TopTop
Begin typing your search above and press return to search.

SERIES|രോഗത്തിന്റെ പൂക്കള്‍ -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

SERIES|രോഗത്തിന്റെ പൂക്കള്‍ -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

(നൂറനാട് കുഷ്ഠരോഗാശുപത്രി)

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)

ഭാഗം 45

അന്ന് നിയമസഭ കൂടിക്കൊണ്ടിരിക്കുന്ന നേരത്താണ് തോപ്പില്‍ ഭാസിയെത്തേടി ഒരു സന്ദര്‍ശകനെത്തിയത്. ഒരടിയന്തിര സന്ദേശവുമായിട്ടായിരുന്നു അയാളുടെ വരവ്.ഡോ.ഉണ്ണിത്താന് ഭാസിയെ എത്രയും പെട്ടെന്ന് ഒന്നു കാണണം.സംഗതി എന്തോ ഗൗരവമുള്ളതാണെന്ന് ഭാസിയ്ക്ക് തോന്നി.അപ്പോള്‍ തന്നെ ഭാസി ഡോക്ടറെ കാണാന്‍ പോയി.ഭാസി പോയത് മാവേലിക്കരയ്ക്കടുത്തുള്ള നൂറനാട് കുഷ്ഠരോഗ കോളനിയിലേക്കാണ്. അവിടുത്തെ സൂപ്രണ്ടാണ് ഡോ.ശങ്കരനാരായണന്‍ ഉണ്ണിത്താന്‍. വര്‍ഷങ്ങളായി ഭാസിക്ക് അടുത്ത പരിചയമുണ്ട്.


(ഡോ.ശങ്കരനാരായണന്‍ ഉണ്ണിത്താന്‍)

ഭാസിയെ കണ്ടപ്പോള്‍,എപ്പോഴും തുറന്നചിരിയോടെ സ്വീകരിക്കാറുള്ള ഡോ.ഉണ്ണിത്താന്റെ മുഖം ചുവന്നു തുടുത്ത് ഗൗരവഭാവം പൂണ്ടു.മുന്നില്‍ കിടക്കുന്ന കസേരയില്‍ ഇരിക്കാന്‍ ഭാസിയോട് പറഞ്ഞു.ഡോക്ടറുടെ പതിവില്ലാത്ത ഗൗരവമട്ടു കണ്ട് ഭാസിയൊമ്പരന്നു.നിശ്ശബ്ദതയുടെ കുറേ നിമിഷങ്ങള്‍ കടന്നുപോയി.അല്‍പ്പസമയം അങ്ങനെയിരുന്നിട്ട് ഡോക്ടര്‍ തലയുയര്‍ത്തി ഭാസിയോട് ചോദിച്ചു :

'രോഗം ഒരു കുറ്റമാണോ?'

ഭാസിയ്‌ക്കൊന്നും മനസ്സിലായില്ല. അതുചോദിക്കുമ്പോള്‍ ഡോക്ടര്‍ ആകെ വികാരഭരിതനായിരുന്നു.വിറയ്ക്കുന്ന ശബ്ദത്തോടെ ഡോക്ടര്‍ തുടര്‍ന്നു ചോദിച്ചു.

'ഒരു രോഗം വന്നുപോയെന്ന ഒരൊറ്റക്കാരണം കൊണ്ട് ഒരു വ്യക്തിയെ കോടതിയ്ക്ക് ആറുമാസം തടവിന് ശിക്ഷിക്കാമെന്നാണെങ്കില്‍ രോഗം ഒരു ക്രിമിനല്‍ കുറ്റമായിരിക്കുമല്ലോ?'

ഭാസി ആകെ അമ്പരന്നിരിക്കുന്നതു കണ്ടപ്പോള്‍ഡോ.ഉണ്ണിത്താന്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞു.കുഷ്ഠരോഗ നിവാരണം ലക്ഷ്യം വെച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് ഒരു 'ലെപ്രസി ബില്‍' കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു.കുഷ്ഠരോഗബാധിതനായ ഒരാളെ പൊതുസ്ഥലത്തെവിടെയെങ്കിലും വെച്ചുകണ്ടാല്‍ ആറുമാസം വരെ അയാളെ തടവിന് ശിക്ഷിക്കാമെന്നാണ് ആ നിയമം വ്യവസ്ഥ ചെയ്യുന്നത്.ഇ എം എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഡോ.എ ആര്‍ മേനോന്റെ മാനസസന്താനമായിരുന്നു ആ ബില്ല്.


(ആരോഗ്യ മന്ത്രി ഡോ.എ ആര്‍ മേനോന്‍)

രാഷ്ട്രീയതന്ത്രങ്ങളിലെന്ന പോലെ വൈദ്യശാസ്ത്രത്തിലും പണ്ഡിതനും പരിണതപ്രജ്ഞനുമായ ഡോ.മേനോന് കുഷ്ഠരോഗം കേരളത്തില്‍ നിന്നു തുടച്ചുനീക്കണമെന്നത് ഒരു വാശിപോലെ യായിരുന്നു. ഇനിയൊരാള്‍ പോലും ആ മഹാവ്യാധിയുടെ ആക്രമണത്തിന് അടിപ്പെടരുത് എന്ന നിര്‍ ബന്ധബുദ്ധിയാണ് ആ ഒരു നിയമനിര്‍മ്മാണത്തിന് വഴിതെളിച്ചത്.....

...കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം പ്രദേശത്തുള്ള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായ പി കാര്‍ത്തികേയന്‍ തോപ്പില്‍ഭാസിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു.ഭാസി ഒളിവില്‍ കഴിയുന്ന കാലത്താണ് കാര്‍ത്തികേയനെ കണ്ടുമുട്ടുന്നത്.കാര്‍ത്തികേയനും ആ നാളുകളില്‍ ഒരുതരം ഒളിവുജീവിതം നയിക്കുകയായിരുന്നു. കുഷ്ഠരോഗം ബാധിച്ചതാണ് അതിന്റെ കാരണം.അന്ന് ഭാസിയെ കണ്ടുമുട്ടുകയും അങ്ങനെ പ്രസ്ഥാനത്തിന്റെ ഭാഗമാകുകയും അതുവഴി ജീവിതത്തിന് ഒരു ലക്ഷ്യബോധമുണ്ടാകുകയും ചെയ്തിരുന്നില്ലെങ്കില്‍ താന്‍ ആത്മഹത്യയ്ക്ക് മുതിരുമായിരുന്നേനെയെന്ന് കാര്‍ത്തികേയന്‍ പിന്നീടൊരിക്കല്‍ പറഞ്ഞു. ആരുടെയും മുമ്പില്‍ പ്രത്യക്ഷപ്പെടാതെ ഒരു വീടിനുള്ളില്‍ തന്നെ കഴിഞ്ഞിരുന്ന കാര്‍ത്തികേയനെ ഭാസിയും സഖാക്കളുമാണ് അന്നു നിര്‍ബന്ധിച്ച് നൂറനാട് കുഷ്ഠരോഗ കോളനിയിലയച്ചത്.ഭാസി ഒളിവില്‍നിന്നും ലോക്കപ്പില്‍ നിന്നും പുറത്തുവന്നതിനു ശേഷം ഒരിക്കല്‍ നൂറനാട് ലപ്പര്‍ കോളനിയില്‍ ചെന്ന് കാര്‍ത്തികേയനെ കണ്ടു.

'അന്നു ഞാന്‍ അവിടെവെച്ച് കരയാതിരിക്കുവാന്‍ വളരെ പണിപ്പെട്ടു.കൈയും കാലും മൂക്കും ഇല്ലാത്തവരുള്‍പ്പെടെ ആയിരത്തിയഞ്ഞൂറോളം കുഷ്ഠരോഗികളായ സ്ത്രീപുരുഷന്മാര്‍ താമസിക്കുന്നതിന്റെ നടുക്ക് എന്റെ സ്‌നേഹിതന്‍ ! ആ ലോകം എന്നെ ഞെട്ടിച്ചു ! ഭയപ്പെടുത്തി !

വീട്ടില്‍ച്ചെന്ന് എന്റെ മുണ്ടും ഷര്‍ട്ടും ഞാന്‍ പുഴുങ്ങിച്ചു.പൊള്ളുന്ന ചൂടുള്ള വെള്ളത്തില്‍ കുളിച്ചു.എന്നിട്ടും എനിക്ക് പുകയുന്നതായിട്ടും ചൊറിയുന്നതായിട്ടും തോന്നി.

ആ കോളനിയിലെ സൂപ്രണ്ടായിരുന്ന ഡോ.ഉണ്ണിത്താനെ അന്നാണ് ഞാന്‍ അടുത്തു പരിചയപ്പെട്ടത്.അന്നുതന്നെ ആ മനുഷ്യന്‍ എന്നെ വശീകരിച്ചു കളഞ്ഞു.സ്വന്തം രോഗികളെ സ്വന്തം മക്കളെപ്പോലെ സ്‌നേഹിക്കുന്ന ഒരു ഡോക്ടറെ ഒന്നു ഭാവന ചെയ്തുനോക്കു.ശാസ്ത്രത്തെപ്പറ്റി ഉന്നതമായ ബോധം.ഉയര്‍ന്ന സാമൂഹ്യചിന്ത.കുഷ്ഠരോഗത്തിനെതിരായ സമരത്തിലെ അദ്ദേഹത്തിന്റെ സംഭാവന ഉജ്ജ്വലമാണ്.എപ്പോഴും ഒതുങ്ങിക്കഴിയാനാഗ്രഹിക്കുന്ന ഒരു വലിയ മനുഷ്യനാണ് ഡോ.ഉണ്ണിത്താന്‍. അദ്ദേഹത്തെപ്പോലുള്ള ഒരു ഡോക്ടറെ എന്റെ തൂലിക വാര്‍ത്തെടുത്താല്‍ നിങ്ങളില്‍ പലരും പറയും അയഥാര്‍ത്ഥസങ്കല്പമെന്ന്....''*

കുഷ്ഠരോഗികളുടെ അപ്പോസ്തലനായി വാഴ്ത്തപ്പെട്ട, അവര്‍ക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഹവായ് ദ്വീപിലെ ഫാദര്‍ ഡാമിയനെയാണ് ഡോ.ഉണ്ണിത്താന്‍ ഓര്‍മ്മിപ്പിച്ചത്.


(ഫാ. ഡാമിയന്‍ - കുഷ്ഠരോഗം വരുന്നതിന് മുന്‍പ് , കുഷ്ഠരോഗം വന്നതിനുശേഷം)

സാനട്ടോറിയത്തിലെ അന്തേവാസികള്‍ക്കിടയില്‍ മാത്രമല്ല ആ നാട്ടുകാര്‍ക്കും മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം ഡോക്ടര്‍ ഒരത്ഭുതമനുഷ്യനായിരുന്നു. അക്കാലത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി കള്‍ക്ക്,പഠന ത്തിന്റെ ഭാഗമായി മനോരോഗാശുപത്രിയിലും കുഷ്ഠരോഗാശുപത്രിയിലും കുറച്ചു ദിവസങ്ങള്‍ സേവനമനുഷ്ടിക്കണമായിരുന്നു. രാവിലെ നൂറനാട് ചെന്ന് വൈകുന്നേരം വരെ അവിടെ കഴിച്ചുകൂട്ടുന്ന ഒരു വിനോദയാത്ര പോലെയായിരുന്നു അത്.


(നൂറനാട് സാനട്ടോറിയം)

ആകെ പേടിപ്പിക്കുന്ന അന്തരീക്ഷവും അലങ്കോലപ്പെട്ടു കിടക്കുന്ന പരിസരവും ദുര്‍ഗന്ധപൂര്‍ണമായ വായുവും സര്‍വവും നശിച്ച വിഷാദരായ അംഗവൈകല്യം വന്ന രോഗികളെയും പ്രതീക്ഷിച്ച് അവിടെച്ചെന്ന വിദ്യാര്‍ത്ഥികളുടെ സംഘം കണ്ടതാകട്ടെ നല്ല അടുക്കിലും ചിട്ടയിലും ഒരുക്കിയ വാര്‍ഡുകളും സ്ഥലങ്ങളുമായിരുന്നു. വിരലുകള്‍ പൊഴിഞ്ഞുപോയ കൈകളും ഉണങ്ങിയ വടുക്കളും ഉള്ള മനുഷ്യര്‍ അവിടെ പണിയെടുക്കുന്നുണ്ടായിരുന്നു.മുണ്ടും ഷര്‍ട്ടും ധരിച്ച് ഒരാള്‍ അവരുടെയിടയില്‍ നിന്നുകൊണ്ട് ഒരു കുലച്ച വാഴ ഒടിഞ്ഞതിന് ഊന്നല്‍ കൊടുക്കുന്നുണ്ടായിരുന്നു.അത് ഡോ.ശങ്കരനാരായണന്‍ ഉണ്ണിത്താന്‍ ആണെന്ന് വിദ്യാര്‍ത്ഥികള്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു.ഡോ.ഉണ്ണിത്താന്‍ വേഷം മാറി വന്ന് അവരെയും കൊണ്ട് റൗണ്ട്‌സിന് പോയി.''കണ്ണുകള്‍ കലങ്ങി വെളുത്ത് അന്ധരായ,വിരലുകള്‍ മുറിഞ്ഞു പോയ ,വലിയ വ്രണങ്ങള്‍ ദേഹത്തില്‍ പലയിടത്തുമുള്ള,മുഖത്തും ചെവികളിലും ആകെ കുഷ്ഠഗോളങ്ങള്‍ നിറഞ്ഞ ,ചുണ്ടും ചെവിയും അടര്‍ന്ന''** പലരെയും അവര്‍ അവിടെ കണ്ടു.കുറച്ചുപേരെ കണ്ടപ്പോള്‍ തന്നെ പല വിദ്യാര്‍ത്ഥികളുടെയും തലകറങ്ങി,റൗണ്ട്‌സില്‍ നിന്നു പിന്മാറി.ആ വല്ലാത്ത കാഴ്ചകള്‍ക്കിടയിലും അവര്‍ കണ്ടത് രോഗികള്‍ക്ക് ഡോക്ടറോടുള്ള സ്നേഹവും അടുപ്പവും അദ്ദേഹത്തിന് അവരോടുള്ള കാരുണ്യവുമായിരുന്നു.അവര്‍ക്ക് കൊടുക്കാന്‍ ഡോക്ടറുടെ കയ്യില്‍ മരുന്നുകള്‍ കാര്യമായൊന്നുമുണ്ടായിരുന്നില്ല.എന്നാല്‍ സ്‌നേഹവും ധൈര്യവും അദ്ദേഹം വാരിക്കോരികൊടുത്തു.

അതുവരെ കണ്ടിട്ടില്ലാത്ത ചികിത്സാരീതി കണ്ട് അത്ഭുതപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥി കള്‍ക്ക് ഡോക്ടര്‍ ഭക്ഷണം വിളമ്പി.പുട്ടും കടലയും രസകദളിപ്പഴങ്ങളുമൊക്കെയടങ്ങിയ സ്വാദിഷ്ടമായ ഭക്ഷണവും രുചികരമായ കാപ്പിയും കഴിച്ചുകഴിഞ്ഞപ്പോള്‍ ഡോ.ഉണ്ണിത്താന്‍ പറഞ്ഞു.

'കാപ്പി ഇഷ്ടമായി,ഇല്ലേ? ഇഷ്ടമാകും.ഇത് ഇവിടെത്തന്നെ വളര്‍ത്തുന്ന പശുക്കളുടെ പാലും ഇവിടെത്തന്നെ വളര്‍ത്തുന്ന കാപ്പിച്ചെടിയുടെ കായ്കളില്‍നിന്നുള്ള കാപ്പിപ്പൊടിയുമാണ്.ഞങ്ങള്‍ക്ക് മിക്കവാറും ഒന്നും പുറമേ നിന്നു വാങ്ങേണ്ട.എല്ലാം ഇവിടുന്നു തന്നെ കിട്ടും.ഇവ മുഴുവന്‍ ഇവിടുത്തെ അന്തേവാസികള്‍ ചെയ്യുന്നതാണ്.അവരാണ് പശുക്കളെ വളര്‍ത്തുന്നതും കറക്കുന്നതും അടുക്കളയില്‍ പാകം ചെയ്യുന്നതും.ഞാനടക്കം എല്ലാവരും എന്നും കഴിക്കുന്നതും ഇതൊക്കെത്തന്നെ.രോഗം മാറിയാലും ഇവരിലാരെയും വീട്ടുകാര്‍ കൊണ്ടുപോകില്ല.ഞങ്ങള്‍ എത്ര ശ്രമിച്ചാലും.പക്ഷെ ഇവരെ ഇവിടെ പരിപാലിക്കാന്‍ സാധ്യമായത് നല്ലവരായ നാട്ടുകാരുടെ സഹായം കൊണ്ടുമാത്രമാണ്.'

തങ്ങള്‍ കഴിച്ച ഭക്ഷണം അവിടത്തെ അന്തേവാസികള്‍ വിളയിച്ചെടുത്തതും പാകം ചെയ്തതുമാണെന്നറിഞ്ഞ വിദ്യാര്‍ത്ഥികള്‍ ഞെട്ടിപ്പോയി. പക്ഷെ അന്ന് അവര്‍ പഠിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങളില്‍ ഒന്നായിരുന്നു!

ഡോ.ഉണ്ണിത്താന്റെ അടുത്ത സുഹൃത്തും ആരാധകനുമായി തീര്‍ന്ന തോപ്പില്‍ഭാസി അധികം വൈകാതെ ആ കോളനിയിലെ ഒരു പതിവു സന്ദര്‍ശകനായി.അവരുടെ മീറ്റിംഗുകളില്‍ പ്രസംഗിക്കാന്‍ പോയിത്തുടങ്ങി. അവിടുത്തെ കോപ്പറേറ്റിവ് സൊസൈറ്റി യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചൊക്കെ ചോദിച്ചു മനസിലാക്കി. ഒരുപാട് പുസ്തകങ്ങള്‍ ശേഖരിച്ചു വെച്ചിരിക്കുന്ന വായനശാല കാണാന്‍ പോയി.കോളനിയിലെ അംഗങ്ങള്‍ പണിയെടുക്കുന്ന കൃഷിയിടങ്ങള്‍ കണ്ട് അവരെ അഭിനന്ദിച്ചു.


(ആശുപത്രിയുടെ ലൈബ്രറി)

രോഗം മൂര്‍ച്ഛിച്ച് വിരല്‍ അടര്‍ന്നുപോയ ചിലര്‍ വരച്ച സുന്ദരമായ ചിത്രങ്ങള്‍ കണ്ടു.പതിനേഴു പതിനെട്ടു വയസ്സ് പ്രായമുള്ള,കാണാന്‍ ഭംഗിയുള്ള ഒരു പെണ്‍കുട്ടി എങ്ങനെയൊക്കെയോ പരിശ്രമിച്ച്, മനോഹരമായി തലമുടി പിന്നിയിട്ട്, അതിലൊരു റോസാപ്പൂവും വച്ച്,ചിരിച്ചുകൊണ്ടു നില്‍ക്കുന്നത് കണ്ടപ്പോള്‍ ഭാസി അറിയാതെ കരഞ്ഞു പോയി.

അങ്ങനെ ക്രമേണ കുഷ്ഠരോഗികളുടെ വികാരങ്ങളും വിചാരങ്ങളും ഭാസി ഉള്‍ക്കൊണ്ടു. ഡോ.ഉണ്ണിത്താനും കാര്‍ത്തികേയനും അതില്‍ വലിയൊരു പങ്കുണ്ടായിരുന്നു. ഭാസി ഒരു അറിയപ്പെടുന്ന എഴുത്തുകാരനാണെന്ന ബോധത്തോടെ അവര്‍ രണ്ടുപേരും കുഷ്ഠരോഗികളെ കുറിച്ചുള്ള പല സംഭവങ്ങളും പറഞ്ഞുകേള്‍പ്പിച്ചു.രോഗം ബാധിച്ചവരോട് രക്തബന്ധത്തില്‍ പെട്ടവരും സമൂഹത്തിലെ മറ്റുള്ളവരും കാണിക്കുന്ന ക്രൂരമായ പെരുമാറ്റത്തെ കുറിച്ചും അവഗണനയെ കുറിച്ചും തിരസ്‌ക്കാരത്തെക്കുറിച്ചുമൊക്കെ പറഞ്ഞു.

കുഷ്ഠരോഗികളെ കല്ലെറിഞ്ഞു കൊല്ലണമെന്ന് സമുദായം നിശ്ചയിച്ചിരുന്ന പണ്ടത്തെ കാലത്തെപ്പറ്റിയും സമൂഹത്തില്‍ നിന്ന് അവരെ അകറ്റി നിറുത്താന്‍ വേണ്ടി സ്ഥാപിച്ച 'ലപ്പര്‍ അസൈല'ങ്ങളെ കുറിച്ചും ഓരോ കാലഘട്ടത്തിലും രോഗികള്‍ക്ക് സമുദായത്തില്‍ നിന്നേല്‍ക്കേണ്ടി വന്ന പല ആഘാതങ്ങളെ കുറിച്ചും വിവരിച്ചു.കുഷ്ഠരോഗം വെറുതെയങ്ങനെ പകരുന്ന രോഗമല്ലെന്നും രോഗിയെ വീട്ടില്‍ തന്നെ താമസിപ്പിച്ചു ചികിത്സിച്ചാല്‍ മതിയെന്നുമുള്ള ആധുനിക ശാസ്ത്രജ്ഞരുടെ ചിന്താഗതിയെ കുറിച്ച് ഡോ.ഉണ്ണിത്താന്‍ ഭാസിയെ പറഞ്ഞു ധരിപ്പിക്കാന്‍ ശ്രമിച്ചത് ബോധപൂര്‍ വമായിരുന്നു.അങ്ങനെ സാനട്ടോറിയത്തിലെ നിത്യസന്ദര്‍ശകരുടെ പട്ടികയില്‍ ഇടം നേടിയ ഭാസിയ്ക്ക്,പിന്നെ പിന്നെ അവിടെ നിന്നു വീട്ടില്‍ തിരിച്ചു ചെന്നാല്‍ ഒന്നു കുളിക്കണമെന്ന വിചാരം പോലും ഇല്ലാതായി.

അതിനിടയിലാണ് 1957 ലെ തെരഞ്ഞെടുപ്പും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ആരോഹണവും നടക്കുന്നത്. ഒരു മികച്ച ഡോക്ടര്‍ കൂടിയായിരുന്ന ആരോഗ്യമന്ത്രി അമ്പാട്ട് രാവുണ്ണി മേനോന്‍ കുഷ്ഠരോഗത്തിനെതിരെ കുരിശുയുദ്ധം തന്നെ നടത്താന്‍ തീരുമാനിച്ചു.കുഷ്ഠരോഗികളെ പൊതുനിരത്തില്‍ കണ്ടാല്‍ അറസ്റ്റ് ചെയ്യാനും ആറുമാസം വരെ തടവിന് ശിക്ഷിക്കാനും വ്യവസ്ഥ ചെയ്യുന്ന ഒരു ബില്ല് ഡോ.മേനോന്‍ തയ്യാറാക്കി.ആ ബില്ലിനെക്കുറിച്ച് അറിഞ്ഞഡോ.ശങ്കരനാരായണന്‍ ഉണ്ണിത്താന്‍ ഹൃദയക്ഷോഭം അടക്കാനാകാതെ ഭാസിയോട് ചോദിക്കുകയായിരുന്നു.

'രോഗം ഒരു കുറ്റമാണോ?'

.....ഡോ.ഉണ്ണിത്താന്‍ അനുഭവിച്ച ആത്മരോഷവും സംഘര്‍ഷവും അതേ മൂര്‍ച്ഛയോടെ ഏറ്റുവാങ്ങിക്കൊണ്ടാണ് ആ കൂടിക്കാഴ്ചക്കുശേഷം തോപ്പില്‍ഭാസി തിരുവനന്തപുരത്തേക്ക് മടങ്ങിപ്പോയത്.അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ബില്ലിലെ നിയമവശങ്ങളൊക്കെ മനസ്സിരുത്തി പഠിക്കാന്‍ ഭാസി സമയം കണ്ടെത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയമാസഭാകക്ഷിയോഗം ചേരുന്ന ദിവസമെത്തി.ആറുപേരടങ്ങിയ ജിഞ്ചര്‍ ഗ്രൂപ്പിന്റെ നേതാവെന്ന നിലയില്‍ നിയമസഭയില്‍ ഭാസി നിറഞ്ഞുനില്‍ക്കുന്ന സമയമാണ്. സാധാരണ പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിങ്ങുകളിലോ നിയമസഭയിലോ ഭാസി സംസാരിക്കാനെഴുന്നേറ്റാല്‍ എല്ലാവരും കാതുകൂര്‍പ്പിച്ചിരിക്കും.കാരണം എല്ലാവര്‍ക്കും പൊട്ടിച്ചിരിക്കാനുള്ള എന്തെങ്കിലും വക അതിലുണ്ടാകുമെന്നുറപ്പാണ്.സാധാരണ ചിരിയ്ക്കുന്നതില്‍ പിശുക്ക് കാണിക്കാറുള്ള മുഖ്യമന്ത്രി ഇ എം എസും ഒട്ടും ചിരിക്കാത്ത ഉപനേതാവും ധനമന്ത്രിയുമായ അച്യുതമേനോനും പോലും ഭാസിയുടെ പ്രസംഗം കേട്ട് ചിരിയടക്കാന്‍ ബുദ്ധിമുട്ടാറുണ്ട്.

പക്ഷെ ആ ദിവസം ചേര്‍ന്ന നിയമസഭാകക്ഷിയോഗം കണ്ടത് വേറെയൊരു തോപ്പില്‍ഭാസിയെയാണ്.നര്‍മ്മത്തിന്റെ ലവലേശമില്ലാതെ,ഒട്ടു നാടകീയമായിത്തന്നെ ഭാസി ലെപ്രസി ബില്ലിനെ കുറിച്ചു വിവരിച്ചു.കുഷ്ഠരോഗം കാര്‍ന്നുതിന്ന മനുഷ്യരെയും കുടുംബങ്ങളെയും കുറിച്ചുപറഞ്ഞു.ആ മഹാരോഗം വന്നുവെന്നതിന്റെ പേരില്‍ സമൂഹം അകറ്റിനിറുത്തുന്നവരെയും ആട്ടിപ്പായിച്ചവരെയും കുറിച്ചു വിവരിച്ചു.തല ചായ്ക്കാനിടമില്ലാതെ ആജീവനാന്തം കുഷ്ഠരോഗികളുടെ കോളനിയില്‍ അനാഥരെപ്പോലെ കഴിയേണ്ടി വരുന്നവരെക്കുറിച്ചു വികാരം കൊണ്ടു.ഡോ.ഉണ്ണിത്താന്‍ ഭാസിയോട് ചോദിച്ച ചോദ്യം ഭാസി ഡോ മേനോനോട് ആവര്‍ത്തിച്ചു.

'രോഗം ഒരു കുറ്റമാണോ?'


(മുഖ്യമന്ത്രി ഇ എം എസ്,ആരോഗ്യ മന്ത്രി ഡോ.എ ആര്‍ മേനോന്‍)

ഭാസിയുടെ വികാരനിര്‍ഭരമായ പ്രസംഗം എല്ലാവരുടെയും ഉള്ളില്‍ത്തറച്ചു.അതിനെതിരായി എന്തെങ്കിലുമൊരു വാദമോ ന്യായീകരണമോ പറയാന്‍ ആരും മുന്നോട്ടു വന്നില്ല.ഭാസി പറഞ്ഞതു മുഴുവന്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയായിരുന്ന ഡോ.എ ആര്‍ മേനോന്‍ കുറച്ചുനേരം മൗനമായിരുന്നു.എന്നിട്ട് എഴുന്നേറ്റ് പറഞ്ഞു.

'ബില്ല് ഞാന്‍ പിന്‍ വലിക്കുന്നതാണ്.കുഷ്ഠരോഗത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള വ്യഗ്രതയില്‍ എനിക്ക് പറ്റിയ ഗുരുതരമായ ഒരു തെറ്റാണ് ആ ബില്ല്.'

സര്‍ക്കാരിന്റെ ഈ തീരുമാനം ഏറ്റവുമധികം സന്തോഷിപ്പിച്ചത് ഡോ.ഉണ്ണിത്താനെയായിരുന്നു.

കുഷ്ഠരോഗവും സമൂഹവും തമ്മിലുള്ള ബന്ധത്തിലെ ഈ വൈരുദ്ധ്യം ഭാസിയുടെ ഉള്ളില്‍ മൂര്‍ച്ചയോടെ ചെന്നു തറച്ചത് ഡോക്ടര്‍ ഉയര്‍ത്തിയ ആ ചോദ്യത്തോടെയാണ്.തോപ്പില്‍ഭാസി എന്ന നാടകകൃത്തിന് പുതിയ ഒരു പ്രമേയം കിട്ടുകയായിരുന്നു...

1957 ല്‍ കല്‍ക്കട്ടയില്‍ ചേര്‍ന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു.


(ജവഹര്‍ലാല്‍ നെഹ്‌റു)

'ശാസ്ത്രം വളരുകയാണ്.പക്ഷെ ആ വളര്‍ച്ച പ്രതിഫലിക്കുന്നത് ശാസ്ത്രത്തിന്റെ മസ്തിഷ്‌ക്കത്തില്‍ മാത്രമാണ്.ജനങ്ങളുടെ തലച്ചോറിലും കൂടി അതേത്തേണ്ടതുണ്ട്.അതിന്റെ വഴി ഹൃദയത്തില്‍ കൂടിയാണ്.എന്നു പറഞ്ഞാല്‍, ശാസ്ത്രജ്ഞന്റെ ശാസ്ത്രബോധം സംസ്‌കാരമാകണം. നമ്മുടെ ജനങ്ങളുടെ തലച്ചോറിലും ഒരു പുനര്‍നിര്‍മ്മാണം ആവശ്യമാണ്.'

രാഷ്ട്രശില്പിയുടെ പ്രചോദനം പകരുന്ന വാക്കുകള്‍ തോപ്പില്‍ഭാസി യ്ക്ക് നല്‍കിയത് ഒരു മുദ്രാവാക്യമാണ്.

ഇതിനിടയില്‍,ഭാസിയുടെ സ്‌നേഹിതന്‍ കാര്‍ത്തികേയന്റെ രോഗം നിശ്ശേഷം ഭേദമായി.എങ്കിലും ആളുകളില്‍ നിന്ന് ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു കാര്‍ത്തികേയന്‍. രോഗം വന്നു മടങ്ങിപ്പോയ വിരലുകള്‍ വെല്ലൂര്‍ ആശുപത്രിയില്‍ നടത്തിയ ഓപ്പറേഷന്‍ കാരണം ശരിയായി നിവര്‍ന്നുവന്നു.എന്നിട്ടും കാര്‍ത്തികേയന്‍ ഭാസിയുടെ അടുത്തുപോലും ഇരിക്കാന്‍ കൂട്ടാക്കാതെ അകന്നു തന്നെ നിന്നു.സമുദായം കുഷ്ഠരോഗികളെ കാണുന്നത് എങ്ങനെയാണെന്ന് കാര്‍ത്തികേയന് നന്നായി അറിയാവുന്നതുകൊണ്ടായിരുന്നു അത്.ഭാസി വീണ്ടും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ കാര്‍ത്തികേയന്‍ ഒരു സംഭവം പറഞ്ഞു.

'എട്ടുപത്തു വയസ്സു പ്രായമുള്ളപ്പോള്‍ ഒരു പെണ്‍കുട്ടി നൂറനാട് സാനട്ടോറിയത്തില്‍ എത്തി.ഡോ.ഉണ്ണിത്താന്‍ അവളെ വിളിച്ചിരുന്നത് 'മോളേ' എന്നാണ്.

പതിനാറു പതിനേഴു വയസ്സു ചെന്നപ്പോള്‍ അവളുടെ രോഗം പാടേ മാറി.അസുഖം നിശ്ശേഷം ഭേദമായി സ്വന്തം വീട്ടിലേക്ക് ചെന്ന ആ പെണ്‍കുട്ടിയെ വീട്ടുകാര്‍ സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല!'തോപ്പില്‍ഭാസിയ്ക്ക് അങ്ങനെ ഒരു വികാരം കിട്ടി!


(തോപ്പില്‍ഭാസി)

അങ്ങനെ കൈവന്ന വികാരവും പ്രമേയവും മുദ്രാവാക്യവുമൊത്തു ചേര്‍ന്ന് ഭാസിയുടെ മനസ്സില്‍ ഒരു നാടകത്തിന്റെ വിത്തിട്ടു.പിന്നീടുള്ള മൂന്നുകൊല്ലക്കാലം ഈ തീം ഭാസിയുടെ ഉള്ളില്‍ കിടന്നു തിളയ്ക്കുകയായിരുന്നു.'പുതിയ ആകാശം പുതിയ ഭൂമി' നാടൊട്ടുക്ക് അരങ്ങേറുകയായിരുന്നു അപ്പോള്‍.'മൂലധന'ത്തിന്റെ ഗംഭീരവിജയം നിലനിര്‍ത്താന്‍ വേണ്ടി പ്രതിഭാ ആര്‍ട്ട്സ് ക്ലബ്ബിന് കളിക്കാന്‍ പുതിയ നാടകം വേണം.പ്രതിഭയുടെ സെക്രട്ടറി ശങ്കരാടി ഭാസിയെ വിടാതെ പിടികൂടി.രണ്ടുകൊല്ലത്തോളം 'പ്രാണന്‍ പിടഞ്ഞു ശ്രമിച്ചിട്ടും'ഈ പ്രമേയം നാടകത്തിന്റെ ചട്ടക്കൂട്ടിലാക്കാന്‍ ഭാസിക്ക് കഴിഞ്ഞില്ല.മുന്‍പൊരിക്കലും അനുഭവപ്പെടാത്ത പ്രയാസങ്ങളെ കുറിച്ച് ഭാസി ഓര്‍ക്കുന്നു.

'.....ഇതിനിടയ്ക്ക് രണ്ടാഴ്ചയും ഒരു മാസവും വീതം എടുത്ത് പല പ്രാവശ്യം ഓരോ സ്ഥലങ്ങളില്‍ പോയി ഒരുങ്ങിയിരുന്നിട്ടുണ്ട്,ഇതൊന്നു നാടകരൂപത്തിലാക്കിയെടുക്കാന്‍.കടുത്ത നിരാശയായിരുന്നു ഫലം...ഇതിനിടയ്‌ക്കൊക്കെ ഇനിയൊരിക്കലും ഒരു നാടകമെഴുതാന്‍ എനിക്ക് സാദ്ധ്യമല്ലെന്ന് തീര്‍ത്തും തോന്നുകയാല്‍ നിരാശനായ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്....എന്റെ പ്രമേയത്തിനനുരൂപമായി ഞാന്‍ മിടഞ്ഞെടുത്ത ഈ കഥ എന്റെ ഹൃദയത്തെ വല്ലാതെ മഥിച്ചിട്ടുണ്ട്.ഒട്ടേറെ രാത്രികളില്‍ ആരുമാരും അറിയാതെ ഞാന്‍ തേങ്ങിക്കരഞ്ഞിട്ടുണ്ട്...''***

ഇതിനിടയിലാണ് ഭാസി രണ്ടു സിനിമകള്‍ക്ക് തിരക്കഥയെഴുതുന്നതും,കെ പി എ സി യുടെ വിജയകരമായ ഉത്തരേന്ത്യന്‍ പര്യടനം നടക്കുന്നതും,ഓ മാധവനും,ദേവരാജനും,ഓ എന്‍ വിയും ജനാര്‍ദ്ദനക്കുറുപ്പും കെ പി എ സി വിട്ടുപോകുന്നതുമായ സംഭവവികാസങ്ങളൊക്കെ അരങ്ങേറുന്നത്.പ്രതിഭയ്ക്കു വേണ്ടി നാടകമെഴുതാനായി തയ്യാറെടുക്കുമ്പോള്‍,ഭാസിയ്ക്ക് കര്‍ശനമായ ഒരു നിര്‍ദ്ദേശം കിട്ടി.കെ പി എ സി എക്‌സിക്യൂട്ടീവിന്റെയും,കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും. കാളിദാസകലാ കേന്ദ്രം ആരംഭിക്കുകയും 'ഡോക്ടര്‍'നാടകം വിജയകരമായി അരങ്ങേറുകയും ചെയ്തു കഴിഞ്ഞു.കെ പി എ സി ഇപ്പോഴും പഴയ നാടകമാണ് കളിച്ചുകൊണ്ടിരിക്കുന്നത്.കെ പി എ സി തകര്‍ച്ചയിലേയ്ക്കുള്ള പ്രയാണത്തിലാണ് എന്ന പ്രചാരണത്തിന് ശക്തികൂടി. അതുകൊണ്ട് ഉടനടി പുതിയൊരു നാടകമെഴുതി സംവിധാനം ചെയ്ത് കെ പി എ സി യെ നിലനിറുത്തണം. കെ പി എ സി യുടെ നിലനില്‍പ്പാണ് പ്രധാനമെന്ന കാര്യത്തില്‍ ഭാസിക്കും തര്‍ക്കമൊന്നുമുണ്ടായിരുന്നില്ല.അങ്ങനെ മനസ്സില്‍ ധ്യാനിച്ചുവെച്ചിരിക്കുന്ന നാടകമെഴുതി കെ പി എ സി യ്ക്ക് വേണ്ടി സംവിധാനം ചെയ്യാന്‍ ഭാസി തീരുമാനിച്ചു.

എന്നാല്‍ പ്രതിഭയോടുള്ള വാക്കു പാലിക്കാന്‍ വേണ്ടി മറ്റൊരു നാടകം അതോടൊപ്പം തന്നെ എഴുതാനും തയ്യാറായി. 1962 ജൂണ്‍ 29ന് കാമ്പിശ്ശേരി യുടെ അ ദ്ധ്യക്ഷതയില്‍ കൂടിയ ജനറല്‍ ബോഡിയോഗത്തില്‍ പുതിയ നാടകത്തെ കുറിച്ച് തോപ്പില്‍ഭാസി വിശദീകരിച്ചു.

''ഏറ്റവുമധികം മനപ്രയാസം അനുഭവിക്കുന്ന ഒരു കാലഘട്ടമാണ്.ഇനി എഴുതുന്ന നാടകം പ്രതിഭയ്ക്കാണെന്ന് ഞാന്‍ ഉറച്ചതാണ്.ആ അടിസ്ഥാനത്തിലാണ് ഞാന്‍ എഴുതുന്നതും.മൂന്നുകൊല്ലത്തെ ശ്രമമാണ്.എന്നാല്‍ അത് കെ പി എ സി യ്ക്കു കൊടുക്കാമെന്നാണ് ഇന്നത്തെ ധാരണ.എന്നാല്‍ പ്രതിഭയ്ക്ക് വേണ്ടി നാടകം കൊടുക്കേണ്ടത് അത്യാവശ്യമാണ്.അതുകൊണ്ട് എനിക്ക് ഒരു മാസം അവധി തരണം.ഒരു രംഗമെങ്കിലും അടുത്ത നാടകം എഴുതിയാല്‍ കെ പി എ സി യുടെ നാടകം തുടങ്ങാം.കര്‍ക്കടകം പത്താം തീയതിയ്ക്കകം റിഹേഴ്‌സല്‍ തുടങ്ങാം.ഒരാഴ്ച കഴിഞ്ഞു രംഗത്തെക്കുറിച്ചുള്ള ഡീറ്റൈല്‍സ് തരാം. കുറേ നാളത്തേയ്ക്ക് രംഗ സജ്ജീകരണകാര്യങ്ങളിലേയ്ക്ക് എനിക്ക് കടക്കാന്‍ നിവൃത്തിയില്ല.ഡാന്‍സ് റിഹേഴ്സല്‍, പാട്ട് റിഹേഴ്‌സല്‍ ഇതെല്ലാം നേരത്തെ നടത്തുക. ഒരു ചെറുപ്പക്കാരി സ്ത്രീ കൂടി ആവശ്യമുണ്ട്. അതുപോലെ ഡാന്‍സിന് മാസ്റ്ററായി ഗുരു ഗോപിനാഥിനെ സമീപിക്കണം.ഇന്ന് അഭിനയിച്ചുകൊണ്ടിരുന്ന എല്ലാ പ്രധാന ആളുകള്‍ക്കും റോള്‍ കൊടുക്കാന്‍ വേണ്ട കരുക്കള്‍ ഉണ്ട്.''****

....ഇതുവരെ എഴുതിയ നാടകങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായി മൂന്നു മാസമെടുത്താണ് ഭാസി നാടകമെഴുതി പൂര്‍ത്തിയാക്കിയത്.ഓരോ രംഗവും എഴുതിത്തീരുന്നതനുസരിച്ച് റിഹേഴ്‌സലും ആരംഭിച്ചു.അങ്ങനെ റിഹേഴ്‌സലിനുമെടുത്തു മൂന്നുമാസം.....

ശാസ്ത്രയുഗത്തിന്റെ പുതിയ കുളമ്പടിനാദം.... സയന്‍സിന്റെ ദിഗ്വിജയം....അതു സൂചിപ്പിക്കുന്ന ഒരു പേരാണ് പുതിയ നാടകത്തിനായി തോപ്പില്‍ഭാസി കണ്ടെത്തിയത്.അതോടൊപ്പം, പഴയ തേരാളികള്‍ ചിലരൊക്കെ സമിതി വിട്ടുപോയിട്ടും കെ പി എ സി ജൈത്രയാത്ര തുടരുക തന്നെ ചെയ്യുകയാണ് എന്നൊരു അര്‍ത്ഥവും കൂടി,ആ പേരിടുമ്പോള്‍ ഭാസി മനസ്സില്‍ സങ്കല്പിച്ചിരുന്നു.

'അശ്വമേധം'

(അടുത്തഭാഗം: ആരൊരാളീ കുതിരയെ കെട്ടുവാന്‍, ആരൊരാളീ മാര്‍ഗം മുടക്കുവാന്‍)

* അശ്വമേധം നാടകം അണിയറ, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം

** മുഖസന്ധികള്‍-ഡോ. ജെ.രാജശേഖരന്‍ നായര്‍, ഡിസി ബുക്‌സ് , കോട്ടയം

***അശ്വമേധം നാടകം അണിയറ, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം

**** കെപിഎസിയുടെ ചരിത്രം ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories