TopTop
Begin typing your search above and press return to search.

SERIES|'വരൂ യുഗപ്രഭാതമേ...'-കെ പി എ സി സുലോചനയുടെ ജീവിതകഥ തുടരുന്നു

SERIES|വരൂ യുഗപ്രഭാതമേ...-കെ പി എ സി സുലോചനയുടെ ജീവിതകഥ തുടരുന്നു

(പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു സോവിയറ്റ് യൂണിയന്റെ പ്രധാനമന്ത്രി ബുല്‍ഗാനിന്‍, കമ്മ്യൂണിസ്റ്റുപാര്‍ട്ടി ജനറല്‍ സെക്രട്ടറി നികിതാ ക്രൂഷ്‌ചേവ് എന്നിവരോടൊപ്പം)

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)

(36)

മദ്ധ്യതിരുവിതാംകൂറിലെവിടെയോ ഉള്ള മുളങ്കാവ് എന്ന മലയോരഗ്രാമം.ഒരു ഇടത്തരം കൃഷിക്കാരനായ കുഞ്ചുനായര്‍, മക്കള്‍ പൊതുപ്രവര്‍ത്തകനായ ശങ്കരന്‍കുട്ടി,കലാകാരികളായ പൊന്നമ്മയും രാജമ്മയും,പൊന്നമ്മയുടെ ഭര്‍ത്താവ് 'ഫിലിം സ്റ്റാര്‍'ഗോപു,കുഞ്ചുനായരുടെ അയല്‍ക്കാരായ മത്തായിയും എലിയാമ്മയും,തൊഴിലാളി യായ നാണു---ഇവരെല്ലാം താമസിക്കുന്ന മുളങ്കാവിലേക്ക്,കൃഷിനാശത്തിനു പരിഹാരം കാണാനും,നെല്ലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുമുള്ള ഒരു പദ്ധതിയുമായി എഞ്ചിനീയര്‍ സുകുമാരന്‍ എത്തുകയാണ്.ആ പ്രദേശത്തെ ഏറ്റവും വലിയ മലയായ കടമാന്‍വിരട്ടി തുരന്ന് ഒരു ഡാമുണ്ടാക്കി വെള്ളവും വൈദ്യുതിയും ലഭ്യമാക്കാനുള്ള സുകുമാരന്റെ പരിശ്രമങ്ങളില്‍ കുഞ്ചുനായരുടെയും കുടുംബത്തിന്റെയും നേതൃത്വത്തില്‍ ഗ്രാമവാസികളും പങ്കുചേരുന്നു.

എന്നാല്‍ ഈ പദ്ധതി മൂലം കായലായിത്തീരാന്‍ സാദ്ധ്യതയുള്ള എസ്റ്റേറ്റിന്റെ ഉടമകളുമായി കൂട്ടുചേര്‍ന്നുകൊണ്ട്, സുകുമാരന്റെ ഭാര്യാപിതാവായ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അയാളെ എതിര്‍ക്കുന്നു.സുകുമാരനെ പ്രാണനുതുല്യം സ്‌നേഹിക്കുന്ന ഭാര്യ ഉഷയാണ് ഈ സംഘട്ടനത്തിനിടയില്‍പ്പെട്ട് ധര്‍മ്മസങ്കടത്തിലാകുന്നത്.ബോംബ് വച്ച് തുരങ്കം തകര്‍ക്കാനുള്ള അച്ഛന്റെയും കൂട്ടാളികളുടെയും പദ്ധതി മനസ്സിലാക്കിയ ഉഷ സുകുമാരനെ വിവരമറിയിക്കാന്‍ പാഞ്ഞെത്തുമ്പോഴേക്ക് വൈകിപ്പോയിരുന്നു. കുഞ്ചുനായരും എലിയാമ്മയുമുള്‍പ്പെടെ മുപ്പത്തിയേഴുപേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.

ഇതിനിടെ രാജമ്മയെ സിനിമാതാരമാക്കാമെന്നു വ്യാമോഹിപ്പിച്ച് കൊണ്ടുപോയ ഫിലിംസ്റ്റാര്‍ ഗോപു അവളെ സുപ്രണ്ടിംഗ് എഞ്ചിനീയര്‍ അടക്കം പലര്‍ക്കും കാഴ്ചവച്ചു.മലമ്പനി പിടിപെട്ട സുകുമാരന്‍ വിശ്രമമെടുക്കണമെന്ന് എല്ലാവരും നിര്‍ബന്ധിച്ചിട്ടും വഴങ്ങാന്‍ കൂട്ടാക്കാതെ കര്‍ത്തവ്യത്തില്‍ മുഴുകുന്നു.ഒടുവില്‍ ഡാമിന്റെ പണി പൂര്‍ത്തിയാകുമ്പോള്‍ സുകുമാരനും രക്തസാക്ഷികളുടെ നിരയിലേക്ക് അണിചേരുകയാണ്...

രാഷ്ട്രീയത്തിന്റെ പ്രത്യക്ഷ സാന്നിദ്ധ്യമോ പാര്‍ട്ടിമുദ്രാവാക്യങ്ങളോ ഇല്ലാതെ,രാഷ്ടപുനര്‍നിര്‍മ്മാണംഎന്ന വലിയ ആശയത്തെ പ്രമേയ പശ്ചാത്തലമായി സ്വീകരിച്ചു കൊണ്ടാണ് ഭാസി പുതിയ നാടകമെഴുതിയത്.അടിസ്ഥാനജീവിതസൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരുന്ന ഗ്രാമീണ ഇന്ത്യയുടെ വികസനം വിഭാവനം ചെയ്തുകൊണ്ട് സോഷ്യലിസ്റ്റ് റഷ്യയുടെ മാതൃകയില്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു പഞ്ചവത്സരപദ്ധതിയ്ക്ക് തുടക്കമിട്ടു. പട്ടിണിയിലും ഇരുട്ടിലും പെട്ടുഴലുന്ന കോടിക്കണക്കിന് മനുഷ്യര്‍ക്ക് വെള്ളവും വെളിച്ചവും നല്‍കാനായി വലിയ അണക്കെട്ടുകള്‍ പണിതുയര്‍ത്തുക എന്നത് അന്നത്തെ പ്രധാന മുന്‍ഗണനയായി.'നവഭാരതത്തിലെ ക്ഷേത്രങ്ങള്‍'--- ഭക്‌റാനംഗലിനെ മുന്‍നിര്‍ത്തി ഡാമുകള്‍ക്ക് നെഹ്‌റു നല്‍കിയ വിശേഷണം ആഘോഷപൂര്‍വം ഇന്‍ഡ്യ ഏറ്റെടുത്തു.

(ഭക്രാനംഗല്‍ ഡാമിന് മുന്നില്‍ നെഹ്‌റു)

നവഭാരതസൃഷ്ടിയെ കുറിച്ചുള്ള നെഹ്‌റുവിന്റെ ആശയങ്ങള്‍ക്കും സങ്കല്പങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യയിലെ പുരോഗമനവാദികളായ കലാകാരന്മാരും എഴുത്തുകാരുമെല്ലാം മുന്നോട്ടുവന്ന കാലമായിരുന്നു അത്.കേരളത്തിലും അതിന്റെ അനുരണനങ്ങളുണ്ടായി.

1959 തന്റെ സാഹിത്യ പരവും രാഷ്ട്രീയവുമായ ധാരണകളില്‍ ഗണ്യമായ മാറ്റം വരുത്തിയ വര്‍ഷമാണെന്ന് തോപ്പില്‍ ഭാസി ഓര്‍മ്മിക്കുന്നു.

(ഒളിവിലെ ഓര്‍മ്മകള്‍ ജനയുഗം വാരികയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍)

ഭാസി തന്റെ ഒളിവു ജീവിതത്തിലെ സാഹസികമായ അനുഭവങ്ങള്‍ പകര്‍ത്തിവച്ച,'ഒളിവിലെ ഓര്‍മ്മകള്‍',ചോരത്തുടിപ്പുള്ള ഒരു കാലഘട്ടത്തിന്റെ നേര്‍ച്ചിത്രമായിരുന്നു.ഒപ്പം സെക് ടേറിയന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ത്തെക്കുറിച്ചുള്ള ആത്മവിമര്‍ശനവും.

ഭാസിയുടെ നാടകസങ്കല്പത്തില്‍ വന്ന മാറ്റങ്ങള്‍ പ്രതിഫലിച്ചത് ആത്മകഥയോടൊപ്പം തന്നെ എഴുതിയ 'പുതിയ ആകാശം പുതിയ ഭൂമി' എന്ന നാടകത്തിലായിരുന്നു.

''കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തില്‍ വരുന്നതുവരെ പാര്‍ട്ടിപ്രവര്‍ത്തനം സമരത്തിന്റെ മാര്‍ഗം മാത്രമാണെന്നാണ് കരുതിയത്.പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ സൃഷ്ടിപരമായ പ്രവര്‍ത്തനത്തിലും ശ്രദ്ധിക്കണമെന്ന് വന്നു.ശ്രീ.വി ആര്‍ കൃഷ്ണയ്യരും എം എന്‍ ഗോവിന്ദന്‍ നായരുമാണ് അതിന് വ്യക്തമായ രൂപം നല്‍കി 'ശ്രമദാനം'എന്ന പ്രവര്‍ത്തനം ഊന്നിപ്പറഞ്ഞത്.അക്കാലത്ത് കേരളം സന്ദര്‍ശിച്ച ബല്‍രാജ് സാഹ്നി യോടൊപ്പം ഡാമുകള്‍ സന്ദര്‍ശിച്ചപ്പോള്‍ വ്യക്തമായ ഒരു പ്രമേയമുണ്ടായി.അതാണ് 'പുതിയ ആകാശം പുതിയ ഭൂമി'എന്ന നാടകത്തെ രൂപപ്പെടുത്തിയത്.''*

ഗ്രാമീണ കര്‍ഷകനെയും ഇടത്തരക്കാരെയും തന്മയത്വത്തോടെ ചിത്രീകരിക്കുന്നതില്‍ അസാമാന്യമായ വിജയം കൈവരിച്ചിട്ടുള്ള തോപ്പില്‍ ഭാസിയുടെ ജീവിതം തുടിച്ചുനില്‍ക്കുന്ന കഥാപാത്രങ്ങള്‍ പുതിയ നാടകത്തിന്റെയും സവിശേഷതയായിരുന്നു.കരിഞ്ഞുകിടക്കുന്ന പുഞ്ചപ്പാടത്തിന് വെള്ളം കൊടുക്കാന്‍ വേണ്ടി രക്തസാക്ഷിയാകുന്ന കൃഷിക്കാരനും, ഘാതകന്മാര്‍ നാറ്റിയിട്ടിരിക്കുന്ന കലയുടെ ലോകത്ത് മുറിവേല്‍ക്കുന്ന പെണ്കുട്ടികളും, പരസ്പരം ഏറ്റുമുട്ടുന്ന ആദര്‍ശധീരതയുടെയും കുടിലതയുടെയും പ്രതിരൂപങ്ങളായ നഗരമനുഷ്യരുമെല്ലാം യാഥാര്‍ത്ഥ്യ പ്രതീതിയോടെ അരങ്ങത്ത് വന്നു.വൈവിധ്യമാര്‍ന്ന ഈ കഥാപാത്ര ങ്ങളെ ആവിഷ്‌കരിക്കാന്‍ കെ പി എ സി യുടെ സ്ഥിരം അഭിനേതാക്കളെല്ലാം ഇത്തവണയുമുണ്ടായിരുന്നു.മുടിയനായ പുത്രനിലഭിനയിച്ചവരുടെ കൂട്ടത്തില്‍ തുടക്കത്തില്‍ രാജന്റെ അമ്മയായി വന്നകല്യാണിക്കുട്ടിയമ്മ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ സമിതിയിലേക്ക് മടങ്ങി.പിന്നീട് ഏറെ നാള്‍ ആ റോള്‍ കൈകാര്യം ചെയ്ത ചെങ്ങന്നൂര്‍ ജാനകിയും വിജയകുമാരി പ്രസവം കഴിഞ്ഞു വരുന്നതുവരെ ശാരദയായി അഭിനയിച്ച വഞ്ചിയൂര്‍ രാധയും ഇക്കുറി ഇല്ല.പകരം പ്രതിഭാധനരായ മറ്റ്ചിലര്‍ കെ പി എ സി യുടെ അരങ്ങത്തേക്ക് പുതുതായി എത്തി.

നായകന്റെ ഭാര്യ എന്ന നിലയില്‍ നാടകത്തിലെ നായികയും അതിനെക്കാളുപരി കൂട്ടത്തിലെ ഏറ്റവും ചൈതന്യമുള്ള കഥാപാത്രവുമായ ഉഷയുടെ വേഷത്തില്‍,സുലോചനയെയാണ് രചനയുടെ ഘട്ടത്തില്‍ തന്നെ ഭാസി മനസ്സില്‍ സങ്കല്പിച്ചിരുന്നത്.

(കെപിഎസി സുലോചന)

അധികം സംഭാഷണങ്ങളില്ലെങ്കിലും വികാരമുര്‍ച്ഛയുള്ള നാടകീയ സന്ദര്‍ഭങ്ങളും ഭാവാഭിനയസാധ്യതയും ധാരാളമുണ്ടായിരുന്ന ഒരു കഥാപാത്രമായിരുന്നു ഉഷ. 'മുടിയനായ പുത്രനി'ലെ ചെല്ലമ്മയില്‍ നിന്നും രൂപഭാവങ്ങളില്‍ ഏറെ വ്യത്യസ്തയായ ഉഷയായി അഭിനയിക്കാന്‍ സുലോചനയ്ക്കും ഏറെ ഉത്സാഹമായിരുന്നു.

നായികയോളം തന്നെ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രമാണ്,ഭര്‍ത്താവ് ഫിലിംസ്റ്റാര്‍ ഗോപു 'ലതിക'യെന്നു വിളിക്കുന്ന പൊന്നമ്മ.കലയോടുള്ള ഇഷ്ടത്തിന്റെപേരില്‍ ദുഷ്‌പ്പേരും ദുഃഖാനുഭവങ്ങളും മാത്രം കൈമുതലായ പൊന്നമ്മ ബിയാട്രീസിന് ഏറ്റവും ഇണങ്ങുന്ന കഥാപാത്രമായിരുന്നു.

വഴക്കാളിയാണെങ്കിലും വാത്സല്യത്തോടെ ശകാരിച്ചും ശാസിച്ചും സകലരെയും അനുസരിപ്പിക്കുന്ന എലിയാമ്മച്ചേട്ടത്തിയായി അഭിനയിക്കാന്‍ വിജയകുമാരിയേക്കാള്‍ അനുയോജ്യയായ മറ്റൊരാള്‍ ഉണ്ടായിരുന്നില്ല.നായകന്റെ അനിയത്തിയുടെ വേഷത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിരുന്ന വിജയമ്മയ്ക്ക് ചട്ടയും മുണ്ടും ധരിച്ച മധ്യവയസ്‌ക്കയുടെ വേഷം ഒരു വെല്ലുവിളിതന്നെയായിരുന്നു.

ഇനിയുള്ള സ്ത്രീകഥാപാത്രത്തിന് വേണ്ടത് നല്ലൊരു നര്‍ത്തകിയെയാണ്. സദാ നൃത്തചലനങ്ങളുമായി ഓടിച്ചാടിനടക്കുന്ന, സ്വല്‍പ്പം 'ഇളക്കക്കാരി'യായ രാജമ്മ(ഗോപു ഇട്ട പേര് 'കലിത')എന്ന പതിനെട്ടുകാരിയായി വേഷമിടാന്‍ ഏറ്റവും പറ്റിയ ഒരു നടി അപ്പോഴേക്കും കെ പി എ സി യില്‍ അംഗമായിക്കഴിഞ്ഞിരുന്നു.മൂവാറ്റുപുഴ യ്ക്കും പിറവത്തിനുമിടയിലുള്ള പാമ്പാക്കുട എന്ന സ്ഥലത്തുള്ള ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ മൂത്ത സന്തതിയായ ലീല...

(കെപിഎസി ലീല)

കല്‍ക്കത്താ തീസിസിന്റെ നാളുകളില്‍ സി അച്യുതമേനോനും പി കെ വാസുദേവന്‍ നായരും കെ ടി ജേക്കബ്ബുമൊക്കെ വീട്ടില്‍ ഒളിവിലിരിക്കുന്നതുകണ്ടു വളര്‍ന്ന ബാല്യമാണ് ലൈബ്രേറിയന്‍ കുര്യാക്കോസിന്റെ മകള്‍ ലീലയുടേത്.പണ്ഡിറ്റ് ഉദയശങ്കറിന്റെ ട്രൂപ്പിലുണ്ടായിരുന്ന അന്നം എന്ന നര്‍ത്തകിയുടെ കോഴിക്കോടുള്ള വീട്ടില്‍ ലീലയെ കുര്യാക്കോസ് കൊണ്ടുചെന്നാക്കിയത്,മകളുടെ കാലിന്റെ വേദന മാറാന്‍ നൃത്തം പഠിപ്പിച്ചാല്‍ മതി എന്നാരോ പറഞ്ഞതുനുസരിച്ചാണ്. കാലിന്റെ വേദന ഒരുവിധം ശമിച്ചപ്പോഴേക്കും നൃത്തം ലീലയ്‌ക്കൊരു ലഹരിയായി മാറിക്കഴിഞ്ഞിരുന്നു.

ആ പന്ത്രണ്ടു കാരിയുടെ, നവരസങ്ങള്‍ അനായാസം വിരിയുന്ന മുഖവും താളബോധമുള്ള ചുവടുവയ്പുകളും കരചലനങ്ങളും കണ്ടിഷ്ടമായ ഗുരു രാജരത്തിനംപിള്ള തന്നെ മുന്‍കൈയെടുത്ത് കലാമണ്ഡലത്തില്‍ ചിന്നമ്മു അമ്മയുടെ അടുക്കല്‍ മോഹിനിയാട്ടം പഠിക്കാന്‍ ചേര്‍ത്തു.ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ഗുരുകുലവിദ്യാഭ്യാസസമ്പ്രദായത്തില്‍, പാലക്കാട്ടുള്ള മാസ്റ്ററുടെ വീട്ടില്‍ താമസിച്ചുകൊണ്ട് ലീല ഭരതനാട്യവും കഥക്കും മറ്റും വിശദമായി അഭ്യസിച്ചു.

അന്നൊരിക്കല്‍ മാസ്റ്ററുടെ വീട്ടില്‍ വന്ന എരൂര്‍ വാസുദേവ് ലീലയുടെ നൃത്തം കണ്ടതാണ് ജീവിതത്തിലെ വഴിത്തിരിവായത്.കെ പി ടി എ യുടെ പുതിയ നാടകമായ 'മുന്തിരിച്ചാറില്‍ കുറെ കണ്ണുനീരി'ലെ ട്രീസ എന്ന ഉപനായികയായി അഭിനയിക്കാന്‍ ചാച്ചന്‍ കൊച്ചിയില്‍ കൊണ്ടുചെന്നാക്കിയപ്പോള്‍ നൃത്തം ഉപേക്ഷിച്ചുപോന്നതിന്റെ വിഷമവും കരച്ചിലുമൊക്കെയായിരുന്നു ലീലയ്ക്ക്. കാമുകനായി അഭിനയിക്കുന്ന ശ്രീമൂലനഗരം വിജയനെ തൊട്ടഭിനയിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിമ്മിഷ്ടം കാട്ടിയതിന്റെ പേരില്‍ സംവിധായകനായ പി ജെ ആന്റണിയുടെ വക കണക്കിന് ശകാരം കൂടി വാങ്ങിച്ചുകെട്ടിയതോടെ ലീലയ്ക്ക് നാടകം മടുത്തു. അതിനുശേഷം അഭിനയിച്ച ഷാഡോ ഗോപിനാഥിന്റെ നിഴല്‍ നാടകത്തില്‍ അത്രയ്ക്ക് പ്രയാസമൊന്നും തോന്നിയില്ല.മാസ്റ്ററുടെ വീട്ടില്‍ നൃത്തം പഠിക്കാന്‍ വന്നപ്പോള്‍ കണ്ടു പരിചയപ്പെട്ട ബിയാട്രീസിന്റെ ഡാന്‍സ് ട്രൂപ്പില്‍ ചേര്‍ന്ന് ഭരതനാട്യം അവതരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ലീല പഴയ ഉത്സാഹം വീണ്ടെടുത്തത്.

'മുടിയനായ പുത്രനി'ല്‍ കളീയ്ക്കലെ ശാരദയുടെ വേഷമഭിനയിച്ചുകൊണ്ടിരുന്ന വിജയകുമാരി വീണ്ടും പ്രസവാവധിയില്‍ 'പ്രവേശിച്ചപ്പോള്‍' ബിയാട്രീസാണ് പകരക്കാരിയായി ലീലയുടെ പേര് പറയുന്നത്. കൊല്ലത്ത് ഓ മാധവന്റെ വീട്ടിലെത്തിയ ലീലയ്ക്ക് വിജയകുമാരി വേഷം പഠിപ്പിച്ചുകൊടുത്തു.മനസ്സില്ലാമനസ്സോടെയാണ് അഭിനയിക്കാന്‍ ചെന്നതെങ്കിലും കെ പി എ സിയുടെ അന്തരീക്ഷവും സ്റ്റേജുമായി ലീല പതുക്കെ ഇണങ്ങിച്ചേര്‍ന്നു.

(സുലോചന,വിജയകുമാരി,ലീല( നില്‍ക്കുന്നവര്‍),ബിയാട്രീസ്, സഹോദരി,ലീലയുടെ 'അമ്മ (ഇരിക്കുന്നു)

ഒരു ദിവസം 'ബിയചേച്ചി'പറഞ്ഞിട്ട് കെപിഎസിയുടെ ക്യാമ്പില്‍ ലീല അവതരിപ്പിച്ച നൃത്തം കണ്ടപ്പോഴാണ് ആ പതിനേഴുകാരിയുടെ അഭിനയസിദ്ധി എല്ലാവര്‍ക്കും ബോധ്യമാകുന്നത്.സുലോചനയ്ക്ക് ശേഷം അരങ്ങുകീഴടക്കിയ കെ പി എ സി ലീല എന്ന അഭിനേത്രിയുടെ ആരംഭം കുറിക്കുകയായിരുന്നു, അങ്ങനെ, 'പുതിയ ആകാശം പുതിയ ഭൂമി'യിലെ രാജമ്മയിലൂടെ.....

(കെപിഎസി ലീല)

പൊതുപ്രവര്‍ത്തകനും കലാകാരനുമായ ശങ്കരന്‍കുട്ടിയുടെ റോളിലേക്ക് സ്വാഭാവികമായും കെ എസ് ജോര്‍ജ്ജ് തന്നെ നിശ്ചയിക്കപ്പെട്ടു. 'മുടിയനായ പുത്രനി'ലെ വാസുവിനെപ്പോലെ പാട്ടും നൃത്തവും നേരമ്പോക്ക് കലര്‍ന്ന സംഭാഷണങ്ങളും, ഒപ്പം വികാരസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും കൊണ്ട് നാടകത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ശങ്കരന്‍കുട്ടി ജോര്‍ജ്ജിന് തിളങ്ങാന്‍ പറ്റിയ വേഷമായിരുന്നു.

നാടന്‍ കര്‍ഷകനായ കുഞ്ചുനായരുടെ വേഷം തോപ്പില്‍ കൃഷ്ണപിള്ളയെത്തന്നെ മനസ്സില്‍ കണ്ടുകൊണ്ട് ഭാസി എഴുതിയതായിരുന്നു.കഴിഞ്ഞ മൂന്നു നാടകങ്ങളിലും താന്‍ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വേറിട്ടുനില്‍ക്കുന്ന, ആ വേഷമഭിനയിക്കാന്‍ സ്വയം ഒരു കൃഷിക്കാരന്‍ കൂടിയായ കൃഷ്ണപിള്ളയ്ക്ക് ഏറെ സന്തോഷമായിരുന്നു. വില്ലന്റെ ശിങ്കിടിവേഷത്തില്‍ നിന്ന് ആദ്യമായി മോചനം കിട്ടിയതിന്റെ ആശ്വാസമായിരുന്നു ശ്രീനാരായണപിള്ളയ്ക്ക്. നാട്ടിന്‍പുറത്തെ കൃഷിക്കാരന്റെ നിഷ്‌കളങ്കതയും ആത്മാര്‍ത്ഥതയും നിറഞ്ഞുനില്‍ക്കുന്ന മത്തായിച്ചന്‍ ശ്രീനാരായണപിള്ളയുടെ രൂപഭാവങ്ങള്‍ക്ക് ഇണങ്ങുന്ന കഥാപാത്രമായി.എന്നാല്‍ പച്ചപരിഷ്‌കാരി ഫിലിം സ്റ്റാര്‍ ഗോപുവിനെ അവതരിപ്പിക്കാന്‍ പറ്റിയ ആരും അന്ന് കെ പി എ സിയിലുണ്ടായിരുന്നില്ല.ഹാസ്യവും അല്പം വില്ലത്തരവും ഇടകലര്‍ന്ന ആ റോളിലേയ്ക്ക് പറ്റിയ ആളിനെ നിര്‍ദ്ദേശിച്ചത് ഇത്തവണയും ബിയാട്രീസാണ്.തന്റെ നാട്ടുകാരന്‍ കൂടിയായ ,കൊച്ചിനാടക വേദിയിലെ പ്രമുഖ നടന്‍ ഖാന്‍.

(ഖാന്‍)

''എന്റെ അമ്മ മരിച്ച ദിവസം കൊച്ചിനഗരത്തിലുള്ളവര്‍ മുഴുവനും സങ്കടപ്പെട്ടു.കടകളെല്ലാം അടഞ്ഞുകിടന്നു.പള്ളികളില്‍ ദുഃഖമണി മുഴങ്ങി.വാഹനങ്ങളൊന്നുമോടിയില്ല....'വല്ലാര്‍പാടം പള്ളിയിലേക്കുള്ള തീര്‍ത്ഥാടന ത്തിന്റെ വിശേഷങ്ങള്‍ പറയുന്നത് റോക്കിയാണ്---വല്ലാര്‍പാടം റോക്കി.എല്ലാവരും താല്പര്യത്തോടെ റോക്കിയുടെ യാത്രാവിവരണം കേട്ടിരിക്കുമ്പോള്‍ അയാള്‍ ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു....

''ങാ..പിന്നൊരു കാര്യം... കേട്ടാ...എന്റമ്മ മരിച്ച അന്നു തന്നേണ് നൊമ്മടെ ഗാന്ധീം മരിച്ചത്....''

കൊട്ടക കുലുക്കിക്കൊണ്ട് പ്രേക്ഷകര്‍ ആര്‍ത്തു ചിരിച്ചുമറിഞ്ഞു .'മിശിഹാചരിത്ര'ത്തിലൂടെ പേരെടുത്ത,എല്ലാവരുടെയും ഗുരുതുല്യനായ ആര്‍ട്ടിസ്റ്റ് ചെറിയാന്‍ മാസ്റ്റര്‍ ചിരിച്ചവശനായി വയറുപൊത്തിപ്പിടിച്ചുകൊണ്ട്, കമഴ്ന്നുകിടക്കുന്നത് കാണാമായിരുന്നു.'വല്ലാര്‍പാടം റോക്കി' ഭാവഭേദമൊന്നുമില്ലാതെ തനിക്കൊച്ചി ഭാഷയില്‍ തന്റെ യാത്രാവിവരണം തുടര്‍ന്നു.

മാത്യു ഇടമറ്റം രചിച്ച് ചങ്ങനാശ്ശേരി പ്രകാശ് തീയേറ്റേഴ്സ് അവതരിപ്പിച്ച 'നൂറ്റിനാല്‍പ്പത്തിനാല്,' ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ നാടകമായിരുന്നു.വിമോചനസമരകാലത്തും അതിനുതൊട്ടുമുമ്പും നന്നായി ഓടിയ 'നൂറ്റിനാല്‍പ്പത്തിനാല്' കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസ്സില്‍ ആകെ അവശേഷിച്ചത് ഫോര്‍ട്ട്‌കൊച്ചിക്കാരനായ ഖാന്‍ അവതരിപ്പിച്ച വല്ലാര്‍പാടം റോക്കിയും അയാളുടെ തീര്‍ത്ഥാടന വിശേഷങ്ങളുമായിരുന്നു.

ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസകാലത്ത് വി എസ് ആന്‍ഡ്രൂസിന്റെ 'പറുദീസാനഷ്ട'ത്തില്‍ അഭിനയിച്ചുകൊണ്ട് അരങ്ങേറ്റം കുറിച്ച മൊയ്തീന്‍ഖാന്‍ ലോകയുദ്ധം നടക്കുമ്പോള്‍ ഇളയ സഹോദരനോടൊപ്പം റോയല്‍ എയര്‍ ഫോഴ്സില്‍ ചേര്‍ന്നു.യുദ്ധത്തിനും ഇന്ത്യാ വിഭജനത്തിനും ശേഷം അനുജന്‍ പാകിസ്ഥാനിലേക്ക് പോയപ്പോള്‍ ഖാന്‍ മാതൃരാജ്യമായി തിരഞ്ഞെടുത്തത് ഇന്ത്യയെ യാണ്.കൊച്ചിയില്‍ മടങ്ങിയെത്തിയ ഖാന്‍,അന്നവിടെ അമച്വര്‍ നാടകരംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ചിരുന്ന എഡ്ഡി മാസ്റ്ററും മുത്തയ്യയുമൊക്കെ ചേര്‍ന്ന് ഇംഗ്ലീഷ് ഏകാങ്കങ്ങള്‍ അവതരിപ്പിക്കാനാരംഭിച്ചു.മണവാളന്‍ എന്ന ഒരു കഥാപാത്രത്തിന്റെ പേരില്‍ പില്‍ക്കാലത്ത് അറിയപ്പെട്ട ജോസഫിന്റെ കൂടെ 'ഫിസിക്കല്‍ കള്‍ച്ചറല്‍ അസോസിയേഷന്‍' ഉണ്ടാക്കി ഹാസ്യനാടകങ്ങള്‍ കളിച്ചു.എഡ് ഡിമാസ്റ്റര്‍ പരിചയപ്പെടുത്തിക്കൊടുത്ത പി ജെ ആന്റണിയുടെ 'ചാരിതാര്‍ത്ഥ്യം', 'ഉണങ്ങാത്ത ചോര' എന്നീ നാടകങ്ങളിലൂടെ ഖാന്‍സായ്ബ് കൊച്ചിനാടകവേദി യിലെ അറിയപ്പെടുന്ന മുഖമായി.

(ഖാന്‍)

ആന്റണിയിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുക്കുകയും ദേവികുളത്ത് റോസമ്മപുന്നൂസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വച്ച് തോപ്പില്‍ ഭാസിയെ പരിചയപ്പെടുകയും ചെയ്തെങ്കിലും ഖാന്‍ കെ പി എ സിയിലെത്താന്‍ പിന്നെയും വൈകി.ഇതിനിടയിലാണ്അഭിനയത്തോടുള്ള ആവേശം കൊണ്ട് വിരുദ്ധരുടെ നാടകം കളിക്കാന്‍ പോകുന്നതും വല്ലാര്‍പാടം റോക്കിയിലൂടെ പോപ്പുലര്‍ താരമാകുന്നതും.കെ പി എ സിയിലേക്ക് ഖാനെ വിളിക്കണമെന്നുള്ള ബിയാട്രീസിന്റെ ശുപാര്‍ശയ്ക്ക് ദേവരാജനും പോറ്റിസാറും കൂടി പിന്താങ്ങുകയും കൂടി ചെയ്തതോടെ തോപ്പില്‍ ഭാസി ഖാനു ക്ഷണം അയച്ചു. വൈകാതെ കെ പി എ സിയില്‍ ചേര്‍ന്ന ഖാന്‍, 'ഫിലിം സ്റ്റാര്‍ ഗോപു' വിനെ അവതരിപ്പിക്കാനുള്ള നിയോഗം സന്തോഷത്തോടെ ഏറ്റെടുത്തു.

ഫിലിം സ്റ്റാര്‍ ഗോപുവിനെക്കാള്‍ ആളുകളെ ചിരിപ്പിക്കാന്‍ പോന്ന സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും മറ്റൊരു കഥാപാത്രത്തിന്റേതായിരുന്നു.ഒരു തനി 'മൊരടന്‍' തൊഴിലാളി ആയ നാണു പറയുന്ന ഓരോ ഡയലോഗും ആളുകളെ രസിപ്പിച്ചു.സി ജി ഗോപിനാഥിനാണ് ആ വേഷം നീക്കിവച്ചത്.എന്നാല്‍ നാണുവിന്റെ വേഷം സി ജി ക്കിഷ്ടമായില്ല.സി ജി ഗോപിനാഥ് തന്റെ അതൃപ്തി ഭാസിയെ അറിയിച്ചു.മുടിയനായ പുത്രനിലെ ചാത്തന്‍ പുലയനിലൂടെ താന്‍ നേടിയെടുത്ത പേര് കളയാതെ നോക്കണമെന്നുണ്ടെന്ന് സി ജി പറഞ്ഞു.ഇക്കാരണം കൊണ്ട് കെ പി എ സി വിട്ടുപോകുന്ന കാര്യം വരെ താന്‍ ആലോചിക്കുകയാണെന്നും.

'താനാത്മാര്‍ത്ഥ മായിട്ടൊന്ന് ശ്രമിക്ക്.മിക്കവാറും ഇതിലായിരിക്കും നിങ്ങളൊരു കാരക്ടറിനെ പ്രസെന്റ് ചെയ്യാന്‍ പോകുന്നത്.' ഇതായിരുന്നു ഭാസിയുടെ പ്രതികരണം.മനസ്സില്ലാമനസ്സോടെ സി ജി ഗോപിനാഥ് വഴങ്ങി.ഭാസിയുടെ നിഗമനം ശരിയായിരുന്നുവെന്ന് ചരിത്രം തെളിയിച്ചു.

ഇനി അവശേഷിക്കുന്നത് രണ്ട് പ്രധാന റോളുകളാണ്.നായകനായ എഞ്ചിനീയര്‍ സുകുമാരനും പ്രതിനായകകഥാപാത്രമായ സീനിയര്‍ എഞ്ചിനീയറും. റിഹോഴ്‌സലിനു തൊട്ടുമുന്‍പ് ഓരോ വേഷത്തിലേക്കുമുള്ള അഭിനേതാക്കളെ നിശ്ചയിക്കാനുള്ള ചര്‍ച്ച നടക്കുയായിരുന്നു. അപ്പോഴാണ് സമിതിയംഗങ്ങളുടെ ഇടയില്‍ നിന്ന് അപ്രതീക്ഷിതമായി ആ അഭിപ്രായം ഉയര്‍ന്നുകേട്ടത്. വില്ലന്‍ കഥാപാത്രമായ സീനിയര്‍ എഞ്ചിനീയരുടെ വേഷം ഓ മാധവന്‍ അഭിനയിക്കട്ടെ. യുവാവും ഊര്‍ജ്ജ്വസലനുമായ നായകന്റെ വേഷം മാധവന് ഇണങ്ങില്ല എന്നതായിരുന്നു ആ നിര്‍ദ്ദേശം മുന്നോട്ടുവച്ചവരുടെ അഭിപ്രായം.ഓ മാധവന് ഏതായാലും ആ നിര്‍ദ്ദേശം ഒട്ടും സ്വീകാര്യമായിരുന്നില്ല.'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി' യിലും 'മുടിയനായപുത്രനി'ലും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്ത തന്നെ താഴ്ത്തികെട്ടാനുള്ള,സമിതിയിലെ ഒരു വിഭാഗത്തിന്റെ ശ്രമമായിട്ടാണ് മാധവന്‍ അതിനെ കണ്ടത്.കാരണം അപ്പോഴേക്കും കെ പി എ സി യുടെ ചരിത്രത്തിലാദ്യമായി ഒരു ചേരിതിരിവ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ഓ.മാധവന്‍ പറയുന്നു.

'രണ്ടുകാരണങ്ങളാല്‍ ഞാനതു നിരസിച്ചു.ഒന്നാമതായി വേണ്ടത്ര ചര്‍ച്ചകള്‍ നടത്തുന്നതിണ് മുന്‍പുതന്നെ ഇങ്ങനെ ഒരഭിപ്രായം അടിച്ചേല്പിക്കാനുള്ള ശ്രമമായിട്ടെനിക്കു തോന്നി.രണ്ടാമത് ആ വേഷം ഞാന്‍ അഭിനയിച്ചാല്‍ വിജയിക്കുകയില്ലെന്നുള്ള ഒരു തോന്നല്‍.ചെറുപ്പക്കാരനായ എഞ്ചിനീയറുടെ വേഷം ഞാന്‍ അഭിനയിക്കാമെന്ന് തീര്‍ത്തുപറഞ്ഞു.പ്രായമായ എഞ്ചിനീയറുടെ ഭാഗമഭിനയിക്കാന്‍പറ്റിയ ഒരു നടനെ ഞാന്‍തന്നെ കണ്ടുപിടിക്കാമെന്ന തീരുമാനത്തില്‍ അന്നത്തെ ആലോചന അവസാനിച്ചു.ഞാന്‍ ധൃതിപിടിച്ചുള്ള അന്വേഷണമാരംഭിച്ചു...''**

മാധവന്റെ മനസ്സില്‍ പെട്ടെന്ന് തെളിഞ്ഞുവന്നത് അല്‍പ്പനാളുകള്‍ക്ക് മുമ്പ് കണ്ട ഒരു നാടകത്തിലെ നടന്റെ മുഖമാണ്.കലാനിലയത്തിന്റെ 'ഇളയിടത്തു റാണി' എന്ന ചരിത്ര നാടകത്തില്‍ സായിപ്പിന്റെ വേഷത്തില്‍ അഭിനയിച്ച കോട്ടയം ചെല്ലപ്പനായിരുന്നു ആ നടന്‍.

(കോട്ടയം ചെല്ലപ്പന്‍)

ദുരാഗ്രഹിയും സ്വാര്‍ത്ഥമതിയുമായ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ വേഷത്തിന് ആ നടന്റെ ഭാവഹാവാദികള്‍ നന്നായി ചേരുമെന്ന് മാധവന് തോന്നി.....ഒത്ത പൊക്കം,അതിനൊത്ത വണ്ണം,പൗരുഷം തുടിച്ചുനില്‍ക്കുന്ന നടപ്പും എടുപ്പും....19 വയസ്സുള്ളപ്പോള്‍ വ്യോമസേനയില്‍ ചേര്‍ന്ന് ലോകമഹായുദ്ധത്തില്‍ പോരാടിയ ചെല്ലപ്പന് എന്നും ഒരു പട്ടാളക്കാരന്റെ മട്ടും ഭാവവുമായിരുന്നു.

(യുവാവായ കോട്ടയം ചെല്ലപ്പന്‍)

പണ്ടൊരിക്കല്‍ അഭിനയിച്ച,സി മാധവന്‍ പിള്ളയുടെ 'വീരാംഗന' നാടകത്തിലെ ചരിത്രകഥാപാത്രം ആവേശിച്ചതുപോലെ.കോട്ടയത്തുള്ള തറവാടുവീട്ടിലെ തന്റെ വിഹിതം വിറ്റ് തഞ്ചാവൂരില്‍ തുടങ്ങിയ ടയര്‍ ഫാക്ടറി പൊളിഞ്ഞപ്പോള്‍ തമിഴ്‌സിനിമ പിടിക്കാനായിരുന്നു അടുത്ത ശ്രമം.1950 ല്‍ മൂന്നുലക്ഷം രൂപയുടെ കടക്കാരനായി തീര്‍ന്നപ്പോഴാണ്,മദിരാശിയില്‍ നിന്നു മടങ്ങിയത്.

അതുകൊണ്ടൊന്നും ചെല്ലപ്പന്റെ കലയോടുള്ള അഭിനിവേശം അടങ്ങിയില്ല.കൊല്ലത്ത് തങ്കശ്ശേരിയില്‍ താമസവും ആലപ്പുഴയില്‍ ട്രാവന്‍കൂര്‍ ഫോര്‍വേഡ് ബാങ്കില്‍ ജോലിയുമായി കഴിയുന്നകാലത്ത് ചെല്ലപ്പന്‍ ഒരുദിവസം ശാരംഗപാണിയുടെ നാടകത്തിന്റെ റിഹേഴ്സല്‍ കാണാന്‍ പോയി.സാമ്പത്തിക പ്രതിസന്ധി കാരണം ക്യാമ്പ് അടച്ചുപൂട്ടാന്‍ പോകുകയാണെന്ന് അറിഞ്ഞപ്പോള്‍ ചെല്ലപ്പന്‍ ചെയ്തത് ഉടന്‍തന്നെ തന്റെ വിരലില്‍ കിടന്ന സ്വര്‍ണ്ണമോതിരം ഊരി ശാരംഗപാണിക്കുകൊടുക്കുകയായിരുന്നു.

1950 കളുടെ മദ്ധ്യാഹ്നം.ആനയും അമ്പാരിയുമായി അരങ്ങുകീഴടക്കിയ കലാനിലയത്തിന്റെ 'ഇളയിടത്തു റാണി'യിലെ മണ്‍റോ സായ്പ്പ് അസാധാരണനായ ഒരു വില്ലനായിരുന്നു. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം നിരൂപകരുടെ പ്രശംസയും നേടിയ ലന്തക്കാരന്‍ ധ്വരയുടെ ഈണത്തിലുള്ള ഇഴഞ്ഞുവലിഞ്ഞ സംഭാഷണ ശൈലി കോട്ടയം ചെല്ലപ്പന്‍ എന്ന നടന്റെ അടയാളമായി.

(കോട്ടയം ചെല്ലപ്പന്‍ മൂത്തമകന്‍ ജ്യോതിയോടൊപ്പം)

മൂത്തമകന്‍ ജ്യോതി യുടെ പേരില്‍ ചെല്ലപ്പന്‍ എറണാകുളത്തു തുടങ്ങിയ നാടകസമിതി,പി ജെ ആന്റണിയുടെ 'ഒരു സംഘം യാത്രക്കാര്‍' എന്ന ആദ്യത്തെ നാടകത്തോടെ തന്നെ മുന്‍ നിരയിലെത്തി.ശുദ്ധഹാസ്യത്തിന്റെ രസക്കൂട്ടില്‍ മുക്കി ആന്റണിയെഴുതിയ 'പൊതുശത്രുക്കളി'ല്‍ ചെല്ലപ്പന്‍ അവതരിപ്പിച്ച തമാശക്കാരന്‍ ആശാന്‍ ആ നടനവൈഭവത്തിന്റെ വ്യത്യസ്തമുഖമായിരുന്നു.

(പിജെ ആന്റണിയും കോട്ടയം ചെല്ലപ്പനും)

എന്‍ ഗോവിന്ദന്‍ കുട്ടി രചിച്ച 'ഉണ്ണിയാര്‍ച്ച'യിലെ കണ്ണപ്പച്ചേകവരിലൂടെ പ്രേക്ഷകര്‍ കണ്ടത്, മച്ചുനിയന്‍ചന്തുവായി വന്ന പി ജെ ആന്റണിയോട് അഭിനയത്തിന്റെ അങ്കക്കളരിയില്‍ തൊടുത്തു പിടിച്ചുനില്‍ക്കുന്ന മറ്റൊരു കോട്ടയം ചെല്ലപ്പനെയാണ്.

(ജ്യോതി തീയേറ്റേഴ്‌സിന്റെ 'ഉണ്ണിയാര്‍ച്ച'യില്‍ കണ്ണപ്പച്ചേകവരും (കോട്ടയം ചെല്ലപ്പന്‍) ചതിയന്‍ ചന്തുവും(പി ജെ ആന്റണി)

മികച്ച നാടകങ്ങളിലൂടെ പേരെടുത്ത ജ്യോതി തീയറ്റേഴ്സ് സാമ്പത്തിക മായി അടിയറവ് പറഞ്ഞുകഴിഞ്ഞിരുന്ന ആ സമയത്താണ് കോട്ടയം ചെല്ലപ്പനെ തേടി ഓ മാധവനെത്തുന്നത്....

മറ്റൊരു നാടകസമിതിയില്‍ ചേരാന്‍ തയ്യാറെടുക്കുകയായിരുന്ന കോട്ടയം ചെല്ലപ്പന്‍, കെപിഎസി യിലേക്ക് ക്ഷണിക്കാനാണ് മാധവന്‍ ചെന്നതെന്നറിഞ്ഞപ്പോള്‍ സന്തോഷത്തോടെ സമ്മതം മൂളി.പുതിയ നാടകത്തിന് പുറമെ,നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി യിലെ ജന്മി കേശവന്‍ നായരെയും മുടിയനായ പുത്രനിലെ കോണ്ട്രാക്ടര്‍ ഗോപാല പിള്ളയെയും അവതരിപ്പിക്കാന്‍ കൂടിയാണ് ചെല്ലപ്പനെ ക്ഷണിച്ചത്.

അഭിനേതാക്കളുടെ കാര്യമൊക്കെ തീരുമാനമായതോടെ റിഹേഴ്‌സല്‍ താമസിയാതെ തുടങ്ങി.എന്നാല്‍ അപ്പോഴും ഭാസി നാടകം പൂര്‍ണ്ണമായി എഴുതിത്തീര്‍ന്നിരുന്നില്ല!

കേരളത്തിലെ ഒന്നാമത്തെ ജനകീയനാടകപ്രസ്ഥാനത്തിന്റെ ജൈത്രയാത്ര ഒരു പതിറ്റാണ്ടിനോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഇതുവരെ എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി ഒരേമനസ്സോടെ അതിജീവിച്ച സമിതിയംഗങ്ങള്‍ ഇതാദ്യമായി ഇരുചേരികളിലായി നിലപാടെടുത്തു.അതിലൊരു ഭാഗത്ത് ഓ മാധവന്‍ ഏതാണ്ട് ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്നു. മറുഭാഗത്താകട്ടെ, സംഘടനയിലെ ബഹുഭൂരിപക്ഷവും.

(അടുത്തഭാഗം:'പാല്‍ക്കുടമൊക്കത്തേന്തിക്കൊണ്ടേ,പാദസരങ്ങള്‍ കിലുക്കിക്കൊണ്ടേ...')

* ഒളിവിലെ ഓര്‍മ്മകള്‍ക്കുശേഷംതോപ്പില്‍ ഭാസി, ഡിസി ബുക്‌സ്, കോട്ടയം

** ജീവിതച്ഛായകള്‍-ഓ മാധവന്‍, എന്‍ബിഎസ്, കോട്ടയം


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories