TopTop
Begin typing your search above and press return to search.

SERIES| സ്വപ്നാടകരേ മാനവ ജീവിത സത്യാന്വേഷികളേ... -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

SERIES| സ്വപ്നാടകരേ മാനവ ജീവിത സത്യാന്വേഷികളേ... -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

(കെപിഎസിയിലെ അഭിനേത്രിമാര്‍ -- സുലോചന, ലീല, പാലാ തങ്കം, ലളിത)

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)

ഭാഗം 49

''പാട്ടു പാടാനറിയാമോ?''

ആദ്യത്തെ ചോദ്യം കെ എസ് ജോര്‍ജ്ജിന്റേതായിരുന്നു. പാട്ടൊന്നും പഠിച്ചിട്ടില്ല.പക്ഷെ അതു പറഞ്ഞില്ല. അറിയാമെന്ന് ഉറപ്പിച്ചു തന്നെ പറഞ്ഞു.എന്നാല്‍ ഒരു പാട്ട് പാടിയാട്ടെ എന്നു പറഞ്ഞുതീരുന്നതിനു മുന്‍പ് തന്നെ തുടങ്ങി.

''അമ്പിളിയമ്മാവാ-താമര

ക്കുമ്പിളിലെന്തൊണ്ട്?''

പാട്ടുപാടിക്കഴിഞ്ഞപ്പോള്‍ ഡാന്‍സറിയാമോന്നായി.അതിനെന്താ,കളിക്കാമല്ലോ.പാട്ട് പഴയതു തന്നെ.'അമ്പിളിയമ്മാവാ..'.എങ്ങനെയെങ്കിലും അവരുടെ പ്രീതി സമ്പാദിച്ച് നാടകത്തില്‍ ഒന്നു കയറിപ്പറ്റിയാല്‍ മതി.

തോപ്പില്‍ഭാസി, സുലോചന,കെ എസ് ജോര്‍ജ്ജ്,കെ പി ഉമ്മര്‍ എന്നിവരടങ്ങിയ 'ഇന്റര്‍വ്യൂ ബോര്‍ഡ്'ചിരിയടക്കാനാകാതെ മുഖത്തോട് മുഖം നോക്കിയിരുന്നു.ഈ കാന്‍ഡിഡേറ്റിന്റെ മിടുക്കും ചുറുചുറുക്കും അവര്‍ക്ക് നന്നേ പിടിച്ചു. അടുത്തതായി എന്തെങ്കിലും ഒരു ഡയലോഗ് പറയണം. സുലോചന പറഞ്ഞുകൊടുത്ത സംഭാഷണവും ഒരുവിധം തെറ്റില്ലാതെ പറഞ്ഞൊപ്പിച്ചു.

ഊണൊക്കെ കഴിച്ചു കഴിഞ്ഞ് 'ഇപ്പോള്‍ പൊയ്ക്കോളൂ,വിവരം പിന്നീടറിയിക്കാ'മെന്നു പറഞ്ഞപ്പോള്‍ യാത്രപറഞ്ഞിറങ്ങിയത് മ്ലാനതയോടെയാണ്.കുറച്ചങ്ങോട്ടു മാറിയുള്ള ബസ് സ്റ്റോപ്പില്‍ ചെന്നു നില്‍ക്കുമ്പോഴും ആരെങ്കിലും വിളിക്കാന്‍ വരുന്നുണ്ടോയെന്ന് തിരിഞ്ഞു തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. ഒടുവില്‍ നിരാശയോടെയാണ് കൊല്ലം - കോട്ടയം ഫാസ്റ്റ് പാസ്സഞ്ചറില്‍ കയറി ഇരിപ്പുപിടിച്ചത്.....

ചങ്ങനാശ്ശേരിയിലെ ഒരു ഫോട്ടോഗ്രാഫറും കമ്മ്യൂണിസ്റ്റുകാരനുമായ അനന്തന്‍ പിള്ളയുടെ മൂത്ത മകളായി ധാരാളം പ്രാരാബ്ധങ്ങളുള്ള ഒരു കുടുംബത്തില്‍ ജനിച്ച മഹേശ്വരിയ്ക്ക് അഭിനയത്തോടും നൃത്തത്തോടുമൊക്കെ,തീരെ ചെറുപ്പം മുതല്‍ക്കു തന്നെ കടുത്ത അഭിനിവേശമായിരുന്നു.


(കെപിഎസി ലളിത)

ലളിത എന്ന് എല്ലാവരും വിളിക്കുന്ന ആ പെണ്‍കുട്ടിയിലെ കലാവാസന കണ്ടറിഞ്ഞ, പ്രസിദ്ധ നര്‍ത്തകി പെരുന്ന ലീലാമണിയാണ് അവളെ ഒപ്പം കൂട്ടിക്കൊണ്ടു പോയി കൊല്ലത്ത് കലാമണ്ഡലം ഗംഗാധരന്റെ ഡാന്‍സ് ട്രൂപ്പില്‍ ചേര്‍ത്തത്.ലീലാമണി കാളിദാസകലാകേന്ദ്രത്തിലേക്ക് പോയപ്പോള്‍,ലളിത ഇന്ത്യന്‍ ഡാന്‍സ് അക്കാദമിയിലെ പ്രധാന നര്‍ത്തകിമാരിലൊരാളായി.അന്ന് മൂലധനത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നഗംഗാധരന്റെ ഭാര്യ സുധര്‍മ്മയെയും കവിയൂര്‍ പൊന്നമ്മയെയും, കെ പി എ സി യിലെ സുലോചനയേയും ലീലയേയുമൊക്കെ കണ്ട് അവരെപ്പോലെ നാടകത്തില്‍ അഭിനയിക്കാന്‍ വല്ലാത്ത ആഗ്രഹമായി. എങ്ങനെയും കെ പി എ സി യില്‍ ചേരുക -- അതായിരുന്നു ലളിതയുടെ ജന്മാഭിലാഷം.

കൊല്ലത്തു നിന്ന് തിരിച്ചു ചങ്ങനാശ്ശേരിയിലേക്ക് മടങ്ങിച്ചെന്നശേഷം ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് അവതരിപ്പിച്ച 'ബലി' എന്ന നാടകത്തിലൂടെ ലളിത പ്രഫഷണല്‍ നാടകവേദിയിലേക്ക് കാലെടുത്തുവെച്ചു.തുടര്‍ന്ന് ഗീഥാ യുടെ തന്നെ പി ജെ ആന്റണി സംവിധാനം ചെയ്ത 'മാതൃഭൂമി'യിലും അഭിനയിച്ചു. ഏതുവിധേനയെങ്കിലും കെ പി എ സി യില്‍ കയറണമെന്ന ആഗ്രഹവുമായി കഴിയുമ്പോഴാണ് പ്രതിഭാ ആര്‍ട്ട്‌സ് ക്ലബ്ബിലേക്കുള്ള ക്ഷണമെത്തുന്നത്.എസ് എല്‍.പുരത്തിന്റെ കാക്കപ്പൊന്നില്‍ നായികയുടെ അനിയത്തി അമ്മിണിയുടെ വേഷം.'കറുകക്കാട്ടില്‍ മേഞ്ഞുനടക്കും കസ്തൂരിമാനേ' എന്ന പാട്ടിനൊപ്പിച്ചു നൃത്തം ചെയ്യുന്ന കുസൃതിക്കാരിയായ അമ്മിണിയെ ലളിത മനോഹരമാക്കി.അരങ്ങു തകര്‍ത്തുകൊണ്ടു മുന്നേറിയ 'കാക്കപ്പൊന്നി'ന്റെ അവതരണം അപ്രതീക്ഷിതമായി നിന്നുപോയതോടെ ലളിത വീട്ടിലിരിപ്പായി.അപ്പോഴാണ് കെ പി എ സി യില്‍ നിന്നുള്ള വിളി വരുന്നത്.ലളിതയും അച്ഛനും കെ പി എ സി യിലെത്തി.

''....എല്ലാ നാടകത്തിനും കൂടി പറ്റിയ ഒരാള്‍ വേണം.നൃത്തമറിയണം.കുറച്ചു പാടണം,പിന്നെ അഭിനയിക്കണം,നേരത്തെ അഭിനയിച്ച നാടകങ്ങള്‍ ആയതുകൊണ്ട് കാണികള്‍ അഭിനയത്തെക്കുറിച്ച് മനഃസ്ഥാപപ്പെടരുത്. അങ്ങനെ ഒരാളെയാണവര്‍ തേടിക്കൊണ്ടിരുന്നത്.എന്റെ മനസ്സില്‍ ഇവരെങ്ങനെയെങ്കിലും എന്നെ എടുത്താ മതീന്നാ.മനസ്സു നിറയെ പ്രാര്‍ത്ഥനയാണ്.

നേരെ അപ്പുറത്ത് ഹാള്‍ മാതിരി ഒരു സ്ഥലമുണ്ട്.അതിന്റെ വരാന്തയിലാണ് റിഹേഴ്സലൊക്കെ നടക്കുന്നത്. അകത്തൊരു മുറിയിലാണ് ഉമ്മുക്കയുടെ വാസം.അങ്ങോട്ടേക്കെന്നെ വിളിച്ചുകൊണ്ടു പോയി.അവിടെയിരുത്തി.അവിടെ കെ എസ് ജോര്‍ജ്ജ് ഇരിപ്പുണ്ട്.കുറച്ചുനേരം കഴിഞ്ഞപ്പോള്‍ സുലോചനച്ചേച്ചിയും വന്നു.അവര്‍ അതിനടുത്തു തന്നെയാണ് താമസം.ഞാന്‍ ചെന്നതിനു ശേഷം സുലോചനച്ചേച്ചിയെ വിളിപ്പിച്ചതാണ്.കാരണം അവരാണല്ലോ പ്രധാന ജഡ്ജി.അവര്‍ 'യെസ്' പറഞ്ഞാലേ അതിനകത്ത് കടന്നുകൂടാന്‍ പറ്റൂ.അവര്‍ക്ക് പിടിച്ചില്ലെങ്കില്‍ സംഗതി അതോടെ തീരും.പിന്നെ ആരു പറഞ്ഞാലും രക്ഷയില്ല.അവരാണ് ചക്രവര്‍ത്തിനി.''*

തുടര്‍ന്നു നടന്ന 'ഇന്റര്‍വ്യൂ' വിന് ശേഷം കേരളത്തിലെ ഒന്നാമത്തെ നാടകസംഘത്തിലേക്ക് തന്നെ തിരഞ്ഞെടുക്കുമെന്ന നിറഞ്ഞ പ്രതീക്ഷകളോടെ ലളിത ചങ്ങാനാശേരിയിലേക്ക് മടങ്ങിപ്പോയി.....


(കെപിഎസി ലളിത)

മലയാള നാടകവേദിയുടെ അരുണദശകമെന്നറിയപ്പെട്ടിരുന്ന ആയിരത്തി ത്തൊള്ളായിരത്തി അന്‍പതുകളില്‍ നിന്ന് അറുപതുകളിലേക്ക് എത്തിയപ്പോള്‍,നാടകത്തിന്റെ രൂപത്തിലും ഭാവത്തിലും ഒരു ഋതുസംക്രമണം ദൃശ്യമായി.ജന്മി/മുതലാളിവര്‍ഗം ഒരു ഭാഗത്തും കൃഷിക്കാരനും തൊഴിലാളിയും മറുഭാഗത്തുമായി നടക്കുന്ന, വര്‍ഗസംഘര്‍ഷങ്ങളും സംഘട്ടനങ്ങളും പ്രമേയമായി വന്ന നാടകങ്ങളുടെ സ്ഥാനത്ത് ,രാഷ്ട്രീയേതര സാമൂഹ്യ പ്രശ്നങ്ങളും കുടുംബബന്ധങ്ങളിലെ വൈരുദ്ധ്യങ്ങളും ചര്‍ച്ച ചെയ്യുന്ന നാടകങ്ങള്‍ അരങ്ങേറി.അന്‍പതുകളില്‍ സജീവമായിരുന്ന പല സമിതികളും അരങ്ങൊഴിഞ്ഞു.കൂട്ടത്തില്‍ പല നടീനടന്മാരും അഭിനയരംഗം വിട്ടു.പുതിയ ചിലര്‍ കടന്നുവന്നു. 'അശ്വമേധ'ത്തിലൂടെ ഒന്നാം സ്ഥാനം നിലനിറുത്തിയ കെ പി എ സി യോട് മത്സരിച്ചുകൊണ്ട്,ഉള്ളടക്കത്തിലും അവതരണത്തിലും പുതുമയും വ്യത്യസ്ഥതയും പുലര്‍ത്തിയ നാടകങ്ങളുമായി സമിതികള്‍ പലതും രംഗത്തെത്തി.നാടകപ്രേമികളും നിരൂപകരുമൊരുപോലെ മികച്ചതെന്നു വിധിയെഴുതിയ ചില നാടകങ്ങള്‍ ആ നാളുകളില്‍ അരങ്ങു കീഴടക്കി....

കെ പി എ സിയുടെ സഹോദരസംഘടനയായ പ്രതിഭ 'മൂലധന'ത്തിനു ശേഷം അവതരിപ്പിക്കാനായി ഭാസിയുടെ മറ്റൊരു നാടകം എഴുതിക്കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു.എന്നാല്‍ കെ പി എ സിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആവശ്യപ്പെട്ടപ്പോള്‍ ഭാസി ആ നാടകം കെ പി എ സിയ്ക്ക് കൊടുക്കാന്‍ നിര്‍ബന്ധിതനായി.അതായിരുന്നു 'അശ്വമേധം'.പ്രതിഭയോടുള്ള വാക്കു പാലിക്കാനായി മറ്റൊരു നാടകം എഴുതാനുള്ള സമയം അനുവദിക്കണമെന്ന് ഭാസി കെ പി എ സി യോട് അഭ്യര്‍ത്ഥിച്ചെങ്കിലും,'അശ്വമേധം' അവതരിപ്പിക്കുന്ന തിരക്കില്‍ നാടകമെഴുത്ത് നടന്നില്ല.

'എന്റെ (പുതിയ നാടകം കെ പി എ സി യ്ക്ക് കൊടുക്കാനുള്ള) തീരുമാനം പ്രതിഭയുടെ സെക്രട്ടറിയായ സി എം ശങ്കരാടി,നടത്തിപ്പുകാരായ കോവൂര്‍ കരുണാകരന്‍ പിള്ള തുടങ്ങിയവരെയും ചൊടിപ്പിച്ചു. ഒരു ദിവസം എന്നെ കയ്യേറ്റം ചെയ്യുവാനെന്ന മട്ടിലാണ് ഞാനെഴുതിക്കൊണ്ടിരിക്കുന്നിടത്ത് അവര്‍ വന്നുകയറിയത്. അവസാനം അവര്‍ക്ക് കൊടുക്കാനുണ്ടായിരുന്ന എഴുനൂറു രൂപയും('മൂലധനം' വിഹിതത്തില്‍ അധികപ്പറ്റ്)ആ തുകയ്ക്ക് നൂറു രൂപയ്ക്ക് മാസം മൂന്നുരൂപാ കണക്കില്‍ പലിശയും മുന്നൂറു രൂപ അധികപ്പറ്റും ഉള്‍പ്പെടെ ആയിരത്തിനാന്നൂറ്റിമുപ്പത്തിയൊന്നു രൂപയും കൊടുത്ത് പ്രശ്നം ഒതുക്കി'' **

അതുകൊണ്ടൊന്നും അരിശം തീരാതെ ശങ്കരാടിയും കൂട്ടരും 'അശ്വമേധ'ത്തെ കടത്തിവെട്ടുന്ന ഒരു നാടകമെഴുതാന്‍ എസ് എല്‍ പുരം സദാനന്ദനെ സമീപിച്ചു.


(എസ് എല്‍ പുരം സദാനന്ദന്‍ - കാക്കപ്പൊന്ന് 'പരസ്യം')

കെ പി എ സി യുടെ പടയോട്ടത്തെ തടുത്തുനിര്‍ത്തി മുന്നേറാന്‍ കെല്‍പ്പുള്ള ഒരു നാടകം തന്നെയാണ് പ്രതിഭാ ആര്‍ട്ട്‌സ് ക്ലബ്ബിനു വേണ്ടി എസ് എല്‍.പുരം എഴുതിക്കൊടുത്തത്. നാടിന്റെ ഒത്തൊരുമയും മതസൗഹാര്‍ദ്ദവും തകര്‍ക്കുന്ന ക്ഷുദ്രശക്തികളെ തുറന്നുകാട്ടുന്ന നാടകത്തിന് എസ് എല്‍ പുരം നല്‍കിയ പേര് 'കാക്കപ്പൊന്ന്' എന്നാണ്.


(കാക്കപ്പൊന്ന് 'പരസ്യം')

ഗോവിന്ദന്‍ നായരും അവിരാച്ചനും അടുത്ത ചങ്ങാതിമാരും അവരുടെ കുടുംബങ്ങള്‍ തമ്മില്‍ ഉറ്റ ബന്ധത്തിലുമാണ്.ഗോവിന്ദന്‍ നായരുടെ ഊമയായ മകന്‍ രാജുവും അവിരാച്ചന്റെ ഇളയ മകള്‍ അമ്മിണിയും കളിക്കൂട്ടുകാരും രാജുവിന്റെ അനിയത്തി ഓമനമോള്‍ രണ്ടു വീട്ടുകാരുടെയും കണ്ണിലുണ്ണിയുമാണ്.എന്നാല്‍ പുത്തന്‍ കാവിലെ കല്‍ത്തറ ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്നു ഗോവിന്ദന്‍ നായരും കൃസ്ത്യാനികളുടേതാണെന്ന് അവിരാച്ചനും വാദിച്ചു കൊണ്ട് മുന്നിട്ടിറങ്ങുന്നതോടെ രണ്ടു കുടുംബങ്ങളും തമ്മില്‍ അകലുന്നു. പുത്തന്‍ കാവില്‍ നടന്ന ആസൂത്രിതമായ ഒരു സ്‌ഫോടനത്തില്‍പ്പെട്ട് അമ്മിണിയുടെ കണ്ണുകള്‍ നഷ്ടപ്പെടുകയും രാജുവിന്റെ മുഖം വികൃതമാകുകയും ചെയ്യുന്നു.ഒടുവില്‍ ഒരു സായിപ്പിന്റെ വളര്‍ത്തുപട്ടിയെ കുഴിച്ചിട്ട ഇടമാണ് കല്‍ത്തറയെന്നു കണ്ടെത്തുന്നതോടെ ഇരുകൂട്ടരും തങ്ങളുടെ അവകാശത്തില്‍ നിന്നും പിന്മാറുന്നു. പശ്ചാത്തപവിവശരായ ചങ്ങാതിമാര്‍ വീണ്ടും ഒന്നിയ്ക്കാന്‍ തയ്യാറാകുമ്പോഴേക്ക്, രോഗശയ്യയിലായിരുന്ന ഓമന മോളെ അവര്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.മതസ്പര്‍ദ്ധ യുടെ പേരില്‍ തമ്മിലകലുന്ന രണ്ടു കുടുംബങ്ങളുടെയും അതിനിടയില്‍പ്പെട്ട് തകര്‍ന്നടിയുന്ന ഹൃദയബന്ധങ്ങളുടെയും ഈ ദുരന്തകഥയുടെ സംവിധാനം നിര്‍വഹിച്ചത് എസ് എല്‍ പുരം തന്നെയാണ്.


(നാടകത്തിന്റെ ഉദ്ഘാടനത്തിന്റെ പരസ്യം)

സിനിമയിലെ തിരക്കുകള്‍ മൂലം കെ പി എ സി വിട്ട കോട്ടയം ചെല്ലപ്പന്‍(ഗോവിന്ദന്‍ നായര്‍) ഏബ്രഹാം(അവിരാച്ചന്‍),ഗോവിന്ദന്‍ നായരുടെ വലം കൈ ആയ വെളിച്ചപ്പാട്(ശങ്കരാടി),അവിരാച്ചന്റെ ശിങ്കിടി പോത്തച്ചന്‍(പറവൂര്‍ ഭരതന്‍),അവിരാച്ചന്റെ മൂത്ത മകള്‍ പൊന്നമ്മയുടെ കാമുകനും സ്‌കൂളദ്ധ്യാപകനുമായ ഗോപിനാഥന്‍ നായര്‍ (അസീസ്),രാജു(മാനുവല്‍)പോത്തച്ചന്റെ മകന്‍ ജോണി(സുതന്‍),ഗോവിന്ദന്‍ നായരുടെ ആശ്രിതന്‍ ശങ്കരന്‍( രാഘവക്കുറുപ്പ്),ഗോവിന്ദന്‍ നായരുടെ ഭാര്യ ഭാരതി അമ്മ(ചെങ്ങന്നൂര്‍ ജാനകി),പൊന്നമ്മ(വഞ്ചിയൂര്‍ രാധ),അമ്മിണി(ലളിത), ഓമനമോള്‍ (ബേബി വനജ) എന്നിവരുടെ മികച്ച അഭിനയം നാടകത്തിന്റെ പ്രധാന വിജയഘടകമായിരുന്നു. അതുപോലെ തന്നെ ഓ എന്‍ വി-- ദേവരാജന്‍ ടീം ഒരുക്കിയ ഗാനങ്ങളും.

''ആദിയില്ലന്തമില്ലാ സര്‍ഗ്ഗഗീതം--ആ സര്‍ഗ്ഗഗീതം

ആലപിച്ചീടുമനശ്വരര്‍ ഞങ്ങള്‍

അനശ്വരര്‍ ഞങ്ങള്‍''

''മാനത്തെ മഴവില്ലിനേഴുനിറം, എന്‍

മനസ്സിനുള്ളിലെ മാരിവില്ലിനേഴല്ലെഴുനൂറ്

നിറങ്ങളേഴല്ലെഴുനൂറാണല്ലോ''

''മുത്തേ വാ മണിമുത്തേ വാ

മുത്തം താ മലര്‍മുത്തം താ''

''കറുകക്കാട്ടില്‍ മേഞ്ഞുനടന്നൊരു

കസ്തൂരി മാനേ,ഞങ്ങള്‍

തബലകള്‍ കൊട്ടിപ്പാടുമ്പോളൊരു

സദിരു തുടങ്ങുമ്പോള്‍

കണ്ണീരുമായ് വന്നുനില്‍പ്പതെന്താണ്?നിന്റെ

കണ്ണിണ തേടുവതാരെയാണ്?''

''പൂന്തിങ്കളെന്തേ മറഞ്ഞൂ, വാര്‍മുകില്‍

ജാലകശീലതന്‍ പിന്നില്‍

പൂന്തിങ്കളെന്തേ മറഞ്ഞൂ?''

''മിന്നുന്നതെല്ലാം പൊന്നല്ല, ചെ-

ഞ്ചുണ്ടില്‍ വിരിയും പുഞ്ചിരിയെല്ലാം

നെഞ്ചിലെയമൃതല്ല''

ഇങ്ങനെ ആറു പാട്ടുകളാണ് കാക്കപ്പൊന്നിന് വേണ്ടി ഓ എന്‍ വി-ദേവരാജന്‍ ടീം ഒരുക്കിയത്.

ആക്ഷേപഹാസ്യത്തിന്റെ ലക്ഷ്യഭേദിയായ കൂരമ്പുകളയച്ച്,മതാന്ധരെ കടന്നാക്രമിക്കുന്ന നാടകം പിന്തിരിപ്പന്‍ ശക്തികളെ പ്രകോപിതരാക്കി.പലയിടങ്ങളിലും എതിര്‍പ്പുകളെ നേരിടേണ്ടി വന്നു.എന്നിട്ടും സധൈര്യം മുന്നോട്ടുപോയ നാടകത്തിന് അവിചാരിതമായി അവതരണം അവസാനിപ്പിക്കേണ്ടി വന്നു. നേരത്തെ തന്നെ ചലച്ചിത്രലോകത്ത് സജീവമായിരുന്ന കോട്ടയം ചെല്ലപ്പന് പുറമേ ശങ്കരാടിയും ഉദയായുടെ 'കടലമ്മ' യിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു. അപ്പോഴേക്കും പറവൂര്‍ ഭരതനും സിനിമയില്‍ റോളുകള്‍ കിട്ടിത്തുടങ്ങി.പ്രധാന നടന്മാരെല്ലാം ഷൂട്ടിംഗിന് പോയതോടെ നാടകം പലപ്പോഴും മുടങ്ങി.വൈകാതെ 'കാക്കപ്പൊന്ന്' കളിയവ സാനിപ്പിച്ചു.നാടകത്തോടൊപ്പം നാടകമവതരിപ്പിച്ച സമിതിയും.1950 കളുടെ തുടക്കത്തില്‍ പി ജെ ആന്റണിയും പാത്താടന്‍ വക്കീലും കൂടി തുടക്കമിട്ട, 'ഇന്‍ക്വിലാബിന്റെ മക്കള്‍', 'വിശക്കുന്ന കരിങ്കാലി', 'മൂലധനം' തുടങ്ങിയ പ്രസിദ്ധ നാടകങ്ങളുടെ അരങ്ങൊരുക്കിയ,പ്രതിഭാ ആര്‍ട്ട്‌സ് ക്ലബ്ബിന് അങ്ങനെ യവനിക വീണു!

'ഡോക്ടര്‍' നാടകത്തിനു ശേഷം കാളിദാസകലാ കേന്ദ്രം അവതരിപ്പിച്ച വൈക്കത്തിന്റെ തന്നെ 'ജനനീ ജന്മഭൂമി'യോട് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് തണുത്ത പ്രതികരണമാണ് ലഭിച്ചത്.അതുകൊണ്ട് ഇത്തവണ കളമൊന്നു മാറ്റി ചവിട്ടാന്‍ തീരുമാനിച്ചുകൊണ്ട്,സമിതി യുടെ പ്രസിഡന്റ് ദേവരാജനും സെക്രട്ടറി ഓ മാധവനും പുതിയ നാടകമെഴുതാന്‍ പൊന്‍കുന്നം വര്‍ക്കിയെയാണ് സമീപിച്ചത്.വര്‍ക്കിസാറിന്റെ നേതൃത്വത്തില്‍,അന്‍പതുകളുടെ മദ്ധ്യം തൊട്ട് അറുപതുകളുടെ തുടക്കനാളുകള്‍ വരെ,മികച്ച പല നാടകങ്ങളും അവതരിപ്പിച്ച കോട്ടയം കേരളാ തീയേറ്റേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ പതുക്കെ നിര്‍ജ്ജീവമായി മാറിയിരുന്നു.കാളിദാസകലാ കേന്ദ്രത്തിനു വേണ്ടി

പൊന്‍കുന്നം വര്‍ക്കി കണ്ടെത്തിയത് അധികമാര്‍ക്കും പരിചിതമല്ലാത്ത മലബാറിലെ കുടിയേറ്റജീവിതവും പാവപ്പെട്ട കുടിയേറ്റ കര്‍ഷകരും കയ്യേറ്റക്കാരും തമ്മിലുള്ള സംഘര്‍ഷവും മറ്റുമാണ്.തന്നെ ഏറെ ആകര്‍ഷിച്ച ആല്‍ഫ്രഡ് ഹിച്ച്്ക്കോക്കിന്റെ 'ഐ കണ്‍ഫസ്' എന്ന വിഖ്യാത ചലച്ചിത്രത്തില്‍ നിന്ന് പ്രചോദനം കൊണ്ട് വര്‍ക്കിസാര്‍ പുതിയ നാടകമെഴുതി -- 'അള്‍ത്താര'.


(ഫാദര്‍ മാന്തോപ്പന്‍ (ഓ. മാധവന്‍)

കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കാന്‍ വേണ്ടി തന്റെ മേല്‍ ചുമത്തപ്പെട്ട ഒരു കൊലക്കുറ്റത്തിന്റെ ഉത്തരവാദിത്തം നിഷേധിക്കാന്‍ തയ്യാറാകാതെ തൂക്കുമരത്തിലേക്ക് നടന്നു നീങ്ങുന്ന ഫാദര്‍ മാന്തോപ്പന്‍ എന്ന കത്തോലിക്കാ പുരോഹിതനായിരുന്നു,നാടകത്തിലെ കേന്ദ്രകഥാപാത്രം. 'അള്‍ത്താര' സംവിധാനം ചെയ്യുന്നതിനായി ദേവരാജനും മാധവനും കണ്ടെത്തിയത് പഴയ നേതാവായ കുറുപ്പുചേട്ടനെയാണ്. കെ പി എ സിയുടെ ആദ്യത്തെ നാലു നാടകങ്ങളുടെയും സംവിധായകനായിരുന്ന അഡ്വ. ജി ജനാര്‍ദ്ദനക്കുറുപ്പ്.


(അള്‍ത്താര' പരസ്യം)

പ്രഗത്ഭരായ അഭിനേതാക്കളുടെ ഒരു നിര തന്നെ നാടകത്തിലുണ്ടായിരുന്നു. ഫാ.മാന്തോപ്പനായി അഭിനയിച്ച ഓ മാധവനോടൊപ്പം,ജേസി, നെല്ലിക്കോട് ഭാസ്‌കരന്‍,മണവാളന്‍ ജോസഫ്,കാലയ്ക്കല്‍ കുമാരന്‍,എന്‍ എസ് ഇട്ടന്‍,വര്‍ഗീസ് തിട്ടേല്‍, വിജയകുമാരി,കവിയൂര്‍ പൊന്നമ്മ,മേരി തോമസ്, കലാമണ്ഡലം രാധാമണി എന്നിവര്‍ വേഷമിട്ടു.(വിജയകുമാരി, കാലയ്ക്കല്‍ കുമാരന്‍, മേരി തോമസ്, മണവാളന്‍ ജോസഫ്)

(കഴിഞ്ഞ രണ്ടു നാടകങ്ങളിലും നായികയായി അഭിനയിച്ച പ്രസിദ്ധ നര്‍ത്തകി പെരുന്ന ലീലാമണിയെ ദേവരാജന്‍ 1962 ല്‍ വിവാഹം ചെയ്തു.തുടര്‍ന്ന് ലീലാമണി അഭിനയരംഗം വിട്ടപ്പോഴാണ് സഹോദരിയും നര്‍ത്തകിയുമായ രാധാമണി സമിതിയില്‍ ചേര്‍ന്നത്.)


(ദേവരാജന്‍ - ലീലാമണി ദമ്പതികള്‍ - കലാമണ്ഡലം രാധാമണി)

പാട്ടുകളുടെ കാര്യത്തില്‍ ഓ എന്‍ വി - ദേവരാജന്‍ ടീം പതിവ് നിലവാരത്തില്‍ നിന്ന് ഒരുപടി ഉയര്‍ന്നുനിന്നു. ആന്റോ പാടിയ

'അത്തിക്കായ്കള്‍ പഴുത്തല്ലോ,

ചെമ്മുന്തിരിവള്ളി തളിര്‍ത്തല്ലോ''

കവിയൂര്‍ പൊന്നമ്മ പാടിയ

''പൊട്ടിച്ചിരിച്ചു ഞാനെങ്കിലുമെന്‍ മനം

പൊട്ടിക്കരയുകയായിരുന്നു''

തുടങ്ങിയ പാട്ടുകളെല്ലാം സംഗീത പ്രേമികളുടെ മനം കവര്‍ന്നു.

''വീണക്കമ്പികള്‍ മീട്ടിപ്പാടുക

വീണ്ടും ഗായകരേ!

ജീവിതം പോലവിരാമം, ഈ

ജീവിതകഥാനുഗാനം!''(കവിയൂര്‍ പൊന്നമ്മ, സി ഓ ആന്റോ,കെ ഇ ശ്രീധരന്‍ എന്നിവര്‍ നയിക്കുന്ന അവതരണഗാനം)

''വള വേണോ?വള വേണോ?

തരിവള!കരിവള!കുപ്പിവള!''(കവിയൂര്‍ പൊന്നമ്മ)

''വയനാടന്‍ മഞ്ഞള് മുറിച്ചതുപോലൊരു

മലനാടന്‍ പെണ്ണ്,അവളെ

കൊല്ലാന്‍ വിളിച്ചാലും വളര്‍ത്താന്‍ വിളിച്ചാലും

കുളക്കോഴിയെ പ്പോലൊരോട്ടം

കൊക്കികുണുങ്ങിയോരോട്ടം''(സി ഓ ആന്റോയും സംഘവും)

''ഒരു വഴിത്താരയില്‍ ഒറ്റക്കു നിന്നു ഞാന്‍

ഇരുളില്‍,കൂരിരുളില്‍,ഒരു മരുഭൂമിയില്‍

ദാഹിച്ചുനിന്നു ഞാന്‍

വെയിലില്‍,തീവെയിലില്‍''(കവിയൂര്‍ പൊന്നമ്മ,ആന്റോ) എന്നിവയുള്‍പ്പെടെ പതിനൊന്നു പാട്ടുകളാണ് നാടകത്തിലുണ്ടായിരുന്നത്.

പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള ചേരുവകളെല്ലാം ചേരും പടി ചേര്‍ത്ത നാടകമായിരുന്നു 'അള്‍ത്താര'. 1963 ലെ മികച്ച നാടകങ്ങളിലൊന്നായി പ്രേക്ഷകരും നിരൂപകരും ഒരുപോലെ 'അള്‍ത്താര'യെ സ്വീകരിച്ചു.

''പിന്നില്‍ ഒരു മറ, നില്‍ക്കാന്‍ ഒരു തറ,എന്റെ മുന്നില്‍ നിങ്ങളും, എന്റെ ഉള്ളില്‍ ഒരു നാടകവും''


(എന്‍ എന്‍ പിള്ള)

പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് വിശ്വകേരളകലാസമിതിയുമായി പ്രയാണമാരംഭിച്ച എന്‍ എന്‍ പിള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ ഒറ്റയാനായി യാത്ര തുടരുകയായിരുന്നു.'അസ്ലാം മാലിക്' എന്ന നാടകത്തിലൂടെ ഭാര്യ ചിന്നമ്മ എന്ന കല്യാണിക്കുട്ടിയമ്മയെയും സഹോദരി ഓമനയെയും ചമയമിടുവിച്ച് രംഗത്തിറക്കിയത് മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേതനം കൊടുക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ടായിരുന്നു.

ഇന്ത്യയെ ചൈന ആക്രമിച്ചതിനെ തുടര്‍ന്ന് ദേശഭക്തി സാഹിത്യത്തിന്റെ ഒരു ഉരുള്‍പൊട്ടല്‍ തന്നെയുണ്ടായെങ്കിലും 'ആത്മബലി' എന്ന നാടകത്തിലൂടെ എന്‍ എന്‍ പിള്ള ഊതിജ്വലിപ്പിച്ച ദേശാഭിമാനവികാരത്തെ മറികടക്കാന്‍ മറ്റാര്‍ക്കുമായില്ല.തന്റെ രണ്ടുപുത്രന്മാരെയും യുദ്ധഭൂമിയില്‍ ബലിയര്‍പ്പിച്ച,അതുകൊണ്ടും തളരാതെ സ്‌കൂള്‍ വിദ്യാര്‍ത്ഥി യായ കൊച്ചുമകനെ യുദ്ധമുന്നണിയിലേക്ക് മാര്‍ച്ചുചെയ്യാന്‍ സജ്ജനാക്കുന്ന, റിട്ടയേഡ് ഹവില്‍ദാര്‍ കിട്ടുക്കുറുപ്പ് പിള്ളയുടെ ഒരു അപൂര്‍വ്വസൃഷ്ടിയായിരുന്നു.വിമോചനസമരകാലത്ത് ഫ്ളോറിയെ കുറിച്ചുള്ള നാടകം കളിച്ചുകൊണ്ട് തുടക്കം കുറിച്ച, കോട്ടയത്തെ 'ചിട്ടി' ജോര്‍ജ്ജിന്റെയും ജോസ്പ്രകാശിന്റെയും നാഷണല്‍ തീയേറ്റേഴ്‌സാണ് ആത്മബലി അവതരിപ്പിച്ചത്. കിട്ടുക്കുറുപ്പായി എന്‍ എന്‍ പിള്ളയും മകന്‍ പരമക്കുറുപ്പായി ജോസ്പ്രകാശും വേഷമിട്ട നാടകത്തില്‍ ഓമന,വാണക്കുറ്റി,മാവേലിക്കര പൊന്നമ്മ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന അഭിനേതാക്കള്‍. കേന്ദ്ര ഗവണ്മെന്റിന്റെ ആവശ്യപ്രകാരം നിരവധി വേദികളില്‍ 'ആത്മബലി' അരങ്ങേറി.എഴുപതോളം അവാര്‍ഡുകളും ലഭിച്ചു.

'ആ നാടകത്തോടെയാണ് ഞാന്‍ നടക്കാന്‍ തുടങ്ങിയത്.അടുത്ത നാടകമായ 'പ്രേതലോക'ത്തോടെ ഓടാന്‍ തുടങ്ങി.'എന്‍ എന്‍ പിള്ള ഒരിക്കല്‍ പറഞ്ഞു.

1964 ല്‍ 'എന്‍ എന്‍ പിള്ളയും കുടുംബവും' അരങ്ങത്തെത്തിച്ച 'പ്രേതലോക'ത്തിലൂടെ മലയാള നാടകവേദിക്ക് നായികയായി മറ്റൊരു സുലോചനയെ കൂടി കിട്ടി.


(എന്‍ എന്‍ പിള്ളയുടെ പുത്രി സുലോചന)

എന്‍ എന്‍ പിള്ളയുടെ പുത്രി.അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം സുലോചന നിറഞ്ഞാടിയ 'കാപാലിക'യോടെ വിശ്വകേരളകലാസമിതി പറക്കാന്‍ തുടങ്ങുകയായി!


(ഏഴുരാത്രികള്‍ ചട്ടുകാലി മറിയ,ഇക്ക,കുഞ്ഞപ്പന്‍)

മികച്ച നാടകങ്ങളുടെ ഒരു നിര തന്നെ അരങ്ങത്തു വന്ന 1963 ല്‍ പ്രമേയത്തിലെ പുതുമ കൊണ്ടും ആവിഷ്‌കാരത്തിന്റെ സവിശേഷഭംഗി കൊണ്ടുമൊക്കെ ഒരു നാടകം വേറിട്ടു മാറിനിന്നു. മലയാള നാടകവേദിയിലെ ആദ്യത്തെ നിയോറിയലിസ്റ്റിക് നാടകമെന്നു വിശേഷിപ്പിക്കാവുന്ന 'എഴുരാത്രികള്‍'.പട്ടണത്തിന്റെ ഒരു മൂലയിലുള്ള ഇരുണ്ട തെരുവില്‍ അഭയം കണ്ടെത്തിയ ഭിക്ഷക്കാരുടെയും വേശ്യകളുടെയും കൂട്ടിക്കൊടുപ്പുകാരുടെയും മോഷ്ടാക്കളുടെയുമെല്ലാം പച്ചയായ ജീവിതം,രാത്രിവെളിച്ചത്തിന്റെ ഇരുളിലും തെളിവിലുമായി,അരങ്ങത്തു തുറന്നുവെച്ചത് കാലടി ഗോപി എന്ന നാടകകൃത്തും ജോസഫ് ചാക്കോ എന്ന ചാച്ചപ്പന്റെ നേതൃത്വത്തിലുള്ള ചങ്ങനാശ്ശേരി ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബിലെ അഭിനേതാക്കളും ചേര്‍ന്നാണ്.


(കാലടി ഗോപി - ചാച്ചപ്പന്‍)

ചട്ടുകാലി മറിയ(കമലമ്മ)ക്ഷയരോഗി കുമാരന്‍(ആലഞ്ചേരി), അയാളുടെ ഭാര്യ അന്നമ്മ(മേരി) ഒറ്റക്കാലന്‍ അബു(ജെ പി തമ്പി)കൂനന്‍ പരമു( ജോര്‍ജ്ജ്)മറിയയുടെ മകന്‍ കുഞ്ഞപ്പന്‍(മാസ്റ്റര്‍ ബഷീര്‍)ഉടുമ്പ് ഗോവിന്ദന്‍( കെ കെ ജേക്കബ്) എന്നിവരോടൊപ്പം കേന്ദ്രകഥാപാത്രങ്ങളായ വീണ ക്കാരന്‍ ഇക്ക(ചാച്ചപ്പന്‍)വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ തെരുവില്‍ കണ്ടെത്തുന്ന മകള്‍ അന്ധയായ സീത(വിജയകുമാരി)എന്നിങ്ങനെ മിഴിവാര്‍ന്ന ഒരു പറ്റം കഥാപാത്രങ്ങള്‍.


(സീത,പരമു - പാഷാണം വര്‍ക്കി)

ഒരു ലെജണ്ടറി കഥാപാത്രമായി മാറിയ, 'വെസനസ്സു പൊളിഞ്ഞ' പാഷാണം വര്‍ക്കി(ഡൊമിനിക് ആലുമ്മൂട്)അവരുടെയെല്ലാം മുന്നില്‍ നില്‍ക്കുന്നു.

കമ്മ്യുണിസ്റ്റ് വിരുദ്ധ നാടകമായ 'ഏപ്രില്‍ അഞ്ചി'ലൂടെ യവനിക ഉയര്‍ത്തിയ ഗീഥാ മുട്ടത്തുവര്‍ക്കി യുടെ 'ഒട്ടകവും സൂചിക്കുഴയും',ടാഗോര്‍ ശതാബ്ദി യുടെ ഭാഗമായി അവതരിപ്പിച്ച 'ബലി' എന്നീ നാടകങ്ങളിലൂടെയാണ് മുന്‍ നിരയിലെത്തിയത്. മുന്‍പ്, 'മുകളിലാകാശം താഴെ ഭൂമി' എന്ന നാടകത്തില്‍ തെരുവിന്റെ കഥയാവിഷ്‌കരിച്ചു ശ്രദ്ധേയനായ കാലടി ഗോപിയും ഗീഥായും ചേര്‍ന്ന് വ്യവസ്ഥാപിത അരങ്ങിന്റെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ, വ്യത്യസ്ഥമായ ഒരു കാഴ്ചാനുഭവം പകരാനാണ് ശ്രമിച്ചത്.അതു വിജയിക്കുകയും ചെയ്തു.

മലയാള നാടകവേദിയുടെ ചരിത്രത്തിലാദ്യമായി, ഒരു വര്‍ഷമോ അതിലേറെയോ കാലം, തുടര്‍ച്ചയായി ഒരു സ്ഥലത്തു പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ദിവസേന ഒന്നിലേറെ ഷോകള്‍ അവതരിപ്പിക്കുന്ന ഒരു സ്ഥിരം നാടകവേദിയ്ക്ക് 1963ല്‍ കലാനിലയം കൃഷ്ണന്‍ നായര്‍ തുടക്കം കുറിച്ചു.


(കലാനിലയം സ്ഥിരം നാടകവേദിയുടെ പരസ്യം)

അതിവിശാലമായ സ്റ്റേജും,ആര്‍ട്ടിസ്റ്റുകള്‍ക്ക് താമസിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയുള്ള സൗകര്യങ്ങളുമെല്ലാ മുള്ള താത്ക്കാലികമായി സജ്ജമാക്കിയ ഒരു പ്രദര്‍ശനശാലയിലാണ് സ്ഥിരം നാടകവേദി പ്രവര്‍ത്തിക്കുന്നത്.

കാവാലം നാരായണപ്പണിക്കര്‍ എഴുതിയ 'കുരുക്ഷേത്രം' ബാലെയുമായി ആരംഭിച്ച കലാനിലയം സ്ഥിരം നാടകവേദി, ഇളയിടത്തു റാണി,ദേവദാസി,വെള്ളിക്കാസ,ടാജ് മഹല്‍ തുടങ്ങിയ ചരിത്ര നാടകങ്ങളിലൂടെ അതിചടുലമായി മാറി മാറി വരുന്ന സെറ്റിങ്ങുകളും കണ്ണഞ്ചിപ്പിക്കുന്ന വേഷഭൂഷാദികളും കൊണ്ട് അരങ്ങത്ത് ദൃശ്യവിസ്മയം സൃഷ്ടിച്ചു.


(ഇളയിടത്തു റാണി' കൊടുങ്ങല്ലൂര്‍ അമ്മിണിയമ്മ,മാവേലിക്കര പൊന്നമ്മ - വൈക്കം മണി)

ജഗതി എന്‍ കെ ആചാരി എഴുതിയ നാടകങ്ങളെ പുരാണ/ചരിത്രകഥാപാത്രങ്ങളെയും കായകുളം കൊച്ചുണ്ണിയെപ്പോലെയുള്ള വീരനായകന്മാരെയും അരങ്ങത്ത് ഗംഭീരമാക്കിയത് വി ടി അരവിന്ദാക്ഷ മേനോന്‍,വൈക്കം എം പി മണി, കണ്ടിയൂര്‍ പരമേശ്വരന്‍ കുട്ടി,കൊല്ലം ശങ്കര്‍,പാപ്പനംകോട് ലക്ഷ്മണന്‍,കൊടുങ്ങല്ലൂര്‍ അമ്മിണിയമ്മ,മാവേലിക്കര എന്‍ പൊന്നമ്മ,ജോളി, മീന തുടങ്ങിയ പ്രതിഭാധനരാണ്.


(കായംകുളം കൊച്ചുണ്ണിയിലെ ഒരു രംഗം)

പണ്ടത്തെ നിറപ്പകിട്ടാര്‍ന്ന കമ്പനി നാടകങ്ങളുടെ അവതരണശൈലിയും ആധുനിക സാങ്കേതിക വിദ്യയും തമ്മിലുള്ള സമര്‍ത്ഥമായ സമന്വയത്തിലൂടെ, സിനിമയ്ക്ക് സമാനമായ ദൃശ്യാനുഭവം പകര്‍ന്നു കൊടുക്കുക എന്നതായിരുന്നു കലാനിലയത്തിന്റെ ലക്ഷ്യം.

മലയാള നാടകവേദി അങ്ങനെ വലിയൊരു കുതിപ്പിന് സാക്ഷ്യം വഹിച്ച ആ നാളുകളില്‍ കെ പി എ സി യും ചില തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. അതിന്റെ ഭാഗമായിപുതിയ ചില മുഖങ്ങളെ സമിതി തേടി കൊണ്ടിരിക്കുകയായിരുന്നു.അപ്പോഴാണ് കെ പി എ സി യില്‍ ചേരുക എന്ന ജീവിതാഭിലാഷവുമായി ലളിതയുടെ രംഗപ്രവേശം.....


(കെപിഎസി ലളിത)

' കെ പി എ സിയില്‍നിന്ന് ഇറങ്ങി കുറച്ചങ്ങോട്ടു മാറിയാണ് ബസ് സ്റ്റോപ്പ്.അവിടെപ്പോയി ബസ് കാത്തുനിന്നു.ആരെങ്കിലും വിളിക്കുമോ എന്നു തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുമുണ്ട്.ആദ്യത്തെ ബസില്‍ത്തന്നെ കയറി.അടുത്ത സ്റ്റോപ്പിലെത്തുമ്പോഴുണ്ട് സുലോചനചേച്ചി അതേ ബസില്‍ കയറുന്നു.എന്റെ സീറ്റില്‍ തന്നെയാണ് വന്നിരുന്നത്.ചിരിച്ചുകൊണ്ട് ചോദിക്കാതെ തന്നെ പറഞ്ഞു:

'മോളേ, നിന്നെ എല്ലാവര്‍ക്കും ഭയങ്കര ഇഷ്ടമായിട്ടുണ്ട് കേട്ടോ.നിന്നെ എടുക്കും.ഇനി കുഴപ്പമൊന്നുമില്ല.എന്നാലും ചേച്ചി പറയുന്നതു മാതിരി നടന്നോണം.പറയണതുപോലെ നിന്നോണം.ബാക്കിയുള്ളോര് പറയുന്നതൊന്നും കേള്‍ക്കേണ്ട.കാണുന്നതുമാതിരിയൊന്നുമല്ല.ഒരുപാട് സംഭവങ്ങളൊക്കെയുണ്ട്.അവിടെ ഒരുപാട് കുത്തിത്തിരിപ്പുകളൊക്കെയുള്ളതാ.അത് മോള് വകവയ്ക്കണ്ട.നിന്നെ ഇഷ്ടപ്പെട്ടു...'

അറച്ചറച്ചു ഞാന്‍ പറഞ്ഞു.

'ഞാന്‍ പാടിയതൊക്കെ....'

'പാടാനും ആടാനുമൊക്കെ നിനക്ക് നല്ലൊരുത്സാഹമുണ്ടല്ലോ? അതാ കാര്യം.ഡാന്‍സ് ചെയ്യാന്‍ പറഞ്ഞപ്പം ഉടനെ ചെയ്തല്ലോ?അതാ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടത്.എല്ലാം ഇനി ഇതുപോലെയിരിക്കണം....എന്തായാലും വിളിക്കും.ഇല്ലെങ്കി,ഞാന്‍ വിളിപ്പിച്ചോളാം... പേടിക്കുകൊന്നും വേണ്ട.ഞാനാ അവിടുത്തെ കാര്യങ്ങളൊക്കെ നോക്കുന്നെ...'

...... മാവേലിക്കരയിലെത്തിയപ്പോള്‍ സുലോചനച്ചേച്ചിയിറങ്ങി.ഇറങ്ങുന്നതിനു മുമ്പ് ഒരു കാര്യം കൂടെ പറഞ്ഞു.

'ഇതുപോലൊന്നും ഇരുന്നാല്‍പ്പോര.കുറച്ചു വണ്ണോക്കെ വെക്കണം. കെ പി ഉമ്മറിന്റെ ഭാര്യയായിട്ടൊക്കെ അശ്വമേധത്തില്‍ അഭിനയിക്കാന്‍ ഒക്കെയുള്ളതാ. അതിന് ഒത്തശരീരമൊക്കെ വേണം.'***


(കെപിഎസി ലളിത)

അങ്ങനെ ലളിതയെ കെ പി എ സി യിലെടുത്തു.പലരും പല തടസ്സങ്ങളും പറഞ്ഞപ്പോള്‍ സുലോചനയാണ് ലളിതയെ എടുക്കണമെന്ന് നിര്‍ബന്ധം പിടിച്ചത്. ഇതിനിടയില്‍ ബഹദൂറിന്റെ സമിതിയില്‍ ചേരാന്‍ കൊടുങ്ങല്ലൂര്‍ക്ക് പോകേണ്ടിവന്നെങ്കിലും കെപിഎസിയില്‍ മാത്രമേ അഭിനയിക്കൂ എന്ന വാശി കാരണം ലളിത അവിടെ നിന്ന് രായ്ക്കു രാമാനം മടങ്ങിപ്പോന്നു.തിരികെ വീട്ടില്‍ വന്നപ്പോള്‍ കാണുന്നത് കെപിഎസി യിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ടെലിഗ്രാമാണ്!

അശ്വമേധത്തിന് ശേഷം തോപ്പില്‍ഭാസി പുതിയ നാടകമെഴുതിയില്ല.പകരം കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അരങ്ങത്ത് ചലനങ്ങള്‍ സൃഷ്ടിച്ച ഒരു നാടകമെടുത്തു കളിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ ചരിത്രത്തിലെ അതിനിര്‍ണ്ണായകമായ ഒരു ദശാസന്ധിയിലൂടെ കടന്നുപോകുകയായിരുന്ന ആ നാളുകളില്‍ ആ നാടകത്തിന് ചിലതൊക്കെ ഓര്‍മ്മിപ്പിക്കാനുണ്ടായിരുന്നു.

'മൂലധനം'

(അടുത്തഭാഗം: 'ഓര്‍മ്മകളുണ്ടായിരിക്കണം...')

* കഥ തുടരും-കെപിഎസി ലളിത, ഡിസി ബുക്സ് , കോട്ടയം

** ഒളിവിലെ ഓര്‍മ്മകള്‍ക്കുശേഷം-തോപ്പില്‍ ഭാസി, ഡിസി ബുക്‌സ് , കോട്ടയം

***കഥ തുടരും-കെപിഎസി ലളിത, ഡിസി ബുക്സ് , കോട്ടയം

(ചിത്രങ്ങള്‍ക്ക് കടപ്പാട്:ശ്രീ സുരേന്ദ്രന്‍, സി. ഉണ്ണിരാജ ലൈബ്രറി, എംഎന്‍ സ്മാരകം, തിരുവനന്തപുരം)


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories