TopTop
Begin typing your search above and press return to search.

സമാനതകളില്ലാത്ത വ്യക്തിത്വം; കരുത്തുറ്റ ഭരണാധികാരി, ഭൂപരിഷ്‌ക്കരണ നിയമം അവതരിപ്പിച്ച് ചരിത്രത്തില്‍ ഇടം നേടി

സമാനതകളില്ലാത്ത വ്യക്തിത്വം; കരുത്തുറ്റ ഭരണാധികാരി, ഭൂപരിഷ്‌ക്കരണ നിയമം അവതരിപ്പിച്ച് ചരിത്രത്തില്‍ ഇടം നേടി

കേരളം കണ്ട ഏറ്റവും മികച്ച ഭരണകര്‍ത്താക്കളില്‍ ഒരാളാണ് കെ.ആര്‍. ഗൗരിയമ്മ. കേരളത്തിലെ എക്കാലത്തേയും കരുത്തുറ്റ രാഷ്ട്രീയനേതാക്കളില്‍ ഒരാള്‍. ജനക്ഷേമം മുന്‍നിര്‍ത്തി അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരള ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായങ്ങളായിരിക്കും. കൃഷി, വ്യവസായം, റെവന്യു, എക്സൈസ്, പൊതുവിതരണം, സാമൂഹ്യക്ഷേമം, കയര്‍, മൃഗസംരക്ഷണം തുടങ്ങി വിവിധ കാലങ്ങളില്‍ ഭരിച്ച വകുപ്പുകളിലെല്ലാം അവര്‍ സ്വന്തം കൈയ്യൊപ്പ് പതിച്ചു. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ആദ്യ മന്ത്രിസഭയിലെ അവര്‍ അവതരിപ്പിച്ച ഭൂപരിഷ്‌ക്കരണ നിയമം ആണ്. രാജ്യം മുഴുവന്‍ ശ്രദ്ധിച്ച ഒരു നിയമ നിര്‍മ്മാണം.ആണ്‍കോയ്മാ അധികാര വഴികളില്‍ എല്ലാത്തരം പ്രതിബന്ധങ്ങളേയും വകഞ്ഞുനീക്കി സുധീരം മുന്നോട്ടുപോയ ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായിരുന്നു സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയായ ഗൗരിയമ്മ. സംസ്ഥാനത്തെ ആദ്യത്തെ വനിതാ മന്ത്രി എന്ന നിലയിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ മുദ്രിതമാകുന്നു.

രണ്ടു തവണ ഇഎംഎസ് മന്ത്രിസഭയിലും രണ്ട് തവണ നായനാര്‍ മന്ത്രിസഭയിലും പിന്നീട് ജെഎസ്എസ് സ്ഥാപിച്ച് യുഡിഎഫില്‍ എത്തിയപ്പോള്‍ ഒരു വട്ടം അവര്‍ക്കൊപ്പവും മന്ത്രിയായി. ആദ്യ ഇഎംഎസ് മന്ത്രിസഭയില്‍ കൃഷി മന്ത്രിയായിരുന്ന ഗൗരിയമ്മ യുഡിഎഫ് മന്ത്രിസഭയില്‍ കൃഷി മന്ത്രിയായി പ്രവര്‍ത്തിച്ചുകൊണ്ടാണ് നിയമസഭാ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കൃഷി മന്ത്രിയായി തുടങ്ങി കൃഷി മന്ത്രിയായി അവസാനിപ്പിച്ച നിയമസഭാജീവിതം. പതിമൂന്നു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗൗരിയമ്മ രണ്ടു തവണ പരാജയവും രുചിച്ചു.

കേരളം ഏറെ ചര്‍ച്ച ചെയ്ത ഒന്നാണ് ഭൂപരിഷ്‌ക്കരണ നീയമം. കേരളത്തിന്റെ ഭൂ ബന്ധങ്ങളില്‍ ദൂര്യവ്യാപകമായ ഗുണഫലങ്ങള്‍ സൃഷ്ടിച്ച ഭൂപരിഷ്‌ക്കരണ നിയമം നിയമസഭയില്‍ അവതരിപ്പിച്ചത് 1957 ഡിസംബര്‍ 21ന്. സംസ്ഥാനത്തിന്റെ ഭൂ ഉടമാബന്ധത്തില്‍ സാരമായ മാറ്റംവരുത്തിയത് കാര്‍ഷിക ബന്ധ നിയമമാണെന്നു കാണാം. അതിനു മുന്‍പ് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും തിരുക്കൊച്ചിയിലുമൊക്കെ ഭൂ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പല വിളംബരങ്ങളും ചട്ടങ്ങളും ഉണ്ടായിയെങ്കിലും അതിന് വലിയ മാറ്റം വരുത്തിയത് 63 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗൗരിയമ്മ സഭയില്‍ അവതരിപ്പിച്ച ബില്ലാണ്.

1957 ഏപ്രില്‍ അഞ്ചാം തീയതി അധികാരത്തില്‍ വന്ന ഇഎംഎസ് സര്‍ക്കാര്‍ ഏപ്രില്‍ 11ന് 1957ലെ ഒന്നാം നമ്പര്‍ കുടിയൊഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെയ്ക്കല്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. അതില്‍ ഒരാളെ അയാളുടെ കൈവശ വസ്തുവില്‍ നിന്നും ഒഴിപ്പിക്കുന്നതിന് കോടതിയില്‍ വ്യവഹാരമോ മറ്റു നടപടികളോ നടത്താന്‍ പാടില്ലെന്നും ഒഴിപ്പിക്കുന്നതിനുവേണ്ടി തീര്‍പ്പാകാതെ കിടക്കുന്ന എല്ലാ വിധികളും വ്യവഹാരങ്ങളും സ്റ്റേ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. 1957 മെയ് 25ന് ഈ ഓര്‍ഡിനന്‍സ് ആക്ടായി നിലവില്‍ വന്നു. തുടര്‍ന്ന് വിവിധ ഓര്‍ഡിനന്‍സുകളിലൂടെ ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെയ്ക്കല്‍ നീയമം ഒരു വര്‍ഷത്തേയ്ക്കു കൂടി നീട്ടി. പിന്നീട് കാര്‍ഷിക ബന്ധ ബില്ലില്‍ നിയമസഭ തീരുമാനമെടുക്കുന്നതുവരെ അത് നീട്ടുകയായിരുന്നു.

കെ. ആര്‍. ഗൗരി ഈ ബില്ല് സഭയില്‍ അവതരിപ്പിച്ചു കൊണ്ടു നടത്തിയ ദീര്‍ഘമായ പ്രസംഗത്തില്‍ നിന്ന്: ''സര്‍, ഈ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് എനിക്ക് അതിയായ സന്തോഷമുണ്ട്. കേരളത്തിലെ ഭൂ ഉടമാ ബന്ധങ്ങളില്‍ സമഗ്രവും സമൂലവുമായ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുന്നതിന് ഉദ്ദേശിച്ചുകൊണ്ടു തയാറാക്കിയിട്ടുള്ളതാണ് ഈ ബില്ല്. ഇന്നത്തെ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കു വിധേയമായി കൃഷിഭൂമി കൃഷിക്കാരന് എന്ന നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ മൗലികമായ മുദ്രാവാക്യം നടപ്പില്‍ വരുത്തുന്നതിനുള്ള സംരംഭമാണ് ഇതിനുള്ളത്. കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് സ്ഥിരാവകാശം, കുടിയാനു മര്യാദപ്പാട്ടം, ഭൂ ഉടമസ്ഥതയ്ക്കു പിരിധി നിര്‍ണയിക്കുക, കൃഷിക്കാര്‍ക്ക് അവര്‍ കൈവശം വെയ്ക്കുന്ന ഭൂമി ജന്മികളുടെ കൈയില്‍ നിന്നും ന്യായമായി പ്രതിഫലം കൊടുത്തുകൊണ്ടു വിലയ്ക്കു വാങ്ങാന്‍ അധികാരം നല്‍കുക ഇവയെല്ലാം കൂടി ഉള്‍ക്കൊള്ളുന്ന നിയമനിര്‍മാണം എന്ന നിലയ്ക്കു നമ്മുടെ സ്റ്റേറ്റിലെ ഭൂഉടമാ ബന്ധ നിയമനിര്‍മാണത്തിന്റെ ചരിത്രത്തില്‍ ഇത് ഒരു അതിപ്രധാനമായ നാഴികക്കല്ലാണെന്ന് ഞാന്‍ പ്രസ്താവിച്ചുകൊള്ളട്ടെ.

കേരളത്തിലെ ഭൂപരിഷ്‌ക്കാരനിയമങ്ങള്‍ക്കു ദീര്‍ഘമായ ഒരു ചരിത്രമുണ്ട്. ജന്മികള്‍ക്ക് യഥേഷ്ടം ഒഴിപ്പിക്കാനും പാട്ടം പിരിക്കാനും ഉണ്ടായിരുന്ന സ്വേച്ഛാധികാരത്തെ പടിപടിയായി നിയന്ത്രിക്കുകയും യഥാര്‍ത്ഥകൃഷിക്കാര്‍ക്ക് കൂടുതല്‍ കൂടുതല്‍ സംരക്ഷണം നല്‍കുകയും ചെയ്യാനുള്ള ഒരു പരിശ്രമത്തിന്റെ ചരിത്രമാണ് 1929ലെ മലബാര്‍ കുടിയായ്മ നിയമം, 1934ലെ കൊച്ചി വെറും പാട്ടം കുടിയാന്‍ നിയമം, 1950ലെ തിരുവിതാംകൂര്‍ -കൊച്ചി വിധി നടത്തു നിര്‍ത്തിവെയ്ക്കല്‍ നിയമം, കുടിയൊഴുപ്പിക്കല്‍ നിരോധന നിയമം, 1954ലെ തിരുവിതാംകൂര്‍ -കൊച്ചി ഗവണ്മെന്റ് അവതരിപ്പിച്ച കാര്‍ഷിക പരിഷ്‌ക്കാര ബില്ലുകള്‍, 1957ലെ ഒഴുപ്പിക്കല്‍ നിരോധന നിയമം, ഇവയെല്ലാം ഈ അവസരത്തില്‍ സ്മരണീയങ്ങളാണ്.

ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ടു മന്ത്രി കാര്‍ഷികോത്പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കാര്‍ഷിക പരിഷ്‌ക്കരണക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു മുന്‍ഗണന നല്‍കണമെന്നു ഒന്നാം പഞ്ചവല്‍സര പദ്ധതിയില്‍ ഊന്നി പറഞ്ഞിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ബില്ലിലെ പ്രധാന വ്യവസ്ഥകളും അതിനായി അവലംബിച്ച തത്വങ്ങളും വിശദമാക്കി. ആദ്യമായി ഊന്നല്‍ നല്‍കുന്നത് സ്ഥിരാവകാശത്തിനാണ്. കൃഷിക്കാര്‍ പാട്ടത്തിനു എടുത്തുകൃഷിചെയ്യുന്ന ഭൂമിയില്‍ സ്ഥിരാവകാശം കിട്ടുക എന്നതാണ് നമ്മുടെ പ്രധാന ആവശ്യം എന്നവര്‍ പറഞ്ഞു. ബില്ലിന്റെ മറ്റൊരു പ്രധാന തത്വം, കുടിയാന്‍ കൊടുക്കേണ്ടതായിട്ടുള്ള മര്യാദപ്പാട്ടത്തിന്റെ ഏറ്റവും കൂടുതല്‍ തോതും ചുരുങ്ങിയ തോതും ബില്ലിന്റെ ഒന്നാം പട്ടികയായി കൊടുത്തിട്ടുണ്ട് എന്നതാകുന്നു. കൃഷിക്കാരന്‍ കൊടുക്കേണ്ടതായിട്ടുള്ള പാട്ടം ഇതില്‍ ഏതെങ്കിലും മര്യാദപ്പാട്ടമോ, ഉടമ്പടി അനുസരിച്ചുള്ള പാട്ടമോ ഏതാണ് കുറവ് എന്നുവെച്ചാല്‍ അതായിരിക്കും.

ബില്ലിലെ അതിപ്രധാനമായ മറ്റൊരു വ്യവസ്ഥ സ്ഥിരം കുടിയാന്മാര്‍ക്ക് അവര്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഭൂമി ഒരു കുടുംബത്തിന് കൈവശം വെയ്ക്കാവുന്ന ഭൂമിയുടെ പരിധി വരെ ജന്മിയുടെ കൈയില്‍ നിന്നും പ്രതിഫലം കൊടുത്ത് വിലയ്ക്കു വാങ്ങാവുന്ന അവകാശമാണ്. ഒരാള്‍ക്കോ ഒറ്റ കുടുംബത്തിനോ കൈവശം വെയ്ക്കാവുന്ന ഭൂമിയുടെ പരിധിയും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത്തരം ബില്ലിലെ പ്രധാന വ്യവസ്ഥകളൊക്കെ സവിസ്തരം തന്റെ ആമുഖ പ്രസംഗത്തില്‍ വിവരിയ്ക്കുന്ന മന്ത്രി ബില്ല് തയാറാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ടിട്ടുള്ള പരിമിതികളേയും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ബില്ലിലെ വ്യവസ്ഥകള്‍ കൂടുതല്‍ നന്നാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മന്ത്രി അഭ്യര്‍ത്ഥിച്ചു. ഈ പ്രശ്‌നം ഒരു പാര്‍ട്ടിയുടെ പ്രശ്‌നമല്ലെന്നും നാടിന്റെ പ്രശ്‌നമാണെന്നും കേരളത്തിലെ ജനങ്ങളുടെ അഭിലാഷം സാക്ഷാല്‍ക്കരിക്കാനുള്ള ഉപാധിയായി വേണം ബില്ലിനെ കാണേണ്ടതെന്നും അവര്‍ പറഞ്ഞു. '' ഈ ബില്ലില്‍ പല പാകപ്പിഴകളും വന്നേക്കാം. പരിപൂര്‍ണ്ണമാണെന്ന് ഗവണ്മെന്റ് കരുതുന്നുമില്ല. പക്ഷെ ഈ ബില്ല് ഈ നാട്ടിലെ സങ്കീര്‍ണ്ണമായ കാര്‍ഷിക പ്രശ്‌നം പരിഹരിക്കാനുള്ള ഞങ്ങളുടെ ആത്മാര്‍ത്ഥമായ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് എന്നു മാത്രം പ്രസ്താവിക്കാന്‍ ആഗ്രഹിക്കുന്നു.'' ഈ വാചകത്തോടെയാണ് കെ. ആര്‍. ഗൗരി ബില്ല് അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗം ഉപസംഹരിക്കുന്നത്.

ബില്ലിന്മേല്‍ സെലക്ട് കമ്മിറ്റി വളരെ അധികം പരിശോധനകളും തെളിവെടുപ്പുകളും നടത്തിയശേഷം 1959ലെ ബജറ്റ് സമ്മേളത്തില്‍ തങ്ങളുടെ റിപ്പോര്‍ട്ട് നല്‍കി. ജൂണ്‍ 10വരെ നീണ്ടുനിന്ന സഭാ സമ്മേളനത്തില്‍, ഓരോന്നും വിശദമായി ചര്‍ച്ച ചെയ്തു ഔദ്യോഗിക ഭേദഗതികളോടെ തന്നെ ബില്ല് പാസ്സാക്കി. വളരെയധികം വിവാദം സൃഷ്ടിച്ച ഈ ബില്ലിന് 2000 ഭേദഗതികള്‍ കൊണ്ടുവന്നത്. അതില്‍ 1035 എണ്ണം സഭയില്‍ അവതരിപ്പിക്കപ്പെടുകയും 290 എണ്ണം അംഗീകരിക്കപ്പെടുകയുമുണ്ടായി. പക്ഷേ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിയ്ക്കുന്നതിനു മുമ്പുതന്നെ സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടു.

തുടര്‍ന്ന് നിലവില്‍വന്ന കോണ്‍ഗ്രസ്-പി.എസ്.പി. കൂട്ടുകക്ഷി മന്ത്രിസഭ ചില ഭേദഗതികളോടെ കാര്‍ഷികബന്ധ ബില്‍ പാസാക്കി. രാഷ്ട്രപതിയുടെ അനുമതിയോടെ 1961 ലെ നാലാം നമ്പര്‍ ആക്ടായി അത് പ്രാബല്യത്തില്‍ വരികയും ചെയ്തു. 1963ല്‍ ആര്‍. ശങ്കര്‍ മന്ത്രിസഭയുടെ കാലത്ത് മന്ത്രിയായിരുന്ന പി.ടി. ചാക്കോ കാര്‍ഷികബന്ധ നിയമത്തെ പരിഷ്‌ക്കരിച്ച് ഭൂപരിഷ്‌കരണ ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു പാസ്സാക്കി. അതാണ് 1964 ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ഒന്നാം നമ്പര്‍ ആക്ട്. 1967ല്‍ അധികാരത്തില്‍ വന്ന സപ്തക്ഷി സര്‍ക്കാര്‍ 1964ലെ ആക്ടിന് മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് 1969ലെ കേരള ഭൂപരിഷ്‌ക്കരണ(ഭേദഗതി) ബില്‍ (35ാം നമ്പര്‍ ആക്ട്) നിയമസഭയില്‍ അവതരിപ്പിച്ചു. ഇതനുസരിച്ച് 1970 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് ജന്മിസ്രമ്പദായം അവസാനിച്ചു. എല്ലാ കൂടിയാന്മാരും സ്വന്തം ഭൂമിയില്‍ പൂര്‍ണ്ണാവകാശികളായി. കേരള ഭൂനിയമങ്ങള്‍ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍പ്പെടുത്തി. കുടികിടപ്പ്, കുടിയായ്മ, ഭൂപരിധി തുടങ്ങിയവ പ്രത്യേക വ്യവസ്ഥകള്‍ കൊണ്ടുവന്നു. സി. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്തെ 1972ലെ കേരള ഭൂപരിഷ്‌കരണ (ഭേദഗതി) ആക്ടും 1974ലെ കേരള കര്‍ഷകത്തൊഴിലാളി നിയമവും ഒക്കെ ഈ ദിശയില്‍ നടത്തിയ നിയമനിര്‍മാണങ്ങള്‍ തന്നെയാകുന്നു.

ഉല്‍പാദനം, വിതരണം, വിഭവ സമാഹരണം, സാമ്പത്തിക ബന്ധങ്ങള്‍ എന്നിവയിലെല്ലാം സംസ്ഥാനത്തെ ഭൂപരിഷ്‌കരണ നിയമങ്ങള്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് കാരണമായി. കാര്‍ഷികരംഗത്തെ ചൂഷണങ്ങളും സാമൂഹികാസമത്വങ്ങളും നീക്കുന്നതിന് ഭൂപരിഷ്‌കരണം സഹായകരമായി. എന്നാല്‍ ഇതേക്കുറിച്ച് ഏറെ വിമര്‍ശനങ്ങളും ഉണ്ടായി. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളിലേക്ക് അത് എത്തിച്ചേര്‍ന്നുവോ എന്നതടക്കമുള്ള ഒട്ടേറെ പ്രശ്‌നങ്ങള്‍ കേരളീയ സമൂഹം പില്‍ക്കാലത്ത് ചര്‍ച്ച ചെയ്യുയുണ്ടായി. ഭൂ ഉടമസ്ഥതയുടെ പുതിയ രൂപങ്ങള്‍ ഉടലെടുത്തപ്പോഴും കൃഷി ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ പ്രാന്തത്തില്‍ തന്നെ തുടരുന്ന അവസ്ഥയുണ്ടായെന്നും ' പഴയ ജന്മികളുടെ ഭൂമി പിടിച്ചെടുക്കുന്നതിലേറെ, തോട്ടം കൃഷിയിലേക്ക് അവരെ നിര്‍ബന്ധപൂര്‍വം തള്ളിവിടുകയാണ് അത് ചെയ്ത'തെന്നൊക്കെയുള്ള വിമര്‍ശനങ്ങളും പഠനങ്ങളും സംവാദങ്ങളുമൊക്കെ ഇപ്പോഴും നടക്കുന്നുണ്ട്. ഇതൊന്നും പക്ഷെ ഭൂപരിഷ്‌ക്കരണ നീയമത്തിന്റെ പ്രാധാന്യത്തെ തെല്ലുപോലും കുറയ്ക്കുന്നില്ല.

ഭൂപരിഷ്‌കരണ നിയമം കൂടാതെ പൊതുപ്രവര്‍ത്തക അഴിമതി നിരോധന നിയമം, സംവരണ സംരക്ഷണ നിയമം, വനിതാ കമ്മീഷന്‍ നിയമം, കുടികിടപ്പുകാരെയും, പാട്ടക്കാരെയും, ഒഴിപ്പിക്കലിനെതിരെ ധന നിയമം, ടെക്നോപാര്‍ക്ക് ഉള്‍പ്പെടെ കേരളീയ സമുഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ നിരവധി നിയമങ്ങളുടെ മുഖ്യശില്‍പി ഗൗരിയമ്മയായിരുന്നു. കേരളം എക്കാലവും ഓര്‍ത്തിരിക്കുന്ന ഒട്ടേറെ നിയമങ്ങള്‍.

അവലംബം:

1. നമ്മുടെ സാഹിത്യം സമൂഹം-കേരള സാഹിത്യ അക്കാദമി, വാള്യം 3

2. കേരള നിയമസഭയുടെ ഡിജിറ്റല്‍ ആര്‍ക്കൈവ്


Next Story

Related Stories