TopTop
Begin typing your search above and press return to search.

SERIES|അന്ത്യവും തുടക്കവും-കെ പി എ സി സുലോചനയുടെ ജീവിതകഥ തുടരുന്നു

SERIES|അന്ത്യവും തുടക്കവും-കെ പി എ സി സുലോചനയുടെ ജീവിതകഥ തുടരുന്നു

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)

ഭാഗം 35

''ആ പ്രവാഹം ഇരമ്പിക്കയറുകയാണ്. കാറുകൊണ്ട കടല്‍ പോലെ അലറുന്ന ആ ശബ്ദം മനുഷ്യന്റേതാണ്.ചീറിപ്പായുന്ന ആ സ്വാത്രേന്ത്യച്ഛയുടെ മുമ്പില്‍ നിന്നു മാറൂ.ആ വഴിക്ക് നിന്നു മാറിനില്‍ക്കൂ.അതിലപമാനം തോന്നേണ്ട. മനുഷ്യത്വത്തിനു മുമ്പിലാണ് തോല്‍ക്കുന്നത്.'' *

ആര്‍ത്തിരമ്പി പാഞ്ഞു വരുന്ന വിമോചനസമരപ്പോരാളികളുടെ മുമ്പില്‍ പകച്ചുനില്‍ക്കുന്ന സഖാവ് ഗോപാലനോട് ഭാര്യ സുമം പറയുന്ന വാക്കുകളാണിത്. കാരണവര്‍ പരമുപിള്ള ഇപ്പോള്‍ പാര്‍ട്ടിയ്ക്കുള്ളിലെ മകന്റെ ഉയര്‍ച്ചയില്‍ അഭിമാനം കൊള്ളുന്ന ഉറച്ച കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്. ജന്മി കേശവന്‍ നായരാകട്ടെ കമ്മ്യൂണിസ്റ്റ് എം എല്‍ എ യും. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയോഗിച്ച പോലീസിന്റെ വെടിയേറ്റ് മാല രക്തസാക്ഷിയാകുന്നു.പാര്‍ട്ടിയുടെ പോക്കില്‍ മനം മടുത്ത സഖാവ് മാത്യു പാര്‍ട്ടിക്കാര്‍ഡ് മടക്കിയേല്പിക്കുന്നു. ഒടുവില്‍ 'കമ്മ്യൂണിസ്റ്റ് വിഷവൃക്ഷ'ത്തിന്റെ ചുവട്ടില്‍ സഖാവ് ഗോപാലന്‍ ഏകനായി നില്‍ക്കുമ്പോള്‍ നാടകം അവസാനിക്കുന്നു.

'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി' യിലെ കഥാപാത്രങ്ങളെ തന്നെ അവതരിപ്പിച്ചുകൊണ്ട് 'വിഷവൃക്ഷം' എന്ന പ്രതിനാടകമെഴുതിയ പഴയ കമ്മ്യുണിസ്റ്റുകാരന്‍ കൂടിയായ സി ജെ തോമസ് ഡെമോക്രാറ്റിക് തീയേറ്റേഴ്സ് ഉണ്ടാക്കി കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ നാടെങ്ങും നാടകം കളിച്ചു. എറണാകുളം ആസ്ഥാനമാക്കി 'ഡെമോക്രാറ്റിക് പബ്ലിക്കേഷന്‍സും' 'വോയ്‌സ് ഓഫ് കേരള'യും സ്ഥാപിച്ച് 'ദീനബന്ധു'വും 'വീക്കിലി കേരള'യും പുറത്തിറക്കി കൊണ്ട് വിമോചനസമരത്തിന് ഊര്‍ജ്ജം പകര്‍ന്നു.


(സി ജെ തോമസ് - എം ഗോവിന്ദന്‍)

' കമ്യൂണിസ്റ്റ് അക്രമം' തുറന്നുകാട്ടാന്‍ സി ജെയോടൊപ്പം വീറുകാട്ടിയ എം ഗോവിന്ദനായിരുന്നു വിരുദ്ധ ചേരിയുടെ മസ്തിഷ്‌കം. പി കേശവദേവ്,സുകുമാര്‍ അഴീക്കോട്, എം വി ദേവന്‍, എം കെ സാനു, വെട്ടൂര്‍ രാമന്‍ നായര്‍,അഭയദേവ്,കെ സുരേന്ദ്രന്‍,മുട്ടത്തുവര്‍ക്കി,എ പി ഉദയഭാനു, പി കെ ബാലകൃഷ്ണന്‍, സി എന്‍ ശ്രീകണ്ഠന്‍ നായര്‍...ലേഖനങ്ങളും ലഘുലേഖകളും നാടകങ്ങളും വഴി കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ കടന്നാക്രമിക്കുവാന്‍ പ്രമുഖ എഴുത്തുകാരുടെ വലിയൊരു നിര സദാ സന്നദ്ധരായിരുന്നു.കൈനിക്കര പത്മനാഭപിള്ളയും കെ ബാലകൃഷ്ണനും പത്രാധിപന്മാരായ 'കൗമുദി' പത്രം തലസ്ഥാനം കേന്ദ്രമാക്കി മറ്റൊരു യുദ്ധമുഖം തുറന്നു.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സംഗീതനാടക അക്കാദമി(സംഗീത വിദുഷി മങ്കു ത്തമ്പുരാന്‍ അദ്ധ്യക്ഷ,പി ഭാസ്‌കരന്‍ സെക്രട്ടറി, കൈനിക്കര കുമാരപിള്ള,സി ഐ പരമേശ്വരന്‍ പിള്ള,എസ് കെ പൊറ്റക്കാട്,തോപ്പില്‍ ഭാസി,പവനന്‍,വി അബ്ദുള്ള എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍)കമ്മ്യൂണിസ്റ്റ് പ്രചാരണത്തിന് വേണ്ടി ഉണ്ടാക്കിയതാണെന്നും അതിന്റെ ഭാരവാഹികളും അംഗങ്ങളും കടുത്ത കമ്മ്യൂണിസ്റ്റുകാരാണെന്നും ആരോപണമുണ്ടായി.വൈക്കം മുഹമ്മദ് ബഷീറിന്റെ'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്' ഹൈസ്‌കൂള്‍ ക്ലാസ്സില്‍ പാഠപുസ്തകമാക്കിയത് മറ്റൊരു പ്രക്ഷോഭത്തിന് വഴിതെളിച്ചു.

സര്‍ക്കാരിനെ ആക്രമിക്കാനായി ഒരു വിഷയം കാത്തിരുന്ന പ്രതിപക്ഷത്തിനും പത്രങ്ങള്‍ക്കും കിട്ടിയ പുതിയ ആയുധമായിരുന്നു ബല്‍രാജ് സാഹ്നിയുടെ കേരളസന്ദര്‍ശനം.....

ഇന്ത്യയിലെ സമുന്നത കലാകാരനായ ബല്‍ രാജ് സാഹ്നിയെ സംസ്ഥാന ഗവണ്മെന്റിന്റെ അതിഥി ആയി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം എല്‍ എ എന്ന നിലയില്‍ തോപ്പില്‍ ഭാസി മുഖ്യമന്ത്രിയ്ക്കും സാംസ്‌കാരിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു.ഒരു സിനിമാ നടനെയോ സാഹിത്യ കാരനെയോ സംസ്ഥാന അതിഥിയായി സ്വീകരിക്കുവാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് വകുപ്പ്സെക്രട്ടറി ഫയലില്‍ എഴുതി.ഒടുവില്‍ വി ഐ പി പാനല്‍ ഭേദഗതി ചെയ്ത് കലാകരന്മാരെക്കൂടി ഉള്‍പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

പ്രശ്‌നം നിയമസഭയിലവതരിപ്പിച്ച പട്ടം താണുപിള്ള പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്.

''ഒരു സിനിമാക്കാരനെ സ്റ്റേറ്റ് ഗസ്റ്റ് ആക്കാന്‍ തുടങ്ങുന്ന നിങ്ങള്‍ ഇനി തുള്ളക്കാരനെയും ആട്ടക്കാരനെയുമൊക്കെ സ്റ്റേറ്റ് ഗസ്റ്റ് ആക്കുമല്ലോ.''

ആരോപണത്തിന് മറുപടി പറഞ്ഞ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി അതേ നാണയത്തില്‍ തിരിച്ചടിച്ചു.

''പ്രതിഭാധനനു മാത്രമേ തുള്ളക്കാരനും ആട്ടക്കാരനും ഉള്‍പ്പെടെയുള്ള കലാകാരന്‍ ആകാന്‍ കഴിയുകയുള്ളൂ.ഏതു തെണ്ടിസായ്പ്പിനും സ്റ്റേറ്റ് ഗസ്റ്റ് ആകാമെന്ന് അവരുണ്ടാക്കിയ റൂള്‍സ് പറയുന്നു.അവരവഗണിച്ചകലാകാരന് ഞങ്ങള്‍ ഉന്നതസ്ഥാനം നല്‍കുന്നു.സാംസ്‌കാരിക നായകന്മാരെ ഈ ഗവണ്മെന്റ് മറ്റാരേക്കാളും ബഹുമാനിക്കുന്നു''....**


(ബല്‍രാജ് സാഹ്നിയും പത്‌നി ദമയന്തിസാഹ്നിയും)

പഞ്ചാബ് കര്‍ഷകന്റെ തളരാത്ത സമരവീര്യവും ധീരദേശാഭിമാനബോധവും പടച്ചട്ടയാക്കി, സ്വാതന്ത്ര്യസമരഭൂമിയിലേക്ക് എടുത്തുചാടിയ ബല്‍രാജ് സാഹ്നി ശാന്തിനികേതനത്തില്‍ അധ്യാപനവും വാര്‍ദ്ധാ ആശ്രമത്തില്‍ സന്നദ്ധസേവനവും കഴിഞ്ഞ് ബി ബി സിയില്‍ പ്രക്ഷേപകനായി.ഗാന്ധിയന്‍ തത്വചിന്തയില്‍ നിന്ന് കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിലേക്കുള്ള യാത്രക്കിടയില്‍ ഇന്ത്യ യില്‍ മടങ്ങിയെത്തിയ ബല്‍രാജ് ,വൈകാതെ തന്റെ വഴികാട്ടിയെയും ഗുരുവിനെയും കണ്ടെത്തി


(പി സി ജോഷി)

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി സി ജോഷി.തന്നെക്കാള്‍ കടുത്ത വിപ്ലവകാരിയും മികച്ച അഭിനേത്രിയുമായ ഭാര്യ ദമയന്തിയുമൊത്ത് പാര്‍ട്ടിയുടെയും ഇപ്റ്റയുടെയും മുന്നണിപ്പോരാളിയായി.കെ എ അബ്ബാസും ചേതന്‍ ആനന്ദുമൊക്കെച്ചേര്‍ന്ന അന്നത്തെ ആ കൂട്ടായ്മയില്‍ നിരവധി നാടകങ്ങളും നീച്ചാ നഗറും ധര്‍ത്തി കേ ലാല്‍ പോലെയുള്ള സിനിമകളും പിറന്നുവീണു.


( ബല്‍രാജ് സാഹ്നിയും ദമയന്തിയും ധര്‍ത്തി കേ ലാല്‍ എന്ന ചിത്രത്തില്‍)

പെട്ടെന്നായിരുന്നു ആ വസന്തകാലത്തിന്റെ അന്ത്യം കുറിച്ചുകൊണ്ടുള്ള കല്‍ക്കത്താതീസിസിന്റെ കടന്നുവരവ്.ജോഷിയെ പുറംതള്ളിയതും പാര്‍ട്ടി നിരോധിക്കപ്പെട്ടതും ബല്‍ രാജ് തുറുങ്കിലടക്കപ്പെട്ടതും പുതിയ നയവുമായി പൊരുത്തപ്പെടാനാകാതെ പാര്‍ട്ടി വിട്ടതുമൊക്കെ തുടര്‍ന്ന് അരങ്ങേറിയ സംഭവങ്ങള്‍.കടുത്ത മാനസികാഘാതമേല്പിച്ചുകൊണ്ട് ഒടുവില്‍ ദമയന്തിയുടെ വേര്‍പാടും.ഇന്ത്യന്‍ സിനിമയുടെ മുഖച്ഛായ മാറ്റിയ 'ദോ ബിഗാ സമീനി'ലൂടെ ബല്‍രാജ് സാഹ്നി ഉയിര്‍ത്തെഴുന്നേറ്റതോടെ ,ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കമാകുകയായിരുന്നു...

1959 ജനുവരി പന്ത്രണ്ടാം തീയതി കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ബല്‍ രാജ് സാഹ്നിയെ സംഗീത നാടക അക്കാദമി സെക്രട്ടറി പി ഭാസ്‌കരന്‍,കെ പി എ സി ഭാരവാഹികളായ ജി ജനാര്‍ദ്ദനക്കുറുപ്പ്, ഓ മാധവന്‍,തോപ്പില്‍ ഭാസി,സംസ്ഥാന ഗവണ്മെന്റിന്റെ പ്രതിനിധി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ബല്‍രാജ് രണ്ടാം വിവാഹം ചെയ്ത തോഷ്, പുത്രിമാരായ ശബ്‌നം, സ്‌നോബര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

തുടര്‍ന്നുള്ള ഒരാഴ്ച്ചക്കാലം കേരളത്തിലെ ചരിത്ര സ്മാരകങ്ങളും സാംസ് ക്കാരിക സ്ഥാപനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും അവര്‍ സന്ദര്‍ശിച്ചു.


(ബല്‍രാജ് സാഹ്നിക്ക് കേരളത്തില്‍ നല്‍കിയ സ്വീകരണത്തിന്റെ ദൃശ്യങ്ങള്‍. ഒപ്പമുള്ളത് മുഖ്യമന്ത്രി ഇ എം എസും സ്പീക്കര്‍ ശങ്കരനാരായണന്‍ തമ്പിയും)

ബല്‍രാജ് തീര്‍ച്ചയായും കാണേണ്ടിയിരുന്ന ചില നാടകങ്ങള്‍--- 'നമ്മളൊന്ന്', 'ഇന്‍ക്വിലാബിന്റെ മക്കള്‍', ' 'ജീവിതം അവസാനിക്കുന്നില്ല' എന്നിവ അവതരിപ്പിക്കാന്‍ പറ്റാത്തതിലുള്ള പോരായ്മ അറിയിച്ചുകൊണ്ട് ആ നാടകങ്ങളെപ്പറ്റിയും അവ ജനങ്ങളില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും പി ഭാസ്‌കരനും ജനാര്‍ദ്ദനക്കുറുപ്പും വിശദീകരിച്ചു കൊടുത്തു.ആറു മാസം തുടര്‍ച്ചയായി നിറഞ്ഞ സദസ്സില്‍.കളിച്ചുകൊണ്ടിരുന്ന 'മൂലധനം' ബല്‍രാജിനെ കാണിച്ച് പ്രശംസ നേടണമെന്ന ആഗ്രഹമുണ്ടായിരുന്നു ഭാസിയ്ക്ക്.എന്നാല്‍ കൊല്ലത്തുവെച്ച് 'മൂലധനം' കണ്ട ബല്‍രാജ് സാഹ്നിക്ക് നാടകം ഇഷ്ടമായില്ല.അത് നാടകമല്ല,വെറും മെലോഡ്രാമയാണെന്നും 'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി'യില്‍ നിന്ന് ഭാസി ബഹുദൂരം പുറകോട്ടു പോയെന്നും ബല്‍രാജ് വിമര്‍ശിച്ചു.കേരളസന്ദര്‍ശനം കഴിഞ്ഞു മടങ്ങിപ്പോയശേഷം ഭാസിക്കെഴുതിയ ദീര്‍ഘമായ കത്തില്‍ വിമര്‍ശനത്തിന്റെ കാരണങ്ങള്‍ ബല്‍രാജ് എടുത്തുപറഞ്ഞു.

''നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി' ജീവിതത്തില്‍ നിന്നെടുത്ത ലളിതവും ഋജു വുമായ ഒരു നാടകമാണ്.അത്യാധുനികമായ അര്‍ത്ഥത്തില്‍ തന്നെ അത് യാഥാര്‍ത്ഥ്യത്തെ ലളിതമായി,സത്യസന്ധമായി അവതരിപ്പിച്ചു. 'മൂലധനം' ഇക്കാര്യത്തില്‍ പരാജയപ്പെട്ടു....താങ്കളുടെ ധിഷണയിലും വിപുലമായ വിപ്ലവാനുഭവങ്ങളിലും ഞങ്ങള്‍ക്ക് തിളങ്ങുന്ന ഏറെ പ്രതീക്ഷകളുണ്ട്.മുന്‍ നാടകങ്ങളിലൂടെ താങ്കള്‍ വരിച്ച നേട്ടങ്ങള്‍ ആ പ്രതീക്ഷകള്‍ പൂവണിയുമെന്ന് ഞങ്ങളെ വിശ്വസിപ്പിച്ചു. പക്ഷെ, താങ്കള്‍ ഇപ്പോള്‍ തെല്ലൊന്ന് പാത മാറ്റിച്ചവിട്ടിയിരിക്കുന്നു.താങ്കളെ പിന്തിരിപ്പിക്കേണ്ടത് ആവശ്യമാണ്.''

സ്‌നേഹത്തോടെ ബല്‍രാജ്***

ബല്‍രാജ് സാഹ്നിയുടെ കത്ത് തോപ്പില്‍ഭാസിയെ ഇരുത്തിചിന്തിപ്പിച്ചു.'മുടിയനായ പുത്രന്‍' അവതരിപ്പിക്കാന്‍തുടങ്ങിയിട്ട് മൂന്നുവര്‍ഷങ്ങള്‍ കഴിഞ്ഞു.പുതിയ നാടകത്തിന് വേണ്ടി കെ പി എ സി ഭാസിയെ നിര്‍ബന്ധിക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി.സഹോദരപ്രസ്ഥാനമായ പ്രതിഭയുടെ നാടകമായ മൂലധനം ബുക്കിംഗില്‍ മുടിയനായ പുത്രനെ കടത്തിവെട്ടിയതും കെ പി എ സി ക്കാരെ വാശിപിടിപ്പിച്ചിരുന്നു.പുതിയ നാടകം എഴുതാന്‍ ഭാസി തയ്യാറെടുക്കുകയായിരുന്നു. ജനാധിപത്യമൂല്യങ്ങളെ കടപുഴക്കിയെറിഞ്ഞ വിമോചനസമരത്തിന്റെ കേളികൊട്ട് മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയത് അപ്പോഴാണ്.

കമ്മ്യൂണിസ്റ്റ് വിരുദ്ധ നാടകങ്ങളും മറ്റു കലാപരിപാടികളും അരങ്ങു തകര്‍ക്കുന്ന ദിവസങ്ങള്‍.മുഖ്യമന്ത്രി ഇ എം എസ് ഒരു ദിവസം എറണാകുളം ഗസ്റ്റ് ഹൗസ്സിലെത്തി.വിമോചനസമരത്തിനെതിരെ ഒരു നാടകമെഴുതാന്‍ പി ജെ. ആന്റണിയോട് ആവശ്യപ്പെടാനാണ് ഇ എം എസ് വന്നത്.ഒരുപാടന്വേഷണങ്ങള്‍ക്ക് ശേഷം വൈകുന്നേരമായപ്പോള്‍ സഖാക്കള്‍ ആന്റണിയെ കണ്ടെത്തി.


(പി ജെ ആന്റണി)

നാടകം എഴുതാമെന്നേറ്റ ആന്റണിയോട് മുഖ്യമന്ത്രി ചോദിച്ചു.

''എപ്പോള്‍ നാടകം തരാനാകും?''

ഒരു നിമിഷം പോലും ആലോചിക്കാന്‍ നില്‍ക്കാതെ ആന്റണി പറഞ്ഞു.

''നാളെ രാവിലെ''

നടക്കുന്ന കാര്യമാണതെന്ന് ഒട്ടും ഉറപ്പില്ലായിരുന്നെങ്കിലും ഇ എം എസ് ഒന്നും പറഞ്ഞില്ല.ആന്റണി ആവശ്യപ്പെട്ട പ്രകാരം ഹോട്ടല്‍ വുഡ്‌ലാന്‍ഡ്‌സില്‍ രണ്ട് മുറിയെടുത്തുകൊടുക്കാന്‍ ജില്ലാകമ്മിറ്റിയിലെ സഖാക്കളെ ഏര്‍പ്പാട് ചെയ്തു.

നാടകം കേട്ടെഴുതാന്‍ കഴിവുള്ള രണ്ടുപേരെ ഓരോ മുറിയിലും ഇരുത്തി.നാടകമെഴുതാന്‍ ആവശ്യമുള്ള 'മൂഡ്' ആയിയെന്ന് തോന്നിയപ്പോള്‍,ആന്റണി ഒരു മുറിയില്‍ ചെന്നു.ആദ്യം പറഞ്ഞുകൊടുത്തത് രണ്ടാമത്തെ രംഗമാണ്.അതെഴുതിതീര്‍ന്നപ്പോള്‍ അടുത്തമുറിയിലെത്തി അവിടെ കേട്ടെഴുതാന്‍ തയ്യാറെടുത്തിരിക്കുന്ന സഹായിക്ക് ആദ്യരംഗം പറഞ്ഞുകൊടുത്തു.വീണ്ടും ആദ്യത്തെ മുറിയിലേക്ക്....അങ്ങനെ മാറി മാറി പറഞ്ഞുകൊടുത്ത നാടകം,നേരം വെളുത്തപ്പോള്‍ എഴുതി തീര്‍ന്നു.ഇ എം എസിനു കൊടുത്ത വാക്ക് പാലിച്ചുകൊണ്ട് ആന്റണിയെഴുതിയ നാടകത്തിന്റെ പേര് 'വിമോചനം' കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എറണാകുളം ജില്ലാകമ്മിറ്റി യുടെ നേതൃത്വത്തില്‍ ആ നാടകം തുടര്‍ച്ചയായി അരങ്ങേറി.

'സ്മാരകം','ഭാരതം വിളിക്കുന്നു','അധികാരം','ഇരുമ്പിന്റെ മക്കള്‍','പാനപാത്രം', 'കോണ്‍ഗ്രസ് രസായനം','തലയോടും ചെരുപ്പും','ഞങ്ങളുടെ ഭരണം വരേണമേ'...കമ്മ്യൂണിസ്റ്റ് വിരുദ്ധരെ ആക്ഷേപഹാസ്യത്തിന്റെയും കടുത്ത വിമര്‍ശനത്തിന്റെയും കൂര്‍ത്ത കൂരമ്പുകള്‍ കൊണ്ട് ആക്രമിക്കുന്ന ആ നാടകങ്ങള്‍ അപ്പപ്പോള്‍ ആവശ്യാനുസരണം ആന്റണി എഴുതിക്കൊടുത്തവയാണ്. നാടകം എഴുതുന്നതിനു പുറമെ പള്ളിയ്‌ക്കെതിരെ 'പ്രോഗ്രസ്സീവ് കമ്മ്യൂണിസ്റ്റ് ലീഗ്' എന്ന സംഘടനയുണ്ടാക്കി ആന്റണി നേരിട്ട് രംഗത്തിറങ്ങി.കമ്മ്യൂണിസ്റ്റ് അനുഭാവികളായ ഇടവകക്കാരെ പള്ളിപ്പറമ്പില്‍ കുഴിച്ചിടാന്‍ സമ്മതിയ്ക്കാത്ത തിരുസഭയെ ധിക്കരിച്ചുകൊണ്ട്, അച്ചന്റെ ളോഹയും അംഗവസ്ത്രവും ധരിച്ച ആന്റണി പൊതുശ്മശാനത്തിലേക്ക് അല്‍മായക്കാരുടെ ശവമെടുക്കാന്‍ നേതൃത്വം കൊടുത്തു....


(തിരുവനന്തപുരത്ത് പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഫ്‌ളോറി)

''തെക്കുതെക്കൊരു ദേശത്ത്,അലമാലകളുടെ തീരത്ത്,

ഭര്‍ത്താവില്ലാത്ത നേരത്ത്, ഫ്‌ളോറിയെന്നൊരു ഗര്‍ഭിണിയെ,

ചുട്ടുകൊന്ന സര്‍ക്കാരേ,പകരം ഞങ്ങള്‍ ചോദിക്കും!''

'കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പുറത്താക്കുക' എന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള പ്രക്ഷോഭം കേരളം മുഴുവന്‍ പടര്‍ന്നതോടെ അങ്കമാലിയിലും വെട്ടുകാടും പുല്ലുവിള യിലും ചെറിയതുറയിലുമൊക്കെ വെടിവെയ്പുണ്ടായി,രക്തസാക്ഷികളും.


(മന്നത്ത് പദ്മനാഭന്‍ വിമോചന സമരം നയിക്കുന്നു)


(വിമോചന സമരത്തിന്റെ ദൃശ്യം)

'ഭാരതകേസരി' മന്നത്ത് പത്മനാഭന്‍ നയിച്ച വിമോചനസമരത്തില്‍ പ്രതിപക്ഷപാര്‍ട്ടികളോടൊപ്പം അച്ചന്മാര്‍,കന്യാസ്ത്രീകള്‍,മറ്റു മതപുരോഹിതര്‍, ഗാന്ധിയന്മാര്‍,സമുദായനേതാക്കള്‍,രാഷ്ട്രീയ നേതാക്കളുടെ ധര്‍മ്മപത്‌നിമാര്‍,വടക്കനച്ചന്റെ ക്രിസ്റ്റഫര്‍ സേന,ആര്‍ എസ് പിയുടെ 'ഈറ്റപ്പുലികള്‍' തുടങ്ങിയവരെല്ലാം അണിനിരന്നു.പിക്കറ്റിങ്ങും അറസ്റ്റും വെടിവെയ്പ്പും നിത്യസംഭവങ്ങളായി.


(വിമോചന സമരം തിരുവനന്തപുരത്ത് നടന്ന ജാഥ)


(മന്നത്ത് പദ്മനാഭനും പ്രതിപക്ഷ നേതാക്കളും ഗവര്‍ണ്ണര്‍ ബി. രാമകൃഷ്ണറാവുവിനെ കണ്ട് നിവേദനം നല്‍കുന്നു)


(വിമോചന സമരത്തില്‍ സ്ത്രീകള്‍ ജാഥ നയിക്കുന്നു)

ജനാധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ കേന്ദ്രമിടപെട്ടു പുറത്താക്കണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു.മന്ത്രിസഭ രാജിവച്ച് ജനവിധി തേടണമെന്നായിരുന്നു നെഹ്രുവിന്റെ അഭിപ്രായം.(പ്രധാനമന്ത്രി നെഹ്‌റുവിന്റെ കേരള സന്ദര്‍ശനം. മുഖ്യമന്ത്രി ഇഎംഎസ്, മന്ത്രി കെ ആര്‍ ഗൗരി തുടങ്ങിയവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചപ്പോള്‍)

എന്നാല്‍ കേരളത്തില്‍ കേന്ദ്രം ഇടപെടുകതന്നെ വേണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ ഇന്ദിരാഗാന്ധിയും സര്‍വോദയ നേതാവ് ജയപ്രകാശ് നാരായണനും പി എസ് പി നേതാവ് ആചാര്യ കൃപലാനിയും സ്വതന്ത്രാപാര്‍ട്ടിയുടെ മീനൂ മസാനിയും ഒരേസ്വരത്തില്‍ ആവശ്യപ്പെട്ടു.ഇതിനു പിന്നാലെ,കേരളത്തിലെ ക്രമസമാധാനം പാടേ തകര്‍ന്നതായി ഗവര്‍ണര്‍ ബി രാമകൃഷ്ണറാവു കേന്ദ്രത്തിനയച്ച റിപ്പോര്‍ട്ടുമെത്തി.ഒടുവില്‍ ഇതെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള കേന്ദ്രഗവര്‍ണ്മെന്റിന്റെ ശുപാര്‍ശ അനുസരിച്ച് 1959 ജൂലൈ 31 ന് രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ്, ഇ എം എസ് മന്ത്രിസഭയെ ഡിസ്മിസ് ചെയ്തു.

ആ നാളുകളില്‍ തലസ്ഥാനത്തെ ഒരു പ്രമുഖ പത്രലേഖകന്‍ എന്ന നിലയില്‍ എല്ലാത്തിനും സാക്ഷിയായിരുന്ന പവനന്‍ എഴുതി:''ആദ്യമായി കമ്മ്യുണിസ്റ്റ് ഗവര്‍ണ്മെന്റിനെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കേരളം ചരിത്രം സൃഷ്ടിച്ചു.ആദ്യമായി ഒരു ഗവര്‍ണ്മെന്റിനെ ,കേന്ദ്രഗവര്‍ണ്മെന്റിന്റെ സഹായത്തോടെ അക്രമസമരത്തിലൂടെ താഴെയിറക്കി ചരിത്രത്തെ അപമാനിച്ചതിന്റെ ദുഷ്പേരും കേരളത്തിനു തന്നെ.''


(പുറത്താക്കപ്പെട്ട മുഖ്യമന്ത്രി ഇഎംഎസ്സിനു നല്‍കിയ സ്വീകരണം)****

നിയമസഭ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് എംഎല്‍ എ പണിയുടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞതോടെ ഭാസി കെപിഎസിക്കുവേണ്ടി പുതിയ നാടകമെഴുതാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.ഇതുവരെ എഴുതിയ നാടകങ്ങളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയമാണ് ഭാസിയുടെ മനസ്സില്‍ നാമ്പിട്ടത്.

ബല്‍ രാജ് സാഹ്നിയും കുടുംബവുമൊത്ത് പീച്ചി ഡാം സന്ദര്‍ശിച്ചത് തോപ്പില്‍ ഭാസിയുടെ നാടകജീവിതത്തിലെ ഒരു നിര്‍ണ്ണായക സന്ദര്‍ഭമായിരുന്നു.ഭാസി ആദ്യമായിട്ടാണ് ഒരു ഡാം കാണുന്നത്.അവിടുത്തെ എന്‍ജിനിയര്‍മാരില്‍ നിന്ന് ഭാസിക്ക് കുറെ അറിവുകള്‍ ലഭിച്ചു.


(പീച്ചി ഡാം)

മണലിനദിയുടെ ഉത്ഭവസ്ഥാനത്ത് പണിത പീച്ചി അണക്കെട്ടിന് എഴുനൂറടി നീളവും നൂറ്റിമുപ്പത്തിനാലടി പൊക്കവുമുണ്ട്. മൂവായിരത്തിയിരുനൂറേക്കര്‍ സ്ഥലത്ത് ജലം സംഭരിച്ചിരിക്കുന്നു.നാല്‍പ്പത്തിയാറായിരമേക്കര്‍ നിലം ഈ ഡാമിലെ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യാം.അതിനു പുറമെ തൃശൂര്‍ ടൗണിനാവശ്യമായ വെള്ളം മുഴുവനും കൊടുക്കാനുമാകും.

ഒരു കാര്യം കൂടി ഈ സംഗതികള്‍ വിവരിച്ച എന്‍ജിനീയര്‍ പറഞ്ഞു. അണക്കെട്ടിന്റെ മുകളില്‍ ഒരടി വെള്ളം കൂടി ഉയര്‍ന്നാല്‍ എട്ടുകോടി ചതുരശ്രയടിവെള്ളം കൂടി കൂടുതലായി ശേഖരിക്കാം.അപ്പോള്‍ പക്ഷെ ഡാമിന് ചുറ്റുമുള്ള കുറേസ്ഥലങ്ങള്‍ കൂടി--- അതൊക്കെ അന്ന് സ്വകാര്യ എസ്റ്റേറ്റുകളാണ്---കായലാകും.അത് കേട്ട നിമിഷം ഭാസിയുടെ മനസ്സില്‍ ഒരു നാടകത്തിന്റെ തീപ്പൊരി വീണു.

അതുകഴിഞ്ഞ് ഡാമിന്റെ കരയില്‍ അവര്‍ ഒരു സ്മാരകഫലകം കണ്ടു.ഡാമിന്റെ നിര്‍മ്മാണം നടക്കുമ്പോള്‍ അപകടത്തില്‍ പെട്ട് മരിച്ച ഒന്പതു പേരുടെ പേരുകള്‍ അതില്‍ രേഖപ്പെടുത്തിയിരുന്നു.

1.എ പോള്‍ (ഇലക്ട്രിഷ്യന്‍)

2.വി.എന്‍.ജോസഫ്(ലാസ്‌ക്കര്‍)

3.കുഞ്ഞയ്യപ്പന്‍(മസ്ദൂര്‍)

4.കാക്കച്ചന്‍

5.രാമന്‍ നായ്ക്കന്‍

6.ബാലന്‍

7.വേലമ്മ

8.വീരമ്മ

9.എ. മേരി (എല്ലാവരും മസ്ദൂര്‍മാര്‍)

ആ സ്മാരക ഫലകത്തിന്റെയും അവിടെ നിന്ന് ലഭിച്ച വിവരങ്ങളുടെയും പശ്ചാത്തലത്തില്‍ ഭാസിയുടെ മനസ്സില്‍ പുതിയ ഒരു നാടകം രൂപം കൊണ്ടു. ഡാമിനെ സംബന്ധിച്ച സാങ്കേതിക കാര്യങ്ങളില്‍ അബദ്ധങ്ങള്‍ വരാതെ നോക്കാനും നാടകത്തെപ്പറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യാനും ആയി ഭാസി ഒരാളെ പോയിക്കണ്ടു. മലയാള നാടകവേദിയിലെ 'രാജഹംസ'മായ പി കെ വിക്രമന്‍ നായരായിരുന്നു അത്.


(പി കെ വിക്രമന്‍ നായര്‍ ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടിയുടെ വരികളിലൂടെ)

നാടകകലയെയും സാഹിത്യത്തെയും സംബന്ധിച്ച് ഏറ്റവുമധികം വായിക്കുകയും പഠിക്കുകയും ചെയ്തിരുന്ന വിക്രമന്‍ നായര്‍, അമച്വര്‍ നാടകവേദിയോട് കാണിച്ചിരുന്ന സൗഹൃദവും അടുപ്പവും അതേ പോലെതന്നെ പ്രഫഷണല്‍ നാടകക്കാരോടും കാണിക്കാന്‍ മടിച്ചിരുന്നില്ല. പൊതുമരാമത്ത് വകുപ്പിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കൂടിയായിരുന്ന വിക്രമന്‍ നായരാണ് ഭാസിക്ക് സാങ്കേതികപരമായ പല അറിവുകളും പകര്‍ന്നുകൊടുത്തത്.അക്കൂട്ടത്തില്‍ നാടകത്തിന്റെ പ്രമേയത്തെ സമ്പുഷ്ടമാക്കുന്ന ചില നിര്‍ദ്ദേശങ്ങളും.അവസാനം അദ്ദേഹം പറഞ്ഞു.

'ഭാസി ഒരു ഡാം കൂടി കണ്ടിരിക്കേണ്ടതാണ്.തിരുവിതാംകൂറിലെ ആദ്യത്തെ അണക്കെട്ടായ പേച്ചിപ്പാറ ഡാം.കോതയാര്‍ ഡാം എന്നും പറയും.എണ്പതു ചതുരശ്ര മൈല്‍ ആണ് ക്യാച്ച്‌മെന്റ്ഏരിയ.'

അടുത്തദിവസം തന്നെ ഭാസി,പോറ്റി സാര്‍,ഓ എന്‍ വി,ദേവരാജന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന ജോയിന്റ് സെക്രട്ടറി യായ എസ് കുമാരന്‍ എന്നിവരുമൊത്ത് പേച്ചിപ്പാറ ഡാം കാണാന്‍ പോയി.


(പേച്ചിപ്പാറ ഡാമില്‍ അലക്സാണ്ടര്‍ മെന്‍ ചിനിന്റെ ശവകുടീരം)

അണക്കെട്ടിന്റെ ഒരു വശത്തായി പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന ഒരു ചെമ്പകമരമുണ്ടായിരുന്നു.അതിന്റെ തണലില്‍ ചെമ്പകപ്പൂവിതളുകള്‍ പറ്റിപ്പിടിച്ചിരിക്കുന്ന വലിയ ഒരു കല്‍ ക്കുരിശ്.ഒരു ശവക്കല്ലറയുടെ മേലാണ് അത് സ്ഥാപിച്ചിരിക്കുന്നത്.അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

''In Memmory

Of

Humphrey Alexander Menchin

A.G. Chief Engineer

Travancore P.W.D

Born: 8th Oct.1868

Died : 25th Sept.1913''


(അലക്സാണ്ടര്‍ മെന്‍ചിന്‍)

''ബ്രിട്ടീഷുകാരനായ അലക്‌സാണ്ടര്‍ മെന്‍ചിനാണ് പേപ്പാറ ഡാമിന്റെ ഇന്‍വെസ്റ്റിഗേഷന്‍ മുതല്‍ ഡാം പൂര്‍ത്തിയാകുന്നതുവരെയുള്ള ജോലികളുടെയും നേതൃത്വം വഹിച്ചിരുന്നത്.ഡാമിന്റെ നിര്‍മ്മാണം നടക്കുന്ന കാലത്ത് കോതയാര്‍ പ്രദേശങ്ങള്‍ മലമ്പനിയുടെ കേന്ദ്രമായിരുന്നു.അവിടെ പണിക്കു പോകാന്‍ തൊഴിലാളികള്‍ക്ക് ഭയമായിരുന്നു. ഡാമിന്റെ പണി നടക്കുമ്പോള്‍ വളരെയാധികം തൊഴിലാളികള്‍ മലമ്പനി ബാധിച്ചു മരിച്ചു. ഒരു ഘട്ടത്തില്‍ മെന്‍ചിനും മലമ്പനി ബാധിച്ചു. ജോലിയുടെ ചുമതല വിട്ടുപോരാന്‍ ഗവണ്മെന്റും യൂറോപ്പ്യന്മാരുള്‍പ്പെടെയുള്ള സുഹൃത്തുക്കളും നിര്‍ബന്ധിച്ചിട്ടും,തിരുവതാംകൂറിനെയും സ്വന്തം തൊഴിലിനെയും സ്‌നേഹിച്ച ആ ബ്രിട്ടീഷുകാരന്‍ കൂട്ടാക്കിയില്ല.അദ്ദേഹം കോതയാറിലെ ടെന്റില്‍ തന്നെ താമസിച്ചുകൊണ്ട് ഡാമിന്റെ പണിപൂര്‍ത്തിയാക്കി.കടുത്ത മലമ്പനി ബാധിച്ചു അവിടെത്തന്നെ മരിച്ചു.മതവിശ്വാസിയായ അലക്‌സാണ്ടര്‍ മെന്‍ചിന്‍ മരണപത്രത്തില്‍ ഇങ്ങനെ എഴുതി.

''എന്റെ ശവശരീരം പള്ളിയില്‍ അടക്കം ചെയ്യേണ്ടതില്ല.പേച്ചിപ്പാറഡാമിന്റെ കരയില്‍ എന്റെ ശവശരീരം മറവുചെയ്യണം.''

അജ്ഞാതനായ ഏതോ തൊഴിലാളി അവിടെയൊരു ചെമ്പകത്തൈ നട്ടു!''******

അലക്‌സാണ്ടര്‍ മെന്‍ ചിന്റെ ആ ശവകുടീരവും പീച്ചി ഡാമില്‍ കണ്ട സ്മാരക സ്തൂപവും ഭാസിയുടെ മനസ്സിലെ നാടകത്തിന് വികാരം പകര്‍ന്നു.പേച്ചിപ്പാറ നിന്ന് മടങ്ങി ഒരുമാസം തികഞ്ഞപ്പോള്‍, 1959 നവംബര്‍ ആദ്യം ഭാസി നാടകമെഴുതാന്‍ തുടങ്ങി.

നാടകമെഴുതുമ്പോള്‍ ഭാസിയുടെ മനസിലുണ്ടായിരുന്നത് ബല്‍രാജ് സാഹ്നി എഴുതിയ കത്തിലെ വാചകങ്ങളാണ്.

'' .....പ്രിയപ്പെട്ട തോപ്പില്‍,താങ്കളുടെ ലക്ഷ്യം ജനത്തെ രസിപ്പിക്കുകയല്ല,അറിവ് പകരുകയാണ്.അവരുടെ മനസ് തെളിക്കാന്‍,സ്വന്തം നാടിന്റെ --- കേരളത്തിന്റെയും ഇന്ത്യയുടേയും --- പുനര്‍നിര്‍മ്മാണത്തിനും പുനരുജ്ജീവനത്തിനും അവരുടെ കൈയില്‍ ആയുധമായി താങ്കളുടെ കലയെ മാറ്റാന്‍ കഴിയണം....''

നാടിന് വെള്ളവും വെളിച്ചവും കൊടുക്കാന്‍ വേണ്ടി രക്തസാക്ഷികളായ,അജ്ഞാതരായ കുറേ മനുഷ്യാത്മാക്കളെ നായകരാക്കിക്കൊണ്ടുള്ള,തന്റെ ആറാമത്തെ നാടകത്തിന് ഭാസി പേരിട്ടത്,ബല്‍രാജ് സാഹ്നിയുടെ വാക്കുകള്‍ ഉള്ളില്‍ കൊളുത്തിയ തിരിച്ചറിവിന്റെ വെളിച്ചത്തിലാണ്....

'പുതിയ ആകാശം പുതിയ ഭൂമി'

(അടുത്തഭാഗം: 'വരൂ യുഗപ്രഭാതമേ...')


*വിഷവൃക്ഷം-സിജെയുടെ നാടകങ്ങള്‍, സി.ജെ. തോമസ് കേരള സാഹിത്യ അക്കാദമി, തൃശൂര്‍

** ഒളിവിലെ ഓര്‍മ്മകള്‍ക്കുശേഷം -തോപ്പില്‍ ഭാസി, ഡിസി ബുക്‌സ്, കോട്ടയം

***ഒളിവിലെ ഓര്‍മ്മകള്‍ക്കുശേഷം -തോപ്പില്‍ ഭാസി, ഡിസി ബുക്‌സ്, കോട്ടയം

**** പവനന്റെ ആത്മകഥ, കറന്റ് ബുക്‌സ്, കോട്ടയം

******ഒളിവിലെ ഓര്‍മ്മകള്‍ക്കുശേഷം -തോപ്പില്‍ ഭാസി, ഡിസി ബുക്‌സ്, കോട്ടയം


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories