TopTop
Begin typing your search above and press return to search.

SERIES| 'പാല്‍ക്കുടമൊക്കത്തേന്തിക്കൊണ്ടേ, പാദസരങ്ങള്‍ കിലുക്കിക്കൊണ്ടേ...'-കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

SERIES| പാല്‍ക്കുടമൊക്കത്തേന്തിക്കൊണ്ടേ, പാദസരങ്ങള്‍ കിലുക്കിക്കൊണ്ടേ...-കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

('പുതിയ ആകാശം പുതിയ ഭൂമി'യിലെ ഒരു രംഗം)

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)

ഭാഗം 37

''അംഗങ്ങള്‍ക്കിടയില്‍ ചില അഭിപ്രായവ്യത്യാസമുണ്ടെന്നത് സത്യമാണ്.എന്നെ അത് അലട്ടുന്നില്ല. കാരണം ആളുകള്‍ കൂടുന്നിടത്തെല്ലാം അഭിപ്രായവ്യത്യാസങ്ങളുമുണ്ടാകും. അത് സ്വാഭാവികമാണ്.'


(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇഎംഎസ് നമ്പൂതിരിപ്പാട്)

പറയുന്നത് ഇ എം എസ് നമ്പൂതിരിപ്പാടാണ്. ആയിടെ എം എന്‍ ഗോവിന്ദന്‍ നായരില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനമേറ്റെടുത്ത ഇ എം എസ് ,കെ പി എ സിയുടെ ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു. ഇ എം എസിനോടൊപ്പം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സി അച്യുതമേനോന്‍,എസ് കുമാരന്‍ എന്നിവരുമുണ്ടായിരുന്നു. പാര്‍ട്ടിയുടെ പ്രധാന നേതാക്കളെല്ലാം ജനറല്‍ ബോഡി യോഗത്തില്‍ സംബന്ധിക്കാന്‍ ഒരു കാരണമുണ്ട്. കുറച്ചുനാളുകളായി കെ പി എ സിയില്‍ നീറിപ്പുകയുന്ന ചില പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം കൂടിയത്. വരവുചെലവ് കണക്കിലെ ക്രമക്കേടുകളെ കുറിച്ച് സമതിയംഗങ്ങളില്‍ പലര്‍ക്കും വിമര്‍ശനമുണ്ടായിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് സെക്രട്ടറിയാണ്. സ്വാഭാവികമായും വിമര്‍ശനങ്ങളുടെയെല്ലാം കേന്ദ്രബിന്ദു 1953 മുതല്‍ ആ സ്ഥാനം വഹിച്ചിരുന്ന ഓ മാധവനായിരുന്നു.


(ഓ മാധവന്‍)

കെ പി എ സി തുടങ്ങിയ നാള്‍ തൊട്ട് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന ജനാര്‍ദ്ദനക്കുറുപ്പ് മറ്റ് പ്രവര്‍ത്തനമേഖലകളില്‍ നിന്നൊക്കെ പിന്‍വാങ്ങി, അഭിഭാഷകവൃത്തിയില്‍ സജീവമാകാനുള്ള ഒരുക്കങ്ങളിലായിരുന്നു. കുറുപ്പ് മാറുകയാണെങ്കില്‍,സെക്രട്ടറി സ്ഥാനത്തുനിന്ന് തനിക്കും ഒഴിയണം എന്ന ആഗ്രഹം ഓ മാധവനും പ്രകടിപ്പിച്ചു. ഏഴുവര്‍ഷത്തിലേറെക്കാലമായി ഭാരവാഹികളായി തുടരുന്നവര്‍ മാറണമെന്ന ആവശ്യം സമിതിയംഗങ്ങള്‍ക്കിടയില്‍ സജീവമായിരുന്നു.ഇതിന് മുമ്പ് ചേര്‍ന്ന ഒരു ജനറല്‍ബോഡിയില്‍ ചില അംഗങ്ങള്‍ ഇക്കാര്യമുന്നയിക്കുകയും ചെയ്തു. സെക്രട്ടറി സ്ഥാനത്തേക്ക് കേശവന്‍പോറ്റിയുടെ പേരാണ് അവര്‍ മുന്നോട്ടു വച്ചത്. സമിതിക്കകത്തും പുറത്തും സകലര്‍ക്കും സമ്മതനായ ഒരേ ഒരാള്‍ പോറ്റിസാറായിരുന്നു. സുഗതന്‍ സാറിനെപ്പോലെ സ്വജീവിതം പ്രസ്ഥാനത്തിന് വേണ്ടി ഉഴിഞ്ഞുവച്ച പോറ്റിസാറിന്റെ പേരിനോട് ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. ഓ മാധവന് പകരം പോറ്റിസാര്‍ അങ്ങനെ സെക്രട്ടറിയായി.


(കേശവന്‍ പോറ്റി)

എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജനാര്‍ദ്ദനക്കുറുപ്പിന് പകരം എല്ലാവര്‍ക്കും സമ്മതനായ ഒരാളെ കണ്ടെത്താനായില്ല. അതുകൊണ്ട് തത്കാലത്തേക്ക് കുറുപ്പ് തന്നെ തുടരട്ടെ എന്നു തീരുമാനമായി.ഇതിന് ശേഷമാണ് പുതിയ നാടകത്തിലെ നായകന്റെ വേഷത്തിന് പകരം വില്ലനായി മാധവന്റെ പേര് എതിര്‍പക്ഷത്തു നിന്ന് ഉയര്‍ന്നുവന്നതും മാധവന്‍ അതിനെ എതിര്‍ത്തുതോല്‍പ്പിച്ചതും. ദീര്‍ഘനാളുകളായി ഭാരവാഹിത്വത്തില്‍ തുടരുന്ന ഒരാള്‍ക്ക് കിട്ടാവുന്ന അപ്രീതിയൊക്കെ സ്വാഭാവികമായും മാധവന്‍ നേടിയിരുന്നു. മറുപക്ഷം വളരെ ബലമുള്ളതായിരുന്നു. വിജയകുമാരി ഒഴിച്ചുള്ള ആര്‍ട്ടിസ്റ്റുകളൊക്കെ അക്കൂട്ടത്തിലായിരുന്നു. സുലോചനയും ജോര്‍ജ്ജും അവര്‍ക്ക് നേതൃത്വം കൊടുത്തു. മാധവന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെങ്കിലും വരവുചെലവ് കണക്കുകളെ കുറിച്ചുള്ള തര്‍ക്കം പിന്നെയും നിലനിന്നു. അത് രൂക്ഷമായതുകൊണ്ടാണ് സംസ്ഥാന സെക്രട്ടറിയും മറ്റ് നേതാക്കളും ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുത്തത്. ദേവരാജന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മാധവനെതിരെ നിശിതമായ വിമര്‍ശനങ്ങളുണ്ടായി. എല്ലാം കേട്ടിരുന്ന ശേഷം ഇ എം എസ് അഭിപ്രായവ്യത്യാസങ്ങളെ ലഘൂകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇ എം എസ് പ്രതീക്ഷിച്ചതുപോലെ അഭിപ്രായഭിന്നതകള്‍ അവിടം കൊണ്ട് തീര്‍ന്നില്ല. സെക്രട്ടറി സ്ഥാനമൊഴിഞ്ഞ മാധവന് അതുവരെ കിട്ടിക്കൊണ്ടിരുന്ന 25 രൂപയില്‍ നിന്ന് അഞ്ചുരൂപ കുറച്ചാണ് പിന്നീട് പ്രതിഫലം നല്‍കിയത്. ഇതിനെതിരെ മാധവന്‍ പ്രതികരിച്ചത്,

'' നിങ്ങള്‍ പ്രതികാര ബുദ്ധിയോടെ വെട്ടിക്കുറച്ച ഈ പ്രതിഫലത്തുക ഞാന്‍ കൈപ്പറ്റുന്നില്ല. ഈ വര്‍ഷം മുഴുവനും ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ ഞാന്‍ നാടകമഭിനയിക്കും''* എന്നു പ്രഖ്യാപിച്ചുകൊണ്ടാണ്. മറ്റ് സഹപ്രവര്‍ത്തകരുമായുള്ള മാധവന്റെ സൗഹൃദത്തിനും സഖാത്വത്തിനും കോട്ടം തട്ടിയ ഒരന്തരീക്ഷത്തിലാണ് 'പുതിയ ആകാശം പുതിയ ഭൂമിയുടെ' അരങ്ങൊരുക്കവും അരങ്ങേറ്റവും നടന്നത്.

വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളും നീരസങ്ങളുമൊന്നും നാടകത്തെ ബാധിക്കാതെ നോക്കാന്‍,അങ്ങേയറ്റം പ്രഫഷണലുകളായ അവരോരുത്തരും ശ്രദ്ധിച്ചിരുന്നു. മറ്റ് നാടകസമിതികളില്‍ നിന്നു വ്യത്യസ്തമായ പാര്‍ട്ടി അച്ചടക്കം കെ പി എ സി യുടെ സവിശേഷത യായിരുന്നല്ലോ. കെ പി എ സിയുടെ നാടകങ്ങളുടെയൊക്കെ സംവിധായകന്‍ അതുവരെ ജനാര്‍ദ്ദനക്കുറുപ്പ് ആയിരുന്നെങ്കിലും 'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി' ഒഴികെയുള്ള നാടകങ്ങളുടെ അവതരണത്തില്‍ തോപ്പില്‍ ഭാസിയുടെ സംഭാവന വളരെ പ്രധാനപ്പെട്ടതായിരുന്നു. 'സര്‍വേക്കല്ല്' പ്രേക്ഷകപ്രീതി നേടുന്ന കാര്യത്തില്‍ ആദ്യം പരാജയപ്പെട്ടപ്പോള്‍,ആവശ്യമെന്നുകണ്ട മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് നാടകം പുനഃ സംവിധാനം ചെയ്തത് ഭാസിയാണ്. കാണികളെ ഒരുപാടാകര്‍ഷിച്ച 'മുടിയനായ പുത്ര'ന്റെ സംവിധാനത്തില്‍--- പ്രത്യേകിച്ച് അതിന്റെ ആദ്യത്തെ രംഗത്തിന്റെ അവതരണത്തില്‍ --- ഭാസിയുടെ സര്‍ഗാത്മകമായ ഇടപെടലുകള്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. പ്രതിഭാ ആര്‍ട്ട്സ് ക്ലബ്ബ് അവതരിപ്പിച്ച 'വിശക്കുന്ന കരിങ്കാലി'യും 'മൂലധന'വും സംവിധാനം ചെയ്തത് ഭാസി തന്നെയായിരുന്നു.

ഇത്തവണ ജനാര്‍ദ്ദനക്കുറുപ്പ് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റേയും വക്കീല്‍പ്പണിയുടെയും തിരക്കുകള്‍ കാരണം ഒഴിഞ്ഞതുകൊണ്ട് 'പുതിയ ആകാശം പുതിയ ഭൂമി'യുടെ സംവിധാനച്ചുമതല പൂര്‍ണ്ണമായും ഭാസിയുടെ ചുമലിലായി.

കെ പി എ സി നാടകങ്ങളുടെ അരങ്ങൊരുക്കങ്ങള്‍ വളരെ അടുക്കും ചിട്ടയോടും കൂടിയാണ് നടന്നുപോന്നിരുന്നത്.എല്ലാ കാര്യങ്ങള്‍ക്കും കൃത്യതയും കണിശതയുമുണ്ടായിരുന്നു.പുതിയ നാടകത്തിന്റെ റീഹേഴ്‌സലിന്റെ തീയതി നിശ്ചയിച്ചുകഴിഞ്ഞാല്‍ എല്ലാവരെയും അറിയിക്കും.നടീ നടന്മാരും സംഗീതവിഭാഗക്കാരുമെല്ലാം ഒത്തുകൂടിയാല്‍ നാടകകൃത്ത് നാടകം വായിക്കും. അംഗങ്ങള്‍ക്കെല്ലാം നാടകത്തെ സംബന്ധിച്ച അഭിപ്രായം തുറന്നു പറയാനുള്ള അവസരം കൂടിയാണത്. വളരെ ക്രിയാത്മകമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉയര്‍ന്നുവരുന്ന ആ യോഗത്തില്‍ വച്ചാണ് നാടകം വാസ്തവത്തില്‍ പൂര്‍ണമാകുന്നത്. ഓരോ കഥാപാത്രത്തെയും ആരൊക്കെയാണ്അവതരിപ്പിക്കേണ്ടത് എന്നുള്ള കാര്യം തീരുമാനിക്കുന്നതും അപ്പോഴാണ്.

കഥാപാത്രങ്ങളെപ്പറ്റി സംവിധായകന്‍ അഭിനേതാക്കള്‍ക്ക് വിശദമായി പറഞ്ഞുകൊടുക്കും. കാരക്ടറിന്റെ രൂപ/ഭാവപരമായ പ്രത്യേകതകള്‍ മാത്രമല്ല, മനഃശാസ്ത്രവും പശ്ചാത്തലവും മറ്റ് സവിശേഷതകളുമെല്ലാം വിശദീകരിക്കും. ഓരോ രംഗമായി എടുത്താണ് റിഹേഴ്സല്‍ നടത്തുന്നത്. 'പുതിയ ആകാശം പുതിയ ഭൂമി'യുടെ നാടകരചനയും സംവിധാനവും സമാന്തരമായിട്ടാണ് നടന്നത്. ഭാസി എഴുതുന്ന മുറയ്ക്ക് റിഹേഴ്‌സലും ചിട്ടയോടെ മുന്നോട്ടു പോയി.

റിഹേഴ്സല്‍ ക്യാമ്പില്‍ പാലിക്കേണ്ട കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് ജനറല്‍ ബോഡിയിലാണ്. ആര്‍ട്ടിസ്റ്റുകള്‍ക്ക് താമസിക്കാനും ഭക്ഷണത്തിനും വേണ്ട സൗകര്യങ്ങളൊക്കെ ഏര്‍പ്പെടുത്തിയിരിക്കുന്നത് ക്യാമ്പില്‍ത്തന്നെയാണ്. രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന റിഹേഴ്സല്‍ ഉച്ചയ്ക്ക് ഒരുമണിക്ക് ഭക്ഷണത്തിനു വേണ്ടിപിരിയും. മൂന്ന് മണിക്ക് വീണ്ടും തുടങ്ങുന്ന റിഹേഴ്സല്‍ അവസാനിക്കുമ്പോള്‍ രാത്രി പത്തുമണിയോട് അടുക്കും. ഇതിനിടയില്‍ ചായയും ലഘുഭക്ഷണവും കൃത്യസമയങ്ങളില്‍ വന്നുകൊണ്ടിരിക്കും. എല്ലാത്തിലും പ്രധാനപ്പെട്ട ഒരു കാര്യം, നാടകവുമായി ബന്ധപ്പെട്ട ഒരാള്‍ പോലും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തരുത് എന്ന് പ്രത്യേകം അനുശാസിച്ചിട്ടുണ്ട്.

ഇങ്ങനെ വളരെ കൃത്യമായ ആസൂത്രണത്തോടെ റിഹേഴ്സല്‍ മുന്നോട്ടു പോകുന്നതിനോടൊപ്പം നാടകത്തിലെ സംഗീത വിഭാഗവും സജീവമായി. 1957 തൊട്ട് എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായി ജോലി ചെയ്യുകയായിരുന്ന ഓ എന്‍ വി കുറുപ്പിന് പണ്ടത്തേതുപോലെ പൂര്‍ണ്ണസമയവും നാടകത്തിന് വേണ്ടി നീക്കിവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. പേച്ചിപ്പാറ ഡാം കാണാന്‍ പോയ ഭാസിയുടെ സംഘത്തില്‍ ഓ എന്‍ വിയും ദേവരാജനുമുണ്ടായിരുന്നല്ലോ. ആ യാത്രയ്ക്കിടയിലും അതിനുശേഷവും തന്റെ മനസിലുള്ള നാടകത്തെ കുറിച്ച് ഭാസി അവര്‍ ഇരുവരുമായി ചര്‍ച്ച ചെയ്തിരുന്നു.


(ഓഎന്‍വിയും ജി ദേവരാജനും തോപ്പില്‍ ഭാസിയോടൊത്ത്)

നാടകപ്രമേയത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്ന മനോഹരമായ ഗാനങ്ങളാണ് ഓ എന്‍ വി എഴുതിയത്. നാടകീയസന്ദര്‍ഭങ്ങളെ ''ഭാവതീവ്രമാക്കാനും അധികദീപ്തമാക്കാനും അതിനാവശ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും ആ അന്തരീക്ഷത്തിന്റെ ഊഷ്മാവോ തണുപ്പോ അനുഭവിപ്പിക്കാനും സന്ദര്‍ഭമറിഞ്ഞു സന്നിവേശിപ്പിച്ച്''**ആ ഈരടികളെ ''ശുദ്ധകര്‍ണ്ണാ ടകസംഗീതത്തിലെരാഗങ്ങളും കവിതയെ നൃത്തം ചെയ്യിക്കുന്ന ശീലുകളുടെ നടയഴകും തനി നാടോടിപ്പാട്ടിന്റെ നൈസര്‍ഗികമായ ഒഴുക്കുമെല്ലാം സന്ദര്‍ഭോചിതമായി സമന്വയിപ്പിച്ചുകൊണ്ട്''***കൊണ്ട് ദേവരാജന്‍ ചിട്ടപ്പെടുത്തിയപ്പോള്‍ നാടകഗാനങ്ങളുടെ വസന്തകാലം വീണ്ടും പൂത്തുതളിര്‍ത്തുനിന്നു.

''വരൂ യുഗപ്രഭാതമേ!

നറുംപ്രകാശസൂനമേ!

തപസ്സുചെയ്യുമൂഴിയേ

തമസ്സില്‍നിന്നുയര്‍ത്തുക!'

എന്നു തുടങ്ങുന്ന അവതരണഗാനം,

''ഒരിടത്തൊരിടത്തൊരു രാജ്യത്തെ രാജകുമാരീ!

ഒരു മുത്തശ്ശിക്കഥയുടെ മഞ്ചലിലേറി വരൂ നീ!'(സുലോചന)

'ചാഞ്ചാടുണ്ണീചരിഞ്ഞാടുണ്ണീ

കുഴഞ്ഞാടുണ്ണീ നിന്നാടാട്!

പാലടയുണ്ട് പഴംനുറുക്കുണ്ട് പാല്‍-

പ്പായസമുണ്ടു നീയാടാട്!'(സുലോചന)

'പാല്‍ക്കുടമൊക്കത്തേന്തിക്കൊണ്ടേ

പാദസരങ്ങള്‍കിലുക്കിക്കൊണ്ടേ

നൃത്തം വയ്ക്കും പെണ്കിടാവേ

ഇത്തിരിപ്പാല്‍ തരുമോ?'(കെ എസ് ജോര്‍ജ്ജ്)

'മനസ്സില്‍ വിരിയും താമരമലരില്‍

ഉഷസ്സുപോലെ നീയുണരില്ലേ

മണിച്ചിലങ്കയുമായ്--കാലില്‍

മണിച്ചിലങ്കയുമായ്?'(സുലോചന)

'ആലിപ്പഴം പൊഴിഞ്ഞേ!

ആലിപ്പഴം പൊഴിഞ്ഞേ!'

'ആരാണ്ടെവേര്‍പ്പാണേ

ആരാണ്ടെവേര്‍പ്പാണേ!'

(ജോര്‍ജ്ജ് നയിക്കുന്ന സംഘഗാനം)

എന്നിങ്ങനെ ആറു പാട്ടുകള്‍! പാട്ടുകളുടെ അര്‍ത്ഥവും സന്ദര്‍ഭവും ഓ എന്‍ വി യാണ് പതിവുപോലെ സുലോചനയ്ക്കും ജോര്‍ജ്ജിനും വിവരിച്ചുകൊടുത്തത്. ഭാവമുള്‍ക്കൊണ്ട് പാടാന്‍ അതൊരുപാട് സഹായകമായിരുന്നു. പിന്നീട് കാര്യങ്ങള്‍ ദേവരാജന്‍ ഏറ്റെടുത്തു. നാടകത്തിന്റെ റിഹേഴ്സലിനോടൊപ്പം കൊണ്ടുപിടിച്ചു നടന്നിരുന്ന ആ പാട്ടുപരിശീലനത്തെ കുറിച്ച് ഒരിക്കല്‍ സുലോചന പറഞ്ഞു.


(സുലോചനയും കെ എസ് ജോര്‍ജ്ജും പാട്ടുകള്‍ പരിശീലിക്കുന്നു)

''എനിക്ക് ഒരു പാട്ട് വളരെ സമയമെടുത്തുപഠിച്ചെങ്കില്‍ മാത്രമേ മനസ്സിലാകൂ. അത്രയും സമയം കൊണ്ടുപഠിച്ചാല്‍ പിന്നെ മറക്കുകയുമില്ല. പാട്ടുപഠിക്കാന്‍ പണ്ടേ എനിക്ക് താമസമാണ്. എന്നാല്‍ സഖാവ് കെ എസ് ജോര്‍ജ്ജ് വളരെപ്പെട്ടെന്ന് പഠിക്കുകയും പാടുകയും ചെയ്യും. അദ്ദേഹം വേഗം പഠിച്ചിട്ട് എന്നെ കളിയാക്കും.

''എന്താ സുലോചനേ പെട്ടെന്നു പഠിച്ചൂടേ? തലയിലെന്താ കളിമണ്ണാണോ?' ഇതു കേള്‍ക്കുമ്പോള്‍, പെട്ടെന്ന് പഠിക്കാന്‍ കഴിയാത്തവിഷമം കൂടിയാകുമ്പോള്‍ ഞാന്‍ പെട്ടെന്ന് പൊട്ടിക്കരയും. അന്നേരമാണ് ആശ്വാസവാക്കുകളുമായിദേവരാജന്‍ സഖാവ് എത്തുന്നത്. എനിക്ക് നന്നായി പാടാന്‍ കഴിയുന്നതുവരെ സമാധാനത്തോടെ സഹനശക്തിയോടെ ഇരുന്ന് പഠിപ്പിക്കുമായിരുന്നു. അതുപോലെ തന്നെ തെറ്റുകള്‍ കണ്ടാല്‍ നിര്‍ദാക്ഷിണ്യം ശാസിക്കാനും മടിയില്ല. സഖാവ് പാട്ടുകള്‍ പഠിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ഠത്തില്‍ നിന്നുണ്ടാകുന്ന സംഗതിയും കവിതയുടെ ഭാവവും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുപാടാന്‍ എനിക്ക് കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് സത്യം.''

ശ്രുതി തെറ്റാതെ പാടാനും ശബ്ദനിയന്ത്രണം പാലിക്കാനുമുള്ള സാമര്‍ത്ഥ്യം,താളബോധം, സന്ദര്‍ഭാനുസൃതമായി വികാരം പകരുന്നതിലുള്ള മികവ്, കൊട്ടകയുടെ എല്ലാ കോണുകളിലുമിരിക്കുന്ന പ്രേക്ഷകരിലേക്ക് ശബ്ദം എത്താന്‍ പാകത്തില്‍ മൈക്കിന്റെ പരിസരത്തുനിന്ന് അധികം വിട്ടുമാറാതെ ചലനങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള സിദ്ധിയും മനോധര്‍മ്മവും---ഇതൊക്കെ ഉണ്ടെങ്കില്‍ മാത്രമേ പാടി അഭിനയിക്കുന്ന ഒരാള്‍ക്ക്അരങ്ങത്ത് വിജയിക്കാനാകുമായിരുന്നുള്ളൂ. നേരത്തെ റെക്കോഡ് ചെയ്തുവച്ച പാട്ടിന് അനുസൃതമായി ചുണ്ടനക്കുന്നത് കുറച്ചുകൂടി എളുപ്പമായിരുന്നു. എന്നാല്‍ സുലോചന എപ്പോഴും അരങ്ങത്ത് പാടി അഭിനയിക്കുന്നതാണ് ഇഷ്ടപ്പെട്ടത്.

പുതിയ നാടകത്തില്‍ നൃത്തത്തിനും വളരെ പ്രാധാന്യം നല്‍കിയിരുന്നു. മികച്ച രണ്ട് നര്‍ത്തകികള്‍ -- ബിയാട്രീസും ലീലയും -- സമിതിയിലുണ്ടല്ലോ. ഇത്തവണ കലാമണ്ഡലം ഗംഗാധരന് പകരം സിനിമയുടെ നൃത്തസംവിധായകനായ ഡാന്‍സര്‍ തങ്കപ്പനാണ് മദിരാശിയില്‍ നിന്നെത്തി നൃത്തങ്ങള്‍ ചിട്ടപ്പെടുത്തി യത്.

എല്ലാവരും ഒരുകുടുംബം പോലെ കഴിഞ്ഞിരുന്ന ആ നാളുകളില്‍,കെ പി എ സി യിലെ ഓരോരുത്തരും തെറ്റുകളും പോരായ്മകളുമെന്തെങ്കിലുമുണ്ടെങ്കില്‍ പരസ്പരം ചൂണ്ടിക്കാണിക്കാനും ചര്‍ച്ചചെയ്യാനും തുറന്ന മനസ്സോടെ തന്നെ അവയൊക്കെ ഉള്‍ക്കൊള്ളാനും തയ്യാറായിരുന്നു. പാട്ടിനെയും അഭിനയത്തെയും കുറിച്ചുള്ള മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുമൊക്കെ ശ്രദ്ധിച്ചുകേള്‍ക്കുന്ന കാര്യത്തിലും അവ ഉള്‍ക്കൊള്ളുന്നതിലുമൊന്നും സുലോചന ഒരിക്കലും മടികാണിച്ചിരുന്നില്ല. അതുപോലെ മറ്റുള്ളവരുടെ തെറ്റുകള്‍ പറഞ്ഞുതിരുത്താനും ശ്രമിച്ചിരുന്നു.

നടീനടന്മാര്‍ സംഭാഷണങ്ങളും രംഗചലനങ്ങളും നന്നായി ഹൃദിസ്ഥമാക്കി, ഗാന-നൃത്ത സന്ദര്‍ഭങ്ങള്‍ നല്ലതുപോലെ പരിശീലിച്ച്, പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഫൈനല്‍ റിഹേഴ്സല്‍ വളരെ നിര്‍ണ്ണായകമായ ഒന്നാണ്. പാര്‍ട്ടിയുടെ ഉന്നത നേതാക്കളെയും പ്രമുഖരായ സാംസ്‌കാരിക/പത്രപ്രവര്‍ത്തകരെയും,കെ പി എ സി യുടെ ഉറ്റബന്ധുക്കളെയുമൊക്കെ നാടകം കാണിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടുകയും ചെയ്യുന്ന സന്ദര്‍ഭമാണത്.'പുതിയ ആകാശം പുതിയ ഭൂമി'യുടെ റിഹേഴ്സല്‍ കാണാന്‍ പ്രത്യേക ക്ഷണിതാക്കളായി എത്തുന്നത് നാടകമെഴുതാന്‍ ഭാസിക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങളും പ്രചോദനവുമേകിയ പി കെ വിക്രമന്‍ നായരും ഒപ്പം കൗമുദി ബാലകൃഷ്ണ നുമാണ്. അവരൊക്കെ റിഹേഴ്സല്‍ കാണാന്‍ വരുന്നുവെന്നറിഞ്ഞതോടെ സുലോചനയുടെ അങ്കലാപ്പ് കൂടി.

ഉഷ എന്ന കഥാപാത്രത്തെക്കുറിച്ച് അറിഞ്ഞതുമുതല്‍ സുലോചനയ്ക്ക് മനസ്സിലുണ്ടായ ഉത്സാഹത്തിന് പിന്നില്‍ ഒരു രഹസ്യമുണ്ടായിരുന്നു.'മുടിയനായ പുത്രനി'ലെ ചെല്ലമ്മ എപ്പോഴും കൈലിമുണ്ടും തോര്‍ത്തും ജമ്പറും ധരിക്കുന്ന അല്പം ഇരുണ്ട നിറമുള്ള ഒരു കഥാപാത്രമായിരുന്നല്ലോ. പുതിയ നാടകത്തിലെ നായിക സമ്പന്ന കുടുംബത്തിലെ അംഗമാണ്. അതുകൊണ്ട് നല്ല നിറവും 'പളപളപ്പു'മുള്ള പട്ടുസാരിയൊക്കെയുടുത്ത് അരങ്ങത്ത് വരാമല്ലോ എന്ന സന്തോഷമായിരുന്നു സുലോചനയുടെ ഉത്സാഹത്തിന് പിന്നിലെ രഹസ്യം.

അന്ന് മനസ്സില്‍ മൊട്ടിട്ട ആഗ്രഹം സഫലീകരിക്കാനുള്ള സമയമായി.സംവിധായകന്‍ ഓരോരുത്തരുടെയും കോസ്റ്റ്യൂം എന്താണെന്ന് വിശദമായി പറഞ്ഞുകൊടുക്കുന്നതിനുമുന്‍പുതന്നെ സുലോചന പോയി ഒരു ഷോപ്പിംഗ് അങ്ങു നടത്തി. ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകള്‍, മറ്റൊരു ഉന്നത ഓഫീസറുടെ ഭാര്യ---അങ്ങനെയൊരു കഥാപാത്രം സ്വാഭാവികമായും ധരിക്കാനിടയുള്ള വിലകൂടിയ രണ്ടുമൂന്ന് പാട്ടുസാരികള്‍, കുറെ മാലയും വളയും--ഇതൊക്കെയാണ് വാങ്ങിച്ചത്. എല്ലാം വാങ്ങിച്ചുക്കൊണ്ടു വന്ന വഴിയില്‍വെച്ചു തന്നെ വലിയ ആവേശത്തോടെ 'വല്യ തോപ്പിസഖാവി'നെ കൊണ്ടുക്കാണിച്ചു. അതുകണ്ടയുടനെ തോപ്പില്‍ ഭാസിയുടെ മുഖഭാവം പെട്ടെന്ന് മാറി. ഭാസി എടുത്തടിച്ചതുപോലെ പറഞ്ഞു:

'സുലോചന ഈ വേഷമൊക്കെയിട്ടുകൊണ്ടു രംഗത്തുവരാന്‍ ഞാന്‍ സമ്മതിക്കുകയില്ല. ദുഷ്ടനായ അച്ഛന്റെ ചെയ്തികളെ എതിര്‍ക്കുകയും ജനനന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവിനെ ബഹുമാനിക്കുകയും ആരാധിക്കുകയുമൊക്കെ ചെയ്യുന്ന ഒരു മാതൃകാസ്ത്രീയാണ് എന്റെ ഉഷ. വിശുദ്ധിയുടെ അടയാളമായ വെള്ളസാരിയും ബ്ലൗസും വെള്ളക്കല്ലു കമ്മലും മുല്ലപ്പൂവുമെല്ലാം ധരിച്ചാണ് ഉഷ രംഗത്തുവരേണ്ടത്.'

നാടകത്തിലേതിനേക്കാള്‍ വികാരതീവ്രമായ രംഗമാണ് തുടര്‍ന്നരങ്ങേറിയത്. സുലോചന പൊട്ടിക്കരഞ്ഞു. സകലരുടെയും മുമ്പില്‍ വച്ച് വലിയതോപ്പിസഖാവിന്റെ വഴക്കു കേള്‍ക്കേണ്ടി വന്നതിന്റെ സങ്കടം ഒരുവശത്ത്...വാങ്ങിച്ചുകൊണ്ടുവന്ന സാരിയും മാലയുമൊന്നും ധരിക്കാന്‍ പറ്റില്ലല്ലോ എന്ന വിഷമം മറുവശത്ത്. സുലോചനയുടെ കരച്ചില്‍ കണ്ട് മറ്റുള്ളവരെല്ലാം വിഷമിച്ചു. എന്നാല്‍ തോപ്പില്‍ ഭാസി അതുകൊണ്ടൊന്നും കുലുങ്ങിയില്ല....

ഫൈനല്‍ റിഹേഴ്സല്‍ കണ്ടുകഴിഞ്ഞ് പി കെ വിക്രമന്‍ നായരും കെ ബാലകൃഷ്ണനും പറഞ്ഞ ചില നിര്‍ദ്ദേശങ്ങള്‍ ഭാസി സ്വീകരിച്ചു. അതിനനുസൃതമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് നാടകം അരങ്ങേറിയത്. ഇത്തവണ നാടകം ഉത്ഘാടനം ചെയ്യാന്‍ ക്ഷണിയ്ക്കപ്പെട്ടത് കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ നേതാക്കളൊന്നും ആയിരുന്നില്ല. 'ഭഗ്‌നഭവനം' എന്ന നാടകത്തിലൂടെ ആധുനികമലയാളനാടകത്തിന്റെ ദിശ തിരിച്ചുവിട്ട,തോപ്പില്‍ ഭാസി തന്റെ ഗുരുതുല്യനായി കണ്ടിരുന്ന പ്രൊഫ.എന്‍ കൃഷ്ണപിള്ളയാണ് 1959 നവംബര്‍ 20 ന് കായംകുളം ലക്ഷ്മി തീയേറ്ററില്‍ വച്ച് 'പുതിയ ആകാശം പുതിയ ഭൂമി' ഉത്ഘാടനം ചെയ്തത്. നാടകം കണ്ട എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ് പറയാനുണ്ടായിരുന്നത്. കെ പി എ സി യുടെ ഏറ്റവും മികച്ച നാടകമാണെന്ന വിലയിരുത്തല്‍ വരെ ഉണ്ടായി.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നാടകം നിരൂപണം ചെയ്ത പവനന്‍ എഴുതി.

''ഈ നാടകം ഒന്നിലധികം തവണ ഞാന്‍ കണ്ടിട്ടുണ്ട്. കണ്ടപ്പോഴെല്ലാം കരഞ്ഞുപോയിട്ടുണ്ട്. ഞാന്‍ മാത്രമല്ല,കണ്ടവരെല്ലാം കരഞ്ഞിട്ടുണ്ട്. ഇതിന് കാരണമെന്താണ്? നാടകകൃത്തിന്റെ അനിതരസാധാരണമായ കഴിവ്. നടീനടന്മാരുടെ,പ്രത്യേകിച്ച് ഉഷയുടെ ഭാഗമെടുത്ത സുലോചനയുടെ നടനവൈദഗ്ധ്യം.''

സുലോചനയുടെ ആലാപനഭംഗിയോടൊപ്പം അഭിനയശേഷിയും സകലരുടെയും പ്രശംസ നേടുന്നത് 'പുതിയ ആകാശം പുതിയ ഭൂമി'യിലൂടെയാണ്. വളരെയധികം ആത്മനിയന്ത്രണം ആവശ്യമുള്ള ആ കഥാപാത്രത്തെ മിതമായ ഭാവചലനങ്ങളിലൂടെ സുലോചന അവതരിപ്പിച്ചുവെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. ഭാര്യാപിതാവുമായുള്ള അഭിപ്രായസംഘട്ടനത്തെ തുടര്‍ന്ന് രാജിവെക്കാന്‍ ഒരുമ്പെടുന്ന സുകുമാരനെ ഉഷ തടയുന്ന സന്ദര്‍ഭം സുലോചനയുടെ പ്രധാന അഭിനയമുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു.


(രാജിക്കത്തെഴുതുന്ന സുകുമാരനെ (ഓ.മാധവന്‍) ഉഷ (സുലോചന) തടയുന്നു)

'ഉഷ അയാള്‍ എഴുതുന്നതെന്താണെന്നു നോക്കി.അവളുടെ മുഖം രൂക്ഷമായി.അവള്‍ പേനയില്‍ കടന്നുപിടിച്ചു.

സുകുമാരന്‍:(പരുഷമായി അവളുടെ മുഖത്തുനോക്കി)വിടൂ---

ഉഷ:(തന്റേടമട്ടില്‍)ഇല്ല,ഇതെഴുതുവാന്‍ അങ്ങയ്ക്കവകാശമില്ല!

സുകുമാരന്‍:(അതേ ഭാവത്തോടെ)പേനയില്‍ നിന്നുവിടൂ---

ഉഷ:ആര്‍ക്കുവേണ്ടി ഇതെഴുതുന്നു?

സുകുമാരന്‍:(അതേമട്ടില്‍)എനിക്കുവേണ്ടി.നീ പേനയില്‍ നിന്ന് വിടണം!

ഉഷ:(ശാന്തവും ഗൗരവം നിറഞ്ഞതുമായ ഭാവത്തില്‍)അങ്ങേക്ക് വേണ്ടി മാത്രം അങ്ങേക്ക് ജീവിക്കാന്‍ സാധ്യമല്ല!(അവള്‍ പേനയില്‍ നിന്ന് പിടിവിട്ടു) അങ്ങ് ഒരു എഞ്ചിനീയറാണ്!

സുകുമാരന്‍:(വല്ലാത്ത മനപ്രയാസം അനുഭവിക്കുന്നതുപോലെ അവളുടെ മുഖത്തുനോക്കി) എന്റെ മനസ്സിനൊരു സൈ്വര്യം വേണ്ടേ?

ഉഷ:(അതേഭാവത്തില്‍)എഞ്ചിനീയറിംഗ് ഒന്നും ഞാന്‍ പഠിച്ചിട്ടില്ല.ലോകത്തെപ്പറ്റി അല്പം ചിലത് പഠിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്!

സുകുമാരന്‍:(ഒരു വല്ലാത്ത മാനസികസംഘട്ടനത്തില്‍പ്പെട്ട് തികച്ചും അസ്വസ്ഥനായി,കസേരയില്‍ നിന്നു ചാടിയെഴുന്നേറ്റ് അവളുടെ നേരെ തിരിഞ്ഞ്)എന്താണ് നീ പറയുന്നത്? നീ പറയൂ -- ഞാനെന്തുവേണം?

ഉഷ:(അതേ നിലയില്‍, അതേ ഭാവത്തോടെ)എന്റെ അച്ഛന് ദോഷമുണ്ടാകരുതെന്ന് ഞാന്‍ പറയാനിരുന്നതാണ്.അങ്ങിവിടെ പറഞ്ഞതെല്ലാം ഞാന്‍ കേട്ടു.(സ്വയം ആലോചിച്ചു കൊണ്ട്)ഞാന്‍ ആലോചിച്ചു!(അതേ ആലോചനാഭാവത്തോടെ സുകുമാരന്റെ മുഖത്തേയ്ക്ക് നോക്കി)ഇരുപതിനായിരം ടണ് നെല്ല് നമുക്കുണ്ണാനല്ലല്ലോ!പതിനായിരം കിലോവാട്സ് വൈദ്യുതി അങ്ങേയ്ക്കുപയോഗിക്കാനല്ലല്ലോ!(ഗാംഭീര്യം നിറഞ്ഞ ശബ്ദത്തിലും ഭാവത്തിലും)അങ്ങേക്ക് രാജി വെയ്ക്കാനെന്താവകാശം?

സുകുമാരന്‍ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കിപ്പോയി.അയാള്‍ അറിയാതെ അയാള്‍ 'ഉഷേ--' എന്നു വിളിച്ചു!****

സുകുമാരന്റെ അകാലത്തിലുള്ള മരണമേല്‍പ്പിച്ച ആഘാതത്തിന്റെ പരകോടിയില്‍, അയാളുടെ അവസാനത്തെ ആഗ്രഹമെഴുതിയ കത്ത് മറ്റുള്ളവര്‍ക്ക് വേണ്ടി വായിച്ചവസാനിക്കുമ്പോള്‍ ബോധരഹിതയായി പിറകോട്ട് മറിയുന്ന ഉഷയിലാണ് നാടകത്തിന്റെ യവനിക വീഴുന്നത്.സുലോചനയുടെ അഭിനയജീവിതത്തിലെ ഏറ്റവും ഭാവോജ്ജ്വലമായ മുഹൂര്‍ത്തമായിരുന്നു അത്.

സുലോചന കഴിഞ്ഞാല്‍ ഏറ്റവും പ്രശംസ നേടിയ അഭിനേതാക്കള്‍ കോട്ടയം ചെല്ലപ്പനും വിജയകുമാരിയും സി ജി ഗോപിനാഥുമാണ്.തോപ്പില്‍ കൃഷ്ണപിള്ളയും ശ്രീനാരായണപിള്ളയും ബിയാട്രീസും കെ എസ് ജോര്‍ജ്ജും ലീലയും ഖാനുമെല്ലാം കയ്യടി നേടി.അതേസമയം മുടിയനായ പുത്രനില്‍ എല്ലാവരുടെയും മുന്നിലായിരുന്ന ഓ മാധവന്റെ അഭിനയം ഇത്തവണ നിശിതമായ വിമര്‍ശനത്തിന് വിധേയമായി.


(നാണു - സി ജി ഗോപിനാഥ്)

'രൂപത്തിലും ശബ്ദനിയന്ത്രണത്തിലും കഥാപാത്രത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന മാധവന്റെ മുഖപ്രകൃതി ഈ കഥാപാത്രത്തിന് ചേരുന്നതല്ലെന്ന് കൂടുതല്‍ ബോധ്യപ്പെടുന്നത് ഭാവാവിഷ്‌കരണത്തിന്റെ ഘട്ടങ്ങളിലാണ്.കവിളുകള്‍ കൂടുതല്‍ വീര്‍ത്തുപോയതുകൊണ്ടാകാം വികാരങ്ങള്‍ സ്ഫുരിപ്പിക്കാനുള്ള ശ്രമത്തില്‍ മാസപേശികള്‍ അനാവശ്യമായി ചലിപ്പിക്കുകയാണെന്നു തോന്നിപ്പോകുന്നു.മാധവന്‍ ശ്രമിക്കാത്തതുകൊണ്ടുള്ള പോരായ്മകളല്ല ഇതെന്ന് വ്യക്തമാണ്.'

'ജനയുഗ'ത്തില്‍ തെങ്ങമം ബാലകൃഷ്ണന്‍ എഴുതിയ ഈ നിരൂപണം, നേരത്തെ വേഷങ്ങള്‍ നിശ്ചയിക്കുന്ന വേളയില്‍ കെ പി എ സിയില്‍ ഉയര്‍ന്നുകേട്ട അഭിപ്രായങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതായാരുന്നുവെന്നത് ശ്രദ്ധേയമായി.


(മത്തായിച്ചനും (ശ്രീനാരായണ പിള്ള) കുഞ്ചുനായരും (തോപ്പില്‍ കൃഷ്ണപിള്ള)

'പുതിയ ആകാശം പുതിയ ഭൂമി'യില്‍ ഏറ്റവും നിറഞ്ഞു നില്‍ക്കുന്ന ഒരു കഥാപാത്രം രംഗത്ത് ഒരിക്കലും വരുന്നതേയില്ല എന്ന ഒരു പ്രത്യേകതയുമുണ്ടായിരുന്നു.കുഞ്ചുനായരുടെ എരുത്തിലില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പുള്ളിക്കാളയായിരുന്നു അത്.കുഞ്ചുനായരുടെയും ശങ്കരന്‍കുട്ടിയുടെയും പൊന്നമ്മയുടെയുമൊക്കെ വാക്കുകളിലൂടെ ആ പുള്ളിക്കാള പ്രേക്ഷകമനസ്സുകള്‍ക്ക് പ്രിയങ്കരനായി മാറുന്നത് ഭാസിയുടെ സംവിധാനമികവിന്റെ നിദര്‍ശനമായി.പൊന്‍കുന്നം ദാമോദരന്‍ എഴുതി:

'കണ്വാശ്രമത്തിലെ മാന്‍ കിടാവിന് ശേഷം നാടകസാഹിത്യത്തിന് ലഭിച്ച അസുലഭകഥാപാത്രമാണ് ഭാസിയുടെ പുള്ളിക്കാള.'

മാധവനും സുലോചനയും ഒരുമിച്ച് രംഗത്തെത്തുന്ന ആദ്യസന്ദര്‍ഭത്തില്‍,മാനസികമായി തളര്‍ന്നുപോയ സുകുമാരനെ പാടിയുറക്കാനെന്നപോലെ ഉഷ ആലപിക്കുന്ന 'ചാഞ്ചാടുണ്ണീ ചരിഞ്ഞാടുണ്ണീ'യും മറ്റൊരവസരത്തില്‍ പാടുന്ന 'ഒരിടത്തൊരിടത്തൊരു രാജ്യത്തെ രാജകുമാരി'യും ഹൃദയസ്പര്‍ശിയായ അഭിനയമുഹൂര്‍ത്തങ്ങളായിരുന്നു.


(ലീലയുടെ നൃത്തം)

ജോര്‍ജ്ജ് പാടിയ 'പാല്‍ക്കുടമൊക്കത്തേന്തിക്കൊണ്ടേ', സുലോചനയുടെ 'മനസ്സില്‍ വിരിയും താമരമലരില്‍' എന്നീ പാട്ടുകള്‍ക്കൊപ്പിച്ചുള്ള ലീലയുടെ നൃത്തവും ബിയാട്രീസും ജോര്‍ജ്ജും നേതൃത്വം കൊടുത്ത 'ആലിപ്പഴം പൊഴിഞ്ഞേ' എന്ന സംഘനൃത്തവും നാടകത്തിലെ വൈകാരികസംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തുന്ന സന്ദര്‍ഭങ്ങളായി.


'ആലിപ്പഴം പൊഴിഞ്ഞേ..' പൊന്നമ്മയും (ബിയാട്രീസ്) ശങ്കരന്‍കുട്ടിയും (കെ എസ് ജോര്‍ജ്ജ്) നയിക്കുന്ന സമൂഹനൃത്തം. പുറകില്‍ സുകുമാരന്‍ (ഓ മാധവന്‍)


അരങ്ങത്ത് കൈവരിച്ച അസാമാന്യവിജയത്തിനുപുറമേ മികച്ച നാടകത്തിനുള്ള കേരളസാഹിത്യഅക്കാദമിഅവാര്‍ഡും നേടിയെടുത്ത 'മുടിയനായ പുത്രന്' ശേഷം 'പുതിയ ആകാശം പുതിയ ഭൂമി'യിലൂടെ മറ്റൊരു ചരിത്രം രചിക്കുകയായിരുന്നു,അരുണനാടകദശകത്തിന്റെ ആ അവസാന നാളുകളില്‍,തോപ്പില്‍ ഭാസി -- കെ പി എ സി യും. ജന്മിയും കൃഷിക്കാരനും തമ്മിലുള്ള സംഘട്ടനവും തൊഴിലാളി സമരവും മാറി മാറി പ്രമേയങ്ങളാകുന്ന ജനകീയ നാടകങ്ങള്‍ക്ക് കെ പി എ സി അങ്ങനെ ഒരിയ്ക്കല്‍ കൂടി ഒരു വഴികാട്ടിയായി മാറുകയായിരുന്നു.


ഉഷ (സുലോചന)

...... 'പുതിയ ആകാശം പുതിയ ഭൂമി'യുടെ ആദ്യത്തെ സ്റ്റേജിന് ശേഷം സുലോചനയ്ക്ക് കിട്ടിയ പ്രശംസകളേറെയും, ഉഷയുടെ മാനസികഭാവം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന,ഏറെ വ്യത്യസ്തമായ, ആ വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു.അതു കേട്ടപ്പോള്‍ സുലോചനയുടെ മനസില്‍ തോന്നിയത് സമ്മിശ്രവികാരങ്ങളാണ്.സന്തോഷത്തേക്കാള്‍ കുറ്റബോധമായിരുന്നു കൂടുതല്‍. സുലോചന നേരെ ചെന്നത് അണിയറയില്‍ ഒരിടത്ത് ആരോടൊ സംസാരിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന തോപ്പില്‍ ഭാസിയുടെ അടുത്തേയ്ക്കാണ്. ആ പാദങ്ങളില്‍ തൊട്ടു വന്ദിച്ച്,സുലോചന തന്റെ ഗുരുവും ജ്യേഷ്ഠതുല്യനുമായ വല്യ തോപ്പിസഖാവിനോട് മാപ്പു ചോദിച്ചു!

(അടുത്തഭാഗം:'വിശാലരംഗഭൂമിയില്‍ വികാസനൃത്തമാടുവാന്‍...')

* ജീവിതച്ഛായകള്‍-ഓ മാധവന്‍, എന്‍ബിഎസ് കോട്ടയം

**മാണിക്യവീണ-ഓഎന്‍വി കുറുപ്പ്, ഡിസി ബുക്‌സ്, കോട്ടയം

***ദേവഗീതികള്‍, ഒരു വസന്തത്തിന്റെ ഓര്‍മ്മക്കുറിപ്പ്-ഓഎന്‍വി കുറുപ്പ്, ഓഥന്റിക് ബുക്‌സ്, തിരുവനന്തപുരം)

**** പുതിയ ആകാശം പുതിയ ഭൂമി-തോപ്പില്‍ ഭാസി, പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories