TopTop
Begin typing your search above and press return to search.

പമുകോ

പമുകോ

നഗരത്തില്‍ പറയാത്ത സുവിശേഷം എന്നതിന്റെ ചുരുക്കെഴുത്താണ് നപസു. രാഷ്ട്രീയവും, സാമ്പത്തികവും അതിലൊന്നും പെടാത്ത വിഷയങ്ങളും നപസുവിന്റെ പരിഗണനയില്‍ വരും. പഠിച്ചതേ പാടൂ എന്നു നിര്‍ബന്ധമില്ല. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് നപസുവിന്റെ അവതാരം. പ്രപഞ്ച സൃഷ്ടിയെന്ന ഭാരിച്ച പണിയെടുത്ത കര്‍ത്താവ് പോലും ഒരു ദിവസം മാത്രമാണ് വിശ്രമിച്ചതെങ്കില്‍ ആറു ദിവസവും വിശ്രമിക്കുന്ന അദ്ധ്വാനവര്‍ഗ സിദ്ധാന്തമാണ് നപസു പിന്തുടരുക. തലക്കെട്ടു തന്നെ ചുരുക്കെഴുത്തായ പംക്തിയില്‍ ചുരുക്കപ്പേരുകളുടെ സാധ്യത അനന്തമായതിനാല്‍ പമുകോ-യില്‍ തുടങ്ങുന്നു. പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ തുടങ്ങിയ വലിയ കാര്യങ്ങളുടെ ചെറിയ തമ്പുരാനാണ് പമുകോ എന്നു ചുരുക്കം.

പമുകോ തെരഞ്ഞെടുപ്പിനു ശേഷം കേരളത്തിലെ യുഡിഎഫ് രാഷ്ട്രീയം തലകുത്തി വീണെന്ന കാര്യത്തില്‍ എല്ലാവരും യോജിക്കും. ബാക്കിയുള്ള തര്‍ക്കങ്ങളെല്ലാം പഴയപടി തുടരുന്നതില്‍ ഏവര്‍ക്കും ആശ്വസിക്കാം. 2019-ലെ ലോകസഭ തെരഞ്ഞെടുപ്പും 2020 ഡിസംബറില്‍ നടന്ന തദ്ദേശവും തമ്മിലുള്ള താരതമ്യം ശരിയല്ല എന്നൊരു പോയിന്റ് ഓഫ് ഓര്‍ഡര്‍ നിലവിലുണ്ടെങ്കിലും യുഡിഎഫിന്റെ വോട്ടുവിഹിതം തദ്ദേശത്തിലെത്തിയപ്പോള്‍ 2019-ല്‍ ലഭിച്ച 96,28,034-ല്‍ നിന്നും 78,89,661-ആയി കുറഞ്ഞു എന്ന വസ്തുത ബാക്കി നില്‍ക്കുന്നു. അതായത് 17,38,373 വോട്ടുകള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ യുഡിഎഫിന്റെ പെട്ടിയില്‍ നിന്നും കാണാതായി.

2019-ല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് 24 ലക്ഷത്തിലധികം വോട്ടുകള്‍ക്ക് എല്‍ഡിഎഫിനെ-ക്കാള്‍ മുമ്പിലായിരുന്നു. 123 നിയമസഭ മണ്ഡലങ്ങളിലും ഭൂരിപക്ഷം യുഡിഎഫിനായിരുന്നു. ലോകസഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 13 ലക്ഷത്തിലധികം വോട്ടുകള്‍ കൂടുതല്‍ നേടി ഭരണത്തുടര്‍ച്ച സ്വപ്നം കാണുന്ന നിലയിലെത്തി എല്‍ഡിഎഫ്. പിണറായി വിജയന്റെ നേതൃത്വം അത്രയും കേമമായതിനാല്‍ സംസ്ഥാനത്തെ അവസാനത്തെ എല്‍ഡിഎഫ് ഭരണമാവും എന്ന മാനഹാനിയില്‍ നിന്നും ഒഴിവായെന്നു ധൈര്യമായി പറയാവുന്ന സ്ഥിതിയിലാണ് ഏകെജി സെന്ററിന്റെ നിലവറ സൂക്ഷിപ്പുകാര്‍.

തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായും പുറത്തുവരുന്നതിനു മുമ്പുതന്നെ യുഡിഎഫ് നേതാക്കള്‍ അവരുടെ സഹജഭാവം പുറത്തെടുത്തു. കേരള കോണ്‍ഗ്രസ്സും, മുസ്ലീം ലീഗും കോണ്‍ഗ്രസ്സിന്റെ മേല്‍ കുതിര കയറിയപ്പോള്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്പരം കത്തിയോങ്ങി അഹിംസ നിലനിര്‍ത്തി. നാലു മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് വരെ ഈ കലാപരിപാടി തുടരുമെന്നതിനാല്‍ അവ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നില്ല..

തദ്ദേശത്തില്‍ ലഭിച്ച 84,58,037 വോട്ടുകളുടെ ബലത്തില്‍ മാത്രമായി സിപിഎം കിനാവു കാണുന്ന ഭരണത്തുടര്‍ച്ചയുടെ സ്വപ്ന വ്യാഖ്യാനം പരിമിതപ്പെടുത്താനാവുമോ? ഒരു തെരഞ്ഞെടുപ്പിലെ വോട്ടിന്റെ ഗണിതശാസ്ത്രം അതേപടി മറ്റൊരു തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യത്തില്‍ വിശേഷിച്ചും അങ്ങനെയൊരു എടുത്തുചാട്ടം പാടില്ല. അങ്ങനെയാണെങ്കില്‍ പമുകോ തെരഞ്ഞെടുപ്പിലെ വോട്ടുകളുടെ ഗണിതശാസ്ത്രം നല്‍കുന്ന സൂചനകളെ എങ്ങനെ ഗണിക്കാനാവും. തെരഞ്ഞെടുപ്പ് ഭൂമികയിലെ ചേരുവകളില്‍ സംഭവിക്കുന്ന മാറ്റത്തിന്റെ സൂചനയായി ഈ കണക്കുകളെ വിലയിരുത്താനാവുമോ?

കേരളത്തിലെ മുന്നണി രാഷ്ട്രീയം യുഡിഎഫ്-എല്‍ഡിഎഫ് ധ്രുവങ്ങളിലായി കേന്ദ്രീകരിക്കന്നത് 1980-കളിലാണ്. പ്രധാനമായും നായരും മറ്റു ശൂദ്രരും ചേര്‍ന്ന സവര്‍ണ്ണ ഹിന്ദു പ്രബല വിഭാഗങ്ങളും, കൃസ്ത്യന്‍, മുസ്ലീം സമുദായങ്ങളിലെ പ്രബലരും ചേര്‍ന്ന യാഥാസ്ഥിതിക പക്ഷം ആയിരുന്നു കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന്റെ അടിത്തറ. ഈഴവരും, ദളിതരുമായിരുന്നു സിപിഎം-ന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫിന്റെ പ്രധാന അടിത്തറയെന്നും വിശാലമായ അര്‍ത്ഥത്തില്‍ പൊതുവെ വിലയിരുത്താം. സൂക്ഷ്മതലങ്ങളില്‍ വ്യത്യാസങ്ങളുണ്ടാവുമെങ്കിലും ഇരു മുന്നണികളുടെയും വോട്ടുകളുടെ മാട്രിക്‌സ് ഈയൊരു വിലയിരുത്തലിനെ പൊതുവെ പിന്തുണയ്ക്കുന്നു.

തെരഞ്ഞെടുപ്പ് ഗണിതത്തിന്റെ ഈയൊരു മാട്രിക്‌സില്‍ കാതലായ വ്യതിയാനങ്ങള്‍ വന്നതായി കരുതാന്‍ ന്യായമുണ്ടോ എന്നതാണ് പ്രധാന ചോദ്യം. പമുകോ തെരഞ്ഞെടുപ്പിന്റെ കണക്കുകള്‍ മാത്രം വച്ച് അങ്ങനെയൊരു നിഗമനം നടത്താനാവില്ലെങ്കിലും വോട്ടിന്റെ ഗണിതശാസ്ത്രത്തില്‍ ചില ഇടയിളക്കങ്ങള്‍ സംഭവിക്കുന്നുവെന്നു വ്യക്തമാണ്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ യാഥാസ്ഥിതിക വലതുപക്ഷത്തിന്റെ വോട്ടുകളിലെ വിളളല്‍ നിഷേധിക്കാനാവില്ല. സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ പ്രധാന അടിത്തറയായ സവര്‍ണ്ണ-ശൂദ്ര വോട്ടുകളില്‍ നല്ലൊരു ശതമാനം ബിജെപി-യിലേക്കു കൂറു മാറിയതാണ് നിര്‍ണ്ണായകമായ മാറ്റം.

കേരളത്തിലെ വലതുപക്ഷ യാഥാസ്ഥിതിക ഭൂമികയുടെ മേല്‍ പുതിയ ഒരവകാശി ഉയര്‍ന്നു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് യുഡിഎഫി-ന്റെ ഇപ്പോഴത്തെ തിക്കുമുട്ടലുകളെ മനസ്സിലാക്കാനാവുക. സവര്‍ണ്ണ-ശൂദ്ര വിഭാഗത്തിന്റെ വോട്ടുകളുടെ ഭൂരിപക്ഷവും കോണ്‍ഗ്രസ്സും, കൃസ്ത്യന്‍, മുസ്ലീം ജനങ്ങളുടെ വോട്ടുകള്‍ ഗണ്യമായും യഥാക്രമം കേരള കോണ്‍ഗ്രസ്സും, മുസ്ലീം ലീഗും ഉറപ്പുവരുത്തുന്ന സമവാക്യമാണ് ബിജെപി-യുടെ രണ്ടാം വരവില്‍ പിഴക്കുന്നത്. സിപിഎം-നെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സിനെ സഹായിക്കുന്ന അടവുനയത്തിനു പകരം കോണ്‍ഗ്രസ്സുകാരെ മാത്രമല്ല വേണമെങ്കില്‍ സിപിഎം-കാരെയും മൊത്തം വിലക്കെടുക്കാന്‍ തയ്യാറാണെന്ന ബിജെപി-യുടെ പുതിയ നയം വലതുപക്ഷത്തിന്റെ പഴയ സമവാക്യങ്ങളെ പഴങ്കഥയാക്കുന്നു.

ഇതുവരെ ആര്‍ക്കും ഒരലോസരവുമുണ്ടാക്കാതിരുന്ന 'ഹലാല്‍' ഇറച്ചി പൊടുന്നനെ ഭക്ഷണ സ്വാതന്ത്യത്തിന്റെ പ്രതീകമായതും, മധ്യ തിരുവിതാംങ്കൂറിലെ കൃസ്ത്യാനികള്‍ക്കിടയില്‍ ഇസ്ലാമോഫോബിയ കോവിഡിനേക്കാള്‍ വേഗത്തില്‍ പ്രത്യക്ഷപ്പെടുന്നതുമടക്കമുള്ള പലതും ഈ പുതിയ നയത്തിന്റെ ലക്ഷണക്കേടുകളാണ്. മതവും, രാഷ്ട്രീയവും പഴയതുപോലെ ഇഴുകി ചേരുന്ന ശുദ്ധവാണിജ്യത്തിന്റെ പരിസരമായി പൊതുമണ്ഡലം മാറിയതാണ് മറ്റൊരു ലക്ഷണക്കേട്. യുഡിഎഫിന്റെ വോട്ടുകള്‍ നിര്‍ണ്ണയിച്ചിരുന്ന വലതുപക്ഷ രാഷ്ട്രീയത്തിലെ അടിത്തറയില്‍ സംഭവിക്കുന്ന ഇടയിളക്കങ്ങളാണ് പമുകോ തെരഞ്ഞെടുപ്പില്‍ ദൃശ്യമായതെന്ന വിലയിരുത്തല്‍ നല്‍കുന്ന സൂചന എന്താണ്.

യുഡിഎഫിന്റെ വോട്ടുകളുടെ അടിത്തറയില്‍ ഇളക്കമുണ്ടാവുകയും എല്‍ഡിഎഫ് തങ്ങളുടെ അടിത്തറ വലിയ ദോഷങ്ങളില്ലാതെ നിലനിര്‍ത്തുകയും ചെയ്യുന്ന പ്രവണതയാണ് പമുകോ തെരഞ്ഞെടുപ്പില്‍ വെളിവായതെന്നു പറയേണ്ടി വരും. ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയും, മുല്ലപ്പള്ളി രാമചന്ദ്രനും ത്രിമൂര്‍ത്തികളായി ശിവകാശി കലണ്ടര്‍ ചിത്രം പോലെ ഫോട്ടോക്കു പോസു ചെയ്യുന്നതു കൊണ്ടു മാത്രം ഈ പ്രവണത തടഞ്ഞു നിര്‍ത്താനാവില്ല. െൈഹക്കമാഡിന്റെ പ്രതിനിധി താരിഖ് അന്‍വര്‍ തിരുസഭയിലെ മെത്രാന്മാരുമായി തലങ്ങും, വിലങ്ങും കൂടിക്കാഴ്ച നടത്തിയതുകൊണ്ടും വലിയ ഗുണം ഉണ്ടാവുമെന്നു പറയാനാവില്ല. അന്‍വറിന്റെ നാടായ ബീഹാറിലെ കോണ്‍ഗ്രസ്സിന്റെ അവസ്ഥകൂടി പരിഗണിച്ചാല്‍ സ്ഥിതി പറയാനുമില്ല.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് നേരിടുന്ന വൃദ്ധിക്ഷയവും, പാര്‍ട്ടിയുടെ സംസ്ഥാന നേതൃനിരയിലെ ഭാവനാരാഹിത്യവും ചേരുമ്പോള്‍ യുഡിഎഫിന്റെ വോട്ടുകളുടെ അടിത്തറയിലുണ്ടാവുന്ന ഇടയിളക്കങ്ങളുടെ തുടര്‍ചലനങ്ങള്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും പ്രകടമാവുമെന്ന് കരുതിയാല്‍ ദോഷം പറയാനാവില്ല. ഏതായാലും, അടിത്തറയിലെ ഇടയിളക്കങ്ങള്‍ സ്ഥിരപ്രതിഷ്ഠ നേടുന്ന പ്രവണതയുടെ സ്വഭാവം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോഴേക്കും കൂടുതല്‍ വ്യക്തതയോടെ വെളിവാകും.
കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories