TopTop
Begin typing your search above and press return to search.

SERIES|ആരൊരാളീ കുതിരയെ കെട്ടുവാന്‍, ആരൊരാളീ മാര്‍ഗം മുടക്കുവാന്‍ -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

SERIES|ആരൊരാളീ കുതിരയെ കെട്ടുവാന്‍, ആരൊരാളീ മാര്‍ഗം മുടക്കുവാന്‍ -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

(അശ്വമേധത്തില്‍ കെ എസ് ജോര്‍ജ്ജും സുലോചനയും)

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)

ഭാഗം 46

'ഭിക്ഷക്കാരന്‍:(രൂക്ഷമായ മുഖഭാവത്തോടെ)പാപികളാണ് കുഞ്ഞേ നമ്മള് -- നമ്മള് പാപികളാണ്! ലോകത്താരും കുഷ്ഠരോഗിയെ സ്‌നേഹിക്കത്തില്ല.നമ്മളെന്തിനാണ് സങ്കടപ്പെടുന്നത്?

സരോജം:(വേദനയോടെ)എന്റെ ചേട്ടനെന്നെ ജീവനാണ്.

(ഭിക്ഷക്കാരന്‍ സരോജത്തിന്റെ അജ്ഞതയോര്‍ത്തിട്ടെന്ന വിധം വേദനയും പരിഹാസവും നിറഞ്ഞ മട്ടില്‍ ചിരിക്കുന്നു)

ധര്‍മ്മക്കാരനെന്തിനാ ചിരിക്കുന്നത്?

ഭിക്ഷക്കാരന്‍:കുഞ്ഞു കുഷ്ഠരോഗിയാണോ?---കുഞ്ഞിന്റെ അച്ഛനും അമ്മയും ചേട്ടനുമെല്ലാം കുഞ്ഞിനെ വെറുക്കും!ഇവിടുത്തെ ഡാക്കിട്ടര്‍ക്ക് നമ്മളോട് വെറുപ്പാണ്!ലോകരു വെറുത്തവരാണ് കുഞ്ഞേ നമ്മള്!

സരോജം:എന്റച്ഛനും അമ്മയും എന്നെ വെറുക്കുമോ!എന്റനുജത്തിമാരു വെറുക്കുമോ!എന്റെ സത്യന്‍ വെറുക്കുമോ!എന്റെ---(ആ വാചകം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിതുമ്പിയിട്ട്)ഇല്ല,എന്നെ വെറുക്കുകയില്ല!

ഭിക്ഷക്കാരന്‍:(ഉറപ്പിച്ച്)വെറുക്കും കുഞ്ഞേ വെറുക്കും!കുറെ നാളങ്ങോട്ടു കഴിയുമ്പഴ് -- (അവളുടെ മുഖത്തേക്ക് ചൂണ്ടി) കുഞ്ഞിന്റെ ആ ചെവിയൊക്കെ തടിച്ചു മൊരടിക്കും! വെരലും മൂക്കുമെല്ലാം പഴുത്തടര്‍ന്നു പോകും--

സരോജം:(ഭയത്തോടെ)അയ്യോ -- ഇല്ല!'*


(അശ്വമേധം പരസ്യം)

ദീര്‍ഘനാളത്തെ പ്രണയസ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചുകൊണ്ട്,സുന്ദരിയും ചിത്രകാരിയുമായ സരോജവും മോഹനനും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്.വിവാഹത്തിന് ഏഴു ദിനങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് അവള്‍ക്ക് കുഷ്ഠരോഗം പിടിപെട്ടുഎന്ന സത്യം അറിയുന്നത്.പഴകിയ ഒരു കുഷ്ഠരോഗിയായ അച്ഛന്‍ കേശവസ്വാമിയില്‍ നിന്നും പകര്‍ന്നുകിട്ടിയ രോഗം.ഏഴാമത്തെ പ്രസവത്തിനു തയ്യാറെടുത്തുനില്‍ക്കുന്ന അമ്മ ലക്ഷ്മിയമ്മയെയും അവളെ പ്രാണനുതുല്യം സ്‌നേഹിക്കുന്ന മോഹനനെയും അനുജത്തി സരളയേയുമെല്ലാം ഞെട്ടിച്ചുകൊണ്ട് അവള്‍ കുഷ്ഠരോഗ സാനട്ടോറിയത്തില്‍ അന്തേവാസിയാകുന്നു.അനുജത്തിക്കുള്ള വിവാഹസാരിയുമായി ബോംബെയില്‍ നിന്നെത്തിയ സഹോദരന്‍ സദാനന്ദനും അതൊരാഘാതമായി.കുഷ്ഠരോഗത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ഡോ.തോമസ് രോഗത്തിന്റെ ആരംഭദശയിലായിരുന്ന സരോജത്തെ ചികിത്സിച്ചു ഭേദമാക്കുന്നു.സരളയുടെ വിവാഹത്തില്‍ സംബന്ധിക്കാനായി ആഹ്ലാദത്തോടെ വീട്ടില്‍ തിരിച്ചെത്തിയ സരോജത്തെ അച്ഛന്റെയും അമ്മയുടെയും മൗനാനുവാദത്തോടെ സദാനന്ദന്‍ ഇറക്കിവിടുന്നു.കുഷ്ഠരോഗം ഭേദമാകുമോ എന്നു സംശയിക്കുന്ന മോഹനന്‍ അവളെ സ്വീകരിക്കാന്‍ കൂട്ടാക്കുന്നില്ല. ഒടുവില്‍ ആര്‍ക്കും വേണ്ടാത്ത,അഗതിയായി തീര്‍ന്ന സരോജത്തിന് കുഷ്ഠരോഗാശുപത്രിയില്‍ അഭയം കൊടുക്കാന്‍ ഡോ.തോമസ് തയ്യാറാകുമ്പോള്‍ 'അശ്വമേധ'ത്തിന് യവനിക വീഴുന്നു.


മോഹനന്‍ (ഗോവിന്ദന്‍ കുട്ടി) സരോജം (സുലോചന), ഡോ.തോമസ് (കെ പി ഉമ്മര്‍)

തോപ്പില്‍ഭാസി ജനറല്‍ ബോഡിയോഗത്തില്‍ പറഞ്ഞതുപോലെ, സമിതിയില്‍ അന്നംഗങ്ങളായിരുന്ന അഭിനേതാക്കള്‍ക്കെല്ലാം ചേരുന്ന വേഷങ്ങള്‍ നാടകത്തിലുണ്ടായിരുന്നു.നായികയുടെ കാമുകന്‍ എന്ന നിലയില്‍ നായകനായി പരിഗണിക്കപ്പെടാവുന്ന മോഹനന്റെ വേഷത്തില്‍, പ്രണയരംഗങ്ങളിലെ അഭിനയത്തിന്റെ കാര്യത്തില്‍, പ്രത്യേക വൈദഗ്ധ്യം ഇതിനോടകം തെളിയിച്ചിട്ടുള്ള എന്‍ ഗോവിന്ദന്‍ കുട്ടിയെ ആദ്യമേ നിശ്ചയിച്ചു. സരോജം കഴിഞ്ഞാല്‍ നാടകത്തില്‍ നടുനായകത്വം വഹിക്കുന്നത് ഡോ.തോമസ് എന്ന കഥാപാത്രമാണ്. കുഷ്ഠരോഗ ത്തോടെന്ന പോലെ കുഷ്ഠരോഗികളോടും ശത്രുതാമനോഭാവം പ്രകടിച്ചുപോന്നിരുന്ന,ഒടുവില്‍ 'രോഗം ഒരു കുറ്റമാണോ?' എന്ന സരോജത്തിന്റെ ചോദ്യം കേട്ട് മനപരിവര്‍ത്തനം വരുന്ന ഡോ.തോമസായി കെ പി ഉമ്മര്‍ വേഷമിട്ടു.

മക്കളോടുള്ള അമിതവാത്സല്യവും മന്ത്രവാദത്തോടുള്ള അന്ധവിശ്വാസവും കൊണ്ട് ഒരു കുടുംബം കുട്ടിച്ചോറാക്കിയ കേശവസ്വാമി, തോപ്പില്‍ കൃഷ്ണപിള്ളയുടെ അഭിനയജീവിതത്തിലെ വേറിട്ട കഥാപാത്രമായിരുന്നു.


സരള (ലീല), കേശവ സ്വാമി (തോപ്പില്‍ കൃഷ്ണപിള്ള), സത്യന്‍ (മാസ്റ്റര്‍ പ്രിന്‍സ്)

കുടുംബത്തിന്റെ തകര്‍ച്ച മുഴുവന്‍ സ്വന്തം മരണത്തിലൂടെ ഏറ്റുവാങ്ങുന്ന ലക്ഷ്മിയമ്മയായി അടൂര്‍ ഭവാനിയും ചേച്ചിയുടെ സന്തോഷത്തിലും സങ്കടങ്ങളിലുമെല്ലാം സദാ കൂടെയുള്ള സരളയായി ലീലയും അഭിനയിച്ചു.മറ്റു സഹോദരങ്ങളുടെ ഭാവിയെക്കുറിച്ചോര്‍ത്ത്,ദുഃഖത്തോടെ സരോജത്തെ ഇറക്കിവിടുന്ന,ഒടുവില്‍ 'അഛാ അങ്ങു സ്‌നേഹിച്ചു സ്‌നേഹിച്ച് ഒരു കുടുംബം വെണ്ണീറാക്കി' എന്നു വിലപിക്കുന്ന സദാനന്ദന്റെ റോളില്‍ സി ജി ഗോപിനാഥ് അഭിനയിച്ചപ്പോള്‍ സമൂഹം വെറുക്കുന്ന,സമൂഹത്തെ വെറുക്കുന്ന കുഷ്ഠരോഗി ഗോവിന്ദന്‍ എന്ന വ്യത്യസ്ത കഥാപാത്രമാണ് കെ എസ് ജോര്‍ജ്ജ് കൈകാര്യം ചെയ്തത്.

ആദിമദ്ധ്യാന്തം വൈകാരിക സംഘര്‍ഷങ്ങള്‍ കൊണ്ട് പിരിമുറുക്കം നിറഞ്ഞ നാടകത്തില്‍ ചിരിയിലൂടെ ചിന്തയുണര്‍ത്തിവിടുന്ന രണ്ടു കാരിക്കേച്ചര്‍ കഥാപാത്രങ്ങള്‍ -- മന്ത്രവാദിയും ഹെല്‍ത്ത് വിസിറ്ററുമായി ശ്രീനാരായണ പിള്ളയും ഖാനും രംഗത്തു വന്നു.


മന്ത്രവാദി (ശ്രീനാരായണ പിള്ള), കേശവസ്വാമി (തോപ്പില്‍ കൃഷ്ണപിള്ള, സരള (ലീല),ഹെല്‍ത്ത് വിസിറ്റര്‍ (ഖാന്‍)

ഇത്തവണ രണ്ടു പുതുമുഖങ്ങള്‍ കൂടിയുണ്ടായിരുന്നു അഭിനേതാക്കളുടെ കൂട്ടത്തില്‍ -- കുഷ്ഠരോഗികളെ അറപ്പോടെ കാണുന്ന,അവരെ ചികിത്സിക്കുന്ന ഭര്‍ത്താവിനോട് പൊരുത്തപ്പെടാന്‍ ആകാതെ വീട് വിട്ടുപോകുന്ന ഗേളിയായി ചന്ദ്രിക എന്ന നടിയും സരോജത്തിന്റെ അനുജന്‍ സത്യനായി മാസ്റ്റര്‍ പ്രിന്‍സും (പണ്ട് 'മൂലധന'ത്തില്‍ അപ്പുവായി മിന്നിച്ച അതേ പ്രിന്‍സ്)വേഷമിട്ടു.

'അശ്വമേധം' സരോജത്തിന്റെ ദുരന്തകഥയാണല്ലോ.ഒരു അഭിനേത്രിയുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രം. ആ വേഷം ആരഭിനയിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല.'അശ്വമേധം' തുടക്കം മുതല്‍ക്ക് തന്നെ സരോജത്തെ,അവളുടെ വൈകാരിക ഭാവഭേദങ്ങളെയും സംഘര്‍ഷങ്ങളെയും പിന്തുടരുകയായിരുന്നു.സുലോചന എന്ന അനുഭവസമ്പന്നയായ നടിയുടെ റേഞ്ച് വിളിച്ചറിയിക്കാന്‍ പോരുന്നതായിരുന്നു ഓരോ രംഗവും.

പുതിയ നാടകത്തിന്റെ അരങ്ങൊരുക്കത്തില്‍ കെ പി എ സി യും തോപ്പില്‍ഭാസി യുമേറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളി പാട്ടുകളുടെ കാര്യത്തിലാണ്.പഴയ കെ പി എ സി ഗാനങ്ങളുടെ നിലവാരം നില നിര്‍ത്തിയാല്‍ മാത്രം പോരാ ഇക്കുറി. കാളിദാസ കലാകേന്ദ്രത്തിന്റെ നാടകത്തിന് വേണ്ടി ഓ എന്‍ വി- ദേവരാജന്‍ ടീം ഒരുക്കിയ പാട്ടുകളെ കടത്തിവെട്ടുകയും വേണം.

ഓ എന്‍ വി വിട്ടുപോയത് കെ പി എ സിയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം തന്നെയാണെങ്കിലും ആ വിടവ് നികത്താനുള്ള നടപടിയെടുത്തുകഴിഞ്ഞു.വയലാര്‍ രാമവര്‍മ്മ കെ പി എ സിയുടെ ഭാഗമായി.ഒരു ഗാനരചയിതാവ് എന്ന നിലയില്‍ മാത്രമല്ല,കെ പി എ സിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്ത് ആദരിച്ചു കൊണ്ടാണ് വയലാറിനെ സമിതിയിലേക്ക് സ്വാഗതം ചെയ്തത്.


(തോപ്പില്‍ഭാസിയും വയലാര്‍ രാമവര്‍മ്മയും)

അശ്വമേധത്തിന് വേണ്ടി സന്ദര്‍ഭാനുസരണം ഒന്‍പത് പാട്ടുകളാണ് വയലാര്‍ എഴുതിയത്.സാഹിത്യഭംഗിയിലും അര്‍ത്ഥ സംപുഷ്ടിയിലും വളരെ ഉയരെ നില്‍ക്കുന്ന പാട്ടുകളായിരുന്നു എല്ലാം.അപ്പോഴേക്കും മലയാളസിനിമയിലെ ഏറ്റവും തിരക്കുള്ള ഗാനരചയിതാവായി മാറിക്കഴിഞ്ഞ വയലാറിന്,കെ പി എ സിയ്ക്ക് വേണ്ടി ആദ്യമായി താന്‍ എഴുതുന്ന പാട്ടുകള്‍ മികച്ചതാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

''ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ --കല്ലെറിയല്ലേ..

പാമ്പുകള്‍ക്കു മാളമുണ്ട്

പറവകള്‍ക്കകാശമുണ്ട്

മനുഷ്യപുത്രന് തലചായ്ക്കാന്‍

മണ്ണിലിടമില്ല''

'കണ്മുമ്പില്‍ നിന്നു ചിരിക്കും

കാണാതെ വന്നു കഴുത്തു ഞെരിക്കും..'

'ചിരിക്കൂ!ചിരിക്കൂ!ചിരിക്കൂ

ചിത്രശലഭമേ നീ!ചിരിക്കൂ!''

'തലയ്ക്കു മീതെ ശൂന്യാകാശം

താഴേ മരുഭൂമി

തപസ്സു ചെയ്യും വേഴാമ്പല്‍ ഞാന്‍

ദാഹജലം തരുമോ?'

എന്നിവയായിരുന്നു അശ്വമേധത്തിലെ പ്രധാന പാട്ടുകള്‍.

പാട്ടുകളുടെ രചനാഭംഗി അങ്ങനെ ഉറപ്പു വരുത്തിയെങ്കിലും സംഗീതസംവിധാന ത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം ബാക്കിയായി.ദേവരാജന് തുല്യം നില്‍ക്കുന്ന പല പേരുകളും ആലോചിച്ചു.അങ്ങനെയാണ് എം ബി ശ്രീനിവാസന്റെ പേരിലേയ്‌ക്കെത്തിയത്.


(എം ബി ശ്രീനിവാസന്‍)

പണ്ട് മദ്രാസില്‍ ഇപ്റ്റയുടെ സജീവപ്രവര്‍ത്തകനായിരുന്ന,സൈഫുദ്ദീന്‍ കിച്ച്ലുവിന്റെ പുത്രിയെ വിവാഹം ചെയ്ത,എ കെ ഗോപാലന്‍ എം പി യുടെ പ്രൈവറ്റ് സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്ന എം ബി എസ് ഒന്നാന്തരം കമ്മ്യൂണിസ്റ്റുകാരനുമാണ്.'പുതിയ ആകാശം പുതിയ ഭൂമി' സിനിമയായപ്പോള്‍ സംഗീത സംവിധാനം നിര്‍വഹിച്ച എം ബി എസുമായി തോപ്പില്‍ഭാസി ഈയിടെ പരിചയം പുതുക്കുകയും ചെയ്തു.എം ബി ശ്രീനിവാസനെ ബന്ധപ്പെട്ടപ്പോള്‍ സന്തോഷത്തോടെ സമ്മതിച്ചു.

1962 ല്‍പുറത്തുവന്ന 'സ്വര്‍ഗ്ഗരാജ്യം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന് മലയാളസിനിമാരംഗത്ത് തുടക്കം കുറിച്ച എം ബി ശ്രീനിവാസന്‍,ആ വര്‍ഷം തന്നെ 'സ്‌നേഹദീപം','പുതിയ ആകാശം പുതിയ ഭൂമി','കാല്‍പ്പാടുകള്‍' എന്ന ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. 'കാല്‍പ്പാടുകളി'ലൂടെ കെ ജെ യേശുദാസ് എന്നൊരു പുതിയ ഗായകനെ അവതരിപ്പിക്കുകയും ചെയ്തു.

കെ എസ് ജോര്‍ജ്ജ് ,എം ബി എസിന്റെ സംവിധാനത്തിന്‍ കീഴില്‍ പാടിയിട്ടുണ്ടെങ്കിലും(സിനിമയില്‍) സുലോചന ആദ്യമായിട്ടായിരുന്നു.പണ്ട് ബോംബെ ഇപ്റ്റ സമ്മേളനത്തില്‍ വെച്ചു കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെടുന്നത് ആദ്യമായിട്ടാണ്.എം ബി എസിന്റെ വളരെ സൗമ്യമായ പെരുമാറ്റവും മൃദുവായ ശബ്ദവുമൊക്കെ സുലോചനയിലും മറ്റെല്ലാവരിലും മതിപ്പുളവാക്കി.എന്നാല്‍ എം ബി എസ്സിന്റെ സംഗീതസംവിധാനത്തിന് എല്ലാവരെയും തൃപ്തി പ്പെടുത്താന്‍ കഴിഞ്ഞില്ല.ദക്ഷിണേന്ത്യന്‍ സിനിമാപിന്നണിസംഗീതമേഖലയില്‍ സംഗീതനിര്‍ വഹണത്തില്‍ മാത്രമായി എം ബി എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ഒതുങ്ങിനിന്നിരുന്നില്ല.പശ്ചാത്തലസംഗീത/വാദ്യ-വൃന്ദ കലാകാരന്മാരുള്‍പ്പെടെ എല്ലാപേരെയും ഒരു സംഘടനയുടെ കുടക്കീഴില്‍ കൊണ്ടുവന്ന്,അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ സജ്ജരാക്കുക എന്നൊരു നിയോഗം കൂടി എം ബി ശ്രീനിവാസന്‍ ഏറ്റെടുത്തിരുന്നു.ആ തിരക്കുകള്‍ക്കിടയില്‍ നാടകത്തിന് വേണ്ടി പൂര്‍ണ്ണ സമയം ചിലവഴിക്കാനായില്ല എന്നതാണ് സത്യം.പാട്ടുകള്‍ക്ക് പ്രതീക്ഷിച്ചത്ര മേന്മയും നിലവാരവും കൈവന്നില്ല എന്ന തോന്നല്‍ എല്ലാവരെയും അലട്ടുന്നുണ്ടായിരുന്നു.

......നാടകത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ്, ഏതാനും വേദികള്‍ പിന്നിട്ടതിനു ശേഷമാണ് പാട്ടുകള്‍ കുറേക്കൂടി മെച്ചപ്പെടുത്തിയേ തീരൂ എന്ന തീരുമാനത്തിലെത്തിയത്. അശ്വമേധത്തോടൊപ്പം അരങ്ങിത്തെത്തിയ കാളിദാസകലാകേന്ദ്രത്തിന്റെ നാടകം 'ജനനീ ജന്മഭൂമി' മികച്ച അഭിനേതാക്കളുടെ സാന്നിദ്ധ്യമുണ്ടായിട്ടും ഒരു വിജയമായില്ല.


('ജനനീ ജന്മഭൂമി'യില്‍ നെല്ലിക്കോട് ഭാസ്‌ക്കരന്‍, മേരി തോമസ്,മണവാളന്‍ ജോസഫ്)

എന്നാല്‍ അതിലെ പാട്ടുകള്‍ പലതും, പ്രത്യേകിച്ച് സി ഓ ആന്റോ പാടുന്ന

''മധുരിക്കും ഓര്‍മ്മകളേ

മലര്‍മഞ്ചല്‍ കൊണ്ടു വരൂ

കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍.... മാഞ്ചുവട്ടില്‍''

''ഇനിയൊരു കഥ പറയൂ-കണ്മണീ

ഇനിയൊരു കഥ പറയൂ'

അതുപോലെ കവിയൂര്‍ പൊന്നമ്മ പാടുന്ന

'കാറ്റിന്റെ തോണിയില്‍ പൂമണമേറ്റി

അക്കരയിക്കരെ പോണോരേ...''

തുടങ്ങിയവ സംഗീത പ്രേമികള്‍ക്കിടയില്‍ പ്രചാരം നേടിക്കഴിഞ്ഞിരുന്നു.

പാട്ടുകള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ക്കിടയിലാണ് മറ്റൊരു പേര് തോപ്പില്‍ഭാസി യുടെയും വയലാറിന്റെയും മനസ്സില്‍ ഉയര്‍ന്നുവന്നത്.മലയാളസിനിമയ്ക്ക് ആദ്യമായി മണ്ണിന്റെ മണവും നാടന്‍ പാട്ടിന്റെ ലാവണ്യവും പകര്‍ന്ന സംഗീത സംവിധായകന്‍,മലയാളഭാഷയിലാദ്യമായി,റേഡിയോ മാധ്യമത്തിലൂടെ ലളിതഗാനങ്ങളുടെ ശാഖയ്ക്ക് തുടക്കം കുറിച്ച കലാകാരന്‍....1940 ല്‍ മദിരാശി റേഡിയോ നിലയത്തില്‍ ഒരു സംഗീതജ്ഞനായി ആരംഭിച്ച്, കോഴിക്കോട് ആകാശവാണിയുടെ തുടക്കം മുതല്‍ ലളിത സംഗീതത്തിന്റെ ചുമതല വഹിച്ചുപോരുന്ന കെ രാഘവന്‍.


(കെ.രാഘവന്‍)

'നീലക്കുയില്‍', 'രാരിച്ചന്‍ എന്ന പൗരന്‍','നായര് പിടിച്ച പുലിവാല്','ഉണ്ണിയാര്‍ച്ച', 'നീലിസാലി'....ഇങ്ങനെ പല ചിത്രങ്ങള്‍ക്കും സംഗീത മൊരുക്കിയ രാഘവന്‍ മാസ്റ്ററാണ് ,വയലാര്‍ ആദ്യമായി പാട്ടെഴുതിയ 'കൂടപ്പിറപ്പി'ന്റെ സംഗീതസംവിധായകന്‍.വയലാറും ഭാസിയും നേരെ കോഴിക്കോടിന് പോയി.

ആകാശവാണിയില്‍ ചെന്നു രാഘവന്‍ മാസ്റ്ററെ കണ്ടു കാര്യമറിയിച്ചു.എം ബി എസ് ചെയ്ത പാട്ടുകള്‍ ശരിയായില്ല.മാഷ് സഹായിക്കണം.

കെ രാഘവന്‍ മറുപടി പറഞ്ഞു.

''നിലവിലുള്ള സര്‍വീസ് ചട്ടങ്ങള്‍ അതിനു വിരുദ്ധമാണ്.ഞാന്‍ ചെയ്‌തെന്നറിഞ്ഞാല്‍ ജോലി പോകും.ജോലി കളയുന്ന ഒരു കളിക്കും ഞാനില്ല.''**

രാഘവന്‍ മാസ്റ്റര്‍ പറഞ്ഞത് അനുഭവങ്ങളുടെ വെളിച്ചത്തിലാണ്.അന്ന് ഡല്‍ഹിയിലിരിക്കുന്ന മേലാളരുടെ അനുവാദം കൂടാതെ പുറത്ത് സിനിമയ്‌ക്കോ നാടകത്തിനോ വേണ്ടി ജോലി ചെയ്താല്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിടാറാണ് പതിവ്.അതുകൊണ്ടാണ് റേഡിയോനിലയത്തില്‍ ജോലി ചെയ്തിരുന്ന പി സി കുട്ടികൃഷ്ണന്‍ ഉറൂബ് എന്നും കുഞ്ഞനന്തന്‍ നായര്‍ തിക്കോടിയന്‍ എന്നുമുള്ള തൂലികാനാമങ്ങള്‍ സ്വീകരിച്ചത്. കെ എ കൊടുങ്ങല്ലൂരും എന്‍ എന്‍ കക്കാടും ഒക്കെ അങ്ങനെ ജന്മം കൊണ്ട പേരുകളാണ്.അതേസമയം പി ഭാസ്‌ക്കരനെയും കെ പത്മനാഭന്‍ നായരെയും കമ്മ്യൂണിസ്റ്റ് മുദ്രകുത്തി സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.രാഘവന്‍ മാസ്റ്റര്‍ ഇടക്ക് സര്‍വീസില്‍ നിന്ന് വിട്ടുനിന്ന സമയത്താണ് രാരിച്ചന്‍ എന്ന പൗരനും മറ്റു പടങ്ങളും ചെയ്യുന്നത്.ഇപ്പോള്‍ കോഴിക്കോട് ആകാശവാണിയില്‍ അസിസ്റ്റന്റ് പ്രൊഡ്യൂസര്‍ ആയി വീണ്ടും പ്രവേശിച്ചിരിക്കുകയാണ്.ഇനി ഒരു സാഹസത്തിന് വയ്യ.അതാണങ്ങനെ പറഞ്ഞത്.

എന്നാല്‍ ഭാസിയും വയലാറും അങ്ങനെ വിടാന്‍ ഭാവമില്ലായിരുന്നു.അവര്‍ പിറ്റേദിവസവും മാസ്റ്ററെ കാണാനെത്തി.

'മാഷെക്കൊണ്ടു തന്നെ പാട്ടു ചെയ്യിക്കാനാണ് ഞങ്ങളുടെ തീരുമാനം. സര്‍വീസ് ചട്ടങ്ങളുടെ ചാട്ടവാറു വീഴാത്ത ഒരു മാര്‍ഗം ഞങ്ങള്‍ കണ്ടുപിടിച്ചു.'

കാര്യം മനസിലാകാതെ മാഷ് ഇരുന്നപ്പോള്‍ ഭാസി വിശദീകരിച്ചു.

'രേഖകളിലൊരിടത്തും കെ രാഘവന്‍ എന്നയാള്‍ വരില്ല.റെക്കോഡിന്റെ പുറത്തുപോലും സംഗീതം എന്നതിന്റെ ശേഷം കെ രഘുനാഥ് എന്നാണ് വരിക.അങ്ങനെ ഒരാള്‍ ആകാശവാണിയില്‍ ജോലിയിലില്ല.അപ്പോള്‍ അനുവാദം വാങ്ങാന്‍ കാത്തുനില്‍ക്കേണ്ട.ജോലിയെ ബാധിക്കുകയുമില്ല.'

മാഷ് സന്തോഷത്തോടെ ആ ഓഫര്‍ സ്വീകരിച്ചു.കുറച്ചു ദിവസങ്ങള്‍ കൊണ്ട് കെ രാഘവന്‍ മാസ്റ്റര്‍ ആ പാട്ടുകള്‍ ചിട്ടപ്പെടുത്തി. മാഷിന്റെ കരസ്പര്‍ശനമേറ്റതോടെ ഇന്ദ്രജാലം പോലെ പഴയ കെ പി എ സി ഗാനങ്ങളുടെ നിലവാരത്തിലേക്ക് ആ പാട്ടുകള്‍ ഉയര്‍ന്നു.


('തലയ്ക്ക് മീതെ ശൂന്യാകാശം' ഗ്രാമഫോണ്‍ റെക്കോഡ്)

അക്കൂട്ടത്തില്‍ സുലോചനയും ജോര്‍ജ്ജും ചേര്‍ന്നു പാടുന്ന 'തലയ്ക്ക് മീതെ ശൂന്യാകാശം,താഴെ മരുഭൂമി'യും ജോര്‍ജ്ജ് ഒറ്റയ്ക്ക് പാടുന്ന 'ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ'യും 'അശ്വമേധം' നാടകത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളായി.(ഇതിലാദ്യത്തെ പാട്ട് കെ രാഘവന്റെ പേരിലും രണ്ടാമത്തേത് എം ബി ശ്രീനിവാസന്റെ പേരിലുമായാണ് എച്ച് എം വി റെക്കോഡുകള്‍ പിന്നീട് പുറത്തിറങ്ങിയത്.)


('പാമ്പുകള്‍ക്കു മാളമുണ്ട്...' ഗ്രാമഫോണ്‍ റെക്കോഡ്)

അങ്ങനെ സംഗീതമൊരുക്കാന്‍ ഓ എന്‍ വി -- ദേവരാജന്‍ ടീമില്ലാത്ത കെ പി എ സി യുടെ ആദ്യത്തെ നാടകം, പാട്ടുകളുടെ കാര്യത്തില്‍ സമിതിയുടെ എപ്പോഴുമുള്ള നിലവാരവും പ്രതാപവും കാത്തുസൂക്ഷിച്ചു.

ആദ്യം ബിയാട്രീസും പിന്നീട് ലീലയും കെ പി എ സി യിലെത്തിയതിനു ശേഷം നൃത്തം നാടകത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി.ഇത്തവണ ലീല ഒറ്റയ്ക്കാണ്.എങ്കിലും രണ്ടു നൃത്തരംഗങ്ങള്‍ ഭാസി വിഭാവനം ചെയ്തിരുന്നു.കലാമണ്ഡലം ഗംഗാധരന്‍ ഇന്ത്യന്‍ ഡാന്‍സ് അക്കാഡമി എന്ന സ്വന്തം നൃത്തസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയ നൃത്തനാടകങ്ങളുമായി അരങ്ങത്ത് വന്നപ്പോള്‍ ഡാന്‍സര്‍ തങ്കപ്പനും ഭാര്യ ചിത്രാതങ്കപ്പനും കാളിദാസകലാ കേന്ദ്രവുമായി ചേര്‍ന്ന് ഇന്ത്യന്‍ ഡാന്‍സ് എന്‍സെംബ്ള്‍ എന്ന ട്രൂപ്പ് ആരംഭിച്ച് ബാലേ അവതരിപ്പിച്ചു. ഈ പശ്ചാത്തലത്തില്‍ കെ പി എ സിയ്ക്ക് പുതിയൊരു നൃത്തസംവിധായകനെ തേടേണ്ടത് ആവശ്യമായി വന്നു.ഗുരു ഗോപിനാഥിനെയാണ് ഭാസി മനസില്‍ കണ്ടതെങ്കിലും ഒടുവില്‍ നിശ്ചയിച്ചത് ഗുരുജിയുടെ പ്രധാനശിഷ്യനും മദ്രാസിലെ ഭാരതി ബാലേ എന്ന നൃത്തസംഘത്തിന്റെ ഡയറക്ടറുമായ ഗുരു ഗോപാലകൃഷ്ണനെയാണ്.


ഗുരു ഗോപാലകൃഷ്ണന്‍ (ഇരിക്കുന്നവരില്‍ വലത്ത്), ബാബുരാജ്, കെ പി ഉദയഭാനു, കെ എസ് ജോര്‍ജ്ജ് തുടങ്ങിയവരോടൊപ്പം

എസ് എസ് വാസന്റെ വിഖ്യാത ചിത്രമായ ചന്ദ്രലേഖയില്‍ 'ഡ്രം ഡാന്‍സി'ല്‍ പ്രത്യക്ഷപ്പെട്ട ഗുരു ഗോപാലകൃഷ്ണന്‍, അടുത്ത ബന്ധുവായ പി ഭാസ്‌ക്കരന്റെ ആവശ്യപ്രകാരം 'നീലക്കുയിലി'ലെ 'ജിഞ്ചക്കം താരോ' എന്ന സംഘനൃത്തം സംവിധാനം ചെയ്തു.പിന്നീട് രാമുകാര്യാട്ടിന്റെ 'മിന്നാമിനുങ്ങി'ന്റെയും 'മുടിയനായ പുത്രന്റെ'യും കൊറിയോഗ്രാഫര്‍ ആയിരുന്നു.കലാനിലയത്തിന്റെ 'വെള്ളിക്കാസ'യാണ് ഗുരു ഗോപാലകൃഷ്ണന്‍ നൃത്തസംവിധാനം നിര്‍വഹിച്ച നാടകം.എ കെ ജി യും മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കളുമൊക്കെയായി അടുത്ത സൗഹൃദം പുലര്‍ത്തിപ്പോന്ന ഗുരു ഗോപാലകൃഷ്ണന്‍ മൂന്നാഴ്ച കെ പി എ സി യുടെ ക്യാമ്പില്‍ താമസിച്ച് ലീലയെ നൃത്തം പഠിപ്പിച്ചു. പഴയ ചങ്ങാതിമാരായ എം ബി ശ്രീനിവാസനും രാംജിയും (കലാസംവിധാനം) ഒത്തുചേര്‍ന്ന സര്‍ഗപ്രതിഭകളുടെ ആ കൂട്ടായ്മ ഒരുമിച്ചു താമസിച്ചുകൊണ്ടാണ്, അശ്വമേധ'ത്തിന്റെ അരങ്ങൊരുക്കങ്ങളില്‍ പങ്കു ചേര്‍ന്നത്.

മൂന്നുമാസം നീണ്ടുനിന്ന കര്‍ശനമായ റിഹേഴ്‌സലിന് ശേഷമാണല്ലോ അശ്വമേധം അരങ്ങത്തെത്തിയത്.ആ ദിവസങ്ങളിലൊരിക്കല്‍ കെ പി എ സി നാടകസംഘം തോപ്പില്‍ഭാസി യുടെ നേതൃത്വത്തില്‍ നൂറനാടുള്ള ലെപ്രസി സാനട്ടോറിയം സന്ദര്‍ശിച്ചു.അഭിനേതാക്കളെ എല്ലാപേരെയും ഭാസി അങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടു പോയത് ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയാണ്.കുഷ്ഠരോഗം എന്തൊരു ഭീകരമായ മഹാവ്യാധിയാണെന്ന് അടുത്തു കാണാനുള്ള അവസരമൊരുക്കുകയായിരുന്നു ഭാസി.

നാടകത്തിന്റെ റിഹേഴ്‌സല്‍ കണ്ട് പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും വേണ്ടി പതിവുപോലെ പ്രമുഖരായ ചിലരെ കെ പി എ സി ക്ഷണിച്ചു വരുത്തിയിരുന്നു. പ്രഫ.ജോസഫ് മുണ്ടശ്ശേരി,പി കെ വിക്രമന്‍ നായര്‍,കെ ബാലകൃഷ്ണന്‍,കാമ്പിശ്ശേരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി അച്യുത മേനോന്‍,അസിസ്റ്റന്റ് സെക്രട്ടറി എസ് കുമാരന്‍ എന്നിവരൊക്കെ റിഹേഴ്‌സല്‍ കണ്ട് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പറഞ്ഞു.വൈദ്യശാസ്ത്രപരമായി തെറ്റുകള്‍ പറ്റാതിരിക്കാന്‍ തോപ്പില്‍ഭാസി പരമാവധി ശ്രദ്ധിച്ചിരുന്നു. നൂറനാട് ലെപ്രസി സാനട്ടോറിയത്തിന്റെ സൂപ്രണ്ടായിരുന്ന ഡോ.ശങ്കരനാരായണന്‍ ഉണ്ണിത്താനെയും ഇപ്പോഴത്തെ സൂപ്രണ്ട് ഡോ.ഭട്ടതിരിപ്പാടിനെയും ഡോ.ആര്‍.രാമകൃഷ്ണന്‍ തമ്പിയെയും( ആര്‍ ശങ്കരനാരായണന്‍ തമ്പിയുടെ ഇളയ സഹോദരന്‍) റിഹേഴ്‌സല്‍ കാണിച്ച്,ആവശ്യമായ തിരുത്തലുകള്‍ വരുത്തി.


(നാടകത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച പരസ്യം)

1962 ലെ തിരുവോണത്തിന്റെയന്ന് (സെപ്റ്റംബര്‍ 11ന്) കായംകുളത്തെ കെ പി എ സി യുടെ ഗ്രൗണ്ടില്‍ വെച്ച് പ്രഫ. ജോസഫ് മുണ്ടശ്ശേരി 'അശ്വമേധം' ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 25 നും 26 നും തിരുവനന്തപുരം വി ജെ ടി ഹാളില്‍ 'അശ്വമേധം' അവതരിപ്പിച്ചു. നാടകം കാണാന്‍ ക്ഷണിക്കപ്പെട്ട അതിഥികളായെത്തിയ പ്രൊഫ. എന്‍ കൃഷ്ണപിള്ള,തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ആദ്യത്തെ പ്രിന്‍സിപ്പാളാ യിരുന്ന ഡോ.സി ഓ കരുണാകരന്‍,പി കേശവദേവ്,പ്രഫ.എം കൃഷ്ണന്‍ നായര്‍,കെ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഒരു ചര്‍ച്ചാസമ്മേളനം പിറ്റേന്ന് -- സെപ്റ്റംബര്‍ 26ന് രാവിലെ വി ജെ ടി ഹാളില്‍ നടന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ എം എസ് നമ്പൂതിരിപ്പാട് ആയിരുന്നു സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍.ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച പ്രമുഖരുടെ അഭിപ്രായങ്ങളില്‍ നിന്ന്:

കെ ബാലകൃഷ്ണന്‍: ''അശ്വമേധം ഭാസിയുടെ ഏറ്റവും ഭാവനാസമ്പന്നവും ചിന്തോദ്ദീപകവുമായ ഒരു നാടകമാണെന്നു ഞാന്‍ കരുതുന്നു.ഒരു സാമൂഹ്യപ്രശ്‌നം ഇത്ര കലാസുന്ദരവും തീഷ്ണവികാരങ്ങളുദ്ദീപിക്കുമാറും ആരും കൈകാര്യം ചെയ്തിട്ടില്ല.കുഷ്ഠരോഗവും സമൂഹവും എന്ന ഒരു വിഷയമെടുത്ത് ഇത്ര ആസ്വാദ്യവും സ്‌തോഭജനകവുമായ ഒരു നാടകം മിനഞ്ഞെടുത്ത ഭാസി എല്ലാ ഭാഗത്തുനിന്നും അര്‍ഹമാം വിധം തന്നെ അഭിനന്ദിക്കപ്പെടുന്നു.''

ഡോ.സി ഓ കരുണാകരന്‍:''അതിസമര്‍ത്ഥമായി അഭിനയിക്കപ്പെട്ട ഒരു നല്ല നാടകം....ഈ നാടകം കുഷ്ഠരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കാന്‍ ഉപയോഗപ്പെടുത്താവുന്നതാണ്.പൊതുജനാരോഗ്യ പ്രചാരണത്തിന് പ്രത്യേകം തയ്യാറാക്കപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും നാടകം ഇതിനേക്കാള്‍ വിജയിച്ചതായി എനിക്കറിവില്ല.''

പ്രൊഫ. എന്‍.കൃഷ്ണപിള്ള: ''....കുഷ്ഠരോഗിയായ ഒരു വ്യക്തി,ആ രോഗമുണ്ടെന്നു ബോദ്ധ്യമാകുമ്പോള്‍ അത് അവരിലും ചുറ്റുപാടിലും ഉണ്ടാക്കുന്ന മാറ്റം-- കുടുംബം മുതലുള്ള സാമൂഹ്യ ഘടകങ്ങളോട് തോന്നുന്ന ഭാവം--ഇതെല്ലാം മറ്റുള്ളവരില്‍ നിന്ന് എത്രയോ ഭിന്നമാണ്.അതു ചിത്രീകരിക്കാനുള്ള ശ്രമം പൂര്‍ണ്ണമായി വിജയിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.''

പി കേശവദേവ്: ''ഞാനിന്നീ ചര്‍ച്ചാസമ്മേളനത്തില്‍ വന്നതു തന്നെ ഇന്നലെ കണ്ട നാടകം എനിക്കേറ്റവും ഇഷ്ടപ്പെട്ടതുകൊണ്ടാണ്.ഇതൊരു നല്ല നാടകമാണെന്നു തീര്‍ത്തുപറയാന്‍ എനിക്ക് സന്തോഷമുണ്ട്.ഈ നാടകം ലോകത്തിന്റെ തന്നെ ശ്രദ്ധയാകാര്‍ഷിക്കേണ്ടതാണ്.''

എം.കൃഷ്ണന്‍ നായര്‍: ''അശ്വമേധത്തിന്റെ പ്രത്യേകത എന്തെന്ന് ഞാന്‍ പറയാം.വികാരത്തിന്റെ തിരമാലകളില്‍ വഹിക്കപ്പെടുന്ന നാം ചിന്തയുടെ തീരത്തിലേക്ക് വലിച്ചെറിയപ്പെടുന്നു.ബുദ്ധിപരമായ ചലനമുണ്ടാകാതെ ആ നാടകം കണ്ടുതീര്‍ക്കാന്‍ വയ്യ...കഥാപാത്രങ്ങള്‍ നിത്യജീവിതത്തില്‍ നിന്ന് നാടകവേദിയിലേക്ക് നടന്നുചെന്നവരാണ്.തോപ്പില്‍ഭാസി അവര്‍ക്ക് ബാഹ്യരൂപം മാത്രമല്ല--ശരീരം മാത്രമല്ല--ഭാവങ്ങളും ചലനങ്ങളും നല്‍കിയിരിക്കുന്നു. അവര്‍ യാത്ഥാര്‍ഥ്യത്തോട് ബന്ധപ്പെട്ടവരാണ്;കേവലചിന്തയുടെ പ്രതീകങ്ങളല്ല.''***

'അശ്വമേധ'ത്തിന്റെ പ്രമേയത്തിന്റെ പുതുമയും സംവിധാനത്തിന്റെ മികവും ബുദ്ധിജീവികളുടെയും നിരൂപകരുടെയും മാത്രമല്ല, നാടകപ്രേമികളുടെ മുഴുവന്‍ പ്രശംസ നേടി.ഒരു ദിവസം പോലും മുടങ്ങാതെ കേരളത്തിലങ്ങോളമിങ്ങോളമുള്ള വേദികളില്‍ നാടകം അരങ്ങേറി.ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ സംസ്ഥാനാടിസ്ഥാനത്തില്‍ കോട്ടയത്തു സംഘടിപ്പിക്കപ്പെട്ട ഒരു നാടകോത്സവത്തില്‍ പങ്കെടുത്ത് മികച്ച നാടകത്തിനും സംവിധാനത്തിനും നടിക്കുമുള്ള അവാര്‍ഡ് നേടുകയും ചെയ്തു.


(സുലോചന,ലീല,അടൂര്‍ ഭവാനി)

അശ്വമേധം അരങ്ങത്ത് സമ്പൂര്‍ണ്ണ വിജയമായി മാറിയതിന്റെ പിന്നിലെ ഒരു പ്രധാന ഘടകം കെ പി എ സി യിലെ അംഗങ്ങളോരോരുത്തരും കാണിച്ച ഒത്തൊരുമയും ടീം സ്പിരിറ്റുമായിരുന്നു.അഭിനയത്തിന്റെ കാര്യത്തില്‍ തങ്ങളുടെ കഴിവെല്ലാം അവര്‍ പുറത്തെടുത്തു. കെ പി ഉമ്മര്‍,എന്‍ ഗോവിന്ദന്‍ കുട്ടി, കെ എസ് ജോര്‍ജ്ജ്, അടൂര്‍ ഭവാനി, ഖാന്‍ തുടങ്ങിയവരുടെ പ്രകടനങ്ങളാണ് കൂട്ടത്തില്‍ ഏറ്റവും അഭിനന്ദനങ്ങള്‍ നേടിയത്. ഗോവിന്ദന്‍ കുട്ടിയും സുലോചനയും അഭിനയിക്കുന്ന പ്രണയ രംഗം നാടകത്തിന് പ്രത്യേക ചാരുത പകര്‍ന്നുനല്‍കി.അതുപോലെ ലീലയുടെ നൃത്തവും.

എന്നാല്‍ മറ്റെന്തിനെക്കാളും അശ്വമേധം സുലോചന യുടെ നാടകമായിരുന്നു.കേരളത്തിന്റെ പ്രിയപ്പെട്ട ഗായിക മാത്രമല്ല,ഏറ്റവും പ്രഗത്ഭയായ അഭിനേത്രി കൂടിയാണ് താനെന്ന് സുലോചന ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു....

അങ്ങനെ കെ പി എ സി ഒരിടവേളയ്ക്ക് ശേഷം അടുത്ത ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു.അതേസമയം, 'ഡോക്ടര്‍' നാടകത്തിലൂടെ കാളിദാസകലാ കേന്ദ്രം നേടിയെടുത്ത സല്‍പ്പേരും ജനപ്രീതിയും നിലനിര്‍ത്താന്‍ 'ജനനീ ജന്മഭൂമി' യ്ക്ക് കഴിഞ്ഞതുമില്ല.

യാഗാശ്വത്തിന്റെ കുളമ്പടിശബ്ദവുമായി പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ട് 'അശ്വമേധം' മുന്നോട്ടു കുതിച്ചപ്പോള്‍, 'മലയാളനാടകരംഗത്തെ ഏറ്റവും നല്ല നടി'യെന്ന് പി കെ വിക്രമന്‍ നായര്‍ വിശേഷിപ്പിച്ച സുലോചനയും ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു.

എന്നാല്‍ അരങ്ങത്ത് കൈവരിക്കുന്ന അസൂയാര്‍ഹമായ ആ നേട്ടങ്ങളോട് മത്സരിച്ചുകൊണ്ട്, അപവാദത്തിന്റെ കറുത്ത ഒരു നിഴല്‍പ്പാട് തന്റെ ജീവിതത്തിലേക്ക് പടര്‍ന്നു കയറുകയാണെന്ന് സുലോചന അപ്പോള്‍ അറിഞ്ഞിരുന്നില്ല....

(അടുത്തഭാഗം:അഴലിന്‍ പഞ്ചാഗ്നി നടുവില്‍)

*അശ്വമേധം-തോപ്പില്‍ഭാസി, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം

** മധുരമീ ജീവിതം-കെ.രാഘവന്‍, ഡിസി ബുക്‌സ്, കോട്ടയം

***അശ്വമേധം-തോപ്പില്‍ഭാസി, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories