TopTop
Begin typing your search above and press return to search.

പീഢാനുഭവങ്ങളുടെ അശ്രുകലുഷിത നയനങ്ങള്‍ അഥവാ കെ. സരസ്വതിയമ്മയുടെ ജീവിതം

പീഢാനുഭവങ്ങളുടെ അശ്രുകലുഷിത നയനങ്ങള്‍ അഥവാ കെ. സരസ്വതിയമ്മയുടെ ജീവിതം

അത്യന്തം തീഷ്ണമായ അനുഭവങ്ങളാല്‍ പവിത്രീകരിക്കപ്പെട്ട ജീവിതം. എഴുത്തും എഴുത്തുകാരുടെ ജീവിതവും വലിയ കൊണ്ടാടപ്പെടലുകളായി തീര്‍ന്നിട്ടുള്ള ഇക്കാലത്ത് കെ. സരസ്വതിയമ്മയുടെ ജീവിതം ഏതോ ഒരു ദുരന്തകഥയുടേതുപോലെ തോന്നിയേക്കാം. വായിച്ചുമറന്ന ഏതോ ഫിക്ഷന്‍ കണക്കെ. പക്ഷെ സത്യം അതാകുന്നു. പീഢാനുഭവങ്ങള്‍ അവയുടെ 'അശ്രുകലുഷിത നയനങ്ങളോടെ' വിഷാദാകുലമാക്കുകയും വിലോഭനീയമാക്കുകയും ചെയ്തു സരസ്വതിയമ്മയുടെ ജീവിതത്തെ. ആണ്‍കോയ്മ നിലനില്‍ക്കുന്ന വ്യവസ്ഥാപിതമായ സകല സമ്പ്രദാങ്ങളേയും നിരാകരിച്ചുകൊണ്ടു മുന്നോട്ടുപോയ സ്വതന്ത്രചിന്താഗതിക്കാരിയായ പ്രതിഭാശാലിയായ എഴുത്തുകാരിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളുടെ ആകത്തുകയായിരുന്നു അവര്‍ക്കു ജീവിതം. പ്രണയം, വിവാഹം, കുടുംബം തുടങ്ങി ആണ്‍കോയ്മയുടെ വ്യവഹാരങ്ങളുമായി സന്ധിചെയ്യാന്‍ വിസമ്മതിച്ചതോടെ ഓരോ നിമിഷവും അടരാടി, ഉള്ളുരുകി ജീവിയ്ക്കേണ്ടി വന്നു സരസ്വതിയമ്മയ്ക്ക്. പതിറ്റാണ്ടിലേറെ നീണ്ടകാലം അവര്‍ക്ക് എഴുതുവാന്‍ പോലും ആയില്ല. അതിതീഷ്ണവും വേദനാനിര്‍ഭരമായ മൗനത്തിലായിരുന്നു ജീവിതത്തിന്റെ അവസാന കാലങ്ങളൊക്കെ.

''സങ്കീര്‍ണ്ണമായ ഒരു മനസ്സിന്റെ ഉടമയായിരുന്ന സരസ്വതിയമ്മ ആദര്‍ശലോകത്തെ വിഭാവന ചെയ്തുകൊണ്ട് സ്വന്തം ജീവിതത്തെ ഒരു പരീക്ഷണശാലയാക്കുകയായിരുന്നു'' വെന്നും ''സ്ത്രീയുടെ സര്‍വവിധ സ്വാതന്ത്ര്യത്തേയും ഹനിച്ചുകൊണ്ടു അവളെ വീട്ടുതടങ്കലിലാക്കുന്ന വിവാഹമെന്ന സ്ഥാപനത്തോട് ഒരു വിധത്തിലും പൊരുത്തപ്പെടുന്നതായിരുന്നില്ല സരസ്വതിയമ്മയുടെ സ്വാതന്ത്ര്യബോധ''മെന്നും സരസ്വതിയമ്മയുടെ രചനകളെ കുറിച്ച് ഗവേഷണം ചെയ്ത പി.കെ കനകലത എഴുതിയിട്ടുണ്ട്.

1975 ഡിസംബര്‍ 26 ന് സരസ്വതിയമ്മ മരണമടഞ്ഞു. പത്രത്താളുകളില്‍ അപ്രധാനമായ വാര്‍ത്തായായി അവരുടെ മരണം ഏതോ മൂലയില്‍ ഒതുങ്ങിപ്പോയി. അതിനുശേഷം പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപതിപ്പില്‍ എം.ടി. വാസുദേവന്‍ നായര്‍ എഴുതി:

''ഏകാന്തപഥികയായ ഈ എഴുത്തുകാരിയെ പറ്റി, അവരുടെ സുദീര്‍ഘമായ മൗനത്തെ പറ്റി, അറിയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അവ്യക്തതകളുടെ വഴിയറിയാക്കവലകളില്‍ ഈ അന്വേഷണം പരുങ്ങിനിന്നു. നീണ്ട നിശബ്ദത പാലിച്ച വലിയ ഒരെഴുത്തുകാരി മരിച്ചു.''

1938 മാര്‍ച്ച് 27ന് പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപതിപ്പിലെ 'സീതാഭവനം' എന്ന കഥയിലൂടെ മലയാള സാഹിത്യത്തിലേക്ക് കാല്‍വെച്ചു സരസ്വതിയമ്മ. 92 ചെറുകഥകളും ഒരു നോവലും ഒരു നാടകവും ആറു ലേഖനങ്ങളും എഴുതി. 1958 ഫെബ്രുവരി രണ്ടിനു പ്രസിദ്ധീകരിച്ച ജനയുഗം വാരികയില്‍ വന്ന 'ഉമ്മ' എന്ന ചെറുകഥയ്ക്കുശേഷം അവരുടെ എഴുത്തുകളൊന്നും വെളിച്ചംകണ്ടില്ല. ഡയറിക്കുറിപ്പുകളല്ലാതെ അവര്‍ പിന്നീട് ഒന്നും എഴുതിയില്ലെന്നതാണ് വാസ്തവം. 17 വത്സരങ്ങള്‍, മരണം എത്തുന്നതുവരെ നീണ്ടു എഴുത്തിലെ മൗനം.

ഏറെ ദുഖങ്ങളും ദുരിതങ്ങളും നിറഞ്ഞതായിരുന്നു കെ. സരസ്വതിയമ്മയുടെ ജീവിതം. വ്യക്തിജീവിതത്തിലെ മാറാപ്പുകള്‍ എഴുത്തില്‍ നിന്നും സരസ്വതിയമ്മയെ പിന്‍വലിക്കുകയായിരുന്നു. പലഘട്ടങ്ങളില്‍ ഡയറിക്കുറുപ്പുകള്‍ പോലും കൃത്യമായി എഴുതാന്‍ അവര്‍ക്കായില്ല. അത്രമാത്രം താന്‍ അശക്തയായിരിക്കുന്നുവെന്നവര്‍ കുണ്ഠിതപ്പെട്ടു. പക്ഷെ എഴുതാതിരുന്നതിനെക്കുറിച്ച് ആരാഞ്ഞ എസ്. ഗുപ്തന്‍ നായരോട് സരസ്വതിയമ്മ ഒരു മറുചോദ്യമാണ് ചോദിച്ചത്: ''എന്തിനാ നായരെ അധികമെഴുതുന്നത്?''

എന്തുകൊണ്ട് എഴുതുന്നുവെന്നതുപോലെ പ്രസക്തമാണ് എന്തുകൊണ്ട് എഴുതുന്നില്ലെന്ന പ്രശ്നവും. എഴുതാനാവാതെ പോകുന്നതില്‍ വ്യക്തിനിഷ്ടവും സമൂഹനിഷ്ടവും ഒക്കെയായ നിരവധി കാരണങ്ങളും ഉണ്ടുതന്നെ. എഴുതപ്പെട്ട സാഹിത്യം പോലെ തന്നെ പ്രസക്തമാണ് സരസ്വതിയമ്മയുടെ മൗനങ്ങളും. എഴുതാതിരുന്നപ്പോഴും എഴുതാനിരിക്കുന്ന കൃതികളെ കുറിച്ചോര്‍ത്തുകൊണ്ടുമാത്രമാണ് താന്‍ ജീവിക്കുന്നതെന്ന് സരസ്വതിയമ്മ തുറന്നുതന്നെ പറഞ്ഞിട്ടുണ്ട്്. മരണത്തിനു രണ്ടാഴ്ച മുന്‍പ് സരസ്വതിയമ്മയെ ആശുപത്രിയില്‍ എത്തിക്കണ്ട കെ. സുരേന്ദ്രനോട് അവര്‍ പറഞ്ഞു:

''എന്തു ചെയ്യാം. പേന എടുത്താല്‍, വായിച്ചാല്‍, സാഹിത്യത്തെപ്പറ്റി ചിന്തിച്ചാല്‍, ശരീരമാകെ വേദന, മനസ്സിനല്ല, ശരീരത്തിനു വേദന! തലയ്ക്ക് കൈകാലുകള്‍ക്ക്! അതിഭയങ്കരമായ അലര്‍ജി'' എഴുതാതിരിക്കുന്നതിനു കാരണം ജീവിതത്തിലുണ്ടായ തീവ്രദുഖങ്ങളും കുടുംബരമായ ചില തീരാനഷ്ടങ്ങളും മുറിവുകളുമാണെന്ന് ' കെ. സരസ്വതിയമ്മ ഒറ്റയ്ക്കുവഴി നടന്നവള്‍'എന്ന പുസ്തകത്തില്‍ പി.കെ. കനകലതയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

'ദുശ്ശകുനമായ ജീവിതം'

1919 ഏപ്രില്‍ നാലാം തീയതി കുന്നപ്പുഴയിലെ കിഴക്കേക്കോട്ടയില്‍ പത്മനാഭന്‍ പിള്ളയുടേയും കാര്‍ത്യായനിയമ്മയുടേയും മൂന്നു പെണ്‍മക്കളില്‍ ഇളയവളായി സരസ്വതി ജനിച്ചു. പാര്‍വത്യക്കാരനായ അച്ഛന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏകാശ്രയം. സരസ്വതിയമ്മ ജനിച്ചതിന്റെ പിറ്റേദിവസം കുടുംബ കാരണവര്‍ മരിച്ചതോടെ അവരുടെ ജനനം 'ദുശ്ശകുന'മായി ബന്ധുക്കള്‍ കണ്ടു. കേസും വ്യവഹാരങ്ങളും നിറഞ്ഞ കുടുംബാന്തരീക്ഷം. കുട്ടിക്കാലത്തേ അമ്മയുടെ ആത്മഹത്യാശ്രമത്തിനു സാക്ഷിയായി. പിന്നീട് കുടുംബം തിരുവനന്തപുരത്ത് പാല്‍ക്കുളങ്ങരയിലേക്ക് താമസം മാറി.


ചെറുപ്പം മുതലേ നന്നായി വായിക്കുകയും ചെയ്യുമായിരുന്നു. പഠനകാര്യങ്ങളിലും മുന്നില്‍ തന്നെ. ഇഎസ്എസ്എല്‍സിക്ക് മികച്ച വിജയം നേടിയെങ്കിലും അച്ഛന്‍ മരിച്ചതോടെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നത് വിഷമത്തിലായി. ഒടുവില്‍ വളയും മാലയും പണയം വെച്ചാണ് ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നത്. അക്കാലത്തേ എഴുത്ത് സഹജീവനം തുടങ്ങിയിരുന്നു. പക്ഷെ പഠനം ഉദ്ദേശിച്ച തരത്തില്‍ മുന്നോട്ടു പോകുന്ന കാര്യത്തില്‍ പ്രതിസന്ധികള്‍ വന്നുപെട്ടു. സഹോദരിമാരുടെ ഭാഗത്തുനിന്നും പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ മതിയായ സഹായം ലഭിക്കാതിരുന്നതും വ്യക്തിപരമായ അവരുടെ വിഷമതകളും ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ പരാജയപ്പെടുന്നതിന് ഇടയാക്കി. ആത്മീയ ചിന്തകളും അക്കാലത്ത് അവരില്‍ അങ്കുരിച്ചു. സന്യാസിയാകണമെന്നായി ആഗ്രഹം. സന്യാസിയാകുന്ന കാര്യത്തില്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ടാഗോറിന് സരസ്വതിയമ്മ കത്തെഴുതി. എന്നാല്‍ ടാഗോര്‍ ആ ആഗ്രഹം നിരാകരിച്ചുകൊണ്ടു മറുപടി എഴുതി. പിന്നീട് തോറ്റ പരീക്ഷകള്‍ വീണ്ടും എഴുതിയെടുത്തശേഷം തിരുവനന്തപുരം ആര്‍ട്സ് കോളജില്‍ ബിഎയ്ക്കു ചേര്‍ന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ളയും എസ്. ഗുപ്തന്‍ നായരും അന്നവിടെ ബി.എ. ഓണേഴ്സിനു പഠിച്ചിരുന്നു.

1942ല്‍ ബിഎ മികച്ച നിലയില്‍ വിജയിച്ച് പെരുന്ന എന്‍എസ്എസ് സ്‌കൂളിലും പിന്നീട് നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് കോണ്‍വെന്റ് സ്‌കൂളിലും അധ്യാപികയായി. 1945ല്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പില്‍ ഉദ്യോഗം നേടി. 1944ല്‍ ആദ്യ പുസ്തകം പ്രേമഭാജനം പുറത്തിറങ്ങി. ഇതോടെ അവര്‍ക്കെതിരെ വ്യക്തിപരമായ പല അപവാദങ്ങളും ഉയര്‍ന്നു. കുടുംബാന്തരീക്ഷം കലുഷമായി. സഹോദരീ പുത്രന്‍ സുകു അവര്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. സുകുവുമായുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടായി. അവധിക്കാലത്ത് വീട്ടില്‍ താമസിക്കാനാവാതെ മദ്രാസിലും മറ്റും പോയി താമസിച്ചു.

കഥകള്‍ കൂട്ടിയിട്ട് തീയിട്ട് ആത്മഹത്യ ചെയ്ത സഹോദരി

മറ്റൊരു എഴുത്തുകാരിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത അനുഭവങ്ങള്‍ സരസ്വതിയമ്മയ്ക്കുണ്ടായി. അവര്‍ എഴുതിയ കഥകള്‍ അച്ചടിച്ചുവന്ന മാസികകള്‍ കൂട്ടിയിട്ട് കത്തിച്ച് മൂത്തചേച്ചി ആത്മഹത്യ ചെയ്യുക, എഴുത്തുകാരി അതിനു സാക്ഷിയാകേണ്ടിവരിക. കഥകളും മറ്റും അടിച്ചുവന്ന മാസികകള്‍ കൂട്ടിയിട്ട് അതില്‍ മണ്ണെണ്ണയൊഴിച്ച് തീയിട്ട് 1967 ഏപ്രില്‍ 25നാണ് സഹോദരി ആത്മഹത്യ ചെയ്തത്. എത്രമേല്‍ വേദനാജനകമായിരിക്കും ആ അനുഭവം എന്നോര്‍ക്കുക. അത്തരം എത്രയെത്ര സംഭവങ്ങള്‍ അവരുടെ ജീവിതത്തെ ദുരിതക്കയമാക്കി.

്അതിനിടെ ഒപ്പമുണ്ടായിരുന്ന സുകു മാറി താമസിച്ചു. പോലീസ് സര്‍വീസിലായിരുന്ന സുകു ജോലി ആവശ്യത്തിനായി താമസം കോട്ടയത്തേക്കും മാറ്റി. സരസ്വതിയമ്മ ജോലി മാറ്റമായി തൃശൂരിലേക്ക് പോയി. എന്നാല്‍ 1961 ഏപ്രില്‍ 9ന് സുകു മരണമടഞ്ഞു. സുകുവിന്റെ അപമൃത്യു സരസ്വതിയമ്മയ്ക്കു വലിയ ആഘാതമായി. 1963 ഒക്ടോബര്‍ 26ന് അമ്മയും മരിച്ചു. മകന്റെ മരണത്തില്‍ സമനില തെറ്റിയ മൂത്തസഹോദരി സരസ്വതിയമ്മയ്ക്കെതിരെ മേലുദ്യോഗസ്ഥര്‍ക്ക് പരാതി അയയ്ക്കുകയും ചെയ്തു. ഇവരാണ് സരസ്വതിയമ്മ എഴുതിയ കഥകളും മറ്റും അടിച്ചുവന്ന മാസികകള്‍ കൂട്ടിയിട്ട് അതില്‍ മണ്ണെണ്ണയൊഴിച്ച് തീയിട്ട് ആത്മഹത്യ ചെയ്തത്.

കലഹപൂര്‍ണമായ കുടുംബാന്തരീക്ഷമല്ല, ആദര്‍ശാത്മകമായ ലോകമായിരുന്നു അവരുടെ രചനകളുടെ ആന്തരിക തലം നിര്‍ണയിച്ചിരുന്നതെന്നത് ശ്രദ്ധേയം. പുരുഷാധിപത്യത്തെ നിശിതമായി വിമര്‍ശിച്ച എഴുത്തുകാരിയായിരുന്നു സരസ്വതിയമ്മ. ''എന്നാല്‍, പുരുഷ വിദ്വേഷത്തിന്റെ കഥകളാണ് അവ എന്ന് അവര്‍ അംഗീകരിക്കുന്നില്ല. കഥകളിലെ കേന്ദ്ര പ്രമേയം സ്ത്രീ സ്വാതന്ത്ര്യമായിരുന്നു. ആദ്യകാല കഥകളില്‍ കാല്‍പനിക വര്‍ണനകളും ആലങ്കാരിക ഭാഷയും മറ്റും ഉണ്ടായിരുന്നെങ്കിലും അത്തരം അംശങ്ങള്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ടു. പില്‍ക്കാല കഥകളില്‍ കാണുന്നത് യഥാതഥാവിഷ്‌കാരത്തിനുതകുന്ന ലളിതമായ ഭാഷയും ഋജുവായ ആഖ്യാന ശൈലിയുമാണ്. ജീവിതത്തിലെ വിലക്ഷണതകളെ ഹാസ്യാത്മകമായി ചിത്രീകരിക്കാനാണ് അവര്‍ ശ്രമിച്ചത്. ഉള്ളില്‍ ദുഖം പതഞ്ഞുയരുമ്പോഴും അവര്‍ ചിരിക്കാന്‍ ആഗ്രഹിച്ചു.വിവാഹം എന്ന സ്ഥാപനത്തിന്റെ അപചയം അവര്‍ക്ക് ഇഷ്ടപ്രമേയമായിരുന്നു. വിവാഹത്തെക്കുറിച്ച് പുരുഷന്‍ വെച്ചുപുലര്‍ത്തുന്ന തെറ്റിദ്ധാരണകള്‍ അവര്‍ കലാപരമായി ആവിഷ്‌കരിച്ചു. സാമൂഹികപ്രശ്നങ്ങളെ ഗൗരവപൂര്‍വം വീക്ഷിക്കുന്ന ഈ സ്ത്രീപക്ഷ രചനകള്‍ക്ക് ഒരിക്കലും നഷ്ടമാകാത്ത ചരിത്രപരമായ പ്രാധാന്യമുണ്ട്.''


കടുത്ത വ്യഥകള്‍ക്കു നടുവിലും അവര്‍ എഴുതിക്കൊണ്ടിരുന്നു. എന്നാല്‍ പുറം ലോകം അവരോട് കൂടുതല്‍ കൂടുതല്‍ ക്രൂരമായി പ്രവര്‍ത്തിച്ചു. സ്ത്രൈണ സ്വത്വത്തെ ദുര്‍ബലപ്പെടുത്തുന്ന അനുഭവതലമുള്ള ഉമ്മ എന്ന കഥ ജനയുഗത്തില്‍ വെളിച്ചം കണ്ടതിനുശേഷം അവര്‍ ദീര്‍ഘമായ മൗനത്തിലേക്ക് ഊളിയിട്ടു. സാഹിത്യ ലോകത്ത് നിന്നും ആത്മീയതയിലേക്കവര്‍ തിരിഞ്ഞു. ജോലിയും മടുപ്പിച്ചു. 1973 ഫെബ്രുവരിയില്‍ സ്വമേധയാ ജോലിയില്‍ നിന്നും പിരിഞ്ഞുപോരുകയും ചെയ്തു.

ചുരുക്കം ചില സൗഹൃദങ്ങള്‍. സന്തസഹചാരിയായ റേഡിയോ. 1974 ഏപ്രില്‍ നാലിന് അവര്‍ ഡയറിയില്‍ എഴുതി: ''All my attachment here except the new radio is over.'' ഇംഗ്ളീഷ് സിനിമകളും ഇംഗ്ളീഷ് പുസ്തകങ്ങളും അവര്‍ക്കിഷ്ടമായിരുന്നു. ഫോട്ടോഗ്രാഫിയിലും കമ്പമുണ്ടായിരുന്നു. പിന്നീട് അവര്‍ കൂടുതല്‍ കൂടുതല്‍ തന്നിലേക്ക് ഒതുങ്ങി. സ്വകാര്യ കത്തുകളും ഫോട്ടോകളും മറ്റും നശിപ്പിച്ചു. റേഡിയോയും ഉപേക്ഷിച്ചു. പുസ്തകങ്ങളും മറ്റും ലൈബ്രറിക്കും ബന്ധുക്കള്‍ക്കും കൈമാറി. ഇതിനിടെ ശേഷിച്ച സഹോദരിയും മരിച്ചു. തനിച്ചായതിന്റെ കഠിന വേദന അവരെ മഥിച്ചു. ദൈവത്തോട് തന്നെ രക്ഷിക്കണേയെന്ന അഭ്യര്‍ഥന മാത്രമായി പിന്നീടെഴുതിയ ഡയറിക്കുറിപ്പുകളില്‍ മുഴുവന്‍. രോഗപീഢകളിലേക്ക് മൂക്കുകുത്തിവീണ സരസ്വതിയമ്മ രോഗാധിക്യം മൂലം 1975 ഡിസംബര്‍ 26ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടയുകയും ചെയ്തു.

ലോകത്തില്‍ ഒരു തുരത്തില്‍ എന്ന വണ്ണം ജീവിച്ചുമരിച്ച ഒട്ടേറെ എഴുത്തുകാരികളുണ്ട്. തങ്ങളുടെ ഇടമല്ലിതെന്ന തിരച്ചറിവോടെ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പയവരുമുണ്ടവരില്‍. സില്‍വിയ പ്ലാത്തും അന്ന അഖ്മത്തോവയും രാജലക്ഷ്മിയും.... കൊണ്ടാടപ്പെടാതെ നിശബ്ദം നമുക്കിടയില്‍ ജീവിച്ച് ആരാലും കണക്കിലെടുക്കപ്പെടാതെപോയവരുടെ നിര വളരെ വലുതുമായിരിക്കും. ഇവര്‍ക്കിടയിലെവിടെയോ സരസ്വതിയമ്മയുണ്ട്. അവരുടെ രചനകള്‍ മലയാളികള്‍ വേണ്ടത്ര ശ്രദ്ധയോടെ വായിച്ചിട്ടുണ്ടോയെന്ന സംശയം ബാക്കിയാവുന്നു.


Next Story

Related Stories