TopTop
Begin typing your search above and press return to search.

SERIES| ''അഴലിന്‍ പഞ്ചാഗ്‌നി നടുവില്‍''-കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

SERIES| അഴലിന്‍ പഞ്ചാഗ്‌നി നടുവില്‍-കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

'അശ്വമേധം' നാടകത്തില്‍ ഡോ.തോമസ് (കെ പി ഉമ്മര്‍), സരോജം(സുലോചന), മോഹനന്‍ (എന്‍.ഗോവിന്ദന്‍ കുട്ടി)

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)

ഭാഗം 47

നൂറനാട് ലെപ്രസി സാനട്ടോറിയത്തിലെ അന്തേവാസികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു,ആ ദിവസത്തിനായി.അന്നു വൈകുന്നേരം സാനട്ടോറിയത്തിന്റെ ഹാളില്‍ അവരുടെ കഥ അരങ്ങേറുകയാണ്.അവര്‍ക്ക് നല്ല പരിചയവും അടുപ്പവുമുള്ള തോപ്പില്‍ഭാസി സാറ് എഴുതിയ നാടകം -- അശ്വമേധം. നാടു മുഴുവന്‍ നിറഞ്ഞ സദസ്സുകളില്‍ കളിച്ചുകൊണ്ടിരിക്കുന്ന നാടകത്തെ കുറിച്ച്, പത്രത്തില്‍ വായിച്ചും കാണാനാവസരം കിട്ടിയ ചിലരൊക്കെ പറഞ്ഞുമൊക്കെ, നല്ല അഭിപ്രായം കേട്ടതുകൊണ്ട് ആവേശത്തോടെയാണ് അവര്‍ നാടകം കാണാന്‍ കാത്തിരുന്നത്....

നാടകം തുടങ്ങി നിമിഷങ്ങള്‍ പിന്നിട്ടപ്പോള്‍തന്നെ പ്രേക്ഷകര്‍ ചുറ്റുപാടുകളെല്ലാം മറന്ന് നാടകത്തില്‍ പൂര്‍ണ്ണമായി ലയിച്ചു.പിന്നീടുള്ള മൂന്നു മണിക്കൂറുകള്‍ അവര്‍ സരോജത്തോടൊപ്പമായിരുന്നു.സരോജത്തില്‍ അവര്‍ തങ്ങളെത്തന്നെ കാണുകയായിരുന്നു.സരോജം ചിരിച്ചപ്പോള്‍ അവര്‍ ചിരിച്ചു. സരോജം വിങ്ങിപ്പൊട്ടുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.ആ മനുഷ്യര്‍ ഓരോരുത്തരേയും സംബന്ധിച്ചിടത്തോളം അവര്‍ ഒരു നാടകം കാണുകയായിരുന്നില്ല. തങ്ങളുടെ സ്വന്തം ജീവിതം അരങ്ങത്ത് ചുരുള്‍ വിരിയുന്നതിന് സാക്ഷ്യം വഹിക്കുകയായിരുന്നു....

......നാടകം തീര്‍ന്നപ്പോള്‍ പ്രേക്ഷകരില്‍ ഒരുപാടുപേര്‍ അണിയറയിലേക്ക് തിക്കിത്തിരക്കിച്ചെന്നു.അവര്‍ക്കെല്ലാവര്‍ക്കും കാണേണ്ടത് ഒരേ ഒരാളെ മാത്രമായിരുന്നു.അവരുടെ സങ്കടങ്ങള്‍, സ്വപ്നത്തകര്‍ച്ചകള്‍, മോഹഭംഗങ്ങള്‍......അവയെല്ലാം ഹൃദയസ്പര്‍ശിയായി അരങ്ങത്ത് ആവിഷ് ക്കരിച്ച സരോജത്തെ.'എവിടെ ഞങ്ങളുടെ സരോജം?' എന്നു ഉറക്കെ വിളിച്ചുചോദിച്ചുകൊണ്ട് ചില സ്ത്രീകള്‍ ഓടിച്ചെന്ന് 'സരോജ' ത്തെ കെട്ടിപ്പിടിച്ചു. അവരില്‍ പലരും കുഷ്ഠരോഗത്തിന്റെ തീവ്രതയില്‍ വിരലുകളോ,കൈകളോ മറ്റ്ശരീരഭാഗങ്ങളോ നഷ്ടപ്പെട്ടവരായിരുന്നു.വിരലുകളറ്റുപോയ കൈകള്‍ കൊണ്ട് ഒരു സ്ത്രീ സരോജത്തിന്റെ കവിളില്‍ തലോടി.ഒരു നിര്‍വൃതി അനുഭവിക്കുന്നതുപോലെ കണ്ണുകളടച്ചു നിന്ന് സരോജം ആ സ്‌നേഹപ്രകടനങ്ങളേറ്റു വാങ്ങി......

''ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന രോഗം കുഷ്ഠമാണ്.എന്നിട്ടും ഞാന്‍ അവരുടെ വികാരപ്രകടനങ്ങള്‍ക്ക് വശംവദയായി എന്നെത്തന്നെ മറന്നു നിന്നുപോയി.ഒരു സത്യം ഞാന്‍ തുറന്നുപറയട്ടെ. എനിക്ക് ഇതുവരെ കിട്ടിയിട്ടുള്ള എല്ലാ ബഹുമതികളെയുംകാള്‍ ഞാന്‍ അംഗീകരിക്കുന്നത് ഈ രോഗികളില്‍ നിന്നും കിട്ടിയ സ്‌നേഹമസൃണമായ സ്വീകരണമാണ്...'' സുലോചന പിന്നീട് ഒരിക്കല്‍ ഓര്‍മ്മിച്ചു.*

'അശ്വമേധ'ത്തിന്റെ റിഹേഴ്‌സല്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പൊരു ദിവസം എല്ലാ അഭിനേതാക്കളെയും കൂട്ടിക്കൊണ്ട് തോപ്പില്‍ഭാസി നൂറനാട് ആശുപത്രിയില്‍ ചെന്നിരുന്നല്ലോ.കുഷ്ഠരോഗം എത്ര ഭീകരമാണെന്ന് അപ്പോഴാണ് സുലോചനയ്ക്കും മറ്റുള്ളവര്‍ക്കും മനസിലാകുന്നത്.രോഗത്തിന്റെ പ്രാരംഭദശയില്‍പ്പെട്ട ചെറുപ്പക്കാര്‍,രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ശരീരഭാഗങ്ങള്‍ പലതും അടര്‍ന്നുപോയവര്‍,മരണത്തെ മുഖത്തോട് മുഖം കണ്ടുകൊണ്ട് ദിവസങ്ങളെണ്ണി കഴിയുന്നവര്‍.....അങ്ങനെ പലരെയും അന്നവിടെ അവര്‍ കണ്ടു.കൂട്ടത്തില്‍ സുന്ദരിയായ ഒരു യുവതിയെയും.തോപ്പില്‍ഭാസി അവളുടെ കഥ വിവരിച്ചു.....ഡോ.ഉണ്ണിത്താന്റെ ചികിത്സ കൊണ്ട് അവളുടെ രോഗം പൂര്‍ണമായും ഭേദമായി എന്നറിഞ്ഞപ്പോള്‍ സാനട്ടോറിയത്തിലെ സകലരും സന്തോഷിച്ചു. ആഹ്ലാദത്തോടെ വീട്ടില്‍ തിരികെച്ചെന്ന അവളെ സ്വീകരിക്കാന്‍,പക്ഷെ ആരുമുണ്ടായില്ല.അശ്വമേധത്തില്‍,മോഹനന്‍ ഡോ.തോമസിനോട് ചോദിക്കുന്നതു പോലെ 'കുഷ്ഠരോഗം മാറുമോ' എന്നു തന്നെയായിരുന്നു അവരുടെയും സംശയം.അച്ഛനും അമ്മയും സഹോദരങ്ങളും ചേര്‍ന്ന് ആ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നിറക്കിവിട്ടു.അശരണയായി സാനട്ടോറിയത്തില്‍ തിരിച്ചെത്തിയ അവള്‍ക്ക്,ഒടുവില്‍ ഡോ.ഉണ്ണിത്താന്‍ അഭയം കൊടുത്തു....

ആ പെണ്‍കുട്ടിയെ കണ്ടതിനു ശേഷം അവളുടെ മുഖം തന്നെയായിരുന്നു, സുലോചനയുടെ മനസ്സില്‍.സരോജമായി പകര്‍ന്നാടുമ്പോള്‍,സുലോചനയുടെ മനസിനെയും ശരീരത്തെയും ആ യുവതി ആവേശിക്കുന്നതുപോലെ തോന്നി.സരോജത്തിന്റെ മാനസിക വിക്ഷോഭങ്ങളും ഭാവപ്രകടനങ്ങളും ശാരീരിക ചലനങ്ങളുമെല്ലാം സുലോചന പോലും അറിയാതെ അരങ്ങത്ത് ആവിഷ്‌ക്കരിക്കപ്പെടുകയായിരുന്നു.ഗ്ലിസറിന്റെ സഹായമില്ലാതെ തന്നെ കണ്ണുനീര്‍ ധാരധാരയായി പുറത്തേയ്‌ക്കൊഴുകി.സദസ്സിന്റെ മുന്‍നിരയിലിരിക്കുന്ന സ്ത്രീകള്‍ എങ്ങലടിച്ചു കരയുന്നത് സ്റ്റേജില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ സുലോചനയ്ക്ക് കാണാമായിരുന്നു.


(സരോജവും ഡോ.തോമസും)

'അഴലിന്‍ പഞ്ചാഗ്‌നി നടുവില്‍ അഞ്ചിന്ദ്രിയങ്ങളും പുകയുന്ന'തീവ്രമനോവേദനയിലൂടെ സരോജം കടന്നുപോകുന്ന സന്ദര്‍ഭങ്ങള്‍,വിങ്ങിപ്പോട്ടലോടെയാണ് പ്രേക്ഷകര്‍ കണ്ടിരുന്നത്. കെ എസ് ജോര്‍ജ്ജും സുലോചന യും കൂടി 'തലയ്ക്കു മീതെ ശൂന്യാകാശം, താഴേ മരുഭൂമി' പാടി അഭിനയിക്കുന്ന രംഗം പ്രേക്ഷകരെ വല്ലാതെ സ്പര്‍ശിച്ച ഒരു അഭിനയ മുഹൂര്‍ത്തമായിരുന്നു.


('തലയ്ക്കു മീതെ ശൂന്യാകാശം, താഴെ മരുഭൂമി.....')

ആദ്യരംഗത്തില്‍ സുലോചനയും ഗോവിന്ദന്‍ കുട്ടിയും ചേര്‍ന്ന് കാഴ്ചവെച്ച പ്രണയനിമിഷങ്ങള്‍ സ്വാഭാവികവും ആകര്‍ഷണീയവുമായപ്പോള്‍,കെ പി ഉമ്മറിനും സി ജി ഗോപിനാഥിനും ഒപ്പമുള്ള സുലോചനയുടെ രംഗങ്ങള്‍ വികാരോജ്ജ്വലങ്ങളായി.

'അശ്വമേധ'വും സരോജവും പ്രേക്ഷകരുടെയിടയില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ ആഹ്ലാദം പകരുന്ന ചില അംഗീകാരങ്ങള്‍ സുലോചനയെ തേടിയെത്തിയിരുന്നു.1961 ലെ ഏറ്റവും ജനസമ്മതി നേടിയ കലാകാരിക്ക് തൃശ്ശൂര്‍ ഫിലിം ക്ലബ്ബ് നല്‍കിയ അവാര്‍ഡായിരുന്നു അതിലൊന്ന്.


എന്നാല്‍ അതിനേക്കാള്‍ വിലയേറിയതും ഉള്ളില്‍ അഭിമാനം ഉണര്‍ത്തുന്നതുമായ മറ്റൊരു അംഗീകാരവും സുലോചനയ്ക്ക് വേണ്ടി കാലം കാത്തുവെച്ചിരുന്നു.കെ പി എ സിയുടെ ഭരണസമിതിയായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗത്വമായിരുന്നു അത്. ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കപ്പുറത്ത്, 'എന്റെ മകനാണ് ശരി'യില്‍ പാടാനും അഭിനയിക്കാനുമായി അച്ഛനോടൊപ്പം തമ്പാനൂരുള്ള സ്വരാജ് ലോഡ്ജില്‍ എത്തുമ്പോള്‍ സ്വപ്‌നം കണ്ടതായിരുന്നില്ല ഇതൊന്നും. തന്റെ ശബ്ദത്തിനും അഭിപ്രായങ്ങള്‍ക്കും എക്കാലവും വിലകല്പിച്ചിരുന്നവരാണ് പാര്‍ട്ടിക്കാരും സഹപ്രവര്‍ത്തകരുമെങ്കിലും, സമിതിയുടെ ഉന്നതാധികാര സമിതിയില്‍ അംഗമായി തിരഞ്ഞെടുക്കുമെന്ന് സുലോചന ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ആ കാലത്ത് ഒരു സ്ത്രീയ്ക്ക് അപ്രാപ്യമായ ഇടങ്ങളായിരുന്നല്ലോ അത്തരം വേദികളൊക്കെ.എന്നാല്‍ സുലോചന യെപ്പോലെ ഉറച്ച അഭിപ്രായങ്ങളും അതാരുടെ മുമ്പിലായാലും ശരി,ബഹുമാനം കൈവിടാതെ തന്നെ ഉറക്കെ വിളിച്ചുപറയാനുള്ള തന്റേടവുമുള്ള ഒരു യുവതിയെ ഒഴിവാക്കി നിര്‍ത്താനാകില്ല എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കെ പി എ സി യുടെയും നേതൃത്വം തിരിച്ചറിഞ്ഞു.സുലോചനയോടൊപ്പം എക്‌സിക്യൂട്ടീവ് കമ്മിറ്റി യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ സംഘടനയിലെ ഏറ്റവും സീനിയര്‍ അംഗങ്ങളായ കെ എസ് ജോര്‍ജ്ജും തോപ്പില്‍ കൃഷ്ണപിള്ളയും ഒപ്പം അണിയറയില്‍ മാത്രമല്ല,വേണ്ടിവന്നാല്‍ അരങ്ങത്തും 'എന്തിനും ഏതിനും ഉതകുന്ന' ജോസഫുമായിരുന്നു.

1962 ജൂണ്‍ 29 ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി എസ് കുമാരന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ആ ജനറല്‍ ബോഡി യോഗം വളരെ പ്രധാനപ്പെട്ട മറ്റൊരു തീരുമാനം കൂടി കൈക്കൊണ്ടു.കെ പി എ സിയുടെ പ്രസിഡന്റായി കാമ്പിശ്ശേരി തുടര്‍ന്നപ്പോള്‍ കേശവന്‍ പോറ്റി സെക്രട്ടറി സ്ഥാനമൊഴിഞ്ഞു.പകരം പുതിയസെക്രട്ടറി യായി തോപ്പില്‍ഭാസി ചുമതലയേറ്റു.കുട്ടിക്കാലത്ത്,'ഭ്രാന്തന്റെ പരമാര്‍ത്ഥം' എന്ന പ്രഹസനമരങ്ങേറിക്കൊണ്ട്, കലാജീവിതത്തിന് ഒരുമിച്ചു തുടക്കം കുറിച്ച ആത്മസുഹൃത്തുക്കള്‍ രണ്ടുപേരും, അങ്ങനെ ജനകീയ നാടകസമിതിയുടെ അമരത്ത് വീണ്ടും ഒരുമിച്ചു ചേര്‍ന്നു.


(കാമ്പിശ്ശേരി കരുണാകരനും തോപ്പില്‍ഭാസിയും)

എന്നാല്‍ നാടകമെഴുത്തും സംവിധാനവും തിരക്കഥാരചനയും കോളമെഴുത്തും ഓടിനടന്ന് പ്രസംഗവും ഇടയ്ക്കിടക്ക് അഭിനയവുമൊക്കെയായി അങ്ങേയറ്റത്തെ തിരക്കുകളുമായി ജീവിച്ചിരുന്ന ഭാസിയെ സഹായിക്കാനായി പോറ്റിസാര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി തുടരണമെന്നും നിശ്ചയിച്ചു.സമിതിയംഗങ്ങളെ ഒത്തൊരുമിപ്പിച്ചു കൊണ്ടുപോകുന്നതിലും കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിലുമൊക്കെ മുന്നിട്ടിറങ്ങാറുള്ള സി ജി ഗോപിനാഥ് ജോയിന്റ് സെക്രട്ടറി യായി തിരഞ്ഞെടുക്കപ്പെട്ടു.അങ്ങനെ ജനാര്‍ദ്ദനക്കുറുപ്പും ഓ മാധവനും ദേവരാജനും വിട്ടുപോയപ്പോള്‍ ഒന്നു തളര്‍ന്നുപോയ സംഘടനാസംവിധാനം തളര്‍ച്ച വിട്ടുണര്‍ന്ന്,കൂടുതല്‍ ഊര്‍ജ്ജസ്വലമായി.എക്‌സിക്യൂട്ടീവ് കമ്മിറ്റി യിലേക്ക് വയലാറും, സമതിയിലെ പൂര്‍ണ്ണ അംഗങ്ങളായി കെ പി ഉമ്മര്‍, എന്‍ ഗോവിന്ദന്‍ കുട്ടി,അടൂര്‍ ഭവാനി എന്നിവരും കൂടി എത്തിയതോടെ കെപിഎസി പഴയ പ്രതാപം വീണ്ടെടുത്തു.


(ഇന്ത്യയെ ചൈന ആക്രമിച്ചതിനെതിരെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രതികരണം)

അശ്വമേധത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴേക്ക്,ദേശീയ രാഷ്ട്രീയ രംഗം ആകെ കലുഷിതമായി. 1962 ഒക്ടോബറില്‍ ചൈന നടത്തിയ ആക്രമണത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി,കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖനേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു ജയിലിലടച്ചു.


(ചൈനീസ് ആക്രമണത്തെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് നേതാക്കളെ അറസ്റ്റ് ചെയ്തതിനെ സംബന്ധിച്ച വാര്‍ത്തകള്‍)

ഇതിനിടെ യുദ്ധത്തെ സംബന്ധിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടിനെ ചൊല്ലി പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ മൂര്‍ച്ഛിച്ചു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ഇ എം എസ് നമ്പൂതിരിപ്പാട് രാജിവെച്ചു.

ചൈനീസ് ആക്രമണത്തിന്റെ പേരില്‍ പ്രധാനമന്ത്രി നെഹ്‌റുവിനും രാജ്യരക്ഷാമന്ത്രി വി കെ കൃഷ്ണമേനോനുമെതിരെ കോണ്‍ഗ്രസിലെ വലതുപക്ഷ വിഭാഗവും പ്രതിപക്ഷ പാര്‍ട്ടികളായ പി എസ് പിയും സ്വതന്ത്രാ പാര്‍ട്ടിയും ജനസംഘവും ഒറ്റക്കെട്ടായി അണിനിരന്നു.ഒടുവില്‍ കൃഷ്ണമേനോന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൈകോര്‍ത്ത് രംഗത്തിറങ്ങിയ തിളച്ചുമറിയുന്ന രാഷ്ട്രീയ കാലാവസ്ഥയിലും, 'അശ്വമേധ' ത്തിന്റെ അവതരണത്തിന് എന്തെങ്കിലും വിധത്തിലുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ആരും മുന്നോട്ടു വന്നില്ല.

കേരളത്തിന് പുറത്തുള്ള കെ പി എ സി യുടെ പര്യടനം ഇക്കുറി ബോംബെയിലാണ് ആരംഭിച്ചത്.ഇത്തവണ യും ബോംബെ മലയാളികളുടെ കേന്ദ്രസംഘടനയാണ് നാടകോത്സവം സംഘടിപ്പിച്ചത്.1963 മാര്‍ച്ചുമാസമാദ്യം നടന്ന നാടകോത്സവത്തിന്റെ ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ 'അശ്വമേധ'വും അവസാനത്തെ ദിവസം 'മുടിയനായ പുത്രനും' അവതരിപ്പിച്ചു.

പുതിയ രാജ്യരക്ഷാമന്ത്രിയായി സ്ഥാനമേറ്റ വൈ ബി ചവാനു ശേഷം മഹാരാഷ്ട്ര യുടെ മുഖ്യമന്ത്രിയായ മറോത്ത് റാവു കണ്ണന്‍വാറാണ് നാടകോത്സവം ഉദ്ഘാടനം ചെയ്തത്.കേരളം ഭരിക്കുന്ന ആര്‍ ശങ്കര്‍ മന്ത്രിസഭയിലെ മന്ത്രിമാരാരും തന്നെ നേരിട്ടു ചെന്നു ക്ഷണിച്ചിട്ടുപോലും,നാടകംകാണാന്‍ വരുന്നതിന് ഇതുവരെ തയ്യാറായിട്ടില്ല.എന്നാല്‍ കോണ്‍ഗ്രസുകാരനായ കണ്ണന്‍വാര്‍ സന്തോഷത്തോടെ വന്ന് നാടകോത്സവം ഉദ്ഘാടനം ചെയ്യുകയും ഇത്രയും സാമൂഹ്യ പ്രസക്തിയുള്ള ഒരു നാടകം അവതരിപ്പിച്ചതിന് കെ പി എ സിയെ അഭിനന്ദിക്കുകയും ചെയ്തു.

രണ്ടാം ദിവസത്തെ മുഖ്യാതിഥി വി കെ കൃഷ്ണമേനോന്‍ ആയിരുന്നു.


(വി കെ കൃഷ്ണമേനോന്‍ നാടകം കണ്ടതിനു ശേഷം തോപ്പില്‍ഭാസിയെ അഭിനന്ദിക്കുന്നു)

1962 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് ബോംബെ മണ്ഡലത്തില്‍ രാജ്യത്തെ മുഴുവന്‍ പിന്തിരിപ്പന്‍ ശക്തികളുടെയും പിന്തുണയോടെ മത്സരിച്ച ആചാര്യ കൃപലാനിയെ അടിയറവു പറയിച്ച കൃഷ്ണമേനോന്‍ പിന്നീട് അതേ ശക്തികളുടെ രക്തദാഹത്തിന് ബലിയാടായി തീരുകയായിരുന്നു.നാടകം മുഴുവന്‍ നേരവും ഇരുന്നുകണ്ട കൃഷ്ണമേനോന്‍, ശാസ്ത്രത്തിന്റെ അജയ്യതയിലുള്ള ഭാസിയുടെ അടിയുറച്ച വിശ്വാസത്തെ പ്രശംസിച്ചു സംസാരിക്കുകയും ചെയ്തു. സമാധാന പ്രസ്ഥാനത്തിന്റെ നേതാവായ ഡോ.ബാലിഗയും മേനോനോടൊപ്പം നാടകം കാണാനെത്തിയിരുന്നു.

പതിവുപോലെ ബല്‍രാജ് സാഹ്നിയും കുടുംബവും കെ എ അബ്ബാസ്സും ഇപ്റ്റയുടെ പ്രവര്‍ത്തകരും മുഴുവന്‍ സമയവും നാടകോത്സവത്തില്‍ സംബന്ധിച്ചു.കെ പി എ സി അംഗങ്ങള്‍ക്ക് കേന്ദ്ര മലയാളിസംഘടനയും മുപ്പതോളം മലയാളിസമാജങ്ങളും ചേര്‍ന്ന് സ്വീകരണം നല്‍കി.കേന്ദ്രസംഘടനയുടെ അദ്ധ്യക്ഷന്‍ വി കെ മേനോന്‍,കെ പി എ സി യ്ക്കുള്ള പാരിതോഷികമായി ഒരു ഹാര്‍മ്മോണിയം തോപ്പില്‍ഭാസിയ്ക്ക് സമ്മാനിച്ചു.

ബോംബെയിലെ നാടകോത്സവത്തിനു പിന്നാലെ 1963 മേയ് മാസത്തില്‍ കല്‍ക്കത്തയിലും കെ പി എ സി പര്യടനം നടത്തി.


(അശ്വമേധത്തില്‍സുലോചന, കെ പി ഉമ്മര്‍, ചന്ദ്രിക, ഗോവിന്ദന്‍ കുട്ടി)

മലയാളികളും മറുനാട്ടുകാരുമായ നാടകപ്രേമികള്‍ കെ പി എ സിയുടെ പുതിയ നാടകം കാണാന്‍ തിരക്കിട്ടെത്തി.കഴിഞ്ഞ പ്രാവശ്യം 'പുതിയ ആകാശം പുതിയ ഭൂമി' അവതരിപ്പിച്ചപ്പോള്‍ വെറും പ്ലെയിന്‍ കര്‍ട്ടന്‍ മാത്രമാണല്ലോ പശ്ചാത്തലമായി ഉണ്ടായിരുന്നത് ഇത്തവണ രാംജി ഒരുക്കിയ യാഥാ ര്‍ത്ഥ്യപ്രതീതിയുളവാക്കിയ രംഗപടങ്ങള്‍--സരോജത്തിന്റെ വീട്,ഡോക്ടറുടെ ക്വാര്‍ട്ടേഴ്സ്,ആശുപത്രിയുടെ മുമ്പിലെ നാട്ടുവഴി -- കാണികളെ ഏറെ ആകര്‍ഷിക്കുന്നതായിരുന്നു.അതുപോലെ കല്‍ക്കത്തയിലെ ഇപ്റ്റയുടെ സഖാക്കള്‍ പഠിപ്പിച്ച 'മൂഡ് ലൈറ്റിംഗ്' ഭാസി ഇത്തവണ പ്രാവര്‍ത്തികമാക്കി.സരോജത്തിന്റെ വൈകാരിക പകര്‍ച്ചകളുടെ തീവ്രമായ ആവിഷ്‌കാരത്തിന് ആ പ്രകാശവിന്യാസം സഹായിച്ചു.

സുലോചനയെ സംബന്ധിച്ചിടത്തോളം മറുനാടന്‍ പര്യടനവും അവിടൊക്കെയുള്ള പ്രേക്ഷകരുടെ സ്‌നേഹവും ആരാധനയും കലര്‍ന്ന പെരുമാറ്റവും പുതിയ സംഭവമായിരുന്നില്ല.


(സരോജവും ഡോ.തോമസും)

എന്നാല്‍ ഈ 'അശ്വമേധം' അവിസ്മരണീയമായ ഒരനുഭവമായിരുന്നു.ഓരോ വേദിയിലും നാടകംകഴിഞ്ഞാലുടനെ അഭിനേതാക്കളെയും മറ്റും കണ്ട് അഭിനന്ദനമറിയിക്കാനായി അണിയറയിലെത്തുന്ന പ്രമുഖവ്യക്തികള്‍ 'സരോജ'ത്തെയാണ് ആദ്യമന്വേഷിച്ചിരുന്നത്.സുലോചനയിലെ അഭിനേത്രിയേക്കാള്‍,ഗായികയെ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നവര്‍ക്ക് പോലും ഇക്കുറി സരോജത്തിന്റെ വേഷത്തിലുള്ള സുലോചനയുടെ പെര്‍ഫോമന്‍സിനെയാണ് പ്രശംസിക്കാനുണ്ടായിരുന്നത്.കെ പി എ സി സംഘത്തിന് നല്‍കപ്പെട്ട ഓരോ സ്വീകരണത്തിലും സുലോചനയ്ക്ക് തന്നെയാണ് ഏറ്റവും നീണ്ടുനിന്ന കയ്യടി ലഭിച്ചത്.

നാടകാഭിനയത്തിന് സര്‍ക്കാര്‍ വക പുരസ്‌ക്കാരങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലാത്ത ആ നാളുകളില്‍ കോട്ടയത്തെ 'കേരളഭൂഷണം' പത്രം സരോജത്തിന് നല്‍കിയ അവാര്‍ഡിന് ഒരു പ്രത്യേക വിലയുണ്ടായിരുന്നു.


(കേരളഭൂഷണം പത്രം നല്‍കിയ പുരസ്‌കാരം)

പക്ഷെ അതിനെക്കാള്‍ പ്രിയപ്പെട്ടതായി സുലോചനയ്ക്ക് അനുഭവപ്പെട്ടത് ഓരോ സ്ഥലങ്ങളില്‍ ചെല്ലുമ്പോഴും ഒന്നു കാണാനോടിയെത്തിയിരുന്ന അമ്മമാരുടെയും സഹോദരിമാരുടെയുമൊക്കെ കളങ്കമില്ലാത്ത സ്‌നേഹപ്രകടനങ്ങളായിരുന്നു.

പ്രശസ്തിയുടെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന ആ നാളുകളിലാണ് നാടകത്തിലെ പോലെ ദുഖകരമായ ചില അനുഭവങ്ങള്‍ സുലോചനയെ പിന്തുടര്‍ന്നെത്തിയത്.അതിലൊന്നായിരുന്നു ആ വിവാഹാലോചന.വിവാഹം കഴിക്കാന്‍ തയ്യാറാകാതെ പല ന്യായീകരണങ്ങളും പറഞ്ഞ് ഒഴിഞ്ഞുമാറി നടന്ന സുലോചന ഒടുവില്‍ സമ്മതം മൂളിയത് വീട്ടുകാരുടെ നിര്‍ബന്ധം സഹിക്കാന്‍ കഴിയാത്തതുകൊണ്ടു മാത്രമായിരുന്നില്ല.മൂത്ത സഹോദരനെ പോലെ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സഖാവ് -- എം എന്‍ ഗോവിന്ദന്‍ നായരുടെ ഇളയ സഹോദരന്‍,ജനയുഗത്തിന്റെയും പിന്നീട് കേരളശബ്ദം സ്വതന്ത്ര രാഷ്ട്രീയ വാരികയുടെയും മാനേജരായ എം എന്‍ രാമചന്ദ്രന്‍ നായരാണ് ആ വിവാഹാലോചന കൊണ്ടുവന്നത്.അദ്ദേഹത്തോടുള്ള സ്‌നേഹാദരങ്ങളും കടപ്പാടും ഒരു പ്രധാന കാരണമായിരുന്നു.പോരെങ്കില്‍ ഒരു കുടുംബിനിയായി മാറണമെന്ന മോഹവും ഉള്ളിന്റെയുള്ളില്‍ ഉണ്ടായിരുന്നു.

അങ്ങനെ ഒരുനാള്‍ ഉടുത്തൊരുങ്ങി 'ചെറുക്കന്റെ' മുമ്പിലെത്തിയ സുലോചനയ്ക്ക് തീര്‍ത്തും അവിചാരിതമായ ഒരു അനുഭവമാണുണ്ടായത്.എക്സ്റേ കണ്ണുകളോടെ തന്നെ അടിമുടി പരിശോധിക്കുന്നത് കണ്ട് എന്താണിതെന്ന് സംശയിച്ചുനിന്ന സുലോചനയോട് അയാള്‍ ഒരു ചെറുചിരിയോടെ പറഞ്ഞു:

''എന്തൊക്കെയാണ് വെറുതെ ആളുകള്‍ പറഞ്ഞുപരത്തിയത്! പെണ്ണിന് കുഷ്ഠരോഗമാണ്,മാറാ രോഗമാണ് എന്നൊക്കെ.... ഇപ്പോഴല്ലേ മനസ്സിലായത് ഒക്കെ പച്ചക്കള്ളമായിരുന്നുവെന്ന്...''

താങ്ങാനാകാത്ത ആഘാതമാണ് സുലോചനയ്ക്ക് അതുകേട്ടപ്പോഴുണ്ടായത്. സുലോചനയ്ക്ക് യഥാര്‍ത്ഥത്തില്‍ അസുഖമുള്ളതുകൊണ്ടാണ് അത്തരമൊരു കഥാപാത്രമായി അരങ്ങത്ത് 'ജീവിക്കാന്‍' കഴിയുന്നതെന്ന പ്രചാരണം അണിയറയില്‍ സജീവമായി നടക്കുന്നുണ്ടായിരുന്നു എന്ന് അപ്പോഴാണ് തിരിച്ചറിയുന്നത്.......

...സുലോചനയ്ക്ക് മാറാവ്യാധിയാണെന്ന് പറഞ്ഞുപരത്താന്‍ ഇടയാക്കിയ പ്രധാന കാര്യം അച്ഛന്‍ കുഞ്ഞുകുഞ്ഞിന്റെ കാലില്‍ സ്ഥിരമായി കാണപ്പെട്ടിരുന്ന വെച്ചുകെട്ടാണ്. പഴയ പോലീസ് ജീവിതത്തിന്റെ സമ്മാനമായി, കുഞ്ഞുകുഞ്ഞിന്റെ കാലില്‍ ആണി തറച്ചുകയറി ഉണ്ടായ ഒരു മുറിവ്,പ്രമേഹവും കൂടി മൂര്‍ച്ഛിച്ചതോടെ പഴുത്ത് ഒരിക്കലും കരിയാത്ത വൃണമാകുകയായിരുന്നു.സരോജത്തിന് പിതാവ് കേശവസ്വാമിയില്‍ നിന്ന് കുഷ്ഠരോഗം പകര്‍ന്നുകിട്ടുന്നതുപോലെ സുലോചനയ്ക്ക് രോഗം അച്ഛനില്‍ നിന്ന് പകര്‍ന്നതാണെന്നു പറഞ്ഞുസ്ഥാപിക്കാന്‍, അപവാദപ്രചാരകര്‍ മടിച്ചില്ല.കേട്ടതൊക്കെ നേരാണോ എന്നറിയാന്‍ തന്നെ ചൂഴ്ന്നു നോക്കിയ മനുഷ്യനോട് പൊറുക്കാന്‍ സുലോചനയ്ക്കായില്ല.'പരിശോധിച്ചു തൃപ്തി വന്നെങ്കില്‍, വിവാഹം കഴിക്കാന്‍ വേറെയൊരു പെണ്ണിനെ അന്വേഷിച്ചോളൂ' എന്നു പറഞ്ഞു കൊണ്ട് സ്വന്തം മുറിയില്‍ കയറി വാതിലടക്കുകയാണ് സുലോചന ചെയ്തത്....

അങ്ങനെയൊരു അപവാദം പറഞ്ഞു പരത്തിയവരുടെ കൂട്ടത്തില്‍ തന്റെ അടുത്ത ചില സഹപ്രവര്‍ത്തകര്‍ കൂടിയുണ്ടായിരുന്നു എന്ന അറിവ് സുലോചനയെ തളര്‍ത്തി. അങ്ങനെയൊക്കെ പെരുമാറാന്‍ തക്കവണ്ണം അവരെ പ്രകോപിതരാക്കിയത്,തന്റെ ഭാഗത്തു നിന്നു സംഭവിച്ച ചില പിശകുകളാണെന്നും കൂടി സുലോചന പില്‍ക്കാലത്ത് തിരിച്ചറിഞ്ഞു.

''കെ പി എ സി യിലൂടെ എനിക്കല്‍പ്പം പ്രശസ്തിയുണ്ടായപ്പോള്‍ അല്പം അഹന്തയും തലക്കനവും എന്നിലും വളര്‍ന്നു എന്നുള്ളത് ഞാന്‍ സമ്മതിക്കുന്നു. അതുകൊണ്ടാണല്ലോ ചെറുപ്പക്കാരുടെ മുഖത്തുനോക്കി തന്റേടത്തോടുകൂടി അങ്ങനെ സംസാരിക്കാന്‍ കഴിഞ്ഞത്.....എനിയ്ക്ക് കെ പി എ സിയിലൂടെ ലഭിച്ച അംഗീകാരവും അതിലൂടെ വളര്‍ന്ന എന്റെ തലക്കനവും എന്റെ അന്നത്തെ സഹപ്രവര്‍ത്തകര്‍ക്ക് തീരെ രുചിച്ചില്ല.അതുകൊണ് എന്നെ തരംതാഴ്ത്തി സംസാരിക്കാന്‍ കിട്ടുന്ന ഏതൊരവസരവും അവര്‍ പാഴാക്കിയിരുന്നില്ല.അതും എന്റെ വിവാഹത്തിന് ഒരു തടസമായി ഭവിച്ചു.''**

അശ്വമേധം അരങ്ങേറിക്കൊണ്ടിരുന്ന കാലത്തു തന്നെ വന്ന മറ്റൊരു വിവാഹാലോചനയും മുടങ്ങിപ്പോയി.അതിനു കാരണമായത്,സുലോചന കൈക്കൊണ്ട തന്റേടമുള്ള നിലപാടായിരുന്നു.കല്‍ക്കത്തയില്‍ നാടകം കളിക്കാന്‍ ചെല്ലുമ്പോഴൊക്കെ നാടകം കാണാന്‍ വരാറുള്ള,അവിടെ ജോലി ചെയ്യുന്ന ഒരു മലയാളി യുവാവ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നറിയിച്ചു.അയാള്‍ നാട്ടിലെത്തിയ ഒരവസരത്തില്‍ കായംകുളത്തെ വീട്ടില്‍,കുടുംബസമേതം 'പെണ്ണു കാണാന്‍' വന്നു.പെണ്ണു കാണലിന്റെ പതിവു ചടങ്ങുകളുടെ ഭാഗമായി 'പെണ്ണും ചെറുക്കനും' തമ്മില്‍ സംസാരിക്കുന്നതിനിടയ്ക്ക് അയാള്‍ തന്റെ മനസ്സിലുള്ളത് തുറന്നുപറഞ്ഞു.കല്‍ക്കത്തയില്‍ ഉദ്യോഗവുമായി കഴിയുന്ന തനിക്കാവശ്യം അവിടെ തനിക്ക് വെച്ചുവിളമ്പി കഴിയുന്ന ഒരു ഭാര്യയെയാണ്.അതായത് കലാജീവിതമൊക്കെ മതിയാക്കി കുടുംബത്തില്‍ ഒതുങ്ങിക്കഴിയണമെന്ന് അയാള്‍ തെളിച്ചു തന്നെ പറഞ്ഞു.അയാളുടെ ആവശ്യം അതിരു കടന്നതായിപ്പോയി എന്നൊന്നും സുലോചന യ്ക്ക് തോന്നിയില്ല.പക്ഷെ ആ സമയത്ത് നാടകമുപേക്ഷിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. സുലോചന തന്റെ നിലപാട് വ്യക്തമാക്കി.

''അങ്ങു പറഞ്ഞ കാര്യം ശരിയാണ്.പക്ഷെ എന്റെ അവസ്ഥ കൂടി ആലോചിക്കണം.ഇപ്പോള്‍ ഞാന്‍ അഭിനയം നിറുത്തിയാല്‍ പകരം ഒരാളെ കെ പി എ സി യ്ക്ക് ഉടനെ കിട്ടിയെന്നു വരില്ല.അങ്ങനെ നാടകം മുടങ്ങിയാല്‍ അത് കെ പി എ സിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും.ഞാന്‍ കാരണം കെ പി എ സി യുടെ നാടകം മുടങ്ങിയാല്‍ അതു ഞാനാ പ്രസ്ഥാനത്തോട് ചെയ്യുന്ന നന്ദികേടായിരിക്കും.അതുകൊണ്ട് 'അശ്വമേധം' കളിച്ചു തീരുന്നതുവരെ എന്നെ അഭിനയിക്കാന്‍ അനുവദിക്കൂ.അതുകഴിഞ്ഞ് ഞാന്‍ അഭിനയരംഗത്തു നിന്നുതന്നെ പിന്‍മാറാം.''

അതാ മനുഷ്യന് സമ്മതമായിരുന്നില്ല. മറ്റേതു ജോലിയാണെങ്കിലും വിവാഹശേഷം തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ അയാള്‍ക്ക് വിരോധമുണ്ടായിരുന്നില്ല.എന്നാല്‍ നാടകം കളിച്ചും പാട്ടുപാടിയും നാടു മുഴുവന്‍ അലഞ്ഞുനടക്കുന്ന ഒരു ഭാര്യയെ തനിക്ക് സങ്കല്പിക്കാന്‍ കൂടി കഴിയില്ലെന്ന് അയാള്‍ സുലോചനയെ അറിയിച്ചു.

ഒരു നടിയെന്ന തൊഴിലിന്റെ അന്തസ്സിനെ,അഭിമാനത്തെ ചോദ്യം ചെയ്യുന്നതുപോലെ സുലോചനയ്ക്ക് തോന്നി.

'അങ്ങനെയാണെങ്കില്‍ നാടകാഭിനയം നിറുത്തിയിട്ട് എനിക്ക് ഒരു വിവാഹജീവിതം ആവശ്യമില്ലെന്ന് സുലോചന അയാളുടെ മുഖത്തുനോക്കി തറപ്പിച്ചു പറഞ്ഞു.അങ്ങനെ ആ വിവാഹാലോചനയും മുടങ്ങി.

നൂറു നൂറു സ്വപ്നങ്ങള്‍ നെയ്തുകൂട്ടി സങ്കല്പഗന്ധര്‍ വലോകത്തില്‍ കഴിഞ്ഞിരുന്ന സരോജത്തിന്റെ മേല്‍ ദുരന്തങ്ങള്‍ ഒന്നിനുമേല്‍ മറ്റൊന്നായി വന്നുപതിച്ചതുപോലെ,ആ ദുഃഖപുത്രിയെ അരങ്ങത്ത് അനശ്വരയാക്കിയ അഭിനേത്രിയുടെ വിവാഹസ്വപ്നങ്ങളും തകര്‍ന്നപ്പോള്‍ അറം പറ്റുന്നതുപോലെയായി.എന്നാല്‍ പ്രശസ്തിയുടെ ഉച്ചകോടിയില്‍, അംഗീകാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന സുലോചനയെ അതൊന്നും അലട്ടിയില്ല.

(അടുത്തഭാഗം:''സ്വപ്‌നാടകരേ മാനവജീവിത സത്യാന്വേഷികളേ....'')

*അരങ്ങിലെ അനുഭവങ്ങള്‍-കെപിഎസി സുലോചന, കറന്റ് ബുക്‌സ്, തൃശൂര്‍

**അരങ്ങിലെ അനുഭവങ്ങള്‍-കെപിഎസി സുലോചന, കറന്റ് ബുക്‌സ്, തൃശൂര്‍

(ചിത്രങ്ങള്‍ക്ക് കടപ്പാട് : ശ്രീ.സുരേന്ദ്രന്‍, സി ഉണ്ണിരാജ ലൈബ്രറി, എം എന്‍ സ്മാരകം,തിരുവനന്തപുരം)


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories