TopTop
Begin typing your search above and press return to search.

SERIES|പുതിയ തുടക്കം -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

SERIES|പുതിയ തുടക്കം -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

(കെ പി ഉമ്മര്‍,ശ്രീനാരായണ പിള്ള,സുലോചന എന്നിവര്‍ പുതിയ ആകാശം പുതിയ ഭൂമിയില്‍)

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)

ഭാഗം 44

അന്നൊരു ദിവസം അതിരാവിലെ അഞ്ചരമണിക്ക് ഫോര്‍ട്ട്‌കൊച്ചിയിലെ കത്തോലിക്കാപ്പള്ളിയില്‍ ആദ്യകുര്‍ബാനയ്ക്ക് കൂടാനെത്തിയ അല്‍മേയരെല്ലാം ഒരു വിശേഷപ്പെട്ട കാഴ്ച്ചയും കണ്ടുകൊണ്ടാണ് പള്ളിയുടെ ഉള്ളിലേയ്ക്കു കയറിയത്.ഇലഞ്ഞിക്കല്‍ വക്കോയുടെ സന്തതി, ആ കുരുത്തം കെട്ട നാടകക്കാരിപ്പെണ്ണ്, കര്‍ത്താവിനെ മാതിരി വലിയൊരു മരക്കുരിശും കയ്യില്‍ പിടിച്ചും കൊണ്ട് ദേണ്ടാ പള്ളിവാതുക്ക നിക്കുന്നു!പള്ളിയോടും പട്ടക്കാരോടും കമ്മൂണിസോം പറ ഞ്ഞോണ്ടു ചെന്നാല്‍ ഇങ്ങനിരിക്കും!

....കൊച്ചിയിലെ പാരമ്പര്യവും തറവാട്ടു മഹിമയുമുള്ള പഴയൊരു കത്തോലിക്കാ കുടുംബത്തിന്റെ നാഥനായിരുന്ന ഇലഞ്ഞിക്കല്‍ വക്കോ, നാട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ എതിര്‍പ്പുകളെയും വിലക്കുകളെയും വകവെയ്ക്കാതെയാണ് മക്കളെയെല്ലാം കലയുടെ വഴിയിലേക്ക് പറഞ്ഞയച്ചത്. വക്കോയുടെ മകള്‍ ബിയാമ്മ പാട്ടിനും കൂത്തിനും പോയതു പോട്ടെന്നു വെയ്ക്കാം.എന്നാല്‍ കമ്മൂണിസ്റ്റു കാരുടെ കൂടെച്ചേര്‍ന്ന് നാടകം കളിക്കാന്‍ കൂടി തുടങ്ങിയാലോ? അപ്പോഴാണ് വക്കോയെയും വീട്ടുകാരെയും പള്ളി വിലക്കിയത്. ആ നേരത്തൊക്കെ ഒരുവിധത്തില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന വക്കോയും ഭാര്യ മറിയവും ഒടുവില്‍ അക്കാരണം കൊണ്ട് മകളുടെ കെട്ടു മുടങ്ങുന്ന ഘട്ടമെത്തിയപ്പോള്‍ ആകെ പതറിപ്പോയി.ബിഷപ്പ് തിരുമേനിയുടെ മുമ്പാകെച്ചെന്ന് താണു വീണപേക്ഷിക്കുക മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. വലിയൊരു ഹൃദയത്തിന്റെ ഉടമയായ 'പിതാവ്' കനിഞ്ഞു. പിഴയായി ഒരു പ്രായശ്ചിത്തവും നിര്‍ദ്ദേശിച്ചു.ചെയ്തുപോയ തെറ്റുകളുടെയെല്ലാം പേരില്‍,കര്‍ത്താവിനോട് ഉള്ളില്‍ത്തട്ടി മാപ്പപേക്ഷിച്ചുകൊണ്ട്,വലിയപള്ളിയില്‍ കുര്‍ബാന നടക്കുന്ന നേരം മുഴുക്കെ ഒരു മരക്കുരിശും പിടിച്ച് ഒരൊറ്റനില്‍പ്പ് നിന്നോളാന്‍ മകളോടു പറയാനായിരുന്നു പിതാവിന്റെ കല്പന.അങ്ങനെയാണ് ഇടവകക്കാര്‍ക്ക് അത്തരമൊരു അപൂര്‍വ കാഴ്ച കാണാനുള്ള ഭാഗ്യമുണ്ടായത്...

'കുരിശിന്റെ വഴി സ്വീകരിച്ചതോടെ' ബിയാമ്മയുടെ കെട്ടു നടത്തുന്നതിനെതിരെയുള്ള തിരുസഭയുടെ വിലക്കും നീങ്ങി.പക്ഷെ പള്ളി പൊറുത്തുവെന്ന് വെച്ച് സത്യകൃസ്ത്യാനികള്‍ക്ക് അങ്ങോട്ട് ഒരു ബോദ്ധ്യം വരേണ്ടേ?വെറുമൊരു നാടകക്കാരി....നാടകം കളിച്ചു നടന്നതാകട്ടെ അന്തിക്രിസ്തുക്കളുടെ കൂടെയും.വിശ്വാസികളുടെ കൂട്ടത്തില്‍ നിന്നാരും സാഹസത്തിന് ഒരുക്കമായിരുന്നില്ല. ഒടുവില്‍ അങ്ങു പേര്‍ഷ്യയില്‍ ജോലിചെയ്യുന്ന പത്തനംതിട്ടക്കാരനായ ജോസഫ് എന്നൊരു ചെറുപ്പക്കാരന്‍ ബിയാമ്മയെ മിന്നുകെട്ടാന്‍ തയ്യാറായി മുന്നോട്ടു വന്നു. താനേറ്റവും ഇഷ്ടപ്പെട്ടിരുന്ന നൃത്തത്തിന്റെയും അഭിനയത്തിന്റെയും ലോകത്തോടും സ്വന്തം കുടുംബത്തേക്കാള്‍ സ്‌നേഹിച്ചിരുന്ന കെ പി എ സി യോടും വിടപറഞ്ഞുകൊണ്ട്, ബിയാട്രീസ് എന്ന പ്രതിഭാധനയായ നടി അങ്ങനെ ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിച്ചു....


(ബിയാട്രീസ്)

''ജയിംസ്, നീയാണ് മനുഷ്യന്‍.കൃസ്ത്യാനിത്തം ആചാരങ്ങളിലല്ല,കര്‍മ്മങ്ങളിലാണെന്നു നീ എന്നെ പഠിപ്പിച്ചു.ഞാന്‍ ഇന്നുമുതല്‍ ഒരു പുതിയ മനുഷ്യനാണ്.ഞാന്‍ അന്വേഷിക്കുന്ന എന്റെ വഴികാട്ടിയെ കാണാന്‍ ഇത് ( ളോഹയില്‍ സ്പര്‍ശിച്ചുകൊണ്ട്) എനിക്കൊരു ഭാരമാണ്.(വികാരാവേശത്തോടുകൂടി)ഈ ബന്ധനം ഇതോടുകൂടി അറ്റുകൊള്ളട്ടെ.''


(എന്‍ ഗോവിന്ദന്‍ കുട്ടി വഴി തുറന്നു നാടകത്തില്‍)*

തിരുവസ്ത്രം വലിച്ചുകീറി ദുഷിച്ച പൗരോഹിത്യ ത്തിന്റെ കെട്ടുപാടുകളില്‍ നിന്നു മോചിതനാകാന്‍ തയ്യാറെടുക്കുന്ന വൈദികന്റെ വികാരം തുടിക്കുന്ന വാക്കുകളില്‍ യവനിക വീഴുമ്പോള്‍, കൊട്ടകയാകെ ഇടമുറിയാതെ പെയ്യുന്ന കരഘോഷം കൊണ്ട് ഇരമ്പുകയായിരുന്നു.തിരുസഭ തെമ്മാടിക്കുഴിയിലടക്കിയ എം പി പോളിന്റെ ധന്യ സ്മരണകളുടെ മുമ്പില്‍ പൊന്‍കുന്നം വര്‍ക്കി അര്‍പ്പിച്ച തിലോദകമായിരുന്നു കേരളാ തീയറ്റേഴ്സ് അവതരിപ്പിച്ച 'വഴിതുറന്നു' നാടകം കണ്ടവരുടെയെല്ലാം പ്രശംസ നേടിയത് ,'മതത്തിന്റെയും മനുഷ്യത്വത്തിന്റെയും' നടുവില്‍പ്പെട്ട് വീര്‍പ്പുമുട്ടുന്ന നന്മയുടെ മനുഷ്യരൂപമായ ആ കൊച്ചച്ചനാണ്. ഇതാ കരുത്തും തലയെടുപ്പുമുള്ള ഒരു നടന്‍ എന്ന് 'വഴിതുറന്നു' സഹൃദയലോകത്തോട് വിളിച്ചുപറഞ്ഞു.ഒരു വര്‍ഷം മുമ്പ്, 1954 ല്‍ എരൂര്‍ വാസുദേവിന്റെ ജീവിതം അവസാനിക്കുന്നില്ല എന്ന നാടകത്തിലെ ക്ഷയരോഗിയായ ബീഡി തെറുപ്പുതൊഴിലാളി ഗോപാലന്റെ വേഷത്തില്‍ ഗോവിന്ദന്‍ കുട്ടിയുടെ പ്രതിഭ പ്രൊഫഷണല്‍ നാടകവേദി കണ്ടറിഞ്ഞതാണ്.


(എന്‍ ഗോവിന്ദന്‍ കുട്ടി)

മഹാരോഗവും ദാരിദ്ര്യവും ചേര്‍ന്ന് കാര്‍ന്നു തിന്നുന്ന ജീവിതത്തില്‍,ഉലയാത്ത ആത്മധൈര്യവും,കറപുരളാത്ത സ്‌നേഹവും കൊണ്ട് കെടുതികളുടെ കൊടുങ്കാറ്റിനെ അതിജീവിക്കുന്ന ഗോപാലന്‍ എന്ന നായകനിലൂടെ എന്‍ ഗോവിന്ദന്‍ കുട്ടി നാടകപ്രേമികളുടെ മനസ്സില്‍ ഇരിപ്പിടം നേടി.

''കല്യാണപ്പുടവ വേണം

മുല്ലപ്പൂപ്പന്തല് വേണം

നാലുമൊഴിക്കുരവയിടേ ണം

നാദസ്വരമേളം''

പ്രിയതമന്‍ മംഗല്യഹാരം അണിയിക്കുന്ന മുഹൂര്‍ത്തത്തെ ദിവാസ്വപ്നം കണ്ടുകൊണ്ട് പരിസരം മറന്നു പാടുന്ന കാമുകി. അവളറിയാതെ അങ്ങോട്ടേക്ക് കടന്നുവന്ന് പ്രേമം വഴിയുന്ന മിഴികളുമായി അവളെ നോക്കിനില്‍ക്കുന്ന,പാട്ടില്‍ പങ്കുചേരുന്ന കാമുകന്‍.കേരളാതീയേറ്റേഴ്സ് അവതരിപ്പിച്ച പൊന്‍കുന്നം വര്‍ക്കിയുടെ 'കതിരുകാണാക്കിളി'യില്‍ വി ടി സുശീലയും ഗോവിന്ദന്‍ കുട്ടിയും പങ്കെടുക്കുന്ന പ്രണയരംഗമായിരുന്നു ആ നാടകത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. താന്‍ തന്നെ എഴുതിയ മലയാളത്തിലെആദ്യത്തെ വടക്കന്‍ പാട്ട് നാടകമായ ഉണ്ണിയാര്‍ച്ചയില്‍ പൗരുഷം തുളുമ്പുന്ന വീരനായകന്‍ ആരോമല്‍ ചേകവരായി വന്നപ്പോള്‍ തീര്‍ത്തും വ്യത്യസ്തനായ മറ്റൊരു ഗോവിന്ദന്‍ കുട്ടിയെ പ്രേക്ഷകര്‍ അരങ്ങത്തു കണ്ടു.


(പട്ടാളക്കാരനായ ഗോവിന്ദന്‍ കുട്ടി)

ഫോര്‍ട്ട്‌കൊച്ചികാരനായ ഗോവിന്ദന്‍ കുട്ടി ബാല്യത്തില്‍ നാടകത്തിലേക്ക് ആകൃഷ്ടനായത് അച്ഛന്റെ കൈപിടിച്ചു പോയിക്കണ്ട ചവിട്ടുനാടകത്തിലൂടെയാണ്.കൊച്ചിയുടെ ആസ്ഥാന നാടകക്കാരനായ എഡ്ഡി മാസ്റ്റര്‍ സംവിധാനം ചെയ്ത 'സതിലളിത' എന്ന നാടകത്തില്‍ നായികാവേഷം കെട്ടിവന്ന എട്ടാംക്ലാസ്സുകാരന്‍, പിന്നീട് എറണാകുളം, കൊച്ചി,മട്ടാഞ്ചേരി പ്രദേശങ്ങളിലെ എല്ലാ അമച്വര്‍ നാടകസംഘങ്ങളിലും വേഷമിട്ടു.പത്താംക്ലാസ് ജയിച്ചപ്പോള്‍ കുടുംബം പോറ്റാന്‍ വേണ്ടി പട്ടാളത്തില്‍ ചേര്‍ന്ന് ബര്‍മ്മയിലെയും കാശ്മീരിലെയും യുദ്ധഭൂമികളില്‍ പോരാടുമ്പോള്‍,ഗോവിന്ദന്‍ കുട്ടിയിലെ എഴുത്തുകാരനും നടനും തീവ്രാനുഭവങ്ങളുടെ തീച്ചൂളയില്‍ ഉരുകി ഉരുവം കൊള്ളുകയായിരുന്നു.സ്‌കൂള്‍ വിദ്യാര്‍ത്ഥി യായിരിക്കുമ്പോള്‍ തുടങ്ങിയ പ്രസംഗവും എഴുത്തും ഗോവിന്ദന്‍ കുട്ടിയെ സാഹിത്യ ലോകത്ത് ശ്രദ്ധേയനാക്കി.മാതൃഭൂമി യുടെ അഖിലേന്ത്യാചെറുകഥാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ എഴുത്തുകാരനെ ,എം ടിയ്ക്കും ടി പത്മനാഭനും മാധവിക്കുട്ടിയ്ക്കുമൊപ്പം ആധുനിക മലയാളകഥയുടെ പ്രതീക്ഷയായി നിരൂപകര്‍ വിശേഷിപ്പിച്ചു.


(പൊന്‍കുന്നം വര്‍ക്കിയും ഗോവിന്ദന്‍ കുട്ടിയും - എന്‍ ഗോവിന്ദന്‍ കുട്ടിയുടെ കൃതികള്‍

ധാരാളം പുതുനാമ്പുകളെ കണ്ടെത്തിയ 'കാഥികന്‍''പ്രതിഭ' എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍,'പാപത്തിന്റെ സന്തതികള്‍' 'നൂറ്റാണ്ടുകളുടെ സംസ്‌ക്കാരം','ഉണ്ണിയാര്‍ച്ച' തുടങ്ങി സ്റ്റേജിനും സാഹിത്യത്തിനും ഒരുപോലെ മുതല്‍ക്കൂട്ടായ ഒരുപിടി നാടകങ്ങളുടെ രചയിതാവ്,ആത്മസുഹൃത്തായ പി ജെ ആന്റണിയും മുത്തയ്യയും എഡ്ഡി മാസ്റ്ററും എരൂര്‍ വാസുദേവും ശങ്കരാടിയും കോട്ടയം ചെല്ലപ്പനും പൊന്‍കുന്നം വര്‍ക്കിയുമെല്ലാമൊത്തുചേര്‍ന്നാരംഭിച്ച പ്രതിഭാ ആര്‍ട്ട്സ് ക്ലബ്ബ്,കെ പി ടി എ,കേരളാ തീയേറ്റഴ്സ് ജ്യോതി തീയേറ്റേഴ്സ്... തുടങ്ങിയ പുരോഗമന നാടകപ്രസ്ഥാനങ്ങളുടെ മുന്നണിപ്രവര്‍ത്തകന്‍,'ഞങ്ങളുടെ മണ്ണ്','പാര്‍ട്ടികാര്‍ഡ്','കതിരുകാണാക്കിളി','വിശറിക്കു കാറ്റു വേണ്ട','വിഷവൃക്ഷം','തിളയ്ക്കുന്ന കടല്‍','മനുഷ്യന്‍','കറുത്ത പെണ്ണ്'...തുടങ്ങി നിരവധി നാടകങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ നടന്‍,കോഴിക്കോട് റേഡിയോ നിലയത്തിനു വേണ്ടി നാടകങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും വേണ്ടി സ്‌ക്രിപ്റ്റ് രചിച്ച പ്രക്ഷേപകന്‍....ഗോവിന്ദന്‍ കുട്ടിയുടെ പ്രതിഭ വ്യാപിക്കാത്ത മേഖലകള്‍ കുറവായിരുന്നു.

കാളിദാസകലാകേന്ദ്രം 'ഡോക്ടര്‍' നാടകത്തിലേക്ക് അഭിനേതാക്കളെ തേടുന്ന അവസരത്തില്‍ ഗോവിന്ദന്‍ കുട്ടിയെയും ക്ഷണിച്ചിരുന്നു.എന്നാല്‍ പ്രതിഫലത്തെ സംബന്ധിച്ച ചില തര്‍ക്കങ്ങള്‍ കാരണം സമിതിയില്‍ ചേരാഞ്ഞത് ചില വിവാദങ്ങള്‍ക്ക് വഴി തെളിച്ചു.ആയിടെയാണ് ഗോവിന്ദന്‍ കുട്ടിയുടെ അച്ഛന്‍ മരിച്ചത്.മരണാനന്തര കര്‍മ്മങ്ങള്‍ക്കാവശ്യമായ ചിലവിന് പോലും പണമില്ലാത്ത അവസ്ഥയില്‍പ്പെട്ട് നട്ടം തിരിയുകയായിരുന്നു ഗോവിന്ദന്‍ കുട്ടി അന്ന്. കെ പി എ സിയില്‍ ചേരാനുള്ള അഡ്വാന്‍സ് തുകയുമായി തോപ്പില്‍ഭാസി അതേദിവസം ഗോവിന്ദന്‍ കുട്ടിയുടെ വീട്ടിലെത്തിയത് യാദൃശ്ചിക മായിട്ടായിരുന്നു.പണ്ട് ഗോവിന്ദന്‍ കുട്ടി കോയമ്പത്തൂര്‍ ഒരു കമ്പനിയിലെ കണക്കപ്പിള്ളയായി ജോലിചെയ്യുമ്പോള്‍ അവിടെ കഥാപ്രസംഗവുമായി വന്നു പരിചയപ്പെട്ട സി ജി ഗോപിനാഥിന്റെയൊപ്പം ഗോവിന്ദന്‍ കുട്ടി അടുത്ത ദിവസം, കായംകുളത്തെ ക്യാമ്പിലെ ത്തി.അതിന്റെ അടുത്ത ദിവസം കെ പി ഉമ്മറും ക്യാമ്പിലെത്തി.പ്രഗത്ഭരായ ആ നാടകപ്രതിഭകള്‍ രണ്ടും എത്തിചേര്‍ന്നതോടെ കെ പി എ സിയുടെ ക്യാമ്പ് ഉഷാറായി.'മുടിയനായ പുത്രനി'ലെ രാജന്റെ വേഷത്തില്‍ ഗോവിന്ദന്‍ കുട്ടി അരങ്ങത്ത് വന്നു.'


(ഗോവിന്ദന്‍ കുട്ടി, കെഎസ് ജോര്‍ജ്, അടൂര്‍ ഭവാനി, ബിയാട്രീസ് എന്നിവര്‍ മുടിയനായ പുത്രനില്‍)

പുതിയ ആകാശം പുതിയ ഭൂമി'യിലെ എഞ്ചിനീയര്‍ സുകുമാരനായി കെ പി ഉമ്മറും,'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി'യിലെ ഗോപാലന്റെ റോളില്‍ കെ എസ് ജോര്‍ജ്ജും....


(എന്‍ ഗോവിന്ദന്‍ കുട്ടി,കെ എസ് ജോര്‍ജ്ജ്,കെ പി ഉമ്മര്‍)

കെ പി ഉമ്മറും ഗോവിന്ദന്‍ കുട്ടിയും സിനിമാരംഗത്ത് ഭാഗ്യപരീക്ഷണം നടത്തി വിജയിച്ചില്ലെങ്കിലും, കോട്ടയം ചെല്ലപ്പന്റെ കാര്യം മറിച്ചായിരുന്നു. പണ്ട് സിനിമാപിടിക്കാന്‍ മദ്രാസില്‍ പോയി സ്വത്തു വിറ്റുകിട്ടിയ പണമൊക്കെ നഷ്ടപ്പെടുത്തിയ ചെല്ലപ്പന്റെ കൂടെ ഇത്തവണ ഭാഗ്യം കൂട്ടിനുണ്ടായിരുന്നു.


(കോട്ടയം ചെല്ലപ്പന്‍)

1959ല്‍ മിന്നല്‍പ്പടയാളി എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തിന് തുടക്കം കുറിച്ച ചെല്ലപ്പന്‍ ശ്രദ്ധേയനാകുന്നത് ഉദയായുടെ 'ഉണ്ണിയാര്‍ച്ച' യിലൂടെയാണ്. ചെല്ലപ്പന്റെ തന്നെ ജ്യോതി തീയേറ്റേഴ്സ് അവതരിപ്പിച്ച ഗോവിന്ദന്‍ കുട്ടിയുടെ 'ഉണ്ണിയാര്‍ച്ച' നാടകത്തില്‍ കുടിലനും നീചനുമായ ചതിയന്‍ ചന്തുവിനെ പി ജെ ആന്റണി ഗംഭീരമാക്കിയെങ്കില്‍,ശാരംഗപാണി എഴുതിയ 'ഉണ്ണിയാര്‍ച്ച'യില്‍ ചെല്ലപ്പന്‍ ആ വേഷം ഒട്ടും മോശമാക്കിയില്ല.ആ വര്‍ഷം തന്നെ 'മുടിയനായ പുത്രന്‍','കൃഷ്ണ കുചേല', ആദ്യവര്‍ണ്ണചിത്രമായ 'കണ്ടം ബെച്ച കോട്ട്' എന്ന ചിത്രങ്ങളിലും ചെല്ലപ്പന്‍ അഭിനയിച്ചു.അടുത്തവര്‍ഷം 'പുതിയ ആകാശം പുതിയ ഭൂമി','പാലാട്ടുകോമന്‍' 'ഭാര്യ' എന്നീ ചിത്രങ്ങളിലും.ഉദയാചിത്രങ്ങളിലെ സ്ഥിരം നടനായതോടെ ചെല്ലപ്പന്റെ തിരക്കേറി.

ഒരു ദിവസം എറണാകുളത്തെ ടാറ്റാ നഗറില്‍ 'പുതിയ ആകാശം പുതിയ ഭൂമി' അവതരിപ്പിക്കുകയായിരുന്നു.അന്ന് ഉദയാസ്റ്റുഡിയോയില്‍ 'ഉണ്ണിയാര്‍ച്ച'യുടെ ഷൂട്ടിംഗ് ഉള്ളതുകൊണ്ട് നാടകത്തിന് വരാന്‍ സാദ്ധ്യമല്ലെന്ന് ചെല്ലപ്പന്‍ തോപ്പില്‍ഭാസിയെ അറിയിച്ചു. കുഞ്ചാക്കോ യെ നേരില്‍ക്കണ്ട് ചെല്ലപ്പനെ നാടകത്തിന് വിടണമെന്ന് പറഞ്ഞുനോക്കാമെന്നു കരുതി ഭാസി ഉദയായില്‍ ചെന്നു.


(എം കുഞ്ചാക്കോ - തോപ്പില്‍ഭാസി)

കുഞ്ചാക്കോയെ ആദ്യമായി കാണുകയായിരുന്നു. ഉച്ചഭക്ഷണമുള്‍പ്പെടെ വളരെ ഊഷ്മളമായ സ്വീകരണമാണ് ഭാസിക്ക് അവിടെ നിന്ന് ലഭിച്ചത്. സത്യന്‍(ആരോമല്‍ ചേകവര്‍),പ്രേംനസീര്‍(കുഞ്ഞിരാമന്‍),രാഗിണി(ഉണ്ണിയാര്‍ച്ച),തിക്കുറിശ്ശി(കണ്ണപ്പ ചേകവര്‍),കോട്ടയം ചെല്ലപ്പന്‍(ചന്തു) എന്നീ താരങ്ങളും അമ്പതോളം കളരി അഭ്യാസികളും പങ്കെടുക്കുന്ന വലിയൊരു കളരിപ്പയറ്റ് രംഗം ചിത്രീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍നിന്ന് ചെല്ലപ്പനെ ഒഴിവാക്കാന്‍ തീരെ നിവൃത്തിയില്ലെന്ന കാര്യം കുഞ്ചാക്കോ ഭാസിയെ അറിയിച്ചു.കാരണം പ്രേംനസീറിന്റെ കാള്‍ഷീറ്റ് അന്ന് തീരുകയാണ്.നസീറിന് അന്നു വൈകിട്ട് മദ്രാസിലേയ്ക്ക് പോയേ തീരൂ. അല്ലെങ്കില്‍ പടത്തിന്റെ റിലീസ് തീയതി മാറ്റിവെയ്‌ക്കേണ്ടി വരും.

''ഇതാണെന്റെ സ്ഥിതിയെങ്കിലും ഭാസിക്ക് വേണമെങ്കില്‍ ചെല്ലപ്പനെ വിളിച്ചുകൊണ്ടുപോകാം.തന്റെ നേതാവ് തോമാച്ചനെ എനിക്ക് മറക്കാന്‍ സാദ്ധ്യമല്ലല്ലോ.'

കുഞ്ചാക്കോയുടെ സംസാരം കേട്ടപ്പോള്‍ എങ്ങനെയും ചെല്ലപ്പനെ അന്ന് നാടകത്തിന് അയക്കണമെന്നു പറയുവാന്‍ എനിക്ക് തോന്നിയില്ല. എന്തെങ്കിലും ക്രമീകരണമുണ്ടാക്കിക്കൊള്ളാമെന്നു പറഞ്ഞു ഞാന്‍ പോന്നു. അന്നത്തെ നാടകത്തില്‍ ആജാനബാഹുവായ ചെല്ലപ്പനുപകരം, അയാളുടെ പാന്റും ഷര്‍ട്ടും ധരിച്ച് ഞാന്‍ വേഷമിട്ടു!''**

ഉദയാ സ്റ്റുഡിയോയിലെ ഈ സമാഗമത്തിനു ശേഷം ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ 'ഉടന്‍ ഈ കാറില്‍ ഉദയായിലെത്തുക' എന്ന കുഞ്ചാക്കോയുടെ ചിറ്റുമായി ശാരംഗപാണി ഭാസിയെ കാണാനെത്തി.ഭാസി ചെന്നപ്പോള്‍ വയലാറും അവിടെയുണ്ട്.

'നാലു കാല്‍ഷീറ്റ് കടലാസില്‍ എഴുതിയ ഒരു കഥ കൈയില്‍ തരും.ഏഴു ദിവസം കൊണ്ട് പതിനാലായിരം അടി നീളത്തിലുള്ള ഒരു ഫിലിമിന് തിരക്കഥ എഴുതിത്തരണം.' ഇതായിരുന്നു കുഞ്ചാക്കോ യുടെ ആവശ്യം.എഴുതാനുള്ള കടലാസും പേനയും മുറിയും ഭക്ഷണവു മൊക്കെ അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു.അന്ന് പൊന്‍കുന്നം വര്‍ക്കിയായിരുന്നു ഉദയായുടെ സ്ഥിരം തിരക്കഥാകൃത്ത്. ഭാസി ഉദയായിലിരുന്ന് തന്റെ മൂന്നാമത്തെ തിരക്കഥയെഴുതി-- റബേക്ക. ഉദയായുമായുള്ള തോപ്പില്‍ഭാസിയുടെ സുദീര്‍ഘമായ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.

....ഉദയായും കുഞ്ചാക്കോ യുമായുള്ള തോപ്പില്‍ഭാസി യുടെ ബന്ധം സൗഹൃദഭാവത്തിലാണ് ആരംഭം കുറിച്ചതെങ്കില്‍ ദേവരാജന്‍ ആദ്യമേ 'ഉടക്കി'പിരിയുകയായിരുന്നു.ഉദയാ വീണ്ടും സിനിമയെടുക്കാന്‍ തുടങ്ങിയപ്പോള്‍ പുരോഗമന നാടകപ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രമുഖരില്‍ പലരെയും സഹകരിപ്പിക്കണമെന്നു തീരുമാനിച്ചിരുന്നു.'ചതുരംഗ'ത്തിന്റെ പാട്ടുകളുടെ റെക്കോഡിംഗിന് വേണ്ടി മദ്രാസിലായിരുന്ന ദേവരാജനോട് ,ഉദയാസ്റ്റുഡിയോയില്‍ ചെന്നു കുഞ്ചാക്കോയെ കാണണമെന്ന് ഒരു ദിവസം സത്യന്‍ വന്നു പറഞ്ഞു.മദ്രാസില്‍ നിന്ന് കല്‍ക്കരി ട്രെയിനില്‍ യാത്ര ചെയ്ത് ആകെ കരിപുരണ്ട വേഷത്തിലാണ് ദേവരാജന്‍ ഉദയായിലെത്തിയത്. പോരെങ്കില്‍ തോര്‍ത്തു കൊണ്ട് തലയിലൊരു കെട്ടും കെട്ടിയിരുന്നു.ആ വേഷവും കൂസലില്ലാത്ത മട്ടും ഭാവവുമൊന്നും അവിടെ ആര്‍ക്കും ഇഷ്ടപ്പെട്ടില്ല.

'എന്തു പ്രതിഫലം വേണ'മെന്ന കുഞ്ചാക്കോ യുടെ സഹോദരന്‍ അപ്പച്ചന്റെ ചോദ്യത്തിന് 'നാലായിരം രൂപ' എന്ന ദേവരാജന്റെ വിട്ടുവീഴ്ചയില്ലാത്ത മറുപടിയോടെ കാര്യങ്ങള്‍ അവിടെ അവസാനിച്ചു.ബാബുരാജ് ആണ് പിന്നീട് 'ഉമ്മ' എന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചത്.തുടര്‍ന്ന് ഉദയാ നിര്‍മ്മിച്ച ചിത്രങ്ങളുടെ സംഗീത സംവിധായകര്‍ ദക്ഷിണാമൂര്‍ത്തി('സീത'), കെ രാഘവന്‍ ('നീലിസാലി','ഉണ്ണിയാര്‍ച്ച','കൃഷ്ണകുചേല') ബാബുരാജ്('പാലാട്ടുകോമന്‍')എന്നിവരായിരുന്നു.ഒടുവില്‍ ടി വി തോമസിന്റെയും വയലാറിന്റെയും നിര്‍ബന്ധത്തിനു വഴങ്ങി കുഞ്ചാക്കോ വീണ്ടും ദേവരാജനെ വിളിപ്പിച്ചു.1962 ലെ ഉദയായുടെ ക്രിസ്തുമസ് സമ്മാന മായിരുന്ന ആ ചിത്രം (അതിലെ പാട്ടുകളും) ജനപ്രീതിയുടെ കാര്യത്തില്‍ ചരിത്രം സൃഷ്ടിച്ചു -- 'ഭാര്യ'.

സുലോചന അരങ്ങേറ്റം കുറിച്ച 'രഹസ്യങ്ങള്‍' എന്ന നാടകത്തില്‍ നായികയായി വന്ന അടൂര്‍ക്കാരി പങ്കജാക്ഷി എന്ന പങ്കജം,അരങ്ങത്തു നിന്ന് സിനിമയിലെത്തി അവിടെ തിളങ്ങുന്ന ഒരു താരമായി മാറിക്കഴിഞ്ഞിരുന്നു.പങ്കജവല്ലിയെന്ന മലയാള സിനിമയിലെ നമ്പര്‍ വണ്‍ വില്ലത്തിയെപ്പോലെ, കടുത്ത നിറക്കൂട്ടില്‍ ചാലിച്ച കുടിലരായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഒരു പ്രത്യേക സാമര്‍ത്ഥ്യമുണ്ടായിരുന്നു അടൂര്‍ പങ്കജത്തിനും.സിനിമയിലെ തുടക്കകാലത്ത് പങ്ക ജത്തിന് സെറ്റില്‍ കൂട്ടുപോകാറുണ്ടായിരുന്നത് മൂത്തസഹോദരി ഭവാനിയാണ്.

പങ്കജം ആദ്യമായി വേഷമിട്ട 'പ്രേമലേഖനം'എന്ന ചിത്രത്തിന്റെ സെറ്റില്‍ അന്ന് ഒരു അതിഥിയെത്തി.'സ്ത്രീ' എന്ന നാടകത്തിലൂടെ അരങ്ങത്തും 'ജീവിതനൗക'യിലൂടെ സിനിമയിലും സൂപ്പര്‍താരമായി മാറിയ തിക്കുറിശ്ശി സുകുമാരന്‍ നായര്‍.സ്റ്റുഡിയോഫ്‌ലോറിന്റെ ഒരു ഭാഗത്ത് ഒതുങ്ങിമാറിയിരിക്കുന്ന ഭവാനിയോട്,തിക്കുറിശ്ശി യാണ് സിനിമയിലഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് ആദ്യമായി ചോദിക്കുന്നത്.സത്യത്തില്‍,വീട്ടിലെ ദാരിദ്ര്യം സഹിക്കാത്തതുകൊണ്ട്, തന്റെ ഭക്ഷണത്തിന്റെ കാര്യം നടന്നുപോകുമല്ലോ എന്നോര്‍ത്താണ് ഭവാനി അനിയത്തിയ്ക്ക് കൂട്ടുവരാന്‍ തയ്യാറായത്.സിനിമാഭിനയം സ്വപ്നം പോലും കണ്ടിട്ടുണ്ടായിരു ന്നില്ല.അതുകൊണ്ട്, തിക്കുറിശ്ശി യോട് മറുപടി പറയാന്‍ പോലും കൂട്ടാക്കിയില്ല.

1953.തിക്കുറിശ്ശി കഥയും സംഭാഷണവും ഗാനങ്ങളുമൊക്കെയെഴുതി സംവിധാനം ചെയ്യുന്ന 'ശരിയോ തെറ്റോ' എന്ന പടത്തിന്റെ ഷൂട്ടിംഗ് ഉദയാ സ്റ്റുഡിയോയില്‍ നടക്കുന്നു.അടൂര്‍ പങ്കജത്തിന്റെ 'വാല്‍ നക്ഷത്ര'മായി പതിവുപോലെ ഭവാനിയുമുണ്ട്.പെട്ടെന്ന്,തിക്കുറിശ്ശി അങ്ങോട്ടു വന്ന് ഭവാനിയെ നിര്‍ബന്ധിച്ച് മേക്കപ്പ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. ചെന്നപാടെ മേക്കപ്പ് മാന്‍ മുഖത്തു ചായമിടാനും തുടങ്ങി.മിസ് കുമാരി നായികയും സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍ വില്ലനായും അഭിനയിക്കുന്ന സിനിമയില്‍ ക്ഷയരോഗിയായ ഒരാളുടെ ഭാര്യയായ ഒരു സാധു സ്ത്രീയുടെ വേഷമിട്ടുകൊണ്ട്, അടൂര്‍ ഭവാനി അങ്ങനെയൊരു സിനിമാ നടിയായി.'അഭിനയം' കഴിഞ്ഞപ്പോള്‍ തിക്കുറിശ്ശി എഴുപത്തിയഞ്ചുരൂപയും കൈയില്‍ വെച്ചുകൊടുത്തു -- ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കാന്‍.


(അടൂര്‍ ഭവാനി)

മദ്യപാനിയായ അച്ഛനും പറക്കമുറ്റാത്ത അഞ്ചാറ് ' എളേത്തുങ്ങളും' ഉള്ള കുടുംബത്തിന് ചിലവ് കഴിയാന്‍ ഒരു മാര്‍ഗം ദൈവം തുറന്നുകൊടുക്കുകയായിരുന്നു.അടുത്ത വേഷം നാടകത്തിലായിരുന്നു. മനയില്‍ ഗോപാലപിള്ളയാശാന്റെ 'വേലുത്തമ്പി ദളവ' നാടകത്തില്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ അമ്മയുടെ വേഷം കെട്ടുമ്പോള്‍ ഭവാനി ഇരുപതുകള്‍ പിന്നിട്ടിരുന്നില്ല.എങ്കിലും പരുക്കന്‍ ജീവിതാനുഭവങ്ങള്‍ ഭവാനിയ്ക്ക് ഒരു 'മൂത്തമ്മ'യുടെ മട്ടും ഭാവവും സമ്മാനിച്ചിരുന്നു.

സ്വന്തം പ്രായത്തിനിണങ്ങുന്ന ഒരു വേഷം ആയിടെ ഭവാനിയെ തേടിയെത്തി.അടൂര്‍ക്കാരുടെ യശസ്സുയര്‍ത്തിയ ഈ വി കൃഷ്ണപിള്ളയുടെ മകന്‍ അടൂര്‍ ഭാസിയാണ് നാട്ടുകാരിയായ നടിയെ അഭിനയിക്കാന്‍ ക്ഷണിച്ചത്.തിരുവനന്തപുരത്തെ കലാവേദി അവതരിപ്പിക്കുന്ന, വീരന്‍ എന്ന പി കെ വീരരാഘവന്‍ നായര്‍ എഴുതിയ 'തൂവലും തുമ്പയും' നാടകത്തിലെ നായികമാരില്‍ ഒരാളായ തേയി.ശരീരം മുഴുവന്‍ കറുത്ത ചായമടിക്കണമെങ്കിലും,വീറും വീര്യവുമുള്ള ഒരസ്സല്‍ പുലയപ്പെണ്‍കൊടിയുടെ വേഷമായിരുന്നു അത്.


(തൂവലും തൂമ്പയു'മിലെ അഭിനേതാക്കള്‍ മുഖ്യമന്ത്രി ഈ എം എസിനോടൊപ്പം)

വീരന്‍,അടൂര്‍ഭാസി,ജഗതി എന്‍ കെ ആചാരി,വഞ്ചിയൂര്‍ മാധവന്‍ നായര്‍,പി ഗംഗാധരന്‍ നായര്‍,ഗോമതിയമ്മാള്‍...തുടങ്ങിയവരോടൊപ്പം അഭിനയിച്ച ഭവാനി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ഹിന്ദിയില്‍ വിവര്‍ത്തനം ചെയ്ത നാടകം ഡല്‍ഹിയില്‍ അവതരിപ്പിച്ചപ്പോഴാണ് ഭവാനിയുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ അനുഭവമുണ്ടായത് -- പ്രധാനമന്ത്രി നെഹ്‌റു വിനെ കാണാനും അദ്ദേഹത്തിന്റെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാനുമുള്ള അവസരം സ്വപ്നതുല്യമായിരുന്നു.


(തൂവലും തൂമ്പയു'മിലെ അഭിനേതാക്കള്‍ പ്രധാനമന്ത്രി നെഹ്‌റുവിനോടൊപ്പം)

'തൂവലും തൂമ്പയും' നാടകത്തിലെ അഭിനയത്തെ കുറിച്ചു കേട്ടറിഞ്ഞ തോപ്പില്‍ഭാസി നേരിട്ടു വീട്ടിലെത്തി ഭവാനിയെ കെ പി എ സി യിലേക്ക് ക്ഷണിക്കുകയായിരുന്നു.വിജയകുമാരിയ്ക്ക് പകരം ഏലിയാമ്മ യായി അഭിനയിക്കണം.'മുടിയനായ പുത്രനി'ലെ അമ്മയുടെ വേഷവും.കെ പി എ സി യുടെ പ്രശസ്തി,തരക്കേടില്ലാത്ത പ്രതിഫലം...ഭവാനിയ്ക്കും അച്ഛന്‍ കുഞ്ഞിരാമന്‍ പിള്ളയ്ക്കും മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.അടുത്ത ദിവസം തന്നെ കായംകുളത്തെത്തി നാടകം പഠിച്ചു.വിജയകുമാരിയുടെ ഗംഭീരപ്രകടനത്തെ കടത്തിവെട്ടാനായില്ലെങ്കിലും അടൂര്‍ ഭവാനി പ്രേക്ഷകരുടെ മനസ്സില്‍ കയറിക്കൂടി.അതുകൊണ്ടാണല്ലോ പിന്നീട് രണ്ടു നാടകങ്ങളും സിനിമയായപ്പോള്‍ ആ വേഷങ്ങള്‍ അടുര്‍ ഭവാനിതന്നെ അഭിനയിക്കണമെന്ന് തോപ്പില്‍ ഭാസി നിര്‍ബന്ധം പിടിച്ചത്. ഭാസിയുടെ പ്രതീക്ഷകള്‍ തെറ്റിയില്ല. ഒട്ടും നാടകീയതയില്ലാത്ത സ്വാഭാവിക അഭിനയം കൊണ്ട് അടൂര്‍ഭവാനി വേറിട്ടുനിന്നു.


(സുലോചന, വിജയകുമാരി,ലീല,ബിയാട്രീസ് തുടങ്ങിയവര്‍)

ബിയാട്രീസ് സമിതി വിട്ടുപോയത് ഏറ്റവും നൊമ്പരപ്പെടുത്തിയത് സുലോചനയെയാണ്.സമിതിയില്‍ സുലോചനയ്ക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്നതും സ്വകാര്യങ്ങള്‍ പലതും പങ്കു വെച്ചതും ബിയാട്രീസുമായിട്ടായിരുന്നു.മറ്റുള്ള ആരുമായും ഒരു പരിധി വിട്ട് അടുപ്പം സൂക്ഷിക്കാന്‍ സുലോചനക്കു കഴിഞ്ഞിരുന്നില്ല.സമിതിയിലെ ഏറ്റവും സീനിയര്‍ ആയ അംഗമെന്ന സ്ഥാനം,ജനങ്ങള്‍ വാരിച്ചൊരിയുന്ന സ്‌നേഹവും ആരാധനയും,നിരൂപകരുടെയും പത്രങ്ങളുടെയും അംഗീകാരം... ഇതെല്ലാം കൊണ്ടുതന്നെ മറ്റുള്ളവരുടേതില്‍ നിന്ന് കുറച്ചുകൂടി ഉയരത്തില്‍ തന്നെയാണ് തന്റെ സ്ഥാനമെന്ന് സുലോചന ഉറച്ചുവിശ്വസിച്ചു.ഇപ്പോള്‍ തന്നെ ഉമ്മറിനെ കൊണ്ടുവന്ന് കെ പി എ സിയെ ഒരു സന്ദിഗ്ധഘട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് താനാണല്ലോ.മാത്രമല്ല,പുതുതായി എത്തുന്നവര്‍ക്ക് നാടകം പറഞ്ഞുകൊടുക്കാനും റിഹേഴ്സു ചെയ്യിക്കാനുമൊക്കെ സുലോചനയെയാണ് തോപ്പില്‍ഭാസി ചുമതല ഏല്പിക്കാറുള്ളത്. സമിതി യെ സംബന്ധിക്കുന്ന പല തീരുമാനങ്ങളുമെടുക്കുമ്പോള്‍ സുലോചനയുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന കാര്യത്തില്‍ ഭാസിയും പോറ്റിസാറുമൊക്കെ ശ്രദ്ധിച്ചിരുന്നു. എങ്കിലും രണ്ടു നാടകങ്ങള്‍ സിനിമയായപ്പോള്‍,വലിയ തോപ്പി തന്റെ പേര് ഒരിക്കലും നിര്‍ദ്ദേശിക്കാതിരുന്നതില്‍ സുലോചനയ്ക്ക് വിഷമവും പരിഭവവുമുണ്ടായിരുന്നു.എന്നാല്‍ നാടകത്തിന്റെ കാര്യത്തില്‍,തന്റെ നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും മുഖ്യപരിഗണന നല്‍കുന്നുണ്ട് എന്നതില്‍ അനല്‍പ്പമായ സന്തോഷമുണ്ടായിരുന്നു താനും.സ്വല്‍പ്പം അഹങ്കാരത്തോളമെത്തിയ അഭിമാനവും....

വിമോചനസമരത്തിനും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഡിസ്മിസ്സലിനും ശേഷം,സുലോചന യുടെ കുടുംബത്തിന്റെ ശാസ്തമംഗലത്തെ ജീവിതം ദുസ്സഹമായി തീര്‍ന്നിരുന്നു. വീട്ടുകാര്‍ പുറത്തിറങ്ങിയാലുടനെ കുത്തുവാക്കുകളും കളിയാക്കലുകളും പതിവായി.ഇത്തരം കലാപരിപാടികള്‍ നടത്തുന്നവരോട് തിരികെ പ്രതികരിക്കാന്‍ നിന്നാല്‍ ചിലപ്പോള്‍ നാടകത്തിനുപോകാന്‍ സമ്മതിക്കാത്ത വിധത്തിലുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കും. കേരളമൊട്ടുക്ക് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഇങ്ങനെയുള്ള ആക്രമണങ്ങള്‍ നേരിടുന്നുണ്ടായിരുന്നു ആ നാളുകളില്‍.ശാസ്തമംഗലം പോലെ,പി എസ് പിയും മറ്റു കമ്മ്യൂണിസ്റ്റ് വിരുദ്ധന്മാരും കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച ഒരു പ്രദേശത്ത് ചെറുത്തുനില്‍പ്പ് സാദ്ധ്യമായിരുന്നില്ല.അതുകൊണ്ട്,പാര്‍ട്ടിസഖാക്കളുമായി ആലോചിച്ചശേഷം തിരുവനന്തപുരത്തു നിന്ന് കായംകുളത്തേക്ക് താമസം മാറ്റാന്‍ തന്നെ നിശ്ചയിച്ചു.

വല്യച്ഛനെയും കുടുംബത്തെയും വിട്ടുപോകുന്നതിലായിരുന്നു ഒരുപാട് സങ്കടം.പണ്ട്, മാവേലിക്കരയില്‍ ജീവിക്കാന്‍ ഒരു വഴിയും കാണാതെ ഉഴലുകയായിരുന്ന ഒരു കുടുംബത്തെ,കൃഷ്ണന്‍വൈദ്യന്‍ എന്ന വ്യക്തിയുടെ കാരുണ്യമനസ്ഥിതിയൊന്നുമാത്രമാണല്ലോ തിരുവനന്തപുരത്തെത്തിച്ചത്.പിന്നീടുള്ള, സുലോചനയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആ മനുഷ്യന്റെ പ്രാര്‍ത്ഥനയും അനുഗ്രഹാശിസുകളും കൂടെയുണ്ടായിരുന്നു.അതുകൊണ്ട്,വല്യച്ഛനോട് യാത്ര പറഞ്ഞപ്പോള്‍ സുലോചനയ്ക്ക് സ്വയം നിയന്ത്രിക്കാനായില്ല.ഒരു കലാകാരിയെന്ന നിലയില്‍ തന്റെ ഉയര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച പ്രിയപ്പെട്ട തിരുവനന്തപുരം പട്ടണത്തോട് വിട പറയുമ്പോഴും സുലോചന വികാരാധീനയായി. ഒരു സെന്റ്ഭൂമി പോലും സ്വന്തമായില്ലാതെ ഇവിടെ ജീവിതം തുടങ്ങിയ താനും കുടുംബവും, കായംകുളത്തെ ഒരേക്കറിലേറെ വരുന്ന വസ്തുവകകളുടെ ഉടമസ്ഥരായി, ഇനിയുള്ള ജീവിതം അവിടെ ചിലവഴിക്കാനാണല്ലോ പോകുന്നതെന്നോര്‍ത്തപ്പോള്‍ സന്തോഷവും തോന്നി.അങ്ങനെ കായംകുളത്ത് കെ പി എ സിയുടെ താല്‍ക്കാലികമായ ആസ്ഥാനത്തിനടുത്ത്, പട്ടാണിപ്പറമ്പില്‍ സഹോദരന്മാരുടെ സഹായത്തോടെ വാങ്ങി അറ്റകുറ്റപ്പണി കളൊക്കെ തീര്‍ത്ത് മോടിപിടിപ്പിച്ച 'മണിഭവന്‍' എന്ന സ്വന്തം വീട്ടില്‍ താമസം തുടങ്ങി.

അവിടെ നിന്നാണ് പിന്നീട് ഉത്തരേന്ത്യന്‍ പര്യടനത്തിനും സിനിമാഭിനയത്തിനുമൊക്കെ സുലോചന പോയത്.അപ്പോഴേക്കും ആലപ്പുഴയിലെ വീട് വിട്ട് കെ എസ് ജോര്‍ജ്ജും കുടുംബവും സുലോചന യുടെ വീടിന്റെ അല്‍പ്പം മാറി താമസമാക്കിക്കഴിഞ്ഞിരുന്നു.അധികം വൈകാതെ കെ പി എ സിയുടെ ഓഫീസ് കായംകുളത്ത് ഔദ്യോഗികമായി ആരംഭിച്ചു. സുലോചനയെയും മറ്റു കെ പി എ സി ക്കാരെയും ഒരുപാട് സന്തോഷിപ്പിക്കുന്ന മറ്റൊരു തീരുമാനവുമുണ്ടായി.അവരുടെയെല്ലാം പ്രിയപ്പെട്ട 'മൂപ്പീന്ന്'-- കാമ്പിശ്ശേരിസ്സഖാവ് കെ പി എ സി യുടെ പ്രസിഡന്റ് ആയി ചുമതലയേറ്റു.


(കാമ്പിശ്ശേരി കരുണാകരന്‍)

ജനാര്‍ദ്ദനക്കുറുപ്പിനെ പോലെ സ്ഥാപനനാള്‍ തൊട്ടുള്ള ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും സമിതിയെ ധീരമായി നയിച്ചുപോന്നിരുന്ന ഒരാള്‍ വിട്ടുപോയപ്പോള്‍,ആ സ്ഥാനത്തേക്ക് വരാന്‍ ഇതിനെക്കാള്‍ അര്‍ഹതയുള്ള മറ്റൊരു വ്യക്തിയില്ല എന്നായിരുന്നു സുലോചന ഉള്‍പ്പെടെയുള്ള എല്ലാപേരുടെയും അഭിപ്രായം.കാമ്പിശ്ശേരിയാകട്ടെ, മറ്റൊരു മഹാവ്യാധിയെ കൂടി ധീരോദാത്തമായി അതിജീവിക്കുകയും,ഒരു മേജര്‍ ഓപ്പറേഷനിലൂടെ തന്റെ ശ്വാസകോശങ്ങളിലൊന്ന് സംഭാവന ചെയ്യുകയും ചെയ്തുകൊണ്ട് 'ഏക ലംഗനാ'യി ജീവിക്കുകയാണ്.'ജനയുഗം' ഗോപി എന്ന ആര്‍ ഗോപിനാഥന്‍ നായരുടെ കൈകളില്‍ നിന്ന് ജനയുഗം പത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും മുഖ്യപത്രാധിപര്‍ സ്ഥാനം കാമ്പിശ്ശേരി ഏറ്റെടുത്തത് ആയിടെയായിരുന്നു. ഇതിനിടയിലാണ് 'മുടിയനായ പുത്രനി'ല്‍ അഭിനയിച്ചത്.ഇനിയും ചില ചിത്രങ്ങളില്‍ 'നായികയുടെ അച്ഛന്റെ' വേഷം ചെയ്യാന്‍ വിളിച്ചിട്ടുമുണ്ട്.ഈ തിരക്കുകള്‍ക്കിടയില്‍, കാളിദാസകലാ കേന്ദ്രം ഉയര്‍ത്തിയ വെല്ലുവിളികളെ നേരിട്ടുകൊണ്ട്, കെ പി എ സിയെ നയിക്കുക എന്നത് തീര്‍ച്ചയായും ലഘുവായ ഒരു നിയോഗമായിരുന്നില്ല.തന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്ന തോപ്പില്‍ഭാസിയുടെയും ഏറെ ബഹുമാനിക്കുന്ന പോറ്റിസാറിന്റെയും എല്ലാറ്റിനുമുപരി തന്റെ എല്ലാമെല്ലാമായ പാര്‍ട്ടിയുടെയും നിര്‍ബന്ധത്തിനു വഴങ്ങുകയായിരുന്നു കാമ്പിശ്ശേരി.

കാമ്പിശ്ശേരിയും തോപ്പില്‍ഭാസി യും പോറ്റിസാറും അമരത്തും സുലോചനയും കെ എസ് ജോര്‍ജ്ജും കെ പി ഉമ്മറും എന്‍ ഗോവിന്ദന്‍ കുട്ടിയും മറ്റും അരങ്ങത്തുമായി ജനകീയനാടകപ്രസ്ഥാനം കൂടുതല്‍ ഊര്‍ജ്ജസ്വലമായി.ഇനി വേണ്ടത് പുതിയ ഒരു നാടകമാണ്. എല്ലാ വെല്ലുവിളികള്‍ക്കും ശക്തമായ ഭാഷയില്‍ മറുപടിനല്‍കിക്കൊണ്ട്, കെ പി എ സിയുടെ ചോരച്ചെങ്കൊടി കൂടുതല്‍ ഉയരങ്ങളിലേക്ക് ഉയര്‍ത്തിപ്പിടിക്കുന്ന ഒരു നാടകം.തോപ്പില്‍ഭാസി യുടെ മനസ്സില്‍ അങ്ങനെയൊരു നാടകമുണ്ടായിരുന്നു.വര്‍ഷങ്ങളായി ഭാസിയുടെ മനസ്സിനെ മഥിക്കുന്ന ഒരു ചോദ്യത്തില്‍ നിന്നാണ് ആ നാടകത്തിന്റെ ബീജം ഉയിര്‍ക്കൊണ്ടത്.

'രോഗം ഒരു കുറ്റമാണോ?'

(അടുത്തഭാഗം: രോഗത്തിന്റെ പൂക്കള്‍)

* വഴിതുറന്നു-പൊന്‍കുന്നം വര്‍ക്കി, എസ്പിസിഎസ്, കോട്ടയം

**ഒളിവിലെ ഓര്‍മ്മകള്‍ക്കുശേഷംതോപ്പില്‍ ഭാസി, ഡിസി ബുക്‌സ്, കോട്ടയം


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories