TopTop
Begin typing your search above and press return to search.

SERIES| 'സമരപുളകങ്ങള്‍ തന്‍ സിന്ദൂരമാലകള്‍..'-കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

SERIES| സമരപുളകങ്ങള്‍ തന്‍ സിന്ദൂരമാലകള്‍..-കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)

ഭാഗം 48

''കരമന സോമനെന്ന സഖാവിനെ അവര്‍ ആദ്യം കടന്നുപിടിച്ചു. പലവിധത്തില്‍ അദ്ദേഹത്തെ ദേഹോപദ്രവമേല്പിച്ച് വാനിലേയ്ക്ക് വലിച്ചെറിഞ്ഞു. സ:അവണാകുഴി സദാശിവനെ കണ്ടമാനം ഉപദ്രവിച്ച് വാനിലേയ്ക്ക് പിടിച്ചെറിഞ്ഞു.

ഇതിനിടയില്‍ വലിയ തോപ്പി സഖാവ് എന്റെയും സ: കെ എസ് ജോര്‍ജ്ജിന്റെയും മറ്റും നേരെ തിരിഞ്ഞു ചോദിച്ചു:-'എന്താ ഭയം തോന്നുന്നുണ്ടോ?'

ഇല്ലെന്നു ഞങ്ങള്‍ മറുപടി പറഞ്ഞു.

'എന്നാല്‍ ധൈര്യമായിരുന്നോ?' എന്നു സഖാവ് ഞങ്ങളോട് പറഞ്ഞു.

സ:സദാശിവനെ വാനിലാക്കിയശേഷം രണ്ട് ഇന്‍സ്പെക്ടര്‍മാരും എട്ടു പത്ത് റിസര്‍വ് പോലീസുകാരും കൂടി ഞങ്ങളുടെ സഖാവിന്റെ നേരെയാണ് തിരിഞ്ഞത്.പോലീസുദ്യോഗസ്ഥന്മാരുടെ മുഖം ദേഷ്യം കൊണ്ട് ജ്വലിക്കുന്നുണ്ടായിരുന്നു.അവര്‍ സഖാവിന്റെ കയ്യില്‍ കടന്നുപിടിച്ചു മുന്നോട്ടിട്ടു.സഖാവ് കമഴ്ന്നുകിടന്നു.ഒരു പോലീസ് ഇന്‍സ്പെക്ടര്‍ അദ്ദേഹത്തിന്റെ പുറത്തു ഷൂസിട്ട കാലുകൊണ്ടു ചവുട്ടി.മറ്റൊരാള്‍ അദ്ദേഹത്തിന്റെ പുറത്തിരുന്നുകൊണ്ട് തല പിടിച്ച് റോഡില്‍ ഇടിച്ചു.പോലീസുകാരില്‍ ചിലര്‍ സഖാവിന്റെ കയ്യിലും കാലിലും പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും വലിക്കുന്നുണ്ടായിരുന്നു...ഈ കാഴ്ച കണ്ട് ചുറ്റും കൂടി നിന്നവര്‍ പൊട്ടിക്കരഞ്ഞു.ഞങ്ങള്‍ക്കാര്‍ക്കും സങ്കടം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.ആളുകള്‍ ഉറക്കെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി....

ആറേഴുമിനിട്ടു സമയം ഈ പിടിയും വലിയും മര്‍ദ്ദനവും നീണ്ടുനിന്നുവെന്നാണ് എന്റെ ഓര്‍മ്മ.ഇതിനിടയില്‍ ക്ഷീണിച്ചതുപോലെ പോലീസുകാര്‍ അകന്നുമാറി. സഖാവ് ചലനമില്ലാതെ കമഴ്ന്നടിച്ചു റോഡില്‍ കിടക്കുന്ന കാഴ്ച കണ്ട് ഞങ്ങള്‍ ഭയന്നു പോയി!'' *

തലസ്ഥാനനഗരത്തിന്റെ ഹൃദയഭാഗത്തുകൂടി ഉറക്കെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ജാഥ നയിക്കുക,പോലീസിന്റെ ബലപ്രയോഗമുറകളെ നേരിടുക,അറസ്റ്റ് വരിക്കുക --- പണ്ട് 'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി' നിരോധിച്ചപ്പോള്‍ കോവളത്തു നിന്ന് കന്റോണ്മെന്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ജാഥ നടത്തിയ ആ ദിവസം ഓര്‍മ്മ വന്നു സുലോചനയ്ക്ക്.അന്നത്തെ ചങ്കൂറ്റവും സമരവീര്യവും തിരിച്ചുവന്നതുപോലെ.എങ്കിലും പ്രിയപ്പെട്ട വലിയതോപ്പി സഖാവ് പോലീസിന്റെ അടിയും ചവിട്ടും തൊഴിയുമേറ്റ് ടാറിട്ട റോഡിലെ പൊള്ളുന്ന ചൂടില്‍ കിടന്ന് പിടയുന്നതുകണ്ടപ്പോള്‍ വാവിട്ടു കരഞ്ഞുപോയി....

വിമോചനസമരത്തിന്റെ സന്തതിയായി 1960 ല്‍ അധികാരമേറ്റ കോണ്‍ഗ്രസ് - പി എസ് പി മുന്നണി സര്‍ക്കാര്‍ മുഖ്യമന്ത്രി പട്ടം താണുപിള്ള തല്‍സ്ഥാനമൊഴിഞ്ഞു പഞ്ചാബ് ഗവര്‍ണറായി പോയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരായി മാറി.


(1962ല്‍ അധികാരമേറ്റ ആര്‍.ശങ്കര്‍ മന്ത്രിസഭ)

ഉപമുഖ്യമന്ത്രി ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായി. വൈകാതെ മുക്കൂട്ട് മുന്നണിയില്‍ നിന്ന് പി എസ് പിയും മുസ്ലീം ലീഗും വിട്ടുപോയി. മുഖ്യമന്ത്രി ശങ്കറിന്റെയും ആഭ്യന്തരമന്ത്രി പി ടി ചാക്കോയുടെയും അടുത്ത ലക്ഷ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തളയ്ക്കുക എന്നതായിരുന്നു.അന്ന് സിനിമയേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനവും സ്വീകാര്യതയും നാടകത്തിനായിരുന്നല്ലോ.കെ പി എ സി,കാളിദാസകലാ കേന്ദ്രം,പ്രതിഭാ ആര്‍ട്ട്സ് ക്ലബ്ബ് തുടങ്ങി ഇടതുപക്ഷ അനുഭാവമുള്ള നാടകസമിതികളാണ് അന്ന് മുന്‍ നിരയില്‍ ഉണ്ടായിരുന്നത്.കേരളത്തിലെ ജനകീയകലയായ നാടകത്തിന് കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ ഒരു വഴി കണ്ടെത്തി.പ്രഫഷണല്‍ നാടകങ്ങളുടെ നികുതി വിവിധയിനങ്ങളിലായി നാല്‍പ്പത്തിയഞ്ചു ശതമാനം കണ്ടു വര്‍ദ്ധിപ്പിക്കാന്‍ ധനവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ശങ്കര്‍ തീരുമാനിച്ചു.വിനോദനികുതി ഇരുപത്തിയഞ്ചു ശതമാനമായി ഉയര്‍ത്തി.തീയേറ്റര്‍ ബുക്ക് ചെയ്യണമെങ്കില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് അന്‍പതു രൂപ കൊടുത്ത് ലൈസന്‍സ് എടുക്കണം.ഓരോ സീറ്റിനും ഏര്‍പ്പെടുത്തിയ സീറ്റ് ടാക്സ്,നാടകാവതരണത്തിനുള്ള ഷോ ടാക്സ് എന്നിവക്ക് പുറമെ പോസ്റ്റര്‍ ഒട്ടിക്കുന്നതിന് ഒരു പോസ്റ്ററിന് അന്‍പതു പൈസ നിരക്കിലും നാടക ബോര്‍ഡ് വെക്കണമെങ്കില്‍ വലിപ്പമനുസരിച്ച് രണ്ടു രൂപ മുതല്‍ മൂന്നു രൂപ വരെയുള്ള നിരക്കിലും നികുതി നിശ്ചയിച്ചു.

മലയാള നാടകവേദിയുടെ കഴുത്ത് ഞെരിക്കുന്ന സര്‍ക്കാര്‍ നടപടികളെ കുറിച്ച് തോപ്പില്‍ ഭാസി ഓര്‍മ്മിക്കുന്നു. ''കെ പി എ സി മുന്‍കൈയെടുത്ത് മറ്റുചില സമിതികളെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാരിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു.നാടകക്കാരെ വിളിച്ചുവരുത്തി പ്രശ്‌നമൊന്നു ചര്‍ച്ച ചെയ്യാന്‍ കൂടി സര്‍ക്കാര്‍ തയ്യാറായില്ല.എന്നു മാത്രമല്ല,നാടകസമിതികളെ ഉന്മൂലനാശം ചെയ്യുവാനുള്ള കൂടുതല്‍ നടപടികള്‍എടുക്കുകയും ചെയ്തു.അതിലൊന്നാണ് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്തിരുന്ന നാടകവാനുകള്‍ക്ക് ബസിന്റെ രജിസ്‌ട്രേഷന്‍ വേണമെന്ന്(സീറ്റ് കണക്കാക്കി)സര്‍ക്കാര്‍ ശഠിച്ചത്.കെ പി എ സി പുതുതായി വാങ്ങിയ 'ഫര്‍ഗോ' വാന്‍ അറുനൂറു രൂപ ക്വാര്‍ട്ടറില്‍ കൊടുത്ത് ബസ്സ്‌പോലെ രജിസ്റ്റര്‍ ചെയ്യണമെന്ന് ആര്‍ ടി ഓ ശഠിച്ചപ്പോള്‍ പ്രസിഡന്റായ കാമ്പിശ്ശേരി കരുണാകരനും ഞാനും കൂടി ഒരു നിവേദനവുമായി ട്രാന്‍സ്പോര്‍ട്ട് മന്ത്രിയെ ചെന്നു കണ്ടു.സാംസ്‌കാരിക സംഘടനകള്‍ക്ക് വാഹനം പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്തുകൊടുക്കാന്‍ 'മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടി'ല്‍ വ്യവസ്ഥയുണ്ടെന്നു ഞങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍,ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞത് ഞങ്ങള്‍ നാടക ബിസിനസ്സ് നടത്തുകയാണെന്നാണ്....''**

....നേരത്തെ കെ പി എ സി ഫര്‍ഗോ വാന്‍, ടി വി എസില്‍ ബുക്ക് ചെയ്തപ്പോഴാണ് യുദ്ധം വന്നത്.തുടര്‍ന്ന് സര്‍ക്കാര്‍ ഫര്‍ഗോ പെട്രോള്‍ വാനുകളുടെ വില്‍പ്പന നിരോധിച്ചു.ഒരു കലാസംഘടനയായ കെ പി എ സി യുടെ വാന്‍ വിട്ടുകിട്ടണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കാമ്പിശ്ശേരി, പ്രധാനമന്ത്രി നെഹ്‌റു വിന് ഒരു കത്തെഴുതി.ലോക്‌സഭയിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് നേതാവായ എ കെ ജിയും പ്രശ്‌നത്തിലിടപെട്ടു.1962 ഡിസംബര്‍ 15 ന് എഴുതിയ കത്തിന്മേലുള്ള നടപടി യായി ഡിസംബര്‍ 22 നു തന്നെ കെ പി എ സി യ്ക്ക് വാന്‍ വിട്ടുകൊടുക്കണമെന്നു ടി വി എസിനോടാവാശ്യപ്പെടുന്ന ഉരുക്ക്-ഘനവ്യവസായ മന്ത്രാലയത്തിന്റെ ഓര്‍ഡറിന്റെ കോപ്പി കെ പി എ സിയ്ക്ക് ലഭിച്ചു.ചൈനീസ് ആക്രമണത്തെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് നേതാക്കളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന നാളുകളിലാണ് പ്രധാനമന്ത്രി നെഹ്‌റു ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയതെന്നതും ശ്രദ്ധേയമാണ്....

ഇതിനൊക്കെ പുറമെയായിരുന്നു ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനം വന്നത്.നാട് മുഴുവന്‍ പ്രതിഷേധിച്ച ആ തീരുമാനത്തിന്റെ ഭാരവും ഏറ്റവുമധികം അനുഭവിക്കേണ്ടി വന്നത് നാടകക്കാരായിരുന്നു. പുതിയ നിയമമനുസരിച്ച്, സംഗീതോപകരണങ്ങള്‍ ബസില്‍ കൊണ്ടുപോയാല്‍ ഒരാളിന്റെ ചാര്‍ജ്ജുകൂടി കൊടുക്കണം. ഒരു വയലിന്‍ മടിയില്‍ വെച്ചുകൊണ്ടുപോയാലോ ഒരു ഫ്‌ളൂട്ട് കയ്യില്‍ വെച്ചുകൊണ്ടുപോയാലോ രണ്ടുപേരുടെ ടിക്കറ്റ് എടുക്കണം.മൊത്തം മൂവായിരം രൂപ എങ്കിലും പിരിയാതെ ഒരു നാടകം നടത്താന്‍ വയ്യാത്ത അവസ്ഥയായി.നാടക കോണ്ട്രാക്ടര്‍മാരെല്ലാം അവരുടെ ഓഫിസ് പൂട്ടി.കെ പി എ സി,കാളിദാസകലാ കേന്ദ്രം,ചങ്ങനാശ്ശേരി ഗീഥാ ആര്‍ട്ട്സ് ക്ലബ്ബ്,അപ്പോഴേക്കും സ്ഥിരം നാടകവേദി ആയിമാറിയ കലാനിലയം തുടങ്ങിയവ ഒഴിച്ചുള്ള ഏതാണ്ടെല്ലാ പ്രൊഫഷണല്‍ നാടകസമിതികളും കര്‍ട്ടനിടാന്‍ തന്നെ തീരുമാനിച്ചു. നൂറുകണക്കിന് കലാകാരന്മാരും കലാകാരികളും മുഴുപ്പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥ.ഈ അനീതിയെ പ്രക്ഷോഭം കൊണ്ടു നേരിടാന്‍ തന്നെ കെ പി എ സി തീരുമാനിച്ചു.നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരനമാര്‍ ഒട്ടുമിക്കപേരും മറ്റു തൊഴിലുകള്‍ തേടിപ്പോയിരുന്നതുകൊണ്ട്, അവരെ മാത്രം അണിനിരത്തിക്കൊണ്ട് ഒരു സമരം നടത്താനുള്ള ആള്‍ബലമില്ല.അതുകൊണ്ട്, അന്യായമായ ബസ് ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ സമരം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം അണി നിരന്നുകൊണ്ട് ' പുതിയ വിനോദനികുതി പിന്‍വലിക്കണമെന്ന' പ്ലക്കാര്‍ഡുമേന്തി, കെ പി എ സി അംഗങ്ങളും സമരരംഗത്തിറങ്ങണമെന്നു നിശ്ചയിച്ചു.


(തോപ്പില്‍ഭാസി)

കെ പി എ സി യുടെ സെക്രട്ടറി തോപ്പില്‍ഭാസി നേരിട്ടുതന്നെ സമരത്തെ നയിക്കണമെന്നായിരുന്നു തീരുമാനം. സുലോചനയും കെ എസ് ജോര്‍ജ്ജും ഒപ്പമു ണ്ടാകണമെന്നും.കാരണം ആ രണ്ടുപേരിലൂടെയുമാണല്ലോ ജനകീയ നാടകപ്രസ്ഥാനം ഇന്നും ജനങ്ങള്‍ക്കിടയില്‍ ഏറ്റവും അറിയപ്പെടുന്നത്.അന്നത്തെ പ്രത്യേക സാമൂഹ്യ ചുറ്റുപാടുകളില്‍ കലാകാരികള്‍ സമരം ചെയ്യുന്നതും മറ്റും അത്യപൂര്‍വമായിരുന്നു.കെ പി എ സി യിലെ മറ്റു മൂന്നുനടികളും അക്കാരണം കൊണ്ടുതന്നെ മടി കാണിച്ചപ്പോള്‍ സുലോചന സമരം ചെയ്യാന്‍ തയ്യാറായി. ഉള്ളിലല്പം ഭയമുണ്ടായിരുന്നു എന്നത് നേര്. പഴയ പോലീസുകാരനും ഇപ്പോഴും കമ്മ്യൂണിസ്റ്റ് വിരോധിയുമായ അച്ഛനെ ഓര്‍ത്തായിരുന്നു പേടി.കല്യാണം കഴിക്കാന്‍ സുലോചന യെ വീട്ടുകാര്‍ വല്ലാതെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണ്.മാത്രമല്ല നാട്ടില്‍ നിന്നുതന്നെ വന്ന ഒരു ആലോചന ഏതാണ്ട് തീര്‍ച്ചപ്പെടുത്തിയ നിലയിലുമാണ്.പണ്ടത്തെപ്പോലെ 'ഡിമാന്റുകളൊ'ന്നും ചെറുക്കന്‍ വീട്ടുകാരുടെ ഭാഗത്തുനിന്നുണ്ടാകാത്തതുകൊണ്ട്, സുലോചനയും എതിര്‍പ്പൊന്നും പറഞ്ഞില്ല.നാടകത്തിന് പോകുന്നത് നിറുത്തണമെന്ന കുഞ്ഞുകുഞ്ഞിന്റെ ആവശ്യത്തിന് ഇതുവരെ വഴങ്ങിയിട്ടില്ലെന്നു മാത്രം.ഈ സാഹചര്യത്തില്‍ വീട്ടില്‍ അറിയിക്കാനും സമ്മതം ചോദിക്കാനും ഒന്നും പോകേണ്ടെന്ന് കൃഷ്ണന്‍ കുട്ടിയും സുലോചനയും കൂടി തീരുമാനമെടുത്തു. സമരത്തില്‍ പങ്കെടുക്കാന്‍ കൃഷ്ണന്‍ കുട്ടിക്കായിരുന്നു കൂടുതല്‍ ഉത്സാഹം.സ്ത്രീ ആയതുകൊണ്ട്,സുലോചനയെ അറസ്റ്റ്ചെയ്ത് ജയിലിലടക്കാന്‍ സാദ്ധ്യതയില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്.ഏതായാലും എന്തുവന്നാലും നേരിടുക തന്നെ എന്ന ചങ്കൂറ്റത്തോടെ സുലോചന സമരത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി.


(കെ പി എ സി സമരം ചെയ്യുമെന്ന വാര്‍ത്ത)

1963 ജൂലൈ 21. അന്നൊരു ഞായറാഴ്ചയായിരുന്നു. ആര്‍ ശങ്കര്‍ സര്‍ക്കാരിന്റെ പുതിയ നികുതിനയത്തില്‍ പ്രതിഷേധിച്ച് കെ പി എ സി പ്രവര്‍ത്തകര്‍ സത്യഗ്രഹം അനുഷ്ഠിക്കുന്ന കാര്യം നേരത്തെ തന്നെ പത്രങ്ങളിലൂടെ അറിയിച്ചിരുന്നു. തോപ്പില്‍ ഭാസിയുടെ നേതൃത്വത്തില്‍ സുലോചന, കെ എസ് ജോര്‍ജ്ജ്, സി ജി ഗോപിനാഥ്,ജോസഫ്,ജോണ്‍സണ്‍,തോപ്പില്‍ കുമാരപിള്ള എന്നിവര്‍ പാളയത്തുള്ള വിശ്വകേരളം പത്രമാഫീസിന്റെ മുന്നില്‍ നിന്ന് ജാഥയായി പുറപ്പെട്ടു.'വര്‍ദ്ധിപ്പിച്ച വിനോദനികുതി വെട്ടികുറയ്ക്കുക' എന്ന പ്ലക്കാര്‍ഡും പിടിച്ചുകൊണ്ട് തോപ്പില്‍ ഭാസിയുടെ തൊട്ടടുത്ത് സുലോചനയാണ് നടന്നിരുന്നത്.നൂറുകണക്കിനാളുകള്‍ ജാഥയുടെ പിറകില്‍ നടന്നു. ഞായറാഴ്ചയായിട്ടുപോലും കേട്ടറിഞ്ഞുവന്ന ധാരാളം പേര്‍ റോഡിന്റെ ഇരുവശങ്ങളിലുമായി ജാഥ കാണാനായി കൂടി നിന്നു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടിയേറ്റംഗങ്ങളായ ടി സി നാരായണന്‍ നമ്പ്യാര്‍ എം എല്‍ എ, സി ഉണ്ണിരാജ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി കാട്ടായിക്കോണം വി ശ്രീധര്‍,താലൂക്ക് സെക്രട്ടറി അവണാകുഴി സദാശിവന്‍, യുവനേതാവായ കരമന സോമന്‍ തുടങ്ങിയവര്‍ ജാഥയോടൊപ്പമുണ്ടായിരുന്നു.

യൂണിവേഴ്സിറ്റി കോളജ് ജംഗ്ഷന്‍ കഴിഞ്ഞപ്പോള്‍ ദൂരെ ഒരു വലിയ സംഘം പൊലീസുകാര്‍ നില്‍ക്കുന്നത് കണ്ട്,സുലോചനയ്ക്ക് വല്ലാത്ത ഭയം തോന്നി.സെക്രട്ടറിയേറ്റിനെ സമീപിച്ചപ്പോള്‍ തോപ്പില്‍ഭാസി പിന്നോട്ടു തിരിഞ്ഞു പറഞ്ഞു:'ഇനിയാരും മുദ്രാവാക്യം വിളിക്കരുത്.നിശ്ശബ്ദമേഖലയാണ്.'

എല്ലാവരും മുദ്രാവാക്യം വിളി പൂര്‍ണ്ണമായി നിറുത്തി മുന്നോട്ടു നടന്നു.അപ്പോള്‍ രണ്ടു പോലീസ് ഇന്‍സ്പെക്ടര്‍മാര്‍ മുന്നോട്ടു വന്ന് തടഞ്ഞു കൊണ്ട് ജാഥ മുന്നോട്ടുപോകാന്‍ പാടില്ലെന്ന് വിലക്കി.

'മുദ്രാവാക്യം വിളിക്കാതെ മുന്നോട്ടുപോയ്‌ക്കോളാമെന്നു ഭാസി പറഞ്ഞപ്പോള്‍ 'ഒരുവിധത്തിലും പോകാന്‍ സാദ്ധ്യമില്ലെ'ന്നായി പോലീസ് ഉദ്യോഗസ്ഥന്മാര്‍.

'നിരോധിക്കാത്ത ജാഥയെ തടയുന്നത് നിയമവിരുദ്ധമാണ്.നിയമവിരുദ്ധമായി നിങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ ഞങ്ങള്‍ അനുസരിക്കുകയില്ല ' എന്നു പറഞ്ഞുകൊണ്ട് മുന്നോട്ടു നടക്കാന്‍ ഭാവിച്ച തോപ്പില്‍ഭാസി യെ പൊലീസുകാര്‍ നെഞ്ചിനു പിടിച്ച് പിറകോട്ടു തള്ളി.

'ഞങ്ങള്‍ ഈ റോഡിലിരുന്ന് സത്യഗ്രഹം നടത്താന്‍ പോകുകയാണ്' എന്നു പറഞ്ഞുകൊണ്ട് ഭാസി അവിടെത്തന്നെ ഇരുന്നു.മറ്റുള്ളവരോട് ഇരിക്കാനും നിര്‍ദ്ദേശിച്ചു.വാഹനങ്ങള്‍ക്ക് കടന്നുപോകത്തക്കവണ്ണം വഴി ഒഴിച്ചിട്ടിട്ടാണ് എല്ലാവരും ഇരുന്നത്.


(തോപ്പില്‍ഭാസിയുടെ നേതൃത്വത്തില്‍ സുലോചന, കെ എസ് ജോര്‍ജ്ജ്,സി ജി ഗോപിനാഥ് തുടങ്ങിയവര്‍ സത്യഗ്രഹം നടത്തുന്നു.അടുത്തുനില്‍ക്കുന്നത് ദേശാഭിമാനി ലേഖകനായ പവനന്‍)

കമ്മ്യൂണിസ്റ്റ് നേതാക്കളായ ടി സി നാരായണന്‍ നമ്പ്യാരും സി ഉണ്ണിരാജ യും പോലീസ് ഉദ്യോഗസ്ഥന്മാരോട് സംസാരിച്ചിട്ടും ഫലമുണ്ടായില്ല.ജാഥ നടത്താന്‍ സമ്മതിക്കില്ലെന്ന വാദത്തില്‍ പോലീസ് ഉറച്ചുനിന്നു.അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ വന്ന് 'നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു.വന്നു വാനില്‍ കയറണ മെ'ന്ന് ഭാസിയോടാവശ്യപ്പെട്ടു.

'വാറണ്ടുണ്ടോ?' ഭാസി ചോദിച്ചു.

'വാറണ്ടൊന്നും വേണ്ട.നിങ്ങള്‍ എഴുന്നേറ്റു വന്ന് വാനില്‍ കയറുന്നുണ്ടോ?'

'നിയമവിരുദ്ധമായി ജാഥ തടയുകയും നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുകയും ചെയ്താല്‍ ഞാനതനുസരിക്കുകയില്ല.കഴിഞ്ഞ ഇരുപതിലേറെക്കൊല്ലമായി നട്ടെല്ലു നിവര്‍ത്തുനിന്ന് ഈ രാജ്യത്തെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവനാണ് ഞാന്‍.വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ നട്ടെല്ലല്ലാ എന്റേത്' എന്നായിരുന്നു തോപ്പില്‍ഭാസി യുടെ മറുപടി.


(സത്യഗ്രഹം നടത്തുന്നവര്‍ക്ക് നേരെയുള്ള പോലീസ് അതിക്രമം)

തുടര്‍ന്ന് പോലീസുകാര്‍ കാഴ്ചക്കാരായി നിന്നവരെയൊക്കെ വിരട്ടിയോടിച്ചു.ദേശാഭിമാനി ലേഖകനായ പവനന്‍ മാത്രം അവിടെ നിന്നു മാറിനില്‍ക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് നടന്നത് ഒരു നരനായാട്ടു തന്നെയായിരുന്നു. കരമന സോമനെയും അവണാകുഴി സദാശിവനെയും ക്രൂരമായി തല്ലിയ പോലീസ് തോപ്പില്‍ഭാസിയെ മര്‍ദ്ദിച്ചു ബോധരഹിതനാക്കി.ടി സി എന്നും ഉണ്ണിരാജയും മര്‍ദ്ദനത്തിനിരകളായി.തോപ്പില്‍ഭാസിയ്ക്ക് ബോധം വീണ്ടുകിട്ടിയപ്പോള്‍ എടുത്ത് വാനിലേയ്‌ക്കേറിഞ്ഞു.


(തോപ്പില്‍ഭാസിയെ വാനില്‍ കയറ്റാന്‍ ശ്രമിക്കുന്നു)

'പോലീസ് വലിച്ചെറിഞ്ഞപാടേ വാനില്‍ കിടന്നുകൊണ്ട് സഖാവ് വിളിച്ചുപറഞ്ഞു --

'സുലോചനേ,വാനില്‍ കയറിക്കോളൂ,എല്ലാവരും വാനില്‍ കയറിക്കോളൂ'-- എന്ന്. ഞങ്ങളതനുസരിച്ചു.എന്നിട്ടും സഖാവ് സി ജി യേയും മറ്റും പോലീസ് കൈയ്ക്കു പിടിച്ച് വെട്ടിവലിച്ച് തറയിലിട്ടു.

സഖാവിനോട് പിന്നീട് ഞങ്ങള്‍ ചോദിച്ചു -- എന്തിനാണ് ഞങ്ങള്‍ എഴുന്നേറ്റു വാനില്‍ കയറിക്കൊള്ളുവാന്‍ പറഞ്ഞതെന്ന്.അപ്പോഴാണെനിക്ക് മനസ്സിലായത് എന്നെ മാത്രം കരുതിയാണ് അങ്ങനെ പറഞ്ഞതെന്ന്.

സ്ത്രീപോലീസുകാരാരും ഉണ്ടായിരുന്നില്ല.അപ്പോള്‍ നിശ്ചയമായും പോലീസ് എന്നോടും മറ്റു പുരുഷന്മാരോട് പെരുമാറിയതുപോലെ പെരുമാറും. അങ്ങനെയൊരു സന്ദര്‍ഭം ഉണ്ടാതിരിക്കുവാന്‍ സഖാവ് മുന്‍കൂട്ടി കരുതി.'***


(കെപിഎസിക്കാരെ അറസ്റ്റ് ചെയ്തു വാനില്‍ കയറ്റുന്നു)

സുലോചനയെ അറസ്റ്റ് ചെയ്ത്,നാല്‍പ്പത്തിനാല് പുരുഷന്മാരോടൊപ്പം നേരെ പൂജപ്പുര സ്റ്റേഷനിലേക്ക് കൊണ്ടുപോയി.രാവിലെ പതിനൊന്നു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ സ്റ്റേഷനിലുള്ള പൊലീസുകാരുടെയും അവിടെ പല കേസുകളിലായി പിടിച്ചുകൊണ്ടു വരുന്ന കുറ്റവാളികളുടെയും ഇടയിലായി സുലോചനയെ ഒറ്റയ്ക്ക് ഇരുത്തി. സുലോചനയെ അറസ്റ്റ് ചെയ്യുന്നതിനോ മറ്റു കാര്യങ്ങള്‍ അന്വേഷിക്കുന്നതിനോ ആയി ഒരു വനിതാ പോലീസുകാരിയെപ്പോലും നിയോഗിച്ചില്ല. അറിയപ്പെടുന്ന ഒരു കലാകാരിയ്ക്ക് കൊടുക്കുന്ന പരിഗണന പോയിട്ട് ഒരു സാധാരണ പൗര യോട് കാണിക്കേണ്ട മര്യാദ പോലും സുലോചന യോട് പോലീസ് കാണിച്ചില്ല.പോലീസ് മന്ത്രിക്കെഴുതിയ തുറന്ന കത്തില്‍ സുലോചന,ഈ നടപടി യെ നിശിതമായി വിമര്‍ശിച്ചു.


(കെപിഎസി സുലോചന) ****

'.....നാടകക്കാരിയാണെങ്കിലും ഞാനൊരു സ്ത്രീയാണ്.സ്ത്രീസഹജമായ മര്യാദയും ഒതുക്കവും മറ്റേതൊരു സ്ത്രീയെയും പോലെ എനിക്കും വേണം.നാല്‍പ്പത്തിനാല് തടവുകാരും അതിന്റെ എത്രയോ ഇരട്ടി ആയുധധാരികളായ പോലീസുകാരും ഉള്ള ഒരു പോലീസ് സ്റ്റേഷനില്‍, മനുഷ്യസഹജമായ പ്രാഥമികാവശ്യങ്ങള്‍ക്കു പോലും വൈഷമ്യമനുഭവപ്പെടുന്ന ഒരു സ്ത്രീ എന്തു മനോദുരിതമായിരിക്കും അനുഭവിക്കുകയെന്ന് അങ്ങയുടെ ഭാര്യയോടോ മകളോടോ അങ്ങൊന്നു ചോദിച്ചുനോക്കു.ഒരു സ്ത്രീപോലീസിനെ എന്റെ കൂടെ വിടാതിരുന്നതെന്തുകൊണ്ടെന്ന് അങ്ങയുടെ ഉദ്യോഗസ്ഥന്മാരോട് അങ്ങൊന്നു ചോദിക്കുമോ?

വൈകിട്ട് ആറുമണിക്ക് എന്നെ കന്റോണ്മെന്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനാണ് രണ്ടു സ്ത്രീപോലീസുകാര്‍ വന്നത്.പക്ഷെ രാത്രി പതിനൊന്നു മണിക്ക് ജാമ്യത്തിലിറക്കുന്നതുവരെ എനിക്ക് സൈ്വര്യമായ് ഒന്നിരിക്കാനുള്ള സൗകര്യമോ ആഹാരമോ അങ്ങയുടെ ഉദ്യോഗസ്ഥന്മാര്‍ തരികയുണ്ടായില്ല.

ഈ രാജ്യത്തെ ജനങ്ങള്‍ ബഹുഭൂരിപക്ഷവും കക്ഷിരാഷ്ട്രീയത്തിന തീതമായി സ്‌നേഹിക്കുന്ന ഒരു പ്രശസ്ത സാഹിത്യ കാരനെ,അദ്ദേഹം രാഷ്ട്രീയത്തിലും പ്രമുഖനായ ഒരു വ്യക്തിയായിരിക്കെ നടുറോഡിലിട്ട് നീചമായി മര്‍ദ്ദിക്കാമെങ്കില്‍ എന്നോട് ചെയ്തത് ഒരു ക്രൂരതയൊന്നുമല്ല.'

പൂജപ്പുര പോലീസ് സ്റ്റേഷനില്‍ നിന്ന് സുലോചനയേയും മറ്റുള്ളവരെയും വിട്ടയച്ചപ്പോള്‍ നേരം നന്നേ ഇരുട്ടി.പുറത്തു കാത്തുനില്‍ക്കുകയായിരുന്ന പാര്‍ട്ടി സഖാക്കള്‍ അത്യുച്ചത്തില്‍ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് എല്ലാവരെയും എതിരേറ്റത്.അപ്പോള്‍ തന്നെ സുലോചന യും കൃഷ്ണന്‍കുട്ടിയും കായംകുളത്തേക്ക് പോയി.കായംകുളത്തോട് അടുക്കുന്തോറും രണ്ടുപേര്‍ക്കും ഉള്ളില്‍ ഒരാന്തല്‍ പോലെ തോന്നിത്തുടങ്ങി.

അതുവരെയുണ്ടായിരുന്ന ധൈര്യമൊക്കെ ചോര്‍ന്നുപോകുന്നത് സുലോചന തിരിച്ചറിഞ്ഞു.അച്ഛനെ എങ്ങനെ അഭിമുഖീകരിക്കും എന്നതായിരുന്നു ഭയത്തിന്റെ പ്രധാന കാരണം.സമരത്തില്‍ പങ്കെടുക്കണമെന്ന് പാര്‍ട്ടിയും കെ പി എ സി യും ആവശ്യപ്പെട്ടപ്പോള്‍,അച്ഛനോട് അനുവാദമൊന്നും ചോദിക്കാതെ കയറിയങ്ങു സമ്മതിക്കുകയായിരുന്നു.അറസ്റ്റ്,ജയില്‍ തുടങ്ങിയ വരും വരാഴികകളെ കുറിച്ചൊന്നും അപ്പോള്‍ ഓര്‍മ്മിച്ചില്ല.

എങ്കിലും ഒരു കാര്യം ഉറപ്പായിരുന്നു.അച്ഛന്‍ എതിര്‍ത്തിരുന്നെങ്കിലും സമരത്തില്‍ പങ്കെടുക്കുക തന്നെ ചെയ്യുമായിരുന്നു. കാരണം,കെ പി എ സി യിലെ മാത്രമല്ല, മലയാളനാടകവേദിയിലെ തന്നെ ഒന്നാംസ്ഥാനത്തുള്ള, നായികയും ഗായികയുമായ തന്റെ ഉത്തരവാദിത്തവും കടമയുമാണ് ഈ സമരത്തില്‍ പങ്കെടുക്കേണ്ടത് എന്നായിരുന്നു സുലോചനയുടെ വിചാരം.ഇതിനെക്കാളുമൊക്കെ എത്രയോ വലിയ പരീക്ഷണങ്ങളെയും പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിട്ടതാണ്.

ഇത്രയും നീണ്ട കാലമായി മകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കലാസമിതിയിലെ പ്രധാന താരമായി തിളങ്ങുമ്പോഴും ഒരു കമ്മ്യുണിസ്റ്റുകാരിയായി തന്നെ നാട് മുഴുവനും അറിയപ്പെടുമ്പോഴും കുഞ്ഞുകുഞ്ഞ് പഴയതുപോലെ കമ്മ്യൂണിസ്റ്റ് വിരോധിയായി തന്നെ തുടരുകയായിരുന്നു.സമരത്തിന്റെയും അറസ്റ്റിന്റെയുമൊക്കെ കാര്യം നാട്ടുകാര്‍ പറഞ്ഞാണ് കുഞ്ഞുകുഞ്ഞ് അറിയുന്നത്. തോപ്പില്‍ഭാസി പോലീസ്മ ര്‍ദ്ദനത്തിന് വിധേയനാകുകയും സുലോചനയും മറ്റും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് കായംകുളത്ത് വന്‍ പ്രതിഷേധപ്രകടനവുംയോഗവുമൊക്കെ നടന്നിരുന്നു.നിങ്ങളെന്ന കമ്മ്യുണിസ്റ്റാക്കി കളിച്ചുകൊണ്ടിരുന്ന നാളുകളിലും ചവറ മധുസൂദനന്‍ പിള്ള കൊലക്കേസിന്റെ കാലത്തും സുലോചനയ്ക്കും മറ്റ് കെ പി എ സി അംഗങ്ങള്‍ക്കും അറസ്റ്റ് ഉള്‍പ്പെടെയുള്ള പല ഭീഷണികളെയും നേരിടേണ്ടി വന്നിട്ടുണ്ട്.അന്നൊന്നുമില്ലാതിരുന്ന ഒരു വിഷമവും വേവലാതിയും കുഞ്ഞുകുഞ്ഞിന് ഇപ്പോഴുണ്ടാകാന്‍ കാരണമുണ്ട്. ഏതാണ്ട് തീര്‍ച്ചപ്പെടുത്തിയ വിവാഹാലോചന ഈ സമരവും അറസ്റ്റുമൊക്കെ കാരണം മുടങ്ങിപ്പോകുമോ എന്ന ആശങ്കയായിരുന്നു മുന്നിട്ടു നിന്നത്. മക്കള്‍ വന്നിട്ട് 'രണ്ടെണ്ണം കൊടുക്കാനായി' കുഞ്ഞുകുഞ്ഞ് ഉമ്മറത്ത് തന്നെ ഉറക്കമിളച്ച് കാത്തിരുന്നു.

പേടിച്ചു പേടിച്ച് അണ്ണന്റെ പിറകിലൊളിച്ച്,രാത്രിയേറെച്ചെന്നപ്പോള്‍ വീട്ടില്‍ച്ചെ ന്നു കയറിയപ്പോള്‍ എതിരേറ്റത് ഒരു അലര്‍ച്ചയാണ്.

'കേറിപ്പോകരുത് എന്റെ വീട്ടില്‍'

പിന്നെ ഒരു ശകാരവര്‍ഷമായിരുന്നു.കൃഷ്ണന്‍ കുട്ടിയാണ് ചീത്ത മുഴുവനും കേട്ടത്.

'എന്താടാ നീ നിന്റെ സഹോദരിയെ കൊലയ്ക്കു കൊടുക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണോ?'

കൃഷ്ണന്‍കുട്ടി ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നതേയുള്ളൂ.

'കല്യാണം നിശ്ചയിച്ച പെണ്ണ് സമരം ചെയ്യാനും അറസ്റ്റ് വരിക്കാനുമൊക്കെ പോയാലുണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ച് ഓര്‍ത്തിട്ടാണോ അവളേം കൊണ്ടു നീ പോയത്?'

അണ്ണന്റെ ദയനീയാവസ്ഥ കണ്ട് സുലോചന ഇടപെട്ടു.

'അച്ഛന്‍ പേടിക്കുന്നതുപോലെയൊന്നും നടന്നിട്ടില്ല.എന്നെ അറസ്റ്റ് ചെയ്തുവെന്നേയുള്ളൂ.ആരും ഉപദ്രവിച്ചില്ല. തന്നെയുമല്ല,ഞങ്ങളെ ഒന്നും ചെയ്യാതിരിക്കാനായി മുഴുവന്‍ നേരവും ആയിരക്കണക്കിന് സഖാക്കള്‍ അവിടെയാ സ്റ്റേഷന്റെ ചുറ്റുവട്ടത്തു തന്നെയുണ്ടായിരുന്നു.'

അമ്മയും അക്കാമ്മയും ചേര്‍ന്ന് ഒരുവിധത്തില്‍ അച്ഛനെ അടക്കിയിരുത്തി. സുലോചന വീട്ടിലെത്തിയെന്നറിഞ്ഞ്,ചുറ്റുപാടുമുള്ളവരും അടുത്ത പ്രദേശങ്ങളില്‍ നിന്നുള്ളവരുമൊക്കെ കാണാനെത്തി.എല്ലാവരും സുലോചനയുടെ ധൈര്യത്തെയും ചങ്കൂറ്റത്തെയും പുകഴ്ത്തുന്നതൊക്കെ കേട്ടപ്പോഴാണ് കുഞ്ഞുകുഞ്ഞിന് മകള്‍ ചെയ്തതിന്റെ പ്രാധാന്യം ബോദ്ധ്യമാകുന്നത്.

രാവിലെ പത്രം വന്നപ്പോള്‍,മുന്‍പേജില്‍ തന്നെ സമരത്തിന്റെ വിശദമായ റിപ്പോര്‍ട്ട് വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. പിന്നീടുള്ള ഒരാഴ്ചക്കാലം പ്രമുഖപത്രങ്ങളില്‍ കെ പി എ സി യുടെ സമരം ഒരു പ്രധാന വിഷയമായി. വ്യാപകമായ പ്രതിഷേധമാണ് പോലീസിന്റെ അതിക്രമത്തിനെതിരെ ഉണ്ടായത്.പലയിടത്തും പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും നടന്നു.


(പോലീസ് മര്‍ദ്ദനത്തെ കുറിച്ചുള്ള പത്രവാര്‍ത്ത, പ്രതിഷേധത്തെ കുറിച്ച് വിവിധ പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളും വാര്‍ത്തകളും)

കാമ്പിശ്ശേരി ആവശ്യപ്പെട്ടതനുസരിച്ച് സുലോചന ആഭ്യന്തര മന്ത്രി പി ടി ചാക്കോയ്ക്ക് ഒരു തുറന്ന കത്തെഴുതി.


(പോലീസ് മന്ത്രിക്ക് കെപിഎസി സുലോചന എഴുതിയ തുറന്ന കത്തിനെക്കുറിച്ചുള്ള പരസ്യം)

സമരത്തിന് പ്രേരകമായ ടാക്സ് വര്‍ദ്ധനയെക്കുറിച്ചും സമരത്തിന്റെ നേരെ പോലീസ് അഴിച്ചുവിട്ട കിരാത മര്‍ദ്ദനത്തെ കുറിച്ചും നിശിതമായ, കുറിക്കു കൊള്ളുന്ന ഭാഷയില്‍ എഴുതിയ ആ കത്ത് ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ടു. തോപ്പില്‍ഭാസിയാണ് നര്‍മ്മം കലര്‍ന്ന ഭാഷയില്‍ അതിന് ആമുഖം എഴുതിയത്.


(പോലീസ് മന്ത്രിക്ക് കെപിഎസി സുലോചന എഴുതിയ തുറന്ന കത്തിനെക്കുറിച്ചുള്ള പരസ്യം)

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറുനാടുകളില്‍ നിന്നുമൊക്കെ സുലോചനയ്ക്ക് അഭിനന്ദനക്കത്തുകളുടെ പ്രവാഹം തന്നെയായിരുന്നു.

സുലോചനയെ സംബന്ധിച്ചിടത്തോളം ഒരുപാട് സന്തോഷവും അല്‍പ്പം അഹങ്കാരവുമൊക്കെ തോന്നിച്ച ദിവസങ്ങളായിരുന്നു അത്.എന്നാല്‍ ആ സന്തോഷത്തിന് മങ്ങലേല്പിച്ചുകൊണ്ട് അടുത്ത ദിവസം ഒരു സംഭവം നടന്നു. അന്നു രാവിലെ കുറച്ചു പ്രായം ചെന്ന ഒരു മനുഷ്യന്‍ പ്രകടമായ ദേഷ്യഭാവത്തോടെ വീട്ടില്‍ വന്നുകയറി.അച്ഛനും അമ്മയും വളരെ ഉപചാരഭാവത്തില്‍ സ്വീകരിച്ചിരുത്തുന്നതു കണ്ട് ചോദ്യഭാവത്തില്‍ നോക്കിയ സുലോചനയ്ക്ക് അക്കമ്മയാണ് പറഞ്ഞുകൊടുത്തത്.പറഞ്ഞുറപ്പിച്ചു വെച്ചിരിക്കുന്ന ആലോചനയിലെ കഥാനായകന്റെ അമ്മാവനാണ് ആള്‍.കൈയില്‍ ഒരു പത്രവും ചുരുട്ടിപ്പിടിച്ചുകൊണ്ടാണ് കാരണവര്‍ വന്നു കയറിയത്.സുലോചന നയിച്ച സമരത്തിന്റെയും അറസ്റ്റിന്റെയുമൊക്കെ ചിത്രങ്ങള്‍ സഹിതമുള്ള വാര്‍ത്ത ആ പത്രത്തിലുണ്ടായിരുന്നു.അടക്കാനാകാത്ത ദേഷ്യത്തോടെ പത്രം കുഞ്ഞുകുഞ്ഞിന്റെ മുന്നിലേയ്ക്ക് വലിച്ചെറിഞ്ഞുകൊണ്ട് അയാള്‍ ആക്രോശിച്ചു.

'ഈ പത്രത്തില്‍ കാണുന്നത് നിങ്ങടെ മകള്‍ തന്നെയാണല്ലോ.കുടുംബത്തില്‍ പിറന്ന പെണ്ണ് നാടകം കളിച്ചുനടക്കുന്നത് ഞങ്ങള്‍ പൊറുക്കാന്‍ ഒരുക്കമായിരുന്നു.എന്നാല്‍ പോലീസ് സ്റ്റേഷനിലും ജയിലിലുമൊക്കെ കേറിയിറങ്ങിയ ഒരു പെണ്ണിനെ കെട്ടിക്കൊണ്ടു വന്ന് കുടുംബത്തില്‍ കേറ്റുന്നത് ഞങ്ങള്‍ക്ക് അപമാനമാണ്.അതുകൊണ്ട് എന്റെ അനന്തിരവനും നിങ്ങടെ മോളുമായുള്ള കല്യാണം ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം നടത്താന്‍ ഞാന്‍ സമ്മതിക്കത്തില്ല.'

ഇതുതന്നെയാണ് കുഞ്ഞുകുഞ്ഞും ഭയപ്പെട്ടിരുന്നത്.ഏതാണ്ട് തീര്‍ച്ചയായി കഴിഞ്ഞിരുന്ന കല്യാണം മുടങ്ങുന്നത് ആദ്യത്തെ അനുഭവമായിരുന്നില്ലെങ്കിലും ഇത് സാഹിക്കാവുന്നതിനും അപ്പുറമാണെന്ന് കുഞ്ഞുകുഞ്ഞിനും കല്യാണിയമ്മയ്ക്കും തോന്നി.സുലോചനയ്ക്കും ചെറിയൊരു വിഷമം തോന്നിയെങ്കിലും പെട്ടെന്നു തന്നെ അതിനെ മറികടന്നു.താന്‍ സ്വന്തം ജീവനേക്കാള്‍ വലുതായി കരുതുന്ന,സര്‍വതും അര്‍പ്പിച്ച കലയ്ക്ക് വേണ്ടിയും പ്രസ്ഥാനത്തിനു വേണ്ടി,അതിന്റെ നിലനില്‍പ്പിനു വേണ്ടി പോരാടിയതുകൊണ്ടാണല്ലോ ഇപ്പോള്‍ ഇങ്ങനെയൊക്കെ സംഭവിച്ചത്.നാടകരംഗത്ത് എത്രയോ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നു.എന്നാല്‍ അവരുടെ കൂട്ടത്തില്‍ നിന്ന് താന്‍ ഒരൊറ്റയാള്‍ മാത്രമാണ് ഈ അനീതിയ്‌ക്കെതിരെ പ്രതികരിക്കാന്‍ മുന്നോട്ടുവന്നത് എന്നോര്‍ത്തപ്പോള്‍ അഭിമാനവും തോന്നി.

''എന്റെ സ്വകാര്യ ജീവിതത്തിലെ പല നല്ല കാര്യങ്ങളും ഒരു സമൂഹത്തിനും പ്രസ്ഥാനത്തിനും വേണ്ടി നഷ്ടപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ അതൊന്നും ഓര്‍ത്ത് ദുഃഖിക്കുന്ന മനസ്സല്ല എന്റേത്.അവിടെ വ്യക്തിയ്ക്കല്ല,പ്രസ്ഥാനത്തിനും സമൂഹത്തിനുമാണ് ഞാന്‍ മുന്‍തൂക്കം കൊടുത്തിട്ടുള്ളത്.അതുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങളില്‍ ദുഃഖിച്ചിരിക്കുന്നതിന് ഞാന്‍ തയ്യാറല്ലായിരുന്നു.എന്നില്‍ നിക്ഷിപ്തമായ കടമ എന്താണെന്ന് മനസിലാക്കി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. പ്രതിസന്ധികളും അപവാദവും ഇനിയും ഉണ്ടായെന്നു വരാം.അതിലൊന്നും തളരാതെ,എന്നെ ഇഷ്ടപ്പെടുന്ന,സ്‌നേഹിക്കുന്ന,പ്രോത്സാഹിപ്പിക്കുന്ന കേരളത്തിനകത്തും പുറത്തുമുള്ള കലാസ്‌നേഹികള്‍ക്കുവേണ്ടി കലയിലൂടെ സമൂഹനന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ വീണ്ടുമൊരുങ്ങി.'' പ്രതിസന്ധികളിലും അപവാദങ്ങളിലും തളര്‍ന്നുപോകാതെ,ആത്മധൈര്യത്തോടെ അരങ്ങത്ത് കത്തിപ്പടരുന്ന നാളുകളുടെ വരവായിരുന്നു, പിന്നീട്. എന്നാല്‍ സുലോചന പ്രാണനുതുല്യം സ്‌നേഹിക്കുന്ന പ്രസ്ഥാനത്തോട് മാനസികമായി വിട പറയാന്‍ തുടങ്ങുന്നതിന്റെ നിമിത്തം കുറിക്കുന്നതും അതേ നാളുകളില്‍ തന്നെയായി....

(അടുത്തഭാഗം: സ്വപ്‌നാടകരേ മാനവജീവിത സത്യാന്വേഷികളേ....)

* പോലീസ് മന്ത്രിക്കൊരു തുറന്ന കത്ത്-കെപിഎസി സുലോചന, ജനയുഗം പബ്ലിക്കേഷന്‍സ്, 1963

** ഒളിവിലെ ഓര്‍മ്മകള്‍ക്കുശേഷം-തോപ്പില്‍ ഭാസി, ഡിസി ബുക്‌സ് , കോട്ടയം

***പോലീസ് മന്ത്രിക്കൊരു തുറന്ന കത്ത്-കെപിഎസി സുലോചന, ജനയുഗം പബ്ലിക്കേഷന്‍സ്, 1963

****പോലീസ് മന്ത്രിക്കൊരു തുറന്ന കത്ത്-കെപിഎസി സുലോചന, ജനയുഗം പബ്ലിക്കേഷന്‍സ്, 1963


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories