവും. രോഗം പടരുന്നതിന്റെ വേഗതയും ഭരണ സംവിധാനത്തിന്റെ പരാജയം കൂടി ചേര്‍ന്നാല്‍ ഫലം പറയാന്‍ ബാക്കി ഒന്നും ഉണ്ടാവില്ല. കോവിഡിന്റെ വ്യാപനം ദുരന്തമായി മാറിയിട്ട് ഒരു കൊല്ലം പിന്നിട്ടുവെങ്കിലും സര്‍ക്കാര്‍ കാര്യം മുറ പോലെയെന്ന ചൊല്ലില്‍ നിന്നും ഒട്ടും ഭിന്നമല്ല ഇന്ത്യയിലെ സ്ഥിതി. കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് പ്രധാന കുറ്റവാളി. ഒരു മുന്നറിയിപ്പുമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മുതല്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന രാജ്യവ്യാപകമായ വാക്സിനേഷന്റെ തയ്യാറെടുപ്പുകളിലെ പാളിച്ചകള്‍ വരെയുള്ള നടപടികള്‍ ഭരണസംവിധാനത്തിലെ കാര്യക്ഷമതയുടെ അഭാവം കൃത്യതയോടെ വെളിപ്പെടുത്തുന്നു. കോവിഡിന്റെ ഒന്നാംഘട്ടം സൃഷ്ടിച്ച ആഘാതങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാവുന്നതിന് മുമ്പാണ് രണ്ടാം വരവ്. ഏപ്രില്‍ രണ്ടു മുതല്‍ ദിവസവും ഒരു ലക്ഷത്തിലധികം പേര്‍ രോഗബാധിതരാവുന്ന നില വന്നതോടെ ലോകത്തില്‍ അതിവേഗം രോഗം വ്യാപിക്കുന്ന രാജ്യമായി ഇന്ത്യ മാറി. കഴിഞ്ഞ 24-മണിക്കൂറിനുള്ളില്‍ 161,736 പേരാണ് പുതുതായി കോവിഡ് ബാധിച്ചവര്‍. നിലവിലുള്ള ആശുപത്രി സൗകര്യങ്ങള്‍ക്ക് താങ്ങാവുന്നതിലധികമാണ് രോഗികള്‍ എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഗുജറാത്ത്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പുറത്തു വരുന്നത് രണ്ടാം വരവിന്റെ വരവിന്റെ രൂക്ഷതയും, തീവ്രതയും വെളിപ്പെടുത്തുന്നു.

.കോവിഡിനെതിരായ പ്രതിരോധത്തിന്റെ ഉത്തരവാദിത്തം അവധാനതയോടെ ആസൂത്രണം ചെയ്യുന്നതില്‍ സംഭവിച്ച പിഴവിന്റെ തിക്തഫലമാണ് രോഗതീവ്രത ഇത്രയും വഷളായതിന്റെ ഉത്തരവാദി. തെരഞ്ഞെടുപ്പ് മേളകളുടെ ആധിക്യത്തിനൊപ്പം കുംഭമേള പോലുള്ള കൂട്ടംകൂടലുകള്‍ക്കെല്ലാം ഫലപ്രദമായ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ ഉത്തരവാദപ്പെട്ടവര്‍ അതിന് നേരെ വിപരീതമായി പ്രവര്‍ത്തിക്കുന്നതിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. അമേരിക്കയില്‍ തീവ്ര വലതുപക്ഷത്തിന്റെ അനുയായികള്‍ മുഖാവരണം ധരിക്കുന്നതിനും, കുത്തിവയ്പ് സ്വീകരിക്കുന്നതിനും വിസ്സമ്മതിക്കുന്നതിന്റെ മറ്റൊരു പതിപ്പാണ് ഇവിടെ ഒരു നിയന്ത്രണവുമില്ലാത്ത ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍ കാണാനാവുക. കുംഭമേളയിലെ മതപരതയും, തെരഞ്ഞെടുപ്പ് മേളയിലെ പാര്‍ട്ടിപരതയും തമ്മില്‍ ഭേദമില്ലെന്ന് കോവിഡിന്റെ കുതിച്ചുയരല്‍ ബോധ്യപ്പെടുത്തുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ കേരളത്തിലെ രോഗബാധയില്‍ ഗണ്യമായ വര്‍ദ്ധ രേഖപ്പെടുത്തിയിരുന്നു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ ഉചിതമായ മുന്‍കരുതലുകള്‍ നടപ്പിലാക്കുവാന്‍ ചുമതലപ്പെട്ടവര്‍ തന്നെ അത്തരം കരുതലുകള്‍ ഉപേക്ഷിക്കുവാന്‍ മുമ്പില്‍ നിന്നു. തെരഞ്ഞെടുപ്പ് നടന്നതും, നടക്കുന്നതുമായ മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി സമാനമാണ്.

രോഗ വ്യാപനത്തെ ക്ഷണിച്ചു വരുത്തുന്ന ആള്‍ക്കൂട്ടപ്പെരുമകള്‍ സംഘടിപ്പിക്കുന്നതില്‍ പുലര്‍ത്തുന്ന നിരുത്തരവാദിത്തം വാക്സിന്‍ നിര്‍മ്മാണവും, വിതരണവും ആസൂത്രണം ചെയ്യുന്നതിലും പ്രകടമാണ്.ഒരു നിയന്ത്രണവുമില്ലാതെ രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് വാക്സിന്റെ ലഭ്യതയില്‍ നേരിടുന്ന ക്ഷാമം പ്രത്യക്ഷപ്പെടുന്നത്. വാക്സിന്‍ നിര്‍മ്മാതാക്കളുമായി സമയബന്ധിതമായി കരാറുകളില്‍ എത്തിച്ചേരുന്നതില്‍ പുലര്‍ത്തിയ അനാസ്ഥയാണ് ഇപ്പോഴത്ത ക്ഷാമത്തിന്റെ കാരണം. ജനുവരിയില്‍ വാക്സിനേഷന്‍ മുന്‍ഗണന ക്രമത്തില്‍ ആരംഭിച്ചിട്ട് മൂന്നു മാസം കഴിഞ്ഞു. കേവലം രണ്ട് കമ്പനികളുടെ വാക്സിനുകള്‍ മാത്രമാണ് ഇതുവരെ അംഗീകാരം ഇന്ത്യയില്‍ നേടിയത്. രോഗബാധ രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ സ്പുടനിക് വാക്സിന് കഴിഞ്ഞ ദിവസം അനുമതി ലഭിച്ചു. അതോടൊപ്പം പാശ്ചാത്യ രാജ്യങ്ങളിലും, ജപ്പാനിലും അംഗീകാരം ലഭിച്ച വാക്സിനുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുവാന്‍ അടിയന്തര അംഗീകാരം നല്‍കുന്ന നടപടികള്‍ക്കും ചൊവ്വാഴ്ച പൂര്‍ത്തിയാക്കി.

ഏറ്റവും മിതമായ സുരക്ഷ മാനദണ്ഡങ്ങള്‍ പോലും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാവുന്ന തരത്തിലാണ് ഇപ്പോള്‍ സ്വീകരിക്കുന്ന ധൃതി പിടിച്ച നടപടികള്‍. സാധാരണഗതിയില്‍ പ്രാദേശികമായി നിശ്ചിത എണ്ണം ആളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചതിനു ശേഷമാണ് വാക്സിനുകള്‍ അടിയന്തരമായി ഉപയോഗിക്കാനുള്ള അപേക്ഷ അംഗീകാരത്തിനായി സമര്‍പ്പിക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രസ്തുത നിബന്ധന ഒഴിവാക്കപ്പെടുന്നതിനാണ് സാധ്യതയെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പുട്നിക്കിന് പുറമെ ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയുടെ വാക്സിനുകളാണ് അംഗീകാരം നേടാന്‍ ഇടയുള്ളവ. അതില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ വാക്സിന്‍ ഉപയോഗിക്കുന്നതില്‍ ചൊവ്വാഴ്ച അമേരിക്ക താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. കമ്പനിയുടെ ഒറ്റ ഡോസ് വാക്സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ട പിടിക്കുന്ന പ്രവണത പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നിയന്ത്രണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സംബന്ധിച്ച സംശയങ്ങള്‍ ദുരീകരിച്ചതിന് ശേഷം ഇന്ത്യന്‍ വിപണയില്‍ പ്രവേശിക്കുവാന്‍ കമ്പനി താല്‍പ്പര്യപ്പെടുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

വാക്സിന്‍ ക്ഷാമത്തിന്റെ സാധ്യത ഏറെയാണെന്ന വിലയിരുത്തല്‍ ശക്തമാവുന്നതിന്റെ സാഹചര്യം ഇതാണ്. മിറര്‍ നൗ എന്ന വാര്‍ത്താ ചാനലിലെ തന്‍വി ശുക്ല നടത്തിയ വിശകലനം അനുസരിച്ച് വാക്സിന്‍ ലഭ്യതയും, ആവശ്യകതയും തമ്മിലുള്ള അന്തരം ഗുരുതരമായ അവസ്ഥയിലാണ്. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന അളവില്‍ വാക്സിന്‍ ലഭ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് കഴിയുന്നില്ല. മഹാരാഷ്ട്രയില്‍ വാഗ്ദാനം ചെയ്ത 17.5 ലക്ഷം ഡോസുകള്‍ക്ക് പകരം ലഭ്യമായത് 4.5 ലക്ഷം ഡോസുകള്‍ മാത്രമാണ്. മുംബെയില പല സ്വകാര്യ സ്ഥാപനങ്ങളും വാക്സിന്‍ സൗകര്യം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമായി. ക്ഷാമം രൂക്ഷമാകുന്നതിന്റെ ഒരു കാരണം 45-വയസ്സിന് മേല്‍ പ്രായമുള്ള എല്ലാപേര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള തീരുമാനം ആണെന്ന് കരുതപ്പെടുന്നു. വാക്സിന്‍ ലഭ്യതയുടെ സാധ്യത വേണ്ട നിലയില്‍ പരിഗണിക്കാതെ സ്വീകരിച്ച ഈ തീരുമാനം ഇപ്പോഴത്തെ ക്ഷാമത്തിന് ഒരു കാരണമാണ്. ശരാശരി 33-ലക്ഷം ഡോസുകളാണ് ഒരു ദിവസം കുത്തിവയ്പിനായി ഉപയോഗിക്കുന്നത് തന്‍വി ശുക്ല ചൂണ്ടിക്കാണിക്കുന്നു. ചില ദീവസങ്ങളില്‍ അത് 40 ലക്ഷം ഡോസുകള്‍ കടന്നിരുന്നു. ശരാശരി 33-ലക്ഷം ഡോസുകള്‍ എന്ന കണക്ക് അടിസ്ഥാനമാക്കിയാല്‍ ഒരു മാസത്തേക്ക വേണ്ടി വരിക 9.9 കോടി ഡോസ് വാക്സിനാണ്.

ഏപ്രില്‍ 10-ാം തീയതിയിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 4.6 കോടി ഡോസുകള്‍ മാത്രമാണ് പൈപ്പ്ലൈനില്‍ ലഭ്യമായിട്ടുള്ളത്. അതായത് 13 ദിവസത്തേക്ക് മാത്രം തികയുന്ന ഡോസുകള്‍. ദിവസം 50 ലക്ഷം പേര്‍ക്ക് കുത്തിവയ്പ് നല്‍കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ മുമ്പില്‍ വാക്സിന്‍ ലഭ്യത ഗണ്യമായി ഉയര്‍ത്തുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. കോവിഷീല്‍ഡ് വാക്സിന്റെ നിര്‍മ്മാതാക്കളായ പൂനയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉല്‍പ്പദാനം ജൂണ്‍ മാസത്തോടെ 11-കോടി ഡോസിലെത്തുമെന്നാണ് ഇപ്പോഴത്തെ അനുമാനം. റഷ്യന്‍ വാക്സിനായ സ്പുട്നിക്കിന്റെ ഉല്‍പ്പദാനം അടിയന്തരമായി തുടങ്ങുകയും, ഫൈസര്‍, മൊഡേണ എന്നിവരുടെ വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കുന്ന പ്രക്രിയ പൂര്‍ത്തിയാക്കുകയും ചെയ്യുകയാണ് അടിയന്തരമായി കൈക്കൊള്ളേണ്ട നടപടികള്‍. രോഗ വ്യാപനം അതിദ്രുതമാകുന്ന സാഹചര്യത്തില്‍ വാക്സിന്‍ ക്ഷാമത്തെ കുറിച്ചുള്ള ഉത്ക്കണ്ഠകള്‍ എത്രയും വേഗം പരിഹരിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories