TopTop
Begin typing your search above and press return to search.

SERIES| 'വിശാലരംഗഭൂമിയില്‍ വികാസനൃത്തമാടുവാന്‍'-കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

SERIES| വിശാലരംഗഭൂമിയില്‍ വികാസനൃത്തമാടുവാന്‍-കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

(പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു തോപ്പില്‍ ഭാസിയെ അഭിനന്ദിക്കുന്നു)

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)

ഭാഗം 38

പുതിയ ഇന്ത്യ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്....അതിന്റെ നൂറുനൂറു ഗ്രാമാന്തരങ്ങളില്‍ മണ്ണിനോടും മലകളോടും മല്ലിടുന്ന മനുഷ്യന്‍ അവിടെ സോഷ്യലിസ്റ്റ് രാഷ്ട്രം പടുത്തുയര്‍ത്തുകയാണ്....കരുത്തും ധീരതയും നിശ്ചയ ദാര്‍ഢ്യവുമായി മുന്നോട്ടുപോകുന്ന നവഭാരതം എന്ന തന്റെ സ്വപ്നം,യാഥാര്‍ത്ഥ്യ പ്രതീതിയോടെ അരങ്ങത്ത് വിരിയുന്നത്, സ്വതന്ത്രഇന്ത്യയുടെ ശില്‍പ്പി ആഹ്ലാദത്തോടെ കണ്ടിരുന്നു....

കെ പി എ സിയുടെ 'പുതിയ ആകാശം പുതിയ ഭൂമി'ദല്‍ഹിയില്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ മുമ്പാകെ അരങ്ങേറുകയായിരുന്നു.നാടകം കഴിഞ്ഞ്,ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ വലിയ മനുഷ്യന്‍, തോപ്പില്‍ ഭാസിയേയും കെ പി എ സിയുടെ പ്രതിഭകളെയും പ്രശംസിച്ച നിമിഷം , അനര്‍ഘസുന്ദരമായ മുഹൂര്‍ത്തങ്ങളിലൊന്നായി ചരിത്രത്തിലേക്ക് നടന്നുകയറി


(പുതിയ ആകാശം പുതിയ ഭൂമി' ജനയുഗം വാരികയില്‍ വന്ന നിരൂപണത്തിന്റെ പേജ്)

''ബഹുജനപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ വളരെയധികം പ്രാധാന്യം വഹിക്കാന്‍ പോരുന്നതാണീ നാടകം.കമ്മ്യൂണിസം നാടകലോകത്തിന് ചെയ്തതുപോലെയുള്ള സംഭാവനകള്‍ ബഹുജനപ്രസ്ഥാനത്തിനും ചെയ്തിട്ടുണ്ട്. അതുപോലെ ഈ നാടകവും ചെയ്യാന്‍ പോകുന്നുണ്ട്.ഒരൊറ്റ കമ്മ്യൂണിസ്റ്റുകാരന്‍ പോലും കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ഇതില്‍ വന്നിട്ടില്ല.കെ പി എ സിയ്ക്ക് കമ്മ്യൂണിസ്റ്റ് നാടകസെറ്റ് എന്ന മുദ്ര വീണിട്ടില്ലായിരുന്നുവെങ്കില്‍ ഇതിന് അഖിലേന്ത്യാ തലത്തില്‍ പ്രചാരവും അംഗീകാരവും കിട്ടുമായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം വെളിയിലേക്കുകൊണ്ടുപോകാന്‍ സാധിക്കുന്നതെങ്ങനെയെന്ന് ആലോചിക്കണം.''*

'പുതിയ ആകാശം പുതിയ ഭൂമി'യുടെ ഫൈനല്‍ റിഹേഴ്‌സല്‍ കണ്ടുകഴിഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇ എം എസ് നമ്പൂതിരിപ്പാട് പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന്റെ പരിമിതികള്‍ ഭേദിച്ച് സൃഷ്ടിപരമായ ദേശീയപ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന നാടകത്തിന് രാഷ്ട്രീയഭേദമെന്യേ വലിയ സ്വീകരണം കിട്ടുമെന്ന പ്രതീക്ഷ ഇ എം എസിന്റെ വാക്കുകളിലുണ്ടായിരുന്നു. 1960 ഫെബ്രുവരി ആദ്യം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം പുതിയൊരു രാഷ്ട്രീയ സന്ദേശം 'പുതിയ ആകാശം പുതിയ ഭൂമി'യിലൂടെ അഖിലേന്ത്യാ തലത്തില്‍ തന്നെ എത്തിക്കാന്‍ കഴിയുമെന്നും ഇ എം എസ് കരുതി.

എന്നാല്‍ വിമോചനസമരവും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പിരിച്ചുവിടലും ഇളക്കിവിട്ട രാഷ്ട്രീയ കൊടുങ്കാറ്റ് കെട്ടടങ്ങുന്നതിനുമുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പരാജയം നേരിട്ടു. കോണ്‍ഗ്രസ്-പി എസ് പി-മുസ്ലിം ലീഗ് 'മുക്കൂട്ടുമുന്നണി'യെ ഒറ്റയ്ക്ക് നേരിട്ട പാര്‍ട്ടി വോട്ടുശതമാനത്തില്‍ ഒന്നാമതെത്തിയെങ്കിലും 29 സീറ്റുകളില്‍ മാത്രമാണ് ജയിച്ചത്.ഇ എം എസും അച്യുത മേനോനും കെ ആര്‍ ഗൗരിയും എ ആര്‍ മേനോനും ഒഴിച്ചുള്ള കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും പാര്‍ട്ടിയുടെ മറ്റു പ്രമുഖ നേതാക്കളും തോറ്റു.തോപ്പില്‍ ഭാസി തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല.

63 അംഗങ്ങളുള്ള കോണ്‍ഗ്രസ്,20 സീറ്റുമാത്രം കിട്ടിയ പി എസ് പിക്ക് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്തു.'ചത്ത കുതിര'യെന്ന് പ്രധാനമന്ത്രി നെഹ്‌റു വിശേഷിപ്പിച്ച മുസ്ലിം ലീഗിനെ മന്ത്രിസഭയില്‍ പ്രവേശിപ്പിക്കാതെ സ്പീക്കര്‍ സ്ഥാനത്ത് ഒതുക്കിനിറുത്തി.


(പട്ടം താണുപിള്ള മുഖ്യമന്ത്രിയായ 1960 ലെ കോണ്‍ഗ്രസ്-പി എസ് പി മന്ത്രിസഭ)

മന്നത്ത് പത്മനാഭന്റെ അനുഗ്രഹാശിസ്സുകളോടെ അധികാരക്കസേരയിലേറിയ മുഖ്യമന്ത്രി പട്ടം താണുപിള്ളയും ഉപമുഖ്യമന്ത്രി ആര്‍ ശങ്കറും ആഭ്യന്തരമന്ത്രി പി ടി ചാക്കോയും നടപ്പിലാക്കാന്‍ ശ്രമിച്ചത് വിമോചനസമരത്തിലൂടെ കൂടുതല്‍ ശക്തി നേടിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ അജണ്ടയാണ്.അതിന്റെ ആദ്യത്തെ ഇര കെ പി എ സി യായിരുന്നു.

'മുടിയനായ പുത്രനി'ല്‍ നിന്ന് 'പുതിയ ആകാശം പുതിയ ഭൂമി'യില്‍ എത്തുമ്പോഴേക്ക് ,കെ പി എ സി മറ്റു നാടകസമിതികളില്‍ നിന്ന് ഏറെ ഉയരങ്ങളിലായിക്കഴിഞ്ഞിരുന്നു.എന്നാല്‍ അന്നത്തെ സാഹചര്യങ്ങളില്‍ ഒരു രാഷ്ട്രീയ പകപോക്കലിന് ഇരയായിത്തീരുകയായിരുന്നു കെ പി എ സി.ആ വര്‍ഷം,ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നാടകങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു അഖിലേന്ത്യാ നാടകോത്സവം ദല്‍ഹിയില്‍ വെച്ചു നടത്താന്‍ കേന്ദ്രഗവര്‍ണ്മെന്റ് തീരുമാനിച്ചു. കേരളത്തില്‍ ആയിടെ അരങ്ങേറിയവയില്‍ വെച്ച് ഏറ്റവും ജനപ്രീതി നേടിയ നാടകമെന്ന നിലയില്‍ 'പുതിയ ആകാശം പുതിയ ഭൂമി'യെ നിര്‍ദ്ദേശിക്കണമെന്ന് കെ പി എ സി കേരളഗവര്‍ണ്മെന്റിനോട് അഭ്യര്‍ത്ഥിച്ചു.എന്നാല്‍ ആ അപേക്ഷ അവഗണിക്കുക മാത്രമല്ല,നാടകോത്സവത്തില്‍ അവതരിപ്പിക്കാന്‍ യോഗ്യതയുള്ള മലയാളനാടകമൊന്നുമില്ലെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയും കൂടി ചെയ്തു, പട്ടം താണുപിള്ള സര്‍ക്കാര്‍. ഇതിന് കെ പി എ സി അതിഗംഭീരമായി പകരം വീട്ടി...

ഇന്ത്യയുടെ പലഭാഗങ്ങളിലുമുള്ള മലയാളിസംഘടനകള്‍ ഏറെ നാളുകളായി നാടകമവതരിപ്പിക്കുന്നതിനായി കെ പി എ സി യെ ക്ഷണിക്കുന്നുണ്ടായിരുന്നു.അവരുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് മദ്രാസ്, ബോംബെ,ഭീലായ്,റൂര്‍ക്കല,ജംഷഡ്പൂര്‍,കല്‍ക്കട്ട എന്നീ നഗരങ്ങളിലൂടെയുള്ള ഒരു നാടകപര്യടനം നിശ്ചയിച്ചു.1960 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടന്ന ആ പര്യടനപരിപാടിയെ തുടര്‍ന്നുള്ള പത്തുവര്‍ഷക്കാലംചെങ്കൊടി പാറുന്ന കെ പി എ സിയുടെ വാന്‍, കാശ്മീരും പഞ്ചാബും ഒഴിച്ചുള്ള എല്ലാ സംസ്ഥാനങ്ങളിലൂടെയും തലങ്ങും വിലങ്ങും സഞ്ചരിച്ച് നാടകങ്ങളവതരിപ്പിച്ചു.ഒരു ജീവനോപാധി തേടി മറുനാട്ടിലെത്തി,അവിടെ കുടിയേറിപ്പാര്‍ത്തുവരുന്ന പതിനായിരകണക്കിന് മലയാളികളുടെ പ്രിയപ്പെട്ട കലാപ്രസ്ഥാനമായി വര്‍ഷാവര്‍ഷമുള്ള ഈ സാംസ്‌കാരിക പര്യടനത്തിലൂടെ കെ പി എ സി മാറി.ആ സ്ഥലങ്ങളിലെയൊക്കെ പ്രഗത്ഭരായ കലാപ്രതിഭകളെയും സാംസ്‌കാരികനായകന്മാരെയും പരിചയപ്പെടാന്‍ കെ പി എ സി പ്രവര്‍ത്തകര്‍ക്ക്, അങ്ങനെ സാധിച്ചു.

മദിരാശിയിലെ കേരളസമാജം ഗംഭീരസ്വീകരണമാണ് ഏര്‍പ്പാട് ചെയ്തിരുന്നത്.


( മദ്രാസില്‍ കെ പി എ സിയ്ക്ക് കിട്ടിയ സ്വീകരണം, ബോംബെയില്‍ നല്കിയ സ്വീകരണം)

മറ്റുസ്ഥലങ്ങളിലും ഇതാവര്‍ത്തിച്ചു. ഗൗരവസ്വഭാവമുള്ള നാടകചര്‍ച്ചകള്‍ എല്ലായിടത്തും നടന്നു.

ബോംബെയില്‍, കെ പി എ സിയുടെ ഉറ്റബന്ധുക്കളായി തീര്‍ന്ന കലാകാരന്മാരൊക്കെ ഇത്തവണയും നാടകം കാണാനെത്തിയിരുന്നു.


(വിഖ്യാത സംവിധായകന്‍ ബിമല്‍ റോയ് ഉള്‍പ്പെടുന്ന സദസ്സ് നാടകം കാണുന്നു)

ക്വാജാ അഹമദ് അബ്ബാസ് എന്ന കെ എ അബ്ബാസ്-- ഇന്ത്യന്‍ സിനിമയുടെ നവയുഗപ്പിറവിയെ വിളംബരം ചെയ്യുന്ന 'ഡോ.കോട്‌നിസ് കി അമര്‍ കഹാനി', 'ആവാരാ','ശ്രീ 420','ബൂട്ട് പോളിഷ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത്,'നയാസന്‍സാര്‍','രാഹീ', 'പഡോസി' എന്നിവയുടെ സംവിധായകന്‍ -- അദ്ദേഹത്തിന്റെ വീട്ടില്‍ കെ പി എ സി സംഘത്തിന് വിരുന്നൊരുക്കി.ഉച്ചഭക്ഷണത്തോടൊപ്പം ഗഹനമായ നാടകചര്‍ച്ചയും നടന്നു.


(ബോംബെയില്‍ നടന്ന നാടകചര്‍ച്ചയില്‍ തോപ്പില്‍ ഭാസി സംസാരിയ്ക്കുന്നു.കെ എ അബ്ബാസ്,എ കെ ഹംഗല്‍ എന്നിവര്‍ സമീപത്ത്)

അന്ന് വൈകുന്നേരം കെ പി എ സി സംഘത്തിന് വേണ്ടി സംഘടിപ്പിച്ച സ്വീകരണസമ്മേളനത്തില്‍ പൃഥ്വിരാജ് കപൂറായിരുന്നു അദ്ധ്യക്ഷന്‍.

ആധുനിക നാടകവേദിയുടെയും നവസിനിമയുടെയും വിപ്ലവപ്രസ്ഥാന ത്തിന്റെയുമെല്ലാം കളിത്തൊട്ടിലായ കല്‍ക്കട്ടാ നഗരത്തില്‍ ഉത്തേജിപ്പിക്കുന്ന അനുഭവങ്ങളാണുണ്ടായത്.സത്യജിത് റേയുടെ 'പാഥേര്‍ പാഞ്ചാലി','അപരാജിതോ',''അപൂര്‍സന്‍സാര്‍' എന്നീ ചിത്രങ്ങള്‍ ,ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകരായിരുന്ന ശംഭു മിത്ര,തൃപ്തിമിത്ര,സച്ചിന്‍ സെന്‍ ഗുപ്ത(ഇപ്റ്റയുടെ പ്രസിഡന്റ്),ദീനബന്ധുമിത്ര,നിരഞ്ജന്‍ സെന്‍ തുടങ്ങിയവരുടെ നാടകങ്ങള്‍...അവയൊക്കെ കെ പി എ സി സംഘത്തിന് കാണാന്‍ കഴിഞ്ഞു.അക്കൂട്ടത്തിലെ ഏറ്റവും തീഷ്ണമായ അനുഭവം ഉത്പല്‍ ദത്തിന്റെ 'അങ് ഗാര്‍' എന്ന നാടകമായിരുന്നു.


(ബംഗാളി നടനും നാടകകാരനുമായ ഉത്പല്‍ ദത്ത്)

പ്രമുഖ ബംഗാളി നടനും നാടകകൃത്തും സംവിധായകനും കടുത്ത മാര്‍ക്‌സിസ്റ്റുമായ ഉത്പല്‍ദത്ത്, ഇപ്റ്റയില്‍ നിന്നും കലഹിച്ചുപുറത്തുപോയി

ലിറ്റില്‍ തീയേറ്റര്‍ ഗ്രൂപ്പ് ഉണ്ടാക്കി. സമൂഹത്തിന്റെ 'ബധിരകര്‍ണ്ണങ്ങള്‍'ക്ക് കൂടി കേള്‍ക്കാനായി ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചുപറയുന്ന ശൈലിയായിരുന്നു ഉത്പല്‍ ദത്തിന്റേത്.അതിന്റെ മികച്ച ഉദാഹരണമായിരുന്നു 'അങ് ഗാര്‍'.


(ഉത്പല്‍ ദത്തിന്റെ നാടകത്തിലെ ഒരു രംഗം)

ബിഹാറിനെ നടുക്കിയ 'ചന്നാഹിരി കല്‍ക്കരിഖനി'യിലെ അപകടത്തെ ആസ്പദമാക്കിയുള്ള 'അങ് ഗാര്‍' ആധുനിക സ്റ്റേജ് സങ്കേതങ്ങളും ദീപസംവിധാനവും സെറ്റിങ്ങുകളുമെല്ലാം ഉപയോഗിച്ച്,ഒരു ചലച്ചിത്ര ത്തിലേതുപോലെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച നാടകമായിരുന്നു.കല്‍ക്കരി ഖനിയെ തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വേണ്ടി അടിഭാഗത്തേക്ക് വെള്ളം പമ്പ്ചെയ്യാനും മുകള്‍ഭാഗം സീല്‍ ചെയ്യാനും ഖനിമുതലാളിമാര്‍ തീരുമാനമെടുക്കുന്നു.അടിത്തട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളികള്‍ ഓര്‍ക്കാപ്പുറത്ത് ഇരമ്പിപ്പാഞ്ഞുവരുന്ന ജലപ്രവാഹത്തില്‍പ്പെട്ട് മുങ്ങിമരിക്കുന്നു.

തൊഴിലാളി സങ്കേതങ്ങളും ഖനിമുതലാളിയുടെ മാളികയും ഖനിയുടെ മുകളിലേക്കും താഴേക്കും തൊഴിലാളികളെയുംകൊണ്ടു സഞ്ചരിക്കുന്ന ലിഫ്റ്റും ഖനിയുടെ അടിയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ നേര്‍ക്ക് വെള്ളം ആര്‍ത്തലച്ച് കയറിവരുന്നതും വിസ്മയകരമായ രീതിയില്‍ നാടകത്തില്‍ പുനഃസൃഷ്ടിച്ചിരുന്നു.

ഖനിയുടെ അടിത്തട്ടിലേക്ക് വെള്ളം പാഞ്ഞുകയറി വന്ന് നായകന്‍ ഉള്‍പ്പെടെ സകലരും മുങ്ങിമരിക്കുന്ന അവസാനരംഗം അരങ്ങേറിയപ്പോള്‍ തീയേറ്ററില്‍ കാതടപ്പിക്കുന്ന കൈയടിയായിരുന്നു!

അടുത്ത ദിവസം കെ പി എ സി 'പുതിയ ആകാശം പുതിയ ഭൂമി' അവതരിപ്പിച്ചത് വെറുമൊരു നീലക്കര്‍ട്ടന്റെ പശ്ചാത്തലത്തിലായിരുന്നു.അത്തവണ യാത്ര ട്രെയിനിലായിരുന്നതുകൊണ്ട് സെറ്റിങ്സ് കൊണ്ടുപോകാതിരുന്നതാണ് കാരണം.ഇപ്റ്റയുടെ ആഭിമുഖ്യത്തില്‍ ഈ രണ്ടു നാടകങ്ങളെയും കുറിച്ച് ചര്‍ച്ചയുണ്ടായിരുന്നു.രണ്ടു നാടകങ്ങള്‍ക്കും പ്രമേയപരമായ ചില സമാനതകള്‍ ഉണ്ടായിരുന്നല്ലോ.കല്‍ക്കരി ഖനിയിലെ തൊഴിലാളികളെ വിദേശീയരായ ഖനിയുടമകള്‍ കൊലയ്ക്ക് കൊടുക്കുന്നതാണ് 'അങ്ഗാറി'ന്റെ തീമെങ്കില്‍ കുല്‍സിത താല്‍പര്യങ്ങള്‍ക്കു വേണ്ടി ടണല്‍ ബോംബ് വെച്ചുതകര്‍ത്ത്,പാവപ്പെട്ട കൃഷിക്കാരെയും തൊഴിലാളികളെയും ബലിയാടാക്കുകയാണ് 'പുതിയ ആകാശം പുതിയ ഭൂമി'യില്‍.ഉത്പല്‍ ദത്തും തോപ്പില്‍ ഭാസിയും പങ്കെടുത്ത ചര്‍ച്ചാസമ്മേളനത്തില്‍,ഈ രണ്ടു രംഗങ്ങളും താരതമ്യം ചെയ്യപ്പെട്ടു.ഒരു ചലച്ചിത്രത്തിലെന്നപോലെ,ഖനിദുരന്തം അരങ്ങത്ത് പകര്‍ത്തിയ 'അങ് ഗാറി'നെക്കാള്‍,അപകടം രംഗത്തുകാണിക്കാതെ തന്നെ ആ ദുരന്തത്തിന്റെ ആഴവും പ്രത്യാഘാതവും കാണികളിലെത്തിച്ച കെ പി എ സി യുടെ നാടകമാണ് വികാരാവിഷ്‌കരണത്തില്‍ കൂടുതല്‍ വിജയിച്ചതെന്ന് പൊതുവെ അഭിപ്രായമുണ്ടായി.എന്നാല്‍ നാടകീയമുഹൂര്‍ത്തങ്ങളെ തീവ്രമായി അരങ്ങത്ത് അവതരിപ്പിക്കാന്‍ സഹായിക്കുന്ന 'മൂഡ് ലൈറ്റിങ്ങും' സെറ്റിങ്ങും ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന്, ഇപ്റ്റയുടെ സഖാക്കള്‍ ചൂണ്ടിക്കാട്ടി.കെ പി എ സിയേയും തോപ്പില്‍ ഭാസിയേയും സംബന്ധിച്ച്, അത് വിലയേറിയ ഒരു തിരിച്ചറിവും അനുഭവപാഠവുമായിരുന്നു.

ഉത്തരേന്ത്യന്‍ പര്യടനം കഴിഞ്ഞ് ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് തലസ്ഥാനനഗരിയിലേയ്ക്കുള്ള കെ പി എ സി യുടെ ജൈത്രയാത്ര നടന്നത്. നാടകമുള്‍പ്പെടെയുള്ള സകല കലകളുടെയും ഔദ്യോഗിക ആസ്ഥാനമായ ദല്‍ഹി നഗരത്തിന് പുതിയൊരു അനുഭവമായിരുന്നു 1961 മാര്‍ച്ചുമാസത്തില്‍ ഇപ്റ്റ സംഘടിപ്പിച്ച കെ പി എ സി യുടെ ഒരാഴ്ചക്കാലത്തെ നാടകോത്സവം. സിരകളെ വരെ കുളിരു കോരിക്കുന്ന ശീതകാലത്തിന് വിരാമം കുറിച്ചുകൊണ്ട്,നിറച്ചാര്‍ത്തുകളുടെ ഉത്സവം -- ഹോളി കൊണ്ടാടുന്ന നാളുകള്‍....

കേരളത്തില്‍ നിന്നുളള കമ്മ്യൂണിസ്റ്റ് എം പി മാരായ എ കെ ഗോപാലന്‍,എം എന്‍ ഗോവിന്ദന്‍ നായര്‍,പി ടി പുന്നൂസ്,എന്‍ സി ശേഖര്‍,വി പി നായര്‍,ടി സി എന്‍ മേനോന്‍...തുടങ്ങിയവരായിരുന്നു നാടകോത്സവത്തിന്റെ സംഘാടനത്തിന് നേതൃത്വം കൊടുത്തത്. മറ്റൊരു കമ്മ്യൂണിസ്റ്റ് എം പി യായ പി കെ വാസുദേവന്‍ നായര്‍ കെ പി എ സി സംഘത്തിന്റെ നേതാവായി. എം പി മാരുടെ ക്വാര്‍ട്ടേഴ്‌സിലും മറ്റുമായിട്ടാണ് സമിതിയംഗങ്ങളുടെ താമസമേര്‍പ്പാട് ചെയ്തിരുന്നത്.ഉത്തരേന്ത്യയുടെ ഹൃദയഭൂമിയും മദ്രാസും ബോംബേയും കല്‍ക്കട്ടയുമൊക്കെ കണ്ടുകഴിഞ്ഞെങ്കിലും ദല്‍ഹിയിലേക്കുള്ള കെ പി എ സി ക്കാരുടെ ആദ്യത്തെ വരവായിരുന്നു അത്.


(ദല്‍ഹിയിലെത്തിയ കെ പി എ സി സംഘം. സുലോചന, ലീല, ദേവരാജന്‍, പോറ്റിസാര്‍, തോപ്പില്‍ ഭാസി, ഓ മാധവന്‍, വിജയകുമാരി, ബിയാട്രീസ് തുടങ്ങിയവര്‍ മുന്‍ നിരയില്‍)

......അരങ്ങത്ത് വിജയക്കൊടി പാറിച്ച 'മുടിയനായ പുത്രന്‍' ചന്ദ്രതാരയും 'പുതിയ ആകാശം പുതിയ ഭൂമി'അസോസിയേറ്റ് പിക്‌ച്ചേഴ്സും ചലച്ചിത്രമാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തക്കൊണ്ടിരിക്കുന്ന വേളയായിരുന്നു അത്.തോപ്പില്‍ ഭാസി തന്നെയാണ് രണ്ടു ചിത്രങ്ങളുടെയും തിരക്കഥ എഴുതുന്നത്.അതിന്റെ തിരക്കുകള്‍ക്കിടയില്‍ നിന്ന് മദ്രാസില്‍ നിന്നാണ് ഭാസി ദല്‍ഹിയിലെത്തുന്നത്.

ഇപ്റ്റ നേതാക്കളെയും എം പി മാരേയും കൂടാതെ ദല്‍ഹി നഗരത്തിലെ പ്രമുഖ മലയാളികള്‍ ---- സര്‍ദാര്‍ കെ എം പണിക്കര്‍,കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, ആകാശവാണി ന്യൂസ് ന്റെ മേധാവി കൂടി ആയ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എം ശിവറാം, ദല്‍ഹിയില്‍ നൃത്തവിദ്യാലയം നടത്തുന്ന ഗുരു ഗോപിനാഥ്,കോണ്‍ഗ്രസ് നേതാവ് പനമ്പിള്ളി ഗോവിന്ദ മേനോന്‍ തുടങ്ങിയവര്‍ നാടകോത്സവത്തിന്റെ സ്വാഗതസംഘമായി എല്ലാ ദിവസവും സാന്നിദ്ധ്യമറിയിച്ചു.പ്രസിദ്ധ മലയാളി കാര്‍ട്ടൂണിസ്റ്റ് ആയ കുട്ടിയാണ് സ്റ്റേജിന്റെ രൂപകല്പന ചെയ്തത്. ഉപരാഷ്ട്രപതി ഡോ. എസ്.രാധാകൃഷ്ണന്‍, കേന്ദ്രമന്ത്രിമാരായ ലാല്‍ ബഹദൂര്‍ ശാസ്ത്രി, വി കെ കൃഷ്ണമേനോന്‍,ജഗജ്ജീവന്‍ റാം, ഹുമയൂണ്‍ കബീര്‍,ബി വി കേസ്‌കര്‍, ഷാനവാസ് ഖാന്‍,എ കെ ചന്ദ, കെ സി റെഡ്ഡി, വയലറ്റ് ആല്‍വ, അശോക് സെന്‍, സ്വരന്‍സിംങ്, ഡോ. സുബ്ബരയാന്‍ ലോക്സഭാ സ്പീക്കര്‍ അനന്തശയനം അയ്യങ്കാര്‍, പട്യാല, ബിക്കാനീര്‍ എന്നിവിടങ്ങളിലെ രാജാക്കന്മാര്‍ തുടങ്ങി പ്രസിദ്ധരായ ഒട്ടേറെപ്പേര്‍ നാടകങ്ങള്‍ കാണാനെത്തി.ദല്‍ഹിയില്‍ ജോലിചെയ്യുന്ന പത്ര/മാധ്യമ പ്രവര്‍ത്തകരായ ഓംചേരി എന്‍ എന്‍ പിള്ള( പ്രമുഖ നാടകകൃത്ത്),റോസ്‌കോട്ട് കൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേരളക്ലബ്ബ്,ദല്‍ഹി മലയാളി അസോസിയേഷന്‍ എന്നീ മലയാളിസംഘടനകളുടെ പ്രവര്‍ത്തകരും നാടകോത്സവത്തിന്റെ വിജയത്തിന് വേണ്ടി മുന്നണിയിലുണ്ടായിരുന്നു.


(തോപ്പില്‍ കൃഷ്ണപിള്ള, കോട്ടയം ചെല്ലപ്പന്‍, സി ജി ഗോപിനാഥ്, ഓ മാധവന്‍ എന്നിവര്‍ മറുനാടന്‍ മലയാളികളോടൊത്ത്)

ഓ മാധവനും ഭാര്യ വിജയകുമാരിയും കെ പി എ സിയിലെ മറ്റ് അംഗങ്ങളോടൊത്ത് താമസിക്കാന്‍ തയ്യാറാകാതെ വി പി നായര്‍ എം പി യുടെ ഫ്‌ളാറ്റിലാണ് തങ്ങിയത്.അതുവരെ സെക്രട്ടറിയെന്ന നിലയില്‍ സമിതിയുടെ സകല ഉത്തരവാദിത്തങ്ങളും വഹിച്ചിരുന്ന ആള്‍ ഒരു നടന്‍ മാത്രമായി ചുരുങ്ങിപ്പോയതിലുള്ള മനപ്രയാസം മാധവനെ വിട്ടുമാറിയിരുന്നില്ല.ഭര്‍ത്താവിന്റെ മാനസികാവസ്ഥ സ്വാഭാവികമായും വിജയകുമാരിയിലേയ്ക്കും പകര്‍ന്നിരുന്നു.രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ആ ദമ്പതികള്‍ക്ക് ആദ്യം ഒരു കുഞ്ഞു ജനിച്ചപ്പോള്‍ ജോയ്മോന്‍ എന്നുവിളിക്കുന്ന ആ കുട്ടിയെയും കൊണ്ടാണ് വിജയകുമാരി നാടകത്തിന് വന്നിരുന്നത്.

സ്ത്രീകളുടെ ഗ്രീന്റൂമിനടുത്ത് ഒരു തൊട്ടില്‍ കെട്ടി അതില്‍ കിടത്തി സുലോചനയും ബിയാട്രീസുമെല്ലാം മാറി മാറി ആ കുഞ്ഞിനെ നോക്കുമായിരുന്നു.നാടകത്തിന് ഇടയിലുള്ള നേരത്ത് സുലോചനയാണ് കുഞ്ഞിനെ പാടിയുറക്കിയിരുന്നത്. ഇപ്പോള്‍ വിജയമ്മ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ്.ഏഴുമാസമായി. സഹപ്രവര്‍ത്തകരുടെ,പ്രത്യേകിച്ച് സ്ത്രീകളുടെ സ്‌നേഹപൂര്‍വമുള്ള പരിചരണം ആവശ്യമുള്ള സമയം.അതിന് മറ്റുള്ളവരെല്ലാം തയ്യാറായിരുന്നെങ്കിലും,അതുവരെ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ കഴിഞ്ഞിരുന്ന ഇരുകൂട്ടര്‍ക്കുമിടയില്‍ വല്ലാത്ത ഒരകല്‍ച്ച വന്നുപെട്ടിരുന്നു.അതുകൊണ്ടാണ് കൊല്ലത്ത് നിന്നുള്ള പാര്‍ലമെന്റ് അംഗവും മാധവന്റെ ദീര്‍ഘകാലത്തെ സുഹൃത്തുമായ വി പി നായര്‍ കുടുംബസമേതം കഴിയുന്ന ഫ്‌ളാറ്റിലേയ്ക്കുള്ള ക്ഷണം അവര്‍ സ്വീകരിച്ചത്....

ദല്‍ഹിയില്‍ അരങ്ങേറിയ ആദ്യത്തെ നാടകം 'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി' ആയിരുന്നു. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയ രാഷ്ട്രീയ സംഭവത്തിന് കളമൊരുക്കിയ നാടകം കാണാന്‍ ദല്‍ഹി മലയാളികള്‍ക്ക് ആകാംക്ഷയായിരുന്നു.


(ദല്‍ഹിയില്‍ നാടകം കാണാനെത്തിയ സദസ്സ്)

നാടകം കഴിഞ്ഞപ്പോള്‍ നീണ്ടുനില്‍ക്കുന്ന ഹര്‍ഷാരവമായിരുന്നു. അണിയറയിലെത്തിയ സോവിയറ്റ് എംബസി യിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് പരമുപിള്ള ചെങ്കൊടിയുയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്നതിന്റെ ഫോട്ടോയെടുക്കണം. പതിവുപോലെ സുലോചനയുടെയും കെ എസ് ജോര്‍ജ്ജിന്റെയും ചുറ്റിനുമായിരുന്നു ഏറെപ്പേരും.അവരുടെ പാട്ടുകള്‍ എത്രയോവട്ടം ആവര്‍ത്തിച്ചാവര്‍ത്തിച്ച് കെട്ടിട്ടുള്ളവരാണ് ആ മറുനാടന്‍ മലയാളികള്‍. ഇപ്പോള്‍ ഇതാദ്യമായി ആ രണ്ടുപേരെയും നേരിട്ടു കാണുന്നതിന്റെ ആവേശമായിരുന്നു എല്ലാവര്‍ക്കും.

അടുത്തദിവസം അരങ്ങത്ത് വന്ന മുടിയനായ പുത്രന്‍ കഴിഞ്ഞപ്പോഴും ഇതൊക്കെ ആവര്‍ത്തിച്ചു.

'മുടിയനായ പുത്രന്‍' മുഴുവന്‍ സമയവും ഇരുന്നുകണ്ട സ്പീക്കര്‍ അനന്തശയനം അയ്യങ്കാര്‍ സ്റ്റേജില്‍ കയറി കെ പി എ സി യെ അഭിനന്ദിച്ചുകൊണ്ട് ഏതാനും വാചകങ്ങള്‍ പറഞ്ഞു. 'ശബ്ദത്തിന്റെ ഭാഷയേക്കാള്‍ വികാരത്തിന്റെ ഭാഷയാണ് മനുഷ്യനേറ്റവും മനസിലാകുന്നത് എന്ന് ഈ നാടകം കണ്ടുകൊണ്ടിരിക്കുമ്പോള്‍ഞാന്‍ തിരിച്ചറിഞ്ഞു.'

ദല്‍ഹി മലയാളികളുടെ കാരണവരായ, കായംകുളത്തുകാരനായ ശങ്കരപ്പിള്ള തന്റെ നാട്ടില്‍ നിന്നെത്തിയ കലാപ്രതിഭകളെ സല്‍ക്കരിക്കാതെ വിടാന്‍ തയ്യാറായിരുന്നില്ല.വിഖ്യാതമായ ശങ്കര്‍ഴ്സ് വീക്ക്‌ലിയും ലോകപ്രശസ്ത പാവമ്യുസിയവും ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റുമെല്ലാം സ്ഥാപിച്ച,കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന അതുല്യപ്രതിഭയുടെ വീട്ടിലൊരുക്കിയ ഉച്ചഭക്ഷണം അവിസ്മരണീയമായ അനുഭവമായി.


(ദല്‍ഹി മലയാളികള്‍ കെ പി എ സി സംഘത്തിന് നല്‍കിയ സ്വീകരണം)

കേരള ക്ലബ്ബ്,ദല്‍ഹി മലയാളി അസോസിയേഷന്‍ എന്നീ മലയാളിസംഘടനകളും ഐ പി ടി എ യും ചേര്‍ന്ന് നല്‍കിയ സ്വീകരണമായിരുന്നു നിറപ്പകിട്ടാര്‍ന്ന മറ്റൊരു സംഭവം.ചടങ്ങില്‍ കേന്ദ്രവാര്‍ത്താവിതരണപ്രക്ഷേപണവകുപ്പ് മന്ത്രി ബി വി കേസ്‌ക്കര്‍ എല്ലാവര്‍ക്കും ഷീല്‍ഡുകള്‍ സമ്മാനിച്ചു.


(കെ പി എ സി സംഘത്തിന് നല്‍കിയ സ്വീകരണത്തില്‍ വി കെ കൃഷ്ണമേനോന്‍.(സമീപത്ത് തോപ്പില്‍ ഭാസി), കേന്ദ്രാവാര്‍ത്താവിതരണമന്ത്രി ബി വി കേസ്‌കര്‍ തോപ്പില്‍ ഭാസിയ്ക്ക് ഷീല്‍ഡ് നല്‍കുന്നു)

ഇതിനെയെല്ലാം കടത്തിവെട്ടുന്ന മറ്റൊരനുഭവം ആസ്വദിച്ചത് കൂട്ടത്തിലെ പുരുഷന്മാരാണ്.നിറങ്ങളുടെ ഉത്സവം ആഘോഷിക്കാന്‍ ഇറങ്ങിത്തിരിച്ച കെ പി എ സി സംഘത്തെ നയിച്ചത് വി പി നായരും പോറ്റിസാറുമാണ്. തണുത്തുവിറങ്ങലിച്ച പ്രഭാതത്തില്‍ മൂടിപ്പുതച്ചുകിടന്നുറങ്ങുകയായിരുന്ന തോപ്പില്‍ ഭാസിയെ എല്ലാവരും കൂടി ചായം കലക്കിയ വെള്ളത്തില്‍ അടിമുടി കുളിപ്പിച്ചു.

''നാടകം കഴിഞ്ഞ്, ക്യാമ്പിലെത്തി ആ കൊടുംതണുപ്പില്‍ ചുരുണ്ടുകൂടിക്കിടന്ന് ഞാന്‍ ഉറങ്ങി.നേരം വെളുത്തോ എന്നു സംശയം.ശരീരത്ത് പച്ചവെള്ളം വീണ അസഹ്യതയോടെ ഞാന്‍ ചെടിയെഴുന്നേറ്റു.എന്തോ പറയാനാണ്?---പച്ചവെള്ളം മാത്രമല്ല,ചുവന്ന വെള്ളവും.നാലഞ്ചുപേര്‍ ചുറ്റും നിന്നുകൊണ്ട് പീച്ചാംകുഴല്‍ നീട്ടിപ്പിടിച്ച് ചായം കലക്കിയ വെള്ളം പീച്ചിയൊഴിക്കുകയാണ്! പച്ചത്തണുപ്പില്‍ ഇതിലധികമൊരു പാതകം ചെയ്യാനുണ്ടോ?---- ദ്രോഹികള്‍ കിടുക്കിടെ വിറയ്ക്കുന്നതിനിടയിലും എനിക്ക് വേദന എന്റെ മുണ്ടിനെയും ഷര്‍ട്ടിനെയുമോര്‍ത്താണ്.ഹോളിയാണ് പോലും ഹോളി!

ആണ്ടിലൊരിക്കല്‍ ഓണം പോലും നേരാംവണ്ണം കേറിവരാത്ത പാവപ്പെട്ട വള്ളികുന്നത്ത് പൊറുക്കുന്ന എനിക്കെന്തോന്നാ ഹോളി!

ഈ ഘോരകൃത്യം ചെയ്തിരിക്കുന്നവര്‍ ഇന്ത്യയുടെ വടക്കേതലയ്‌ക്കൊന്നും പിറന്നവരല്ല. പിന്നെയോ?പന്തളം കുറുന്തോട്ടയത്തിനു കിഴക്കുവശം നിന്ന് സംബന്ധം സദസ്യതിലകന്‍ മകന്‍ പരമേശ്വരന്‍ നായര്‍ ---- എന്നുവെച്ചാല്‍ വി പി നായര്‍ എന്ന പാര്‍ലമെന്റ് മെമ്പര്‍,ചുനക്കരക്കാരന്‍ ഓ മാധവന്‍,കോട്ടയത്ത്നിന്നും കൊല്ലം തങ്കശ്ശേരിയില്‍ കല്യാണം ചെയ്തു താമസം ചെല്ലപ്പന്‍;എന്റെ ഇളയവന്‍ കൃഷ്ണന്‍ എന്ന ഗുരുത്വദോഷി---ഇവരുടെയെല്ലാം കടിഞ്ഞാണ്‍ പിടിച്ചിരിക്കുന്നത് പോറ്റി സാര്‍ എന്ന ബ്രഹ്മശ്രീ കേശവന്‍ പോറ്റിയും.....'' **

അടുത്ത ദിവസം അവതരിപ്പിക്കാന്‍ നിശ്ചയിച്ച നാടകം 'പുതിയ ആകാശം പുതിയ ഭൂമി'യാണ്.എല്ലാവരും കാത്തിരുന്ന ദിവസമായിരുന്നു അത്.കാരണം അന്ന് പ്രധാനമന്ത്രി നെഹ്രുവും ഉപരാഷ്ട്രപതി ഡോ. രാധാകൃഷ്ണനും ക്യാബിനറ്റ് മന്ത്രിമാരും നാടകം കാണാനെത്തുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു.


(നാടകം കാണാന്‍ പ്രധാനമന്ത്രി നെഹ്രുവും ഉപരാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണനും എത്തുന്നു)

കെ പി എ സി അംഗങ്ങള്‍ ആകെ ആവേശഭരിതരായിരുന്നു.പ്രധാനമന്ത്രിയുടെ മുമ്പാകെ നാടകം അവതരിപ്പിക്കാനുള്ള അവസരം അത്യപൂര്‍വമാണല്ലോ.പക്ഷെ അതോടൊപ്പം നിരാശാജനകമായ മറ്റൊരു വാര്‍ത്തയും അവരെ തേടിയെത്തി.പ്രധാനമന്ത്രി നാടകം കാണാന്‍ വന്നാല്‍ത്തന്നെയും അല്പനേരം കഴിഞ്ഞാലുടന്‍ മടങ്ങിപ്പോകും.കാരണം ആഭ്യന്തരമന്ത്രി പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ പാന്ത് അത്യാസന്നനിലയില്‍ കിടക്കുകയാണ്.അതുകൊണ്ട് നാടകം എത്രയും വേഗം തുടങ്ങണമെന്ന് വി പി നായര്‍ അണിയറയില്‍ വന്നു പറഞ്ഞു.

പുറത്ത് അപ്പോള്‍ നാടകം കാണാനെത്തിയവര്‍ ബഹളം കൂട്ടുകയായിരുന്നു.എല്ലാവര്‍ക്കും സീറ്റുകള്‍ തികയുന്നില്ല.പ്രധാനമന്ത്രി സംബന്ധിക്കുന്ന ചടങ്ങായതുകൊണ്ട് സുരക്ഷയുടെ ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. കൂടുതല്‍ കസേരകള്‍ നിരത്തിയിട്ടുകൊണ്ട് ഒരുവിധത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ സംഘാടകര്‍ കഴിയുന്നത്ര ശ്രമിച്ചു.ബഹളം ഒന്നടങ്ങി.


(നാടകം കാണാന്‍ വന്ന രാജ്യരക്ഷാമന്ത്രി വി കെ കൃഷ്ണമേനോനെ എം എന്‍ ഗോവിന്ദന്‍ നായരും വി പി നായരും ചേര്‍ന്ന് സ്വീകരിക്കുന്നു)

പ്രധാനമന്ത്രിയെയും മറ്റു മന്ത്രിമാരെയും നാടകം കാണാന്‍ നേരിട്ടു പോയി ക്ഷണിച്ച എ കെ ജി കിസാന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി കേരളത്തില്‍ പോയിരിക്കുകയായിരുന്നു.പി സുന്ദരയ്യ ഉള്‍പ്പെടെ യുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രനേതാക്കളും എം എന്റെയും പി ടി പുന്നൂസിന്റെയും നേതൃത്വത്തില്‍ എം പി മാരും എല്ലാം ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.


(പ്രധാനമന്ത്രിയെ എംപി മാരായ പി ടി പുന്നൂസും വി പി നായരും ചേര്‍ന്ന് സ്വീകരിക്കുന്നു)

കോണ്‍ഗ്രസ് നേതാവ് പനമ്പിള്ളി ഗോവിന്ദമേനോനും സര്‍ദാര്‍ കെ എം പണിക്കരും നെഹ്രുവിന്റെ സമീപത്ത് സ്ഥാനം പിടിച്ചിരുന്നു.നാടകത്തിന്റെ അവതരണഗാനം മുതല്‍ ഓരോ സംഭാഷണം വരെയും പനമ്പിള്ളി പ്രധാനമന്ത്രി യ്ക്ക് പരിഭാഷപ്പെടുത്തിക്കൊടുത്തു.ഇടക്ക് സര്‍ദാറും സഹായിക്കാതിരുന്നില്ല. നെഹ്‌റു അതീവതാത്പര്യത്തോടെയാണ് നാടകം കണ്ടുകൊണ്ടിരുന്നത്.രണ്ടു രംഗങ്ങള്‍ കഴിഞ്ഞ് മടങ്ങിപ്പോകാന്‍ വന്ന പ്രധാനമന്ത്രി തുടര്‍ന്നും നാടകം കാണാന്‍ ഇരുന്നു.

ഇടവേള കഴിഞ്ഞ് നാടകം തുടങ്ങാനുള്ള നേരമായി.പെട്ടെന്ന് സ്ത്രീകളുടെ ഗ്രീന്റൂമിന്റെ ഭാഗത്ത് നിന്ന് ഒരു നിലവിളി കേട്ട് അഭിനേതാക്കളും മറ്റും അങ്ങോട്ടേക്ക് ഓടി ചെന്നു.

സ്റ്റേജിന്റെ രണ്ടു വശത്തുമായി കട്ടിത്തുണിയും മോര്‍ത്തട്ടിയും കെട്ടിയ താല്‍ക്കാലിക മറകളായിരുന്നു മേക്കപ്പ് മുറികള്‍.അതിനുള്ളില്‍ ആവശ്യമായ മറ്റ് സജ്ജീകരണങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും സുരക്ഷിതത്വം കുറവായിരുന്നു.ഗ്രീന്റൂമിനുള്ളില്‍ വിജയകുമാരി കമഴ്ന്നടിച്ചുകിടന്നു കരയുന്നതാണ് എല്ലാവരും കണ്ടത്.സുലോചനയും ബിയാട്രീസും മറ്റും ചുറ്റിനും നില്‍പ്പുണ്ട്. ഓ മാധവന്‍ അടുത്ത്‌ചെന്നു താങ്ങിയെണീപ്പിച്ചപ്പോള്‍ 'എല്ലാം പോയി മാഞ്ചേട്ടാ' എന്നുപറഞ്ഞ് വിജയകുമാരി നെഞ്ചത്തടിച്ചു കരഞ്ഞു.അപ്പോഴാണ് കാര്യം മനസ്സിലാകുന്നത്.ആ മറപ്പുരയില്‍ കള്ളന്‍ കയറി വിജയകുമാരിയുടെ പെട്ടി മോഷ്ടിച്ചു കൊണ്ടുപോയി.

''താലിമാലയുള്‍പ്പെടെയുള്ള സകല പണ്ടങ്ങളും പണവും വസ്ത്രവുമെല്ലാം നഷ്ടപ്പെട്ടു.'പുതിയ ആകാശം പുതിയ ഭൂമി'യില്‍ ഒരു പാവപ്പെട്ട കൃസ്ത്യാനി സ്ത്രീയുടെ ഭാഗമാണഭിനയിക്കുന്നത്.നല്ല വസ്ത്രങ്ങളോ ആഭരണങ്ങളോ അണിയാന്‍ പാടില്ല. എല്ലാം പെട്ടിയില്‍ സൂക്ഷിച്ചുവെച്ചിട്ടാണ് മേക്കപ്പ് തുടങ്ങുന്നത് തന്നെ.നാടകം തീരുമ്പോള്‍ ഉള്ള ആഭരണങ്ങളെല്ലാമണിഞ്ഞ് മോടിയില്‍ വസ്ത്രം ധരിച്ച് ഡല്‍ഹിക്കാരെയൊക്കെ കാണിക്കാമെന്നുള്ള.മോഹത്തില്‍ എല്ലാം സൂക്ഷിച്ചു സ്വരൂപിച്ച് പെട്ടിയില്‍ വച്ചിരുന്നതാണ്.നാടകത്തില്‍ തനിക്ക് കിട്ടുന്ന പ്രതിഫലത്തില്‍ നിന്നും ഞങ്ങള്‍ രണ്ടുപേരുടെയും ചിലവ് കഴിഞ്ഞു ബാക്കിയുള്ള തുകയും അതേ പെട്ടിയില്‍ത്തന്നെ ഭദ്രമാക്കിവെച്ചിരുന്നതാണ്.എല്ലാം നഷ്ടമായി.വാളണ്ടിയേഴ്സ് മിന്നല്‍ വേഗത്തില്‍ നാലുപാടും ഓടി.അന്വേഷണം. അന്വേഷണ. ധൃതി പിടിച്ച അന്വേഷണം.ഗ്രീന്റൂമിനു പുറകില്‍ കരോള്‍ബാഗിലുള്ള രണ്ടു ചെറുപ്പക്കാര്‍ കുറച്ചുമുമ്പ് നില്‍ക്കുന്നതായി ഒരു വാളണ്ടിയര്‍ സ്റ്റേജില്‍ വന്നു പറഞ്ഞു.'' ***

നാടകം തുടങ്ങാന്‍ വൈകുന്നതിന്റെ കാരണം തോപ്പില്‍ ഭാസി മൈക്കിലൂടെ അനൗണ്‍സ് ചെയ്തു.വിവരമറിഞ്ഞ പ്രധാനമന്ത്രി ഉടനെതന്നെ അവിടെയുണ്ടായിരുന്ന ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് അന്വേഷണം ഊര്‍ജ്ജസ്വലമാക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദ്ദേശം നല്‍കി.നാടകം വീണ്ടുമാരംഭിച്ചു.


(പ്രധാനമന്ത്രിയും വിദ്യാഭ്യാസ മന്ത്രി ഹുമയൂണ് കബീറും .സമീപത്ത് തോപ്പില്‍ ഭാസി)

നാടകം കണ്ടുകഴിഞ്ഞ്, തോപ്പില്‍ ഭാസിയേയും അഭിനേതാക്കളെയും പ്രധാനമന്ത്രി നേരിട്ട് അഭിനന്ദനമറിയിച്ചു.'പുതിയ ആകാശം പുതിയ ഭൂമി' പുസ്തകത്തിന്റെ കോപ്പി തോപ്പില്‍ഭാസി പണ്ഡിറ്റ്ജിക്ക് സമ്മാനിച്ചു.എം എന്നും പി കെ വിയും കെ പി എ സി അംഗങ്ങളെ പ്രധാനമന്ത്രി യ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു.

സുലോചനയെ സംബന്ധിച്ചിടത്തോളം ആകാശത്തോളം ഉയര്‍ന്നുപൊങ്ങിയ ഒരു അനുഭവമായിരുന്നു അത്.സുലോചനയുടെ തലമുറയുടെ ആദര്‍ശപുരുഷനും ആരാധനാപാത്രവുമായിരുന്നു ജവാഹര്‍ലാല്‍ നെഹ്രു. അദ്ദേഹത്തിന്റെയും മറ്റ് ഉന്നത ദേശീയ നേതാക്കളുടെയും മുമ്പില്‍ നാടകം കളിക്കാനും അവരുടെ പ്രശംസ നേടാനും സാധിക്കുക എന്നത് സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയാത്ത കാര്യമായിരുന്നു.....

എല്ലാ സന്തോഷത്തിനും മീതെ സങ്കടത്തിന്റെ കരിനിഴല്‍ വീണുകിടക്കുന്ന അവസ്ഥ യിലാണ് അടുത്ത ദിവസങ്ങളില്‍ നാടകമരങ്ങേറിയത്. വിജയകരമായ ദല്‍ഹി പര്യടനം കഴിഞ്ഞ് മദിരാശി വഴിയായിരുന്നു കേരളത്തിലേക്കുള്ള മടക്കയാത്ര. അവിടെവെച്ച് സമിതിയംഗങ്ങള്‍ ഒരുമിച്ച് കൂടിയിരുന്ന് പര്യടനത്തെകുറിച്ചും ഭാവികാര്യങ്ങളും ചര്‍ച്ച ചെയ്തു. കൂട്ടത്തില്‍ മാധവനും വിജയകുമാരിയ്ക്കും സംഭവിച്ച നഷ്ടം പരിഹരിക്കാന്‍ എന്തുവേണമെന്നും ആലോചിച്ചു.ഓരോ അംഗവും കയ്യില്‍ നിന്ന് ഒരു തുക സംഭാവനയായി നല്‍കണമെന്ന അഭിപ്രായമാണ് ഉയര്‍ന്നു വന്നത്.അപ്പോള്‍ ഓ മാധവന്‍ അതിനൊരു ഭേദഗതി മുന്നോട്ടു വെച്ചു.

എല്ലാ ആര്‍ട്ടിസ്റ്റുകളുടേയും സഹകരണത്തോടെ നാട്ടില്‍ വച്ച് ഒരു നാടകം നടത്തി അതില്‍നിന്ന് ലഭിക്കുന്ന വരുമാനം നല്‍കുക എന്നതായിരുന്നു മാധവന്‍ പറഞ്ഞ നിര്‍ദ്ദേശം.അതിനെല്ലാവര്‍ക്കും സമ്മതമായിരുന്നു.നാടക നടത്തിപ്പിന്റെ ചുമതല മാധവനെത്തന്നെ ഏല്പിക്കുകയും ചെയ്തുകൊണ്ട് യോഗം പിരിഞ്ഞു......

പക്ഷെ ആ തീരുമാനം മറ്റൊന്നിന്റെ തുടക്കമാകുക യായിരുന്നു. പൂക്കളും മുള്ളുകളും നിറഞ്ഞ വഴികളിലൂടെ ഒരേ ഹൃദയത്തുടിപ്പോടെ,ഒരു പതിറ്റാണ്ടുകാലം ഒരുമിച്ച് യാത്ര ചെയ്ത സഖാക്കള്‍ രണ്ടായി വഴിപിരിയുന്നതിന്റെ തുടക്കം.....

(അടുത്തഭാഗം: ' ഇണപിരിയുന്നു നമ്മള്‍...')

* കെപിഎസിയുടെ ചരിത്രം ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, കെപിഎസി പ്രസിദ്ധീകരണം

** വലിയ ഇന്ത്യയും ചെറിയ ഞാനും-തോപ്പില്‍ ഭാസി, ജനയുഗം വാരിക, ഏപ്രില്‍ 6, 1961

*** ജീവിതച്ഛായകള്‍-ഓ മാധവന്‍, എന്‍ബിഎസ്, കോട്ടയം


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories