TopTop
Begin typing your search above and press return to search.

SERIES| ഇണപിരിയുന്നു നമ്മള്‍ -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

SERIES| ഇണപിരിയുന്നു നമ്മള്‍ -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

(കെപിഎസി നാടകസംഘം ആദ്യനാളുകള്‍)

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)

ഭാഗം 39

കോടമഞ്ഞ് മൂടിയ ഹൈറേഞ്ചിന്റെ വളഞ്ഞു ചുറ്റിയ വഴികളിലൂടെ, കെ പി എ സി യുടെ ചെങ്കൊടി പറക്കുന്ന വാന്‍ കട്ടപ്പന ടൗണിലെത്തിയപ്പോള്‍,നേരം സന്ധ്യയോടടുക്കുകയായിരുന്നു. കൊട്ടകയ്ക്കുള്ളിലേയ്ക്ക് കയറിച്ചെന്ന പോറ്റി സാറിന്റെ നേതൃത്വത്തിലുള്ള കെ പി എ സി സംഘത്തെ നാടകസംഘാടകര്‍ ആഹ്ലാദത്തോടെ സ്വീകരിച്ചു.ഒട്ടും വൈകാതെ കര്‍ട്ടനും സെറ്റിങ്സുമൊക്കെ വലിച്ചുകെട്ടാനാരംഭിച്ചു. മേക്കപ്പ് തുടങ്ങുന്നതിന് മുമ്പായി,ശരീരം കോച്ചിവലിയ്ക്കുന്ന തണുപ്പ് മാറ്റുന്നതിന് വേണ്ടി, കട്ടന്‍ കാപ്പി ഊതിയൂതിക്കുടിച്ചുകൊണ്ട്എല്ലാവരും നേരമ്പോക്ക് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സംഘാടകരിലൊരാള്‍ വന്നു ചോദിച്ചു.

''എല്ലാവരെയും കണ്ടാരുന്നു. എന്നാല്‍ നമ്മടെ സുലോചന എങ്ങോട്ട് പോയി? കണ്ടില്ലല്ലോ..''

പോറ്റിസാര്‍ അതിന് മറുപടി പറഞ്ഞു.

''ഇന്നത്തെ നാടകത്തിന് സുലോചന വന്നിട്ടില്ല.പകരം വേറൊരാളാ ആ വേഷമഭിനയിക്കുന്നത്.''

അപ്പോഴേക്കും അങ്ങോട്ടേക്ക് കൂടുതല്‍ പേരെത്തി.

''അതെന്നാ സുലോചന വരാഞ്ഞത്? എന്നാ പറ്റിയതാ?''

''സുലോചന മദ്രാസില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയിരിക്കുകയാ.സുലോചനയ്ക്ക് പകരം,ദേ ഇരിക്കുന്ന കവിയൂര്‍ പൊന്നമ്മയാണ് ഇന്ന് അഭിനയിക്കുന്നത്.''

അതുവരെ എല്ലാവരോടും അങ്ങേയറ്റത്തെ ആതിഥേയ മര്യാദകള്‍ പാലിച്ചുകൊണ്ട്,ബഹുമാനത്തോടെ പെരുമാറിയിരുന്ന സംഘാടകര്‍--അക്കൂട്ടത്തില്‍ പാര്‍ട്ടിസഖാക്കളുമുണ്ട് --പെട്ടെന്നാണ് പൊട്ടിത്തെറിച്ചത്.

''അതൊന്നും പറഞ്ഞാല്‍ പറ്റുകേല. ഇവിടെ സുലോചന തന്നെ അഭിനയിച്ചാല്‍ മതി.''

ക്ഷുഭിതസ്വരത്തില്‍, കൂടുതല്‍ ശബ്ദങ്ങള്‍ ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങി.

''അവള് വരട്ടെ.അവള് വന്നിട്ട് നാടകം കളിച്ചാല്‍ മതി.അവളില്ലാതെ ഇവിടിപ്പം ആരുമങ്ങനെ നാടകം കളിക്കേണ്ട.''

....ഇഷ്ടവും ആരാധനയും കൂടുമ്പോള്‍ കലാകാരന്മാരെയും കലാകാരികളെയും 'അവനെ'ന്നും 'അവളെ'ന്നും

സംബോധന ചെയ്യുന്നത് മലയാളികളുടെ ഒരു ശീലമാണല്ലോ.അങ്ങനെയാണ് സുലോചനയെയും അവര്‍ 'അവളെ'ന്ന് വിളിച്ചത്....

അപ്പോഴേക്കും അവിടമാകെ ബഹളമയമായിക്കഴിഞ്ഞിരുന്നു.കെ പി എ സിക്കാരെ വളഞ്ഞുവെച്ചുകൊണ്ട് എല്ലാവരും കൂടി ഒച്ചയിട്ടു.'സുലോചന വരട്ടെ.അതുകഴിഞ്ഞ് നാടകം കളിച്ചിട്ട് ഇവിടെ നിന്ന് പോയാല്‍ മതി'യെന്ന് ആക്രോശിച്ചുകൊണ്ട് കൊട്ടകയുടെ പുറത്തേക്കുള്ള വാതിലുകള്‍ വെളിയില്‍ നിന്ന് വലിച്ചടച്ചു.കെ പി എ സിക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ തടങ്കലിലായി...

സുലോചന അപ്പോള്‍ മദ്രാസിലായിരുന്നു.ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയതാണ്. സിനിമയുടെ പേര് 'അരപ്പവന്‍' സിനിമയിലേക്കുള്ള ക്ഷണം കിട്ടിയപ്പോള്‍ സുലോചന ആദ്യം നിരസിച്ചു. കാരണം, ആ സമയത്ത് എല്ലാ ദിവസവും നാടകമുണ്ടായിരുന്നു.നാടകം മുടക്കിക്കൊണ്ട് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതില്‍ സുലോചനയ്ക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. .ഒടുവില്‍ പാര്‍ട്ടിക്കാര്‍ വഴി നിര്‍മ്മാതാവിന്റെ സമ്മര്‍ദ്ദമുണ്ടായി.പുറമേ,കെ പി എ സിയില്‍ നിന്ന് രണ്ടാഴ്ചത്തെ ലീവും അനുവദിച്ചു.അങ്ങനെയാണ്, ഷൂട്ടിംഗില്‍ പങ്കെടുക്കാനായി അണ്ണനും സഹോദരീ ഭര്‍ത്താവിനുമൊപ്പം സുലോചന മദ്രാസിലേയ്ക്ക് പോയത്.എന്നാല്‍ വിചാരിച്ച സമയത്ത് സുലോചനയുടെ ഭാഗങ്ങള്‍ എടുത്തു തീര്‍ന്നില്ല.കൂടെ അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റുകളില്‍ ആരോ 'കാള്‍ ഷീറ്റ് ' തെറ്റിച്ചതുകൊണ്ട് രണ്ടുദിവസം ഷൂട്ടിംഗ് 'ബ്രേക്ക്' ആയി. പറഞ്ഞ സമയത്ത് നാടകത്തിന് പോകാന്‍ പറ്റാത്തതുകൊണ്ട് സുലോചന ആകെ അസ്വസ്ഥയായിരുന്നു. ഉടനെതന്നെ കൃഷ്ണന്‍ കുട്ടി പോറ്റിസാറിനെ വിളിച്ചു വിവരമറിയിച്ചു. സുലോചനയ്ക്ക് പകരം ഉഷയുടെ വേഷത്തില്‍,അപ്പോള്‍ കവിയൂര്‍ പൊന്നമ്മ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.എന്നാല്‍ കട്ടപ്പനയില്‍ ബുക്ക് ചെയ്തിരുന്ന നാടകം തൊട്ട്, സുലോചനയാണ് അഭിനയിക്കേണ്ടിയിരുന്നത്.ഒടുവില്‍ പൊന്നമ്മയെത്തന്നെ കട്ടപ്പന നാടകത്തിന് കൊണ്ടുപോകാന്‍ കെ പി എ സി തീരുമാനിക്കുകയായിരുന്നു.


(കവിയൂര്‍ പൊന്നമ്മ)

പോറ്റിസാര്‍ കായംകുളത്ത് കെ പി എ സി ഓഫീസില്‍ വിളിച്ച്, സുലോചന മദ്രാസില്‍ നിന്ന് എത്തിയാലുടന്‍ തന്നെ ഒരു ടാക്സി പിടിച്ച് കട്ടപ്പനയിലെത്തിക്കാന്‍ നിര്‍ദ്ദേശിച്ചു.പിറ്റേന്ന് രാവിലെ സുലോചന കായംകുളത്ത് എത്തിയപ്പോഴാണ് സംഭവങ്ങളൊക്കെ അറിയുന്നത്.ഒറ്റനിമിഷം പോലും കളയാന്‍ നില്‍ക്കാതെ,അപ്പോള്‍ത്തന്നെ അണ്ണന്റെകൂടെ കട്ടപ്പനയിലേയ്ക്ക് തിരിച്ചു.സുലോചന വന്നു ചേര്‍ന്നതോടെയാണ്, സമിതിയില്‍ എല്ലാവരുടെയും ശ്വാസം നേരെ വീണത്.അങ്ങോട്ടുമിങ്ങോട്ടുമൊന്നുതിരിയാന്‍ പോലുമാകാതെ ബന്ദികളെപ്പോലെ കഴിയുകയായിരുന്നല്ലോ അവര്‍. ഒടുക്കം 'അവള്‍' എത്തിച്ചേര്‍ന്നപ്പോള്‍,കട്ടപ്പനക്കാര്‍ അത് ഗംഭീരമായിത്തന്നെ ആഘോഷിച്ചു.സുലോചന നാടകത്തിനെത്തിയ വിശേഷം,കട്ടപ്പന ടൗണില്‍ മുഴുവന്‍ അനൗണ്‍സ് ചെയ്തറിയിച്ചതിന് ശേഷമാണ്,നിറഞ്ഞ സദസ്സില്‍ അന്ന് 'പുതിയ ആകാശം പുതിയ ഭൂമി' അരങ്ങേറിയത്.


(സുലോചന)

വല്ലപ്പോഴും മാത്രം പ്രദര്‍ശനത്തിനെത്തുന്ന സിനിമയേക്കാള്‍,ജനകീയകലയായ നാടകത്തെ സ്‌നേഹിച്ചിരുന്ന അന്നത്തെ പൊതുസമൂഹത്തിന്റെ ആരാധനാപാത്രങ്ങളായിരുന്നു, നാടക നടീനടന്മാര്‍. അക്കൂട്ടത്തില്‍ സൂപ്പര്‍ താരപദവിയായിരുന്നു സുലോചനയ്ക്ക്.കെ എസ് ജോര്‍ജ്ജിന്റെയും സുലോചനയുടെയും പാട്ടുകളില്ലാത്ത ഒരു കെ പി എ സി നാടകം അന്ന് സങ്കല്‍പ്പിക്കാന്‍ പോലുമാകുമായിരുന്നില്ല.തോപ്പില്‍ ഭാസിയുടെ ശക്തമായ തൂലികയും നടീനടന്മാരുടെ അതുല്യമായ അഭിനയപാടവവും ഓ എന്‍ വി - ദേവരാജന്‍ ടീമിന്റെ നാടന്‍ സൗന്ദര്യം തുടിച്ചുനില്‍ക്കുന്ന ഗാനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയപിന്‍ബലവുമെല്ലാം ചേര്‍ന്നാണ് കെ പി എ സിയുടെ നാടകങ്ങളെ ജനപ്രീതിയുടെ ഉയരങ്ങളിലെത്തിച്ചതെന്നത് സത്യമാണ്.എന്നാല്‍ കാന്തത്തിന്റേതുപോലെയുള്ള ആകര്‍ഷണശക്തിയോടെ ആളുകളെ ആ നാടകങ്ങളിലേയ്ക്ക് വലിച്ചടുപ്പിച്ചത്,കെ എസ് ജോര്‍ജിന്റെയും സുലോചനയുടെയും വശ്യമനോഹരമായ ആലാപന ശൈലിയായിരുന്നു. സുലോചനയുടെ പാട്ടും അഭിനയവും നേരിട്ടുകണ്ട് ആസ്വദിക്കാന്‍ എത്തിയവര്‍ക്ക് അത് സാധ്യമല്ല എന്നറിഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ നിരാശയും കോപവുമാണ് കട്ടപ്പനക്കാരെ അങ്ങനെ രൂക്ഷമായി പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. 'കട്ടപ്പന സംഭവ'ത്തിന്ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കൊല്ലത്ത് സംഭവിച്ചതും പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള അത്തരമൊരു തിരസ്‌ക്കാരമായിരുന്നു.പക്ഷെ നിര്‍ഭാഗ്യവശാല്‍, കേരളത്തിന്റെ സ്വന്തം ജനകീയനാടകപ്രസ്ഥാനത്തിന്റെ ശക്തമായ കെട്ടുറപ്പിന് വിള്ളലേല്പിക്കുന്നതിലേയ്ക്കാണ് ആ സംഭവം ചെന്നെത്തിയത്....

ദല്‍ഹി നാടകോത്സവം കഴിഞ്ഞ്, കൊല്ലത്ത് മടങ്ങിയെത്തിയ ഉടനെതന്നെ, ഓ മാധവന്‍ കടപ്പാക്കടയിലുള്ള തന്റെ അടുത്ത സഖാക്കളുടെയും സുഹൃത്തുക്കളുടെയും ഒരു അനൗപചാരിക യോഗം വിളിച്ചുകൂട്ടി.മദ്രാസില്‍ കൂടിയ കെ പി എ സിയുടെ മീറ്റിങ്ങില്‍ വെച്ച് തീരുമാനമെടുത്തതുപോലെ, ഒരു നാടകം നടത്തുന്നതിനെ കുറിച്ച് ആലോചിക്കാനായിരുന്നു അത്.

അന്ന് ഒരു നാടകം വിജയകരമായി നടത്താന്‍ ഏറ്റവും പറ്റിയ സ്ഥലം കൊല്ലം പട്ടണമായിരുന്നു.കായംകുളം ആസ്ഥാനമാക്കുന്നതിന് മുമ്പ്, സമിതിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് കൊല്ലത്തായിരുന്നല്ലോ.അതുകൊണ്ട് കൊല്ലത്തുകാരുടെ സ്വന്തം നാടകപ്രസ്ഥാനത്തെപ്പോലെയായിരുന്നു കെ പി എ സി.മാത്രമല്ല,കൊല്ലത്തെ പ്രമുഖരായ സകലരുമായും മാധവന് സൗഹൃദവുമുണ്ട്.അതുകൊണ്ടൊക്കെയാണ് നാടകം കൊല്ലത്തുവെച്ചു നടത്താമെന്ന് തീരുമാനിച്ചത്.


(കൊല്ലം പട്ടണത്തിലെ സുഹൃത്ത് സംഘം.1957 ല്‍ കോളേജ് അദ്ധ്യാപകനായി പോകുന്ന ഓ എന്‍ വി യ്ക്ക് യാത്രയയപ്പ് നല്‍കിയ വേളയില്‍.തോപ്പില്‍ ഭാസി,ഓ മാധവന്‍,കെ എന്‍ പങ്കജാക്ഷന്‍ നായര്‍(പാഞ്ചേട്ടന്‍),ആര്‍ ഗോപിനാഥന്‍ നായര്‍(ജനയുഗം കൊച്ചുഗോപി),എം എന്‍ രാമചന്ദ്രന്‍ നായര്‍,ഉള്ളുരുപ്പില്‍ കരുണാകരന്‍,കെ ചന്ദ്രശേഖരന്‍,കെ എസ് ശ്രീധരന്‍,തോപ്പില്‍ കൃഷ്ണപിള്ള,കെ എസ് ജോര്‍ജ്ജ് തുടങ്ങിയവരെ കാണാം)

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊല്ലം ടൗണിലെ പ്രധാന നേതാക്കളായ ഉള്ളുരുപ്പില്‍ കരുണാകരന്‍,മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ ചന്ദ്രശേഖരന്‍, കൗണ്‍സിലര്‍ കെ എസ് ശ്രീധരന്‍,കെ വിദ്യാധരന്‍,ജനയുഗം ലേഖകന്‍ വി ലക്ഷ്മണന്‍ തുടങ്ങിയവരും പട്ടത്തുവിള ഗംഗാധരന്‍,കഴുതയുരുട്ടി ദിവാകരപ്പണിക്കര്‍,ജോണ്‍ കുര്യനോളിയം എന്നീ മാധവന്റെ ഉറ്റസുഹൃത്തുക്കളുമാണ് ഒത്തുകൂടിയത്.കൊല്ലം ടൗണില്‍ ആര്‍ എസ് പിയുടെ ആക്രമണങ്ങളെ തടുത്തുനിറുത്താനും തിരിച്ചടിയ്ക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കുവേണ്ടി ചോരയും നീരും കൊടുക്കാനും മുന്നണിയില്‍ നിന്നുനയിച്ച 'ഉള്ളുരുപ്പി'യും സഖാക്കളും കെ പി എ സിയുടെ ഏറ്റവും ശക്തരായ ബന്ധുക്കളാണ്.


(1956 ലെ കൊല്ലം മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ വിജയിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍)

ഇവരെല്ലാം ചേര്‍ന്ന് ആരംഭിച്ച കടപ്പാക്കട ആര്‍ട്ട്‌സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് കൊല്ലംടൗണിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രവുമായിരുന്നു...

ദല്‍ഹിയില്‍ നടന്ന മോഷണസംഭവവും നഷ്ടപരിഹാരത്തിന് വേണ്ടി നാടകം നടത്താനെടുത്ത തീരുമാനവുമൊക്കെ മാധവന്‍ സുഹൃത്തുക്കളോട് വിശദീകരിച്ചു.ഏറ്റവും അടുത്ത ഒരു ദിവസം,മഴക്കാലം തുടങ്ങുന്നതിന് മുമ്പുതന്നെ,നാടകം നടത്തണമെന്നു തീരുമാനമായി.ടൗണ്‍ അതിര്‍ത്തിയിലുള്ള, കിളികൊല്ലൂരിലെ എസ് വി ടാക്കീസ് വേദിയായും നിശ്ചയിച്ചു.കെ പി എ സിയുടെ ഏറ്റവും ജനപ്രീതി നേടിയ നാടകമായ 'മുടിയനായ പുത്രന്‍' തന്നെ കളിക്കണമെന്ന അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കം.നാടൊന്നടങ്കം ഏറ്റു പാടിയ, സുലോചനയുടെയും ജോര്‍ജ്ജിന്റെയും പാട്ടുകള്‍ ആ നാടകത്തിലാണല്ലോ. പോരെങ്കില്‍, മാധവന് അഭിനയിക്കാന്‍ കൂടുതല്‍ ആത്മവിശ്വാസവും 'മുടിയനായ പുത്രന്‍' ആയിരുന്നു.

കൊട്ടക ബുക്ക് ചെയ്യാനും നോട്ടീസ് അടിക്കാനുമാവശ്യമായ തുക മാധവന് കൊടുത്തത് കെ എസ് ശ്രീധരനാണ്. സുഹൃത്തുക്കളെയും പരിചയക്കാരെയും സ്ഥലത്തെ പണക്കാരെയുമൊക്കെ കണ്ട് മാധവനും സുഹൃത്തുക്കളും ടിക്കറ്റ് വിറ്റു. പിന്നീട് പണം തന്നുകൊള്ളാമെന്ന ഉറപ്പിലാണ് പലരും ടിക്കറ്റ് വാങ്ങിയത്.നാടകം ഒരു വന്‍ വിജയമാകുമെന്ന കാര്യം ഏതായാലും തീര്‍ച്ചയായി.

എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത ചില തടസ്സങ്ങള്‍ നാടകത്തെ തേടി വന്നു. നാടകം നടക്കാന്‍ നാലുദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ കെ പി എ സിയുടെ സെക്രട്ടറി പോറ്റിസാര്‍ മാധവനെ കാണാന്‍ തിരക്കിട്ടെത്തി. ഓ. മാധവന്റെ വാക്കുകളില്‍:

''നാടകം മാറ്റിവെയ്ക്കണം'' വളരെ വിഷമിച്ചാണ് പോറ്റി സാറത് പറഞ്ഞത്.

''നീട്ടിവെച്ചാല്‍ മഴക്കാലമാവില്ലേ സാര്‍? മഴയത്ത് നാടകം നടത്തിയാല്‍ നാം ഉദ്ദേശിക്കുന്ന ഗുണം കിട്ടുമോ?''നെഞ്ചിടിപ്പുണ്ടെങ്കിലും ഞാന്‍ ചോദിച്ചു.

''നാടകത്തിലെ പ്രധാന നടീനടന്മാരായ സുലോചനയും കെ എസ് ജോര്‍ജ്ജും മദ്രാസിന് പോകുന്നു.കെ പി എ സി യുടെ ഗാനങ്ങള്‍ റിക്കാര്‍ഡ് ചെയ്യാന്‍.ഇന്നു പുറപ്പെടുകയാണ്.ഒരാഴ്ച്ച താമസമുണ്ടാകും.''ഇതിനുമുമ്പും ഇങ്ങനെപോയിട്ടുണ്ട്.പക്ഷെ അന്നൊന്നും നാടകം മുടക്കിയിട്ടല്ല പോയിരുന്നത്.ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ ദിവസം മുന്‍കൂട്ടി നിശ്ചയിച്ചിട്ടാണ് പോയിട്ടുള്ളത്.

''ഇത് അവര്‍ കാലേക്കൂട്ടി അറിയിച്ചതാണ്.നമ്മള്‍ സ്ഥലത്തില്ലാത്തത് കൊണ്ട് മറുപടി കൊടുത്തില്ല.അസൗകര്യമില്ലായിരിക്കുമെന്നു കരുതി ഇരിക്കുക അവര്‍ തീയതി ഉറപ്പിച്ചു.പോകാതെ പറ്റുകയില്ല.''

''എങ്കില്‍ പോകട്ടെ.'' നിരാശ നിറഞ്ഞ മറുപടിയുമായി സെക്രട്ടറി തിരിച്ചുപോയി.

ഉടന്‍തന്നെ ഞങ്ങളുടെ സുഹൃത് സമ്മേളനം കൂടി.

''നാടകം മാറ്റിവെക്കാന്‍ പറ്റുകില്ല.'ഒറ്റസ്വരം.''പകരം രണ്ടാളെ കണ്ടുപിടിച്ചു നാടകം നടത്തണം.'

''ഈ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അതെങ്ങനെ നടക്കും?''

''ശ്രമിച്ചുനോക്കാം''

ശ്രമമാരംഭിച്ചു.സുലോചനയ്ക്ക് പകരം കവിയൂര്‍ പൊന്നമ്മയെ വിളിച്ചു.റിഹേഴ്‌സല്‍ തുടങ്ങി.ജോര്‍ജ്ജിന് പകരം ഒരാളെത്തേടി കാറു കുറേ ഓടിച്ചു.അവസാനം വൈക്കം വാസുദേവന്‍ നായരുടെ സഹോദരന്‍ വൈക്കം ചന്ദ്രനുണ്ടെന്നറിഞ്ഞു വൈക്കത്ത് ചെന്ന് അദ്ദേഹത്തെ തപ്പി.റിഹേഴ്‌സല്‍ തുടങ്ങി.പുലക്കള്ളിയുടെ ഭാവവും സംഭാഷണവുമൊന്നും പൊന്നമ്മയ്ക്ക് വശമാകുന്നില്ല.ഊണുമുറക്കവുമില്ലാതെ ശ്രമിച്ചുനോക്കി രക്ഷയില്ല....

''എനിക്ക് പറ്റുകില്ല.' പൊന്നമ്മ തീര്‍ത്തുപറഞ്ഞു.എല്ലാവരും സ്തംഭിച്ചിരുന്നു.'' *

അപ്പോള്‍ മാധവന്റെ മുമ്പില്‍ ഒരു വഴി തെളിഞ്ഞുവന്നു.നാടകം മാറ്റാം.'പുതിയ ആകാശം പുതിയ ഭൂമി'ആക്കാം.അതില്‍ എഞ്ചിനീയറുടെ ഭാര്യയും അഭ്യസ്തവിദ്യയുമായ നായികയാണല്ലോ സുലോചന.ആ വേഷമഭിനയിക്കാന്‍ പൊന്നമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടാകുകില്ല.ആ രാത്രി തന്നെ റിഹേഴ്‌സല്‍ തുടങ്ങി.ചന്ദ്രന്‍ ഏതാണ്ട് ശരിയായി വന്നു. അപ്പോഴേയ്ക്ക് ആത്മവിശ്വാസം തിരിച്ചുകിട്ടിയ കവിയൂര്‍ പൊന്നമ്മ അടുത്ത രണ്ടുദിവസങ്ങള്‍ കൊണ്ട് ശരിയാക്കാം എന്നു മാധവന് ഉറപ്പുകൊടുത്തു.

നാടകപരിശീലനവും പഠിപ്പിക്കലുമായി മാധവന്‍ തിരക്കുപിടിച്ച് ഓടിനടക്കുന്ന നേരത്ത് നാടകനടത്തിപ്പുകാരായ സഖാക്കള്‍ ഏതാണ്ട് നിഷ്‌ക്രിയരായി മാറിക്കഴിഞ്ഞിരുന്നു.മുടിയനായ പുത്രന്‍ നാടകം മാറ്റിയത് അവരുടെയെല്ലാം ഉത്സാഹം കെടുത്തി.നടത്തുമെന്ന് പരസ്യപ്പെടുത്തിയ നാടകത്തിന്റെ ടിക്കറ്റൊക്കെ വിറ്റുകഴിഞ്ഞിട്ട് അതുമാറ്റി വേറെ നാടകം കളിക്കുന്നത് ആള്‍ക്കാരെ പറഞ്ഞുപറ്റിക്കുന്നതുപോലെയാണെന്നായിരുന്നു അവരുടെ അഭിപ്രായം.ആ കാരണം കൊണ്ട്, വിറ്റുകഴിഞ്ഞ ടിക്കറ്റുകളുടെ പണം പോയി വാങ്ങിക്കാന്‍ പോലും അവര്‍ മടിച്ചു. സുലോചനയും ജോര്‍ജ്ജും അവരുടെ പാട്ടുകളും നാടകത്തില്‍ ഉണ്ടാകില്ലെന്ന കാര്യം ഈ അവസാന നിമിഷത്തില്‍ നാട്ടുകാരോട് എങ്ങനെ പറയുമെന്നതായിരുന്നു അവരുടെ പ്രധാന പ്രശ്‌നം. പക്ഷെ സുലോചനയും ജോര്‍ജ്ജും നാടകത്തില്‍ ഇല്ലെന്ന കാര്യം നാടകം നടക്കുന്ന ദിവസം രാവിലെ തന്നെ കൊല്ലം പട്ടണമാകെ പരന്നു കഴിഞ്ഞിരുന്നു.... അന്ന് വൈകുന്നേരം നാടകം കാണാന്‍ വളരെ കുറച്ചാളുകള്‍ മാത്രമേ എത്തിയിരുന്നുള്ളൂ.കൊട്ടകയുടെ വാടക കൊടുത്തുതീര്‍ക്കാന്‍ മാധവന് വീണ്ടും പണം കടം വാങ്ങേണ്ടി വന്നു...

നേരത്തെ ഏറ്റ രണ്ടു നാടകങ്ങള്‍ കൂടി കളിച്ചു കഴിഞ്ഞതിന് ശേഷം മാധവനും വിജയകുമാരിയും ഒരു പതിറ്റാണ്ടുകാലത്തെ ബന്ധമുപേക്ഷിച്ച്, കെ പി എ സി യുടെ പടിയിറങ്ങി.സമിതിയില്‍ നിന്ന് രാജിവെച്ചുപോകുകയായിരുന്നില്ല, അവധിയെടുത്തുകൊണ്ടാണ് രണ്ടുപേരും കെ പി എ സി വിട്ടത്...

എന്റെ മകനാണ് ശരി'യില്‍ ഒരു നടന്റെ പകരക്കാരനായി കെ പി എ സിയിലെത്തിയ ഓ മാധവന്‍,സമിതിയുടെ അമരക്കാരനായത് തീര്‍ത്തും യാദൃശ്ചികമായിട്ടായിരുന്നു.അതിനുശേഷം,എന്തെല്ലാം പ്രതിസന്ധികളെയും എത്രയെത്ര കടമ്പകളെയുമാണ് കെ പി എ സി അതിജീവിച്ചത്!ആരെയും ഭയക്കാതെയും ഒന്നിനെയും കൂസാതെയുമുള്ള ആ സാഹസികയാത്രയില്‍, ചങ്കൂറ്റത്തോടെ പ്രസ്ഥാനത്തെ നയിച്ച ഓ മാധവനും ഒരു കൊച്ചുപാവാടക്കാരിയായിഅരങ്ങേറ്റം നടത്തി,ഇരുത്തം വന്ന അഭിനേത്രിയായി വളര്‍ന്ന വിജയകുമാരിയും സമിതി വിട്ടുപോകുമ്പോള്‍ ,എല്ലാവരുടെയും ഉള്ളില്‍ നിറഞ്ഞുനിന്നത് വല്ലാത്തൊരു നഷ്ടബോധമായിരുന്നു.


(ഓ മാധവന്‍ -വിജയകുമാരി)

ഓ മാധവനും വിജയകുമാരിയും സമിതിയില്‍ നിന്ന് വിട്ടുപോകാനിടയായ കാര്യങ്ങളില്‍ സുലോചനയ്ക്ക് ഉറച്ച നിലപാടുണ്ടായിരുന്നു.എങ്കിലും ദീര്‍ഘകാലം ഒരുമിച്ചുണ്ടായിരുന്ന, സഹോദരതുല്യരായ രണ്ടുപേര്‍ പ്രസ്ഥാനം വിട്ടുപോകുന്നതില്‍ മനപ്രയാസവുമുണ്ടായിരുന്നു.അവരെ കെ പി എ സിയില്‍ പിടിച്ചുനിര്‍ത്താന്‍ പോറ്റിസാറും മറ്റും പരമാവധി ശ്രമിച്ചെങ്കിലും ഫലിച്ചില്ല.

കെ പി എ സി യുടെ ആരംഭം മുതല്‍ക്കുള്ള ഏറ്റവും സീനിയര്‍ ആയ അഭിനേതാവ്,പ്രേക്ഷകരുടെയും പൊതുസമൂഹത്തിന്റെയും അംഗീകാരമുള്ള, പ്രസിദ്ധിയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങിനില്‍ക്കുന്ന നടിയും പാട്ടുകാരിയും....ഈ പരിഗണന എല്ലാവരും സുലോചനയ്ക്ക് നല്‍കിയിരുന്നു. ജനാര്‍ദ്ദനക്കുറുപ്പിനോടും തോപ്പില്‍ ഭാസിയോടുമെല്ലാം ബഹുമാനം സൂക്ഷിച്ചുകൊണ്ടുതന്നെഅഭിപ്രായങ്ങള്‍ തുറന്നുപറയാനും ചര്‍ച്ച ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു സുലോചനയ്ക്ക്. എന്നാല്‍ സുലോചന ഭയം കലര്‍ന്ന ആദരവോടെ കണ്ടിരുന്ന രണ്ടുപേരുണ്ടായിരുന്നു കെപിഎസിയില്‍. അതിലൊരാള്‍ പോറ്റിസാറായിരുന്നു.മറ്റേത് ദേവരാജനും.


(പരവൂര്‍ ജി ദേവരാജന്‍)

ഒരു സംഗീതസംവിധായകന്റെ സ്ഥാനം മാത്രമായിരുന്നില്ല കെപിഎസിയില്‍ ദേവരാജനുണ്ടായിരുന്നത്.അച്ചടക്കം,കൃത്യനിഷ്ഠ,വസ്ത്രധാരണം,സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ സൂക്ഷിക്കേണ്ട മാന്യത..ഇങ്ങനെ സമിതിയ്ക്കുള്ളില്‍ കര്‍ശനമായ ഒരു പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതില്‍ ദേവരാജന്‍ കാര്‍ക്കശ്യം കാണിച്ചിരുന്നു.പൊതുവെ സൗമ്യപ്രകൃതനാണെങ്കില്‍പ്പോലും ,നിലപാടുകളില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ദേവരാജന്‍ തയ്യാറായിരുന്നില്ല.പാട്ടു പഠിപ്പിക്കുമ്പോള്‍ അങ്ങേയറ്റം ക്ഷമ കാണിച്ചിരുന്നെങ്കിലും,അച്ചടക്കത്തിന്റെയും മറ്റും കാര്യത്തില്‍, ചെറിയൊരു തെറ്റുകണ്ടാല്‍ പോലും ഉഗ്രമായി ശാസിച്ചിരുന്നതുകൊണ്ട്, സുലോചനയ്ക്കും മറ്റു നടിമാര്‍ക്കും ദേവരാജനെ ഒരുപാട് പേടിയായിരുന്നു....

എച്ച് എം വിയ്ക്കു വേണ്ടി 'മുടിയനായ പുത്രനി'ലെ പാട്ടുകള്‍ റെക്കോഡ് ചെയ്യാന്‍ മദ്രാസിലെത്തിയതാണ് പോറ്റി സാര്‍,ദേവരാജന്‍,സുലോചന,കെ എസ് ജോര്‍ജ്ജ് എന്നിവര്‍.സുലോചനയോടൊപ്പം അണ്ണനുമുണ്ട്.തോപ്പില്‍ ഭാസി തിരക്കഥയെഴുത്തുമായി മദ്രാസില്‍ തന്നെയുണ്ടായിരുന്നു.രണ്ടുമൂന്നാഴ്ച്ച മദ്രാസില്‍ താമസിച്ചാണ് റെക്കോഡിംഗ്.

മദ്രാസില്‍ കഴിയുമ്പോള്‍ ഒരു സംഭവമുണ്ടായി.കെ പി എ സി യുടെ പാട്ടുകള്‍ റെക്കോഡ് ചെയ്യുന്ന എച്ച് എം വി കമ്പനിയുടെ മേധാവിയുടെ മകള്‍ നര്‍ത്തകിയായി അരങ്ങേറ്റം നടത്തുന്നു. ദക്ഷിണേന്ത്യന്‍ചലച്ചിത്ര ലോകത്തിലെയും നൃത്ത സംഗീത മേഖലകളിലെയും പ്രമുഖരെയെല്ലാം അരങ്ങേറ്റച്ചടങ്ങിലും തുടര്‍ന്ന് നടക്കുന്ന വിരുന്നുസത്കാരത്തിലും പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.കെ പി എ സി ക്കാര്‍ക്കും കിട്ടി ക്ഷണപത്രം.ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന ആളുടെ പേര് കേട്ടപ്പോള്‍ സുലോചന സന്തോഷം കൊണ്ട് പരിസരം മറന്നുപോയി.സുലോചനയുടെ ആരാധനാപാത്രമായ,ഉള്ളിലുള്ള പ്രണയസങ്കല്പത്തിന്റെ മൂര്‍ത്തീഭാവമായ ഒരു നടന്‍.കാതല്‍ മന്നന്‍ എന്ന് വിളിക്കപ്പെടുന്ന ജെമിനി ഗണേശന്‍.


(ജെമിനി ഗണേശന്‍)

സിനിമ കാണലാണ് സുലോചനയുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വിനോദം. കൊച്ചിലേ മുതല്‍ക്ക് ഇഷ്ടം തമിഴ് സിനിമയോടാണ്.അങ്ങനെയാണല്ലോ 'ശകുന്തള'യും 'ഭക്തമീര'യും 'ശിവകവി'യും 'അശോക് കുമാറു'ം ,ആ സിനിമകളിലൂടെ എം എസ് സുബ്ബ്ലക്ഷ്മിയും ത്യാഗരാജഭഗവതരുമൊക്കെ മനസില്‍ കയറിക്കൂടിയത്.കുറച്ചുകൂടി ചെന്നപ്പോള്‍ ശിവാജി ഗണേശനും എം ജി രാമചന്ദ്രനും ഭാനുമതിയുമൊക്കെയായി ഇഷ്ടതാരങ്ങള്‍.തിരുവനന്തപുരത്തുള്ളപ്പോള്‍ ചാലയിലെ ചിത്രാ തീയേറ്ററില്‍ റിലീസ് ചെയ്യുന്ന ഒറ്റ തമിഴ് പടം പോലും ഒഴിവാക്കിയിരുന്നില്ല.കെ പി എ സിയില്‍ നിന്ന് ബിയാട്രീസ് ആണ് മിക്കവാറും കൂട്ട് പോകാറുള്ളത്. അണ്ണനും കൂടെച്ചെല്ലും.അങ്ങനെയാണ് ജെമിനി ഗണേശന്റെ സിനിമകള്‍ കാണാന്‍ തുടങ്ങിയത്.'മനം പോലെ മംഗല്യം', 'മിസിയമ്മ' 'കണവനെ കണ്‍ കണ്ട ദൈവം' 'വഞ്ചിക്കോട്ട വാലിബന്‍' 'കൈരാശി'....'കല്യാണപ്പരി ശി' ലെത്തിയപ്പോഴേക്കും സുലോചന ജെമിനിയുടെ കടുത്ത ആരാധികയായി.


(ജെമിനി ഗണേശനും നായികയും ഭാര്യയുമായ സാവിത്രിയും)

ഒരു തവണയെങ്കിലും ജെമിനിയെ ഒന്നു നേരിട്ടു കാണണമെന്ന ആഗ്രഹത്തോടെയാണ് ഓരോ പ്രാവശ്യവും മദ്രാസില്‍ ചെന്നിറങ്ങുന്നത്.ഒരിക്കലും നടക്കാത്ത ആഗ്രഹമായി അത് മനസ്സില്‍ അവശേഷിക്കുമ്പോഴാണ് ഇതാ ഇഷ്ട നായകനെ തൊട്ടടുത്തുനിന്നു കാണാനുള്ള അവസരം വന്നുചേര്‍ന്നത്.

ജെമിനിയെ കാണുമ്പോള്‍ ധരിക്കുന്നതിനു വേണ്ടി വളരെ വിലയുള്ള കടുംനിറത്തിലുള്ള പാട്ടുസാരിയും രണ്ട് ഇമിറ്റേഷന്‍ മാലകളും വാങ്ങി.എപ്പോഴും ധരിക്കാറുള്ള സ്വര്‍ണ്ണമാലയ്ക്കു പുറമേയാണിത്.

ചടങ്ങു നടക്കുന്ന അന്ന് രാവിലെ മുതല്‍ക്ക് തന്നെ സുലോചന അണിഞ്ഞൊരുങ്ങാന്‍ തുടങ്ങി.നന്നായി മേക്കപ്പ് ചെയ്ത്, പുതിയ സാരിയും മാലയുമൊക്കെ ധരിച്ച്, ചടങ്ങിന് പോകാനിറങ്ങി.ദേവരാജനും പോറ്റിസാറും അണ്ണനും സുലോചനയെ കാത്തു നില്‍ക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി. അത്യാഢംബരത്തോടെ ഒരുങ്ങിപ്പുറപ്പെട്ട സുലോചനയെ കണ്ട് എല്ലാവരും ഒന്ന് അന്ധാളിച്ചു.ദേവരാജന്‍ ദേഷ്യം കൊണ്ടു പൊട്ടിത്തെറിച്ചു.

''സുലോചന എന്താ വല്ല സൗന്ദര്യമത്സരത്തിനോ ഫാഷന്‍ പരേഡിനോ മറ്റോ പോകുകയാണോ? കേരളത്തിലെ ഏറ്റവും വലിയ കലാസംഘടനയായ കെ പി എ സി യുടെ പ്രതിനിധികളായിട്ടാണ് നമ്മള്‍ ഈ ചടങ്ങിന് പോകുന്നത്.എല്ലാവരും മാതൃകയായി കാണുന്നത് നമ്മളെയാണ്.ഇങ്ങനെയുള്ള വേഷവും കെട്ടിക്കൊണ്ട് സുലോചനയെപ്പോലെയൊരു കലാകാരി ചെന്നാല്‍ നമ്മള്‍ എത്ര അപഹാസ്യരാകുമെന്ന് ആലോചിച്ചുനോക്കു.അതുകൊണ്ട് വേഗം പോയി വേഷം മാറ്റിയിട്ട് സാധാരണ ഉടുക്കാറുള്ള സാരിയൊക്കെ ഉടുത്തുകൊണ്ടു വരു.ഞങ്ങളിവിടെ കാത്തുനില്‍ക്കാം.''

സുലോചന ഇതുകേട്ട് പൊട്ടിക്കരഞ്ഞു. അണ്ണന്‍ ഉള്‍പ്പെടെ ആരും സമാധാനിപ്പിക്കാനായി ഒരു വാക്ക് പോലും പറഞ്ഞില്ല.ദേവരാജന്‍ പറഞ്ഞത് ശരിവെക്കുന്ന ഭാവത്തിലായിരുന്നു അവരെല്ലാം.

സുലോചന കരഞ്ഞുകൊണ്ടുതന്നെ മുറിയിലേയ്ക്ക് ഓടിപ്പോയി.ധരിച്ചിരുന്ന പട്ടുസാരിയും ആഭരണങ്ങളും മാറ്റി ഒരു വെളുത്ത വോയില്‍ സാരി ഉടുത്തുവന്നു. ദേവരാജന്‍ വെളുത്ത പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.

'' സുലോചനയ്ക്കിതാണ് ചേരുന്ന വേഷം.ഇത്രയും ലാളിത്യവും ഭംഗിയും ആദ്യത്തെ വേഷത്തിനുണ്ടായിരുന്നോ സുലോചനേ?''

സുലോചന ഒന്നും മിണ്ടിയില്ല. താരനിബിഡ മായ ആ ചടങ്ങില്‍ ജെമിനി ഗണേശനെ ദൂരത്തു നിന്ന് ഒന്നുകണ്ടതല്ലാതെ അടുത്തുചെന്ന് പരിചയപ്പെടാനൊന്നും പോയില്ല.എല്ലാ ഉത്സാഹവും കെട്ടുപോയിരുന്നു. പക്ഷെ ദേവരാജന്‍ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ തറച്ചു.ആഢംബര പൂര്‍ണ്ണമായ വേഷമല്ല തന്റെ വ്യക്തിത്വം നിര്‍ണ്ണയിക്കുന്നതെന്ന് തിരിച്ചറിയാന്‍ സഹായിച്ച വാക്കുകള്‍.ദേവരാജന്‍ സഖാവിനോടുള്ള ആദരവ് പിന്നെയും കൂടാന്‍ ആ സംഭവം നിമിത്തമാകുകയായിരുന്നു.

എന്നാല്‍ അധികം വൈകാതെ,താന്‍ ഏറ്റവും ബഹുമാനിക്കുന്ന ദേവരാജന്‍ സഖാവിനെതിരെ സുലോചനയ്ക്ക് മുന്നിട്ടിറങ്ങേണ്ടി വന്നു.ഓ മാധവന്‍ സമിതി വിട്ടുപോയതിന് തൊട്ടുപിന്നാലെ ഉണ്ടായ ആ സംഭവം കെ പി എ സിയിലെ പിളര്‍പ്പിനും പുതിയൊരു നാടകസമിതിയുടെ പിറവിയ്ക്കും വഴിതെളിച്ചു....

(അടുത്ത ഭാഗം:' വരിക ഗന്ധര്‍വ ഗായകാ വീണ്ടും')

*ഒ. മാധവന്‍-ജീവിതച്ഛായകള്‍, എന്‍ബിഎസ് കോട്ടയം


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories