TopTop
Begin typing your search above and press return to search.

തെരഞ്ഞെടുപ്പ് ആധിപത്യ ശക്തികളുടെ അജന്‍ഡകളിന്മേല്‍ ജനങ്ങളുടെ രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങളെ പാകപ്പെടുത്തിയെടുക്കുന്ന വിപണന മേളയാകുമ്പോള്‍

തെരഞ്ഞെടുപ്പ് ആധിപത്യ ശക്തികളുടെ അജന്‍ഡകളിന്മേല്‍  ജനങ്ങളുടെ  രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങളെ പാകപ്പെടുത്തിയെടുക്കുന്ന  വിപണന മേളയാകുമ്പോള്‍

അഭിപ്രായ സര്‍വേകള്‍ മാത്രമായിരുന്നു തെരഞ്ഞെടുപ്പുകളുടെ മാനദണ്ഡമെങ്കില്‍ കേരളത്തിലെ ജനവിധി ഇതിനകം നിര്‍ണ്ണയിച്ചു കഴിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 6-7 അഭിപ്രായ സര്‍വേകള്‍ നല്‍കുന്ന വ്യക്തമായ സൂചനകള്‍ ശരിയാണെങ്കില്‍ നിലവിലുള്ള ഭരണമുന്നണി അധികാരത്തില്‍ തിരിച്ചെത്തണം. സര്‍വേകളിലും അവയെ ആസ്പദമാക്കിയുള്ള രാഷ്ട്രീയ കണക്കെടുപ്പുകളിലും അന്തര്‍ലീനമായ ശരിതെറ്റുകള്‍ വിലയിരുത്തുന്നതിന് വോട്ടെണ്ണുന്ന മെയ് 2-ാം തീയതി വരെ കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ അവയെപ്പറ്റി കൂടുതല്‍ വിചാരപ്പെടുന്നതില്‍ അര്‍ത്ഥമില്ല.

ഹ്രസ്വ -ദീര്‍ഘകാലങ്ങളില്‍ പ്രത്യക്ഷവും, പരോക്ഷവുമായി അരങ്ങേറുന്ന സാമൂഹ്യ-സാമ്പത്തിക പ്രവണതകളുടെ ആവിഷ്‌ക്കാരമായി രാഷ്ട്രീയസംവാദങ്ങള്‍ രൂപപ്പെടുകയും അവ തെരഞ്ഞെടുപ്പുകളുടെ അജന്‍ഡയായി ഉരുത്തിരിയുകയും ചെയ്യുന്ന പ്രക്രിയ ഏതാണ്ട് പൂര്‍ണ്ണമായും മാധ്യമീകൃതമായ പ്രൊപഗാന്‍ഡ സംവിധാനത്തിന് വഴിമാറിയതാവും 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ സവിശേഷത. പൊടുന്നനെ സംഭവിച്ചതല്ല ഈ മാറ്റം. വളരെ കാലമായി നടന്നുവരുന്ന ഒരു പ്രക്രിയ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സര്‍വ്വാഭാരണവിഭൂഷിതമായി പ്രത്യക്ഷപ്പെട്ടു എന്ന നിലക്കാണ് 2021 സവിശേഷമാകുന്നത്. സാമൂഹിക ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ സംഭവിച്ച മാറ്റങ്ങള്‍, സാങ്കേതിക വിദ്യയിലുണ്ടായ വികാസം, മനുഷ്യരുടെ ജീവിത-ലോക വീക്ഷണങ്ങളില്‍ വന്ന പരിവര്‍ത്തനങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളും രാഷ്ട്രീയസംവാദങ്ങള്‍ മാധ്യമീകൃതമായ പ്രൊപഗാന്‍ഡ സംവിധാനം മാത്രമായി മാറുന്നതില്‍ പങ്കു വഹിക്കുന്നു. രാഷ്ട്രീയ സംവാദങ്ങളുടെ രൂപഭാവങ്ങളില്‍ സംഭവിക്കുന്ന ഈ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നാളെ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രസക്തിയെ ഏതു വിധത്തിലാവും വിലയിരുത്താനാവുക.

.പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ സജീവ പ്രവര്‍ത്തകരും, അനുയായികളും ഒഴിച്ചാല്‍ ഒരുതരം മരവിപ്പ് നിറഞ്ഞ നിസ്സംഗതയാണ് തെരഞ്ഞെടുപ്പിനോട് പൊതുവില്‍ സംസ്ഥാനത്തെ ജനങ്ങളിലുടനീളം കാണാനാവുക. കുറച്ചുകാലമായി അത്തരമൊരു നിസ്സംഗത പ്രകടമാണ്. പ്രമുഖ രാഷ്ട്രീയകക്ഷികള്‍ മുന്നോട്ടു വയ്ക്കുന്ന അവകാശവാദങ്ങളും, വാഗ്ദാനങ്ങളും, ആരോപണങ്ങളും ജനങ്ങളില്‍ പ്രത്യേകിച്ച് സ്വാധീനമൊന്നും സൃഷ്ടിക്കുന്നില്ല എന്നതാണ് പൊതുവെയുള്ള വികാരമെന്ന് നിശ്ചയമായും പറയാം. ഇതെല്ലാം എത്ര കണ്ടിരിക്കുന്നു, കേട്ടിരിക്കുന്നു എന്ന ഭാവം ഒരോ തെരഞ്ഞെടുപ്പ് കഴിയന്തോറും ജനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പഴയതുപോലുള്ള കൂട്ടംകൂടലുകള്‍ ഇല്ലാതായതിന്റെ ഭാഗമായി പൊതുവെയുള്ള നിസ്സംഗത കൂടുതലായോ എന്ന സംശയവും ഇല്ലാതില്ല.

ലോക്‌സഭ തെരഞ്ഞെടുപ്പിലും അതിനു ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും പ്രകടമായ വോട്ടു ശതമാനം കണക്കിലെടുത്താല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണ കോലാഹലങ്ങളോട് കാണിക്കുന്ന താല്‍പര്യമില്ലായ്മ വോട്ടു ചെയ്യുന്നതില്‍ പ്രകടമാകാറില്ല എന്നാണ് അനുഭവം. സമൂഹത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും സാമൂഹിക-സാമ്പത്തിക ഇച്ഛകളും, വൈരുദ്ധ്യങ്ങളും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ സ്വതന്ത്രമായ നിലയില്‍ പ്രകടിപ്പിക്കുന്നതിനുള്ള വേദിയാണ് വോട്ടെടുപ്പിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ എന്നാണ് സങ്കല്‍പ്പം. രാഷ്ട്രീയം അതല്ലാതായി മാറിയലോ? വൈവിധ്യങ്ങളായ ഇച്ഛകളും, വൈരുദ്ധ്യങ്ങളും പ്രതിനിധാനം ചെയ്യുന്ന വേദിയല്ലാതായി മുഖ്യധാരയിലെ കക്ഷി രാഷ്ട്രീയം മാറിയെന്ന ചിന്ത ജനമനസ്സുകളില്‍ വ്യാപകമാണ്. സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ അധീശത്വം പുലര്‍ത്തുന്ന അധികാര ബ്ലോക്കുകള്‍ തമ്മിലുള്ള ഭിന്ന താല്‍പര്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉപകരണങ്ങളായി രാഷ്ട്രീയ കക്ഷികളും, ഭരണ സംവിധാനവും മാറിയെന്നു വ്യക്തമാക്കുന്ന ശ്രദ്ധേയമായ പഠനങ്ങള്‍ ഈയൊരു വിലയിരുത്തലിനെ പിന്തുണയ്ക്കുന്നു. ഈ മാറ്റം കേരളത്തിനും ബാധകമാണെന്ന ബോധം പല ജനവിഭാഗങ്ങളിലും ശക്തമാണ്. പ്രകടമായ നിലയില്‍ തിരിച്ചറിയാന്‍ കഴിയുന്ന വിധം ആധിപത്യശക്തികളുടെ അജന്‍ഡകള്‍ നടപ്പിലാക്കുന്നതിനുള്ള ഉപകരണം മാത്രമാണ് ഭരണസംവിധാനം. അതിന്റെ നിയന്ത്രണം ആരുടെ കൈകകളിലാവണം എന്നു നിര്‍ണ്ണയിക്കുന്നതിനായി നിശ്ചിത കാലയളവുകളില്‍ നടക്കുന്ന ഉപാധി എന്നതിനപ്പുറം തെരഞ്ഞെടുപ്പുകളുടെ പ്രസക്തി എന്താണെന്ന ചോദ്യം അവഗണിക്കാനാവാത്ത വിധം സജീവമായ രാഷ്ട്രീയ വിഷയമാണ്.

ഡൊണാള്‍ഡ് ട്രംപ് മുതല്‍ നരേന്ദ്ര മോദി വരെയുള്ളവര്‍ ഇതേ സംവിധാനം വഴി ഭരണകൂടാധികാരം കൈയാളുന്നതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്ന രാഷ്ട്രീയ വിഷയമായി അത്തരം ചോദ്യങ്ങള്‍.

ആധിപത്യ ശക്തികളുടെ അജന്‍ഡകളെ അടിസ്ഥാനമാക്കി ജനങ്ങളുടെ രാഷ്ട്രീയമായ ഇഷ്ടാനിഷ്ടങ്ങളെ പാകപ്പെടുത്തിയെടുക്കുന്ന വിപണന മേളയാണ് തെരഞ്ഞെടുപ്പ് കാലം. വോട്ടെടുപ്പ് കഴിയുന്നതോടെ അവസാനിക്കുന്ന ആസൂത്രിതമായ ഈ വിപണന മേള ജനങ്ങളുടെ രാഷ്ട്രീയ-സാമൂഹ്യ ഇച്ഛയുടെ ഒരേയൊരു ആവിഷ്‌ക്കാരമായി കാണാനാവില്ലെന്ന വീക്ഷണം ഇപ്പോള്‍ അമ്പരപ്പ് പോലും ഉളവാക്കുന്നില്ല. വോട്ടെടുപ്പിലൂടെ ഭരണകൂടാധികാരം ലഭിക്കുന്ന കക്ഷികള്‍ പിന്തുടരുന്ന നയങ്ങളില്‍ ഭിന്നതകളില്ലെന്ന സ്ഥിതിവിശേഷം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സാധുത പോലും ചോദ്യം ചെയ്യുന്ന നിലയില്‍ എത്തിയിരിക്കുന്നു. ഭരണകൂടാധികാരം കൈവരുന്ന കക്ഷികള്‍ തമ്മില്‍ നയപരമായ മുന്‍ഗണനക്രമങ്ങളില്‍ ഭിന്നതയൊന്നുമില്ലെന്ന തിരിച്ചറിവ് വോട്ടവകാശത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രാതിനിധ്യ ജനാധിപത്യത്തെ ചോയ്സ്ലെസ് അഥവാ തെരഞ്ഞെടുപ്പിന് സാധ്യതയില്ലാത്ത ജനാധിപത്യമായി മാറ്റി എന്നാണ് വിമര്‍ശനം. ഉമ്മന്‍ ചാണ്ടിക്കും, പിണറായി വിജയനും, മോദിക്കും അദാനി ഗ്രൂപ്പ് ഒരു പോലെ സ്വീകാര്യമാവുന്ന സ്ഥിതി ചോയ്സ്ലെസ് ജനാധിപത്യത്തെ കുറിച്ചുള്ള ചിന്തകളെ പ്രസക്തമാക്കുന്നു. തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം തെരഞ്ഞെടുപ്പുകളില്‍ എത്രത്തോളം ലഭ്യമാണെന്ന സന്ദേഹങ്ങളെ രാഷ്ട്രീയസംവാദത്തിന്റെ മണ്ഡലത്തില്‍ നിന്നും വിസ്മൃതിയിലാക്കുന്ന പ്രവര്‍ത്തിയാണ് നേരത്തെ സുചിപ്പിച്ച മാധ്യമീകൃതമായ പ്രൊപഗാന്‍ഡ സംവിധാനം നിറവേറ്റുന്ന ധര്‍മ്മം.

കേരളം അഭിമുഖീകരിയ്ക്കുന്ന ഗൗരവമായ വിഷങ്ങളൊന്നും അവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാവാതെ പോവുന്നതിനുള്ള നിലമൊരുക്കലാണ് മാധ്യമീകൃതമായ പ്രൊപഗാന്‍ഡ നിറവേറ്റിയ ധര്‍മ്മം. മുഖ്യധാരയിലെ രാഷ്ട്രീയ കക്ഷികള്‍ ആഗ്രഹിക്കുന്നതും അത് തന്നെയാണ്. വൈവിധ്യങ്ങളായ സാമൂഹ്യ-സാമ്പത്തിക താല്‍പര്യങ്ങളുടെ പ്രതിനിധാനമായി രൂപപ്പെടേണ്ട രാഷ്ട്രീയ സംവാദങ്ങള്‍ സര്‍വേ ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള ടെലിവിഷന്‍ ചൊല്ലിയാട്ടങ്ങളായി മാറിയതോടെ രാഷ്ട്രീയത്തിലെ പൈങ്കിളിവല്‍ക്കരണം പൂര്‍ണ്ണമായി. കലയിലും, സാഹിത്യത്തിലും സംഭവിക്കുന്ന പൈങ്കിളിവല്‍ക്കരണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. മാധ്യമീകൃതമായ പ്രൊപഗാന്‍ഡയിലൂടെ കേരളത്തിലെ രാഷ്ട്രീയത്തെ ഗ്രസിച്ച പൈങ്കിളിവല്‍ക്കരണത്തെ കുറിച്ചുള്ള തിരിച്ചറിവുകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയാവേണ്ട കാലം അതിക്രമിച്ചുവെന്നാണ് ഈ തെരഞ്ഞെടുപ്പു കാലത്തെ രാഷ്ട്രീയസംവാദങ്ങള്‍ നല്‍കുന്ന സുപ്രധാന പാഠം.

മാധ്യമ സാന്ദ്രത ഏറ്റവുമധികം നിലനില്‍ക്കുന്ന ഒരു പ്രദേശമെന്ന നിലയില്‍ കേരളത്തില്‍ ഈ തിരിച്ചറിവുകള്‍ സുപ്രധാനമാണ്. ജനവിരുദ്ധതയുടെ രാഷ്ട്രീയത്തെ സൗന്ദര്യപ്പെടുത്തി ആസ്വാദ്യകരമാക്കുന്ന ജനപ്രിയ കലയുടെ മറ്റൊരു ആവിഷ്‌ക്കാരമാണ് മാധ്യമീകൃതമായ പ്രൊപഗാന്‍ഡ സംവിധാനത്തിലൂടെ നിറവേറ്റപ്പെടുന്നത്. പരിസ്ഥിതി വിനാശവും കേരളത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട സമസ്യകളും, ആദിമനിവാസികളും, ദളിതരും, സ്ത്രീകളും, ദാരിദ്ര്യത്തില്‍ കഴിയുന്ന ജനവിഭാഗങ്ങളും നിത്യേന നേരിടുന്ന അതിജീവന വെല്ലുവിളികളും 'ഭരണ തുടര്‍ച്ച' വേണം, വേണ്ട എന്ന അലര്‍ച്ചകളില്‍ നിശ്ശബ്ദമാക്കപ്പെട്ട തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഫലപ്രാപ്തി എന്തായിരിക്കും എന്ന കാര്യത്തില്‍ അധികം തല പുണ്ണാക്കണമെന്നു തോന്നുന്നില്ല. ഭരണ തുടര്‍ച്ച ഉണ്ടായാലും, ഇല്ലെങ്കിലും തനതായ ആവാസവ്യവസ്ഥയും, ചരിത്രവുമുളള ഭൂപ്രദേശമെന്ന നിലയില്‍ കേരളത്തിന്റെ നിലനില്‍പ്പിനെ ആശ്രയിച്ചാവും അവിടെ അധിവസിക്കുന്ന മനുഷ്യരുടെയും സസ്യ-ജീവജാലങ്ങളുടെയും അതിജീവനവും സാധ്യമാവുകയെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാവും വരാനിരിക്കുന്ന നാളുകളിലെ രാഷ്ട്രീയ ബോധ്യങ്ങളുടെ ഭാഷ രൂപപ്പെടുകയെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories