TopTop
Begin typing your search above and press return to search.

ഇലക്ഷന്‍ സ്‌ട്രെസ് ഡിസോഡര്‍ അഥവാ തെരഞ്ഞെടുപ്പ് കാല മനോസമ്മര്‍ദ്ദം

ഇലക്ഷന്‍ സ്‌ട്രെസ് ഡിസോഡര്‍ അഥവാ  തെരഞ്ഞെടുപ്പ് കാല മനോസമ്മര്‍ദ്ദം

നാട്ടിലെങ്ങും തെരഞ്ഞെടുപ്പ് ചൂട് പടര്‍ന്നുപിടിക്കുകയാണ്. സംസ്ഥാന ഭരണം പിടിയ്ക്കാനായി മത്സര രംഗത്ത് അരയും തലയും മുറുക്കി നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവര്‍ രംഗത്തിറക്കിയിരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും മത്സരച്ചൂടില്‍ നിന്നും രൂപപ്പെടുന്ന കടുത്ത സമ്മര്‍ദ്ദം സ്വാഭാവികം. ഏത് മത്സരത്തിനായാലും ‌സ്‌ട്രെസ്സും ടെന്‍ഷനും ഉണ്ടാകും. തെരഞ്ഞെടുപ്പ് കാലത്തുണ്ടാകുന്ന സ്‌ട്രെസ്സ് വിപുലമായ തോതില്‍ ജനസാമാന്യത്തിലേക്ക് വളരുകയും രോഗാതുരതയായി രൂപപ്പെടുകയും ചെയ്താലോ? അത്തരം അവസ്ഥയ്ക്ക് മനോരോഗ വിദഗദ്ധരും ഗവേഷകരും നല്‍കുന്ന പേരാണ് തെരഞ്ഞെടുപ്പ് കാല മനോസമ്മര്‍ദ്ദ രോഗം-ഇലക്ഷന്‍ സ്‌ട്രെസ് ഡിസോഡര്‍ (Election Stress Disorder-ESD).

ലോകമെങ്ങുമുള്ള ജനങ്ങളെ വേട്ടയാടിയ കോവിഡ് മഹാവ്യാധിക്കാലത്താണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. അക്കാലത്ത് വ്യാപകമായി ചര്‍ച്ചയ്ക്കുവിഷയമായതാണ്-വിശേഷിച്ചും അമേരിക്കന്‍ സമൂഹത്തില്‍- ഇലക്ഷന്‍ സ്‌ട്രെസ് ഡിസോഡര്‍ എന്ന സവിശേഷമായ രോഗാതുരത. അടുത്തകാലത്തൊന്നും ഉണ്ടാകാത്ത തരത്തിലുള്ള സമ്മര്‍ദ്ദമാണ് അമേരിക്കക്കാരില്‍ 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്തുണ്ടായത്. രാഷ്ട്രീയക്കാരേക്കാളേറെ, സാധാരണ ജനങ്ങളിലാണ് ഈ സമ്മര്‍ദ്ദം രൂപപ്പെട്ടതെന്നതും ശ്രദ്ധിക്കേണ്ടതാണ്. കോവിഡ് ജനജീവിതത്തെ വല്ലാതെ ദുസ്സഹമാക്കിയ കാലത്താണ് അവിടെ തെരഞ്ഞെടുപ്പ്നടന്നത്. തെരഞ്ഞടുപ്പിലെ സംഭവ ഗതികളാവട്ടെ അത് വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

അതുകൊണ്ടു തന്നെയാവണം, ജനങ്ങളുടെ പ്രതികരണങ്ങള്‍ പലപ്പോഴും മറ്റൊരു കാലത്തും കാണാത്തവിധത്തില്‍ ആസുരമായിപ്പോകുന്നുണ്ടായിരുന്നു. അക്കാലത്ത് സമൂഹമാധ്യമങ്ങളിലും മറ്റും വിവിധ ശ്രേണിയില്‍ പെട്ട ആള്‍ക്കാര്‍ എഴുതിയിരുന്ന കുറിപ്പുകള്‍ മനോരോഗ വിദഗ്ദ്ധര്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. കടുത്ത മനോസമ്മര്‍ദ്ദം തങ്ങളുടെ മനസിനേയും ശരീരത്തേയും ഒരേ പോലെ ദുര്‍ബലമാക്കുന്നുവെന്നും പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്തെ സംഭവഗതികള്‍ തങ്ങളെ ഇല്ലാതാക്കുന്ന തരത്തില്‍ തീഷ്ണമായിരുന്നുവെന്നൊക്കെ എഴുതിയവര്‍ ഒട്ടേറെയുണ്ട്. തെരഞ്ഞെടുപ്പ് കാലത്തെ സംഭവ ഗതികള്‍ അവിടത്തെ ജനങ്ങളുടെ സ്വസ്ഥ ജീവിതത്തിനു പല തരത്തില്‍ ഊന്നം വരുത്തിയെന്നു സാരം. പലര്‍ക്കും ഉറക്കം നഷ്ടമായി. രാഷ്ട്രീയ സംഭവങ്ങളില്‍ അമിതമായ ഉദ്കണ്ഠ, വ്യാകുലത തുടങ്ങിയവ രൂപപ്പെട്ടു. ഓരോ സമയത്തേയും വാര്‍ത്താവികാസങ്ങള്‍ തങ്ങളിലേക്ക് എത്താതെ വരുന്ന വേളയിലൊക്കെ വല്ലാതെ അസ്വസ്ഥരായി. ഇത്തരത്തില്‍ ശാരീരികവും മാനസികവുമായ ഏറെ പ്രതികരണങ്ങള്‍ക്ക് വഴിവെക്കുന്നതായിരുന്നു അക്കാലത്തുണ്ടായ സംഭവങ്ങളൊക്കെ.

സമ്മതിദാനം രേഖപ്പെടുത്തലും

വൈകാരിക സ്വാസ്ഥിയും

സമ്മതിദാനം രേഖപ്പെടുത്തലും നമ്മുടെ വൈകാരിക സ്വാസ്ഥിയും തമ്മില്‍ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നതായി ഡോ. മിഖായേല്‍ ഫ്രീഡ്മാന്‍(Dr. Michael Friedman) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നമ്മള്‍ അഭിലഷിച്ച മാറ്റങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ പോലും സമ്മതി രേഖപ്പെടുത്തല്‍ എന്നത് നമ്മുടെ ശബ്ദം അടയാളപ്പെടുത്തല്‍തന്നെയാകും. അഭിലഷണീയമായ ഒരു മാറ്റത്തിനുള്ള കരുതലായും ഒരു പക്ഷെ അത് മാറിയേക്കാം. അതുകൊണ്ടാണ് വോട്ടുചെയ്യല്‍ വൈകാരിക ശാക്തീകരണമാണെന്നും അദ്ദേഹം വിശദീകരിക്കുന്നത്.

2016ലെ തെരഞ്ഞെടുപ്പ് കാലത്താണ് Election Stress Disorder എന്നത് രോഗാതുരത എന്ന തരത്തില്‍ പരിശോധിക്കാന്‍ തുടങ്ങിയതെന്നാണ് ഇതേക്കുറിച്ച് പഠനം നടത്തിയിട്ടുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനു വഴിവെച്ചതാകട്ടെ, ഡോ. സ്റ്റീവന്‍ സ്‌റ്റോസ്‌നി(Dr.Steven Stosny) എന്ന മനശാസ്ത്രജ്ഞന്‍ അക്കാലത്ത് വാഷിംങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനവും. ആ ലേഖനത്തിലാണ് ആദ്യമായി ഇലക്ഷന്‍ സ്‌ട്രെസ് ഡിസോഡര്‍ എന്ന പ്രയോഗം ഇപ്പോള്‍ അത് ഉപയോഗിക്കുന്ന തരത്തില്‍ കടന്നുവന്നത്. 2016ലെ തെരഞ്ഞെടുപ്പ് കാലത്ത് അത്യധികമായ മനോസമ്മര്‍ദ്ദം അനുഭവപ്പെടുന്നവര്‍ വര്‍ദ്ധിച്ചതോതില്‍ ചികിത്സക്കായി തന്നെത്തേടി എത്തിയിരുന്നതായി ഡോ. സ്‌റ്റോണ്‌സ്‌നി എഴുതി. അത്ഭുതപ്പെടുത്തുന്ന തരത്തില്‍ വര്‍ദ്ധിച്ചിരുന്നു ഇത്തരക്കാരുടെ എണ്ണം. ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരുന്ന തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ വലിയ സമ്മര്‍ദ്ദം തന്റെ രോഗികള്‍ക്കു സൃഷ്ടിച്ചിരുന്നുവെന്നും അതവരുടെ വ്യക്തിജീവിതത്തെ തന്നെ പ്രതികൂലമായി ബാധിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവരെ മനസ്സില്‍ വെച്ചാണ് സ്റ്റീവന്‍ സ്‌റ്റോണ്‌സ്‌നി ഇലക്ഷന്‍ സ്‌ട്രെസ് ഡിസോഡര്‍ എന്ന പ്രയോഗം നടത്തിയത്.

ഈ ലേഖനം പുറത്തുവന്നതിനുശേഷം ഒട്ടേറെ മനശാസ്ത്ര വിദഗ്ദ്ധരും ഗവേഷകരും Election Stress Disorder നെകുറിച്ച് പഠനം നടത്തുകയും എഴുതുകയും ഒക്കെയുണ്ടായി. 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലമെത്തിയപ്പോഴാകട്ടെ, ഈ രോഗാതുരതയെ കുറിച്ച് കൂടുതല്‍ പഠനങ്ങളും മറ്റും പുറത്തുവന്നു. പക്ഷെ ഇതൊരു അംഗീകൃത മനോവ്യാഥി-മെഡിക്കല്‍ ഡയഗ്നോസിസ്- ആയി ഇനിയും പരിഗണിക്കപ്പെടേണ്ടി ഇരിക്കുകയാണെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് സവിശേഷമായ തരത്തിലുള്ള മനോസമ്മര്‍ദ്ദങ്ങള്‍ക്ക് ആളുകള്‍ വിധേയമാകുന്നുവെന്ന കാര്യത്തില്‍ ഗവേഷകര്‍ക്കിടയില്‍ കാര്യമായ ഭിന്നതയുള്ളതായി തോന്നുന്നില്ല. നീണ്ടു നില്‍ക്കുന്ന മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങള്‍ അത് സൃഷ്ടിക്കുന്നതായി അറ്റ്‌ലാന്റയിലെ മനോരോഗ വിദഗ്ദ്ധയായ ഡോ.മോണിഫ സീവെല്‍ (Dr.Monifa Seawell) ചൂണ്ടിക്കാണിക്കുന്നു.

സാധാരണ ജീവിതത്തിന്റെയും ശാരീരിക പ്രവര്‍ത്തനങ്ങളുടേയും താളം തെറ്റിക്കുകയും ഉറക്കമില്ലായ്മ സൃഷ്ടിക്കുകയും ഒക്കെ ഇത് സൃഷ്ടിക്കുന്നു. സാമൂഹിക തലത്തില്‍, നമ്മുടെ അയലിടങ്ങളേയും സാമൂഹികമായ നിലനില്‍പ്പിനേയും ജാതി മത ബന്ധങ്ങളേയും ഒക്കെ നേരിട്ടും അല്ലാതേയും തെരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കുന്നുണ്ട്. ഇതേക്കുറിച്ചുള്ള വ്യാകുലതകള്‍ വലിയ സാമൂഹിക ഉദ്കണ്ഠയായി തന്നെ രൂപപ്പെടുമെന്നും ഡോ. മോണിഫ സീവെല്‍ വിശദീകരിക്കുന്നു. ഇത്തരം ലാബറിന്തുകളില്‍ നിന്നും തങ്ങള്‍ എങ്ങനെ പുറത്തുകടക്കുമെന്ന അന്തമില്ലാത്ത ചിന്തകളില്‍ പെട്ടുപോകുന്നു ആളുകള്‍. തീര്‍ത്തും അരാഷ്ട്രീയ നിലപാടുകളുമായോ അല്ലാത്തതോ ആയ കാരണങ്ങളാല്‍ തെരഞ്ഞെടുപ്പ് പ്രക്രീയയില്‍ നിന്നും വിട്ടുനില്‍ക്കുന്നവരുണ്ടാകും എല്ലാ നാടുകളിലും. അവരും പലതരത്തിലുള്ള ഉദ്കണ്ഠാതുരതകളിലേക്ക് കടന്നുപോകുന്നതു കാണാം. തെരഞ്ഞെടുപ്പ് പ്രക്രീയയില്‍ പങ്കാളികളായ എല്ലാവരും ചേര്‍ന്ന് തങ്ങള്‍ക്കെതിരായ നിലപാടു സ്വീകരിക്കുമെന്നോ അല്ലെങ്കില്‍ അധികാരത്തില്‍ വരുന്ന കക്ഷികള്‍ വൈരം കാണിക്കുമെന്നോ ഒക്കെ ഭയപ്പെടുന്നവരാണ് ഇക്കൂട്ടരെന്നും പല ഗവേഷകരും ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ അത്യന്തം സങ്കീര്‍ണമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് കൂടു തുറന്നു പുറത്തുവരുന്നു.

നിഗ്രഹോത്സുകമായ പ്രചാരവേലകള്‍

അടുത്തിടെയായി ഋണാത്മക ഉള്ളടക്കങ്ങളുടെയും പ്രചാരണങ്ങളുടേയും വാര്‍ത്തകളുടേയും ആധിക്യം തെരഞ്ഞെടുപ്പ് കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി മനശാസ്ത്രജ്ഞയായ ഡോ.തിയ ഗലാഗ്ഹര്‍( Dr.Thea Gallagher ) വിശദീകരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വരുന്ന അത്യന്തം വിഷം വമിപ്പിക്കുന്നതും നിഗ്രഹോത്സുകവുമായ പ്രചാരവേലകള്‍ ജനങ്ങളെ വളരെയേറെ വിഷമിപ്പിക്കുന്നു. വിവിധ രാഷ്ട്രീയ കക്ഷികള്‍ പല ഇടങ്ങളിലായി നിലകൊണ്ടു നടത്തുന്ന ഇത്തരത്തിലുള്ള പ്രചാരവേലകള്‍ ആളുകളെ മുറിപ്പെടുത്തുന്നുവെന്ന് മാത്രമല്ല പലതരത്തില്‍ ഭീതിയിലേക്ക് അവരെ തള്ളിവിടുകയും ചെയ്യുന്നു. ഇത് ഉള്ളിലുള്ള കാര്യങ്ങള്‍ തുറന്നുപറയാന്‍ ആളുകളെ വിമുഖരാക്കുന്നു. ഇത്തരത്തിലുള്ള ക്രോധങ്ങളും മാറ്റിനിര്‍ത്തലുകളും തങ്ങള്‍ക്കും നേരിടേണ്ടിവരുമോയെന്ന് അവര്‍ ഭയക്കുന്നു. ഇത് ജന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ 2016ലെ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പഠനത്തില്‍ 52 ശതമാനം പേര്‍ തെരഞ്ഞെടുപ്പ് കാല സ്‌ട്രെസ്സ് ബാധിതരായി പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി കണ്ടെത്തുകയുണ്ടായി. 2020ല്‍ എത്തിയപ്പോഴാകട്ടെ അത് 68 ശതമാനമായതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരിലെ സ്‌ട്രെസ്സ് 2016ല്‍ 46 ശതമാനമായിരുന്നത് 2020ല്‍ എത്തിയപ്പോള്‍ 71 ശതമാനമായി വര്‍ദ്ധിച്ചു. സവിശേഷമായ ഒരു രാഷ്ട്രീയ സൂചകമാണ് അന്നാടിനെ സംബന്ധിച്ചിടത്തോളം ഈ കണക്ക്. 76 ശതമാനം ഡെമെക്രാറ്റുകളും 67 ശതമാനം റിപ്പബ്ലിക്കുകളും 64 ശതമാനം മറ്റുള്ളവരും തങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കാലം സവിശേഷമായ സ്‌ട്രെസ് നല്‍കുന്നതായി പഠനം നടത്തിയവരോട് വെളിപ്പെടുത്തി.

ശാസ്ത്രീയമായ രോഗനിര്‍ണയ(scientific diagnosis)മായി ഇലക്ഷന്‍ സ്‌ട്രെസ് ഡിസോഡറിനെ പരിഗണിക്കാന്‍ കഴിയില്ലെങ്കിലും ഈ അവസ്ഥ യഥാര്‍ത്ഥം തന്നെയാണെന്ന് അമേരിക്കയിലെ മയോ ക്ലിനിക്കിലെ മനോരോഗ വിദഗ്ദ്ധനായ ഡോ. റോബര്‍ട്ട് ബ്രൈറ്റ്(Dr. Robert Brigth) ചൂണ്ടിക്കാണിക്കുന്നു. പലതരത്തില്‍ പ്രകടിപ്പിക്കപ്പെടുന്ന അത്യധികമായ ഉദ്കണ്ഠയുടെ പുറം തള്ളല്‍ സൃഷ്ടിക്കുന്ന ശാരീരികവും മാനസികവുമായ പ്രകടനങ്ങളാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നത്. തലവേദന, ഉദരാസ്വസ്ഥതകള്‍, തോള്‍ വേദന, ഉറക്കമില്ലായ്മ, ഉറക്കത്തില്‍ അടിക്കടി ഉണര്‍ന്നെഴുന്നേല്‍ക്കല്‍, കടുത്ത ഭീതി, വര്‍ദ്ധിച്ച ഉദ്കണ്ഠ, ആളുകളെ വിശ്വാസത്തിലെടുക്കാനാവായ്ക, പൊടുന്നനവെ അസ്വസ്ഥരാകല്‍, വ്യക്തിബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ശിഥിലമാകല്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളിലേക്ക് ഇലക്ഷന്‍ സ്‌ട്രെസ് ഡിസോഡര്‍ ബാധിക്കുന്നവര്‍ എടുത്തെറിയപ്പെടുന്നു. വ്യക്തി ജീവിതത്തേയും തൊഴിലിനേയും ദോഷകരമായി അത് ബാധിക്കുന്നു.

തെരഞ്ഞെടുപ്പ് സാംസ്‌കാരികവും രാഷ്ട്രീയവുമായ യുദ്ധമായി പോലും പരിഗണിക്കപ്പെടുന്നു. ഏത് തരത്തിലാണ് ഇത്തരം യുദ്ധങ്ങള്‍ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതെന്ന ആധി, ഒപ്പം തന്നെ നാടിന്റെ ഗതി എന്താകുമെന്ന ഉദ്കണ്ഠ, അരാഷ്ട്രീയ നിലപാടുകള്‍ എടുക്കുന്നതിന്റെ പേരില്‍ നടക്കുന്ന പ്രാന്തവല്‍ക്കരണവും ഒഴിച്ചുനിര്‍ത്തലുകളും അടക്കം നിരവധി പ്രശ്‌നങ്ങള്‍ ആളുകളുടെ പൊറുതി മുട്ടിയ്ക്കുന്നു. അവര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നു. ഓരോ വാര്‍ത്ത അപ്‌ഡേഷനും തേടി അവര്‍ ഉഴലും. അത് ലഭിക്കാതെ വരുമ്പോള്‍ കൂടുതല്‍ അസ്വസ്ഥരാകുന്നു. ഭീതിദരാകുന്നു.

തെരഞ്ഞെടുപ്പും അധികാരവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന ആശങ്കവലുതായി വലുതായി കടുത്ത സമ്മര്‍ദ്ദമായി രൂപപ്പെടുന്നു. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനപ്പുറം ഒരു പൗരന് മറ്റൊന്നും ചെയ്യാനാവില്ല. മറ്റെല്ലാവരുടേയും ശബ്ദം പോലെ തന്നെയാവും തന്റെ ശബ്ദവും. ശബ്ദപ്പെരുപ്പത്തില്‍ എല്ലാം മുങ്ങിപ്പോകുമോയെന്ന ആശങ്ക. ഇത്തരത്തിലുള്ള ആധി ജീവിതത്തില്‍ മറ്റു കാര്യങ്ങള്‍ ചെയ്യുമ്പോഴും ഉണ്ടാകുന്നതാണെന്ന് ഡോ. റോബര്‍ട്ട് ബ്രൈറ്റ് പറയുന്നു. എന്നാല്‍ ഇത് സ്‌ട്രെസ്സായി രൂപപ്പെടുമ്പോള്‍ വഴിവെക്കുന്നത് ഉദ്കണ്ഠാ രോഗത്തിലേയ്ക്കും വിഷാദരോഗത്തിലേയ്ക്കുമാണ്. അത് വൈകല്യമായി തീരുന്നതോടെ ചികിത്സ ആവശ്യമായ അവസ്ഥയിലേക്ക് എത്തുകയും ആത്മഹത്യാ പ്രവണതയിലേക്ക് പോലും വളരാവുന്ന രോഗാതുരതയായി മാറുകയും ചെയ്യുന്നതായി ഡോ. റോബര്‍ട്ട് ബ്രൈറ്റ് വിശദീകരിക്കുന്നു.

എന്താണ് ചെയ്യാനാവുക?

എന്താണ് ഇത്തരം ഘട്ടങ്ങളില്‍ ചെയ്യാന്‍ ആവുക? മനോരോഗ വിദഗ്ദധനെ സമീപിക്കുകയാണെന്ന് ഡോ. റോബര്‍ട്ട് ബ്രൈറ്റ് പറയുന്നു. ഇതിനെ സമാഹ്യ മാധ്യമത്തിലൂടെ ഒരു ചങ്ങാതിയെ ബന്ധപ്പെടുന്ന തരത്തില്‍ എടുത്താല്‍ മതിയാകും. അല്ലെങ്കില്‍ ഒരു സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെടുന്നതുപോലെ ലളിതമായി. അദ്ദേഹം പറയുന്നു. ഇത്തരം അവസ്ഥ നേരിടുന്ന കാര്യത്തില്‍ ഒരാളുടെ രാഷ്ട്രീയ നിലപാടുകള്‍ പുറത്തെടുക്കുക എന്നത് ഒരു വഴിയാണെന്ന് ഡോ. മോണിഫ സീവെല്‍ പറയുന്നു. രാഷ്ട്രീയം മറച്ചുപിടിയ്ക്കാതെ സ്വന്തം അന്തക്കരണം പറയുന്നതുപോലെ പ്രവര്‍ത്തിക്കുക. മറ്റൊന്ന് സാധാരണ നിലയില്‍ സ്‌ട്രെസ് ഒഴിവാക്കുന്നതിനായി അവലംബിക്കുന്ന ശാരീരിക ചര്യകളാണ്. അവ ശീലിക്കുക. കൂടുതല്‍ സോഷ്യലൈസേഷനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക. ഇത്തരത്തില്‍ സ്‌ട്രെസ്സിനെ മുഖാമുഖം കണ്ടുകൊണ്ടു മാത്രമേ അതില്‍ നിന്നും പുറത്തു കടക്കുക സാധ്യമാകുകയുള്ളു.

ഇലക്ഷന്‍ സ്‌ട്രെസ് ഡിസോഡറും കടന്ന് പോസ്റ്റ് ഇലക്ഷന്‍ സ്‌ട്രെസ് ഡിസോഡറുകളെ കുറിച്ചുള്ള പഠനഗവേഷണങ്ങളിലേക്ക് പാശ്ചാത്യലോകം കടന്നുകഴിഞ്ഞുവെങ്കിലും ഇക്കാര്യം നമ്മുടെ വ്യവഹാരങ്ങളില്‍ അവിടത്തെയത്ര വന്നുതുടങ്ങിയിട്ടില്ല. പക്ഷെ ഇവിടേയും ഗവേഷകരും സാമൂഹ്യമനശാസ്ത്രജ്ഞരും ഇക്കാര്യത്തില്‍ പല അന്വേഷണങ്ങളും നടത്തിയിട്ടുണ്ട്. അതേക്കുറിച്ച് അടുത്ത ഭാഗത്തില്‍.

(അടുത്തഭാഗം: തെരഞ്ഞെടുപ്പ് കാലം എങ്ങനെയാണ് ഇന്ത്യക്കാരെ വ്യാകുലരാക്കുന്നത്)

അവലംബം:

1. The Emotional Empowerment of Voting in the Age of Fear-Dr. Michael Friedman, Psychology Today, Sep 25, 2020

2. Is election stress disorder real?-Jason Howland, https://newsnetwork.mayoclinic.org/

3. Election Stress Disorder' Is a Real Thing-Here's How to Know You Have It-Korin Miller, www.health.com


Next Story

Related Stories