TopTop
Begin typing your search above and press return to search.

SERIES| ഓര്‍മ്മകളുണ്ടായിരിക്കണം -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

SERIES| ഓര്‍മ്മകളുണ്ടായിരിക്കണം -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

('മൂലധന'ത്തില്‍ സുലോചന( മാലതി) സി ജി ഗോപിനാഥ്(രവി),തോപ്പില്‍ കൃഷ്ണപിള്ള( റിട്ടയേര്‍ഡ് ഓഫീസര്‍)എന്‍ ഗോവിന്ദന്‍ കുട്ടി ('വികാരജീവി' മധു)

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)

ഭാഗം 50

''1949 -51 കാലഘട്ടം. അത്രയേറെ പ്രശസ്തനല്ലാത്ത ചെലക്കോട്ടേത്തു കഞ്ഞുരാമന്‍ ശൂരനാട്ടു കേസില്‍ പ്രതിയായി.അന്നത്തെ ഭരണത്തിന്റെ 'സുരക്ഷിതത്വ'ത്തില്‍ അയാളുടെ കൊച്ചുവീട് തകര്‍ന്നു വീണു!

ആറു കുഞ്ഞുങ്ങളും ഭാര്യയുമായി ജീവന്‍ കാക്കാന്‍ കുഞ്ഞുരാമന്‍ ഒളിവില്‍ പോയി.സംഭവബഹുലമായ ആ ഒളിച്ചോട്ടത്തില്‍ അഞ്ചുകുഞ്ഞുങ്ങളും കൈവിട്ടു പോയി ! പത്തുവയസ്സുള്ള ഭാര്‍ഗവി,മൂന്നുവയസ്സുള്ള കൊച്ചനുജനുമായി തെണ്ടിത്തിരിഞ്ഞു !

കുഞ്ഞുങ്ങളെ തേടി പരതി നടന്ന ആ പിതാവ് ആയിരംതെങ്ങു കടപ്പുറത്ത് ഒരു കാഴ്ച്ച കണ്ടു !

സന്നിപാതജ്വരം പിടിപെട്ടു പ്രജ്ഞയറ്റു കിടക്കുന്ന ഭാര്‍ഗവിയുടെ മുഖത്ത് നിന്ന് അവളുടെ കൊച്ചനുജന്‍ ഈച്ചയാട്ടി അകറ്റുകയാണ് !

അവള്‍ അമ്മയെ വിളിച്ചു !

കുളത്തൂപ്പുഴ മലയില്‍ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്ന ഭാര്യയുടെ അടുത്തേക്ക് കുഞ്ഞുരാമന്‍ മകളെയും തോളിലിട്ടു നടന്നു !

രണ്ടു രാത്രിയും ഒരുപകലും കൊണ്ട് ആ ധീരന്‍ അവിടെയെത്തി.ആ കുഞ്ഞിക്കണ്ണുകള്‍ തുറന്നില്ല !അത് എന്നെന്നേക്കുമായി അടഞ്ഞുപോയി !

ആ മലയടിവാരത്തില്‍ ആ പിതാവ് ആഴത്തില്‍ ഒരു കുഴിവെട്ടി.ആ കുഴിമാടത്തില്‍ ഒരു കരിക്ക് ചെത്തിവയ്ക്കാന്‍ കഴിയുന്നതിനു മുമ്പ് പോലീസ് ആ മലവളഞ്ഞു !

കുളത്തൂപ്പുഴ മലയിലെ കാട്ടുചെടികള്‍ക്കുള്ളില്‍ മറഞ്ഞുകിടക്കുന്ന ആ കുഞ്ഞോമനയുടെ ശവമാടത്തില്‍ ഒരിളം കരിക്കിന് പകരം കരളു നൊന്തെഴുതിയ ഈ നാടകം ഞാന്‍ കാണിക്ക വയ്ക്കുന്നു !'*

'അശ്വമേധം' കേരളത്തിനകത്തും പുറത്തുമുള്ള അരങ്ങുകളില്‍ വിജയഗാഥ തുടര്‍ന്നു കൊണ്ടിരുന്ന 1963 കാലത്ത് കെ പി എ സി ആ വര്‍ഷത്തെ നാടകമായി അവതരിപ്പിക്കാന്‍ തീരുമാനിച്ചത് തോപ്പില്‍ഭാസി ആറേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രതിഭാ ആര്‍ട്ട്സ് ക്ലബ്ബിന് വേണ്ടി എഴുതി സംവിധാനം ചെയ്ത 'മൂലധന'മാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ വേണ്ടി, ചോരയും വിയര്‍പ്പും ചൊരിഞ്ഞ, രക്തസാക്ഷിത്വം വരിച്ച, പതിനായിരക്കണക്കിന് സഖാക്കളെ കുറിച്ചുള്ള സ്മരണ ഉണര്‍ത്താനായി,ആ നാടകം ഒരിക്കല്‍കൂടി അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പോരെങ്കില്‍ 'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി' അരങ്ങത്ത് അവതരിപ്പിച്ചു തുടങ്ങുകയും കെ പി എ സി കേരളത്തിലെ ഏറ്റവും വലിയ ജനകീയനാടകപ്രസ്ഥാനമായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുകയും ചെയ്തതിന്റെ പത്താം വാര്‍ഷികവുമാണ് കടന്നുപോകുന്നത്. ഈ അവസരത്തില്‍ കെ പി എ സി അതുവരെ അവതരിപ്പിച്ച നാടകങ്ങള്‍ അണിനിരത്തിക്കൊണ്ട്,എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും അരങ്ങേറുന്ന ഒരു നാടകോത്സവവും നടത്താനായി കെ പി എ സി തീരുമാനമെടുത്തു.

'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി'യും 'മുടിയനായ പുത്രനും' കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടികളിലും സമ്മേളന വേദികളിലും ഏറ്റവും അവതരിപ്പിക്കപ്പെട്ട നാടകമായിരുന്നു പ്രതിഭാ ആര്‍ട്ട്സ് ക്ലബ്ബിന്റെ മൂലധനം.


('മൂലധന'ത്തിന്റെ പരസ്യം)

മെലോഡ്രാമ അല്‍പ്പം ഏറി നില്‍ക്കുന്നുണ്ടെങ്കിലും, തൊടുത്തു കയറുന്ന,ജീവനുള്ള സംഭാഷണങ്ങളും,വികാരമൂര്‍ച്ചയുള്ള നാടകീയ സന്ദര്‍ഭങ്ങളും പ്രതിഭാധനരായ അഭിനേതാക്കളും ഒഎന്‍വി ദേവരാജന്‍ ടീമിന്റെ ഹൃദയഹാരിയായ പാട്ടുകളുമെല്ലാം ചേര്‍ന്ന് 'മൂലധന'ത്തെ പ്രേക്ഷകപ്രീതിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിച്ചു. ഒരു കാര്യത്തിലും പിന്നിലല്ലാത്ത കെ പി എ സിയുടെ പ്രതിഭകള്‍ക്ക്, നാടകത്തെ ഒരു പടി കൂടി ഉയരത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ്,തോപ്പില്‍ഭാസിയെ,ഈ വര്‍ഷത്തെ നാടകമായി 'മൂലധനം' ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്.

ഓരോ വേഷത്തിലും അഭിനയിക്കുന്ന നടീനടന്മാരെ നിശ്ചയിക്കുന്ന അവസരത്തില്‍ ഭാസി ഒരു പരീക്ഷണത്തിന് മുതിര്‍ന്നു.


('മൂലധന'ത്തിന്റെ പരസ്യം)

ഇപ്പോഴും വിജയകരമായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന 'അശ്വമേധ'ത്തിലും അതിനു മുമ്പുള്ള 'പുതിയ ആകാശം പുതിയ ഭൂമി'യിലും നായക വേഷങ്ങളില്‍ അഭിനയിച്ചവര്‍ക്ക് സഹ കഥാപാത്രങ്ങളുടെ വേഷങ്ങള്‍ നല്‍കിയപ്പോള്‍ ആ നാടകങ്ങളില്‍ ക്യാരക്ടര്‍ റോളുകളില്‍ വന്നവര്‍ നായകനും നായികയുമായി. കാസ്റ്റിംഗില്‍ നടത്തിയ സമൂലമായ ഈ അഴിച്ചുപണി ഒരു വലിയ സാഹസം തന്നെയായിരുന്നു.

യുവാക്കളായ ഡോ.തോമസും എഞ്ചിനീയര്‍ സുകുമാരനുമായി നൂറ് കണക്കിന് വേദികളില്‍ തിളങ്ങിയ കെ പി ഉമ്മര്‍ പഴയ 'ഇതു ഭൂമിയാണ്' നാളുകളിലേക്ക്മടങ്ങിപ്പോയി.തല മൊട്ടയടിച്ച്, കൊമ്പന്‍ മീശ വെച്ച്, അരപ്പട്ട കെട്ടിയ കൈലി മുണ്ട് ധരിച്ച മാട്ടറപ്പുകാരന്‍ അസനാരായിട്ടായിരുന്നു ഉമ്മറിന്റെ വരവ്.പണ്ട് ശങ്കരാടി അവതരിപ്പിച്ച വേഷം.


(ശങ്കരാടിയും കെ പി ഉമ്മറും ഇറച്ചിവെട്ടുകാരന്‍ അസനാരുടെ വേഷത്തില്‍)

പഴയ നാടകത്തില്‍ ആദ്യം തോപ്പില്‍ ഭാസിയും പിന്നീട് ഡി കെ ചെല്ലപ്പനും ഭംഗിയായി കൈകാര്യം ചെയ്ത ഒളിവില്‍ കഴിയുന്ന കമ്മ്യൂണിസ്റ്റുകാരന്‍ രവിയുടെ നായക വേഷം സി. ജി. ഗോപിനാഥിനായിരുന്നു.നായികാവേഷത്തിലേക്കുള്ള പേര് കേട്ടപ്പോഴാണ് എല്ലാവരും ഒന്നു ഞെട്ടിയത്.


(അടൂര്‍ ഭവാനി ശാരദയുടെ വേഷത്തില്‍)

കഴിഞ്ഞ നാടകങ്ങളില്‍ അമ്മയുടെയും മദ്ധ്യവയസ്‌ക്കയായ ഏലിയാമ്മയുടെയും വേഷമെടുത്ത അടൂര്‍ ഭവാനി,നേരത്തെ സുധര്‍മ്മ അഭിനയിച്ച ശാരദയുടെ റോളില്‍ വന്നു.കവിയൂര്‍ പൊന്നമ്മ കൈകാര്യം ചെയ്ത,ഉപനായികമാരില്‍ ഒരാളായ സാഹിത്യാരാധിക മാലതിയായി സുലോചന യെ നിശ്ചയിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു.ആ കഥാപാത്രമാണ് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടുന്നത്.


(സുലോചന(മാലതി)

റിട്ടയേര്‍ഡ് പോലീസ് ഓഫീസറായി അഭിനയിച്ച തോപ്പില്‍ കൃഷ്ണപിള്ളയാണ് സ്ഥിരം റോളുകളില്‍ നിന്ന് മാറി വേഷമെടുത്ത മറ്റൊരു നടന്‍. കറമ്പനും വാനാറി പാച്ചുവും എക്സ് എം എല്‍ എ ശാസ്ത്രിയും കുഞ്ചുനായരും കേശവസ്വാമിയുമൊക്കെയായി അഭിനയിച്ച കൃഷ്ണപിള്ളയ്ക്ക് ഒരു വെല്ലുവിളി ആയിരുന്നു പ്രതിഭയുടെ നാടകത്തില്‍ എബ്രഹാം അവതരിപ്പിച്ച കഥാപാത്രം.ശേഷമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചവരൊക്കെ അതിന് ഏറ്റവും അനുയോജ്യരായ നടീനടന്മാരായിരുന്നു.നബീസയായി ലീല(പഴയ നാടകത്തില്‍ രാജകുമാരി),'വികാരജീവി' മധു(ആദ്യം ഗോപാലകൃഷ്ണന്‍ നായര്‍,പിന്നീട് അസീസ്)വായി എന്‍ ഗോവിന്ദന്‍ കുട്ടി,യൂണിഫോം ഇടാത്ത പോലീസുകാരന്‍ കാസീം പിള്ളയായി(മണവാളന്‍ ജോസഫ് / കാലായ്ക്കല്‍ കുമാരന്‍), ഖാന്‍,അപ്പു(മാസ്റ്റര്‍ പ്രിന്‍സ്) വായി മാസ്റ്റര്‍ ചെല്ലപ്പന്‍,അമ്മിണിയായി ബേബി കൃഷ്ണമ്മ എന്നിവര്‍ അഭിനയിച്ചു.


(മാസ്റ്റര്‍ ചെല്ലപ്പന്‍ (അപ്പു),ബേബി കൃഷ്ണമ്മ (അമ്മിണി)

പാട്ടുകളുടെ കാര്യത്തിലും ഒരു മാറ്റം വേണമെന്ന് തീരുമാനമായി.ഓ എന്‍ വിയും ദേവരാജനും ഇപ്പോള്‍ കെ പി എ സി യുടെ എതിര്‍പക്ഷത്താണല്ലോ.കാളിദാസകലാ കേന്ദ്രത്തിന്റെ 'ഡോക്ടര്‍', 'ജനനീ ജന്മഭൂമി' ' അള്‍ത്താര' എന്നീ നാടകങ്ങളുടെ പാട്ടുകളുടെ സൃഷ്ടാക്കളായ ആ ടീം തന്നെയാണ് പ്രതിഭയുടെ 'കാക്കപ്പൊന്നി'ലെ പാട്ടുകളും ഒരുക്കിയത്. അവയെല്ലാം സംഗീത പ്രേമികളുടെ മനസ്സില്‍ ഇടം നേടുകയും ചെയ്തു. അനാവശ്യമായ ഒരു മത്സരബുദ്ധിയാണ് ഇത് സൃഷ്ടിച്ചത്.മാത്രമല്ല,പ്രതിഭയ്ക്ക് വേണ്ടി ചെയ്ത പാട്ടുകള്‍ കെ പി എ സി എടുത്തുപയോഗിക്കുന്ന കാര്യത്തില്‍, അന്നത്തെ ആ പ്രത്യേക സാഹചര്യത്തില്‍ പ്രതിഭക്കാര്‍ക്കും പാട്ടിന്റെ സൃഷ്ടാക്കള്‍ ക്കും എതിര്‍പ്പുണ്ടായിരുന്നു.എല്ലാത്തിനും മീതെ മികച്ച പാട്ടുകള്‍ക്ക് ജന്മം നല്‍കാന്‍ കഴിവും നൈപുണ്യവുമുള്ള വയലാര്‍ കെ രാഘവന്‍ ടീം കെ പി എ സി യിലുണ്ടായിരുന്നു താനും.

ഈ പശ്ചാത്തലത്തില്‍, പുതിയതായി കുറെ പാട്ടുകള്‍ എഴുതി ഈണമിടാന്‍ വയലാര്‍ - 'രഘുനാഥ്' ടീമിനെ ചുമതലപ്പെടുത്തി. തോപ്പില്‍ഭാസി നിര്‍ദ്ദേശിച്ച ഗാനസന്ദര്‍ഭങ്ങള്‍ക്കു വേണ്ടി വയലാര്‍ വരികളെഴുതി. അശ്വമേധത്തിലെ പാട്ടുകള്‍ മികച്ച അഭിപ്രായം നേടിയതിന്റെ സന്തോഷത്തോടെ രാഘവന്‍ മാസ്റ്റര്‍ കായംകുളത്തെത്തി കമ്പോസിംഗ് ഏറ്റെടുത്തു. തോപ്പില്‍ഭാസി സംഭാഷണമെഴുതി ഉദയാ നിര്‍മ്മിക്കുന്ന 'റബേക്ക' എന്ന ചിത്രത്തിന്റെ സംഗീത വിഭാഗം വയലാര്‍ കെ രാഘവന്‍ ടീമാണ് കൈകാര്യം ചെയ്യന്നത്.മോളി എന്ന പേരിലാണ് രാഘവന്‍ മാസ്റ്റര്‍ ആ ചിത്രത്തില്‍ ഗാനങ്ങളൊരുക്കിയത്.


('കിളിവാതിലില്‍ മുട്ടിവിളിച്ചത് കിളിയോ കാറ്റോ?' വയലാര്‍ - മോളി (കെ രാഘവന്‍) ടീമിന്റെ മനോഹര ഗാനങ്ങളുമായി ഉദയായുടെ 'റബേക്ക')

''കിളിവാതിലില്‍ മുട്ടി വിളിച്ചത്

കിളിയോ കാറ്റോ...'

''ബലിയല്ലാ എനിക്ക് വേണ്ടത് ബലിയല്ലാ''

''ആകാശത്തിലെ കുരുവികള്‍

വിതയ്ക്കുന്നില്ലാ കൊയ്യുന്നില്ലാ.. ''

'താലിപ്പീലികാടുകളില്‍ താളം തുള്ളി നടന്നപ്പോള്‍'

''കൊതിയ്ക്കല്ലേ കൊതിയ്ക്കല്ലേ റബേക്കാ'' തുടങ്ങിയ പാട്ടുകള്‍,ആ വര്‍ഷം ക്രിസ്തുമസ് കാലത്ത് പടം പുറത്തിറങ്ങിയപ്പോള്‍ ഹിറ്റുകളായി തീരുകയും ചെയ്തു.

മൂലധനത്തില്‍ ആകെ എട്ടു പാട്ടുകളാണുണ്ടായിരുന്നത്.

'സ്വപ്നാടകരേ! മാനവജീവിത--

സത്യാന്വേഷികളേ!

ഇക്കലോത്സവപ്പന്തലിലിത്തിരി

നില്‍ക്കൂ നിങ്ങള്‍!' എന്നു തുടങ്ങുന്ന അഭിവാദനഗാനത്തിന് പുറമെ,

'മണ്ണാങ്കട്ടയും കരീലയും കൂടി

മലയ്ക്കു പോയ്,മലയ്ക്കു പോയ്

അച്ഛനുമമ്മയും കാണാതെ

ആരോടും മിണ്ടാതെ'

'കവിതേ! കലാദേവതേ!-നിന്‍

കനകനര്‍ത്തനമണ്ഡപനടയില്‍

കാത്തിരിപ്പൂ ഞാന്‍!'

'കിലുകിലെ കിലുകിലെ ചെപ്പുകിലുക്കും

ചെപ്പടിവിദ്യക്കാരാ

കിനാവെന്നൊരു കള്ളപ്പേര്

നിനക്കാരു തന്നൂ -- നിനക്കാരു തന്നൂ'

'കടിഞ്ഞൂല്‍പ്പൂവേ! കനിയമൃതേ

കണികാണാന്‍ നീയുണരൂ'

'അമ്പലത്തുളസിക്കു തടം വകഞ്ഞിരിക്കുന്ന

തമ്പുരാട്ടീ -- കൊച്ചുതമ്പുരാട്ടീ

നാടോടിപ്പാട്ടുകള്‍ തന്‍ നാലുകെട്ടിനകത്തൂന്ന്

നാലഞ്ചുമുത്തെനിക്കു തന്നാട്ടെ....'

'എഴുത്തുകാരാ! -- എഴുത്തുകാരാ! --

മനസ്സിലെഴുതിയ മൗനഗാനം

മറക്കുമോ നീ -- മറക്കുമോ നീ'

'പൂജാമലരുമായ് പോകുവതെങ്ങോ

പ്രേമതപസ്വിനി!'

എന്നീ ഏഴുഗാനങ്ങളാണ് സുലോചനയും കെ എസ് ജോര്‍ജ്ജും ലളിതയും കൂടി പാടി പ്രേക്ഷകരുടെ മുമ്പില്‍ അവതരിപ്പിച്ചത്.

പ്രതിഭാ ആര്‍ട്‌സ് ക്ലബ്ബ് മുന്‍പ് അവതരിപ്പിച്ച നാടകം കെ പി എ സി വീണ്ടും അവതരിപ്പിക്കുന്നു എന്നു കേട്ടപ്പോള്‍ പുതിയൊരു നാടകമെഴുതാന്‍ വയ്യാത്ത തോപ്പില്‍ഭാസിയുടെ 'കൃത്യപരന്ത്രതയ്‌ക്കൊരു ക്ഷമാപണ'മായിട്ടാണ് പലര്‍ക്കും തോന്നിയത്. ഉദ്ഘാടനയോഗത്തില്‍ സംസാരിച്ച കെ ബാലകൃഷ്ണന്‍ കെ പി എ സി യുടെ ഈ നടപടി ഒരു പിന്നോട്ടുപോക്കാണെന്നു വിമര്‍ശനമുന്നയിച്ചു.എന്നാല്‍ നാടകം കണ്ടുകഴിഞ്ഞപ്പോള്‍ പ്രതിഭയുടെ നാടകത്തില്‍ നിന്ന് കെ പി എ സിയുടെ നാടകം ഒട്ടും പുറകോട്ട് പോയില്ല എന്ന അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നുകേട്ടത്. നാടകത്തിന്റെ പ്രമേയത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയല്ല, മറിച്ച് ഏറിവരികയാണെന്നും പലരും ചൂണ്ടിക്കാട്ടി.കരുണ രസത്തിലധിഷ്ഠിതമായ നാടകത്തിന്റെ വൈകാരിക പിരിമുറുക്കത്തിനുടവു തട്ടാതെ തന്നെ, വിനോദത്തിനാവശ്യമായ ചേരുവകള്‍ ആവശ്യാനുസരണം ഇടകലര്‍ത്തി കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന ഭാസിയുടെ വിരുത് പ്രത്യേകം പ്രശംസിക്കപ്പെട്ടു.എന്നാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ ചില വിമര്‍ശനങ്ങളുമുണ്ടായി.നായികാവേഷത്തില്‍ വന്ന അടൂര്‍ഭവാനിയ്ക്ക് രൂപഭാവങ്ങള്‍ കൊണ്ടും വികാരപ്രകടനങ്ങള്‍ കൊണ്ടും നായികയായ ശാരദയുടെ വേഷത്തില്‍ ശോഭിയ്ക്കാനായില്ല എന്നായിരുന്നു വിമര്‍ശനം.തോപ്പില്‍ കൃഷ്ണപിള്ളയാണ് വേഷവുമായി ഒട്ടും ഇണങ്ങിച്ചേരാതെ ശ്വാസം മുട്ടിയ മറ്റൊരു അഭിനേതാവ്.

'സര്‍വേ ക്കല്ലു' മുതലുള്ള എല്ലാ നാടകങ്ങളിലും,പ്രത്യേകിച്ച് ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്ന 'അശ്വമേധ'ത്തില്‍ കേന്ദ്രകഥാപാത്രമായി നിറഞ്ഞു നിന്ന സുലോചന രണ്ട് ഉപനായികമാരില്‍ ഒരാളായി ഒതുക്കപ്പെട്ടതുപോലെ പലര്‍ക്കും തോന്നി.

എങ്കിലും പാട്ടുകളിലേറെയും പാടുകയും 'വികാരജീവി' മധുവായി അഭിനയിക്കുന്ന ഗോവിന്ദന്‍ കുട്ടിയോടൊപ്പം പ്രണയമുഹൂര്‍ത്തങ്ങള്‍ പങ്കിടുകയും ഒടുവില്‍ തനിക്കുണ്ടായ തെറ്റിദ്ധാരണയെ ചൊല്ലി പശ്ചാത്തപിക്കുകയും ചെയ്യുന്ന മാലതിയുടെ റോളില്‍ സുലോചന നന്നായി തന്നെ അഭിനയിച്ചു. സ്ഥിരം കാരക്ടര്‍ റോളുകളില്‍ അഭിനയിക്കുന്ന സി ജി ഗോപിനാഥിന്റെ ആദ്യ നായകവേഷവും മോശമായില്ല.എന്‍ ഗോവിന്ദന്‍ കുട്ടിയുടെ ആദ്യവില്ലന്‍ വേഷങ്ങളില്‍ ഒന്നായ മധു പ്രേക്ഷകരെ നല്ലതുപോലെ 'വെറുപ്പിച്ചു'.യൂണിഫോം ഇടാത്ത ഐ ഡി കാസിം പിള്ളയായി ഖാന് നല്ല പ്രകടനം കാഴ്ച്ച വെക്കാന്‍ സാധിച്ചപ്പോള്‍,മാട്ടറപ്പുകാരന്‍ അസ്സനാറെ ഉമ്മര്‍ ഗംഭീരമാക്കി.


(അസ്സനാര്‍ (കെ പി ഉമ്മര്‍),ഐ ഡി കാസിം പിള്ള(ഖാന്‍)

അശ്വമേധത്തിലും അല്പനാളുകള്‍ക്കു മുമ്പ് പുറത്തിറങ്ങിയ സ്വര്‍ഗ്ഗരാജ്യം എന്ന സിനിമയിലും യുവനായകനായി തിളങ്ങിയ ഉമ്മറിന്റെ 'മേക്കോവര്‍' അത്ഭുതകരമായിരുന്നു.സാധാരണ നൃത്തവും പാട്ടും ബഹളവുമൊക്കെയായി പ്രസരിപ്പോടെ പ്രത്യക്ഷപ്പെടാറുള്ള ലീല യുടെ അഭിനയശേഷി മുഴുവന്‍ പുറത്തെടുത്ത പ്രകടനമായിരുന്നു നബീസയുടേത്.


(ലീല (നബീസ)

മൂന്നു സ്ത്രീകഥാപാത്രങ്ങളില്‍ പ്രേക്ഷകഹൃദയം കവര്‍ന്നത് ലീലയാണ്.കുട്ടികളായ ചെല്ലപ്പനും കൃഷ്ണമ്മയും കാണികളെ കരയിപ്പിച്ചു.

മൂലധനത്തിനോടൊപ്പം, നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി മുതല്‍ അശ്വമേധം വരെയുള്ള മറ്റ് അഞ്ചു നാടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു നാടകോത്സവം എല്ലാ ജില്ലാ തലസ്ഥാനങ്ങളിലും വെച്ചു നടത്താനുള്ള ഒരു പരിപാടിയ്ക്ക് കെ പി എ സി രൂപം നല്‍കി.


(കെ പി.എ സിയുടെ നാടകോത്സവത്തിന്റെ പരസ്യം)

കായംകുളത്തെ കെ പി എ സി യുടെ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് നാടകോത്സവം നടന്നത്.1963 നവംബര്‍ 22 മുതല്‍ 27 വരെയുള്ള ആറ് ദിവസങ്ങളില്‍ രാത്രി എട്ടു മണിക്കായിരുന്നു നാടകം. 22 നു ഉദ്ഘാടനസമ്മേളനം 24 ന് കലാ സാംസ്‌കാരിക സംഘടനകളുടെ പ്രവര്‍ത്തകര്‍ പങ്കെടുത്ത ചര്‍ച്ചാ സമ്മേളനം,27ന് സമാപന പൊതുസമ്മേളനം -- ഇങ്ങനെയാണ് പരിപാടികള്‍ ക്രമീകരിച്ചിരുന്നത്.തകഴി ശിവശങ്കരപ്പിള്ള, ഇടശ്ശേരി ഗോവിന്ദന്‍ നായര്‍,ഗുരു ഗോപിനാഥ്,കെ ബാലകൃഷ്ണന്‍, പ്രൊഫ.എം കൃഷ്ണന്‍ നായര്‍, അഡ്വ.ജി ജനാര്‍ദ്ദനക്കുറുപ്പ്,അഡ്വ.എന്‍. രാജഗോപാലന്‍ നായര്‍,കുമരകം ശങ്കുണ്ണി മേനോന്‍,എരൂര്‍ വാസുദേവ്, കലാനിലയം കൃഷ്ണന്‍ നായര്‍ തുടങ്ങി പ്രമുഖവ്യക്തികള്‍ മൂന്നു സമ്മേളനങ്ങളിലായി പങ്കെടുത്തു.


(നാടകോത്സവത്തിന്റെയും സെമിനാറിന്റെയും പരസ്യം)

നാടകരംഗത്തെ ഞെക്കിക്കൊല്ലുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ കെ പി എ സി നടത്തിയ സമരം, പൊതുജനശ്രദ്ധയിലേക്ക് ഈ പ്രശ്‌നത്തെ കൊണ്ടു വരാന്‍ സഹായിച്ചെങ്കിലും പരിഹാരം കാണാതെതന്നെ തുടരുകയായിരുന്നു.

മലയാളനാടകവേദിയെ ഏതാണ്ട് സ്തംഭനാവസ്ഥയിലെത്തിച്ച ആ പ്രശ്‌നത്തെ ക്കുറിച്ച് ചര്‍ച്ച ചെയ്ത് സമിതികള്‍ക്കിടയില്‍ ഒരു സമവായത്തിലെത്തുക എന്നതായിരുന്നു നാടക സിംപോസിയത്തിന്റെ പ്രധാന ഉദ്ദേശ്യം. സംസ്ഥാനാടിസ്ഥാനത്തില്‍ ഒരു കേന്ദ്രസംഘടന ഉണ്ടാക്കുന്നതിനായി വിപുലമായ ഒരു സമ്മേളനം വിളിച്ചുകൂട്ടണമെന്ന് യോഗം തീരുമാനിച്ചു. ഗവണ്മെന്റുമായി വിഷയം ചര്‍ച്ച ചെയ്യാനായി ഒരു കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

''ജീവിക്കുന്ന മനുഷ്യനും അവന്റെ വികാരവും ഭാഷയും സ്റ്റേജിലേക്ക്,ഇവിടെ ആദ്യം കടന്നു വന്നത് കെ പി എ സി യുടെ നാടകങ്ങളിലൂടെയാണെന്ന് സമ്മേളനത്തില്‍ സംസാരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സി അച്യുത മേനോനും കൗമുദി പത്രാധിപര്‍ കെ ബാലകൃഷ്ണനും ചൂണ്ടിക്കാണിച്ചു.പ്രശ്നാധിഷ്ഠവും മനുഷ്യകഥാപരവുമായ നല്ല നാടകങ്ങള്‍ നിര്‍മ്മിച്ച് കാഴ്ചക്കാരുടെ ഉള്ളില്‍ത്തട്ടുംവിധം അവതരിപ്പിക്കുന്നതില്‍ അങ്ങേയറ്റത്തോളം വരെ വിജയിച്ചിട്ടുള്ള കെ പി എ സി സ്റ്റേജിന്റെ സാങ്കേതിക വശങ്ങളില്‍ വേണ്ടത്ര വളര്‍ന്നിട്ടില്ല.ഗ്രാമാന്തരങ്ങള്‍ തോറും സഞ്ചരിച്ച് നാടകം കളിക്കേണ്ട സമിതികള്‍ക്ക് സാങ്കേതികമായ പരിമിതികള്‍ ഉണ്ട്.അതിന് അച്യുതമേനോന്‍ നിര്‍ദ്ദേശിച്ച പരിഹാരം നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ആധുനിക സജ്ജീകരണങ്ങളോടെ സ്ഥിരം തീയേറ്ററുകളുണ്ടാക്കാന്‍ ഗവണ്മെന്റും തദ്ദേശസ്ഥാപനങ്ങളും തയ്യാറാകണമെന്നാണ്.നാടകത്തിന്റെ അഭിനയത്തിനും ടെക്നിക്കിനുമുള്ള പരിശീലനത്തിന് സ്വതന്ത്രമായി ഒരു വിദ്യാലയം ഉണ്ടാക്കിക്കൂടെ എന്ന് അച്യുതമേനോന്‍ ചോദിച്ചു.''**

'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി' മുതല്‍ 'മൂലധനം' വരെയുള്ള ആറു നാടകങ്ങള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച നാടകോത്സവം നാടകപ്രേമികളെ സംബന്ധിച്ചിടത്തോളം ആവേശകരമായ അനുഭവമായി മാറി തോപ്പില്‍ഭാസിയുടെ നാടകസപര്യയിലെ ക്രമാനുഗതമായ വളര്‍ച്ച നാടകോത്സവം കൃത്യമായി രേഖപ്പെടുത്തി.

നാടകോത്സവവേദിയിലും നാടകസെമിനാറിലെ ചര്‍ച്ചകളിലുമെല്ലാം സാധാരണ ഗതിയില്‍ തലയെടുപ്പോടെ നിറഞ്ഞുനില്‍ക്കുമായിരുന്ന ഒരു അതികായന്റെ അസാന്നിധ്യം വളരെ പ്രകടമായിരുന്നു.


(പി കെ വിക്രമന്‍ നായരുടെ ചരമവാര്‍ത്ത)

ഒരു വര്‍ഷം മുമ്പ്,മലയാള നാടകവേദിയെ അക്ഷരാര്‍ത്ഥത്തില്‍ അനാഥമാക്കിക്കൊണ്ട് അകാലത്തില്‍ വിട്ടുപിരിഞ്ഞ പി കെ വിക്രമന്‍ നായരായിരുന്നു അത്.കെ പി എ സി യുള്‍പ്പെടെയുള്ള പുരോഗമന നാടകപ്രസ്ഥാനത്തിനും കേരളത്തിലെ അമച്വര്‍ നാടകവേദിക്കും ദിശ കാണിച്ചുകൊടുത്ത ദീപസ്തംഭമായിരുന്നു വിക്രമന്‍ നായര്‍. കലാ സാംസ്‌കാരിക ലോകത്തിന് കനത്ത ആഘാതമേല്‍പ്പിച്ച ആ മരണത്തെ കുറിച്ച് ജനയുഗം എഴുതി.


(പി കെ വിക്രമന്‍ നായര്‍)

''മലയാള നാടകവേദിയില്‍ ഇളംതലമുറക്കാര്‍ക്ക് ഒരു ജ്യേഷ്ഠസഹോദരനുണ്ടായിരുന്നു.ആ 'വിക്രമന്‍ ചേട്ടന്‍' എന്നെന്നേക്കുമായി രംഗത്തുനിന്ന് അപ്രത്യക്ഷനായിരിക്കുന്നു.ഹ്രസ്വമായ നാല്‍പ്പത്തിയേഴ് കൊല്ലത്തെ ജീവിതത്തിനിടയില്‍ രണ്ടോ മൂന്നോ മനുഷ്യായുസ്സുകളുടെ കലാസേവനം ഒന്നിച്ചു നിര്‍വഹിച്ച ആളാണ് ശ്രീ.പി കെ വിക്രമന്‍ നായര്‍.അഭിനയശാസ്ത്രത്തെ സംബന്ധിച്ച് ആധികാരികമായും പ്രായോഗികമായും വിധി കല്പിക്കാന്‍ കഴിവുള്ള ഒന്നാമത്തെ ആളായിരുന്നു അദ്ദേഹം.

ഒരു ഉദ്യോഗസ്ഥനെന്ന നിലയ്ക്കും കലാകാരനെന്ന നിലയ്ക്കും ലഭിച്ച ഉയര്‍ച്ച ഒരിക്കലും അദ്ദേഹത്തെ സാധാരണക്കാരില്‍ നിന്ന് അകറ്റിയില്ല.ആര്‍ക്കും ഏ തുപദേശത്തിനും എന്തുകാര്യത്തിനും അങ്ങോട്ടു കടന്നു ചെല്ലാം.വീടിന്റെ വാതില്‍ മാത്രമല്ല, സ്വന്തം ഹൃദയത്തിന്റെ വാതിലും അദ്ദേഹം മലര്‍ക്കെ തുറന്നു തരും.നാടക-ചലച്ചിത്രാഭിനയങ്ങളെയും സ്റ്റേജ്-സ്‌ക്രീന്‍ സങ്കേതങ്ങളെയും സംബന്ധിച്ച് വളരെയേറെ വായിച്ചും പരീക്ഷണങ്ങള്‍ നടത്തിയും ഗാഢമായ അറിവു സമ്പാദിച്ച ഈ പണ്ഡിതന് അതു ഗ്രന്ഥരൂപത്തിലാക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു.ഒരു എന്‍ജിനീയറുടെ ജീവിതവും ഒരു നടന്റെ ജീവിതവും തമ്മില്‍ പൊരുത്തപ്പെടുത്തിക്കൊണ്ടുപോകാനുള്ള നീണ്ട സമരത്തില്‍ നിന്ന് പുറത്തുവരാന്‍ കഴിയുന്നതിനുമുമ്പു തന്നെ അദ്ദേഹം അന്തരിച്ചുപോയി.''

കെ ബാലകൃഷ്ണന്റെ ഒപ്പോടു കൂടി വരുന്ന കൗമുദി കുറിപ്പുകളുടെ സ്ഥാനത്ത് വയലാര്‍ രാമവര്‍മ്മയുടെ 'രാജഹംസം' എന്ന കവിതയുമായിട്ടാണ് കൗമുദി വാരിക ആ ആഴ്ച്ച പുറത്തിറങ്ങിയത്.

''കൈയിലൊരിന്ദ്ര ധനസ്സുമായ് കാറ്റത്ത്

പെയ്യുവാന്‍ വന്ന തുലാവര്‍ഷ മേഘമേ

കമ്രനക്ഷത്ര രജനിയി,ലിന്നലെ-

ക്കണ്ടുവോ നീയെന്റെ രാജഹംസത്തിനെ?......

....കൈയില്‍ പിടയുമെന്നാത്മാവുമായ് വന്ന്

കണ്മുന്‍പില്‍ നില്‍ക്കും തമോമയ രൂപമേ,

എന്നെ ഞാന്‍ നല്‍കാം,എനിക്ക് തിരിച്ചു നീ-

യെന്ന് കൊണ്ടത്തരും 'വിക്രമന്‍ ചേട്ടനെ'?''....

വിക്രമന്‍ നായരുടെ മരണം കെ പി എ സിയിലെല്ലാവരെയും ദുഃഖിപ്പിച്ചു. റിഹേഴ്‌സല്‍ കാണാന്‍ വരുമ്പോള്‍ ഓരോരുത്തരോടും തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞ്, അഭിനയവും മറ്റും കൂടുതല്‍ മെച്ചപ്പെടുത്താ നാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.

സുലോചനയോട് പ്രത്യേക വാത്സല്യം പ്രകടിപ്പിച്ചിരുന്ന ആ വലിയ മനുഷ്യന്‍ മലയാള നാടകവേദിയിലെ ഏറ്റവും വലിയ നടി എന്നാണ് സുലോചനയെ വിശേഷിപ്പിച്ചിരുന്നത്.

പി കെ വിക്രമന്‍ നായര്‍ അവസാനമായി പങ്കെടുത്ത പൊതുചടങ്ങ് 1962ലെ ഓണക്കാലത്ത് കോട്ടയത്ത് സംഘടിപ്പിച്ച നാടകോത്സവമായിരുന്നു.തിരുവോണ നാള്‍ മുതല്‍ അഞ്ചുദിവസം നീണ്ടുനിന്ന നാടകോത്സവം ഉദ്ഘാടനം ചെയ്തത് വിക്രമന്‍ നായരാണ്.പാലക്കാട് ഒഴിച്ചുള്ള എല്ലാ ജില്ലകളിലും നിന്നും അമച്വര്‍ സമിതികളടക്കം പങ്കെടുത്ത ആ മത്സരത്തിലാണ് അശ്വമേധം നാല് അവാര്‍ഡുകള്‍ നേടിയത്.മികച്ച നാടകം,സംവിധായകന്‍(തോപ്പില്‍ഭാസി),നടി - സുലോചന,സഹായ നടന്‍ - കെ പി ഉമ്മര്‍.മികച്ച നടനുള്ള പുരസ്‌കാരം കോഴിക്കോട് ദേശപോഷിണി കലാസമിതിയുടെ 'ഈഡിപ്പസി'ലെ അഭിനയത്തിന് കുഞ്ഞാണ്ടിയ്ക്ക് ലഭിച്ചു.

1963 മാര്‍ച്ചില്‍ തുടങ്ങിയ കെ പി എ സി യുടെ മറുനാടന്‍ പര്യടനം അസാമാന്യ വിജയമായിരുന്നു.കോയമ്പത്തൂര്‍, ബാംഗ്‌ളൂര്‍, ബോംബെ,അഹമ്മദാബാദ്,നാസിക്, പൂന ജോഗ്ഫാള്‍സ്, മദ്രാസ്,ഭോപ്പാല്‍, ഭീലായ്, റൂര്‍ഖേല,റാഞ്ചി, ജംഷഡ്പൂര്‍, കല്‍ക്കട്ട, ദുര്‍ഗാപൂര്‍, സിന്‍ഡ്രി, കട്ടക്ക്,നാഗ്പൂര്‍,ഹൈദ്രബാദ് തുടങ്ങിയ സ്ഥലങ്ങളിലെ മലയാളിസംഘടനകളുടെ ക്ഷണം സ്വീകരിച്ച് നാടകമവതരിപ്പിക്കാന്‍ പോയ കെ പി എ സി സംഘത്തിന്റെ പര്യടനം മൂന്നു മാസക്കാലം നീണ്ടുനിന്നു. തുടര്‍ന്ന്,ജൂലൈ 12 മുതല്‍ നടന്ന മലബാര്‍ പര്യടനവും വലിയ വിജയമായിരുന്നു.

കേരളത്തിലെ ഒന്നാമത്തെ കലാസമിതി എന്ന നിലയില്‍ പുതിയ കര്‍മ്മമണ്ഡലങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു കെ പി എ സി.ഡാന്‍സര്‍ ഗുരു ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു നൃത്തവിദ്യാലയം ആരംഭിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായി.ഒപ്പം ഒരു സംഗീത വിദ്യാലയവും.നാടകകലയെ കുറിച്ച് പ്രായോഗികമായ അറിവും അനുഭവജ്ഞാനവും മാത്രമുള്ള കെ പി എ സി അംഗങ്ങള്‍ക്ക് നാടകത്തെ പറ്റി കൂടുതല്‍ വായിക്കാനും പഠിക്കാനും വേണ്ടി ഒരു ലൈബ്രറി സ്ഥാപിക്കാനും കെ പി എ സിയ്ക്ക് ഒരു മുഖപത്രം തുടങ്ങാനുമുള്ള സുപ്രധാനമായ ചില തീരുമാനങ്ങളും കെ പി എ സി എക്‌സിക്യൂട്ടീവ് കമ്മിറ്റി കൈക്കൊണ്ടു. ഈ തീരുമാനങ്ങളിലെല്ലാം കമ്മിറ്റിയംഗമെന്ന നിലയില്‍ സുലോചനയ്ക്കും നിര്‍ണ്ണായകമായ പങ്കുണ്ടായിരുന്നു.

അങ്ങനെ 'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി' യുമായി കേരളം കീഴടക്കി പത്തു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഏറ്റവും വലിയ ജനകീയകലാപ്രസ്ഥാനം എന്ന നിലയില്‍ പ്രശസ്തിയുടെയും ജനകീയാംഗീകാരത്തിന്റെയും നെറുകയില്‍ എത്തിനില്‍ക്കുകയായിരുന്നു കെ പി എ സി.

ഒന്നിനോടൊന്ന് വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പ്രമേയങ്ങളുമായി മറ്റ് പ്രധാന നാടകസമിതികള്‍ അരങ്ങു നിറഞ്ഞപ്പോള്‍,പുതിയ സീസണിലെ നാടകമായി മൂലധനം തിരഞ്ഞെടുത്തതിന് തോപ്പില്‍ ഭാസി തുറന്നു പറയാത്ത ഒരു കാരണമുണ്ടായിരുന്നു.1957 ല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ഭാസി മൂലധനം എഴുതിയത് അധികാരത്തിലേറുന്ന സഖാക്കളെ ഒരു വലിയ ത്യാഗത്തിന്റെയും മുതല്‍മുടക്കിന്റെയും കഥകള്‍ ഓര്‍മ്മപ്പെടുത്താനായിരുന്നു.ഇപ്പോള്‍ വീണ്ടും അത്തരമൊരു ഓര്‍മ്മപ്പെടുത്തല്‍ ആവശ്യമായി വന്നിരിക്കുന്നു എന്ന് ഭാസിക്ക് തോന്നി.കാരണം അപ്പോള്‍ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുകയായിരുന്ന സമയമായിരുന്നു. അതിന്റെ അനുരണനങ്ങള്‍ ഏറ്റവും ശക്തമായി പ്രതിഫലിച്ചത് ഇന്ത്യയിലെ പാര്‍ട്ടിയിലാണ്. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നതയുടെ മൂര്‍ദ്ധന്യത്തിലേയ്ക്ക് അതിവേഗം അടുത്തുകൊണ്ടിരുന്ന ആ നാളുകളിലാണ് 'മൂലധനം' അവതരിപ്പിച്ചത്.എന്നാല്‍ അധികം വൈകാതെ എല്ലാവരിലും ആഘാതമേലിച്ചുകൊണ്ട് അതു സംഭവിച്ചു.ഒറ്റക്കല്ലില്‍ തീര്‍ത്ത ശില്‍പ്പം പോലെ ദൃഢവും കരുത്തുമാര്‍ന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രണ്ടായി നെടുകെ പിളര്‍ന്നു....

(അടുത്തഭാഗം:' കരള്‍ പിളരും കാലം ')

* മൂലധനംതോപ്പില്‍ഭാസി, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം

** നാടകോത്സവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട്, ജനയുഗം ദിനപത്രം, കല്ലട വാസുദേവന്‍, ഡിസംബര്‍ 2, 1963

(ചിത്രങ്ങള്‍ക്ക് കടപ്പാട്:ശ്രീ സുരേന്ദ്രന്‍, സി. ഉണ്ണിരാജ ലൈബ്രറി, എംഎന്‍ സ്മാരകം, തിരുവനന്തപുരം)


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories