TopTop
Begin typing your search above and press return to search.

കഴുമരം ഇല്ലാത്ത കൊലപാതകം

കഴുമരം ഇല്ലാത്ത  കൊലപാതകം

ഭരണകൂട ഹിംസയുടെ അടയാള വാക്കായി 'ഏറ്റുമുട്ടല്‍' മാറിയതുപോലെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ വരണ്ടുണങ്ങലിന്റെ അടയാളമായി 'ജുഡീഷ്യല്‍ കൊലപാതകം' എന്ന പ്രയോഗം പ്രചാരം നേടിയാല്‍ അത്ഭുതപ്പെടാനില്ല. മഹാരാഷ്ട്രയിലെ യര്‍വാട ജയിലിലെ വിചാരണ തടവുകാരിയായിരുന്ന കഞ്ചന്‍ നന്നാവരെയുടെ ജീവിതം ജുഡീഷ്യല്‍ കൊലപാതകം ഒരു സാധ്യത മാത്രമല്ലെന്ന ദുരന്തം നമ്മെ ഓര്‍മിപ്പിക്കുന്നു. നിയമത്തിന്റെ സാങ്കേതിക പദാവലികളില്‍ മാത്രം അഭിരമിക്കുന്ന ന്യായാധിപന്മാരുടെ കോടതികളില്‍ നീതി മുഖ്യ പരിഗണനവിഷയം അല്ലാതാവുമ്പോള്‍ കഴുമരത്തിന്റെ സാന്നിദ്ധ്യം അനിവാര്യമല്ലാത്ത ജുഡീഷ്യല്‍ കൊലപാതകത്തിനുള്ള സാഹചര്യം ഒരുങ്ങുന്നു. അത്തരമൊരു സ്ഥിതിവിശേഷത്തിന്റെ സാക്ഷ്യമാണ് 38-വയസ്സുകാരിയായ കഞ്ചന്റെ ജീവിതം. മാവോയിസ്റ്റ് പ്രവര്‍ത്തക/അനുഭാവി എന്ന സംശയത്തില്‍ 2014-ല്‍ അറസ്റ്റു ചെയ്യപ്പെട്ട ഈ ആദിവാസി യുവതി ജാമ്യത്തിനായി നേരിട്ട പ്രതിബന്ധങ്ങള്‍ നീതിയുടെ ഉറവ വറ്റിയ കോടതി സംവിധാനങ്ങളുടെ ചരിതം കൂടിയാണ്.

വിചാരണ കോടതികള്‍ മുതല്‍ ബോംബെ ഹൈക്കോടതി വരെ കഴിഞ്ഞ ആറു വര്‍ഷങ്ങളായി അവരുടെ ജാമ്യാപേക്ഷകള്‍ ഒരോ ഘട്ടത്തിലും നിരാകരിക്കുകയോ വച്ചു താമസിപ്പിക്കുകയോ ആയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന കഞ്ചന്റെ ഏറ്റവും ഒടുവിലത്തെ ജാമ്യാപേക്ഷ ഇപ്പോഴും ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജന്മനാ ഹൃദയസംബന്ധമായ അസുഖം അലട്ടിയിരുന്ന കഞ്ചന്റെ ആരോഗ്യനില ഏറെ ഗുരുതരമാണെന്നും, ഹൃദയം മാറ്റിവെക്കേണ്ടി വരുമെന്നുമുള്ള ഡോക്ടരുടെ ശുപാര്‍ശയും അതു സംബന്ധിച്ച തെളിവുകളും സഹിതം കഴിഞ്ഞ ഒക്ടോബറില്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. കോടതിയുടെ മുന്‍ഗണനക്രമത്തിന്റെ തുലാസ്സില്‍ ഇനിയും ഇടംപിടിക്കാത്ത പ്രസ്തുത ജാമ്യാപേക്ഷ നീതിയുടെ തുലാസ്സില്‍ ഇനി എങ്ങനെയാവും ദൃശ്യമാവുക? വ്യക്തിസ്വാതന്ത്ര്യം, ഹനിക്കപ്പെടുന്നത് ഒരു ദിവസത്തേക്കാണെങ്കിലും, അംഗീകരിക്കാനാവില്ലെന്ന് അര്‍ണാബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്ന കാലത്തു തന്നെയാണ് കഞ്ചന്റെ ജാമ്യാപേക്ഷ കേള്‍ക്കുന്നതിനുള്ള സമയക്രമം പോലും നിശ്ചയിക്കാതെ ബോംബെ ഹൈക്കോടതി സുഖസുഷുപ്തിയില്‍ ആറാടിയത്. നീതിയുടെ അടിയന്തിര പ്രാധാന്യം ജഡ്ജിമാരുടെ സ്വകാര്യ ഭാഷണങ്ങള്‍ മാത്രമാണോ?

ശരീരത്തിന്റെ 90-ശതമാനം ചലനശേഷിയും നഷ്ടമായ പ്രഫസര്‍ ജിഎന്‍ സായി ബാബ, 81-വയസ്സു കഴിഞ്ഞ കവി വരവര റാവു, പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ 83-വയസ്സുള്ള മനുഷ്യവാകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമി തുടങ്ങിയ അനേകം മനുഷ്യര്‍ തങ്ങളുടെ നിയമപരമായ അവകാശമായ ജാമ്യത്തിനു വേണ്ടി ആശ്രയിക്കുന്നത് ഇതേ സംവിധാനത്തെയാണെന്ന കാര്യം ഉത്ക്കണ്ഠയുളവാക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്. വരവര റാവുവിന് കുറഞ്ഞപക്ഷം മൂന്നു മാസത്തേക്കങ്കിലും ജാമ്യം അനുവദിക്കണമെന്ന് ജനുവരി 21-ന് ബോംബെ ഹൈക്കോടതിയില്‍ വാദിച്ച സീനിയര്‍ അഡ്വക്കേറ്റ് ഇന്ദിര ജയ്സിംഗ് ഉന്നയിച്ച പ്രധാനകാര്യം ഇന്ത്യയില്‍ 'പ്രക്രിയ തന്നെ ശിക്ഷയാവുന്ന' സാഹചര്യത്തെക്കുറിച്ചാണ്. 80-വയസ്സു കഴിഞ്ഞവരെ വിചാരണ തടവുകാരായി ജയിലില്‍ പാര്‍പ്പിക്കുന്നതിന്റെ മനുഷ്യത്വമില്ലായ്മ ചൂണ്ടിക്കാട്ടിയ ശ്രീമതി ജയ്സിംഗ് റാവുവിന്റെ ആരോഗ്യനില കണക്കിലെടുത്ത് അദ്ദേഹത്തെ കുടുബത്തോടൊപ്പം കഴിയുന്നതിന് അനുവദിക്കണമെന്നു വാദിച്ചു. വാദം കേട്ട ജസ്റ്റിസ് എസ്സ് എസ്സ് ഷിന്‍ഡെ ചൂണ്ടിക്കാട്ടിയ പ്രധാന തടസ്സം നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ പ്രകാരം (യുഎപിഎ) ആരോഗ്യകാരണങ്ങളാല്‍ ആര്‍ക്കും ജാമ്യം നല്‍കിയ കീഴ്വഴക്കം ഇല്ലെന്നതായിരുന്നു. കൂടുതല്‍ വാദത്തിനായി കേസ്സ് ഈ മാസം 27-ലേക്കു മാറ്റി. കീഴ്വഴക്കങ്ങളുടെ ശരികളിലും, നിയമത്തിന്റെ സാങ്കേതികതയിലും മാത്രമായി ന്യായാധിപന്മാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ജൂഡിഷ്യല്‍ കൊലപാതകത്തെ പറ്റിയുള്ള ആശങ്ക അസ്ഥാനത്തല്ലാതാവുന്നു. സായി ബാബയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച വിചാരണക്കോടതിയുടെ വിധിക്കെതിരായ അപ്പീലില്‍ ഇതുവരെ നടപടി തുടങ്ങിയിട്ടില്ലെന്ന വസ്തുത ആശങ്കകള്‍ക്ക് അടിവരയിടുന്നു.

ജീവിച്ചിരിക്കാനുള്ള നിയമപരമായ അവകാശം സ്ഥാപിച്ചെടുക്കുന്നതിനുള്ള തന്റെ പരിശ്രമത്തിന്റെ അനുഭവം പങ്കുവെക്കാന്‍ കഞ്ചന്‍ ഇപ്പോള്‍ നമ്മളോടൊപ്പമില്ല. മസ്തിഷ്‌ക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പൂനയിലെ സസൂണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കഞ്ചന്‍ ജനുവരി 24-ന് വിട പറഞ്ഞു. (1) ആശുപത്രിയില്‍ പ്രവേശിപ്പിച്ച കഞ്ചനെ ജനുവരി 16-ന് മസ്തിഷ്‌ക്ക സംബന്ധമായ ശസ്ത്രക്രിയക്ക് വിധേയമാക്കിയ വിവരം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് കഞ്ചന്റെ അഭിഭാഷകരും, ബന്ധുക്കളും ആരോപിക്കുന്നു. കഞ്ചന്റെ അഭിഭാഷകനായ പാര്‍ത്ഥ ഷാ നല്‍കിയ വിവരമനസരിച്ച് അവരുടെ ഗുരുതരാവസ്ഥ ഉത്തരവാദപ്പെട്ട അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ജനുവരി 24-ന് രാവിലെയാണ് കഞ്ചന്റെ ജീവിത പങ്കാളിയായ അരുണ്‍ ബെല്‍ക്കേയുടെ കുടുബക്കാര്‍ക്ക് കഞ്ചന്റെ ഗുരുതരാവസ്ഥയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. അതേ ദിവസം വൈകുന്നേരം അവര്‍ അന്ത്യശ്വാസം വലിച്ചു.

യര്‍വാട ജയിലില്‍തന്നെ തടവുകാരനായ ബെല്‍ക്കേ-ക്കു തന്റെ ജീവിത പങ്കാളിയെ കാണാനുള്ള അനുമതി കോടതി നല്‍കിയെങ്കിലും അതിനു വേണ്ടുന്ന ഏര്‍പ്പാടുകള്‍ അടിയന്തിരമായി ഒരുക്കുവാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ല. അപ്പോഴേക്കും കഞ്ചന്‍ ജീവന്‍ വെടിഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളായിരുന്ന കാലത്താണ് കഞ്ചനും, ബെല്‍ക്കേയുമെല്ലം പൊതുപ്രവര്‍ത്തന മേഖലയില്‍ സജീവമാകുന്നതെന്ന് അവരുടെ കൂടെ പ്രവര്‍ത്തിച്ചിരുന്ന അനുരാധ സൊനൂലെ ഓര്‍മിപ്പിക്കുന്നു. ദേശഭക്തി യുവ മോര്‍ച്ചയെന്ന സംഘടനയില്‍ 2004-മുതല്‍ കഞ്ചനും, ബെല്‍ക്കേയും താനുമെല്ലാം പ്രവര്‍ത്തിച്ചിരുന്നതായി അവര്‍ പറയുന്നു. 100-കണക്കിന് യുവതീ-യുവാക്കള്‍ സംഘടനയുടെ ഭാഗമായിരുന്നു. കാഞ്ചനും, ബെല്‍ക്കേയും 2008-ല്‍ അറസ്റ്റു ചെയ്യപ്പെട്ടുവെങ്കിലും ഏഴു മാസത്തിനു ശേഷം കോടതി അവരെ വെറുതെ വിട്ടു. 2011-ല്‍ മാവോയിസ്റ്റു ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത സൊനൂലക്ക് 2014-ല്‍ ജാമ്യം ലഭിച്ചു. കഞ്ചന്റെ രോഗവിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയെങ്കിലും സൊനൂലക്ക് അവരെ കാണാന്‍ അനുമതി ലഭിച്ചില്ല. മസ്തിഷ്‌ക്ക സംബന്ധമായ അവരുടെ അസുഖത്തെ പറ്റിയും ശസ്ത്രക്രിയയെക്കുറിച്ചും ഡോക്ടറാണ് അവര്‍ക്ക് വിവരങ്ങള്‍ നല്‍കിയത്. പൂനയിലെ അഭിഭാഷകയായ ഗായത്രി കാബ്ലെക്ക് കഞ്ചനെ കാണുവാന്‍ അനുമതി ലഭിച്ചുവെങ്കിലും അവര്‍ ബോധരഹിതമായ അവസ്ഥയിലായിരുന്നു. ഒച്ചിനെ ലജ്ജിപ്പിക്കുന്ന വേഗതയില്‍ ചലിക്കുന്ന ഉദ്യോഗസ്ഥരും, ഔദ്യോഗിക സംവിധാനങ്ങളും കോടതികളും ഭരണഘടനപരമായ തങ്ങളുടെ കടമകള്‍ നിറവേറ്റുന്നതില്‍ പുലര്‍ത്തുന്ന അലംഭാവം വ്യക്തമാക്കുന്നതിനു വേണ്ടിയാണ് വിശദമായി ഇത്രയും വിവരങ്ങള്‍ രേഖപ്പെടുത്തിയത്.

യര്‍വാടയില്‍ നാലര വര്‍ഷത്തോളം വിചാരണ തടവുകാരനായിരുന്ന കെ. മുരളി കഞ്ചനെ ഇങ്ങനെ ഓര്‍ക്കുന്നു. (2) 'കാഞ്ചനെ എനിക്കു രണ്ടു, മൂന്നു പ്രാവശ്യം മാത്രമേ കാണാന്‍ കഴിഞ്ഞിട്ടുള്ളു. അതും യര്‍വടയില്‍ എത്തി മൂന്നു വര്‍ഷത്തിനു ശേഷം. 2019-ല്‍ യാദൃച്ഛികമായ ഞങ്ങളെല്ലാം ഒരേ ദിവസം തന്നെ കേസിന് പോകേണ്ടി വന്നു. കണ്ടപാടെ സഖാവെ എന്ന് പറഞ്ഞു തുടങ്ങിയ സംഭാഷണം ആരോഗ്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും, രാഷ്ട്രീയ സംശയങ്ങളും ഒക്കെയായി അങ്ങനെ തുടര്‍ന്നു. പല പ്രാവശ്യം പൊലീസ് ഇടപെട്ട് നിര്‍ത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും അതൊന്നും ഫലിച്ചില്ല. തീരെ മെലിഞ്ഞ കാഞ്ചന് രണ്ട് ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞതാണ്. അതിന്റെ ഒരു ലാഞ്ചനയും അവരുടെ ഭാവപ്രകടനങ്ങളില്‍ പക്ഷെ കാണാന്‍ കഴിയില്ല. ഇടയ്ക്കിടക്ക് ആരോഗ്യനില മോശമായി ആംബുലന്‍സില്‍ സസ്സൂണ്‍ ആശുപത്രിയിലെ ഐസിയുവില്‍ എത്തിക്കേണ്ടി വരും. അങ്ങേയറ്റും ഗുരുതരമായ ഒരു നിലയിലേക്കു അവര്‍ എത്തിയതായി രണ്ടു മൂന്നു മാസങ്ങള്‍ക്ക് മുമ്പ് അറിയാന്‍ കഴിഞ്ഞു. ഇതൊക്കെ അതിജീവിച്ചു കൊണ്ടാണ് കഞ്ചനെപോലുള്ളവര്‍ മാനസികമായി തളരാതെ മറ്റു തടവുകാര്‍ക്ക് കഴിയുന്നത്ര സഹായങ്ങള്‍ ചെയ്തുകൊടുത്തുകൊണ്ട് ജയലില്‍ കഴിയുന്നത്. അങ്ങേയറ്റം മോശമായ ആരോഗ്യാവസ്ഥയില്‍ പോലും കഞ്ചന്‍ ഇംഗ്ലീഷ്, മറാട്ടി ക്ലാസ്സുകളും, നല്ലപോലെ ചിത്രം വരയ്ക്കാന്‍ അറിയുന്നതുകൊണ്ട് ചിത്രകല ക്ലാസ്സുകളും നടത്തുന്നു'.

1: ദ വയര്‍ ജനുവരി 25, 2020

2: യര്‍വടയിലെ തടവുകാരന്‍. കെ. മുരളി, മാതൃഭൂമി ആഴ്ചപ്പതിപ്പ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories