TopTop
Begin typing your search above and press return to search.

''നല്ല ചെറുപ്പക്കാരുണ്ടോ? ജോലിയുണ്ട്. ഏത് രാഷ്ട്രീയമായാലും വേണ്ടില്ല''-പിടിബിയെ ഓര്‍മ്മിക്കുമ്പോള്‍

നല്ല ചെറുപ്പക്കാരുണ്ടോ? ജോലിയുണ്ട്. ഏത് രാഷ്ട്രീയമായാലും വേണ്ടില്ല-പിടിബിയെ ഓര്‍മ്മിക്കുമ്പോള്‍

സംഘാടകരേക്കാള്‍ അധികാരികളുള്ള ഒരു സംവിധാനമായി ജനാധിപത്യം മാറിത്തീര്‍ന്നകാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഉടമകളും ആശ്രിതരും തമ്മിലുള്ള ബന്ധം കണക്കെ നമ്മുടെ വ്യവസ്ഥാപിത, ഭരണ സംഘടനാ സ്വരൂപങ്ങളൊക്കെ മാറുകയും വല്ലാതെ കേന്ദ്രീകരിയ്ക്കപ്പെടുന്ന അധികാരത്തെ കൊണ്ടാടപ്പെടുകയും ചെയ്യുന്ന ക്രമത്തില്‍. എല്ലാത്തിനേയും അടക്കിപ്പിടിക്കാന്‍ ശേഷിയുള്ളവരെ മികച്ച ഭരണാധികാരികളായി വാഴ്ത്തപ്പെടുകയും ചെയ്യുന്ന കാലം. അത്തരമൊരു വര്‍ത്തമാനകാല പരിസരത്തുനിന്നുകൊണ്ടാണ് പി.ടി. ഭാസ്‌ക്കരപ്പണിക്കരെന്ന മലയാളികളുടെ പിടിബിയെ ഓര്‍മ്മിക്കാന്‍ തുനിയുന്നത്.

ഒരുപാട് മാനങ്ങള്‍ ഈ ത്രൈയക്ഷരയിലുണ്ട്. അധ്യാപകന്‍, എഴുത്തുകാരന്‍, ശാസ്ത്രപ്രചാരകന്‍, സംഘാടകന്‍, ഭരണകര്‍ത്താവ്, രാഷ്ട്രീയപ്രവര്‍ത്തകന്‍, സാക്ഷരതാ പ്രവര്‍ത്തകന്‍, ആക്ടിവിസ്റ്റ് തുടങ്ങി എത്രയേറെയോ വിശേഷണങ്ങള്‍ക്ക് ഒതുക്കാനോ ഒടുക്കാനോ കഴിയാനാവാത്ത വ്യക്തിത്വം. കേരളീയ സമൂഹത്തിനാകെ വെളിച്ചം വിതറിയ സമര്‍പ്പിത മനസ്‌ക്കന്‍. ധരിക്കുന്ന വസ്ത്രംപോലെ ശുഭ്രമായ വ്യക്തിത്വം. സമാനതകളില്ലാത്ത സംഘാടനപാടവത്തിന് ഉടമ. ഒപ്പമുള്ളവരെ അനുനയിപ്പിച്ച് തികഞ്ഞ ചതുര്യത്തോടെ ഏത് പ്രസ്ഥാനത്തേയും ലക്ഷ്യത്തിലെത്തിക്കാനുള്ള അദ്ദേഹത്തിന്റെ ശേഷി അന്യാദൃശമായിരുന്നു.

കേരളത്തിന്റേയും സവിശേഷമായി മലബാറിന്റേയും സാംസ്‌കാരിക രാഷ്ട്രീയ നവോത്ഥാന പരിസരങ്ങളില്‍ സമ്യക്കായ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങള്‍ പിടിബിയെപ്പോലെ അത്രയധികം ഉണ്ടാകാന്‍ തരമില്ല. ജനന്മയില്‍ അടിയുറച്ചു വിശ്വസിച്ചു. ജനേച്ഛയെ ആകെസമൂഹത്തിന്റെ മാറ്റത്തിനായി പരുവപ്പെടുത്തുന്നതിനായി അക്ഷീണം പ്രവര്‍ത്തിച്ച പിടിബി കൈവെച്ച മേഖലകളിലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. തികച്ചും അച്ചടക്കത്തോടെ തന്നില്‍ അര്‍പ്പിതമായ ചുമതലകള്‍ നിറവേറ്റാനായി അദ്ദേഹം കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും കൂടി നിരന്തരം, അതിദ്രുതം നടന്നുകൊണ്ടേയിരുന്നു.

പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂര്‍ ഗ്രാമത്തിലെ തികഞ്ഞ ഫ്യൂഡല്‍ പശ്ചാത്തലമുള്ള ധര്‍മ്മോത്ത് പണിക്കര്‍ തറവാട്ടില്‍ 1922 ഒക്ടോബര്‍ 15ന് ജനനം. പൊതുവാട്ടില്‍ കാവുക്കുട്ടിയമ്മയുടേയും കാറല്‍മണ്ണ കൊയ്തടിമനയ്ക്കല്‍ വിരൂപാക്ഷന്‍ നമ്പൂതിരിയുടേയും മകന്‍. സ്വാതന്ത്ര സമരം കൊടുമ്പിരിക്കൊണ്ടകാലം. നാടൊട്ടുക്ക് നിസ്സഹകരണ പ്രസ്ഥാനത്തിന്റേയും മറ്റ് സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടേയും അലയൊലികള്‍. അവയ്ക്കുമധ്യെ വെളുത്തുതുടുത്തു സന്ദരനായ ഗ്രാമീണ ബാലകനായി ഭാസ്‌കരപ്പണിക്കര്‍ വളര്‍ന്നു. അടയ്ക്കാപ്പുത്തൂര്‍ പ്രൈമറിസ്‌ക്കൂളിലും ചേര്‍പ്പുളശ്ശേരി സ്‌കൂളിലും പാലക്കാട് മിഷന്‍ സ്‌കൂളിലും ഒക്കെയായി ആദ്യകാലപഠനങ്ങള്‍. പിന്നീട് മദ്രാസ് പ്രസിഡന്‍സി കോളജില്‍ ജീവശാസ്ത്രം ഐച്ഛികമായെടുത്ത് ബിരുദപഠനം പൂര്‍ത്തിയാക്കി.

ചെറുപ്പം മുതലേ പരന്നവായനാശീലം സ്വായത്തമാക്കി. ഗ്രന്ഥശാല പ്രവര്‍ത്തനം, കൈയെഴുത്തുമാസിക പ്രസിദ്ധീകരണം, സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ ആദ്യപാഠങ്ങള്‍ നന്നെ ചെറുപ്പത്തില്‍ തന്നെ അടുത്തുനിന്നു മനസ്സിലാക്കാന്‍ അവസരമുണ്ടായി. ബിരുദപഠനകാലത്താണ് കമ്യൂണിസ്റ്റ് ആശയഗതികളില്‍ അദ്ദേഹം ആകൃഷ്ടനാകുന്നത്. മോഹന്‍ കുമാരമംഗലത്തേയും എസ് എ ഡാങ്കേയേയും പി. രാമമൂര്‍ത്തിയേയും പോലുള്ളവരുടെ പ്രസംഗങ്ങള്‍ മദ്രാസ് ജീവിതകാലത്ത് നിരന്തരം കേള്‍ക്കാന്‍ അവസരമുണ്ടായി. ഇടതുപക്ഷ അനുഭാവം അങ്കുരിച്ച അദ്ദേഹം മദ്രാസിലെ ലൈബ്രറികളില്‍ നിന്നും കമ്യൂണിസ്റ്റ് സൈദ്ധാന്തിക കൃതികളും മറ്റും തേടിപ്പിടിച്ച് വായിച്ചു.

1940-41 കാലത്താണ് അദ്ദേഹം ബിരുദപഠനം പൂര്‍ത്തിയാക്കിയത്. അക്കാലത്തെ കുറിച്ച് പിടിബി തന്നെ എഴുതുന്നു:'' കമ്യൂണിസത്തോട് എന്തോ വിരോധമുണ്ടായിരുന്നു അതുവരെ എനിക്ക്. ആ വിരോധം പോയി എന്നുമാത്രമല്ല, കമ്യൂണിസം എന്റെ ഭാഗമാകുകയും ചെയ്തു. ഞാന്‍ പൂര്‍ണമായും ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നില്ല. പക്ഷെ കമ്യൂണിസ്റ്റായിരുന്നു. 1959നുശേഷം ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമല്ലാതെയായി....1938-41 കാലത്ത് മദ്രാസ് പ്രസിഡന്‍സി കോളജിലുണ്ടായ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലെല്ലാം ഞാന്‍ പങ്കെടുത്തു. എന്തിന്? രാഷ്ട്രീയത്തില്‍ എനിക്ക് കമ്പമുണ്ടായിരുന്നു. അതിനേക്കാളേറെ ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതി മാറണമെന്ന വിപ്ലവബോധമാണെന്നെ പിടിച്ചു കുലുക്കിയത്. ഇക്കാരണങ്ങള്‍ എല്ലാം കൊണ്ട് തന്നെ ഞാനൊരു മാര്‍ക്സിസ്റ്റായി.''

പൊതുമണ്ഡലത്തിലേക്ക്

ബിരുദപഠനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയപ്പോള്‍ നാട്ടിലെ രാഷ്ട്രീയ ഗതികളിലും വലിയ മാറ്റം പ്രകടമായി കണ്ടു. പിടിബിയുടെ കുടുംബാംഗമായ അപ്പുക്കുട്ട മേനവന്‍ കമ്യൂണിസ്റ്റ് നേതാക്കളുമൊക്കെയായി ബന്ധം വച്ചുപുലര്‍ത്തിയിരുന്നു. ഈ ബന്ധവും ഇടതുരാഷ്ട്രീയത്തിലേക്ക് പിടിബിയെ അടുപ്പിച്ചു. അദ്ദേഹം ഗ്രാമീണയോഗങ്ങളിലും മറ്റും നിരന്തരം സംബന്ധിച്ചുതുടങ്ങി. ജാഥകളില്‍ പങ്കെടുത്തും സമരക്കാര്‍ക്ക് സഹായങ്ങള്‍ എത്തിച്ചുമൊക്കെ പിടിബി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായി. ഇക്കാലത്താണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അദ്ദേഹത്തിന് അംഗത്വം ലഭിക്കുന്നത്. ഏറെ താമസിയാതെ കൊച്ചിയിലെ സിന്ധ്യാ നാവിഗേഷന്‍ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. പക്ഷെ ഏറെ നാള്‍ ആ ജോലിയുമായി മുന്നോട്ടുപോകാനായില്ല. മുംബൈയിലേക്ക് മാറ്റം ലഭിച്ചതോടെ ജോലി വേണ്ടെന്നുവെച്ചു. 1942ല്‍ കോയമ്പത്തൂര്‍ കാര്‍ഷിക കോളജില്‍ തുടര്‍പഠനത്തിനായി ചേര്‍ന്നെങ്കിലും അതും മുന്നോട്ട് കൊണ്ടുപോയില്ല. പിന്നീട് മുംബൈയിലെ ടാറ്റ ഇനിസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ പഠനത്തിനായി ചേര്‍ന്നു. 1945 ജനുവരിയില്‍ അദ്ദേഹം കാറല്‍മണ്ണ നായര്‍ എലിമെന്ററി സ്‌കൂളില്‍ പ്രധാനാദ്ധ്യാപകനായി. തുടര്‍ന്ന് അദ്ദേഹം ബിടി പഠനത്തിനായി പോയി.

പിടിബി എന്ന ബഹുജനാദ്ധ്യാപകന്റെ തുടക്കം അവിടെ നന്നാണെന്നു പറയാം. മലബാറിലെ രാഷ്ട്രീയ രംഗത്തേക്ക് ഉയര്‍ന്നുവന്നതില്‍ നല്ല പങ്കും അധ്യാപകരായിരുന്നു. ചെറുകാടിനേയും ടി. സി. നാരായണന്‍ നമ്പ്യാരേയും പോലെ ഒട്ടേറെ അദ്ധ്യാപകര്‍. കടുത്ത ചൂഷണവും പീഢനവും അപമാനവും അനുഭവിച്ച് ജോലിചെയ്യേണ്ട അവസ്ഥയായിരുന്നു അന്നത്തെ അദ്ധ്യാപകര്‍ക്കുണ്ടായിരുന്നത്. വളരെ കുറഞ്ഞ ശംബളം. തൊഴില്‍ സുരക്ഷയില്ല. മാനേജര്‍മാര്‍ക്ക് തോന്നുമ്പോള്‍ പിരിച്ചുവിടും. ചെറുകാട് അദ്ദേഹത്തിന്റെ ആത്മകഥയായ 'ജീവിതപ്പാത'യില്‍ അക്കാലത്തെ അദ്ധ്യാപകരുടെ ദുരിതപൂര്‍ണമായ ജീവിതചിത്രം നല്‍കുന്നുണ്ട്. 30 രൂപയെങ്കിലും കിട്ടേണ്ട സ്ഥാനത്ത് രണ്ടുരുപ കിട്ടിയപ്പോള്‍ ജോലി ഉപേക്ഷിച്ച കഥയൊക്കെ. 1930 കളിലാണ് മലബാറിലെ അദ്ധ്യാപകര്‍ സംഘടിച്ച് തുടങ്ങുന്നത്. കേരളത്തിലെ സര്‍വീസ് സംഘടനാ ചരിത്രത്തിലെ ഒരു സുപ്രധാന ഏടാകുന്നു അത്.

ബിടി പഠനം പൂര്‍ത്തിയാക്കി എത്തിയ പിടിബി നാട്ടിക ഫര്‍ക്കയിലെ സ്‌കൂളില്‍ അധ്യാപകനായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് വലിയ വേരോട്ടമുണ്ടായിരുന്ന സ്ഥലമായിരുന്നു നാട്ടിക.ഇ. ഗോപാലകൃഷ്ണ മേനോന്റേയും സര്‍ദാര്‍ ഗോപാലകൃഷ്ണന്റേയും ഒക്കെ നാട്. പട്ടാള സേവനം കഴിഞ്ഞ് മടങ്ങിയെത്തി അദ്ധ്യാപകനായ സര്‍ദാര്‍ ഗോപാലകൃഷ്ണനുമായി വളരെ അടുത്തബന്ധമാണ് പിടിബിയ്ക്ക് ഉണ്ടായിരുന്നത്. 1947-49 കാലഘട്ടമാണ്. അപ്പോഴേക്കും പിടിബിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം മുഴുകിയിരുന്നു. ഇഎംഎസ്സുമൊക്കെയായി അടുപ്പം തുടങ്ങുന്നത് അക്കാലത്താണ്. രഹസ്യമായി പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും സ്റ്റഡി ക്ലാസുകള്‍ എടുക്കുന്നതിനുമൊക്കെ സമയം നീക്കിവെച്ചുവെങ്കിലും അദ്ധ്യാപനത്തേയും രാഷ്ട്രീയ പ്രവര്‍ത്തനത്തേയും നേരിട്ട് ബന്ധപ്പെടുത്തിയിരുന്നില്ല. ഇന്ത്യ വിഭജനത്തെ തുടര്‍ന്ന് വര്‍ഗീയ കലാപത്തിനെതിരെ പ്രകടനം സംഘടിപ്പിക്കുന്നതിലും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലുമൊക്കെ പിടിബി സജിവമായി ഇടപെട്ടു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1948 ലെ കോല്‍ക്കൊത്ത പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രതിനിധിയായിരുന്നു പി.ടി. ഭാസ്‌കരപ്പണിക്കര്‍. കോല്‍ക്കോത്ത തീസീസിനെ തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിയ്ക്കപ്പെട്ടു. പിടിബിയ്ക്കും ഒളിവില്‍ പോകേണ്ടിവന്നു. 1950 ജനുവരിയില്‍ പിടിബി പിടിയിലായി. ക്രൂരമര്‍ദ്ദനങ്ങള്‍ക്കു വിധേയനാക്കപ്പെടുകയും ചെയ്തു.മതിലകത്തേയും വലപ്പാട്ടേയും പോലീസ് സ്റ്റേഷനുകളില്‍ കഴിഞ്ഞ അദ്ദേഹം പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായി. അഴീക്കോടന്‍ രാഘവനും മറ്റും അവിടെ സഹതടവുകാരായി ഉണ്ടായിരുന്നു. ഒരു വര്‍ഷത്തിലേറെ നീണ്ടു ആ ജയില്‍ വാസം. അദ്ധ്യാപക ജോലി അതിനുമുന്‍പ് തന്നെ നഷ്ടമായിരുന്നു. 1951 ജൂണില്‍ വടകരയ്ക്കടുത്ത് പുറമേരി രാജാസ് ഹൈസ്‌കൂളില്‍ ജോലി കിട്ടി. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തന പശ്ചാത്തലത്തിന്റെ പേരില്‍ വൈകാതെ ജോലി നഷ്ടമായി. പിന്നീട് ശ്രീകൃഷ്ണപുരത്തെ സ്‌കൂളില്‍ അദ്ധ്യാപകനായി. അവിടേയും അദ്ദേഹം കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു.

ജില്ലാ ബോര്‍ഡും ഏകാദ്ധ്യാപക വിദ്യാലയവും


1954 പിടിബിയുടെ ജിവിതത്തിലെ മറ്റൊരു ദിശാമാറ്റം കുറിച്ചു. അദ്ദേഹത്തിന്റെ വിവാഹം ആ വര്‍ഷം ജൂണ്‍ രണ്ടിനായിരുന്നു. ഉള്ളനാട്ട് ജാനകിയമ്മയായിരുന്നു വധു. പിടിബി കുടുതല്‍ സമൂഹ്യപ്രവര്‍ത്തനത്തിലേക്കും അതേ വര്‍ഷം കടന്നു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് ശ്രീകൃഷ്ണപുരത്ത് നിന്നും മത്സരിക്കുന്നതിന് കമ്യൂണിസ്റ്റ് പാര്‍ട്ടി നിശ്ചയിച്ചത് പിടിബിയെയായിരുന്നു. അദ്ദേഹം ആദ്യമായും അവസാനമായും മത്സരിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി. പിടിബിയെ ഡിസ്ട്രിക്ട് ബോര്‍ഡ് അദ്ധ്യക്ഷനായും തെരഞ്ഞെടുത്തു. മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് പിടിബിയുടെ നേതൃത്വത്തില്‍ ബോര്‍ഡ് നടത്തിയത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം ജനങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചു. കേരളത്തില്‍ 1957ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഡ്രസ് റിഹേഴ്സലായിരുന്നു ബോര്‍ഡിലേക്കുള്ള വിജയവും ബോര്‍ഡിന്റെ ഭരണവുമെന്ന് വിശ്വസിക്കുന്നവരുണ്ടായിരുന്നതായി കെ. ദാമോദരനും പില്‍ക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയിലുള്ള പിടിബിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു. എളിയ ജീവിതം. ഔദ്യോഗിക വാഹനം സ്വന്തം യാത്രയ്ക്കായി ഉപയോഗിച്ചില്ല. കാലന്‍കുടയും കുത്തി നടക്കുക എന്ന പഴയ ശൈലി തന്നെ അദ്ദേഹം അധികാരസ്ഥാനത്തെത്തിയപ്പോഴും തുടര്‍ന്നു. അതിനുപറ്റാത്ത ഇടങ്ങളിലേക്ക് ബസ്സില്‍ കയറിപ്പോയി. രാത്രി കഴിയേണ്ടിവരുന്ന ഘട്ടങ്ങളില്‍ സ്‌കൂള്‍ കെട്ടിടങ്ങളിലെ ബെഞ്ചുകളില്‍ അന്തികളുറങ്ങി. തീര്‍ത്തും സുതാര്യമായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഏത് കാര്യത്തേയും ഏറ്റെടുത്ത് വലിയ ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്ന കാര്യത്തില്‍ പിടിബിയ്ക്കുണ്ടായിരുന്ന കഴിവ് അന്യാദൃശമായിരുന്നു.

ആയിരത്തോളം ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ ജില്ലാ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചു. അക്ഷരങ്ങള്‍ പ്രാപ്തമല്ലാത്ത ജനതയിലേക്ക് അക്ഷരത്തിന്റേയും അറിവിന്റേയും വെളിച്ചമെത്തിക്കുന്നതിനുള്ള വഴിയായിരുന്നു ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍. അത്തരം ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപികയായി നിയോഗിതയായ സഹോദരിക്കൊപ്പം തസ്രാക്ക് എന്ന ഗ്രാമത്തിലെത്തിയ ഒ. വി. വിജയന്റെ അനുഭവങ്ങളാണ് പില്‍ക്കാലത്ത് പ്രഖ്യാതമായ ഖസാക്കിന്റെ ഇതിഹാസമെന്ന കൃതിയായി തീര്‍ന്നത്. ഏകാദ്ധ്യാപ വിദ്യാലയങ്ങള്‍ ഒരു പ്രസ്ഥാനമായിത്തീരണമെന്ന വീക്ഷണത്തോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ചിരുന്നതെന്ന് പിടിബി അദ്ദേഹത്തിന്റെ 'സ്നേഹാദരങ്ങളോടെ സ്വന്തം' എന്ന പുസ്തകത്തില്‍ എഴുതി.

ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റ് അദ്ധ്യാപക ജോലിക്കുള്ള അപേക്ഷയുമായി ആളുകളെ തേടിനടന്നു. അദ്ദേഹം എഴുതുന്നു:'' സാധാരണ ഇങ്ങോട്ടു ശുപാര്‍ശയുമായി വരുന്നതിന് പകരം ഞാനങ്ങോട്ട് ചോദിച്ചു-നല്ല ചെറുപ്പക്കാരുണ്ടോ? ജോലിയുണ്ട്. ഏത് രാഷ്ട്രീയമായാലും വേണ്ടില്ല. ഈ പണി ചെയ്യാന്‍ തയാറാവണം. അതിനുള്ള കഴിവുമുണ്ടാവണം.''

രാഷ്ട്രീയമായ വൈരങ്ങള്‍ ഒരിയ്ക്കലും പിടിബിയെ ബാധിച്ചിരുന്നില്ല. ജില്ല ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ പിടിബിയ്ക്ക് എതിരെ മത്സരിച്ചത് കെ.വി. ഈശ്വരവാര്യരായിരുന്നു. അദ്ധ്യാപക ജോലി രാജിവെച്ചിട്ടാണ് ഈശ്വരവാര്യര്‍ മത്സരത്തിനറിങ്ങിയത്. പരാജയപ്പെട്ടതോടെ അദ്ദേഹത്തിന് ജോലിയും ഇല്ലാതെയായി. വലിയ സാമ്പത്തിക ബാദ്ധ്യതകളും. ഈശ്വരവാര്യര്‍ വിഷമത്തിലായി. അദ്ദേഹം പിടിബിയെ കണ്ടു കാര്യം പറഞ്ഞു. അപ്പോള്‍തന്നെ പത്തിരിപ്പാലം ഹൈസ്‌കൂളില്‍ മലയാളം അദ്ധ്യാപകനായി ഈശ്വരവാര്യര്‍ക്ക് ജോലി നല്‍കുകയാണ് പിടിബി ചെയ്തത്. രാഷ്ട്രീയവൈരിയുടെ കാര്യത്തില്‍ ഇക്കാലത്ത് ആലോചിക്കാന്‍ പോലും സാധ്യമല്ലാത്ത കാര്യം. 1957ല്‍ കാലാവധി പൂര്‍ത്തിയായതോടെ ഡിസ്ട്രിക്ട് ബോര്‍ഡ് പിരിച്ചുവിട്ടു. തുടര്‍ന്ന് സ്വന്തം നാട്ടില്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥാപിച്ചു. ഇതിനിടെ പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരം വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി. ആദ്യത്തെ കേരള പബ്ലിക് സര്‍വീസ് കമ്മീഷനിലും പിടിബി അംഗമായി. പിന്നീട് കേരള യൂണിവേഴ്സിറ്റിയുടെ സെനറ്റിലുമെത്തി. ഏത് പദവിയിലും തന്നാലാവുന്ന തരത്തില്‍ സാമൂഹിക സേവനത്തിനുള്ള അവസരമായി കണ്ട് സമര്‍പ്പിത മനസ്‌കനായി പിടിബി പ്രവര്‍ത്തിച്ചു.

1940കള്‍ മുതല്‍ ശാസ്ത്രലേഖനങ്ങള്‍ എഴുതിവന്ന പിടിബി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളിലും ശാസ്ത്രപ്രചാരണങ്ങളിലുമൊക്കെ സജീവമായി. വൈജ്ഞാനിക സാഹിത്യത്തിന്റെ പ്രചാരണത്തിനും ജനകീയവത്ക്കരണത്തിനും ഗ്രന്ഥശാലപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലുമൊക്കെ പിടിബി നല്‍കിയ സംഭാവനകള്‍ ഒരു ലേഖനത്തിലോ പുസ്തകത്തിലോ ഒതുക്കാന്‍ കഴിയുന്നതല്ല. അതൊരു കാലഘട്ടത്തിന്റെ കഥയാണ്. 1974ല്‍ ആരംഭിച്ച ഭരണ പരിഷ്‌കാര വേദി പോലെ ഒട്ടേറെ പ്രസ്ഥാനങ്ങളുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തി.

'' അറിയാതെ ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകനായി. കുറച്ചുകഴിഞ്ഞപ്പോള്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്നു...എന്റെ കഴിവുകള്‍ ഞാന്‍ വിപ്ലവപ്രസ്ഥാനത്തിനുവേണ്ടി ഉപയോഗിക്കുകയും ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം അതിനുള്ള പ്രതിഫലവും ലഭിച്ചിരിക്കുന്നു. നാട്ടുകാര്‍ക്കോ?'' ഇത്രമേല്‍ ലളിതവും എളിമ നിറഞ്ഞതുമായിരുന്നു പിടിബിയുടെ ചിന്തകളും ജീവിതവും.

കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായത് പിടിബിയെപ്പോലെയുള്ളവരുടെ മനസ്സില്‍ ഏറെ ആഘാതം സൃഷ്ടിച്ചു. പാര്‍ട്ടിയിലെ ഭിന്നിപ്പ് കഠിനമായി ഉലച്ച മനസ്സുമായി അദ്ദേഹം 'പാര്‍ട്ടി' എന്ന പേരില്‍ ഒരു നോവല്‍ എഴുതി. ചന്ദ്രന്‍ എന്ന എഴുത്തുപേരിലായിരുന്നു രചന. ക്രമേണ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും മറ്റ് വൈജ്ഞാനിക പ്രചാരണ- ഗ്രന്ഥശാല പ്രസ്ഥാന മേഖലകളിലേക്കും മറ്റും പ്രവര്‍ത്തനം കൂടുതലായി കേന്ദ്രീകരിച്ചു.ഒട്ടേറെ ശാസ്ത്രപുസ്തകങ്ങള്‍ എഴുതുകയും വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ എഡിറ്റ് ചെയ്യുകയും ചെയ്തു. ഗ്രന്ഥശാല സംഘം അടക്കമുള്ള നിരവധി പ്രസ്ഥാനങ്ങളുടെ അമരക്കാരനായി. ഏറെ പുരസ്‌ക്കാരങ്ങളും അംഗീകാരങ്ങളും പിടിബിയെ തേടി എത്തുകയും ചെയ്തു.

1992 മുതല്‍ പലവിധ രോഗങ്ങള്‍ പിടിബിയെ അലട്ടി. 1997 ഡിസംബര്‍ 30ന് തലമുറകള്‍ക്ക് ഓര്‍ത്തിവെയ്ക്കാന്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ഏറെ പ്രചോദനാത്മകമായ ആ ജീവിതത്തിന് അന്ത്യമായി.

അവലംബം:

1. പി.ടി ഭാസ്‌ക്കരപ്പണിക്കര്‍-കെ.എന്‍.കെ. നമ്പൂതിരി, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം

2. സ്നേഹാദരങ്ങളോടെ സ്വന്തം അടക്കമുള്ള പിടി ഭാസ്‌ക്കരപ്പണിക്കരുടെ രചനകളും അദ്ദേഹത്തെ കുറിച്ചുള്ള ലേഖനങ്ങളും


Next Story

Related Stories