TopTop
Begin typing your search above and press return to search.

SERIES|'വരിക ഗന്ധര്‍വ്വ ഗായകാ വീണ്ടും'-കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

SERIES|വരിക ഗന്ധര്‍വ്വ ഗായകാ വീണ്ടും-കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

(ദേവരാജനും ഓ എന്‍ വിയും)

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)

ഭാഗം 40

''കാലം കൈകളിലേറ്റുവാങ്ങിയകലാ-

ലാവണ്യമേ മാലിനീ-

കൂലേനിന്നുകുണുങ്ങുമേണമോ-

ര്‍ത്താഹ്ലാദമോലുന്നിതാ,

നീലക്കണ്‍മുനയില്‍ കദംബ മലര്‍മാല്യം

നീട്ടി,യുള്‍ക്കാമ്പിലെ--

ത്താളത്താല്‍ തുടികൊട്ടി, നിന്‍ പുകള്‍

പുകഴ്ത്തിടുന്നു നൂറ്റാണ്ടുകള്‍!''

വിശ്വനാടകപ്രതിഭയുടെ ദീപ്തസ്മൃതിക്കു മുന്നില്‍ തലകുനിച്ച് പ്രണാമമര്‍പ്പിക്കുന്ന ആ നാന്ദി ശ്ലോകം, യവനിക ഉയര്‍ത്താന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ഒരു നാടകസംഘത്തിന്റെ അഭിവാദന ഗാനമായിരുന്നു.

ജനകീയ നാടകപ്രസ്ഥാനത്തിന്റെ ആരംഭനാള്‍ തൊട്ട് അമരക്കാരായിരുന്ന കുറച്ചുപേരാണ്, കൊല്ലം ആസ്ഥാനമാക്കി തുടങ്ങാനൊരുങ്ങുന്ന പുതിയ സമിതിയുടെ അരങ്ങത്തും അണിയറയിലുമായി നിലയുറപ്പിച്ചിട്ടുള്ളത്. ആശയപരമായ അഭിപ്രായഭിന്നതകള്‍ കൊണ്ടൊന്നുമല്ല അവര്‍ അകന്നുപോയത്. വിപ്ലവാശയത്തിന്റെ വിശാല ആകാശത്തിന്‍ കീഴില്‍ കൈകോര്‍ത്തുപിടിച്ചു നിന്നവര്‍ക്കിടയില്‍, മനസ്സുകള്‍ കൊണ്ടുള്ള പൊരുത്തപ്പെടല്‍ എങ്ങനെയോ ഇല്ലാതാകുകയായിരുന്നു.


(ഗ്രാമഫോണ്‍ റെക്കോഡ്)

....എച്ച്.എം.വി.യും കൊളംബിയയും പുറത്തിറക്കിയ നാടകഗാനങ്ങളുടെ ഗ്രാമഫോണ്‍ റെക്കോഡുകള്‍ നാടൊട്ടുക്ക് പ്രചാരത്തിലാകുകയും, നാടകങ്ങള്‍ കണ്ടിട്ടില്ലാത്തവര്‍ പോലും അതുകേട്ട് ആ പാട്ടുകള്‍ പാടിനടക്കുകയും ചെയ്തിരുന്ന നാളുകളായിരുന്നു അത്.'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി','സര്‍വേക്കല്ല്','മുടിയനായ പുത്രന്‍'എന്നീ കെപിഎസി നാടകങ്ങളിലെയും പ്രതിഭയുടെ 'വിശക്കുന്ന കരിങ്കാലി','മൂലധനം',കേരളാ തീയേറ്റേഴ്സിന്റെ 'സ്വര്‍ഗ്ഗം നാണിക്കുന്നു,'വിശറിക്കു കാറ്റുവേണ്ട' എന്ന നാടകങ്ങളിലെയും പാട്ടുകള്‍ റെക്കോഡുകളായി പുറത്തിറങ്ങിയപ്പോള്‍ സംഗീത പ്രേമികള്‍ ആവേശത്തോടെ സ്വീകരിച്ചു.സുലോചനയുടെയും കെ എസ് ജോര്‍ജ്ജിന്റെയും മധുരസ്വരങ്ങള്‍ നാടാകെ സംഗീത മഴ ചൊരിഞ്ഞു.

നാടകത്തിന് വേണ്ടി പാട്ടു പാടിയത് ആരുതന്നെയാണെങ്കിലും, ഗ്രാമഫോണ്‍ റെക്കോഡിന് വേണ്ടി ആ പാട്ട് ആരു പാടണമെന്നു നിശ്ചയിച്ചിരുന്നത് അതിന്റെ സംഗീത സംവിധായകന്‍ എന്ന നിലയില്‍ ദേവരാജനായിരുന്നു.ആരും ആ തീരുമാനത്തെ ഒരിക്കലും ചോദ്യം ചെയ്തിരുന്നില്ല.


(ദേവരാജന്‍)

ഉദാഹരണത്തിന് 'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി' നാടകത്തിലെ ഏറ്റവും പ്രശസ്തമായ 'പൊന്നരിവാളമ്പിളിയില്' അരങ്ങത്ത് സുലോചനയോടൊപ്പം കെ എസ് ജോര്‍ജ്ജും രാജഗോപാലന്‍ നായരും സാംബശിവനുമൊക്കെ പാടി അഭിനയിച്ച പാട്ടാണ്.ഗ്രാമഫോണ്‍ റെക്കോഡില്‍ ആ പാട്ട് പാടിയിരിക്കുന്നത് ദേവരാജന്‍ തന്നെയാണ്.അതുപോലെ അതേ നാടകത്തില്‍ സുധര്‍മ്മ പാടിയ 'നീലക്കുരുവീ..നീലക്കുരുവീ നീയൊരു കാരിയം ചൊല്ലുമോ'ദേവരാജനും 'സര്‍വേക്കല്ലി'ലെ സുധര്‍മ്മ യുടെ പാട്ടായ 'കുഞ്ഞിക്കാറ്റേ,കുഞ്ഞിക്കാറ്റേ,കൂട്ടിരിക്കാന്‍ വരുമോ നീ' കവിയൂര്‍ രേവമ്മയും പാടി.'മുടിയനായ പുത്രനി'ല്‍ കെ എസ് ജോര്‍ജ്ജും സുലോചനയും ചേര്‍ന്നു പാടിയ 'എന്തമ്മേ കൊച്ചുതുമ്പീ തുള്ളാതിരിക്ക്ണത്' ദേവരാജനും ജോര്‍ജ്ജുമാണ് റെക്കോഡിന് വേണ്ടി പാടിയത്.കേരളാ തീയേറ്റേഴ്സിന്റെ 'വിശറിക്കു കാറ്റുവേണ്ട' നാടകത്തില്‍ കെ ഇ ശ്രീധരനും ആലപ്പി റഷീദും ചേര്‍ന്നാലപിച്ച അവതരണഗാനം ഗ്രാമഫോണ്‍ റെക്കോഡില്‍ ദേവരാജനും കെ എസ് ജോര്‍ജ്ജും പാടി.'ഏഴാം കടലിനക്കരെയുണ്ടോ രേഴിലമ്പാല' ഉള്‍പ്പെടെ പല പാട്ടുകളും ഗായകരെ മാറ്റിയാണ് ദേവരാജന്‍ പിന്നീട് റെക്കോഡ് ചെയ്തത്.

എന്നാല്‍ ഇതാദ്യമായി ദേവരാജന്‍ സ്വേഛയാ കൈക്കൊള്ളുന്ന തീരുമാനം ചോദ്യം ചെയ്യപ്പെട്ടു.'പുതിയ ആകാശം പുതിയ ഭൂമി'യില്‍ സുലോചന പാടിയ രണ്ടു പാട്ടുകളുടെ പേരിലാണ് പ്രശ്നമുണ്ടായത്.


(കെ പി എ സി ഗാനമേള സുലോചന നയിക്കുന്നു)

'ചാഞ്ചാടുണ്ണീ ചരിഞ്ഞാടുണ്ണീ കുഴഞ്ഞാടുണ്ണീ,നീയാടാട്'

'ഒരിടത്തൊരിടത്തൊരു രാജ്യത്തെ രാജകുമാരീ.'

സുലോചനയ്ക്ക് താന്‍ പാടിയവയില്‍ വച്ചേറ്റവും പ്രിയപ്പെട്ട രണ്ടു പാട്ടുകളായിരുന്നു ഇവ. ആസ്വാദകരുടെ പക്കല്‍ നിന്ന് ഒരുപാടിഷ്ടവും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയ ആ പാട്ടുകള്‍ തനിക്കു തന്നെ ഗ്രാമഫോണ്‍ റെക്കോഡിലും പാടണമെന്ന് സുലോചനയ്ക്ക് താത്പര്യമുണ്ടായിരുന്നു. സംഗീതപ്രേമികള്‍ എക്കാലവും കൈവശം കാത്തു സൂക്ഷിച്ചുവെക്കുകയും ഇഷ്ടമുള്ളപ്പഴൊക്കെ കേട്ടാസ്വദിക്കുകയും പല തലമുറകളിലൂടെ ആ പാട്ടുകള്‍ തുടര്‍ന്ന് ജീവിക്കുകയും ചെയ്യുന്നത് റെക്കോഡുകള്‍ വഴിയാണല്ലോ.തന്റെ മറ്റു പാട്ടുകള്‍ പോലെ ഈ പാട്ടുകളും തന്റെ ശബ്ദത്തില്‍ തന്നെ വരുംതലമുറകള്‍ കേട്ടാസ്വദിക്കണമെന്ന് സുലോചന ആഗ്രഹിച്ചുപോയി.എന്നാല്‍ ദേവരാജന്റെ തീരുമാനം മറിച്ചായിരുന്നു.

''സവിശേഷതകളുള്ള ഒരു ശബ്ദത്തിന്റെ ഉടമ''യെന്നാണ് സുലോചനയെ,ദേവരാജന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.*''അതിനു മുന്‍പും പിന്‍പും കേട്ടിട്ടില്ലാത്ത പ്രത്യേക ശബ്ദ''മെന്നും. എന്നാല്‍ താന്‍ ഈണം നല്‍കിയ ആദ്യകാലഗാനങ്ങളെല്ലാം അനശ്വരമാക്കിയ ആ അപൂര്‍വ ശബ്ദം വേണ്ടെന്നു വെച്ച്, വേറെ രണ്ടു ഗായികമാരുടെ ശബ്ദം ഉപയോഗിക്കുകയാണ് ദേവരാജന്‍ ചെയ്തത്. 'ചാഞ്ചാടുണ്ണീ' പാടിയത് ചലച്ചിത്ര പിന്നണിഗായികയും മദ്രാസ് ആകാശവാണിയിലെ ഒരു ആര്‍ട്ടിസ്റ്റുമായ എ പി കോമളയാണ്.'ഒരിടത്തൊരിടത്തൊരു രാജ്യത്തെ രാജകുമാരീ' റാണി എന്ന ഗായികയും.


(എ.പി കോമള - റാണി)

1947 മുതല്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര പിന്നണിഗാനരംഗത്ത് സജീവമായിരുന്ന എ പി കോമള തമിഴ്, കന്നഡ,തെലുങ്ക്,മലയാളം ഭാഷകളിലെ

പ്രമുഖ സംഗീത സംവിധായകരോടും ഗായകരോടുമൊപ്പവും പാടിയിട്ടുണ്ട്. ,'അല്‍ഫോന്‍സ' 'ആത്മശാന്തി','ദേവസുന്ദരി','മന്ത്രവാദി','മിന്നല്‍പ്പടയാളി','നാടോടികള്‍' 'നീലിസാലി'തുടങ്ങിയ മലയാളചിത്രങ്ങളിലാണ് അതുവരെ പാടിയിട്ടുണ്ടായിരുന്നത്. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളും ഹിന്ദിയിലും ബംഗാളിലുമുള്‍പ്പെടെ നിരവധി ചലച്ചിത്രങ്ങളില്‍ പാടിയിട്ടുള്ള റാണിയാണ് സിലോണിന്റെ ദേശീയഗാനം ആലപിച്ചത്.

സുലോചനയ്ക്ക് പകരം ഈ രണ്ടു ഗായികമാരെ കൊണ്ട് പാടിച്ചതിനെ, വര്‍ഷങ്ങള്‍ക്ക് ശേഷം ദേവരാജന്‍ ന്യായീകരിച്ചത് ഇങ്ങനെയാണ്.

'ശബ്ദത്തിന്റെ ഗുണമേന്മയെ കുറിച്ചു പറയുമ്പോള്‍ എ പി കോമള എന്ന ഗായികയെ വിസ്മരിക്കാനാവില്ല.ഉറപ്പും(grip)ആകര്‍ഷകത്വവുമുള്ളതാണ് ശബ്ദം.ഉച്ചാരണശുദ്ധിയും ഭാവപൂര്‍ണ്ണമായ ആലാപനവും അവരുടെ പ്രത്യേകതയാണ്.'**

(കോട്ടയം കേരളാ തീയേറ്റേഴ്സിന്റെ'കതിരുകാണാക്കിളി' നാടകത്തില്‍ ലീല എന്ന കഥാപാത്രമായി രാജകുമാരി അരങ്ങത്തു പാടിയഭിനയിച്ച 'ചക്കരപ്പന്തലില്‍ തേന്മഴചൊരിയും ചക്രവര്‍ത്തി കുമാരാ' മെന്ന ഗാനവും ,ദേവരാജന്‍ റെക്കോഡില്‍ പാടിച്ചത് എ പി കോമളയെ കൊണ്ടായിരുന്നു.)'ജീവിതത്തില്‍ എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ശബ്ദ' മെന്നാണ് റാണിയുടെ ശബ്ദത്തെ ദേവരാജന്‍ വിശേഷിപ്പിച്ചത്.''അന്നും ഇന്നും ഞാന്‍ ഏറ്റവുമിഷ്ടപ്പെടുന്നതും മരിച്ചുപോയ ആ സ്ത്രീയുടെ ശബ്ദമാണ്.''***

തന്റേയു ഓ എന്‍ വി യുടെയും പാട്ടുകള്‍ക്ക് ചരിത്രത്തില്‍ സ്ഥാനം കൈവരുത്തുകയും കെ എസ് ജോര്‍ജ്ജിനോടൊപ്പം ജനകീയസംഗീതം എന്ന ഒരു ഗാനവിഭാഗത്തിന്റെ പാത വെട്ടിത്തുറക്കുകയും ചെയ്ത സുലോചനയുടെ ശബ്ദം എന്തുകൊണ്ട് വേണ്ടെന്നുവച്ചു എന്ന് ദേവരാജന്‍ ഒരിക്കലും വിശദീകരിച്ചില്ല.

....ഇതിനിടയ്ക്ക് ദേവരാജന്‍ വീണ്ടുമൊരു മലയാള സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നു.'കാലം മാറുന്നു' ഇറങ്ങി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 1959 സെപ്റ്റംബറില്‍ പുറത്തുവന്ന 'ചതുരംഗം' എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അത്.


(ചതുരംഗം സിനിമയുടെ പോസ്റ്റര്‍)

ജെ ഡി തോട്ടാന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ വയലാര്‍ രാമവര്‍മ്മ എഴുതിയ ഏഴു പാട്ടുകള്‍ പാടിയത് കെ എസ് ജോര്‍ജ്ജ്,ശാന്താ പി നായര്‍, കര്‍ണ്ണാടക സംഗീത വിദുഷിയായ എം എല്‍ വസന്തകുമാരി, കുമരേശന്‍,പട്ടം സദന്‍ എന്നിവരാണ്. അക്കൂട്ടത്തില്‍ ,ജോര്‍ജ്ജും ശാന്താ പി നായരും ചേര്‍ന്നുപാടിയ 'വാസന്തരാവിന്റെ വാതില്‍ തുറന്നുവരും വാടാമലര്‍ക്കിളിയേ' ഇമ്പമാര്‍ന്ന പ്രണയഗാനമായി സംഗീതപ്രേമികളുടെ മനസ്സിലിടം നേടി.എന്നാല്‍ ആ ഏഴുപാട്ടുകളില്‍ ഒരൊറ്റയെണ്ണം പോലും പാടാന്‍ ദേവരാജന്‍ സഖാവ് തന്നെ വിളിച്ചില്ല എന്ന സംഗതി സുലോചനയുടെ മനസില്‍ ചെറിയൊരു നൊമ്പരമുണ്ടാക്കിയിരുന്നുആ പരിഭവത്തിന്റെ കനല്‍ കെടാതെ മനസില്‍ കിടപ്പുണ്ടായിരുന്നത് ഇതോടെ ആളിക്കത്തുകയായിരുന്നു.....

എ പി കോമളയെയും റാണിയെയും കൊണ്ട് പാട്ടുകള്‍ പാടിക്കാനുള്ള ദേവരാജന്റെ തീരുമാനം സുലോചനയ്ക്ക് വലിയൊരു ആഘാതവും മാനസിക വേദനയുമാണ് ഉണ്ടാക്കിയത്. ദേവരാജനോട് തനിക്കുള്ള എല്ലാ ബഹുമാനവും മനസില്‍ സൂക്ഷിച്ചുകൊണ്ട് ഇതിനെതിരെ സുലോചന കെ പി എ സിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും പരാതി നല്‍കി.കെ പി എ സിയുടെ ഗായകരെ കൊണ്ടുതന്നെ ആ പാട്ടുകള്‍ പാടിക്കണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ദേവരാജനോട് ആവശ്യപ്പെട്ടു. ദേവരാജന്‍ അതനുസരിക്കാന്‍ കൂട്ടാക്കിയില്ല.കെ പി എ സി യുടെ നാടകങ്ങളിലെ പാട്ടുകള്‍ സമിതിയുടെ അനുവാദമില്ലാതെ റെക്കോഡ് ചെയ്യാന്‍ പാടില്ലെന്ന് കാണിച്ചുകൊണ്ട് എച്ച് എം വി, കൊളംബിയ എന്നീ കമ്പനികള്‍ക്ക് ടെലിഗ്രാം ചെയ്യാന്‍ 1961 ജൂലൈ 9 നു കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു. അതനുസരിച്ച് ടെലിഗ്രാം അയച്ചെങ്കിലും സംഗീതസംവിധായകന്റെ അധികാരമുപയോഗിച്ച്, താന്‍ നിശ്ചയിച്ചതുപോലെ പാട്ടുകളുടെ റെക്കോര്‍ഡിംഗുമായി ദേവരാജന്‍ മുന്നോട്ടുപോകുക തന്നെ ചെയ്തു.സുലോചനയുടെ കലാജീവിതത്തില്‍ ഏറ്റവും നൊമ്പരമുളവാക്കിയ ആ സംഭവമവസാനിച്ചത് ദേവരാജന്‍ കെ പി എ സി യോട് വിടപറഞ്ഞതോട് കൂടിയാണ്. അദ്ധ്യാപകജീവിതത്തിന്റെ തിരക്കുകള്‍ കാരണം കെ പി എ സിയില്‍ സജീവമല്ലാത്ത ഓ എന്‍ വി കുറുപ്പ് ദേവരാജനും സമിതികള്‍ക്കുള്ളിലെ എതിര്‍പക്ഷക്കാര്‍ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍ക്കാന്‍ ശ്രമം നടത്തി.ദേവരാജനെ സമിതിയില്‍ കൊണ്ടു വന്ന ആള്‍ എന്ന ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്താണ് ഓ എന്‍ വി അതിന് മുതിര്‍ന്നത്. എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്ന സമിതി യുടെ സെക്രട്ടറി പോറ്റിസാറിന്റെ പിന്തുണ ഓ എന്‍ വി യ്ക്കുണ്ടായിരുന്നെങ്കിലും നടന്നകാര്യങ്ങളൊക്കെ മറക്കാന്‍ സുലോചനയുള്‍പ്പെടെ മറ്റാരും തയ്യാറായിരുന്നില്ല.

''പഴയ സഹപ്രവര്‍ത്തകരെല്ലാം പുറത്തുപോയപ്പോള്‍ ദേവരാജന് വല്ലാത്തൊരു ഒറ്റപ്പെടല്‍ അവിടെ അനുഭവപ്പെട്ടത് സ്വാഭാവികം.താന്‍ വളര്‍ത്തിക്കൊണ്ടുവന്ന ചിലര്‍ പോലും തന്നെ അനാദരിക്കുന്ന പ്രവണത ദേവരാജന് അനുഭവപ്പെട്ടതായി എന്നോട് പറഞ്ഞിട്ടുണ്ട്. പറഞ്ഞു തീര്‍ക്കാന്‍ മാത്രമുള്ള പ്രശ്നങ്ങളേയുള്ളൂ എന്ന വിശ്വാസത്തിലാണ് ഒരുദിവസം ദേവരാജനെയും കൂട്ടി ഞാന്‍ കെ പി എ സി ആസ്ഥാനത്തേക്കു പോയത്.പോകും വഴി ദേവരാജന്‍ എന്നോടു പറഞ്ഞിരുന്നു.'ഓ എന്‍ വി എനിക്കുവേണ്ടി താഴരുത്.'

മുന്‍കൂട്ടി അറിയിച്ചുചെന്നിട്ടും ഞങ്ങള്‍ക്കു കാണേണ്ടിയിരുന്നവര്‍ അവിടെ ഉണ്ടായിരുന്നില്ല.ഞങ്ങളെ അകമഴിഞ്ഞു സ്നേഹിച്ചിരുന്ന പോറ്റിസാര്‍ എവിടെ നിന്നോ അവരെ കണ്ടു പിടിച്ചു കൊണ്ടുവന്നു.പക്ഷെ അവരുടെ പെരുമാറ്റം ഉദാസീനവും പലതും മറന്ന മട്ടിലുള്ളതുമായിരുന്നു.എന്റെ അനുരഞ്ജനശ്രമം ഫലിച്ചില്ലെന്നതില്‍ എനിക്ക് അത്യഗാധമായ ദുഃഖം തോന്നി.ഒടുവില്‍ ദേവരാജന്‍ പിരിയാനുറച്ച് പടിയിറങ്ങുമ്പോള്‍,ഞാന്‍ പറഞ്ഞു:'ഞാനിവിടെ ദേവരാജനെയും കൂട്ടി വന്നയാളാണ്.ഒന്നിച്ചുതന്നെ ഞാനും പടിയിറങ്ങുന്നു.''****


(ജി ജനാര്‍ദ്ദനക്കുറുപ്പ്)

കെ പി എ സി യുടെ പ്രസിഡന്റ് ജി ജനാര്‍ദ്ദനക്കുറുപ്പ് സജീവരാഷ്ടീയവും നാടകപ്രവര്‍ത്തനങ്ങളുമെല്ലാം ഉപേക്ഷിച്ച് മുഴുവന്‍ സമയവും അഭിഭാഷക വൃത്തിക്ക് വേണ്ടി ചിലവഴിക്കാന്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് സമിതിയില്‍ ഈ ഉരുള്‍പൊട്ടലൊക്കെ ഉണ്ടാകുന്നത്. ഓ മാധവന്റെ പിന്നാലെ ദേവരാജനും ഓ എന്‍ വിയും കൂടി കെ.പി എ സി വിട്ടതോടെ,അവര്‍ മൂന്നുപേരുമായി ഉറ്റസൗഹൃദം പുലര്‍ത്തിയിരുന്ന ജനാര്‍ദ്ദനക്കുറുപ്പ് പിന്നെ മടിച്ചുനിന്നില്ല.ഉടന്‍ തന്നെ കെ പി എ സി യില്‍ നിന്ന് രാജിവെച്ചു. മുടിയനായ പുത്രന്റെ വലിയ വിജയത്തെ തുടര്‍ന്ന് കെ പി എ സി യിലെ മറ്റെല്ലാവരെയും മറികടന്ന് തോപ്പില്‍ ഭാസിക്ക് കൈവന്ന അപ്രമാദിത്വവും ആധിപത്യവും,സമിതിയ്ക്കുള്ളില്‍ പുതിയ സമവാക്യങ്ങള്‍ ഉടലെടുക്കാന്‍ കാരണമായി.ജനാര്‍ദ്ദനക്കുറുപ്പിന്റെ രാജിക്ക് പിന്നില്‍ ഇതും ഒരു ഘടകമായിട്ടുണ്ടാകാം.

കെ പി എ സി യുടെ വളര്‍ച്ചയില്‍ ചരിത്രപരമായ പങ്കു വഹിച്ചവരെല്ലാം സമിതി വിട്ടുപോയ സംഭവവികാസങ്ങളില്‍ തോപ്പില്‍ ഭാസിയുടെ ഉത്തരവാദിത്വത്തെക്കുറിച്ചും വിമര്‍ശനമുണ്ടായിരുന്നു.ഓ എന്‍ വിയുടെ വാക്കുകള്‍:

''തോപ്പില്‍ ഭാസി ജയില്‍ വിമുക്തനായപ്പോള്‍ കെ പി എ സി ക്ക് നല്ലൊരു സംവിധായകനുണ്ടായി.അതിന്റെ ഭരണചുമതലയേറ്റെടുത്തു മുന്നോട്ടുപോവാന്‍ വേണ്ട നയതന്ത്രജ്ഞതയെക്കാള്‍,പെട്ടെന്ന് വികാരവിക്ഷോഭങ്ങള്‍ക്കു വിധേയമാകുന്ന പ്രകൃതമായിരുന്നു ഏറിനിന്നത്.''*****


(തോപ്പില്‍ ഭാസിയോടൊപ്പം ഓ എന്‍ വിയും ദേവരാജനും)

എന്നാല്‍ താന്‍ ഇക്കാര്യത്തില്‍ പൂര്‍ണ്ണ നിരപരാധി ആണെന്നായിരുന്നു ഭാസിയുടെ വാദം.

'എന്നില്‍ നിന്നുള്ള എന്തെങ്കിലും തെറ്റുകാരണമാണ് മാധവനും ഓ എന്‍ വിയും ദേവരാജനും കെ പി എ സി വിട്ടിരുന്നതെങ്കില്‍ ഞാനതു തുറന്നു പറഞ്ഞ് ഇപ്പോഴും എന്റെ ഉറ്റസുഹൃത്തുക്കളായിക്കഴിയുന്ന അവരോട് മാപ്പുപറയുമായിരുന്നു.മാധവനും ദേവരാജനും ഓ എന്‍ വിയും കെ പി എ സി വിട്ടതിനുശേഷം ഏറ്റവും ദുഃഖിച്ചതു ഞാനാണ്.നാടകരചനയില്‍ എന്നെ സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥ.''

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ 'ജനയുഗ'ത്തിന്റെ പത്രാധിപസമിതിയംഗവും വാരികയുടെ ചുമതലക്കാരനുമായിരുന്ന വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ആയിടെ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം പുതിയൊരു ചുമതലയേറ്റെടുത്തു.


(വൈക്കം ചന്ദ്രശേഖരന്‍ നായര്‍)

എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന,കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുസ്തകപ്രസിദ്ധീകരണസ്ഥാപനമായ പ്രഭാത് ബുക്ക് ഹൗസിന്റെ ജനറല്‍ എഡിറ്റര്‍. എഴുത്തുകാരന്‍,പ്രഭാഷകന്‍,ചിത്രകാരന്‍,ഗായകന്‍,അഭിനേതാവ്....ഇങ്ങനെ സര്‍ഗ്ഗാത്മക രംഗത്തെ സവ്യസാചിയായിരുന്ന വൈക്കത്തിന്റെ ആത്മാവ് നാടകമായിരുന്നു.'കമ്മ്യുണിസ്റ്റാക്കി'യില്‍ ഇടയ്ക്ക് കുറച്ചുനാള്‍ ഗോപാലന്റെ വേഷത്തില്‍ പകരക്കാരനായി അഭിനയിക്കുകയും 'ആളോഹരി' എന്നൊരു നാടകമെഴുതുകയും ചെയ്ത വൈക്കം കുറേനാളുകളായി ഒരു നാടകസമിതി രൂപീകരിക്കണമെന്ന സ്വപ്നവുമായി നടക്കുകയാണ്. മാവേലിക്കര പൊന്നമ്മ,പട്ടം സരസ്വതിയമ്മ,പ്രേംജി തുടങ്ങിയവരോട് സംസാരിച്ചുകഴിഞ്ഞു.നാടകത്തില്‍ പാട്ടുകളെഴുതണമെന്ന് പി ഭാസ്‌ക്കരനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.ഇനി വേണ്ടത് മുതല്‍മുടക്കാന്‍ തയ്യാറുള്ള ഒരാളെയാണ്.അതിന് വേണ്ടി ഒന്നുരണ്ടുപേരോട് പറഞ്ഞുവെച്ചിട്ടുണ്ട്.ഈ ശ്രമങ്ങള്‍ക്കും സംരംഭങ്ങള്‍ക്കുമെല്ലാം വൈക്കത്തിന് കൂട്ടായി ഉണ്ടായിരുന്നത്, ജനയുഗത്തിന്റെ അന്നത്തെ ആര്‍ട്ടിസ്റ്റായിരുന്ന കോട്ടയത്തെ ശങ്കരന്‍ കുട്ടിയാണ്.

കെ പി എ സിയുമായി അകന്നുകഴിഞ്ഞിരുന്ന ദേവരാജന്‍ ആയിടെ ഒരുദിവസം വൈക്കത്തിനെ കണ്ടു.വൈക്കത്തിന്റെ ആശയത്തെ കുറിച്ചറിഞ്ഞപ്പോള്‍ ദേവരാജന്‍ പറഞ്ഞു

''എനിക്ക് അങ്ങനെ ഒരാശയുണ്ട്.ഓ മാധവനും അങ്ങനെ ആഗ്രഹമുണ്ടെന്ന് കേള്‍ക്കുന്നു.ഞാന്‍ മദിരാശിയില്‍ പോയി മടങ്ങിവരാം.എന്നിട്ട് മാധവനുമായി ആലോചിച്ചു മുന്നോട്ടുപോകാം.''******

......നീണ്ട നാടകാഭിനയസപര്യ കഴിഞ്ഞുള്ള ഇടവേളയില്‍ ഓ മാധവന്‍ അപ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു കര്‍മ്മരംഗത്തായിരുന്നു.ഒരു റോഡുപണിയുടെ മേല്‍നോട്ടം.കൊല്ലം പട്ടണത്തിലെ കല്ലുംതാഴം കുരീപ്പള്ളി റോഡിന്റെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരുന്നത് മുനിസിപ്പല്‍ കൗണ്‍സിലറും കോണ്ട്രാക്ടറുമൊക്കെയായ കെ എസ് ശ്രീധരനാണ്. കടപ്പാക്കടയില്‍ നിന്ന് കിളികൊല്ലൂര്‍ പോകുന്ന വഴിയില്‍, കേരളാ സാമില്‍ എന്നൊരു സ്ഥാപനം നടത്തിയിരുന്ന കെ എസ്,കെ പി എ സി വിട്ടതോടെ വരുമാനമൊന്നുമില്ലാതെയായ മാധവനെ സഹായിക്കാനായാണ് റോഡുപണിയുടെ മേല്‍നോട്ടച്ചുമതലയേല്പിച്ചുകൊടുത്തത്.പണിയുള്ള ദിവസം എല്ലാദിവസവും വൈകിട്ട് പ്രതിഫലമായ അഞ്ചുരൂപ മാധവന്റെ വീട്ടിലെത്തിച്ചുകൊടുക്കും.

മാധവന്റെയും കെ എസ് ശ്രീധരന്റെയും അടുത്ത സുഹൃത്തായ കലാമണ്ഡലം ഗംഗാധരന്‍ അന്ന് സുധര്‍മ്മയുമായുള്ള വിവാഹത്തിന് ശേഷം കൊല്ലത്ത് സ്ഥിരതാമസമാക്കിയിരിക്കുകയായിരുന്നു.


(കലാമണ്ഡലം ഗംഗാധരനും സുധര്‍മ്മയും)

കലാമണ്ഡലം ഗംഗാധരന്‍ സ്വന്തമായി നൃത്തസംഘം രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.കെ എസ് ശ്രീധരന്‍ അതിനായി പണം മുടക്കാമെന്നേറ്റു.മാധവന്‍ സംഘടനാചുമതലകളും.കലാമണ്ഡലം ഗംഗാധരന്റെ നേതൃത്വത്തില്‍ കടപ്പാക്കട കേന്ദ്രമാക്കി ആരംഭിച്ച 'ഇന്ത്യന്‍ ഡാന്‍സ് അക്കാദമി' എന്ന നൃത്തസംഘത്തില്‍ നൃത്തം ചെയ്യാനും അഭിനയിക്കാനും മികച്ച കുറേ കലാകാരികളെയും കിട്ടി.കേരളത്തില്‍ പലസ്ഥലങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങി.ഓ മാധവനാണ് പരിപാടികളുടെ ബുക്കിങ്ങും പണമിടപാടുകളും സംഘാംഗങ്ങള്‍ക്കുള്ള ശമ്പള വിതരണവുമൊക്കെ കൈകാര്യം ചെയ്തുപോന്നത്.പണ്ട് കെ പി എ സിയില്‍ സെക്രട്ടറി എന്ന നിലയില്‍ നിര്‍വഹിച്ചു പോന്ന ചുമതലകള്‍ ഒക്കെത്തന്നെ.കൂടാതെ പരിപാടിയ്ക്ക് മുന്‍പായുള്ള ആമുഖം പറയുന്നതും ഇടക്കുള്ള അനൗണ്സ് മെന്റുമൊക്കെ മാധവന്‍ കൈകാര്യം ചെയ്തുപോന്നു.പരിപാടി യൊന്നിന് അഞ്ചുരൂപ എന്ന കണക്കിലാ യിരുന്നു പ്രതിഫലം നിശ്ചയിച്ചിരുന്നത്. രണ്ടുമൂന്നു മാസക്കാലം വളരെ വിജയകരമായി 'ഇന്ത്യന്‍ ഡാന്‍സ് അക്കാദമി' മുന്നോട്ടു പോയപ്പോള്‍, തീര്‍ത്തും അപ്രതീക്ഷിതമായി കെ എസ് ശ്രീധരന് ഒരു പരാതി ലഭിച്ചു.നൃത്തകലയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളെ പ്രതിഫലം കൊടുത്ത് തലപ്പത്തു വച്ചിരിക്കുന്നതിനെക്കുറിച്ചുള്ള പരാതി കൊടുത്തത് കലാമണ്ഡലം ഗംഗാധരന്റെ ഭാര്യ സുധര്‍മ്മയായിരുന്നു.അതോടെ മാധവന്‍ നൃത്തസംഘം വിട്ടു.

ഈ സമയത്തെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന മാധവനെ ഇന്‍ഡോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി(ഇസ്‌കസ്)യുടെ സംസ്ഥാന നേതൃത്വത്തിലേക്ക് തിരഞ്ഞെടുത്തിരുന്നു.ഇസ്‌കസിന്റെ കൊല്ലം ജില്ലകളിലെ പ്രവര്‍ത്തനങ്ങളുമായി ഓ മാധവന്‍ മുഴുകി കഴിയുമ്പോഴാണ് പുതിയ നാടകസമിതിയുടെ രൂപീകരണവുമായി ദേവരാജനും വൈക്കവും രംഗത്തിറങ്ങുന്നത്....

കെ പി എ സി.യിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ലെന്ന അവസാന തീരുമാനമെടുത്തതോടെ,ദേവരാജന്‍,ഒരു പുതിയ നാടകട്രൂപ്പ് തുടങ്ങാനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.ദേവരാജനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വൈക്കം ചന്ദ്രശേഖരന്‍ നായര്‍,ഒറ്റയ്ക്കുള്ള സംരംഭം ഉപേക്ഷിച്ചു.ദേവരാജന്‍ ആവശ്യപ്പെട്ടതനുസരിച്ച് പുതിയൊരു നാടകം എഴുതാന്‍ തുടങ്ങി.

ദേവരാജന്റെ പരിശ്രമങ്ങള്‍ക്ക് ധാര്‍മ്മിക പിന്തുണയുമായി ഓ എന്‍ വി യും കൂടെയുണ്ടായിരുന്നു ഓ എന്‍ വി യുടെ ഒരടുത്ത ബന്ധുവും വിദ്യാര്‍ത്ഥി ഫെഡറേഷന്റെ നാളുകള്‍ മുതല്‍ ഓ മാധവന്റെയും ദേവരാജന്റെയും വൈക്കത്തിന്റെ യുമൊക്കെ ഉറ്റ ചങ്ങാതി യുമായ വേലപ്പന്‍ നായര്‍ പുതിയ സംരംഭത്തില്‍ പങ്കാളിയായി.


(വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ,ഓ എന്‍ വിയും വേലപ്പന്‍ നായരും ഒരുമിച്ച്)

ഓ എന്‍ വി യുടെ ആദ്യകാല കവിതകളും നാടകഗാനങ്ങളുമുള്‍പ്പെടെയുള്ള പുരോഗമനാശയമുള്ള നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച മോഡേണ്‍ ബുക്ക്സ് കൊല്ലത്തു നടത്തിവരികയായിരുന്നു വേലപ്പന്‍ നായര്‍.പുതിയ നാടകസമിതിയ്ക്ക് വേണ്ടി ദേവരാജനും ഓ മാധവനും വേലപ്പന്‍ നായരുമാണ് പണം മുടക്കിയത്. ആളും അര്‍ത്ഥവുമൊക്കെ യായി കെ എസ് ശ്രീധരനും എല്ലാത്തിനും മുന്നിലുണ്ടായിരുന്നു. പുതിയ സമിതിയുടെ പ്രസിഡന്റായി ദേവരാജനെയും സെക്രട്ടറിയായി ഓ മാധവനെയും ഖജാന്‍ജിയായി വേലപ്പന്‍ നായരെയും തെരഞ്ഞെടുത്തു.

പുതിയ സമിതിയുടെ പ്രവര്‍ത്തകര്‍ എല്ലാവരും തന്നെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകരോ അനുഭാവികളോ ആയിരുന്നതുകൊണ്ട്, പ്രധാന എതിര്‍പ്പ് പാര്‍ട്ടിയില്‍ നിന്നുതന്നെയായിരുന്നു. എറണാകുളത്ത് തുടക്കമിട്ട് പിന്നീട് കരുനാഗപ്പള്ളിയിലേക്ക് ആസ്ഥാനം മാറ്റിയ പ്രതിഭാ ആര്‍ട്ട്‌സ് ക്ലബ്ബ്, എറണാകുളത്ത് തന്നെ തുടരുന്ന പി ജെ തീയേറ്റേഴ്‌സ്,ഇരിങ്ങാലക്കുട കേന്ദ്രമാക്കിയ കേരള കലാവേദി ---- ഇവയൊന്നും കെ പി എ സിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞുപോയവര്‍ ഉണ്ടാക്കിയതല്ല. എന്നാല്‍ പുതിയതായി രൂപം കൊണ്ട ഈ സംഘടന കെ പി എ സിയെ തോല്പിക്കാനുണ്ടാക്കിയ സംഘടനയാണെന്നു പാര്‍ട്ടിയുടെ പല നേതാക്കള്‍ക്കും കൊല്ലത്തെ സഖാക്കള്‍ക്കും തോന്നിയത് സ്വാഭാവികം.പാര്‍ട്ടിയിലെ കെ പി എ സിയുടെ ചാര്‍ജ്ജുകാരനായിരുന്ന എസ് കുമാരനെ ദേവരാജനും വൈക്കവും ഓ മാധവനും കണ്ട് സംസാരിച്ചു.വ്യക്തിപരമായി സ്നേഹം, പാര്‍ട്ടിപരമായി എതിര്‍പ്പ് ...ഇതായിരുന്നു എസിന്റെ നിലപാട്.എന്നാല്‍ ഈ വിഷയത്തില്‍ 'സൗമ്യമായ,ധാരണാപൂര്‍ വകമായ നിലപാടെടുത്തത് ജനയുഗം ഗോപിയും(എന്‍.ഗോപിനാഥന്‍ നായര്‍)പ്രസാധകനായ ആര്‍ ഗോപിനാഥന്‍ നായരുമാണെന്ന് വൈക്കം ഓര്‍മ്മിക്കുന്നു.


(ജനയുഗം പത്രാധിപസമിതി 1961.ഇരിക്കുന്നവര്‍: (ഇടത്തുനിന്ന്)പറക്കോട് എന്‍ ആര്‍ കുറുപ്പ്,കാമ്പിശ്ശേരി കരുണാകരന്‍, ആര്‍ ഗോപിനാഥന്‍ നായര്‍,എന്‍ ഗോപിനാഥന്‍ നായര്‍,കെ ഗോവിന്ദപ്പിള്ള. നില്‍ക്കുന്നവര്‍(ഇടത്തുനിന്ന്) വി ലക്ഷ്മണന്‍,ആര്യാട് ഗോപി,ഗോപകുമാര്‍,കെ എസ് ചന്ദ്രന്‍,സി ആര്‍ എന്‍ പിഷാരടി,തെങ്ങമം ബാലകൃഷ്ണന്‍)

''ഞാനും പാര്‍ട്ടിക്കാരനാണ്, അച്ചടക്കത്തിന്റെ പ്രശ്നമുണ്ട്....മറ്റൊരു സമിതി ഉണ്ടാക്കുന്നത് മത്സരമാണ്.ജനയുഗത്തിന്റെ നേതൃത്വം വഹിക്കുന്നവര്‍ എങ്ങനെ അതിനെ പ്രോത്സാഹിപ്പിക്കും?കാമ്പിശ്ശേരി നിശ്ശബ്ദനായിരുന്നു.അദ്ദേഹം കെ പി എ സിയിലുണ്ട്.ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ ഉത്തമസുഹൃത്തുക്കള്‍.ഒരു ധര്‍മ്മസങ്കടത്തിലായിരുന്നു അദ്ദേഹം.അതാണ് ആ മൗനം.ജനയുഗം ഗോപിയും ആര്‍ ഗോപിനാഥന്‍ നായരും വ്യത്യസ്തമായ ഒരു സമീപനമാണ് കൈക്കൊണ്ടത്.ഒരു പുതിയ സമിതി വരുന്നു.പുരോഗമന പക്ഷത്തിന് ഒന്നിലധികം കലാസമിതികള്‍ ഉണ്ടാവുന്നതില്‍ തെറ്റെന്ത്?അവരാരും പാര്‍ട്ടി വിരോധികളോ സ്വകാര്യതാല്പര്യക്കാരോ അല്ല.അവര്‍ നടത്തട്ടെ.കാണാം.പ്രവൃത്തിയുടെ ഗുണദോഷം കൊണ്ട് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം.''*******

1961 ലെ ചിങ്ങമാസത്തില്‍ തന്നെ പുതിയ നാടകമവതരിപ്പിച്ചുകൊണ്ട് സമിതിയുടെ ഉദ്ഘാടനം നടത്തണമെന്ന് നിശ്ചയിച്ചു. തിരുവനന്തപുരത്തെ എംജിഎം ലോഡ്ജില്‍ ഇരുന്നുകൊണ്ട് വൈക്കം നാടകരചനയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ്.നാടകത്തില്‍ അഭിനയിക്കേണ്ടവരെയും അണിയറപ്രവര്‍ത്തകരെയും കണ്ടെത്തേണ്ടതിന്റെ ചുമതല ദേവരാജന്‍ തന്നെയേറ്റെടുത്തു.അതിന് മുന്‍പ് പുതിയ നാടകസംഘത്തിന്റെ വരവറിയിച്ചുകൊണ്ട് പത്രങ്ങളില്‍ പരസ്യം കൊടുക്കണം.ആദ്യം ഒരു പേര് കണ്ടെത്തണം.

'അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ

ഹിമാലയോ നാമ നഗാധിരാജ:

പൂര്‍വാപരൗവാധീവഗാഹ്യ

സ്ഥിതഃ പൃഥിവ്യാ ഇവമാനദണ്ഡ ''

മഹാകവി കാളിദാസന്റെ സര്‍ഗപ്രപഞ്ചത്തിലേക്ക്,ദേവരാജന് വാതില്‍ തുറന്നുകൊടുത്തത് കുമാരസംഭവത്തിലെ ആ വിഖ്യാതശ്ലോകമാണ്. പലവട്ടം വായിച്ചും അരങ്ങത്ത് കണ്ടും ഹൃദിസ്ഥമായ കാളിദാസനാടകങ്ങളും, എം എസ് സുബ്ബ്ലക്ഷ്മിയും ജി എന്‍ ബാലസുബ്രഹ്മണ്യവും നടിച്ച തമിഴ് 'ശകുന്തള'യും ശാന്താറാമിന്റെ ഹിന്ദി 'ശകുന്തള'യുമൊക്കെ,ആ ശ്ലോകത്തോടൊപ്പം ദേവരാജന്റെ മനസ്സിലേക്കോടിയെത്തി.ഓ എന്‍ വി ആകട്ടെ കാവ്യകലയില്‍ തന്റെ മാനസഗുരുവായി സങ്കല്പിച്ചിരുന്നതും ആരാധിച്ചിരുന്നതും വിശ്വമഹാകവിയെ ആയിരുന്നു.

കാളിദാസന്റെ കലയായ നാടകം.അതവതരിപ്പിക്കാന്‍ നിയുക്തമായ ഒരു സംഘം അഥവാ കേന്ദ്രം.അങ്ങനെ അര്‍ത്ഥവ്യാഖ്യാനം നല്‍കിക്കൊണ്ട് പുതിയ നാടകസംഘത്തിന് പേരിട്ടു

'കാളിദാസകലാകേന്ദ്രം'

ഇനി വേണ്ടത് പുതുമയുള്ളൊരു അവതരണഗാനമാണ്.എല്ലാ നാടകങ്ങള്‍ക്കും അതാവണം നാന്ദി. കാളിദാസമഹാപ്രതിഭയെ മനസില്‍ ധ്യാനിച്ചുകൊണ്ട്, ഓ എന്‍ വിയുടെ തൂലിക ചലിച്ചു.

''വരിക ഗന്ധര്‍വ്വഗായകാ വീണ്ടും

വരിക കാതോര്‍ത്തുനില്‍ക്കുന്നു കാലം

തരിക മാനവാത്മാവിന്റെ ശോക-

മധുരനാദമലര്‍മഞ്ജരികള്‍!


ഇണയെ വേര്‍പെട്ട പക്ഷിതന്‍ ദുഃഖം

ഇണപിരിഞ്ഞൊരു യക്ഷന്റെ ദുഃഖം

ഇനിയും നിന്നു വിതുമ്പുമീ മണ്ണില്‍

ഇനി വരില്ലേ,വരില്ലേ നീ വീണ്ടും?''

(അടുത്തഭാഗം:'പൂക്കാരാ പൂ തരുമോ?'')

*ജി ദേവരാജന്‍ സംഗീതത്തിന്റെ രാജശില്പി-പെരുമ്പുഴ ഗോപാലകൃഷ്ണന്‍, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്

**ജി ദേവരാജന്‍ സംഗീതത്തിന്റെ രാജശില്പി-പെരുമ്പുഴ ഗോപാലകൃഷ്ണന്‍, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്

***ജി ദേവരാജന്‍ സംഗീതത്തിന്റെ രാജശില്പി-പെരുമ്പുഴ ഗോപാലകൃഷ്ണന്‍, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്

**** അരുകില്‍ നീയുണ്ടായിരുന്നെങ്കില്‍-ഓഎന്‍വി കുറുപ്പ്, ഡിസി ബുക്‌സ്, കോട്ടയം

**** അരുകില്‍ നീയുണ്ടായിരുന്നെങ്കില്‍-ഓഎന്‍വി കുറുപ്പ്, ഡിസി ബുക്‌സ്, കോട്ടയം

****** അനുഭവങ്ങളേ നന്ദി-വൈക്കം ചന്ദ്രശേഖരന്‍ നായര്‍, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം

*******അനുഭവങ്ങളേ നന്ദി-വൈക്കം ചന്ദ്രശേഖരന്‍ നായര്‍, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories