TopTop
Begin typing your search above and press return to search.

SERIES|നായിക കണ്ടെത്തിയ നായകന്‍ -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

SERIES|നായിക കണ്ടെത്തിയ നായകന്‍ -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

(സത്യനും മിസ് കുമാരിയും മുടിയനായ പുത്രനില്‍)

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)

ഭാഗം 43

ആ ദിവസം ആലുവയിലെ എഫ് എ സി ടി ആഡിറ്റോറിയത്തില്‍ 'മുടിയനായ പുത്രന്‍' കളിച്ചുകഴിഞ്ഞ്,ദീര്‍ഘകായനായ ഒരു ചെറുപ്പക്കാരന്‍,ഒരു സുഹൃത്തിനോടൊപ്പം തോപ്പില്‍ഭാസിയെ കാണാന്‍ അണിയറയിലേയ്ക്ക് ചെന്നു. നാടകം കണ്ടിട്ട്,അയാള്‍ ആകെ ആവേശഭരിതനായിരുന്നു.ഭാസിയെ കെട്ടിപ്പിടിച്ച് അഭിനന്ദനങ്ങള്‍ ചൊരിയുന്നതിനൊപ്പം ഒരാഗ്രഹം കൂടി അറിയിക്കാനുണ്ടായിരുന്നു അയാള്‍ക്ക്.'മുടിയനായ പുത്രന്‍' തനിക്ക് സിനിമയാക്കണം. പണം മുടക്കാന്‍ തയ്യാറായ ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് താന്‍ ഇപ്പോള്‍.പക്ഷെ അതുവരെ 'ഭാസിയാശാന്‍' കാത്തിരിക്കണം.

ഭാസിയെ സംബന്ധിച്ചിടത്തോളം സിനിമയെന്ന് പറഞ്ഞാല്‍ കൈയെത്താത്ത അകലത്തിലുള്ള ഒരു സുന്ദരസ്വപ്നം പോലെയായിരുന്നു, അന്ന്. പക്ഷെ പറയുന്നയാള്‍ ചില്ലറക്കാരനല്ല.മലയാളസിനിമയുടെ തലക്കുറി മാറ്റിയെഴുതിയ 'നീലക്കുയിലി'ന്റെ കൂട്ടുസംവിധായകരില്‍ ഒരാള്‍.രാമു കാര്യാട്ട്.


(രാമു കാര്യാട്ട്)

ഒപ്പമുള്ളയാള്‍, തൃശ്ശൂരില്‍ ശോഭന എന്നപേരില്‍ ഒരു ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന,നീലക്കുയിലിന്റെ സ്റ്റീല്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ, പരമേശ്വരന്‍ നായര്‍. മുടിയനായ പുത്രന്‍ എത്രയും വേഗം സിനിമയാക്കുമെന്നു പറഞ്ഞുറപ്പിച്ചിട്ടാണ് രാമുവും പരമുവും യാത്ര പറഞ്ഞുപോയത്. അത്1958ലായിരുന്നു.

നീലക്കുയില്‍ പുറത്തിറങ്ങി മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം രാമുകാര്യാട്ട് സംവിധാനം ചെയ്ത 'മിന്നാമിനുങ്ങ്'എന്ന ചിത്രത്തെ പ്രേക്ഷകര്‍ പാടേ നിരാകരിച്ചു കളഞ്ഞു.


(മിന്നാമിനുങ്ങ് സിനിമയുടെ പരസ്യം)

ഒരു സുഹൃത്തുമായി ചേര്‍ന്ന് കാര്യാട്ട് തന്നെ നിര്‍മ്മിച്ച പടത്തില്‍,ക്യാമറയ്ക്കു മുന്നിലും പിറകിലുമെല്ലാം അണിനിരന്നത് പുതിയമുഖങ്ങളായിരുന്നു.കാര്യാട്ടുമായി ചേര്‍ന്ന് കഥയെഴുതിയ പോഞ്ഞിക്കര റാഫി,സംഭാഷണം രചിച്ച കവി കെ എസ് കെ തളിക്കുളം,നാടകവേദിയില്‍ നിന്നെത്തിയ എഡ്ഡി, മേരി എഡ്ഡി,പ്രേംജി,ശാന്താദേവി,വക്കച്ചന്‍,മണവാളന്‍ ജോസഫ്, ഖാന്‍ മറ്റു നടീനടന്മാരായ പത്മം മേനോന്‍,ദമയന്തി, വാസുദേവ് ചെറുവാരി,ചലച്ചിത്ര സംഗീതസംവിധാനത്തില്‍ തുടക്കം കുറിച്ച എം എസ് ബാബുരാജ്, ഗായിക മച്ചാട്ട് വാസന്തി.....ഈ പുതുമുഖങ്ങള്‍ക്കു പുറമേ പടത്തിന്റെ പ്രിന്റിന് സംഭവിച്ച സാങ്കേതിക ത്തകരാറുകളും പരാജയത്തിന്റെ മറ്റൊരു ഘടകമായി.'മിന്നാമിനുങ്ങ്' പൊട്ടിയതോടെ രാമുകാര്യാട്ട് എന്ന സംവിധായകനെ വെച്ചു പടം പിടിക്കാന്‍ ആരും തയ്യാറായില്ല.

ആലുവയിലെ കൂടിക്കാഴ്ച്ച കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴും കാത്തിരിപ്പ് തുടരുകയായിരുന്നു.ഇതിനിടെ,മലയാളത്തിലും തമിഴിലും ഒരുമിച്ച് 'മുടിയനായ പുത്രന്‍'എടുക്കാന്‍ തയ്യാറായി മുതവി മാണിക്യം എന്നൊരു തമിഴ് നിര്‍മ്മാതാവ് ഭാസിയെ സമീപിച്ചു.രാമുകാര്യാട്ടിനെ ബന്ധപ്പെടാനാണ് ഭാസി നിര്‍ദ്ദേശിച്ചത്.

''എന്നോടുള്ള സ്‌നേഹം കൊണ്ടും ഒരുവാക്കു മാത്രം പറഞ്ഞതിന്റെ പേരിലും സ്വന്തം നാടകം തമിഴിലും മലയാളത്തിലും ചലച്ചിത്രമാക്കാനുള്ള സന്ദര്‍ഭം വേണ്ടെന്നുവച്ച ആശാനെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഞാന്‍ വികാരഭരിതനാകുന്നു.'' കാര്യാട്ട് ഭാസിയ്‌ക്കെഴുതി.

ഒടുവില്‍'നീലക്കുയിലും' 'രാരിച്ചന്‍ എന്ന പൗരനും' നിര്‍മ്മിച്ച ടി കെ പരീക്കുട്ടി തന്നെ 'മുടിയനായ പുത്രന്‍'നിര്‍മ്മിക്കാന്‍ തയ്യാറായി.


(ടി കെ പരീക്കുട്ടി (ചന്ദ്രതാര)

എറണാകുളത്തെ ചന്ദ്രതാര പ്രൊഡക്ഷന്‍സിന്റെ ഓഫീസില്‍ വച്ച് എഗ്രിമെന്റില്‍ ഒപ്പിടുന്നതിനു മുമ്പ് തോപ്പില്‍ ഭാസി രണ്ടു വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചു.

''പ്രധാന നടീനടന്മാരെ തെരഞ്ഞെടുക്കുന്നത് എന്റെ കൂടി സമ്മതപ്രകാരമായിരിക്കണമെന്നതായിരുന്നു ഒരു വ്യവസ്ഥ. രണ്ടാമത്തേത്,ചാത്തന്റെ റോളില്‍ കാമ്പിശ്ശേരി കരുണാകരന്‍ അഭിനയിക്കണം.തോപ്പില്‍ കൃഷ്ണപിള്ള,അടൂര്‍ ഭവാനി, ലീല,കോട്ടയം ചെല്ലപ്പന്‍ ശ്രീനാരായണ പിള്ള എന്നിവര്‍ക്ക് അവര്‍ അഭിനയിക്കുന്ന റോളുകള്‍ കൊടുക്കണം.

കാര്യാട്ട് അതു സമ്മതിച്ചു. കുറേ ദിവസങ്ങള്‍ക്കു ശേഷം കാര്യാട്ട്, ആര്‍ എസ് പ്രഭു, ശോഭനാ പരമേശ്വരന്‍ നായര്‍ എന്നിവരും ഒരു യുവാവും എന്നെ അന്വേഷിച്ചു പല്ലനയുള്ള എന്റെ ഭാര്യവീട്ടില്‍ വന്നു.യുവാവിനെ അവരെനിക്ക് പരിചയപ്പെടുത്തി. ഇ വി കൃഷ്ണപിള്ളയുടെ മകനാണ് -- അടൂര്‍ഭാസി. എന്നിട്ട് രാമുവും പ്രഭുവും എന്നെ അടുത്ത മുറിയിലേക്ക് വിളിച്ചിട്ട് ആഗമനോദ്ദേശ്യം പറഞ്ഞു.'അടൂര്‍ ഭാസി കോമഡി അഭിനയിക്കുവാന്‍ വാസനയുള്ള ആളാണ്.ശ്രീനാരായണ പിള്ളയ്ക്കു വച്ചിരിക്കുന്ന കരയോഗം സെക്രട്ടറിയുടെ റോള് ഭാസിക്കു കൊടുക്കാന്‍ സമ്മതിക്കണം.' ഞാന്‍ സമ്മതിച്ചു.''


(ഇ വി കൃഷ്ണപിള്ളയുടെ പുത്രന്മാരായ ഭാസ്‌ക്കരന്‍ നായരും (അടൂര്‍ ഭാസി) രാമചന്ദ്രന്‍ നായരും (ചന്ദ്രാജി))*

(സത്യനും പ്രേംനസീറും ആദ്യമായി ക്യാമറയുടെ മുമ്പില്‍ വന്ന കെ ബാലകൃഷ്ണന്റെ 'ത്യാഗസീമ'എന്ന പുറത്തിറങ്ങാത്ത സംരംഭത്തിലും, പിന്നീട് രാമുകാര്യാട്ട് സഹസംവിധായകനായി പ്രവര്‍ത്തിച്ച 'തിരമാല' എന്ന ചിത്രത്തിലും ഭാസ്‌ക്കരന്‍ നായര്‍ എന്ന അടൂര്‍ഭാസി ഒന്നു മുഖം കാണിച്ചിരുന്നു.അതൊന്നും ഫലിക്കാതെപോയതുകൊണ്ട് തിരുവനന്തപുരത്ത് നാടകാഭിനയവും ടി എന്‍ ഗോപിനാഥന്‍ നായരുടെ സഖി വാരികയില്‍ ജോലിയുമൊക്കെയായി ഒതുങ്ങിക്കൂടി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വഴുതയ്ക്കാട് വാര്‍ഡിലെ ആര്‍ എസ് പി യുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചുതോറ്റതിനുശേഷം ബന്ധുവായ റോസ്‌കോട്ട് കൃഷ്ണപിള്ളയുടെ സഹായത്തോടെ ഡല്‍ഹിയില്‍ ആകാശവാണിയുടെ മലയാളം ന്യൂസ് റീഡര്‍ ആയിപ്പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭാസി.അപ്പോഴാണ് കാര്യാട്ടിന്റെ ഈ ഓഫര്‍)


(അടൂര്‍ ഭാസിയും റോസ്‌കോട്ട് കൃഷ്ണപിള്ളയും)

'മുടിയനായ പുത്രനി'ന്റെ അഭിനയവിഭാഗം സാമാന്യം ശക്തമായിരുന്നു.നീലക്കുയിലിലെ നായികാനായകന്മാര്‍ തന്നെ ഇതിലും മുഖ്യവേഷങ്ങള്‍ അഭിനയിച്ചു.രാജനായി സത്യനും ചെല്ലമ്മയായി മിസ്‌കുമാരിയും. സത്യന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയ കഥാപാത്രങ്ങളുടെ തുടക്കമായിരുന്നു മുടിയനായ പുത്രനിലെ രാജന്‍.


(കാമ്പിശ്ശേരി, സത്യന്‍,കുമാരി)

നീലിയ്ക്കും ചിരുതയ്ക്കും ശേഷം ഒരിക്കല്‍ കൂടി മാടത്തിന്റെ മകളുടെ വേഷത്തിലഭിനയിച്ച കുമാരിയും രാധയായി വന്ന അംബികയും വാസുവിന്റെ റോളില്‍ വീണ്ടും വെള്ളിത്തിരയിലെത്തിയപി ജെ ആന്റണിയുമാണ് എല്ലാവര്‍ക്കുമൊരുപോലെ ഇഷ്ടമായ മറ്റ് അഭിനേതാക്കള്‍. (പണ്ട് നീലക്കുയിലില്‍ പോസ്റ്റുമാന്‍ ശങ്കരന്‍ നായരുടെ വേഷത്തിലേക്ക് പി ജെ ആന്റണിയെയാണ് പി ഭാസ്‌ക്കരനും രാമു കാര്യാട്ടും നിശ്ചയിച്ചിരുന്നത്.'ഇന്‍ക്വിലാബിന്റെ മക്കള്‍' നാടകത്തിന്റെ നിരോധനവും പുനരവതരണവുമൊക്കെയായി തിരക്കിലായിരുന്ന ആന്റണി ചെല്ലാത്തതു കൊണ്ട് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ തന്നെ ആ റോളേറ്റെടുക്കുകയായിരുന്നു.)


(മുടിയനായ പുത്രന്റെ പരസ്യം)

ആന്റണിയുടെയും കാമ്പിശ്ശേരിയുടെയും കെ പി എ സി യില്‍ നിന്നുള്ള അഭിനേതാക്കളുടെയും അരങ്ങത്തെ പരിചയസമ്പന്നത സിനിമയില്‍ അവരെ സഹായിച്ചു. നാടകത്തിലേതുപോലെ രാജനെ തൂക്കുമരത്തിലേക്ക് അയയ്ക്കുന്നതിനു പകരം അയാള്‍ ഇരുമ്പഴികള്‍ക്കുള്ളില്‍ നില്‍ക്കുന്നതായി കാണിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.'മിന്നാമിനുങ്ങി'ല്‍ തുടക്കമിട്ട പി ഭാസ്‌ക്കരന്‍ - ബാബുരാജ് കൂട്ടുകെട്ട് പത്തുപാട്ടുകളൊരുക്കി.കൂടാതെ ജി ശങ്കരക്കുറുപ്പിന്റെ ഒരു കവിതയും.പി ലീല,ശാന്താ പി നായര്‍,കവിയൂര്‍ സി കെ രേവമ്മ,മെഹബൂബ്,ഉദയഭാനു,എന്നിവരും കോറസുകള്‍ നയിച്ചുകൊണ്ട് കെ എസ് ജോര്‍ജ്ജുമായിരുന്നു ഗായകര്‍.'ഓണത്തുമ്പീ', 'പുലമാടമാണേലും','പൊട്ടിച്ചിരിക്കരുതേ ചിലങ്കേ' തുടങ്ങിയ പാട്ടുകളാണ് കൂട്ടത്തില്‍ മികച്ചുനിന്നത്.

'നീലക്കുയില്‍' ടീമിലെ പ്രധാനിയായിരുന്ന എ വിന്‍സെന്റ് ആയിരുന്നു ക്യാമറാമാന്‍. മുടിയനായ പുത്രനെ ഒരു നല്ല സിനിമയാക്കിയതില്‍ വിന്‍സെന്റിന്റെ പങ്ക് ഒട്ടും ചെറുതായിരുന്നില്ല.കലാപരമായും സാമ്പത്തികമായും മുടിയനായ പുത്രന്‍ വിജയം വരിച്ചപ്പോള്‍ ഭാസിയുടെ അടുത്ത സിനിമ എല്ലാം കൊണ്ടും ഇതിന്റെ എതിര്‍ദിശയിലായിരുന്നു.

മദ്രാസിലെ ചന്ദ്രതാരയുടെ ഓഫീസില്‍ താമസിച്ചുകൊണ്ട്,തന്റെ ആദ്യത്തെ തിരക്കഥയെഴുതിക്കഴിഞ്ഞയുടനെ തന്നെ ഭാസി അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലേക്ക് പ്രവേശിച്ചു.'പുതിയ ആകാശം പുതിയ ഭൂമി' ചലച്ചിത്രമാക്കുന്നത് നിര്‍മ്മാതാവും വിതരണക്കാരനുമൊക്കെയായി ദീര്‍ഘനാളത്തെ അനുഭവസമ്പത്തുള്ള ടി ഇ വാസുദേവന്റെ അസോസിയേറ്റഡ് പിക്‌ചേഴ്‌സാണ്.


(ടി.ഇ വാസുദേവന്‍)

'അമ്മ','ആശാദീപം', 'സ്‌നേഹസീമ','നായര് പിടിച്ച പുലിവാല്'തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച 'വാസു സാര്‍' തന്റെ സിനിമയെ സംബന്ധിക്കുന്ന ഏറ്റവും ചെറിയകാര്യങ്ങളില്‍ പോലും താന്‍ നിശ്ചയിക്കുന്നതു തന്നെ നടപ്പാക്കണം എന്നു നിര്‍ബന്ധബുദ്ധിയുള്ള ആളായിരുന്നു.ചിത്രത്തിലെ നായികയെ തീരുമാനിച്ച കാര്യത്തിലാണ് അതേറ്റവും പ്രകടമായത്.

അസോഷ്യേറ്റിന്റെ കഴിഞ്ഞ ചിത്രമായ 'നായരു പിടിച്ച പുലിവാലി'ലെ നായകനായിരുന്ന സത്യന്‍ എഞ്ചിനീയര്‍ സുകുമാരന്റെ വേഷത്തിലഭിനയിച്ചപ്പോള്‍,നായികയായിരുന്ന രാഗിണി ഇത്തവണ ഉപനായികയായ പൊന്നമ്മയുടെ റോളിലാണ് വന്നത്.


(പുതിയ ആകാശം പുതിയ ഭൂമി)

പ്രമുഖതാരങ്ങളായ മുത്തയ്യ(ശങ്കരന്‍കുട്ടി),ബഹദൂര്‍(ഫിലിംസ്റ്റാര്‍ ഗോപു)എന്നിവര്‍ക്കുപുറമെ നിശ്ചയിച്ചപ്പോള്‍ നാടകത്തില്‍ അണിയറയിലായിരുന്ന ജോണ്‍സണ്‍ എന്നൊരു എസ്റ്റേറ്റ് ഉടമയുടെ കഥാപാത്രത്തെ പ്രതിനായകവേഷത്തില്‍ കൊണ്ടുവന്ന്,അന്നത്തെ മുഖ്യവില്ലനായ കൊട്ടാരക്കരയെ അഭിനയിപ്പിച്ചു. കെ പി.എ സി യിലെ അഭിനേതാക്കളായ തോപ്പില്‍ കൃഷ്ണപിള്ള(കുഞ്ചുനായര്‍),കോട്ടയം ചെല്ലപ്പന്‍(സൂപ്രണ്ടിംഗ് എഞ്ചിനീയര്‍),ശ്രീനാരായണ പിള്ള(മത്തായി),സി ജി ഗോപിനാഥ്(നാണു),അടൂര്‍ ഭവാനി(ഏലിയാമ്മ)ലീല(രാജമ്മ)എന്നിവരെ അവരുടെ നാടകത്തിലെ വേഷങ്ങളില്‍ അഭിനയിപ്പിക്കണമെന്ന തോപ്പില്‍ഭാസി യുടെ അഭിപ്രായം സ്വീകരിക്കാന്‍ നിര്‍മ്മാതാവ് എന്തുകൊണ്ടോ തയ്യാറായി.

1947 ല്‍ തമിഴ്‌സിനിമാവേദിയിലൂടെ അഭിനയജീവിതമാരംഭിച്ച തിരുവനന്തപുരത്തുകാരി ബി എസ് സരോജ 1950 കളുടെ തുടക്കത്തിലാണ് മലയാളസിനിമയിലെത്തുന്നത്.


(ബി എസ് സരോജ ജീവിതനൗക,ആത്മസഖി,അച്ഛന്‍ എന്നീ ചിത്രങ്ങളില്‍)

തിക്കുറിശ്ശിയുടെയും(ജീവിതനൗക) സത്യന്റെയും(ആത്മസഖി) പ്രേംനസീറിന്റെയും(അച്ഛന്‍) നായികയായി അഭിനയിച്ചു.1960കളായപ്പോഴേക്കും ഉമ്മ,കൃഷ്ണകുചേല തുടങ്ങിയ ചിത്രങ്ങളിലൂടെ അമ്മവേഷങ്ങളിലേക്ക് ചുവടുമാറിയ സരോജയ്ക്ക്, പ്രായം കൊണ്ടും രൂപഭാവങ്ങള്‍ കൊണ്ടും ഒട്ടും ഇണങ്ങുന്നതായിരുന്നില്ല,സുലോചന അരങ്ങത്ത് അതിഗംഭീരമാക്കിയ, ഉഷയുടെ വേഷം.

ടി ഇ വാസുദേവന്‍ 'പുതിയ ആകാശം പുതിയ ഭൂമി' യുടെ സംവിധാനച്ചുമതല ഏല്‍പ്പിച്ചത് അസോഷ്യേറ്റഡിന്റെ മുന്‍കാലച്ചിത്രങ്ങളുടെ ചിത്രസംയോജകനായിരുന്ന എം എസ് മണിയെയാണ്.മണിയുടെ ആദ്യസംവിധാനസംരംഭം.നല്ലൊരു എഡിറ്റര്‍ ആയിരുന്ന മണി സംവിധാനകലയില്‍ ഒട്ടും വിജയിച്ചില്ല.

.....നാടകത്തില്‍ അരങ്ങത്തു വരാതെ തന്നെ പ്രേക്ഷകന്റെ മനംകവര്‍ന്ന കഥാപാത്രമാണ് കുഞ്ചുനായരുടെ പുള്ളിക്കാള.കൃഷിക്കാരന്റെ കദന കഥ പറയാനാണ് ഭാസി ആ കാളയെ ഉപയോഗിക്കുന്നത്. കുഞ്ചുനായര്‍ക്ക് ഒരു ജോഡി പൂട്ടു കാളന്മാരുണ്ടായിരുന്നു.ഒരു പ്രാവശ്യത്തെ കൃഷി നഷ്ടമായപ്പോള്‍,അടുത്തതവണ കൃഷിയിറക്കാന്‍ വേണ്ടി കുഞ്ചുനായര്‍ അതിലൊന്നിനെ വിറ്റു. നിലം പൂട്ടാന്‍ ഒരു കാളയെക്കൊണ്ടു മാത്രം സാധിക്കാത്തതുകൊണ്ട്, ഒരു ഒറ്റക്കാളയ്ക്കു വേണ്ടി അയാള്‍ക്ക് പലരുടെയും പിറകേ നടക്കേണ്ടിവരുന്നു. കൂടെക്കൂടെ വഴക്കിടുമെങ്കിലും,ഉറ്റചങ്ങാതിയായ പാട്ടക്കാരന്‍ മത്തായിയോട് കുഞ്ചുനായര്‍ തന്റെ വിഷമാവസ്ഥയെക്കുറിച്ച് പറയുകയാണ്.അപ്പോള്‍ മത്തായി ചോദിക്കുന്നു:'ഇവനെ അങ്ങു രണ്ടാക്കരുതോ?'

ഓണാട്ടുകരക്കാരായ കൃഷിക്കാര്‍ക്ക് മാത്രം മനസ്സിലാകുന്ന ഭാഷയാണത്.'കൈയിലുള്ള ഒറ്റക്കാളയെ വിറ്റ് കിട്ടുന്ന രൂപ കൊണ്ട് ചെറിയ രണ്ടു കാളകളെ വാങ്ങരുതോ?'എന്നാണതിന്റെ അര്‍ത്ഥം.


(പുതിയ ആകാശം പുതിയ ഭൂമിയില്‍ മത്തായി(ശ്രീനാരായണ പിള്ള),കുഞ്ചുനായര്‍(തോപ്പില്‍ കൃഷ്ണ പിള്ള)പൊന്നമ്മ(രാഗിണി)

ആ രംഗം മദ്രാസിലെ സ്റ്റുഡിയോയില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഭാസി അവിടെ ഉണ്ടായിരുന്നില്ല. ഷോട്ട് എടുക്കാന്‍ വേണ്ടി ഈ സംഭാഷണം വായിച്ചപ്പോള്‍ ഈ പ്രയോഗത്തിന്റെ അര്‍ത്ഥം മനസ്സിലാകാത്തതുകൊണ്ട് നിര്‍മ്മാതാവിനും സംവിധായകനും ക്യാമറാമാനുമൊക്കെ സംശയമായി.ഇവനെ അങ്ങു രണ്ടാക്കരുതോ എന്നു പറഞ്ഞാല്‍ കാളയെ അറക്കാന്‍ കൊടുത്തുകൂടേ എന്നാണര്‍ത്ഥമെന്ന് എല്ലാവരും കൂടിതീരുമാനിച്ചു. കുഞ്ചുനായരുടെയും മത്തായിയുടെയും വേഷങ്ങളില്‍ അഭിനയിക്കുന്ന തോപ്പില്‍കൃഷ്ണപിള്ളയും ശ്രീനാരായണ പിള്ളയും കൂടി കാര്യം പറഞ്ഞുകൊടുക്കാന്‍ ശ്രമിച്ചിട്ടും ഒരു പ്രയോജനവുമുണ്ടായില്ല. 'അതിക്രൂരമായ' ആ ഡയലോഗ് ഒഴിവാക്കാന്‍ തന്നെയായിരുന്നു നിര്‍മ്മാതാവും സംവിധായകനും കൂടി സംയുക്തമായെടുത്ത തീരുമാനം!....

പി ഭാസ്‌ക്കരനും എം ബി ശ്രീനിവാസനുമാണ് പാട്ടുകളൊരുക്കിയത്.സുലോചനയ്ക്ക് പാടാനവസരം കിട്ടിയില്ലെങ്കിലും കെ എസ് ജോര്‍ജ്ജ് നയിച്ച നാലു കോറസുകള്‍ ചിത്രത്തിലുണ്ടായിരുന്നു.കെ പി ഉദയഭാനു,മെഹബൂബ്,പി ലീല,കവിയൂര്‍ രേവമ്മ,ജമുനാറാണി എന്നിവരായിരുന്നു മറ്റു ഗായകര്‍.ഒപ്പം എം ബി എസ് ആ വര്‍ഷം(1962) കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലൂടെ പരിചയപ്പെടുത്തിയ,പഴയകാല നാടകനടനും ഗായകനുമായ അഗസ്റ്റിന്‍ ജോസഫിന്റെ മകന്‍ കെ ജെ യേശുദാസും.

'താമരത്തുമ്പീ വാ വാ','ആശ തന്‍ പൂന്തേന്‍ അറിയാതെ മോന്തി ഞാന്‍','പ്രേമത്തിന്‍ പാട്ടുകാരിയാണ് ഞാന്‍' എന്നീ പാട്ടുകളാണ് കൂട്ടത്തില്‍ കൂടുതല്‍ ജനപ്രീതി നേടിയ പാട്ടുകള്‍.

സത്യനും രാഗിണിയും മുത്തയ്യയും കോട്ടയം ചെല്ലപ്പനുമൊക്കെ നല്ല അഭിപ്രായം നേടിയപ്പോള്‍ നായിക സമ്പൂര്‍ണ പരാജയമായിരുന്നു.ബി എസ് സരോജയുടെ അടിമുടി കൃത്രിമത്വം നിറഞ്ഞ അഭിനയം നിരൂപകരുടെ വിമര്‍ശനത്തോടൊപ്പം കാണികളുടെ കൂവലുമേറ്റുവാങ്ങി. തമിഴ് കലര്‍ന്ന പൊട്ടമലയാളത്തിലുള്ള അവരുടെ സംഭാഷണം മാറ്റി ആരെക്കൊണ്ടെങ്കിലും ഡബ്ബ് ചെയ്യിക്കണമെന്ന് സംവിധായകന്‍ എം എസ് മണിയും തോപ്പില്‍ഭാസിയും സത്യനും ടി ഇ വാസുദേവനോട് പലതവണ അപേക്ഷിച്ചിട്ടും അതുചെവിക്കൊള്ളാന്‍ തയ്യാറായില്ല.

1962 ലെ വിഷുദിനത്തില്‍ റിലീസ് ചെയ്ത'പുതിയ ആകാശം പുതിയ ഭൂമി'സാമ്പത്തികമായോ കലാപരമായോ ഒരു നേട്ടവുമുണ്ടാക്കിയില്ല. 'മുടിയനായ പുത്രനി'ല്‍ രാമുകാര്യാട്ട് ചെയ്തതുപോലെ ചലച്ചിത്രകലയുടെ സൗന്ദര്യശാസ്ത്രവും സാദ്ധ്യതകളും ഉപയോഗിച്ചുകൊണ്ട്,നാടകത്തെ സിനിമയുടെ രൂപത്തില്‍ പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിനു പകരം അതേപടി പകര്‍ത്തിവെയ്ക്കാനാണ്

സംവിധായകന്‍ ശ്രമിച്ചത്.1961 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ 'മുടിയനായ പുത്രന്‍' മികച്ച മലയാള ചിത്രത്തിനുള്ള രാഷ്ട്രപതി യുടെ വെള്ളിമെഡല്‍ നേടി.'പുതിയ ആകാശം പുതിയ ഭൂമി'യ്ക്കാകട്ടെ അടുത്ത കൊല്ലത്തെ അവാര്‍ഡുകളുടെ കൂട്ടത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റ് ഓഫ് മെരിറ്റ് മാത്രമേ കിട്ടിയുള്ളൂ.തോപ്പില്‍ഭാസി യ്ക്ക് കേരള സംഗീത നാടക അക്കാദമി തിരക്ക്ഥയ്ക്കു കൊടുത്ത അവാര്‍ഡും.

ഈ സിനിമകളില്‍ അഭിനയിച്ച കാമ്പിശ്ശേരി ഉള്‍പ്പെടെയുള്ള കെ പി എ സി യിലെ പ്രതിഭകളാരുംതന്നെ അവരുടെ പ്രകടനം മോശമാക്കിയില്ല.അക്കാലത്തെ സിനിമാഭിനയത്തില്‍ പൊതുവെ നാടകത്തിന്റെ സ്വാധീനം ഏറി നിന്നിരുന്നതുകൊണ്ട് അഭിനയം നാടകീയമായിപ്പോയി എന്ന വിമര്‍ശനമൊന്നും ഉണ്ടായില്ല.എന്നു മാത്രമല്ല നാടകത്തിലെ അവരുടെ പെര്‍ഫോമന്‍സില്‍ നിന്ന് ഒരാള്‍ പോലും പിന്നോട്ടുപോയില്ല എന്ന അഭിപ്രായവുമുണ്ടായി. ലീല എന്ന നടിയുടെ പ്രകടനം -- പ്രത്യേകിച്ച് 'പുതിയ ആകാശം പുതിയ ഭൂമി'യുടെ ഹൈലൈറ്റ് ആയിരുന്ന നൃത്തരംഗങ്ങളും-- രാഗിണി യുമായി ചേര്‍ന്നുള്ള

'മുരളീമോഹനകൃഷ്ണാ',യും ഒറ്റയ്ക്കുള്ള

'പ്രേമത്തിന്‍ നാട്ടുകാരിയാണ് ഞാന്‍'

'ആശ തന്‍ പൂന്തേന്‍ അറിയാതെ മോന്തി ഞാന്‍...'എന്നിവയും 'മുടിയനായ പുത്രനി'ലെ 'ഓണത്തുമ്പീ' എന്ന ഗാനരംഗവും, നൃത്തചലനങ്ങളിലും ഭാവപ്രകടനങ്ങളിലുമുള്ള ലീലയുടെ സാമര്‍ത്ഥ്യം വിളിച്ചറിയിക്കുന്നതായിരുന്നു.


(കെപിഎസി ലീല)

'പുതിയ ആകാശം പുതിയ ഭൂമി'യും 'മുടിയനായ പുത്രനും' നാടകങ്ങള്‍ ഒഴിവില്ലാതെ കളിച്ചുകൊണ്ടിരുന്ന നാളുകളില്‍ തന്നെയാണ് ഈ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയത്.അതുകൊണ്ട് നാടകത്തിലെയും സിനിമയിലെയും അഭിനേതാക്കളുടെ പ്രകടനം ഒന്നു താരതമ്യം ചെയതുനോക്കാനുള്ള അവസരം പ്രേക്ഷകര്‍ക്ക് ലഭിച്ചു.അതുപോലെ പാട്ടുകള്‍ തമ്മിലും.ആ രണ്ടു കാര്യങ്ങളിലും കൂടുതല്‍ ജനപ്രീതി നാടകത്തിനു തന്നെയായിരുന്നു.സുലോചന എന്ന കലാകാരിക്ക് ജനങ്ങള്‍ നല്‍കുന്ന അംഗീകാരം എത്ര വലുതാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച അനുഭവമായിരുന്നു അത്.

കെ പി എ സി യുടെ പ്രതിഭകള്‍ തല്‍ക്കാലത്തേക്കാണെങ്കിലും സിനിമയിലേക്ക് പോയപ്പോള്‍,നാടകം പലപ്പോഴും മുടങ്ങി.ദേവരാജനും ഓ മാധവനുമൊക്കെ വിട്ടുപോയതു കൊണ്ടുണ്ടായ ആഘാതത്തിന് ആക്കം കൂട്ടാന്‍ മാത്രമേ അതു സഹായിച്ചുള്ളൂ.നഷ്ടപ്പെട്ട പ്രതാപവും ഊര്‍ജ്ജവുമൊക്കെ തിരിച്ചുപിടിച്ചേ തീരൂ എന്ന സന്ദിഗ്ധ ഘട്ടത്തിലെത്തിനില്‍ക്കുകയാണ് പ്രസ്ഥാനം.പ്രതിസന്ധി തരണം ചെയ്യുന്നതിന് മുന്‍കൈയെടുത്തുകൊണ്ട്,ആദ്യത്തെ ചുവടുവെയ്പ്പ് നടത്തിയത് സുലോചനയായിരുന്നു...

.....ഡല്‍ഹിയില്‍ നടന്ന മോഷണസംഭവത്തെ തുടര്‍ന്ന് നഷ്ടപരിഹാരത്തിനായി കൊല്ലത്തു കളിച്ച നാടകവും പൊളിഞ്ഞതോടെ ഓ മാധവനും വിജയകുമാരിയും കെ പി എ സി വിട്ടുപോയ നാളുകള്‍.സുലോചന അന്ന് പാട്ടുകള്‍ റെക്കോഡ് ചെയ്യുന്നതിന് വേണ്ടി മദ്രാസിലാണ്.എങ്കിലും കെ പി എ സിയില്‍ സംഭവിക്കുന്ന കാര്യങ്ങളൊക്കെ കൃത്യമായി അറിയുന്നുണ്ടായിരുന്നു.

പാട്ടുകള്‍ റെക്കോഡ്ചെയ്യുന്നത് സംബന്ധിച്ച് സുലോചനയും ദേവരാജനും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായി മാറുന്നതും ആ ദിവസങ്ങളില്‍ തന്നെയാണ്.കെ പി എ സി വലിയൊരു അപ്പോള്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് സുലോചനയ്ക്ക് ബോദ്ധ്യമുണ്ടായിരുന്നു . ഈ വിഷമഘട്ടത്തെ ഏതുവിധേനയും അതിജീവിക്കാനും കെ പി എ സിയുടെ പ്രതാപം നിലനിറുത്താനും തന്നെക്കൊണ്ട് എന്തുചെയ്യാനാകുമെന്ന ഒറ്റചിന്തയേ സുലോചനയ്ക്ക് ഉണ്ടായിരുന്നുള്ളൂ.

അപ്പോഴാണ് തികച്ചും യാദൃശ്ചികമായി ഒരു സംഭവമുണ്ടാകുന്നത്.ഒരു ദിവസം വൈകുന്നേരം അന്നത്തെ റെക്കോഡിംഗ് കഴിഞ്ഞ് ലോഡ്ജിലേക്ക് മടങ്ങാനായി നുങ്കപ്പാക്കത്തിനടുത്തുള്ള എച്ച് എം വി സ്റ്റുഡിയോയില്‍ നിന്ന് സുലോചനയും കൃഷ്ണന്‍കുട്ടിയും പുറത്തേക്കിറങ്ങി.സ്റ്റുഡിയോയുടെ മുന്‍ഭാഗത്തെ റോഡരികിലായി ,ആരോടോ സംസാരിച്ചു കൊണ്ട് സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ ആരെയുമാകര്‍ഷിക്കുന്ന, ദൃഢഗാത്രനും ചുരുളന്‍ മുടിക്കാരനുമായ ഒരു യുവാവ്.മുപ്പതു വയസ്സിനടുത്തു പ്രായമുണ്ടാകും.കണ്ടു നല്ല പരിചയമുള്ള മുഖച്ഛായ.കൃഷ്ണന്‍കുട്ടിയാണ് ആദ്യം ആളെ തിരിച്ചറിഞ്ഞത്.'ആ നില്‍ക്കുന്നയാളെ മനസിലായോ?'എന്ന് സുലോചനയോട് ചോദിക്കുകയും ചെയ്തു.അതുകേട്ട് സുലോചന അയാളെ ഒന്നുകൂടി സൂക്ഷിച്ചുനോക്കി.അപ്പോഴാണ് ആളെ മനസ്സിലാകുന്നത്.അത് കെ പി ഉമ്മറായിരുന്നു....


(കെ.പി ഉമ്മര്‍)

...കോഴിക്കോട് മദ്രസത്തുല്‍ മുഹമ്മദിയ്യഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന അവതരിപ്പിക്കുന്ന 'ആരാണ് അപരാധി' എന്ന നാടകത്തില്‍ ഒരു നായികയെ ആവശ്യമുണ്ട്. 1940 കളുടെ അവസാന നാളുകളാണ്.ഇസ്ലാം മതത്തില്‍പ്പെട്ട സ്ത്രീകള്‍ നാടകത്തില്‍ അഭിനയിക്കുന്നത് ചിന്തിക്കുന്നതുപോലും ഹറാമായ കാലം.നാടകത്തിന്റെ സംവിധായകരായ പി എന്‍ എം ആലിക്കോയയും പി പി ഉമ്മര്‍കോയയും കൂടി ഒരുപാടലഞ്ഞു നടന്നിട്ടാണ്, സാമാന്യം മുഖസൗന്ദര്യവും അല്പസ്വല്പം അഭിനയശേഷിയുമൊക്കെള്ള ഒരു പതിനേഴുകാരനെ കണ്ടെത്തിയത്.ഹിമായത്തുല്‍ ഇസ്ലാം സ്‌കൂളില്‍ പത്താംതരത്തില്‍ പഠിക്കുന്ന ഉമ്മര്‍കോയ,ഇന്‍ഡിപെന്‍ഡന്റ്‌സ് ഫുട്ബോള്‍ ടീമില്‍ സെന്റര്‍ ഹാഫ് പൊസിഷനില്‍ കളിക്കുന്ന ഒന്നാന്തരം പ്ലേയറുമാണ്.ശിക്കാരികഥകളെഴുതുന്ന എം പി ശിവദാസമേനോന്‍ വിറയ്ക്കുന്ന കൈകളോടെ അയാളുടെ മുഖത്തു ചായം തേച്ചപ്പോള്‍ ജമീല എന്ന മൊഞ്ചത്തി തെളിഞ്ഞുവന്നു.മുഹമ്മദ് യൂസഫിന്റെ 'വിടരുന്ന മൊട്ടുകളി'ലെ സലിം രാജകുമാരന്റെ വേഷത്തില്‍ ഉമ്മര്‍കോയ ഒരിക്കല്‍ക്കൂടി കയ്യടി വാങ്ങിയതോടെ ഫുട്ബോള്‍ ഗ്രൗണ്ട് പയ്യെ നാടക അരങ്ങിന് വഴിമാറിക്കൊടുത്തു.

പോലീസുകാരന്‍ കുഞ്ഞഹമ്മദ്ക്കായുടെ ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബില്‍ തപാല്‍ ശിപായിയും നാടകകൃത്തുമായ കെ ടി മുഹമ്മദും പാട്ടുകാരനായ കോഴിക്കോട് അബ്ദുല്‍ഖാദറും ഹാര്‍മ്മോണിസ്റ്റ് മുഹമ്മദ് സാബിര്‍ എന്ന ബാബുരാജുമെല്ലാം സംഗീത സദിരുകളും നാടകം കളിയുമൊക്കെയായി ഒത്തുകൂടിയപ്പോള്‍, അണിയറയില്‍ സജീവമായി ഉമ്മറുണ്ടായിരുന്നു.'മനുഷ്യന്‍ കാരാഗൃഹത്തിലാണ്'എന്നകെ ടിയുടെ മൂന്നാമത്തെ നാടകത്തില്‍,പഴഞ്ചന്‍ മൂല്യങ്ങളുടെ കാവലാളായ മുസ്ലീം കാരണവരെ അവതരിപ്പിക്കാന്‍ പറ്റിയൊരാളെ കിട്ടാതെ വന്നപ്പോള്‍,'ഉമ്മര്‍കുട്ടി കേട്ടട്ടെ ആ വേഷ'മെന്ന് കുഞ്ഞമ്മദ്ക്ക പറഞ്ഞത്,ആ പത്തൊന്‍പതുകാരന്റെ കഴിവ് കണ്ടറിഞ്ഞിട്ടുതന്നെയാണ്. വിവാദങ്ങള്‍ ധാരാളം ഇളക്കിവിട്ട ആ നാടകത്തിന് ശേഷം കെ ടിയും ടീമും അരങ്ങത്തവതരിപ്പിച്ചത് 'ഇതു ഭൂമിയാണ്' എന്ന ബോംബ് സ്‌ഫോടനമാണ്.'മുത്തുനബീന്റെ മോള് ഫാത്തിമഉമ്മ ബീവീ..അവരുടെ മുടീന്റെ എശ ഏയ് ചീന്താക്കി ചിന്തീട്ട് അയിന്റെ ഒരെശ കൊണ്ട് നരകത്തിന്റെ മേലേ കെട്ടുന്ന സിറാത്ത് പാലത്തേയും അയിന്റെ ചോട്ടിലെ ജഹന്നമെന്ന നരകത്തെയും' കുറിച്ച് മകള്‍ കദീശക്കു വിവരിച്ചുകൊടുക്കുന്ന വയസ്സന്‍ മുതലാളി.

കഷ്ടിച്ച് ഇരുപത് പിന്നിട്ട കെ പി ഉമ്മറിന്റെ അതിഗംഭീരമായ പെര്‍ഫോമന്‍സ് കണ്ട് യാഥാസ്ഥിതിക സമൂഹം നടുങ്ങിപ്പോയത്, ഒരു നിലക്കണ്ണാടിയിലെന്നപോലെ അരങ്ങത്ത് തങ്ങളുടെ പ്രതിച്ഛായയെ കണ്ടിട്ടാണ്. 'തല മൊട്ടയടിച്ച്,താടി വളര്‍ത്തി,വട്ടക്കഴുത്തുള്ള ബനിയനിട്ട്,പച്ചബെല്‍ട്ട് അരയില്‍ കെട്ടി,അങ്ങനെ തന്നെക്കാള്‍ താഴെയാണ് ഈ ഭൂമിയെന്ന നടപ്പും ഇരിപ്പുമായി' ഉമ്മര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്,'നീലക്കുയിലി'നുശേഷം ചന്ദ്രതാര നിര്‍മ്മിച്ച 'രാരിച്ചന്‍ എന്ന പൗരനി'ലാണ്.


(രാരിച്ചന്‍ എന്ന പൗരനില്‍ കെ പി ഉമ്മര്‍, വിലാസിനി, മാസ്റ്റര്‍ ലത്തീഫ്)

'ഇതു ഭൂമിയാണ്' കണ്ടിഷ്ടപ്പെട്ട സംവിധായകന്‍ പി ഭാസ്‌ക്കരനും തിരക്കഥാകൃത്ത് ഉറൂബും അതുപോലെയുള്ള ഒരു ഹാജിയാരെ സിനിമയിലും സൃഷ്ടിക്കുകയായിരുന്നു.

സിനിമയിലെ അഭിനയത്തിന്റെ പേരില്‍ ഉമ്മര്‍ നിരൂപകരുടെ അഭിനന്ദനങ്ങള്‍ ധാരാളം നേടി.


(രാരിച്ചന്‍ എന്ന പൗരന്റെ പരസ്യം)

എന്നാല്‍ ഇനിയും തന്നെത്തേടി വയസ്സന്‍ വേഷങ്ങള്‍ വരാന്‍ സാധ്യത ഉണ്ടെന്നു മനസ്സിലായപ്പോള്‍ നാടകത്തിലേക്ക് തന്നെ മടങ്ങി.ഓരോ നാടകത്തിനും പത്തുരൂപ വെച്ച് കലാകാരന്മാര്‍ക്ക് കൊടുക്കാന്‍ ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്ബിന്റെ സെക്രട്ടറി എന്ന നിലയില്‍ ഉമ്മര്‍ തീരുമാനിച്ചപ്പോള്‍,പണമല്ല കലയോടുള്ള അര്‍പ്പണബോധമാണ് പ്രധാനമെന്നു പറഞ്ഞ് കെ ടി മുഹമ്മദ് സമിതി വിട്ടുപോയി.സമിതിയെ തളരാതെ മുന്നോട്ടുനയിച്ച ഉമ്മര്‍ സുഹൃത്തായ എം ടി വാസുദേവന്‍ നായരുടെ സഹായത്തോടെ 'രോഗികള്‍' എന്ന നാടകമെഴുതി കളിച്ചു.


('രോഗികള്‍' അവതരിപ്പിച്ച കെ പി ഉമ്മറും ബ്രദേര്‍ഴ്സ് മ്യൂസിക് ക്ലബ്ബ് അംഗങ്ങളും)

മലബാര്‍ കേന്ദ്രകലാസമിതിയുടെ നാടകമത്സരത്തിന് 'രോഗികള്‍' മികച്ച നാടകത്തിനും ഉമ്മര്‍ അഭിനയത്തിനുമുള്ള സമ്മാനങ്ങള്‍ നേടി.

ഇതിനിടെ സിനിമ വീണ്ടും ഉമ്മറിനെ തേടിയെത്തി.ഉദയായുടെ രണ്ടാം വരവിലെ ആദ്യസംഭാവനയായ 'മുസ്ലീം സാമുദായിക ചിത്രമായ 'ഉമ്മ'. കഴിഞ്ഞ പടത്തിലെ എണ്‍പതുകാരന്‍, ഇത്തവണ സുന്ദരകളേബരനായ പ്രേമനായകനായിട്ടാണ് അഭിനയിക്കുന്നത്.അതിനിണങ്ങുന്ന ഒരു പേര് കണ്ടുപിടിക്കാന്‍ തിക്കുറിശ്ശിയെ തന്നെ കുഞ്ചാക്കോ വീണ്ടും ചുമതലപ്പെടുത്തി. തിക്കുറിശ്ശി ഇട്ട 'സ്‌നേഹജാന്‍' എന്ന കൗതുകപ്പേരിലാണ്,'കണ്ണിന്റെ കടവിലടുത്താല്‍ ' എന്ന പാട്ടും പാടിക്കൊണ്ട്, രാജകുമാരിയുടെ കാമുകനായി ഉമ്മര്‍ വെള്ളിത്തിരയിലെത്തിയത്.


(ഉദയായുടെ 'ഉമ്മ' യില്‍ രാജകുമാരിയും സ്‌നേഹജാനും)

എന്നാല്‍ തിക്കുറിശ്ശി പണ്ട് പേരിട്ടുവിളിച്ച പ്രേംനസീറും(അബ്ദുല്‍ ഖാദര്‍) ബഹദൂറും(കുഞ്ഞാലി) ജോസ്പ്രകാശും(ജോസഫ്) ഹിറ്റായതുപോലെ സ്‌നേഹജാന്‍ ഏറ്റില്ല. പി ബി ഉണ്ണി സംവിധാനം ചെയ്ത 'സ്വര്‍ഗ്ഗരാജ്യം' എന്ന ഒരു സിനിമയിലും കൂടി സ്‌നേഹജാന്‍ എന്ന പേരില്‍ ഉമ്മര്‍ അഭിനയിച്ചെങ്കിലും അതിനിയും പുറത്തിറങ്ങിയിട്ടില്ല.


(സ്വര്‍ഗ്ഗരാജ്യം സ്‌നേഹജാന്‍, അംബിക)

നാടകം ഏതാണ്ട് വിട്ടു.സിനിമയിലെത്തിയെന്നും പറയാനാവില്ല.സത്യനും പ്രേംനസീറും നിറഞ്ഞുനില്‍ക്കുന്ന മലയാളസിനിമയില്‍ നിന്നുമാറി, എണ്ണത്തില്‍ കൂടുതല്‍ പടങ്ങള്‍ ഓരോവര്‍ഷവും പുറത്തിറങ്ങുന്ന തമിഴ് ചലച്ചിത്രലോകത്ത് ഒരവസരമായിരുന്നു അടുത്ത ലക്ഷ്യം.ആയിടെ നിക്കാഹ് ചെയ്ത ബീവിയെ കോഴിക്കോട്ടെ വീട്ടില്‍ തന്നെ നിറുത്തിയിട്ട്, എറബാലുചെട്ടി സ്ട്രീറ്റിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ വേറെ നാലഞ്ചു കോഴിക്കോടുകാരുടെ കൂടെ കൂടിയിരിക്കുകയായിരുന്നു ഉമ്മര്‍.ചാന്‍സ് ചോദിച്ചു കൊണ്ട് പ്രൊഡ്യൂസര്‍ മാരെ കാണാനിറങ്ങിയ സന്ദര്‍ഭത്തിലാണ് സുലോചനയുടെയും കൃഷ്ണന്‍ കുട്ടിയുടെയും മുമ്പില്‍ ഉമ്മര്‍ അവിചാരിതമായി എത്തിപ്പെട്ടത്...

ഉമ്മര്‍ മദ്രാസില്‍ തങ്ങുന്നതിന്റെ കാരണം കേട്ടപ്പോള്‍, സുലോചന ഒരു ഉപദേശം നല്‍കാന്‍ മുതിര്‍ന്നു.സിനിമയില്‍ ഒരു ചാന്‍സിനു വേണ്ടി അലഞ്ഞുനടന്ന് ജീവിതത്തിലെ ഏറ്റവും നല്ല സമയം പാഴാക്കരുത്. സിനിമയ്ക്ക് നമ്മളെ ആവശ്യമുണ്ടെങ്കില്‍ അതെപ്പോഴായാലും നമ്മളെ തേടിയെത്താതെയിരിക്കില്ല.അരങ്ങത്ത് കഴിവും പ്രാഗത്ഭ്യവും തെളിയിച്ച നടനെന്ന നിലയില്‍ നാടകത്തിനാണ് ഇപ്പോള്‍ ഉമ്മറിനെ വേണ്ടത്.അതുകൊണ്ട് സ്റ്റേജിലേക്ക് മടങ്ങിപ്പോകൂ.

ഉമ്മര്‍ ഇതുകേട്ട് എന്തു മറുപടി പറയണമെന്നറിയതെ,കുഴങ്ങിയ ഭാവത്തോടെ നിന്നപ്പോള്‍ സുലോചന പെട്ടെന്നു ചോദിച്ചു.

'ഇപ്പോള്‍ നാടകത്തില്‍ അഭിനയിക്കാന്‍ ഒരവസരം കിട്ടിയാല്‍ താല്‍പര്യമുണ്ടാകുമോ?'

'താല്പര്യകുറവൊന്നുമില്ല' എന്നായിരുന്നു ഉമ്മറിന്റെ മറുപടി.

'എന്നാല്‍ കെ പി എ സിയിലേയ്ക്ക് പോരൂ.ഞങ്ങള്‍ക്കൊരു നായകനെ വേണം.'

അതുപറയുമ്പോള്‍ സുലോചനയുടെ മനസ്സില്‍ 'പുതിയ ആകാശം പുതിയ ഭൂമി'യിലെ എഞ്ചിനീയര്‍ സുകുമാരന്റെ വേഷമായിരുന്നു.കെ പി എ സി യിലെ സുലോചനയുള്‍പ്പെടെയുള്ളവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെ ഓ മാധവന്‍ വാശിപിടിച്ച് അവതരിപ്പിച്ച ആ കഥാപാത്രം അരങ്ങത്ത് വേണ്ടത്ര വിജയിച്ചില്ലല്ലോ.ഉമ്മറിന്റെ രൂപഭാവങ്ങള്‍ക്ക് സുകുമാരന്‍ നന്നായി ഇണങ്ങുമെന്ന് സുലോചനയ്ക്കുറപ്പായിരുന്നു.

'സ്വര്‍ഗ്ഗരാജ്യ' ത്തിലഭിനയിച്ച ശേഷം ഉമ്മറിന് മലയാളസിനിമയില്‍ നിന്ന് പുതിയ ഓഫറുകളൊന്നും കിട്ടിയിരുന്നില്ല.പടം പുറത്തിറങ്ങിയിട്ടുമില്ല.തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ ഒരു ചാന്‍സിന് വേണ്ടി അലഞ്ഞുനടന്നു മടുത്തു. ബസ്‌കൂലി കൊടുക്കാനോ സിഗരറ്റ് വാങ്ങാനോ കാശില്ലാത്ത ഗതികെട്ട അവസ്ഥ.ഉമ്മര്‍ കൂടുതലൊന്നുമാലോചിച്ചില്ല. ഉടനെ സമ്മതം മൂളി.

സുലോചന ലോഡ്ജില്‍ തിരിച്ചെത്തിയ ഉടനെ ആദ്യം ചെയ്ത കാര്യം,കെ പി എ സി യിലേക്ക് ഒരു ട്രങ്ക് കാള്‍ വിളിക്കുക എന്നതായിരുന്നു.കെ പി എ സി യിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സെക്രട്ടറി പോറ്റിസാറിന്റെ കത്തും കായംകുളത്തേ യ്ക്കുള്ള ട്രെയിന്‍ ടിക്കറ്റ് എടുക്കാനുള്ള പണവും ഉമ്മറിന്റെ പേരില്‍ എത്രയും പെട്ടെന്ന് അയച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു.വിവരങ്ങളൊക്കെയറിഞ്ഞപ്പോള്‍ കെ പി എ സി യിലെല്ലാവര്‍ക്കും ആവേശമായി.പിന്നീടുള്ള കാര്യങ്ങളൊക്കെ പെട്ടെന്നായിരുന്നു.കെ പി ഉമ്മര്‍ അടുത്തയാഴ്ച്ച തന്നെ കെ പി എ സി യുടെ നായകനടനായി സമിതിയില്‍ ചേര്‍ന്നു.

കെ പി ഉമ്മര്‍ കെ പി എ സി യിലേക്ക് വന്നത് സമിതിയ്ക്ക് തീര്‍ച്ചയായും നവോന്മേഷം പകര്‍ന്നു.ഉമ്മറിനു പുറമെ പ്രഗത്ഭരായ മറ്റുചിലര്‍ കൂടി മുന്നണിയില്‍ നിരന്നതോടെ, ജനകീയകലാപ്രസ്ഥാനം മറ്റൊരു ഗംഭീര ജൈത്രയാത്രയ്ക്ക് തയ്യാറെടുക്കാനാരംഭിച്ചു.

(അടുത്തഭാഗം: പുതിയ തുടക്കം)

* ഒളിവിലെ ഓര്‍മ്മകള്‍ക്കുശേഷം -തോപ്പില്‍ ഭാസി, ഡിസി ബുക്‌സ് , കോട്ടയം


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories