TopTop
Begin typing your search above and press return to search.

SERIES|'പൂക്കാരാ പൂ തരുമോ''-കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

SERIES|പൂക്കാരാ പൂ തരുമോ-കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

(വൈക്കം സുകുമാരന്‍ നായര്‍ (വേണു),പെരുന്ന ലീലാമണി(സീത))

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)

ഭാഗം 41

പണത്തെ മാത്രം സ്‌നേഹിക്കുന്ന കുടിലഹൃദയനായ സീനിയര്‍ ഡോക്ടര്‍,ദുഷ്ടതയുടെ മൂര്‍ത്തീഭാവമായ ഹെഡ് നഴ്സ് തങ്കമ്മ,ഇവരുടെ കൂട്ടാളിയായ കമ്പൗണ്ടര്‍ കേശവന്‍...ഒരു ധര്‍മ്മാശുപത്രിയില്‍ ഇവര്‍ നടത്തുന്ന ദുഷ്പ്രവര്‍ത്തികള്‍ക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭം നയിക്കുന്നു.ചെറുപ്പക്കാരനായ ഡോ.ജെയിംസ് ആര്‍ എം ഓ ആയി ചാര്‍ജ്ജെടുക്കുന്നതോടെ ഒരു മാറ്റത്തിന് തുടക്കമാകുകയാണ്.അഴിമതിക്കാരനും ആദര്‍ശധീരനും തമ്മിലുള്ള പോരാട്ടത്തില്‍, സീനിയര്‍ ഡോക്ടറുടെ രോഗിയായ മകന്‍ വേണുവും സഹോദരി ഡോ.ജയശ്രീയും ജെയിംസിനോടൊപ്പമാണ് നിലകൊള്ളുന്നത്.വേണുവിന്റെ കാമുകിയും നര്‍ത്തകിയുമായ സീത,അവളുടെ അച്ഛന്‍ നെയ്ത്തുതൊഴിലാളിയായ നാണു,ആശുപത്രിയിലെ നീതികേടുകള്‍ക്കെതിരെ പൊരുതുന്ന,സീതയുടെ സഹോദരന്‍ കുമാരന്‍,പൊതുപ്രവര്‍ത്തകന്‍ അലക്സ്,നല്ലവളായ സിസ്റ്റര്‍ ലൂസി എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.അന്തിമയുദ്ധത്തില്‍ വിജയിക്കുന്നത് നന്മയുടെ പക്ഷമാണെങ്കിലും,സീതയും വേണുവും അപ്പോഴേക്കും രക്തസാക്ഷിത്വം വരിച്ചുകഴിഞ്ഞിരുന്നു....

പുരോഗമന മലയാളനാടകവേദിയിലേക്കുള്ള കാളിദാസകലാകേന്ദ്രം എന്ന നാടകസംഘത്തിന്റെ കടന്നുവരവ് ആഘോഷപൂര്‍വം വിളംബരം ചെയ്തു കൊണ്ട് വൈക്കം ചന്ദ്രശേഖരന്‍ നായര്‍ രചിച്ച 'ഡോക്ടര്‍',പുതിയ നാടകദശകത്തിന്റെ ശുഭകരമായ ആരംഭം കുറിച്ചു.മലയാളനാടക അരങ്ങത്ത് നടുനായകത്വം വഹിച്ചിരുന്ന പി കെ വിക്രമന്‍ നായരായിരുന്നു 'ഡോക്ടറി'ന്റെ സംവിധായകന്‍.


(പി.കെ. വിക്രമന്‍ നായര്‍)

വൈക്കത്തിന്റെ നാടകവും ജി.ദേവരാജനും ഓ മാധവനും നയിക്കുന്ന പുതിയ നാടകസമിതിയും കൈവരിച്ച ഏറ്റവും വലിയ നേട്ടം, നാടകകലയ്ക്കു വേണ്ടി ജീവിതമുഴിഞ്ഞുവെച്ച ആ വലിയ മനുഷ്യന്റെ അനുഗ്രഹസ്പര്‍ശമായിരുന്നു.

പ്രഗത്ഭരായ ഒരു കൂട്ടം അഭിനേതാക്കളും മറ്റു കലാകാരന്മാരുമാണ് കാളിദാസകലാ കേന്ദ്രത്തിന്റെ പ്രഥമസംരംഭവുമായി സഹകരിച്ചുകൊണ്ട്, അരങ്ങത്തും അണിയറയിലുമായി അണിനിരന്നത്.അവരോരുത്തരെയും നേരിട്ടുകണ്ട് സമിതിയിലേക്ക് ക്ഷണിച്ചുകൊണ്ടുവരാന്‍ മുന്നിട്ടിറങ്ങിയത് സമിതിയുടെ സ്ഥാപകനും മുഖ്യസാരഥിയുമായ ദേവരാജന്‍ തന്നെയാണ്.

തിരുവനന്തപുരത്തെ ഓവര്‍ബ്രിഡ്ജിലുള്ള എം ജി എം ലോഡ്ജില്‍ താമസിച്ചുകൊണ്ട് നാടകമെഴുതിയ വൈക്കം ആദ്യരംഗം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ കഥാപാത്രങ്ങളുടെ രൂപഭാവങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ഉണ്ടായി. അതനുസരിച്ച് ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ പറ്റിയ അഭിനേതാക്കളെ തേടിപ്പിടിക്കാന്‍ ദേവരാജന്‍ ഒരു കേരളയാത്ര നടത്തി.

പണ്ടത്തെ സംഗീതനാടകകമ്പനികളിലെ 'ബഫൂണ്‍' പാര്‍ട്ട് കെട്ടിത്തുടങ്ങിയ പാരമ്പര്യവുമായി ഒരാള്‍ വൈക്കത്തുണ്ടായിരുന്നു. പാലായിലെ മണര്‍കാട് കുഞ്ഞിന്റെ ഐക്യകേരളകലാസമിതി എന്ന കമ്പനിയില്‍ എസ് ഡി സുബ്ബയ്യ,അക്ബര്‍ ശങ്കരപ്പിള്ള,എസ് ജെ ദേവ്,ഓമല്ലൂര്‍ ചെല്ലമ്മ തുടങ്ങിയവരോടൊപ്പം കൊമേഡിയന്റെ വേഷം കെട്ടിയ കാലായ്ക്കല്‍ കുമാരന്‍. പിന്നീട് കലാനിലയത്തിന്റെയും കോട്ടയം കേരളാ തീയേറ്റേഴ്‌സിന്റെയും നാടകങ്ങളിലൂടെയും('വിശറിയ്ക്കു കാറ്റുവേണ്ട'യിലെ പാണാവള്ളി കുട്ടന്‍) 'രക്തബന്ധം','കിടപ്പാടം','പാടാത്ത പൈങ്കിളി'തുടങ്ങിയ നാടകങ്ങളിലൂടെയും പേരെടുത്ത കാലായ്ക്കല്‍ കമ്പൗണ്ടര്‍ കേശവന്റെ വേഷമിടാനായി കാളിദാസകലാ കേന്ദ്രത്തിലെത്തി.


(കാലായ്ക്കല്‍ കുമാരനും(കമ്പൗണ്ടര്‍ കേശവന്‍) മണവാളന്‍ ജോസഫും(അലക്സ്))

നായകപ്രാധാന്യമുള്ള രണ്ടുവേഷങ്ങളിലേക്കുമുള്ള നടന്മാരെ 'തപ്പിയെടുത്തതും' വൈക്കത്തുനിന്നുതന്നെയാണ്.നാട്ടില്‍ ഒരു നൃത്തവിദ്യാലയവുമായി കഴിയുമ്പോള്‍ നാടകവേദിയിലെത്തി കലാനിലയത്തിന്റെ 'വെള്ളിക്കാസ' എന്ന നാടകത്തിലെ ബേസില്‍ എന്ന ശില്‍പിയുടെ വേഷത്തിലൂടെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ വൈക്കം സുകുമാരന്‍ നായര്‍. സ്റ്റേജില്‍ വെച്ചുതന്നെ പി കെ വിക്രമന്‍ നായരുടെ അഭിനന്ദനമേറ്റുവാങ്ങിയ സുകുമാരന്‍ നായര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കലാനിലയത്തിന്റെ ഇന്ദ്രജിത്ത്, ഇരവിക്കുട്ടിപ്പിള്ള, ഇളയിടത്തു റാണി,പഞ്ചവന്‍ കാട് തുടങ്ങിയ നാടകങ്ങളില്‍ മുഖ്യവേഷങ്ങളില്‍ അഭിനയിച്ചു.അതുവരെ ചരിത്ര-പുരാണ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചിരുന്ന വൈക്കം സുകുമാരന്‍ നായരുടെ തീര്‍ത്തും വ്യത്യസ്തമായ റോളായിരുന്നു ഡോക്ടറാകാന്‍ പഠിച്ചെങ്കിലും നിത്യരോഗിയാകാന്‍ വിധിക്കപ്പെട്ട വേണുവെന്ന ദുരന്ത നായകന്‍.

ഡോ.ജെയിംസ് എന്ന നായകനായി താരതമ്യേന പുതുമുഖമായ ഒരു നടനെയാണ് കിട്ടിയത്.

ബോര്‍ഡിംഗ്‌സ്‌കൂളില്‍ പഠിക്കുമ്പോള്‍ കിട്ടിയ അവസരങ്ങളിലൊക്കെ നാടകത്തിലഭിനയിച്ച് ഹീറോ ആയ ജോണ്‍, പഠിത്തം അതോടെ അവസാനിപ്പിച്ചെങ്കിലും അഭിനയം തുടര്‍ന്നുപോയി. വൈക്കത്തെ അമേച്വര്‍ കലാസമിതികളുടെ നാടകങ്ങളില്‍ നിന്ന് പ്രൊഫഷണല്‍ സമിതിയിലേക്ക് ചുവട് മാറിയപ്പോള്‍ വീട്ടുകാര്‍ എതിര്‍ത്തു.ഒടുവില്‍ വീട്ടുകാരുടേയും കൂടി സമ്മതത്തോടെ 'ചെകുത്താനും ചെങ്കടലും'എന്നൊരു നാടകത്തില്‍ വില്ലനായി അഭിനയിച്ചു. ജോണിന്റെ അഭിനയം കാലായ്ക്കല്‍ കുമാരന്‍ കാണാനിടയായതാണ് വഴിത്തിരിവായത്. .നായകവേഷത്തില്‍ ഒരു ചെറുപ്പക്കാരനെ വേണമെന്ന് ദേവരാജന്‍ പറഞ്ഞപ്പോള്‍ കാലായ്ക്കലാണ് ടി കെ ജോണിനെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്.

കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ പിന്തുണയോടെ എറണാകുളം കേന്ദ്രമാക്കി ആരംഭിച്ച പീപ്പിള്‍സ് തീയേറ്റേഴ്സ് ആയിടെയാണ് ഏകെജി ഉദ്ഘാടനം ചെയ്തത്. പി ജെ ആന്റണി എഴുതിയ 'ഉഴവുചാല്‍' ആയിരുന്നു അവരുടെ ആദ്യത്തെ നാടകം.ആന്റണിയോടൊപ്പം,എം എസ് നമ്പൂതിരി, എന്‍ എസ് ഇട്ടന്‍, ശ്രീമൂലനഗരം വിജയന്‍,മച്ചാട്ട് വാസന്തി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചവര്‍.


(ഉഴവുചാല്‍' എന്‍ എസ് ഇട്ടന്‍,മണവാളന്‍ ജോസഫ്,വര്‍ഗീസ് തിട്ടേല്‍,എം എസ് നമ്പൂതിരി,ശ്രീമൂലനഗരം വിജയന്‍ തുടങ്ങിയവര്‍)

നാടകം സാമാന്യം വിജയമായിരുന്നെങ്കിലും സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയില്ല.'ഉഴവുചാലി'ലെ പ്രമുഖരായ രണ്ടു നടന്മാര്‍ കാളിദാസകലാകേന്ദ്രത്തില്‍ ചേര്‍ന്നു.പ്രതിഭാ ആര്‍ട്ട്സ് ക്ലബ്ബ്,കെ പി ടി എ, ജ്യോതി തീയേറ്റേഴ്സ് തുടങ്ങിയ സമിതികള്‍ അവതരിപ്പിച്ച'ഇന്‍ക്വിലാബിന്റെ മക്കള്‍','ജീവിതം അവസാനിക്കുന്നില്ല','പൊതുശത്രുക്കള്‍' തുടങ്ങിയ നാടകങ്ങളിലൊക്കെ അഭിനയിച്ച, ഇരുത്തം വന്ന നടനായ വര്‍ഗീസ് തിട്ടേല്‍ നെയ്ത്തു കാരന്‍ നാണുവായി അഭിനയിക്കും.ഫോര്‍ട്ട്‌കൊച്ചിയില്‍ അവതരിപ്പിച്ച 'പെണ്ണുകാണല്‍' എന്ന ഒരു കൊച്ചു നാടകത്തില്‍ മരമണ്ടനായ ഒരു മണവാളനായി വേഷമിട്ടതോടെ നാട്ടുകാരുടെ മുഴുവന്‍ മണവാളനായിത്തീര്‍ന്ന ജോസഫ് ആയിരുന്നു മറ്റൊരാള്‍. പ്രതിഭയുടെ മൂലധനത്തിലെ യൂണിഫോം ഇടാത്ത ഐഡി കാസിം പിള്ളയെയും കലാനിലയത്തിന്റെ 'ഇളയിടത്തു റാണി'യിലെ ചോട്ട സായ്പ്പിനെയും അവതരിപ്പിച്ചു വിജയിച്ച മണവാളന്‍ ജോസഫാണ് നാടകത്തില്‍ അലക്‌സിന്റെ വേഷത്തില്‍ അഭിനയിക്കുന്നത്.ഇനിയുള്ളത് ക്ഷയരോഗിയാണെങ്കിലും വീറുള്ള പൊതുപ്രവര്‍ത്തകനായ കുമാരന്റെ വേഷമാണ്.1952 ല്‍ കോഴിക്കോട് ദേശപോഷിണി വായനശാലയുടെ കളരിയില്‍ അഭിനയിച്ചു തുടങ്ങിയ ഭാസ്‌കരമേനോന്‍ 1954 ല്‍ മലബാര്‍ കേന്ദ്രകലാസമിതി നടത്തിയ നാടകോത്സവത്തില്‍ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് നേടിയതോടെ നെല്ലിക്കോട് ഭാസ്‌കരന്‍ എന്ന നടനായി പേരെടുത്തു. 'പ്രഭാതം ചുവന്ന തെരുവില്‍', 'തിളയ്ക്കുന്ന കടല്‍','കറുത്ത പെണ്ണ്','കനകം വിളയുന്ന മണ്ണ്' തുടങ്ങിയ നാടകങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചുകൊണ്ട് നാടകപ്രേമികളുടെ പ്രശംസ നേടിയ നെല്ലിക്കോട് ഭാസ്‌കരന്‍ കോഴിക്കോട് രാജാ തീയേറ്റേഴ്സില്‍ നിന്നാണ് കാളിദാസകലാ കേന്ദ്രത്തിലെത്തുന്നത്.


(പെരുന്ന ലീലാമണി (സീത),നെല്ലിക്കോട് ഭാസ്‌ക്കരന്‍ (കുമാരന്‍))

ഇനി വേണ്ടത് നടികളെയാണ്. നായികാപ്രാധാന്യമുള്ള വേഷമാണ് ഡോ.ജയശ്രീ.പാട്ടുകള്‍ പലതും ആലപിക്കുന്നത് ആ കഥാപാത്രമാണ്.കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതിഭയുടെ 'മൂലധനത്തിന് വേണ്ടി

'കാല്‍ചിലമ്പൊലി തൂവുകെന്‍ നെഞ്ചില്‍ നീ

കാളിദാസന്റെ കാവ്യകുമാരികേ...'

എന്ന പാട്ടു പഠിപ്പിച്ച് അരങ്ങത്തുകയറ്റിയ കവിയൂര്‍ പൊന്നമ്മയെ ദേവരാജന് ഓര്‍മ്മ വന്നു. 'പുതിയ ആകാശം പുതിയ ഭൂമി'യ്ക്ക് വേണ്ടി പൊന്നമ്മയെ പാട്ടുകള്‍ പാടി പരിശീലിപ്പിച്ചതും ദേവരാജന്‍ തന്നെയാണ്. ചങ്ങനാശ്ശേരി ഗീഥാ ആര്‍ട്ട്സ് ക്ലബ്ബിന്റെ ,മുട്ടത്ത് വര്‍ക്കിയെഴുതിയ 'ഒട്ടകവും സൂചിക്കുഴലു'മാണ് ഇതിനിടയില്‍ പൊന്നമ്മ അഭിനയിച്ച നാടകം.ഇപ്പോള്‍ കൊല്ലത്ത് താമസമാക്കിയിട്ടുള്ള കവിയൂര്‍ പൊന്നമ്മ 'ഡോക്ടറി'ല്‍ അഭിനയിക്കാന്‍ തയ്യാറായി.സിസ്റ്റര്‍ ലൂസിയായി വേഷമിടാന്‍ കണ്ടെത്തിയത് ഒരു ഗായിക കൂടിയായ കൊച്ചിന്‍ അമ്മിണിയെയാണ്.പി ജെ ആന്റണിയുടെ നാടകങ്ങളിലും ഡെമോക്രാറ്റിക് തീയേറ്റേഴ്‌സിന്റെ 'വിഷവൃക്ഷ' ത്തിലും ഇടയ്ക്ക് കുറച്ചുനാള്‍ കെ പി എ സിയിലും അമ്മിണി അഭിനയിച്ചി രുന്നു.

നാടകത്തിലെ വിഷാദപുത്രിയായ സീതയുടെ വേഷത്തിലേക്കാണ് ഇനിയൊരു നടിയെ വേണ്ടത്.അഭിനയിച്ചാല്‍ മാത്രം പോരാ,നന്നായി നൃത്തം ചെയ്യാനറിയുകയും വേണം.കലാമണ്ഡലം ഗംഗാധരന്റെ ഡാന്‍സ് ട്രൂപ്പില്‍ പറ്റിയ ഒരാളുണ്ടെന്ന് കെ എസ് ശ്രീധരന്‍ പറഞ്ഞു.'പൂതനാമോക്ഷം' എന്ന ഐറ്റം ഏകാഭിനയമായി അവതരിപ്പിച്ചു പ്രശസ്തയായ ഒരു ലീലാമണി.ചങ്ങനാശ്ശേരിയിലെ പെരുന്നക്കാരിയായ അവര്‍ ഇപ്പോള്‍ അച്ഛനോടൊപ്പം കടപ്പാക്കടയില്‍ താമസമാണ്.ദേവരാജനും ഓ മാധവനും കെ എസ് ശ്രീധരനും കൂടി ചെന്നുകണ്ടപ്പോള്‍'നാടകത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല' എന്ന മറുപടിയാണ് ലഭിച്ചത്.നല്ലൊരു നര്‍ത്തകി എന്ന് ഇതിനോടകം പേരെടുത്തു കഴിഞ്ഞ കെ പി എ സി യിലെ പാമ്പാക്കുട ലീലയെ സമീപിച്ചെങ്കിലും അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ കെ പി എ സി വിട്ട് പുതിയ സമിതി യില്‍ ചേരാന്‍ ലീല തയ്യാറായിരുന്നില്ല.ഒടുവില്‍ കുറച്ചുകാലത്തേക്ക് മാത്രം മതിയെന്ന കരാറില്‍ പെരുന്ന ലീലാമണി കാളിദാസകലാകേന്ദ്രത്തില്‍ ചേര്‍ന്നു.അന്നത്തെ ഉയര്‍ന്ന പ്രതിഫലമായ നാല്‍പ്പത് രൂപയാണ് നാടകമൊന്നിന് അവര്‍ക്ക് നല്കാമെന്നേറ്റത്.


(വര്‍ഗീസ് തിട്ടേല്‍ (നാണു),കവിയൂര്‍ പൊന്നമ്മ (ഡോ.ജയശ്രീ),പെരുന്ന ലീലാമണി (സീത))

രണ്ടു പ്രധാന വേഷങ്ങള്‍ ഓ മാധവനും വിജയകുമാരിക്കും മാറ്റിവെച്ചിട്ടാണ് മറ്റ് അഭിനേതാക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണവുമായി ഇറങ്ങിയത്.നാടകത്തിലെ പ്രതിനായക കഥാപാത്രമായ സീനിയര്‍ ഡോക്ടറായി മാധവനും എല്ലാ കുടിലകൃത്യങ്ങള്‍ക്കും അയാള്‍ക്ക് കൂട്ടുനില്‍ക്കുന്ന തങ്കമ്മനഴ്സിന്റെ റോളില്‍ വിജയകുമാരിയും അഭിനയിക്കണമെന്ന് നേരത്തെ നിശ്ചയിച്ചതാണ്.'പുതിയ ആകാശം പുതിയ ഭൂമി'യില്‍ പ്രായം ചെന്ന ദുഷ്ടകഥാപാത്രമായി അഭിനയിക്കില്ല എന്നു വാശിപിടിച്ച മാധവനാണ് 'ഡോക്ടറി'ല്‍ അത്തരമൊരു വേഷം ചെയ്യാന്‍ മുന്നോട്ടുവന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.


(വിജയകുമാരി(തങ്കമ്മ നഴ്സ്))

വിജയകുമാരിയെ സംബന്ധിച്ചിടത്തോളം,കണ്ണില്‍ ചോരയില്ലാത്ത തങ്കമ്മ നഴ്സ്, അരങ്ങത്ത് നിറഞ്ഞാടാന്‍ പറ്റിയ വേഷമായിരുന്നു.

അതീവശ്രദ്ധയോടെയാണ് ദേവരാജന്‍ സംഗീതവിഭാഗത്തിന് രൂപം കൊടുത്തത്. മുഖ്യഗായകനായി കണ്ടെത്തിയത് കൊച്ചിയിലെ പ്രശസ്തമായ ആസാദ് ആര്‍ട്ട്സ് ക്ലബ്ബിലെ അറിയപ്പെടുന്ന കലാകാരനായ സി ഓ ആന്റോയെയാണ്.പീപ്പിള്‍സ് തീയേറ്റേഴ്സിന്റെ 'ഉഴവുചാല്‍' നാടകത്തിലെ പിന്നണിഗായകനായിരുന്ന ആന്റോ നന്നായി അഭിനയിക്കുകയും ചെയ്യും.കേരള തീയേറ്റേഴ്സിന്റെ 'വിശറിക്കു കാറ്റുവേണ്ട'യുടെ അവതര ണഗാനമായ 'മാനവധര്‍മ്മം വിളംബരം ചെയ്യുന്ന മാവേലി നാടിന്‍ മധുരശബ്ദങ്ങളേ' പാടിയ,നല്ലൊരു നടനും കൂടിയായ, കോട്ടയത്തെ കെ ഈ ശ്രീധരനാണ് മറ്റൊരു ഗായകന്‍.പിന്നണി വാദ്യ കലാകാരന്മാരായി കോഴിക്കോട് സുകുമാരന്‍(വയലിന്‍),മാച്ചി ലോറന്‍സ്(ഗിറ്റാര്‍),ജോസഫ്(ക്ലാര്‍നറ്റ്),രാജപ്പന്‍(തബല),ജോസഫ്(ഫ്‌ലൂട്ട്)എന്നിവരെയെല്ലാം നേരിട്ടുകണ്ട് ഉറപ്പിച്ചത് ദേവരാജന്‍ തന്നെയാണ്.ഇനി ഒരു ഹാര്‍മ്മോണിസ്റ്റിനെ കൂടി ആവശ്യമുണ്ട്.മണവാളന്‍ ജോസഫിന്റെ പരിചയത്തില്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ ഒരാളുണ്ട്.അവിടുത്തെ പല കലാസമിതികള്‍ക്കും വേണ്ടി ഹാര്‍മ്മോണിയം വായിക്കുന്ന ആളുടെ പേര് അര്‍ജുനന്‍ എന്നാണ്.'പള്ളിക്കുറ്റം' എന്നൊരു നാടകത്തിന്റെ സംഗീത സംവിധായകന്‍ പെട്ടെന്നു മുങ്ങിയപ്പോള്‍ പകരം സംഗീതം നല്‍കിയത് അര്‍ജുനനാണ്.പിന്നെയും പല നാടകങ്ങള്‍ക്ക് വേണ്ടിയും സംഗീതം പകര്‍ന്നു. മണവാളന്‍ പറഞ്ഞയച്ച അര്‍ജുനന്‍ ആണിതെന്ന് പരിചയപ്പെടുത്തിയ ഉടനെ ദേവരാജന്‍ പ്രതികരിച്ചു.

' അര്‍ജുനന്‍ അല്ല ഏത് ഭീമസേനനായാലും ശരി എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞാന്‍ അപ്പോള്‍ പറഞ്ഞുവിടും'

പക്ഷെ അതുവേണ്ടി വന്നില്ല.ദേവരാജന് ആളെ ഇഷ്ടപ്പെട്ടു.അങ്ങനെ കാളിദാസകലാ കേന്ദ്രത്തിന്റെ സ്ഥിരം ഹാര്‍മ്മോണിസ്റ്റിന്റെ പദവിയില്‍ എം കെ അര്‍ജുനന്‍ സ്ഥാനമേറ്റു.


(എം കെ അര്‍ജുനന്‍. അടുത്തിരിക്കുന്നത് എസ് എല്‍ പുരം സദാനന്ദന്‍)

പുതിയ നാടകത്തില്‍ അങ്ങേയറ്റത്തെ ശ്രദ്ധയും മുന്‍ഗണനയും നല്‍കിയത് സംഗീതവിഭാഗത്തിനാണ്.അതൊരു വാശിയുടെ പ്രശ്‌നം പോലെയായിരുന്നു.സുലോചനയെയും കെ എസ് ജോര്‍ജ്ജിനെയും കൂടാതെ ഓ എന്‍ വി-ദേവരാജന്‍ ടീം ആദ്യമായി ഗാനങ്ങളൊരുക്കുകയായിരുന്നു.അന്നോളം ചെയ്തിട്ടുള്ള പാട്ടുകളോടൊപ്പമോ പറ്റുമെങ്കില്‍ അതിനു മീതെയോ നില്‍ക്കണം ഡോക്ടറിലെ പാട്ടുകള്‍ എന്ന ലക്ഷ്യം അവരുടെയെല്ലാം മനസിലുണ്ടായിരുന്നു.കൊല്ലത്ത്,പോളയത്തോട്ടിലെ ഒരു വീട്ടില്‍ വെച്ചായിരുന്നു അരങ്ങൊരുക്കങ്ങള്‍.പാട്ടെഴുത്തും കമ്പോസിങ്ങും ഒക്കെ അവിടെത്തന്നെ.

ആകെ ഏഴു പാട്ടുകളാണ് 'ഡോക്ടര്‍' നാടകത്തിലുണ്ടായിരുന്നത്.അവതരണഗാനമായ'വരിക ഗന്ധര്‍വ ഗായകാ'യുടെ

'കാലം കൈകളിലേറ്റുവാങ്ങിയ കലാലാവണ്യമേ' എന്നുതുടങ്ങുന്ന വിരുത്തം ദേവരാജന്‍ തന്നെയാണ് പാടിയത്.തുടര്‍ന്ന് ആ ഗാനം നയിച്ചത് സി ഓ ആന്റോയാണ്.കവിയൂര്‍പൊന്നമ്മയും കെ വി ശ്രീധരനും സംഘവും ഏറ്റുപാടി.

''തങ്കക്കാല്‍ത്തള മേളമൊരുക്കിയ

രംഗവിതാനമിതാ''

''അയീ വിഭാവരി!സുന്ദരി!പാരിതി--

നരുളുക നീ മലര്‍മാരി''

''എന്തിന് പാഴ്ശ്രുതി മീട്ടുവതിനിയും

തന്തികള്‍ പൊട്ടിയ തംബുരുവില്‍''

(സി ഓ ആന്റോ)

'പൂക്കാരാ,പൂക്കാരാ

കൈക്കുമ്പിളില്‍ നിന്നൊരു പൂ തരുമോ?'

'കാവ്യദേവതേ! ഇതിലേ!ഇതിലേ!

മുത്തണി ചിലമ്പണിഞ്ഞു

പൂത്താലമേന്തി വന്നു

നൃത്തമാടൂ കാവ്യദേവതേ!'

(കവിയൂര്‍ പൊന്നമ്മ)

'വെണ്ണിലാച്ചോലയിലെ

വെണ്ണക്കല്‍പ്പടവിങ്കല്‍

മണ്‍കുടമേന്തി ഒരു പെണ്ണു വന്നു

ഒരു പെണ്ണു വന്നു!'

(കെ ഇ ശ്രീധരന്‍)

എന്നിവയായിരുന്നു മറ്റു പാട്ടുകള്‍. ഒന്നിനൊന്നു മികച്ച പാട്ടുകളായിരുന്നു ഓരോന്നും.കെ പി എ സിയുടെ പാട്ടുകളോട് കിടപിടിച്ചു നില്‍ക്കുന്നവ.

പെരുന്ന ലീലാമണിയെപ്പോലെ ഒരു കലാകാരിയെ നായികയുടെ വേഷത്തിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നത്,അവരുടെ നൃത്തപാടവം കണ്ടിട്ടാണല്ലോ.അക്കാര്യം നന്നായി ഉപയോഗപ്പെടുത്താന്‍ പറ്റിയ സന്ദര്‍ഭങ്ങള്‍ നാടകത്തില്‍ ഇണക്കിച്ചേര്‍ത്തിരുന്നു.ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്ത് പേരെടുത്ത ഡാന്‍സര്‍ മാസ്റ്റര്‍ തങ്കപ്പനായിരുന്നു നൃത്തസംവിധായകന്‍.മദ്രാസില്‍ ദേവരാജന്‍ താമസിച്ചിരുന്നത് തങ്കപ്പന്റെ കൂടെയാണ്.(തിരുവിതാംകൂര്‍ സഹോദരിമാരെ നൃത്തം പരിശീലിപ്പിക്കുന്നതിനായഗുരു ഗോപിനാഥ് മദ്രാസില്‍ നടത്തിയ ക്യാമ്പിലെ അടുക്കളക്കാരന്റെ സഹായിയായിരുന്നു തങ്കപ്പന്‍.നൃത്തം പഠിക്കാനുള്ള താല്പര്യം കൊണ്ട്,ലളിതാ പത്മിനി രാഗിണിമാരെ ഗുരുജി നൃത്തം പഠിപ്പിക്കുന്നത് ഓല കൊണ്ടു മറച്ച ചുവരിലെ ദ്വാരത്തിലൂടെ ഒളിഞ്ഞുനോക്കിയാണ് തങ്കപ്പന്‍ നൃത്തമഭ്യസിച്ചത്. പിന്നീട് തങ്കപ്പന്‍ ഗുരു ഗോപിനാഥിന്റെയും വിഖ്യാത ചിത്രമായ 'ചന്ദ്രലേഖ'യുടെ നൃത്തസംവിധായകന്‍ ജയശങ്കര്‍ മാസ്റ്ററുടെയും ശിഷ്യനായി.)ദേവരാജനാണ് 'പുതിയ ആകാശം പുതിയ ഭൂമി'യുടെ നൃത്തസംവിധായകനായി തങ്കപ്പനെ കെ പി എ സി യില്‍ കൊണ്ടുവരുന്നത്.

യഥാര്‍ത്ഥത്തില്‍ ലീലാമണി നാടകത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതുതന്നെ തങ്കപ്പന്‍മാസ്റ്ററില്‍ നിന്ന് പുതുതായി പലതും പഠിക്കാമല്ലോ എന്നോര്‍ത്തായിരുന്നു.പ്രതീക്ഷകള്‍ വിഫലമായില്ല.'ഡോക്ടറി'ലെ നൃത്തരംഗങ്ങള്‍ക്ക് ഒരു പ്രത്യേക ചാരുതയുണ്ടായിരുന്നു.പ്രത്യേകിച്ച് 'വെണ്ണിലാച്ചോലയിലെ..' എന്ന നൃത്തരംഗം.

നാടകത്തിന്റെ സെറ്റിങ്സ് ഒരുക്കിയത് ആര്‍ട്ടിസ്റ്റ് കേശവനാണ്.കേശവന്റെ ഉറ്റചങ്ങാതി കോട്ടയത്തു തന്നെയുള്ള ശങ്കുണ്ണിയാണ് 'ശബ്ദവും വെളിച്ചവും.'പുതിയ ആകാശം പുതിയ ഭൂമി'യുടെ നാളുകളില്‍ ദേവരാജനുമായി എന്തോ കാര്യത്തിന് വഴക്കിട്ട് കെ പി എ സിയില്‍ നിന്ന് പിണങ്ങിപ്പോയവരാണ് രണ്ടുപേരും.ഇപ്പോള്‍ ദേവരാജന്‍ വിളിച്ചപ്പോള്‍ പഴയ പിണക്കമെല്ലാം മറന്ന് പുതിയ സമിതിയുമായി അവര്‍ സഹകരിക്കാനെത്തി.


(കാളിദാസകലാകേന്ദ്രം ടീം (ഇരിക്കുന്നവര്‍) പെരുന്ന ലീലാമണി,കൊച്ചിന്‍ അമ്മിണി,ഓ മാധവന്‍,ദേവരാജന്‍, പി കെ വിക്രമന്‍ നായര്‍,വൈക്കം ചന്ദ്രശേഖരന്‍ നായര്‍,വേലപ്പന്‍ നായര്‍,വിജയ കുമാരി,കവിയൂര്‍ പൊന്നമ്മ (നടുവില്‍)മണവാളന്‍ ജോസഫ്(മൂന്നാമത്),നെല്ലിക്കോട് ഭാസ്‌ക്കരന്‍(ആറാമത്),കാലായ്ക്കല്‍ കുമാരന്‍(വലത്തേയറ്റത്ത്)(മുകളില്‍)വര്‍ഗീസ് തിട്ടേല്‍(മൂന്നാമത്)കെ ഇ ശ്രീധരന്‍(നാലാമത്)ടി കെ ജോണ്‍(അഞ്ചാമത്)സി ഓ ആന്റോ (വലത്തേ യറ്റം)

പുതിയ നാടകസമിതിയുടെ തുടക്കം മുതല്‍ക്ക് തന്നെ ധാര്‍മ്മികപിന്തുണ നല്‍കിയ രണ്ടുപേരുണ്ട് -- കൗമുദി പത്രാധിപര്‍ കെ ബാലകൃഷ്ണനും നാടകകലയെ കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള പി കെ വേണുക്കുട്ടന്‍ നായരും(പി കെ വിക്രമന്‍ നായരുടെ ഇളയ സഹോദരന്‍). നാടകത്തിന്റെ റിഹേഴ്‌സല്‍ കണ്ട് അവര്‍ പറഞ്ഞ അഭിപ്രായങ്ങള്‍, ദൃഢതയുള്ള ഒരു നാടകശില്പമൊരുക്കാന്‍ സഹായകമായി.1961ലെ ചിങ്ങപ്പിറവിയുടെ അന്ന് കൊല്ലത്ത് കിളികൊല്ലൂരിലെ എസ് വി ടാക്കീസില്‍ വെച്ച് പ്രഫ.എന്‍ കൃഷ്ണപിള്ള കാളിദാസകലാ കേന്ദ്രത്തിന്റെ പ്രഥമനാടകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നാടകം അവതരിപ്പിച്ചു കഴിഞ്ഞതിനു ശേഷം കെ ബാലകൃഷ്ണന്‍ സംസാരിച്ചു. മികച്ച പ്രതികരണവും പിന്തുണയുമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്തുനിന്ന് 'ഡോക്ടറി'ന്

ലഭിച്ചത്.അതോടൊപ്പം പത്രപംക്തികളിലും പൊതുസദസ്സുകളിലുമൊക്കെയായി കത്തിപ്പടര്‍ന്ന ഒരു വിവാദത്തിന്, നാടകം തിരി കൊളുത്തുകയും ചെയ്തു.കെ പി എ സി നിറഞ്ഞ സദസ്സുകളില്‍ അവതരിപ്പിച്ചുകൊണ്ടിരുന്ന 'പുതിയ ആകാശം പുതിയ ഭൂമി'യുടെ അനുകരണമാണ് വൈക്കത്തിന്റെ നാടകമെന്ന് വിമര്‍ശനമുയര്‍ന്നു. അതിന് കാരണമായി ആരോപണമുന്നയിച്ചവര്‍ ചൂണ്ടിക്കാട്ടിയത് രണ്ടു നാടകങ്ങളുടെയും പ്രമേയത്തിലെ സാമ്യതയാണ്.പഴയതും പുതിയതുമായ തലമുറകളില്‍പ്പെട്ട രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ -- ദുഷ്ടസ്വഭാവിയായ മുതിര്‍ന്ന ഉദ്യോഗസ്ഥനും നല്ലവനും ആദര്‍ശശാലിയുമായ യുവ ഉദ്യോഗസ്ഥനും തമ്മിലുള്ള സംഘട്ടനമാണ് രണ്ടു നാടകങ്ങളുടെയും തീം.'പുതിയ ആകാശ'ത്തില്‍ എഞ്ചിനീയര്‍ ആണെങ്കില്‍ ഇവിടെ ഡോക്ടര്‍.

ഇങ്ങനെ സംഭവിക്കാന്‍ ഒരു ചെറിയ കാരണമുണ്ട്. ആദര്‍ശധീരതയും സാമൂഹ്യപ്രതിബദ്ധതയുമുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നേരിടുന്ന പ്രതിസന്ധികളെ അടിസ്ഥാനമാക്കിയ ഒരു പ്രമേയം പി ഡബ്‌ള്യു ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കൂടിയായ പി കെ വിക്രമന്‍ നായര്‍, തോപ്പില്‍ ഭാസിയോടും വൈക്കം ചന്ദ്രശേഖരന്‍ നായരോടും ചര്‍ച്ച ചെയ്തിരുന്നു. ഭാസി ഈ തീമിനെ വികസിപ്പിച്ച് ഒരു ഡാമിന്റെ പശ്ചാത്തലത്തില്‍ അഴിമതിക്കാരനും ആദര്‍ശവാനുമായ രണ്ടു എഞ്ചിനീയര്‍മാരെക്കുറിച്ചു നാടകമെഴുതിയപ്പോള്‍ വൈക്കം, സര്‍ക്കാര്‍ ആശുപത്രിയും ഡോക്ടര്‍ മാരുടെ ലോകവുമാണ് നാടകത്തിനായി കണ്ടെത്തിയത്.

'തോപ്പില്‍ഭാസി യുടെ പുതിയ ആകാശത്തേക്കാള്‍ പതിനായിരം ഇരട്ടി മനുഷ്യജീവിതങ്ങളെ ബാധിക്കുന്ന നാടകമാണിതെ'ന്ന് 'ജനയുഗ'ത്തിലെഴുതിയ നിരൂപണത്തില്‍ അഭിപ്രായപ്പെട്ട കെ ബാലകൃഷ്ണന്‍ 'രണ്ടു നാടകങ്ങളിലെയും കഥാപാത്രങ്ങള്‍ തമ്മില്‍ സാമ്യമുണ്ടെ'ന്നും 'ഒരു ദൃശ്യകലയെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ആനന്ദം പകരാന്‍ തെരഞ്ഞെടുത്ത നാടകീയ സന്ദര്‍ഭങ്ങളിലും ചില സ്ഥലത്ത് സാദൃശ്യമുണ്ടെ'ന്നും അംഗീകരീച്ചുകൊണ്ടുതന്നെ അതിനെ ന്യായീകരിച്ചു.


(കെ.ബാലകൃഷ്ണന്‍)

'ഇത് അറിയാതെ വന്നുപോയതാണെന്ന് എനിക്ക് തോന്നുന്നില്ല. അറിഞ്ഞുകൊണ്ടാണ് ഇങ്ങനെയെഴുതിയതെന്ന് ഞാന്‍ കരുതുന്നു...എനിക്ക് തോന്നുന്നത് ഭാസി ചിത്രീകരിച്ച കഥാപാത്രങ്ങളെ തന്നെ സമൂഹശാസ്ത്രത്തെപ്പറ്റിയുള്ള.കൂടുതല്‍ അറിവോടെ ഒന്നു പുനപരിശോധന നടത്താന്‍ വൈക്കം പരിശ്രമിച്ചു എന്നാണ്...ബോധപൂര്‍വം ഒരു വാദപ്രതിവാദം ഉണ്ടാക്കാന്‍ വൈക്കം തയ്യാറായത് ഒരു പ്രകാരത്തില്‍ ഒരു ധീരതയാണ്.അനുകരണഭ്രമം ഉപേക്ഷിച്ച് ഒരു നാടകമെഴുതാന്‍ കഴിവില്ലെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും പറയുകയില്ല.അതുകൊണ്ടാണ്.അതൊരു ധീരതയാണെന്നു ഞാന്‍ പറഞ്ഞത്.' *

ഈ വിവാദം നാടകകൃത്തിനെ സ്വാഭാവികമായും അസ്വസ്ഥനാക്കി. എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട്,നാടകപ്രേമികളുടെയും നിരൂപകലോകത്തിന്റെയും പ്രശംസ നേടിയ നാടകം കേരളത്തിനകത്തും പുറത്തും നിറഞ്ഞ സദസ്സുകളില്‍ അരങ്ങേറി.ജനകീയ നാടകസമിതികളുടെ നിരയില്‍ കെ പി എ സി യുടെ തൊട്ടു പുറകിലായിത്തന്നെ കാളിദാസകലാകേന്ദ്രം ഇരിപ്പിടം നേടി.

'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി' യുടെ നിരോധനത്തിനും കോടാകുളങ്ങരയുടെകേസിനും ശേഷം കെ പി എ സി മറ്റൊരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുകയായിരുന്നു.കെ പി എ സി യുടെ തകര്‍ച്ച കാണാനാഗ്രഹിച്ചവര്‍ക്കും രാഷ്ട്രീയ ശത്രുക്കള്‍ക്കും ഈ സംഭവവികാസങ്ങള്‍ ഉത്തേജനം പകര്‍ന്നു.സമിതി വിട്ടുപോയവരുടെ പുതിയ സംരംഭത്തെ കെ പി എ സി ക്കാര്‍ മത്സരബുദ്ധിയോടെ കണ്ടത് സ്വാഭാവികമായിരുന്നു. കാളിദാസകലാ കേന്ദ്രത്തില്‍ ചേരാനൊരുങ്ങിയ എന്‍ ഗോവിന്ദന്‍ കുട്ടി, ഖാന്‍ എന്നിവരെ സമ്മര്‍ദ്ദം ചെലുത്തി പിന്തിരിപ്പിച്ചുവെന്ന് ഓ മാധവന്‍ ആരോപണമുയര്‍ത്തി. കെ പി എ സി നേരിടുന്ന ആ വലിയ വെല്ലുവിളിയെ മറികടക്കാനും ഒന്നാമത്തെ ജനകീയ നാടകപ്രസ്ഥാനം എന്ന സ്ഥാനം നില നിര്‍ത്താനും സമിതിയിലെ അംഗങ്ങളോരോരുത്തരും പ്രതിജ്ഞാബദ്ധരായിരുന്നു .അവരുടെയെല്ലാം മുന്‍ നിരയില്‍ ഉറച്ച കാല്‍വെയ്പുകളോടെ സുലോചനയുണ്ടായിരുന്നു.

എന്നാല്‍ 1961 എന്ന വര്‍ഷം സുലോചനയെയും തോപ്പില്‍ ഭാസിയേയും കെ പി എ സി യിലെ മറ്റു ചില അംഗങ്ങളെയും സംബന്ധിച്ചിടത്തോളം മറ്റൊരുതരത്തില്‍ക്കൂടി നിര്‍ണ്ണായകമായിത്തീര്‍ന്നു.നാടകത്തെ മറികടന്ന് അതിവേഗം വളര്‍ന്നുകൊണ്ടിരുന്ന അഭ്രലോകത്തുനിന്നുള്ള ക്ഷണം കെ പി എ സി യുടെ പ്രതിഭകളെ തേടിയെത്തി.തോപ്പില്‍ ഭാസിയുടെ കലാജീവിതത്തിലെ പുതിയൊരു തുടക്കമായി അതു മാറിയെങ്കില്‍ സുലോചനയ്ക്കത് വീണ്ടുമൊന്നുകൂടി ഓര്‍ക്കാനാഗ്രഹിക്കാത്ത ഒരു ദുസ്വപ്നം പോലെയാണവസാനിച്ചത്....

(അടുത്തഭാഗം: വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തില്‍)

*ജനയുഗം വാരിക, 1961 ഓക്ടോബര്‍ 10


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories