TopTop
Begin typing your search above and press return to search.

SERIES|വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തില്‍ -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

SERIES|വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തില്‍ -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

(സുലോചന ' കൃഷ്ണകുചേല'യില്‍)

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)

ഭാഗം 42

''ഭക്തജനങ്ങളെ ആനന്ദസാഗരത്തിലാറാടിച്ചുകൊണ്ട്, ശ്രീകൃഷ്ണഭഗവാന്റെ അത്ഭുതലീലകള്‍ വര്‍ണ്ണിക്കുന്ന ഭക്തിനിര്‍ഭരമായ പുണ്യപുരാണചിത്രം.....'' ചെണ്ടമേളത്തിന്റെ പശ്ചാത്തലത്തില്‍,മൈക്ക് അനൗണ്‍സ്‌മെന്റുമായി നഗരവീഥിയിലൂടെയും നാട്ടുവഴിയിലൂടെയും,ചുറ്റിനും സിനിമാ പോസ്റ്ററുകള്‍ കൊണ്ട് പൊതിഞ്ഞ ആ കാളവണ്ടി നീങ്ങുകയാണ്. അനൗണ്‍സ്‌മെന്റ് കേട്ടുകൊണ്ട്,പിറകേ ഓടിക്കൂടിയ പിള്ളേര്‍സെറ്റ് പരസ്യവണ്ടിക്കുള്ളില്‍ നിന്ന് പറത്തിവിട്ട ചുവപ്പും പച്ചയും നീലയും നിറങ്ങളിലുള്ള സിനിമാനോട്ടീസുകള്‍ക്കു വേണ്ടി മത്സരിച്ചു. ഉന്തിനും തള്ളിനും ശേഷം നോട്ടീസ് പെറുക്കിയെടുക്കാന്‍ സാധിച്ച മിടുക്കന്മാര്‍ക്ക് നോട്ടീസിനോടൊപ്പം ഒരു വിശേഷസാധനം കൂടി കിട്ടി....ഒരു പൊതി അവില്‍!

ഒരു പിടി അവിലുമായി പഴയ സതീര്‍ത്ഥ്യനെക്കണ്ട്,ദാരിദ്ര്യദുഃഖമുണര്‍ത്തിക്കാന്‍ ദ്വാരകയില്‍ ചെന്ന കുചേലബ്രാഹ്മണന്റെ കഥ --നീലാ പ്രൊഡക്ഷന്‍സിന്റെ 'ഭക്തകുചേല' കാണാന്‍ പ്രേക്ഷകര്‍ തീയേറ്ററിലേയ്‌ക്കൊഴുകിയതിന്റെ പിന്നില്‍ ആ അവില്‍പ്പൊതി ഒരു പ്രധാന ഘടകമായിരുന്നു.

കുചേലഗാഥ പ്രമേയമാക്കിയ ഒരു ചലച്ചിത്രം കൂടി അപ്പോള്‍ അണിഞ്ഞൊരുങ്ങുന്നുണ്ടായിരുന്നു.ഉദയായുടെ 'കൃഷ്ണകുചേല'.എതിരാളികളുടെ പരസ്യതന്ത്രം വിജയം നേടുന്നതുകണ്ട് അമ്പരന്നുപോയ ഉദയാ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.വീടുവീടാന്തരം കയറി സിനിമയുടെ നോട്ടീസ് വിതരണം ചെയ്തവര്‍ അതിനോടൊപ്പം ഒരു സമ്മാനം കൂടി നല്‍കി -- ഒരു അവില്‍ക്കിഴി! അവില്‍പ്പൊതിയും അവില്‍ക്കിഴിയും തമ്മില്‍ നടന്ന പോരാട്ടത്തിന്റെ വര്‍ഷമായി കൂടിയാണ് 1961 നെ മലയാളസിനിമാ ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.രണ്ടു സ്റ്റുഡിയോനിര്‍മ്മാതാക്കള്‍ തമ്മിലുള്ള ത്രസിപ്പിക്കുന്ന ആ ഓട്ടപ്പന്തയത്തില്‍, പരാജയപ്പെട്ടുപോയ ടീമില്‍ സുലോചനയുമുണ്ടായിരുന്നു.....

1961 ല്‍ ആകെ പത്തു മലയാള ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.പോയ വര്‍ഷത്തേക്കാള്‍ ഇരട്ടി. നവഭാരതത്തിന്റെ 12-ാം റിപ്പബ്ലിക്ക് ദിനാഘോഷങ്ങളോടനുബന്ധിച്ച് റീലീസ് ചെയ്ത നീലാ പ്രൊഡക് ഷന്‍സിന്റെ(മെരിലാന്റ് സ്റ്റുഡിയോ) 'ക്രിസ്തുമസ് രാത്രി' യോടെയാണ് തുടക്കം. മലയാളത്തിലെ ആദ്യ കളര്‍ചിത്രമായ 'കണ്ടം ബച്ച കോട്ട്' ഫെബ്രുവരിയില്‍ റിലീസ് ചെയ്തു. അടുത്തചിത്രമായ 'ഉമ്മിണിതങ്ക' എന്ന ചരിത്രാഖ്യായിക വിഷുവിനും ഉദയായുടെ ആദ്യത്തെ വടക്കന്‍ പാട്ട് ചിത്രമായ 'ഉണ്ണിയാര്‍ച്ച'യും സാമൂഹ്യചിത്രമായ 'അരപ്പവനും' ഓണത്തിനും പ്രദര്‍ശനത്തിനെത്തി. വിശേഷ ദിവസങ്ങളായ വിജയദശമിയ്ക്കും ദീപാവലിയ്ക്കുമായി മൂന്നു പുണ്യപുരാണചിത്രങ്ങള്‍-- രണ്ടാമത്തെ വര്‍ണ്ണചിത്രമായ 'ശബരിമല അയ്യപ്പന്‍', 'നീലായുടെ ഭക്തകുചേല', ഉദയായുടെ 'കൃഷ്ണകുചേല' എന്നിവ പുറത്തിറങ്ങി. കൃസ്തീയ ഭക്തിചിത്രമായ ജ്ഞാനസുന്ദരിയും ചന്ദ്രതാര നിര്‍മ്മിച്ച മുടിയനായ പുത്രനും ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തിയതോടെ 1961 അവസാനിച്ചു.

ഈ ചിത്രങ്ങളുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കാര്യം മനസ്സിലാകും,അന്ന് പുരാണ / ചരിത്ര സിനിമകളോടായിരുന്നു പ്രേക്ഷകര്‍ക്ക് താല്പര്യം കൂടുതല്‍. കൊട്ടാരങ്ങളുടെയും കോട്ടകൊത്തള ങ്ങളുടെയും കൂറ്റന്‍ സെറ്റിങ്ങുകളും ആഡംബര പൂര്‍ണമായ വേഷഭൂഷാദികളും അമാനുഷികരായ കഥാപാത്രങ്ങളും അത്ഭുത സംഭവങ്ങളുമൊക്കെയാകാം അതിനു കാരണം.

മലയാള നാടകവേദിയിലെ എഴുത്തുകാരും അഭിനേതാക്കളും സിനിമയില്‍ ഒരു അവസരത്തിനു വേണ്ടി ഉറ്റുനോക്കിയിരിക്കുന്ന നാളുകളായിരുന്നു അത്.1961 ലിറങ്ങിയ ചിത്രങ്ങളുടെ കഥയോ സംഭാഷണമോ (അന്ന് തിരക്കഥ എന്നുള്ളതിന് പകരം ഇങ്ങനെയാണ് പറഞ്ഞിരുന്നത്. ) എഴുതിയതെല്ലാം പ്രമുഖ നാടകകൃത്തുക്കളാണ്.

ടി എന്‍ ഗോപിനാഥന്‍ നായരുടെ അകവും പുറവും എന്ന നാടകത്തിന്റെ ചലച്ചിത്ര രൂപാന്തരമായ ' ക്രിസ്തുമസ് രാത്രി' യുടെ സംഭാഷണമെഴുതിയത് മുട്ടത്തു വര്‍ക്കിയാണ്.'ജ്ഞാനസുന്ദരി' യുടെ സംഭാഷണ രചയിതാവും മുട്ടത്തു വര്‍ക്കിയും തന്നെയാണ്. മുഹമ്മദ് യൂസഫിന്റെ പ്രശസ്ത നാടകമായ 'കണ്ടം ബെച്ച കോട്ടി'ന് സംഭാഷണം രചിച്ചുകൊണ്ട് കെ ടി മുഹമ്മദ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നു.ജഗതി എന്‍ കെ ആചാരി എഴുതി കലാനിലയം അവതരിപ്പിച്ച 'ഉമ്മിണിത്തങ്ക' നാടകമാണ് സിനിമയായത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കു വേണ്ടി, സഹോദരി പി കെ മേദിനി യുമായിച്ചേര്‍ന്ന് നാടകവും മറ്റു കലാപരിപാടികളും അവതരിപ്പിച്ചുപോന്ന ടി കെ ശാരംഗപാണിയാണ് 'ഉണ്ണിയാര്‍ച്ച'യുടെയും 'കൃഷ്ണകുചേല' യുടെയും സംഭാഷണമെഴുതിയത്. നാടകകൃത്തും കഥാപ്രസംഗകനുമായ കെടാമംഗലം സദാനന്ദന്‍(അരപ്പവന്‍), നാഗവള്ളി ആര്‍ എസ് കുറുപ്പ് (ഭക്തകുചേല),തോപ്പില്‍ ഭാസി(മുടിയനായ പുത്രന്‍) എന്നിവരാണ് 1961ലെ മറ്റു ചിത്രങ്ങളുടെ എഴുത്തുകാര്‍.

എന്‍ ഗോവിന്ദന്‍ കുട്ടി, നെല്ലിക്കോട് ഭാസ്‌ക്കരന്‍,നിലമ്പൂര്‍ ആയിഷ,കോട്ടയം ചെല്ലപ്പന്‍,തോപ്പില്‍ കൃഷ്ണപിള്ള,ലീല തുടങ്ങിയ നാടക നടീനടന്മാരുടെ ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം കുറിച്ച വര്‍ഷം കൂടിയാണത്.കൂടാതെ, ഒരിടവേളയ്ക്ക് ശേഷം കാമ്പിശ്ശേരി, പി ജെ ആന്റണി,അടൂര്‍ ഭവാനി എന്നിവര്‍ വീണ്ടും സിനിമയിലെത്തിയ വര്‍ഷവും.

വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് മടങ്ങിയെത്തിയവരുടെ കൂട്ടത്തില്‍ സുലോചനയും ഉണ്ടായിരുന്നു. 1955 ല്‍ പുറത്തുവന്ന 'കാലം മാറുന്നു'വിന് ശേഷം ആറുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ചലച്ചിത്രാഭിനയരംഗത്തേക്ക് സുലോചനയ്ക്ക് ഒരു ക്ഷണം ലഭിക്കുന്നത്.ഇടക്ക് 'രണ്ടിടങ്ങഴി'യില്‍ പാട്ടുപാടുക മാത്രമാണല്ലോ ചെയ്തത്.

സേവാ ഫിലിംസ് നിര്‍മ്മിക്കുന്ന 'അരപ്പവന്‍' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ സുലോചന നാടകത്തിന്റെ തിരക്ക് മൂലം ആദ്യം ഒഴിയാന്‍ ശ്രമിച്ചു.ജെമിനി ഗണേശന്‍ നായകനായി അഭിനയിച്ച ഹിറ്റ് ചിത്രം 'കൈരാശി' സംവിധാനം ചെയ്ത കെ ശങ്കറിന്റെ ആദ്യത്തെ മലയാള ചിത്രമായിരുന്നു 'അരപ്പവന്‍'. പടത്തിന്റെ കഥയും തിരക്കഥയുമെഴുതിയത് പ്രമുഖ കഥാപ്രസംഗകനായ കെടാമംഗലം സദാനന്ദനായിരുന്നു.ആയിരക്കണക്കിന് വേദികളില്‍ ചങ്ങമ്പുഴ യുടെ 'രമണനും' 'വാഴക്കുലയും' അവതരിപ്പിച്ച്, സഹൃദയലോകത്തെ വശീകരിച്ച കെടാമംഗലം ഉറച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയുമായിരുന്നു.സ്വാഭാവികമായും സുലോചനയുടെ മേല്‍ സമ്മര്‍ദ്ദമേറി.കെ പി എ സി രണ്ടാഴ്ച്ച ലീവ് അനുവദിച്ചു. കൃഷ്ണന്‍ കുട്ടിയും ചേച്ചിയുടെ ഭര്‍ത്താവ് ശങ്കരനാരായണനും സുലോചന യോടൊപ്പം മദ്രാസിലേക്ക് പോയി.

സ്ത്രീധനപ്രശ്‌നമായിരുന്നു സിനിമയുടെ പ്രമേയം.


(അരപ്പവനില്‍ മുത്തയ്യയും അംബികയും)

വിറകുവെട്ടുകാരന്‍ രാമു (സത്യന്‍)വിന്റെ മകള്‍ കല്ലുവിന്റെയും(അംബിക) ചെത്തുകാരന്‍ കിട്ടു(കാലായ്ക്കല്‍ കുമാരന്‍) വിന്റെ മകന്‍ പരമു(മുത്തയ്യ)യുടെയും വിവാഹ ജീവിതത്തില്‍ സ്ത്രീധനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് പ്രധാന കഥാതന്തു. സ്ത്രീധനത്തില്‍ അരപ്പവന്‍ കുറഞ്ഞുപോയി എന്ന കാരണത്താല്‍ പരമുവിന്റെ അമ്മ ജാനു(ടി ആര്‍ ഓമന) കല്ലുവിനെ വീട്ടില്‍ നിന്ന് പറഞ്ഞുവീടുന്നു. പ്രധാന കഥയ്ക്ക് സമാന്തരമായി കല്ലുവിന്റെ സഹോദരന്‍ ഭാസിയും (പ്രേംനവാസ്) ചായക്കടക്കാരന്‍ പാച്ചുപിള്ള(കെടാമംഗലം)യുടെ സഹോദരി അമ്മിണിയുമായുള്ള പ്രണയകഥയുമുണ്ട്.സ്ഥലത്തെ ഷാപ്പ് കോണ്ട്രാക്ടര്‍(ജി കെ പിള്ള)യും ശിങ്കിടികളും ചേര്‍ന്നു നടത്തുന്ന കൊള്ളരുതായ്മകളും ബലാത്സംഗശ്രമങ്ങളും പ്രതികാരവും ദുഷ്ടകഥാപാത്രങ്ങളുടെ മാനസന്തരവുമൊക്കെയായി ചിത്രം പൂര്‍ണമാകുന്നു.എസ് പി പിള്ള,ശ്രീനാരായണ പിള്ള തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു.


(സുലോചന 'അരപ്പവന്‍'എന്ന ചിത്രത്തില്‍)

കെ പി എ സി യുടെ പശ്ചാത്തലമുള്ളതുകൊണ്ടാകണം സുലോചനയ്ക്ക് കിട്ടിയത് ഒരു തൊഴിലാളി നേതാവായ മാധവിയുടെ വേഷമാണ്.പ്രധാനവില്ലനായ ഷാപ്പുമുതലാളി യുടെ ഭാര്യ കൂടിയായ മാധവിയാണ്,ക്ലൈമാക്‌സില്‍ ഗര്‍ഭിണിയായ കല്ലു ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോള്‍ അവളെ രക്ഷിക്കുന്നത്.മറ്റൊരു സന്ദര്‍ഭത്തില്‍ കല്ലുവിനെ കുറിച്ച് അപവാദം പറഞ്ഞുപരത്തുന്ന കോണ്‍ട്രാക്ടറോട് പകരം ചോദിക്കാനായി പാഞ്ഞുചെല്ലുന്ന സഹോദരന്‍ ഭാസിയെ പറഞ്ഞു സമാധാനിപ്പിച്ചു തിരികെ അയക്കുന്ന ഉത്തരവാദിത്തം കൂടി മാധവി നിര്‍വഹിക്കുന്നുണ്ട്. ഇതൊഴിച്ചാല്‍ സുലോചനയ്ക്ക് അഭിനയത്തിന്റെ മേഖലയില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.


(സുലോചന 'അരപ്പവന്‍'എന്ന ചിത്രത്തില്‍)

സുലോചനയുടെ അഭിനയത്തെക്കുറിച്ച് നിരൂപകന്റെ അഭിപ്രായം ഇതായിരുന്നു:

''ആ കഥാപാത്രത്തില്‍ തന്നെ വളരെയേറെ കൃത്രിമത്വവും അസ്വഭാവികതയുമുണ്ട്.അങ്ങനെ ഒരു കഥാപാത്രത്തെ ആവിഷ്‌കരിക്കുമ്പോള്‍ അതിന്റേതായ കുറവുകള്‍ വരിക സ്വഭാവികമാണല്ലോ?സുലോചനയ്ക്ക് ആ കുറവേ സംഭവിച്ചിട്ടുള്ളൂ.അക്കാര്യത്തില്‍ അവര്‍ നിസ്സഹായ യാണ്.ക്യാമറ ഈ തവണയും സുലോചനയോട് നീതി ചെയ്തില്ല.'' *

കെടാമംഗലം തന്നെ എഴുതി ജി കെ വെങ്കിടേഷ് ഈണമിട്ടഎട്ടുപാട്ടുകളില്‍ മൂന്നു പാട്ടുകളാണ് സുലോചന പാടാനുണ്ടായിരുന്നത്.'കഞ്ഞിക്കു കരയുന്ന കുഞ്ഞേ','ജാതിമതജാതി ഒരു..'എന്നീ പാട്ടുകള്‍ ഒറ്റയ്ക്കും 'ആരാധനീയം'എന്ന പാട്ട് കെടാമംഗലവുമായി ചേര്‍ന്നും പാടി.മറ്റുപാട്ടുകള്‍ ആലപിച്ചത് പി ലീല,എ പി കോമള, പി ബി ശ്രീനിവാസ്,പട്ടം സദന്‍ എന്നിവരാണ്.സംഗീത പ്രേമികള്‍ നെഞ്ചിലേറ്റിയ ഒറ്റ പാട്ടുപോലും അക്കൂട്ടത്തിലുണ്ടായിരുന്നില്ല.

സിനിമയെ മൊത്തത്തില്‍ തന്നെ ആസ്വാദകര്‍ തള്ളികളയുകയാണുണ്ടായത്. കഥയിലെയും പ്രധാന നാടകീയമുഹൂര്‍ത്തങ്ങളിലെയും കൃത്രിമത്വമായിരുന്നു പ്രധാനകാരണം. സത്യനുള്‍പ്പെടെ മികച്ച അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും തമിഴ് സിനിമയിലെ അനുഭവസമ്പത്തുള്ള സംവിധായകനുമൊക്കെ ഉണ്ടായിട്ടുപോലും 'അരപ്പവന്‍' രക്ഷപ്പെട്ടില്ല.സിനിമയുടെ മോശപ്പെട്ട നിലവാരം മാത്രമല്ല അതിനു കാരണം.'അരപ്പവനോ'ടൊപ്പം ഓണക്കാലത്ത് റിലീസ് ചെയ്ത മലയാളത്തിലെ ആദ്യ വടക്കന്‍ പാട്ടുചിത്രമായ ഉദയായുടെ 'ഉണ്ണിയാര്‍ച്ച'കാണികളെ കൊട്ടകയിലേക്ക് കാന്തശക്തിയോടെ ആകര്‍ഷിച്ചു.


(ഉണ്ണിയാര്‍ച്ച' യില്‍ രാഗിണി)

രാഗിണി, സത്യന്‍,പ്രേംനസീര്‍,തിക്കുറിശ്ശി,ബഹദൂര്‍,എസ് പി പിള്ള,പുതുമുഖമായ കോട്ടയം ചെല്ലപ്പന്‍ തുടങ്ങിയവരുടെ പ്രകടനവും കാണികളെ കോരിത്തരിപ്പിക്കുന്ന കളരിപ്പയറ്റ് രംഗങ്ങളും കണ്ണു നനയിക്കുന്ന വൈകാരിക മുഹൂര്‍ത്ത ങ്ങളും പി ഭാസ്‌ക്കരന്‍ - കെ രാഘവന്‍ ടീമിന്റെ ഹൃദയഹാരിയായ ഗാനങ്ങളുമെല്ലാം ചേര്‍ന്ന് 'ഉണ്ണിയാര്‍ച്ച' യെ വന്‍വിജയമാക്കിയപ്പോള്‍ 'അരപ്പവന്‍' അപ്പുറത്ത് ഒരു നോക്കുകുത്തിയെപ്പോലെ നോക്കിനില്‍ക്കുകയായിരുന്നു. സുലോചനയെ സംബന്ധിച്ചിടത്തോളം ഒരു നേട്ടവും ആ സിനിമ കൊണ്ടുണ്ടായില്ല. നടിമാരില്‍ അംബികയ്ക്കും ശാന്തിയ്ക്കുമായിരുന്നു കൂടുതല്‍ രംഗങ്ങള്‍.

പുതിയ ആകാശം പുതിയ ഭൂമി'ഒഴിവില്ലാതെ കളിച്ചുകൊണ്ടിരിക്കുന്ന ആ നാളുകളില്‍,നാടകം മുടക്കിക്കൊണ്ട് സിനിമാഭിനയത്തിന് വന്നതിന്റെ കുറ്റബോധവും, കാര്യമായൊന്നും അഭിനയിക്കാനില്ലാതെ മദ്രാസില്‍ വന്ന് വെറുതെ സമയം കളയുകയാണ് എന്ന തോന്നലുമെല്ലാം കൂടി സുലോചന ആകെ അസ്വസ്ഥയായിരുന്നു. താന്‍ ചെല്ലാത്തതിന്റെ പേരില്‍ കട്ടപ്പനയില്‍ നാടകം മുടങ്ങിയ സംഭവത്തില്‍ സുലോചനയ്ക്ക് ആദ്യം വിഷമം തോന്നിയിരുന്നു. എന്നാല്‍ നാടകപ്രേമികള്‍ക്ക് തന്നോട് എന്തുമാത്രം ഇഷ്ടമുണ്ടെന്ന് ബോധ്യപ്പെടുത്തിതന്നത് കട്ടപ്പന സംഭവമാണെന്നോര്‍ത്തപ്പോള്‍ സന്തോഷവുമുണ്ടായി.സിനിമക്കു തന്നെ ആവശ്യമില്ലെങ്കിലും നാടകത്തിന് അത്രമേല്‍ പ്രിയപ്പെട്ടവളാണല്ലോ എന്ന സന്തോഷം!

സിനിമാഭിനയത്തോട് മാനസികമായി വലിയൊരു അകല്‍ച്ച ഉണ്ടായിക്കഴിഞ്ഞ ആ നാളുകളില്‍ തന്നെ ഒരു സിനിമയില്‍ കൂടി സുലോചനയ്ക്ക് വേഷമിടേണ്ടി വന്നു.'ഉണ്ണിയാര്‍ച്ച'യുടെ ഗംഭീരവിജയത്തിന് ശേഷം ഉദയാ നിര്‍മ്മിച്ച കൃഷ്ണകുചേല ആയിരുന്നു ആ ചിത്രം.വളരെ ആകസ്മികമായിട്ടായിരുന്നു ആ ചിത്രത്തിന്റെ പിറവി...

1948 ല്‍ 'വെള്ളിനക്ഷത്രം' എന്ന ചിത്രത്തോടെ ആരംഭിച്ച ഉദയാ ,'നല്ലതങ്ക' എന്ന ഹിറ്റ് ചിത്രവും 'ജീവിതനൗക' എന്ന സൂപ്പര്‍ഹിറ്റ് ചിത്രവും മലയാളത്തിന് നല്‍കി. 'വിശപ്പിന്റെ വിളി'യില്‍ അബ്ദുല്‍ഖാദറിനെ പ്രേംനസീര്‍ എന്ന പേരോടെ അവതരിപ്പിച്ച ഉദയാ,കെ വി കോശിയുമായി കൂട്ടുപിരിഞ്ഞതിനു ശേഷം കുഞ്ചാക്കോ നിര്‍മ്മിച്ച 'കിടപ്പാടം','അവന്‍ വീണ്ടും വരുന്നു' എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ടു. 1956 ല്‍ നിര്‍മ്മാണം നിര്‍ത്തിവെച്ച സ്റ്റുഡിയോ 1960ല്‍ 'ഉമ്മ' എന്ന ആദ്യത്തെ മുസ്ലീം സാമുദായിക ചിത്രവുമായി മടങ്ങിയെത്തി.'സീത','നീലിസാലി' എന്ന ചിത്രങ്ങള്‍ക്ക് ശേഷമാണ് 'ഉണ്ണിയാര്‍ച്ച'യുടെ വരവ്.അടുത്തത് വീണ്ടും ഒരു വടക്കന്‍ പാട്ട് ചിത്രമെടുക്കാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നു.അപ്പോഴാണ് മലയാളസിനിമയുടെ മറ്റൊരു നെടുംതൂണായ മെരിലാന്റ്സ്റ്റുഡിയോയുടെ പി സുബ്രഹ്മണ്യം ഒരു പുണ്യപുരാണചിത്രമെടുക്കുന്ന വിവരമറിയുന്നത്.

കേരളത്തിലെ രണ്ട് സ്റ്റുഡിയോ മുതലാളിമാരും തമ്മില്‍ അനാവശ്യവും അനാരോഗ്യകരവുമായ ഒരു മത്സരം അരങ്ങേറുന്നുണ്ടായിരുന്നു.


(കുഞ്ചാക്കോ - പി. സുബ്രഹ്മണ്യം)

നേരത്തെ ഉദയാ 'ഉണ്ണിയാര്‍ച്ച' എന്ന വടക്കന്‍ പാട്ട് ചിത്രം എടുക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ നീലാ -- മെരിലാന്റ് സ്റ്റുഡിയോയുടെ പ്രൊഡക്ഷന്‍ ബാനര്‍ -- അപ്പോള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന 'ക്രിസ്തുമസ് രാത്രി' എന്ന കൃസ്തീയ പശ്ചാത്തലമുള്ള ചിത്രത്തില്‍,'ഉണ്ണിയാര്‍ച്ച' ഒരു അന്തര്‍നാടകമായി കൂട്ടിച്ചേര്‍ത്തു.( പ്രധാന പ്രമേയവുമായി ഒരു ബന്ധവുമില്ലാത്ത ഒരു ചരിത്രകഥാസന്ദര്‍ഭം നൃത്തസംഗീത നാടകമായി ഉള്‍പ്പെടുത്തുന്ന രീതി അന്നത്തെ സിനിമകളുടെ പ്രത്യേകതയായിരുന്നു.അതിനെയാണ് അന്തര്‍നാടകം എന്നു വിളിക്കുന്നത്. തന്റെ സിനിമ വരുന്നതിനു മുമ്പുതന്നെ ഉണ്ണിയാര്‍ച്ച മറ്റൊരു രൂപത്തില്‍ സിനിമയില്‍ വന്നത് കുഞ്ചാക്കോയെ ചൊടിപ്പിച്ചു .ശ്രീകൃഷ്ണനും പ്രിയസതീര്‍ത്ഥ്യനായ കുചേലനും തമ്മിലുള്ള സൗഹൃദത്തെ ആസ്പദമാക്കിക്കൊണ്ട്, കൃഷ്ണന്റെകഥ പറയുന്ന 'ഭക്തകുചേല' എന്ന ചിത്രം മെരിലാന്റ് അനൗണ്‍സ് ചെയ്തത് അപ്പോഴാണ്.അടുത്ത ദിവസം തന്നെ ഉദയായും അവരുടെ അടുത്ത പടം പ്രഖ്യാപിച്ചു. 'കൃഷ്ണകുചേല'.വൈകാതെ 'ഭക്തകുചേല' തിരുവനന്തപുരത്തെ മെരി ലാന്റ്സ്റ്റുഡിയോയിലും കൃഷ്ണകുചേല ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയിലും ആരംഭിച്ചു.

ഉദയായുടെ കൃഷ്ണകഥ താരനിബിഢമായിരുന്നു.


(കൃഷ്ണകുചേല -- പ്രേംനസീറും മുത്തയ്യയും)

കേന്ദ്രകഥാപാത്രങ്ങളായ കൃഷ്ണനും കുചേലനുമായി യഥാര്‍ത്ഥ ജീവിതത്തിലും സമാനമായ തരത്തിലുള്ള ബന്ധം കാത്തുസൂക്ഷിച്ചിരുന്ന പ്രേംനസീറും മുത്തയ്യയുമാണ് അഭിനയിച്ചത്.സത്യന്‍,രാഗിണി, എസ് പി പിള്ള,കുണ്ടറ ഭാസി,കോട്ടയം ചെല്ലപ്പന്‍,മണവാളന്‍ ജോസഫ്,ഇ വി സരോജ, തുടങ്ങിയ പ്രമുഖ താരങ്ങള്‍ മറ്റു പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. സുലോചനയെ ക്ഷണിച്ചത് കുചേലപത്‌നിയുടെ റോളിലേക്കാണ്.

നാടകത്തിന്റെ തിരക്ക് കാരണമായി പറഞ്ഞുകൊണ്ട് തുടക്കത്തില്‍ തന്നെ സുലോചന ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.പ്രധാന കാരണം അതായിരുന്നില്ല. അതുവരെയുള്ള സിനിമാനുഭവങ്ങള്‍ അത്ര സുഖകരമല്ലാതിരുന്നത് തന്നെയാണ്.പുരാണകഥാപാത്രത്തിന്റെ വേഷം തനിക്ക് ചേരില്ലെന്ന വിശ്വാസം('കര്‍ണ്ണന്‍' നാടകത്തിലെ പഴയ കുന്തിയുടെ വേഷം മനസിലുണ്ടായിരുന്നു!),അതിനും പുറമേ, പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുചേലഭാര്യയുടെ രൂപത്തിന്, തന്റെ സ്വല്‍പ്പം തടിച്ച ശരീരപ്രകൃതി ഇണങ്ങില്ലെന്ന തോന്നല്‍.....ഇതെല്ലാം കാരണം പടത്തില്‍ ബുദ്ധിമുട്ടുണ്ടെന്ന് കുഞ്ചാക്കോയെ അറിയിക്കുകയും ചെയ്തു.എന്നാല്‍ 'ചാക്കോച്ചന്‍' വിടാന്‍ ഭാവമുണ്ടായിരുന്നില്ല.

സുലോചന തന്നെ അഭിനയിക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. കുഞ്ചാക്കോയുടെ ആത്മസുഹൃത്തായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ടി വി തോമസ് വഴി പാര്‍ട്ടിതലത്തിലും സമ്മര്‍ദ്ദമുണ്ടായി.പകല്‍ നേരത്ത് സ്റ്റുഡിയോയില്‍ വെച്ചാണ് പടത്തിന്റെ ചിത്രീകരണം.വൈകിട്ട് കാറില്‍ നാടകം നടക്കുന്ന സ്ഥലത്ത് കൊണ്ടുവിടും.ഈ കരാറിന്മേല്‍ സുലോചന ഒടുവില്‍ അഭിനയിക്കാന്‍ സമ്മതം മൂളി.

കുഞ്ചാക്കോ ഇങ്ങനെ വാശിപിടിച്ചതിന്റെ പിന്നില്‍ ഒരു കാരണം കൂടി ഉണ്ടായിരുന്നു. മെരിലാന്റിന്റെ സിനിമയില്‍ താരങ്ങള്‍ പൊതുവെ കുറവായിരുന്നെങ്കിലും കുചേല പത്‌നിയുടെ വേഷം ചെയ്യുന്നത് അക്കാലത്തെ പ്രധാന നായികയും മെരി ലാന്റിന്റെ കമ്പനി ആര്‍ട്ടിസ്റ്റുമായ മിസ്‌കുമാരി ആയിരുന്നു.അപ്പോള്‍ ഉദയായുടെ കുചേലപത്‌നി ഒട്ടും മോശമാകാന്‍ പാടില്ലല്ലോ.നീലായുടെ'ഭക്തകുചേല'യില്‍ അഭിനയിച്ച മറ്റ് താരങ്ങള്‍ തിക്കുറിശ്ശി, കൊട്ടാരക്കര, ടി കെ ബാലചന്ദ്രന്‍,എസ് പി പിള്ള,അംബിക,ശാന്തി,കുശല കുമാരി,അടൂര്‍ പങ്കജം തുടങ്ങിയവരാണ്.ശ്രീകൃഷ്ണനും കുചേലനുമായി തെലുങ്ക് താരങ്ങളായ കാന്താറാവു,സി എസ് ആര്‍ ആഞ്ജനേയലു എന്നിവര്‍ അഭിനയിച്ചു.


(ഭക്തകുചേല -- കാന്താറാവുവും ആഞ്ജനേയലുവും)

രണ്ടു പടങ്ങളുടെയും ഒന്നാം പകുതിയില്‍ കൃഷ്ണ ലീലകളാണ് നിറഞ്ഞുനില്‍ക്കുന്നത്.കൃഷ്ണകുചേലയില്‍,വെണ്ണ കട്ടു തിന്നുകയും ഗോപികമാരോടൊത്ത് ആടിപ്പാടുകയും കംസവധം നടത്തുകയും ചെയ്യുന്ന ബാലകൃഷ്ണനായി കുഞ്ചാക്കോയുടെ പുത്രന്‍ ബോബന്‍ കുഞ്ചാക്കോയും പൂതനയെ വധിക്കുന്ന ഉണ്ണിക്കൃഷ്ണനായി ജീജോയും(കുഞ്ചാക്കോയുടെ സഹോദരന്‍ അപ്പച്ചന്റെ മകന്‍) അഭിനയിച്ചു.ഭക്തകുചേലയില്‍ ഈ വേഷങ്ങള്‍ ചെയ്തത് നൃത്താചാര്യനായ ഗുരു ഗോപിനാഥിന്റെ(ചിത്രത്തില്‍ പൂതനയുടെ വേഷമിട്ടു)പുത്രിമാരായ ബേബി വിലാസിനിയും(ബാലകൃഷ്ണന്‍),ബേബി വിനോദിനി(ഉണ്ണിക്കൃഷ്ണന്‍)യുമാണ്.രണ്ടു പടങ്ങളുടെയും ജയപരാജയങ്ങളെ നിര്‍ണയിച്ച ഒരു പ്രധാന ഘടകമായിരുന്നു ഈ രണ്ടു വേഷങ്ങളിലും വന്ന ബാലതാരങ്ങളുടെ പെര്‍ഫോമന്‍സ്.

രണ്ടു ചിത്രങ്ങളിലെയും സംഗീതവിഭാഗങ്ങളില്‍ കൂടുതല്‍ സമ്പന്നം ഉദയാ ചിത്രത്തിന്റേതായിരുന്നു.പി ഭാസ്‌ക്കരന്‍ - കെ രാഘവന്‍ ടീമാണ് പാട്ടുകളൊരുക്കിയത്.അന്നത്തെ പ്രമുഖ ഗായകര്‍ മിക്കവാറുമെല്ലാവരും തന്നെ --- എ എം രാജ, ഘണ്ടശാല, പി ബി ശ്രീനിവാസ്, പി ലീല, പി സുശീല, ശാന്താ പി നായര്‍,ജിക്കി,എം എല്‍ വസന്തകുമാരി എന്നിവരോടൊപ്പം രാഘവന്‍ മാസ്റ്ററും രണ്ടു പാട്ടുകള്‍ പാടി.എന്നാല്‍ സുലോചനയ്ക്ക് ഒരു പാട്ടുപോലും പാടാനുണ്ടായിരുന്നില്ല!

ഭക്തകുചേലയിലെ ഗാനങ്ങളുടെ പിറകില്‍ മെരിലാന്റിന്റെ സ്ഥിരം ടീമായ തിരുനയിനാര്‍കുറിച്ചിയും ബ്രദര്‍ ലക്ഷ്മണനും ആയിരുന്നു. കമുകറ പുരുഷോത്തമന്‍, പി ലീല,ജിക്കി,എ പി കോമള,സി എസ് രാധാദേവി എന്നിവരായിരുന്നു പാട്ടുകാര്‍.

കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോയായ ഉദയായിലായിരുന്നു കൃഷ്ണകുചേല യുടെ ഷൂട്ടിംഗ്. സത്യനും പ്രേം നസീറും രാഗിണിയുമുള്‍പ്പെടെയുള്ള ഉദയായുടെ സ്ഥിരം അഭിനേതാക്കളുമൊക്കെയായുള്ള സൗഹൃദം പുതുക്കാന്‍ ഒരവസരമായി അതുമാറി. 'ഭക്തകുചേല'യാണ് ആദ്യം പ്രദര്‍ശനത്തിനെത്തിയത്.1961 നവംബര്‍ 9 ന്. നവംബര്‍ 18 ന് 'കൃഷ്ണകുചേല'യും.

അവില്‍പ്പൊതിയും അവില്‍ക്കിഴിയും ജനങ്ങള്‍ക്കു നല്‍കിക്കൊണ്ട് പുതുമയുള്ള പ്രചാരണ പരിപാടി രണ്ടുകൂട്ടരും വാശിയോടെ നടത്തി. എന്നാല്‍ അവില്‍ക്കിഴി ഏറ്റില്ല.അവില്‍പ്പൊതി ഹിറ്റാകുകയും ചെയ്തു.ജനപ്രീതിയുടെ കാര്യത്തില്‍, കൃഷ്ണകുചേലന്മാരായി വന്ന തെലുങ്കു താരങ്ങള്‍ കാന്താറാവുവും ആഞ്ജനേയലുവും നസീര്‍-മുത്തയ്യാ ദ്വന്ദത്തെ കടത്തിവെട്ടി.


(ബേബി വിലാസിനി - ബേബി വിനോദിനി)

വിലാസിനി- വിനോദിനി സഹോദരിമാരുടെ കൃഷ്ണലീലകളാണ് ബോബന്‍-ജീജോ സഹോദരന്മാരുടേതിനേക്കാള്‍ കാണികളുടെ മനം കവര്‍ന്നത്. ഭക്തകുചേലയ്ക്ക് കൂടുതല്‍ പ്രേക്ഷകപിന്തുണ ലഭിക്കാന്‍ സഹായിച്ച പ്രധാന ഘടകം പാട്ടുകളായിരുന്നു. 'കൃഷ്ണകുചേല'യിലെ പാട്ടുകള്‍ തീര്‍ച്ചയായും ഇമ്പമുള്ളവയായിരുന്നു.പക്ഷെ ആളുകളെല്ലാം മൂളിനടന്നത് 'ഭക്തകുചേല' യിലെ കമുകറ പുരുഷഷോത്തമന്‍ പാടിയ പാട്ടുകളാണ്. 'ഈശ്വരചിന്തയിതൊന്നേ മനുജന് ശാശ്വതമേയുലകില്‍'

'മായാമാധവഗോപാലാ

നീയേ ശരണം ദേവാ'

'നാളെ നാളെ എന്നായിട്ടും ഭഗവാനെ കാണിത്ര നാളും പുറപ്പെടാതെ ഞാനിന്നു ചെല്ലുമ്പോള്‍'

അഭിനയത്തിന്റെ കാര്യത്തില്‍ രണ്ടു ചിത്രങ്ങളിലെയും ഒരാളുപോലും മോശമായിരുന്നില്ല. എന്നാല്‍ കുചേലപത്‌നിയുടെ വേഷത്തില്‍ സുലോചനയേക്കാള്‍ കയ്യടി നേടിയത് മിസ്‌കുമാരിയാണ്. അരപ്പവന്റെ നിരൂപകന്‍ ചൂണ്ടിക്കാണിച്ചതുപോലെസുലോചനയോട് ക്യാമറ ഇത്തവണയും നീതി കാണിച്ചില്ല. താനും മുത്തയ്യയും കുചേല ദമ്പതികളായി അഭിനയിക്കാന്‍ തീരെ അനുയോജ്യരായിരുന്നില്ല എന്നായിരുന്നു സുലോചന ആത്മവിമര്‍ശനമായി വിലയിരുത്തിയത്.


(കൃഷ്ണകുചേലയില്‍ സുലോചനയും മുത്തയ്യയും)

''ഞങ്ങള്‍ രണ്ടുപേരെയും കണ്ടാല്‍ ഒരു നിമിഷം പോലും പട്ടിണി അനുഭവിച്ചവരായി തോന്നുകയില്ലെന്നു മാത്രമല്ല പ്രേക്ഷകര്‍ക്ക് വളരെ അരോചകമാകുകയും ചെയ്തു.ഭഗവാന്‍ ശ്രീകൃഷ്ണന്‍ കുചേലന്റെ കയ്യില്‍ നിന്നും അവല്‍ വാങ്ങി കഴിച്ചതിനുശേഷമുള്ള കുചേലന്റെയും പത്‌നിയുടെയും മാറ്റത്തിന് ഞങ്ങളുടെ ശരീരഘടന ഒരുപക്ഷെ അനുയോജ്യമായിക്കാണും. എന്തായാലും ഞങ്ങളുടെ കഥാപാത്രത്തിന്റെ പോരായ്മ കൊണ്ടാണോ എന്നറിയില്ല കൃഷ്ണകുചേലയും ദയനീയമായി പരാജയപ്പെട്ടു.''**

ഈ പരാജയത്തോടെ സുലോചന സിനിമയുമായി പൂര്‍ണ്ണമായും അകന്നു.നാടകമാണ് തന്റെ ജീവാത്മാവും പരമാത്മാവും എന്നും നാടകം ഉപേക്ഷിച്ചൊരു ജീവിതമില്ലെന്നുമുള്ള പരമാര്‍ത്ഥം ബോദ്ധ്യപ്പെടാന്‍ ഈ ദുരന്ത സമാനമായ അനുഭവങ്ങള്‍ നിമിത്തമായി.വാസ്തവത്തില്‍, കുറച്ചുനാളുകള്‍ക്ക് മുമ്പുവരെ വലിയൊരു ആഗ്രഹം സുലോചന മനസ്സില്‍ കൊണ്ടുനടന്നിരുന്നു. നാടകത്തില്‍ താന്‍ അവതരിപ്പിച്ചു വിജയിക്കുകയും കാണികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്ത ചില കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിക്കണമെന്നുള്ളതായിരുന്നു അത്.'മുടിയനായ പുത്രനി'ലെ ചെല്ലമ്മയും 'പുതിയ ആകാശം പുതിയ ഭൂമി'യിലെ ഉഷയും.പക്ഷെ സാക്ഷാത്കരിക്കാനാകാത്ത അപൂര്‍വം ചില സ്വപ്നങ്ങളുടെ പട്ടികയിലേക്ക് അതും കൂടി ചേര്‍ത്തുവയ്ക്കേണ്ടി വന്നിരിക്കുന്നു.കാരണം ആ രണ്ടു നാടകങ്ങളും അപ്പോള്‍ ചലച്ചിത്രരൂപത്തില്‍ പ്രേക്ഷകരുടെ മുമ്പിലേക്കെത്താന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു.ആ രണ്ടു സിനിമകളിലും സുലോചന അഭിനയിക്കുകയോ പാടുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. മനസ്സില്‍ വല്ലാത്തൊരു നൊമ്പരമനുഭവിച്ചുകൊണ്ടാണ് സുലോചന ആ ദിവസങ്ങളിലൂടെ കടന്നുപോയത്.....

(അടുത്തഭാഗം: നായിക കണ്ടെത്തിയ നായകന്‍)

*'അരപ്പവന്‍' നിരൂപണംപ്രിയകുമാര്‍, ജനയുഗം വാരിക, സെപ്റ്റംബര്‍ 21, 1961

**അരങ്ങിലെ അനുഭവങ്ങള്‍-കെപിഎസി സുലോചന, കറന്റ് ബുക്‌സ്, തൃശൂര്‍


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories