TopTop
Begin typing your search above and press return to search.

SERIES| കരള്‍ പിളരും കാലം -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

SERIES| കരള്‍ പിളരും കാലം -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

(കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ റെഡ് വോളന്റിയര്‍മാരുടെ മാര്‍ച്ച്)

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)

ഭാഗം 51

1964 ഏപ്രില്‍ - മേയ് മാസങ്ങളിലെ ഒരു ദിവസം.ശൂരനാട് സമര നായകരില്‍ ഒരാളായ ചെലക്കോട്ടേത്തു കുഞ്ഞുരാമനോടൊപ്പം തോപ്പില്‍ഭാസി ആ പ്രദേശത്തുള്ള ഒരു കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ ചെന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനെ കുറിച്ചുള്ള ഔദ്യോഗിക പക്ഷത്തിന്റെ നിലപാട് വിശദീകരിക്കാന്‍ വേണ്ടി പാര്‍ട്ടി തീരുമാനപ്രകാരം ചെന്നതാണ്.1948-52 കാലത്ത് ഭാസിയും കുഞ്ഞുരാമനു മെല്ലാം നിരവധി തവണ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരു വീടാണ് അത്. അങ്ങോട്ടേക്ക് കയറിച്ചെന്നപ്പോള്‍ തന്നെ എന്തോ ഒരു പന്തികേടുപോലെ അനുഭവപ്പെട്ടു. രണ്ടു കടുത്ത ശത്രുക്കള്‍ വലിഞ്ഞു കയറി ചെന്നതുപോലെയാണ് ആ വീട്ടുകാര്‍ അവരെ നോക്കുന്നത്.അപ്പോള്‍ തന്നെ ഭാസിക്കും കുഞ്ഞുരാമനും ഒരു കാര്യം ബോദ്ധ്യമായി.'ഇടതു'കാര്‍ അവര്‍ക്കു മുന്‍പേ തന്നെ അവിടെയെത്തിയിരിക്കുന്നു!

കുഞ്ഞുരാമന്‍ പറഞ്ഞു തുടങ്ങി: ''പാര്‍ട്ടിയിലെ ഭിന്നിപ്പിനെപ്പറ്റി ഞങ്ങള്‍ക്ക് ചിലതു പറയാനുണ്ട്.''

വീട്ടിലെ കാരണവര്‍ മുഖത്തടിക്കുന്നതു പോലെ പറഞ്ഞു:

'താനൊന്നും പറയേണ്ടാ.'

തോപ്പില്‍ഭാസി ഞെട്ടി പ്പോയി.ആ പറഞ്ഞത് ചെലക്കോട്ടെത്തു കുഞ്ഞുരാമനോടാണ്....

.....കുളത്തൂപ്പുഴ വെച്ച് കുഞ്ഞുരാമന്‍ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ഒക്കത്തിരിക്കുന്ന കൈക്കുഞ്ഞുമായി കുഞ്ഞുരാമന്റെ ഭാര്യ അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ വള്ളികുന്നത്തെത്തി.മൂത്ത മകള്‍ ഭാര്‍ഗവി സന്നിപാത ജ്വരം പിടിപെട്ട് മരിച്ചു.നാലുകുട്ടികള്‍ എവിടെയാണെന്ന് നിശ്ചയമില്ല.വീട് പോലീസ് തകര്‍ത്തിട്ടിരിക്കുകയാണ്.പോലീസിനെ പേടിച്ച് ആരും അവര്‍ക്ക് ഒരു ജോലി കൊടുക്കാന്‍ തയ്യാറായില്ല.സഹതാപം പ്രകടിപ്പിക്കാന്‍ പോലും ആളുകള്‍ ഭയന്നു.പോലീസുകാരും ഗുണ്ടകളും അവരെ നിരന്തരം ദ്രോഹിച്ചുകൊണ്ടിരുന്നു.ആരെങ്കിലും ദയ തോന്നി നാഴിയരി കൊടുത്താല്‍ പൊലീസുകാരോ ഗൂണ്ടകളോ വന്ന് അടുപ്പില്‍ തിളച്ചുകിടക്കുന്ന കഞ്ഞി കലത്തോടു കൂടി എടുത്ത് മുറ്റത്തെറിയും.പോലീസ് മര്‍ദ്ദനമേറ്റ് എല്ലും തോലുമായ കുഞ്ഞുരാമന്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം ഒരു രാത്രിയില്‍ അന്ന് ഒളിവില്‍ കഴിയുന്ന ഭാസിയെ ഒളിസങ്കേതത്തില്‍ ചെന്നു കണ്ടു.അവര്‍ മുഖത്തോടു മുഖം നോക്കി.അടുത്ത നിമിഷം കുഞ്ഞുരാമന്‍ ഒരു ശിശുവിനെപ്പോലെ പൊട്ടിക്കരഞ്ഞു.

കരച്ചിലടക്കി സമചിത്തത കൈവരുത്തിക്കൊണ്ട് കുഞ്ഞുരാമന്‍ ചോദിച്ചു.'ഞാനെന്തു വേണം?'

'' വീട്ടില്‍ പോകണം'' ഭാസി മറുപടി പറഞ്ഞു.

കുഞ്ഞുരാമന്‍ അല്പസമയം കുനിഞ്ഞിരുന്നാലോചിച്ചു.എന്നിട്ട് എഴുന്നേറ്റ് ഭാസിയോട് ഒരു ചോദ്യം കൂടി ചോദിച്ചു.''എന്നെപ്പറ്റി നിങ്ങള്‍ ആലോചിച്ചോ?''

''ആലോചിച്ചു.''

''എന്റെ പാര്‍ട്ടിയെക്കവിഞ്ഞ് എനിക്കീ ലോകത്തില്‍ ഒന്നുമില്ല!'' കുഞ്ഞുരാമന്‍ നടന്നുപോയി......

കുഞ്ഞുരാമനോട് നിഷേധത്തോടെ കയര്‍ത്തു സംസാരിച്ചതു കണ്ടപ്പോഴുണ്ടായ വേദനയോടെ ഭാസി ആ കര്‍ഷകത്തൊഴിലാളി കാരണവരോട് പറഞ്ഞു.

''കര്‍ഷകത്തൊഴിലാളികളെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാന്‍ ഈ മനുഷ്യന്‍ എന്തെല്ലാം കഷ്ടപ്പാടുകള്‍ സഹിച്ചതാണ്.ശൂരനാട് കേസില്‍പ്പെട്ട് ലോക്കപ്പിലും ജയിലിലും കിടന്ന് മര്‍ദ്ദനം സഹിച്ച് ആരോഗ്യം തകര്‍ന്ന കുഞ്ഞുരാമനോടാണോ ഇങ്ങനെ സംസാരിക്കുന്നത്?''

''മര്‍ദ്ദനം സഹിച്ചെങ്കില്‍ അയാള് കുത്തിയിരുന്നു വലിക്കട്ടെ...'' തൊഴിലാളി സഖാവ് പ്രതികരിച്ചു....


(കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‌സിലില്‍ നിന്ന് 32 പേര്‍ ഇറങ്ങിപ്പോയതിനെ കുറിച്ചുള്ള വാര്‍ത്ത)

1964 ഏപ്രില്‍ 11. ദല്‍ഹിയില്‍ ചേര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗം അന്ന് ആകെ പ്രക്ഷുബ്ധമായിരുന്നു.കുറച്ചു വര്‍ഷങ്ങളായി പാര്‍ട്ടിക്കുള്ളില്‍ ഉരുണ്ടുകൂടിയ പ്രത്യയശാസ്ത്രപരമായ സംഘര്‍ഷത്തിന്റെയും ആശയ സംഘട്ടനത്തിന്റെയും ക്ലൈമാക്‌സ് രംഗം അരങ്ങേറുകയായിരുന്നു അന്ന്.

ഇന്ത്യയിലെ ഭരണവര്‍ഗ്ഗത്തിന്റെയും ദേശീയ ബൂര്‍ഷ്വാസിയുടെയും സ്വഭാവത്തെക്കുറിച്ചും ഇന്ത്യന്‍ വിപ്ലവത്തിന്റെ പാതയെ സംബന്ധിച്ചുമുള്ള അഭിപ്രായഭിന്നതകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ സജീവമായി നിലനില്‍ക്കുമ്പോഴാണ്, സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സോവിയറ്റ് യൂണിയന്‍ ഒരു ഭാഗത്തും ചൈന മറുഭാഗത്തുമായി ആശയസംഘട്ടനം രൂക്ഷമാകുന്നത്. ചെയര്‍മാന്‍ എസ് എ ഡാങ്കെയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിന്റെ നിലപാടുകളെ എതിര്‍ത്തുകൊണ്ട് പി സുന്ദരയ്യയും ബി ടി രണദിവേയും മറ്റും നയിക്കുന്ന 'ഇടതുപക്ഷ' വും ഇഎംഎസും ജ്യോതിബസുവും ഭൂപേഷ് ഗുപ്ത യുമടങ്ങുന്ന മദ്ധ്യവര്‍ത്തികളും തുറന്ന യുദ്ധമാരംഭിച്ചു.അപ്പോഴാണ്,സ്വാതന്ത്ര്യ സമരകാലത്ത് ജയിലില്‍ കിടന്നുകൊണ്ട് ബ്രിട്ടീഷ് ഗവണ്മെന്റിന് ഡാങ്കെ അയച്ചുവെന്ന് പറയപ്പെടുന്ന കത്തുകള്‍ ഒരു പ്രസിദ്ധീകരണം പുറത്തുകൊണ്ടുവരുന്നത്. ആ പശ്ചാത്തലത്തില്‍ ഡാങ്കെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതിനെതിരെ ഇരുപക്ഷങ്ങളും പ്രതിഷേധമുയര്‍ത്തി. വാഗ്‌വാദങ്ങള്‍ക്കൊടുവില്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ 31 പേര്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയി. അതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് യാഥാര്‍ത്ഥ്യമായിത്തീരുകയായിരുന്നു....


(കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെ സംബന്ധിച്ച വാര്‍ത്തകള്‍)

സാധാരണക്കാരും പട്ടിണിപ്പാവങ്ങളുമായ പാര്‍ട്ടി അണികളേയും അനുഭാവികളെയും സംബന്ധിച്ചിടത്തോളം ,പിളര്‍പ്പ് വലിയൊരു ആഘാതവും അമ്പരപ്പും സൃഷ്ടിച്ചെങ്കിലും 1960 കളുടെ തുടക്കം മുതല്‍ക്ക് തന്നെ ചേരിതിരിവ് പ്രകടമായിത്തുടങ്ങിയിരുന്നു.1956 ല്‍ പാലക്കാട് വെച്ചുനടന്ന നാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് 1961ലെ വിജയവാഡാ കോണ്‍ഗ്രസില്‍ എത്തുമ്പോഴേക്ക് പിളര്‍പ്പ് പടിവാതില്‍ക്കല്‍ വരെ എത്തിക്കഴിഞ്ഞിരുന്നു.


(അജയഘോഷ് - ശ്രീപദ് അമൃത് ഡാങ്കെ - ഇ എം എസ് നമ്പൂതിരിപ്പാട്)

അജയഘോഷിന്റെ ആകസ്മികമായ വിടവാങ്ങലിനു ശേഷം എസ് എ ഡാങ്കെ ചെയര്‍മാനും ഇ എം എസ് നമ്പൂതിരിപ്പാട് ജനറല്‍ സെക്രട്ടറിയുമായുള്ള നേതൃത്വം നിലവില്‍ വന്നതോടെ പ്രതിസന്ധി മൂര്‍ച്ഛിക്കുകയായിരുന്നു. ചൈനീസ് ആക്രമണത്തെ കുറിച്ചുള്ള നിലപാടിനെച്ചൊല്ലി ഇ എം എസ് രാജിവെച്ചു.പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങാത്ത ഏ കെ ജി അച്ചടക്കനടപടിക്ക് വിധേയനായി.അതോടെ കേരളവും ബംഗാളും ആന്ധ്രയുമുള്‍പ്പെടെ പാര്‍ട്ടിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ ബദല്‍ കമ്മിറ്റികള്‍ ഉണ്ടാക്കാനും കേരളത്തില്‍ 'ചിന്ത' പോലെ താത്വിക പ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കുന്നതിനുമൊക്കെ പ്രമുഖനേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങി.പല ജില്ലാക്കമ്മിറ്റികളും 'ഇടതുവിഭാഗം'പിടിച്ചെടുത്തു. എറണാകുളത്തു നടന്ന പിടിച്ചെടുക്കല്‍ വി വിശ്വനാഥമേനോന്‍ ഓര്‍മ്മിക്കുന്നു.


(വി വിശ്വനാഥ മേനോന്‍ - ടി കെ രാമകൃഷ്ണന്‍)

'അടുത്ത ദിവസം രാവിലെ ടി കെ (രാമകൃഷ്ണന്‍)എന്നെ കാണാന്‍ വന്നു.ഡി സി (ജില്ലാക്കമ്മിറ്റി) പിടിക്കുന്ന കാര്യമായിരുന്നു സംസാരവിഷയം.

'ഇന്നു ജില്ലാക്കമ്മിറ്റിയാണ്.നമ്മുടെ തീരുമാനം നടപ്പിലാക്കാന്‍ പോകുകയാണ്.നമ്മുടെ ആകെ സ്വത്ത് ചെങ്കൊടിയല്ലേ?പാര്‍ട്ടി ഭിന്നിക്കുന്നത് കഷ്ടമല്ലേ? നമ്മള്‍ ചെയ്യുന്നത് കൊള്ളരുതാത്തരമാകുമോ?' ടി കെ യ്ക്ക് സംശയം.

''നമ്മുടെ രാഷ്ട്രീയധര്‍മ്മമാണത്.അതുവേണം.'ഞാന്‍ ടി കെ യെ ധൈര്യപ്പെടുത്തി.ഞാന്‍ തുടര്‍ന്നു.

'ഇതൊരു ഐഡിയോളജിക്കല്‍ ഫൈറ്റ് ആണ്.കോണ്‍ഗ്ര സിന്റെ വാലായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കേന്ദ്രനേതാക്കള്‍ തരം താഴ്ത്തിയിരിക്കുന്നു.നാം ചോരയും നീരും കൊടുത്ത് വളര്‍ത്തിയ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ എന്തു വില കൊടുത്തും നാം മുന്നിട്ടിറങ്ങേണ്ടതാണ്.'

ടി കെ ധൈര്യം സംഭരിച്ച് പോയി ജില്ലാക്കമ്മിറ്റി പിടിച്ച് ഇടതുപക്ഷത്തേയ്ക്കാക്കി.''*


ദേശീയ കൗണ്‍സിലില്‍ നിന്നിറങ്ങി വന്ന കേരളത്തിലെ നേതാക്കള്‍ : ഇ എം എസ്,ഏ വി കുഞ്ഞമ്പു,ഇ കെ നായനാര്‍(ഇരിക്കുന്നു) വി എസ് അച്യുതാനന്ദന്‍, ഇ കെ ഇമ്പിച്ചിബാവ, ഏ കെ ജി,സി എച്ച് കണാരന്‍ (നില്‍ക്കുന്നു)

പാര്‍ട്ടിയിലെ ഭിന്നിപ്പ് ഏറ്റവും ബാധിച്ചത് പലരുടെയും അടുത്ത വ്യക്തിബന്ധങ്ങളെയും തീവ്രസൗഹൃദങ്ങളെയുമാണ്. ഏകോദരസഹോദരങ്ങളെപ്പോലെ കഴിഞ്ഞിരുന്ന പലരും വിരുദ്ധചേരികളില്‍ നിലയുറപ്പിച്ച്, 'റിവിഷണിസ്റ്റ്' എന്നും 'സെക്ടേറിയനിസ്റ്റ്' എന്നും അന്യോന്യം ആക്ഷേപിച്ചു കൊണ്ട് ആക്രമണശരങ്ങളെയ്തു. ഉറ്റ സഖാക്കളായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടും എം എന്‍ ഗോവിന്ദന്‍ നായരും ആജന്മശത്രുക്കളെപ്പോലെ ഏറ്റുമുട്ടിയപ്പോള്‍,ടി വി തോമസിനെയും കെ ആര്‍ ഗൗരിയുടെയും ദാമ്പത്യബന്ധത്തിലാണ് പിളര്‍പ്പ് വിള്ളല്‍ വീഴ്ത്തിയത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ്,പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിത്തന്നെ സഖാക്കള്‍ക്കിടയില്‍ രണ്ടു ചേരിയായി ത്തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങളും ആശയപരമായ വാദ പ്രതിവാദങ്ങളുമൊക്കെ ചൂടുപിടിച്ചു നടക്കുന്നുണ്ടായിരുന്നു.

കെ പി എ സി പ്രവര്‍ത്തകര്‍ക്കിടയിലും ഈ ആശയഭിന്നത പലപ്പോഴും പ്രകടമായിരുന്നു.വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളും ഇഷ്ടാനിഷ്ടങ്ങളുമൊക്കെയാണ് രാഷ്ട്രീയവിശ്വാസത്തിലും നിലപാടുകളിലുമൊക്കെ പ്രതിഫലിച്ചിരുന്നത് എന്നതും ഒരു പരിധിവരെ ശരിയാണ്. ഇക്കാര്യത്തില്‍,ചില നേതാക്കളോടുള്ള ഇഷ്ടവും ആരാധനയുമൊക്കെ സാധാരണ സഖാക്കളെ ഒരുപാട് സ്വാധീനിച്ചു.കേരളത്തിലെ ഏറ്റവും ജനസമ്മതിയും അംഗീകാരവും നേടിയ രണ്ടു കമ്മ്യൂണിസ്റ്റ് നേതാക്കള്‍ - ഏ കെ ജിയും ഇ എം എസുമാണ് 'ഇടതു പക്ഷ' ത്തിന്റെ പ്രധാന അമരക്കാര്‍ എന്ന വസ്തുത പാര്‍ട്ടി അണികളെ സ്വാധീനിച്ച നിര്‍ണ്ണായക ഘടകമായി.ഭിന്നിപ്പിന്റെ പിറകിലെ ശരിതെറ്റുകളോ ന്യായാന്യായങ്ങളോ കണക്കിലെടുക്കാന്‍ കൂട്ടാക്കാതെ, പാര്‍ട്ടിയിലെ സാധാരണസഖാക്കള്‍ 'ഇടതുപക്ഷ' ത്തിന്റെ പിന്നിലണിചേര്‍ന്നതിന്റെ ഒരു മുഖ്യകാരണം ഈ രണ്ടു ജനകീയ നേതാക്കളോടുമുള്ള സ്‌നേഹവും ആരാധനയുമായിരുന്നു.

കെ പി എ സി യുടെ ഭാരവാഹികളായ കാമ്പിശ്ശേരിയും തോപ്പില്‍ ഭാസിയും പോറ്റിസാറും സി ജി ഗോപിനാഥും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ നാടകപ്രവര്‍ത്തനത്തിലേക്ക് വന്നവരാണ്.വയലാര്‍ രാമവര്‍മ്മ, തോപ്പില്‍ കൃഷ്ണപിള്ള,കെ എസ് ജോര്‍ജ്ജ്,അസീസ്,തോപ്പില്‍ കുമാര പിള്ള,ജോസഫ് തുടങ്ങിയവര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പശ്ചാത്തലമുണ്ട്. എന്നാല്‍ മറ്റുള്ളവരൊക്കെ നാടകത്തില്‍ വന്നതിനുശേഷം ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായിത്തീര്‍ന്നവരാണ്.പ്രതിഭാ ആര്‍ട്ടസ് ക്ലബ്ബ്,കേരളാ തീയേറ്റേഴ്സ് എന്നീ സമിതികളിലൂടെ ഗോവിന്ദന്‍ കുട്ടിയും,ബ്രദര്‍ സ് മ്യൂസിക് ക്ലബ്ബിലൂടെ ഉമ്മറും കെ പി എ സിയിലൂടെ ശ്രീനാരായണ പിള്ളയും പാര്‍ട്ടി അനുഭാവികളായി മാറുകയായിരുന്നു.

നടികളുടെ കാര്യമെടുത്താല്‍ ലീലയും ലളിതയും ഉറച്ച പാര്‍ട്ടിപ്രവര്‍ത്തകരുടെ കുടുംബത്തില്‍ നിന്ന് എത്തിയവരാണ്.എന്നാല്‍ സുലോചനയാകട്ടെ ഇവരില്‍ നിന്നൊക്കെ പലകാരണങ്ങള്‍ കൊണ്ടും വേറിട്ടുനിന്നു.കെ പി എ സി യില്‍ വന്നതിനു ശേഷമാണ് സുലോചന രാഷ്ട്രീയമെന്നാലെന്താണെന്നു തിരിച്ചറിയുന്നത്.നൂറു നൂറായിരം പാര്‍ട്ടിവേദികളില്‍ പാട്ടുപാടുകയും നാടകം കളിക്കുകയും പോലീസിന്റെയും പാര്‍ട്ടിവിരുദ്ധരുടെയും ആക്രമണങ്ങളെ ധീരതയോടെ നേരിടുകയുമൊക്കെ ചെയ്തുകൊണ്ട്,സുലോചന താന്‍ പോലുമറിയാതെ പതുക്കെ പതുക്കെ ഒരൊന്നാന്തരം കമ്മ്യൂണിസ്റ്റുകാരിയായി ത്തീരുകയായിരുന്നു.തോപ്പില്‍ ഭാസി,കാമ്പിശ്ശേരി,

ജനാര്‍ദ്ദനക്കുറുപ്പ്,പുനലൂര്‍ രാജഗോപാലന്‍ നായര്‍,ഓ മാധവന്‍,പോറ്റി സാര്‍ തുടങ്ങിയവരൊക്കെ അവരുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും സുലോചനയെ അഗാധമായി സ്വാധീനിച്ചു.ഇവര്‍ക്കു പുറമേ ദിവസേനയെന്നോണം കണ്ടുമുട്ടുന്ന പാര്‍ട്ടിനേതാക്കന്മാരും സാധാരണ സഖാക്കളുമൊക്കെ സുലോചനയെന്ന കമ്മ്യുണിസ്റ്റുകാരിയെ പ്രചോദിപ്പിച്ചു.പ്രസ്ഥാനത്തോട് കൂടുതല്‍ അടുപ്പിച്ചു.അതുകൊണ്ടൊക്കെയാണ് അച്ഛന്‍ കുഞ്ഞു കുഞ്ഞ് ഇപ്പോഴും കടുത്ത കമ്മ്യൂണിസ്റ്റ് വിരോധിയായി തുടരുമ്പോഴും സുലോചനയും അണ്ണന്‍ കൃഷ്ണന്‍കുട്ടിയും വീറുറ്റ കമ്മ്യൂണിസ്റ്റുകാരായി ആ വീട്ടില്‍ തന്നെ ജീവിക്കുന്നത്.അതു മാത്രമല്ല,തന്റെ രാഷ്ട്രീയാഭിപ്രായങ്ങളും ഓരോ പ്രശ്നങ്ങളെയും സംബന്ധിച്ച നിലപാടുകളുമൊക്കെ കെ പി എ സിയുടെ വേദികളില്‍ -- ജനറല്‍ബോഡിയിലും എക്‌സിക്യൂട്ടീവിലുമൊക്കെ ഉറക്കെ പറയാനും ഉറച്ച നിലപാടെടുക്കാനുമൊന്നും സുലോചന ഒരിക്കലും മടികാണിച്ചിരുന്നില്ല.വലിയ തോപ്പിയോടും കാമ്പിശ്ശേരി സഖാവിനോടും പോറ്റിസാറിനോടുമൊക്കെയുള്ള ഭയഭക്തിബഹുമാനങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ അവരോടൊക്കെ രാഷ്ട്രീയവും മറ്റും തുറന്നു ചര്‍ച്ച ചെയ്യാന്‍ സുലോചന തയ്യാറായി.നാടകത്തിലെ തന്റെ റോളിനെക്കുറിച്ചോ കിട്ടേണ്ട പ്രതിഫലത്തെക്കുറിച്ചോ അല്ലാതെ ഒരു വാക്കുപോലും നടികള്‍ ഉരിയാടാത്ത കാലമായിരുന്നു അതെന്ന് ഓര്‍ക്കുമ്പോഴാണ് സുലോചന കാണിച്ച 'തന്റേടത്തിന്റെയും താന്‍പോരിമ'യുടെയും പ്രാധാന്യം മനസ്സിലാകുന്നത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരുമ്പോള്‍ കെപിഎസി അഖിലേന്ത്യാ പര്യടനത്തിലായിരുന്നു.ബല്‍ഗാമിലെത്തിയപ്പോഴാണ് പാര്‍ട്ടി രണ്ടായിഭിന്നിച്ച കാര്യം സമിതിയംഗങ്ങള്‍ അറിയുന്നത്.

''വണ്ടിയില്‍ കുശുകുശുപ്പും സംസാരവുമൊക്കെ നടക്കുന്നുണ്ട്.ഇരുപത്തിനാലുപേര്‍ സഞ്ചരിക്കുന്ന വണ്ടി,സഞ്ചാരത്തിനിടയില്‍,വണ്ടിയിലെ യാത്രക്കാര്‍ രണ്ടു തട്ടിലാകുന്നു.ശരിക്കു പറഞ്ഞാല്‍ മൂന്നു തട്ടു തന്നെ.ഇതിനു മുമ്പ് സംഭവിക്കാത്തതാണ് അത്.ആ അന്തരീക്ഷം സുഖമില്ലാതെയായി...**

ലളിത ഓര്‍ക്കുന്നു. ഒരു ഭാഗത്ത്,സുലോചനയും കെ പി ഉമ്മറും കെ എസ് ജോര്‍ജ്ജുമാണ്. മറുഭാഗത്ത് സി ജി ഗോപിനാഥ്,തോപ്പില്‍ കൃഷ്ണപിള്ള,കുമാര പിള്ള,അസീസ് തുടങ്ങിയവരും. ഈ രാഷ്ട്രീയചര്‍ച്ചകളിലൊന്നും പെടാത്തവരാണ് ലീലയും ലളിതയുമൊക്കെ.വീറും വാശിയും പ്രകടിപ്പിച്ചുകൊണ്ട് ഇരുകൂട്ടരും ഏര്‍പ്പെട്ട വാദപ്രതിവാദങ്ങള്‍ കണ്ട് പകച്ചുനില്‍ക്കുകയാണ് അവര്‍.പാര്‍ട്ടി ഭിന്നിച്ചുകൊണ്ട് ദേശീയകൗണ്‍സിലില്‍ നിന്നിറങ്ങിപ്പോയ നേതാക്കളോട് ഒപ്പമായിരുന്നു സുലോചനയും കൂട്ടരും.

''കമ്മ്യുണിസം എന്താണെന്ന് മനസ്സിലാക്കിയ കാലം മുതല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന നേതാവാണ് സഖാവ് എ കെ ഗോപാലന്‍.തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിഷേധ്യനേതാവായ അദ്ദേഹത്തെപ്പോലും വിമര്‍ശിക്കുന്നതില്‍ അന്നത്തെ കെ പി എ സി യിലെ ചില അംഗങ്ങള്‍ മടിച്ചിരുന്നില്ല.ഇത് കെ പി എ സി കുടുംബത്തിലെ അംഗങ്ങള്‍ തമ്മിലുള്ള മാനസികമായ അകല്‍ച്ചക്ക് വഴിതെളിച്ചു.ഞാനുള്‍പ്പെടെയുള്ള അംഗങ്ങള്‍ എ കെ ജി ,ഇ എം എസ് തുടങ്ങിയവരുടെ നേതൃ ത്വം അംഗീകരിച്ച് അവരുടെ പിന്നില്‍ അണിനിരന്നു.'' *** ആ ദിവസങ്ങളെ കുറിച്ച് സുലോചന പിന്നീടൊരിക്കല്‍ പറഞ്ഞു.


(നിരാഹാരം അനുഷ്ഠിക്കുന്ന ഏ കെ ജി യോടൊപ്പം സുലോചനയും സുശീല ഗോപാലനും)

തിരക്കഥ എഴുതാന്‍ വേണ്ടി മദ്രാസിലായിരുന്നതുകൊണ്ട്,തോപ്പില്‍ ഭാസി ആ പ്രാവശ്യം കെ പി എ സി ടീമിനോടൊപ്പം ഭാരതപര്യടന ത്തില്‍ ചേര്‍ന്നിരുന്നില്ല.അപ്പോഴേക്കും ബാംഗ്‌ളൂരിലെത്തിയ സംഘം ജനറല്‍ ബോഡി യോഗം ചേര്‍ന്ന്,ഭൂരിപക്ഷാഭിപ്രായപ്രകാരം സുലോചനയുടെയും മറ്റും നിലപാട് അംഗീകരിക്കുവാന്‍ തീരുമാനമെടുത്തു.തോപ്പില്‍ കൃഷ്ണപിള്ള ഉടനെ തന്നെ മദ്രാസിലേക്ക് ഫോണ്‍ വിളിച്ച് ഭാസിയെ വിവരമറിയിച്ചു.ഭാസിയാകെ അസ്വസ്ഥനായി.കാരണം ഭാസി ഔദ്യോഗിക വിഭാഗത്തില്‍ ഉറച്ചുനില്‍ക്കുകയാണല്ലോ.

''അടുത്ത ദിവസം രാവിലെ പ്ലെയിനില്‍ ഞാന്‍ ബാംഗ്‌ളൂരിലെത്തി ജനറല്‍ ബോഡി വിളിച്ചുകൂട്ടി എന്റെ നിലപാട് വിശദീകരിച്ചു.അതിന്റെ രാഷ്ട്രീയകാരണങ്ങളും വിശദമായി പറഞ്ഞു.കെ പി ഉമ്മര്‍ ഉള്‍പ്പെടെയുള്ള സമിതിയംഗങ്ങള്‍ ചിന്താക്കുഴപ്പത്തിലായി.അവര്‍ക്കെന്നെ ഉപേക്ഷിക്കുവാന്‍ സാദ്ധ്യമല്ല. അവരവതരിപ്പിക്കുന്ന എല്ലാ നാടകങ്ങളും ഞാനെഴുതി സംവിധാനം ചെയ്യുന്നതാണ്.സമിതി എന്റെ നിലപാടിനെ ഏകകണ്ഠമായി അനുകൂലിച്ചു.അങ്ങനെ പാര്‍ട്ടി നേതൃത്വം അംഗീകരിച്ചിരുന്ന എല്ലാ പ്രസ്ഥാനങ്ങളും സംഘടനകളും പിളര്‍ന്നപ്പോള്‍ കെ പി.എ സി പിളര്‍ന്നില്ല.''****

വലിയതോപ്പി സഖാവ് വന്ന് കാര്യങ്ങള്‍ വിശദീകരിച്ചതോടെ സുലോചനയും ഉമ്മറും ജോര്‍ജ്ജുമടക്കമുള്ളവര്‍ അച്ചടക്കത്തോടെ അനുസരിക്കാന്‍ തയ്യാറായി.കെ പി എ സി ഒറ്റക്കെട്ടായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിക്കീഴില്‍ തന്നെ മുന്നോട്ടു പോകാന്‍ തീരുമാനിച്ചു.ഭാസിക്ക് പുറമെ സമിതിയുടെ പ്രസിഡന്റായ കാമ്പിശ്ശേരിയും പോറ്റിസാറും വയലാറുമൊക്കെ വിശദമായി ഇക്കാര്യത്തെ സംബന്ധിച്ച് സമിതിയംഗങ്ങളോട് സംസാരിച്ചു.പാര്‍ട്ടിയുടെ സെക്രട്ടറി സി അച്യുതമേനോനും അസിസ്റ്റന്റ് സെക്രട്ടറി എസ് കുമാരനും ഭിന്നിപ്പിന് വഴിതെളിച്ച രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ചും,സി പി ഐ യുടെ ഭാഗമായിത്തന്നെ കെ പി എ സി തുടരേണ്ടതിന്റെ കാരണങ്ങളെക്കുറിച്ചും വിശദീകരിച്ചു.

പാര്‍ട്ടിയുടെ മുഖപത്രങ്ങളില്‍ കൊല്ലത്തുള്ള ജനയുഗം ഒദ്യോഗിക വിഭാഗത്തോടൊപ്പം ഉറച്ചു നിന്നപ്പോള്‍ കോഴിക്കോട്ടെ 'ദേശാഭിമാനി' ഇടതുപക്ഷം ,കെ പി ആര്‍ ഗോപാലന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. വി ടി ഇന്ദുചൂഡന്റെ നേതൃത്വത്തിലുള്ള പത്രാധിപസമിതിയിലെല്ലാവരും ഔദ്യോഗിക പക്ഷക്കാരായിരുന്നെങ്കിലും ദേശാഭിമാനി പ്രസിലെ തൊഴിലാളികളുടെ സഹായത്തോടെയാണ് ഇടതുപക്ഷത്തിന് അതു സാദ്ധ്യമായത്. രാഷ്ട്രീയ നിലപാട് കൊണ്ട് അപ്പുറത്തായിരുന്നെങ്കിലും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ അപ്പോഴും അംഗമായി തുടരുകയായിരുന്ന അഴിക്കോടന്‍ രാഘവന്റെ സഹായത്തോടെ ദേശാഭിമാനിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചില രേഖകള്‍ നേടിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.അതോടെ ദേശാഭിമാനി പൂര്‍ണമായും ഇടതുവിഭാഗത്തിന്റേതായി.


(അഴിക്കോടന്‍ രാഘവനെതിരെ സിപിഐ നടപടിയെടുത്തത് സംബന്ധിച്ച് 1964 ജൂണ്‍ മൂന്നിന് ജനയുഗത്തില്‍ വന്ന വാര്‍ത്ത)

പാര്‍ട്ടിയുടെ പല ജില്ലാക്കമ്മിറ്റികളും ഓഫീസുകളും പിടിച്ചെടുക്കാന്‍ ഇടതുപക്ഷ ത്തിന് സാധിച്ചെങ്കിലും,പാര്‍ട്ടിയ്ക്ക് ജനഹൃദയങ്ങളില്‍ ഇടം നേടിക്കൊടുത്ത

കെ പി എ സിയെ ഭിന്നിപ്പിക്കാന്‍ കഴിയാതെ പോയത്, സമിതിയംഗങ്ങള്‍ സന്ദര്‍ഭാനുസൃതമായി ഉയര്‍ന്ന്, ഐക്യവും ഒത്തൊരുമയും പ്രകടിപ്പിച്ചതു കൊണ്ടായിരുന്നു. രാഷ്ട്രീയമായ ചില അഭിപ്രായവ്യത്യാസങ്ങള്‍ മനസില്‍ തോന്നിയെങ്കിലും അച്ചടക്കമുള്ള ഒരു കലാകാരി എന്ന നിലയില്‍ പ്രസ്ഥാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ സുലോചന തയ്യാറായതാണ് ആ ഘട്ടത്തില്‍ ഒരു ഭിന്നിപ്പ് ഒഴിവാക്കാനുള്ള പ്രധാന കാരണം.എങ്കിലും കെ പി എ സി പിളരും എന്ന മട്ടിലുള്ള വാര്‍ത്തകള്‍ അന്തരീക്ഷത്തില്‍ പ്രചരിക്കുന്നുണ്ടായിരുന്നു.പുതിയ നാടകം ഒന്നും ഭാസി എഴുതിത്തുടങ്ങിയിട്ടില്ല.എങ്കിലും കെ പി എ സി പുതിയ നാടകത്തിന്റെ അരങ്ങൊരുക്കങ്ങളിലാണെന്നും ഒറ്റക്കെട്ടായിത്തന്നെ സമിതി മുന്നോട്ടുപോകുകയാണെന്നും കാണിച്ചുകൊണ്ട്, പ്രസിഡന്റു കൂടിയായ ജനയുഗം പത്രാധിപര്‍ കാമ്പിശ്ശേരി തന്നെ ഒരു വാര്‍ത്താക്കുറിപ്പെഴുതി പത്രത്തിന്റെ ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ചു.

കെപിഎ സിയുടെ പുതിയ നാടകം ഓഗസ്റ്റില്‍ ഉദ്ഘാടനം ചെയ്യുന്നതാണെന്ന തലക്കെട്ടോടു കൂടി വന്ന വാര്‍ത്താക്കുറിപ്പ് ഇങ്ങനെ തുടരുന്നു.

''കേരളത്തിലെ പ്രസിദ്ധ കലാസമിതിയായ കെ പി എ സി യുടെ പുതിയ നാടകം ധൃതഗതിയില്‍ അണിയറയില്‍ തയ്യാറായി ക്കൊണ്ടിരിക്കുകയാണ്.കെ പി എ സി യുടെ ഏഴാമത്തെ ഈ നാടകവും എഴുതിയിട്ടുള്ളത് തോപ്പില്‍ഭാസിയാണ്.തികച്ചും പുതിയൊരു പ്രമേയവും പുതിയൊരു സങ്കേതവുമാണ് ഈ നാടകരചനയില്‍ ഭാസി സ്വീകരിച്ചിട്ടുള്ളതെന്നറിയുന്നു.

വയലാറിന്റെ ഈരടികള്‍ക്ക് രഘുനാഥ് സംഗീതം നല്‍കുന്നു.ഏറ്റവും നല്ല സംവിധായകനായി കേരളത്തിലെ സഹൃദയലോകം വിധിയെഴുതിയിട്ടുള്ള തോപ്പില്‍ഭാസി തന്നെ ഈ നാടകവും സംവിധാനം ചെയ്യുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഭിന്നത കെ പി എ സി യെ തകര്‍ക്കുമെന്നു പ്രചരണം നടത്തുകയും മനപ്പായസമുണ്ണുകയും ചെയ്യുന്നവര്‍ക്ക് ഒരു നല്ല മറുപടിയായിരിക്കും തങ്ങളുടെ പുതിയ കലാസൃഷ്ടിയെന്ന് കെ പി എ സി യുടെ ഒരു വക്താവ് പറഞ്ഞു. ടീം സ്പിരിറ്റോടു കൂടിയ പ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ നിദര്‍ശവുമായിരിക്കും അതെന്ന് പ്രസ്തുത വക്താവ് തുടര്‍ന്നു പറഞ്ഞു.''*****

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് പല നേതാക്കളിലും സാധാരണ പ്രവര്‍ത്തകരിലുമൊക്കെ ഉണ്ടാക്കിയത് കനത്ത ആഘാതമായിരുന്നു.ഒരു 'വികാരജീവിയായ കമ്മ്യൂണിസ്റ്റ്'എന്നു സ്വയം വിശേഷിപ്പിച്ച തോപ്പില്‍ ഭാസിയ്ക്ക് ആഴത്തിലുള്ള ആ മുറിവ് താങ്ങാനാവുന്നതിലേറെയായിരുന്നു.'ത്യാഗികളായ കമ്മ്യുണിസ്റ്റുകാരുടെയും കമ്മ്യുണിസ്റ്റാനുഭാവികളുടെയും ഒരു രൂപരേഖ'ഒളിവിലെ ഓര്‍മ്മകള്‍ എന്ന തന്റെ ആത്മകഥാക്കുറിപ്പുകളില്‍ ചോരത്തുടിപ്പാര്‍ന്ന വരികളിലൂടെ വരച്ചിട്ട തോപ്പില്‍ ഭാസി ഭിന്നിപ്പിന്റെ പശ്ചാത്തലത്തില്‍ ഒരു ലഘുലേഖയെഴുതി പ്രസിദ്ധീകരിച്ചു.പിളര്‍പ്പിന് നേതൃത്വം നല്‍കിയ തന്റെ പഴയ നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് വികാരം കൊള്ളിക്കുന്ന ഭാഷയില്‍ എഴുതിയ 'തെളിവിലെ യാഥാര്‍ത്ഥ്യങ്ങള്‍ വ്യാപകമായ പ്രതികരണങ്ങള്‍ക്കാണ് വഴിതെളിച്ചത്.


(തോപ്പില്‍ഭാസി എഴുതിയ 'തെളിവിലെ യാഥാര്‍ത്ഥ്യങ്ങള്‍' പരസ്യം)

'പ്രിയപ്പെട്ട ഇ എം എസ്,പ്രിയപ്പെട്ട ഏ കെ ജി,രണ്ടു ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചുകൊള്ളട്ടെ.

1. ഒരു കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഘടകത്തില്‍ നിന്ന് ഏതു സാഹചര്യത്തിലായാലും ഇറങ്ങിപ്പോക്കു നടത്തുന്നത് ശരിയാണോ?

2.ഏതു സാഹചര്യത്തിലായാലും ഒരു പാര്‍ട്ടി ഘടകത്തിന്റെ ഭൂരിപക്ഷനടപടിയെ അനുസരിക്കാതെ അതിനെ വെല്ലുവിളിച്ചുകൊണ്ട് ഒരു സഖാവോ,ഏതാനും സഖാക്കളോ സമാന്തര പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത് നമ്മള്‍ ഇന്നോളം അനുസരിച്ചുപോന്ന സംഘടനാതത്വങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും ചേര്‍ന്നതാണോ?....

.....ബഹുമാനപ്പെട്ട സഖാക്കളേ, ഹൃദയവേദനയോടെ ഒരു കാര്യം ചോദിച്ചുകൊള്ളട്ടെ.പലരും ആഗ്രഹിക്കുന്നതുപോലെ ഭിന്നിച്ച പാര്‍ട്ടി ഒന്നിച്ചുവെന്നു വിചാരിക്കുക.എന്നാലും നമുക്ക് നമ്മുടെ എതിരാളിയുടെ മുഖത്തുനോക്കി,ഇനിയൊരിക്കലെങ്കിലും,'ഒറ്റക്കല്ലില്‍ പണിതെടുത്ത പാര്‍ട്ടി'യെന്ന് നമ്മുടെ പാര്‍ട്ടിയെപ്പറ്റി പറയുവാന്‍ ഇന്നു കഴിയുമോ?പറഞ്ഞാല്‍ അതു സത്യമാവുമോ?അച്ചടക്കത്തിന്റെ ഇരുമ്പുചട്ട ധരിച്ച പാര്‍ട്ടിയെന്ന് നമ്മുടെ പാര്‍ട്ടിയെപ്പറ്റി പറയുവാന്‍ ഇനി കഴിയുമോ?പറഞ്ഞാല്‍ അത് സത്യമാവുമോ? തെറ്റുകള്‍ പലതും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വരും.പക്ഷെ ഒരിക്കലും നികത്താനാവാത്ത തെറ്റുകള്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചതല്ല.

നിങ്ങള്‍ നേതാക്കള്‍ പഠിപ്പിച്ചതും ഞാനും എന്നെപ്പോലെയുള്ള അനുയായികള്‍ പഠിച്ചതും ഇന്നോളം അനുസരിച്ചുപോന്നതുമായ പാര്‍ട്ടി ചിട്ടയും അച്ചടക്കവും നിങ്ങള്‍ ഇപ്പോള്‍ കാണിച്ച രീതിയിലല്ലായിരുന്നു....


(തോപ്പില്‍ഭാസി എഴുതിയ 'തെളിവിലെ യാഥാര്‍ത്ഥ്യങ്ങള്‍' പരസ്യം)

......സഖാവേ,നിങ്ങള്‍ പഠിപ്പിച്ചിട്ടുള്ളതാണ് ഞാന്‍ എഴുതിയിട്ടുള്ളത്.പഠിക്കുകയും എഴുതുകയും മാത്രമല്ല,ഞാനും എന്നെപ്പോലെയുള്ളവരും അതുപോലെ പ്രവര്‍ത്തിച്ചു.ഞങ്ങള്‍ അതിനുവേണ്ടി ജീവന്‍ ഹോമിച്ചു.രക്തമൊഴുക്കി.അങ്ങയുടെ രാഷ്ട്രീയാഭിപ്രായത്തിന് പാര്‍ട്ടിയില്‍ ഭൂരിപക്ഷം കിട്ടാതെ വന്നപ്പോള്‍ അങ്ങു പ്രവര്‍ത്തിച്ചതുപോലെ നിസ്സാരനായ ഞാനും എന്നെപ്പോലുള്ള ഒന്നുരണ്ടു സഖാക്കളും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പൊടുന്നെനെയുള്ള പത്തു മരണങ്ങള്‍ ഒഴിവാക്കാമായിരുന്നു.അഞ്ചു പൊലീസുകാരുടെയും അഞ്ചു സഖാക്കളുടെയും (ശൂരനാട്)മര്‍ദ്ദനം കൊണ്ട് ചുമച്ച് ഏങ്ങിവലിച്ചു ജീവിച്ച മുപ്പതില്‍പ്പരം സഖാക്കളില്‍ പിന്നീട് മരിച്ച പതിനൊന്നുപേരുടെ മരണവും ഒഴിവാക്കാമായിരുന്നു.എന്റെയും എന്നെപ്പോലുള്ള ഒട്ടനവധി പാര്‍ട്ടിപ്രവര്‍ത്തകരുടെയും കുടുംബങ്ങളെ മര്‍ദ്ദനങ്ങളില്‍ നിന്നും എണ്ണമറ്റ ദുരിതങ്ങളില്‍ നിന്നും രക്ഷിച്ചു നിറുത്താമായിരുന്നു.ഞങ്ങളത് ചെയ്തില്ല.പാര്‍ട്ടി അച്ചടക്കം ഞങ്ങള്‍ക്ക് ദിവ്യമന്ത്രമായിരുന്നു.....******

ഇടതുപക്ഷക്കാര്‍ അവരുടെ സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ ചേര്‍ന്ന് സി എച്ച് കണാരനെ സെക്രട്ടറി യായി തിരഞ്ഞെടുത്തു.കോല്‍ക്കട്ടയില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച് പി സുന്ദരയ്യ ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( മാര്‍ക്‌സിസ്റ്റ്) എന്ന പാര്‍ട്ടി ജന്മംകൊണ്ടു.


(സിപിഎമ്മിന്റെ ആദ്യത്തെ പൊളിറ്റ് ബ്യൂറോ)

തൃശ്ശൂരില്‍ നടന്ന ഔദ്യോഗിക പക്ഷത്തിന്റെ സംസ്ഥാന സമ്മേളനം സി അച്യുതമേനോനെ സെക്രട്ടറി ആയി വീണ്ടും തെരഞ്ഞെടുത്തു. ബോംബെയില്‍ നടന്ന എട്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച് എസ് ഏ ഡാങ്കെ ചെയര്‍മാനും സി രാജേശ്വര റാവു ജനറല്‍ സെക്രട്ടറിയുമായുള്ള പുതിയ നേതൃത്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരത്തു വന്നു.


(സി പി ഐ യുടെ പുതിയ നേതൃത്വത്തെ സംബന്ധിച്ച വാര്‍ത്ത)

ഓഗസ്റ്റ് മാസത്തില്‍ തന്നെ കെ പി എ സി യുടെ പുതിയ നാടകം അരങ്ങേറുമെന്നു വാര്‍ത്താക്കുറിപ്പിറക്കിയെങ്കിലും, ഭാസി നാടകമെഴുതി പൂര്‍ത്തിയാക്കി തട്ടില്‍ കയറാന്‍ വീണ്ടും രണ്ടുമാസം കൂടിയെടുത്തു.മലയാളനാടകചരിത്രത്തില്‍ തന്നെ ഒരു പുതുമയും സവിശേഷതയുമൊക്കെ അവകാശപ്പെടാവുന്ന ഒന്നായിരുന്നു ആ നാടകം.


(കെ പി എ സി യുടെ പുതിയ നാടകത്തിന്റെ പരസ്യം)

ഒരു നാടകത്തിന്റെ ക്ലൈമാക്‌സ് അഥവാ പരമകാഷ്ഠയാണ് ഇവിടെ പുതിയ നാടകത്തിന്റെ പശ്ചാത്തലമായി വരുന്നത്. ആദ്യനാടകത്തിലെ, മിക്കവാറുമെല്ലാ കഥാപാത്രങ്ങളും തന്നെയാണ് ഇതിലും പ്രത്യക്ഷപ്പെടുന്നത്.ആദ്യനാടകത്തിന്റെ ക്ലൈമാക്‌സില്‍ നിന്ന് കഥ തുടര്‍ന്നുകൊണ്ടുപോയി പുതിയൊരു ക്ലൈമാക്‌സ് സൃഷ്ടിക്കുകയാണ് നാടകകൃത്ത്.അപ്പോഴും നിറഞ്ഞ സദസ്സുകളില്‍ അവതരിപ്പിച്ചു കൊണ്ടിരുന്ന 'അശ്വമേധ' ത്തിന് ഭാസി എഴുതിയ രണ്ടാം ഭാഗമാണ്,അങ്ങനെ കെപിഎസി അടുത്തതായി അവതരിപ്പിച്ചത്. 'ശരശയ്യ'.


('ശരശയ്യ'യുടെ പരസ്യം)

......കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭിന്നിപ്പിനു ആറു വര്‍ഷങ്ങള്‍ക്കുശേഷം തോപ്പില്‍ഭാസി കെ പി എ സി യ്ക്ക് വേണ്ടി ഒരു നാടകമെഴുതി.'ഇന്നലെ ഇന്ന് നാളെ'.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സംഭവിച്ച അപചയത്തെ കുറിച്ച് ഒരു ആത്മപരിശോധന നടത്തുന്ന ആ നാടകത്തില്‍ ഭാസിയുടെ പഴയ നാടകങ്ങളിലെ കഥാപാത്രങ്ങളായ മാല,കറമ്പന്‍,വാസു,നാണു, മത്തായി എന്നിവരും രംഗത്തുവരുന്നുണ്ട്.കേന്ദ്രകഥാപാത്രമായി നാടകത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് പാര്‍ട്ടിക്കും തൊഴിലാളിപ്രസ്ഥാനത്തിനുമായി തന്റെ ജീവിതം സമര്‍പ്പിച്ച സഖാവ് രാഘവനാണ്.ആര്‍ സുഗതന്‍ എന്ന 'കമ്മ്യൂണിസ്റ്റ് ഋഷി'യുടെ ഛായയില്‍ ഭാസി സൃഷ്ടിച്ച സഖാവ് രാഘവന്‍.....


(ആര്‍ സുഗതന്‍)

പാര്‍ട്ടി പിളര്‍ന്ന് ഒരു വര്‍ഷം തികയുന്നതിനു മുമ്പ് ,1965 മാര്‍ച്ചില്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ രണ്ടു വിഭാഗങ്ങളും തമ്മില്‍ പല്ലും നഖവുമുപയോഗിച്ച് പരസ്പരം പോരാടി.തോല്‍വി ഔദ്യോഗിക പക്ഷത്തിനായിരുന്നു.പ്രമുഖ നേതാക്കളില്‍ പലര്‍ക്കും കെട്ടിവച്ച പണം നഷ്ടപ്പെട്ടു.അക്കൂട്ടത്തില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ മത്സരിച്ച ആര്‍ സുഗതനുമുണ്ടായിരുന്നു.ഒരായുഷ്‌ക്കാലം മുഴുവനും നിസ്വവര്‍ഗ്ഗത്തിന്റെ മോചനത്തിനു വേണ്ടി സ്വയം ഉഴിഞ്ഞുവച്ച സുഗതന്‍ സാര്‍ വെറും 4450 വോട്ടുകള്‍ മാത്രം വാങ്ങി പരാജയപ്പെട്ടു.വിജയിച്ചത് കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി ആയിരുന്നെങ്കിലും, 'ഇടതി'ന്റെ വി എസ് അച്യുതാനന്ദന്‍ നേടിയ 14430 വോട്ടുകളാണ് 'വലതനായ' ആര്‍ സുഗതന്‍ ഇത്രയും ദയനീയമായൊരു പരാജയമേറ്റുവാങ്ങാന്‍ നിമിത്തമായത്.തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആ വലിയ പടത്തലവനോട് ആലപ്പുഴയിലെ പഴയ സഖാക്കള്‍ കാണിച്ച ആ നീതികേട്, മറ്റെല്ലാവരെയും പോലെ തോപ്പില്‍ഭാസിയേയും അസ്വസ്ഥനാക്കി....

.....പാര്‍ട്ടിയിലെ ഭിന്നിപ്പ് വാസുവിനെയും നാണുവിനെയും വിരുദ്ധ ചേരികളിലാക്കി.ഭൂപരിഷ്‌കരണം നടപ്പിലായതിനെ തുടര്‍ന്ന് പട്ടയം കിട്ടിയ തുണ്ടുഭൂമിയില്‍ വീടുകെട്ടി താമസിക്കുന്ന മാലയേയും നാണുവിനേയുമൊക്കെ കാണാനായി, ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് നേടിയ സഖാവ് രാഘവന്‍ എത്തുന്നു.സാധാരണ താമസിക്കാറുള്ള നാണുവിന്റെ വീട്ടില്‍ ബാഗ് കൊണ്ടുവെച്ചിട്ട് മാലയോടും കറമ്പനോടും വിശേഷം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ നാണു അങ്ങോട്ടേക്ക് വരുന്നു.സഖാവ് രാഘവനെ രൂക്ഷമായി ഒന്നു നോക്കിയിട്ട് നാണു വീട്ടിനുള്ളിലേക്ക് പോയി.

'വര്‍ഗ്ഗവഞ്ചകന്മാര്‍ക്ക് താമസിക്കാനുള്ളതല്ല എന്റെ വീട്' എന്നു പറഞ്ഞുകൊണ്ട് നാണു സഖാവ് രാഘവന്റെ ബാഗ് പുറത്തേക്ക് വലിച്ചെറിയുമ്പോള്‍എല്ലാവരും സ്തബ്ധരായിപ്പോകുന്നു. വേദന കലര്‍ന്ന ഒരു പുഞ്ചിരിയോടെ സഖാവ് രാഘവന്‍ ആ ബാഗെടുത്തുകൊണ്ട് അവിടെ നിന്ന് നടന്നകലുമ്പോള്‍ യവനിക വീഴുകയാണ്...

(അടുത്തഭാഗം: കലിയുഗ കുരുക്ഷേത്ര ഭൂമി)

* കാലത്തിനൊപ്പം മായാത്ത ഓര്‍മ്മകള്‍-വി വിശ്വനാഥ മേനോന്‍- കറന്റ് ബുക്‌സ്, തൃശൂര്‍

** കഥ തുടരുന്നു-കെപിഎസി ലളിത, ഡിസി ബുക്‌സ്, കോട്ടയം.

*** അരങ്ങിലെ അനുഭവങ്ങള്‍-കെപിഎസി സുലോചന, കറന്റ് ബുക്‌സ്, തൃശൂര്‍

**** ഒളിവിലെ ഓര്‍മ്മകള്‍ക്കുശേഷം-തോപ്പില്‍ ഭാസി, ഡിസി ബുക്‌സ് , കോട്ടയം

***** ജനയുഗം ദിനപത്രം, 1964, ജൂണ്‍ 3

****** തെളിവിലെ യാഥാര്‍ത്ഥ്യങ്ങള്‍ ലഘുലേഖ, തോപ്പില്‍ഭാസി


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories