TopTop
Begin typing your search above and press return to search.

മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ' വായിച്ച്, ആ പുസ്തകം മാറത്തുവെച്ച്, മരണത്തിലേക്ക് കടന്നുപോയ ഒരാള്‍

മാക്‌സിം ഗോര്‍ക്കിയുടെ അമ്മ വായിച്ച്, ആ പുസ്തകം മാറത്തുവെച്ച്,    മരണത്തിലേക്ക് കടന്നുപോയ ഒരാള്‍

കഠിനമായ സമരങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ വര്‍ത്തമാനകാല മലയാളികള്‍ക്ക് അത്രമേല്‍ ജീവത്തായിരിക്കണമെന്നില്ല. അവരുടെ ഓര്‍മ്മപുസ്തകങ്ങളിലോ അനുഭവാകാശങ്ങളിലോ അത് തിളങ്ങിനില്‍ക്കണമെന്നുമില്ല. പക്ഷെ, അത്തരം ഒരുപാട് അടരുകള്‍ ഭൂതകാലങ്ങളില്‍ കൊരുത്തുകിടക്കുന്നുണ്ട്. സമരതീഷ്ണങ്ങളായ ദിനങ്ങളുടെ കഠോരാനുഭവങ്ങള്‍. അതിന്റെ വര്‍ത്തമാന കാല മൂല്യം എന്തെന്നത് സംവാദവിഷയമാകുന്നു. അതേക്കുറിച്ചല്ല, ഒരു പഴയ വിപ്ലവകാരിയുടെ ഓര്‍മ്മപുസ്തകത്തില്‍ ജീവത്തായി പുനസൃഷ്ടിക്കപ്പെട്ട, ഒരു അനുഭവതല്പത്തിലേക്കാണ് യാത്ര. മരണക്കിടക്കയില്‍ മാക്‌സിം ഗോര്‍ക്കിയുടെ അമ്മ വായിച്ചു കേട്ട്, ആ പുസ്തകത്തെ നെഞ്ചോട് ചേര്‍ത്ത് സുധീരം മരണത്തിന് കീഴടങ്ങിയ ഒരു പോരാളിയെ കുറിച്ച് ഇപ്പോള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ കുറച്ച് അതിഭാവുകത്വപരമോ എന്നുപോലും ചിന്തിക്കുന്നവരുണ്ടാകാം. അതേക്കുറിച്ചുള്ള വിവരണങ്ങളും കാല്പനികമായി തോന്നിപ്പോയേക്കാം. അവരുടെ പ്രവര്‍ത്തി തന്നെ അര്‍ത്ഥശൂന്യമെന്ന് കരുതുന്നവരും ഉണ്ടായേക്കാം.

പക്ഷെ അങ്ങനേയും മനുഷ്യരുണ്ടായിരുന്നു. പുതുപ്പള്ളി രാഘവന്റെ 'വിപ്ലവസ്മരണകള്‍' അത്തരമൊരാളെ കാണിച്ചുതരുന്നുണ്ട്. നാഗര്‍കോവിലിലെ ജയില്‍ ക്ഷയരോഗാശുപത്രിയില്‍. ഭാസി മഠത്തില്‍ എന്ന ഭാസ്‌ക്കരന്‍ നായര്‍. ശുരനാട് വിപ്ലവത്തിന്റെ വീരപുത്രന്‍ എന്നാണ് പുതുപ്പള്ളി രാഘവന്‍ തന്റെ ആത്മകഥയില്‍ ഭാസിയെ കുറിച്ച് പറയുന്നത്. മാക്‌സിം ഗോര്‍ക്കിയുടെ അമ്മ വായിച്ചു കേട്ടുകൊണ്ടു മരണത്തെ എതിരേറ്റയാള്‍. ഇതേക്കുറിച്ച് എഴുതാനിരിക്കുന്ന ഈ മാര്‍ച്ച് 28, ഞായറാഴ്ച മാക്‌സിം ഗോര്‍ക്കിയുടെ ജന്മദിനമാണെന്നതും തീര്‍ത്തും ആക്‌സമികമായി.

ശൂരനാട് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പുതുപ്പള്ളി രാഘവനെ ക്ഷരോഗബാധയെ തുടര്‍ന്ന് തിരു കൊച്ചി മുഖ്യമന്ത്രിയായ സി.കേശവന്‍ ഇടപെട്ടാണ് നാഗര്‍കോവിലിലെ തടവുപുള്ളികള്‍ക്കുള്ള ക്ഷയരോഗ ആശുപത്രിയിലേക്ക് അയച്ചത്. മുഖ്യമന്ത്രിയുടെ ശുപാര്‍ശയുമായെത്തിയതിനാല്‍ ആശുപത്രിയില്‍ പുതുപ്പള്ളി രാഘവന് താരതമ്യേന മികച്ച പരിഗണനയാണ് ലഭിച്ചതും. ആശുപത്രിയിലെത്തി രണ്ടു മൂന്നു മാസങ്ങള്‍ക്കുശേഷം ഒരു ദിവസം ഉച്ചയുറക്കത്തിന്റെ സമയത്താണ് നേരിയ ശ്വാസം മാത്രമുള്ള ഒരു അസ്ഥി കൂടത്തെ രാഘവന്‍ കിടന്ന സെല്ലിനു മുന്നില്‍ കൊണ്ടുവന്നത്.

''ഇയാളും നിങ്ങളുടെ സംഘത്തില്‍പെട്ടതാണ്. നിങ്ങളുടെ സെല്ലില്‍ ഇയാളിനേയും കൂടി കിടത്തുന്നതില്‍ നിങ്ങള്‍ക്കു വിരോധമൊന്നുമില്ലല്ലോ? 'ഡോ. കൊച്ചു രാമന്‍ പിള്ള പുതുപ്പള്ളിയോടു ചോദിച്ചു. 'ക്ഷീണിച്ച ചിരി. കുണ്ടിലിറങ്ങി പരിക്ഷീണാവസ്ഥയിലെങ്കിലും കത്തിജ്ജ്വലിക്കുന്ന കണ്ണുകള്‍!' ഭാസി മഠത്തില്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശൂരനാട്ടെ ആദ്യഗ്രൂപ്പ് രൂപീകരിക്കുന്ന ദിവസം മുതല്‍ പലവട്ടം കണ്ടിട്ടുള്ള മുഖം. ശുരനാട്ടെ ജന്മിത്വത്തിനെതിരായ സമരം അവസാനം എത്തിനിന്നത് ഒരു പോലീസ് ഇന്‍സ്‌പെക്ടറേയും നാലഞ്ച് പോലീസുകാരേയും കൊലപ്പെടുത്തുന്ന സംഭവത്തിലായിരുന്നു. പില്‍ക്കാലത്ത് ശുരനാട് കലാപം എന്ന് പ്രഖ്യാതമായ സംഭവം. പോലീസ് ഓഫീസര്‍മാരുടെ മരണത്തിനുശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭാസി പിടിയിലായി. തുടര്‍ന്നുണ്ടായ കൊടിയ മര്‍ദ്ദനങ്ങള്‍ക്കൊടുവിലാണ് ക്ഷരോഗ ബാധിതനാകുന്നത്. ആ ലോക്കപ്പ് മര്‍ദ്ദനങ്ങളുടെ കഥ പുതുപ്പള്ളി രാഘവന്‍ 'കണ്ണീരിന്റേയും ചോരയുടേയും കഥകള്‍' എന്ന പുസ്തകത്തില്‍ കരുണാര്‍ദ്രമായി പര്‍ത്തിയിട്ടുണ്ട്.

ശൂരനാടുസംഭവാനന്തരം രണ്ടുനാള്‍ കഴിയുംമുമ്പുതന്നെ മറ്റുചില സഖാക്കളോടൊപ്പം ഭാസിയെയും വേട്ടയാടിപ്പിടിക്കുകയായിരുന്നുവെന്ന് പുതുപ്പള്ളി രാഘവന്‍ എഴുതുന്നു. ശൂരനാട്ടെ അന്നത്തെ പോലീസ് ക്യാമ്പിലും അടൂരേയും കൊല്ലത്തേയും പോലീസ് ലോക്കപ്പുകളിലും ശുരനാടുകേസ്സിലെ മറ്റു പ്രതികളോടൊപ്പം ഭാസിയും കഴിയുകയുണ്ടായി. പുതുപ്പള്ളിയുടെ തന്നെ ആഖ്യാനം കാണുക:

തീരെ അവശനായ നിലയില്‍ നാലഞ്ചുനാള്‍ ഭാസി കട്ടിലില്‍ത്തന്നെ കിടന്നു കഴിച്ചുകൂട്ടി. പിന്നെ, മെല്ലെ ആ സ്ഥിതിക്കു മാറ്റംവന്നു.കട്ടിലേല്‍ത്തന്നെ എഴുന്നേറ്റിരിക്കാനും പിടിച്ചെഴുന്നേല്‍ക്കാനും ആകുമെന്നായി. ഒപ്പം, സംസാരിക്കാനും. ശബ്ദം പുറത്തു വ്യക്തമായി കേള്‍ക്കാന്‍ പ്രയാസമമായിരുന്നു, ആദ്യമൊക്കെ.

' ഇല്ല, ഞാന്‍ രക്ഷപ്പെടില്ല. എന്നെ .ആശ്വസിപ്പിക്കാന്‍ എന്തിന് ശ്രമപ്പെടുന്നു? എനിക്കറിയാം, ഞാന്‍ അധികനാള്‍ ജീവിക്കില്ലെന്ന്.'

ഒരു ദിവസം ഭാസി പുതുപ്പള്ളിയോട് പറഞ്ഞു. എനിക്കൊരാഗ്രഹമുണ്ട്; ഒരേ ഒരാഗ്രഹം. അതു സാധിച്ചുതരില്ലേയെന്ന്. തനിക്കാവുന്നതാണെങ്കിലെന്ന് പുതുപ്പള്ളി രാഘവനും പറഞ്ഞു.

''അവിടെ, ആ എക്‌സ്‌റേ മുറിയുടെ അടുത്തുവച്ചു കണ്ട ഒരാളുടെ കൈയില്‍ ഗോര്‍ക്കിയുടെ ''അമ്മ'' ഇരിക്കുന്നതു കണ്ടു. ആ പുസ്തകം എനിക്കൊന്നു വായിക്കണം. ആ പുസ്തകത്തെക്കുറിച്ച് പി.കെ.പി. പോറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. ആ പുസ്തകം ഒന്നു വായിക്കാന്‍ എനിക്കെന്ത് ആഗ്രഹമാണെന്നോ? ഞാന്‍ മരിച്ചുപോകും... അതിനുമുമ്പ്.. സഹായിക്കില്ലേ?''

ഭാസി മരണത്തോടടുക്കുകയാണെന്ന് തോന്നി. ഡോ. കൊച്ചുരാമന്‍പിള്ളയും അതുതന്നെ പറഞ്ഞു. പുസ്തകത്തെക്കുറിച്ചന്വേഷിച്ചു. കോട്ടയം .ശ്രീനി ഗോര്‍ക്കിയുടെ ''അമ്മ'' കൊണ്ടുവന്നു തന്നു. പിന്നീട് നടന്ന കാര്യങ്ങള്‍ വിപ്ലവസ്മരണകളില്‍ വിവരിക്കുന്നത് ഇങ്ങനെയാണ്:

''ഒട്ടും സമയംകളയാതെ ഞങ്ങള്‍ വായന ആരംഭിച്ചു. ഞാന്‍ വായിക്കും ഭാസി, കട്ടിലില്‍ കണ്ണുമടച്ചു കിടന്നു കേള്‍ക്കും. മുഖത്ത് സ്‌തോഭങ്ങള്‍ മാറിമാറി പ്രത്യക്ഷപ്പെടും. ''അമ്മ'യിലെ ചില ഭാഗങ്ങള്‍ കേള്‍ക്കുമ്പോള്‍ വികാരഭരിതനാകും. അതോടെ ശ്വാസഗതി വര്‍ദ്ധിക്കും; ഒപ്പം കൊക്കിക്കൊക്കിയുള്ള ചുമയും. നെഞ്ച് അമര്‍ത്തിപ്പിടിച്ചുകൊണ്ട് വിലക്കും. കുറച്ചുകഴിഞ്ഞാല്‍ വീണ്ടും വായിക്കാന്‍ ധൃതികൂട്ടും. ചിലപ്പോള്‍ ഭാസിതന്നെ വായിക്കും. അയാള്‍ക്കുതന്നെ വായിക്കണം. അത് ഒരു അടങ്ങാത്ത ആഗ്രഹമായിരുന്നു.

''വേഗം വേഗം വായിച്ചുവായിച്ചങ്ങ് തീര്‍ക്കണം.'' കൂടെക്കൂടെ ഭാസി പറയുമായിരുന്നു. ' മരിക്കുന്നതിനുമുമ്പ് വായിച്ചുതീര്‍ക്കണം. അല്ല, വായിച്ചുതീര്‍ത്തേ ഞാന്‍ മരിക്കൂ.'' രാവും പകലും അയാള്‍ 'അമ്മ' വായിച്ചു.

ലുദ്മിലയെ, പവേലിനെ, സാഷയെ, നിലോവിനയെ, ആന്ദ്രേയെ, അമ്മയെ--എന്നല്ല ആ ''അമ്മ'യിലെ ഓരോ കഥാപാത്രത്തെയുംകുറിച്ച് ആവേശത്തോടെ അയാള്‍ സംസാരിക്കാന്‍ തുടങ്ങി. സംസാരമൊക്കെയും ആ കഥാപാത്രങ്ങളെക്കുറിച്ചുമാത്രമായി. അയാളെ സംബന്ധിച്ചിടത്തോളം ആ കഥാപാത്രങ്ങളെല്ലാം അയാളുടെ സ്വന്തം സഖാക്കളായിക്കഴിഞ്ഞിരുന്നു. തന്റെ സഹപ്രവര്‍ത്തകരായ സഖാക്കളില്‍--പരമുനായരില്‍, പരമേശ്വരന്‍നായരില്‍, തങ്കപ്പക്കുറുപ്പില്‍, തേവനില്‍, കുഞ്ഞച്ചനില്‍, കുഞ്ഞുരാമനില്‍, കുഞ്ഞുരാമന്റെ ഭാര്യയില്‍, ചാത്തുക്കുട്ടിയില്‍---ആ കഥാപാത്രങ്ങളെ അയാള്‍ കാണുന്നു.

വായന അവസാനപേജിലേക്ക് എത്തിക്കൊണ്ടിരുന്നു....

''ഈ ജീവിതഗതിയെ വൃത്യാസപ്പെടുത്താന്‍'', ഞാന്‍ വായന തുടര്‍ന്നു, ' ''എല്ലാ മനുഷ്യരെയും സ്വതന്ത്രമാക്കാന്‍, മനുഷ്യരാക്കിയുയര്‍ത്താന്‍ ഞാന്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നു..... അനേകര്‍ അങ്ങനെ രഹസ്യമായി പ്രവര്‍ത്തിക്കുന്നു..... നിങ്ങള്‍ക്കറിയാമല്ലോ, പരസ്യമായി സത്യം പറയുന്നവരെ വേട്ടയാടുന്നു. അടിച്ചുവീഴ്ത്തുന്നു. ജയിലിലിട്ടു കൊല്ലാക്കൊല ചെയ്യുന്നു. ക്രൂരമായി, മൃഗീയമായി അവരെ ദ്രോഹിക്കുന്നു.''

ഭാസി വികാരാധീനനായി. എന്റെ കൈയില്‍നിന്ന് അയാള്‍ പുസ്തകം തട്ടിപ്പറിച്ചു.

''ഞാന്‍ വായിക്കാം. ഞാന്‍തന്നെ വായിക്കട്ടെ.'' അയാള്‍ കിതച്ചു കൊണ്ട് പറഞ്ഞു.

''സഖാക്കളെ, ഇനിമേല്‍ ഒട്ടും വഴങ്ങരുത്.'' അയാള്‍ പതുക്കെ വായിച്ചു. 'നിങ്ങള്‍, നിങ്ങളാണ് ജീവിതത്തിന്റെ നായകന്മാര്‍! പണിയെടുക്കുന്നവരേ, ഉണര്‍ന്നു കണ്ണുതുറന്നു നോക്കുവിന്‍! സകലരും നിങ്ങളെ കൊള്ളയടിക്കുന്നു. നിങ്ങളുടെ ആത്മാവിനെ അവര്‍ നശിപ്പിക്കുന്നു. നിങ്ങളെ അവര്‍ കവര്‍ച്ചചെയുന്നു.''

''സഖാവേ, പവേലിന്റെ അമ്മ. അമ്മ പറയുന്നത് കേള്‍ക്കുന്നോ? ഹാ, അമ്മേ, എന്റെ അമ്മേ,'' ഭാസി കണ്ണടച്ചു ശ്വാസം വിടാന്‍ പ്രയാസപ്പെട്ടു.

''ഒരേ ജീവനും ഒരേ ഹൃദയവുമായി തൊഴിലാളികളേ, മര്‍ദ്ദിതരേ, നിങ്ങള്‍ ഒന്നുചേരുക, സംഘടിക്കുക.'' ഭാസി വീണ്ടും വായന തുടങ്ങി: ''നിങ്ങള്‍ക്കേ നിങ്ങളുടെ മോചനം നേടാനാകൂ. നിങ്ങളുടെ സഖാക്കള്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു. ജയിലുകളില്‍ കിടന്ന് സത്യത്തിനുവേണ്ടി മൃഗീയമായി മര്‍ദ്ദനങ്ങള്‍ ഏല്‍ക്കുന്നു...''

ഭാസി വികാരഭരിതനായി. ഒപ്പം തീരെ ക്ഷീണിതനും. ആകെ തളര്‍ന്ന നിലയില്‍ അയാള്‍ കട്ടിലില്‍ കണ്ണുംപൂട്ടിക്കിടന്നു. ആ നെഞ്ചിന്‍കൂട് ക്രമം വിട്ടു ഉയര്‍ന്നും താഴ്ന്നുംകൊണ്ടിരുന്നു. ശ്വാസംകഴിക്കാന്‍ അയാള്‍ നന്നേ പണിപ്പെട്ടു. ഒട്ടിയ, എല്ലുന്തിയ, ഇരുകവിളുകളിലൂടെയും കണ്ണൂനീര്‍ നിലയ്ക്കാതെയൊഴുകി.

ആ കിടപ്പില്‍ എത്രനേരം ഭാസി കിടന്നുവെന്ന് അറിയില്ല. അയാളെത്തന്നെ ഞാന്‍ നോക്കിക്കൊണ്ടിരുന്നു. അയാള്‍ ഉറങ്ങി; ആ പുസ്തകം നെഞ്ചില്‍ ചേര്‍ത്ത് അയാള്‍ മുറുകെപ്പിടിച്ചിരുന്നു.

ഒട്ടേറെസമയം കഴിഞ്ഞാണ് ഭാസി ഉണര്‍ന്നത്. ഉണര്‍ന്നെണീറ്റ ഭാസി തികച്ചും മറ്റൊരാളായി മാറിയിരുന്നു.

''ഞാന്‍ ഈ പുസ്തകം ഒരിക്കല്‍ക്കൂടി വായിക്കും; സാവധാനമായിട്ടു വായിക്കും. ഹാ, പാവേലിന്റെ അമ്മ..... എന്റെ അമ്മ..... എന്റെ അമ്മേ... ഭാസി ദീര്‍ഘമായി ശ്വസിച്ചു. ആ കട്ടിലില്‍ അങ്ങനെ കണ്ണുംപൂട്ടിക്കിടന്നു. എല്ലുതെളിഞ്ഞ് ഒട്ടിയ കവിളിലൂടെ കണ്ണുനീര്‍ ധാരയായി ഒലിച്ചു.

അങ്ങകലെ, ശൂരനാട്ട് ആ അമ്മ മകനെ കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്നിട്ടുണ്ടാവും. ഒരുനോക്കു കാണാന്‍. ''അമ്മേ' എന്ന വിളി കേള്‍ക്കാന്‍! മകന്റെ വിളികേട്ടെന്നപോലെ അര്‍ദ്ധരാത്രികളില്‍ ആ അമ്മ ഞെട്ടിപ്പിടഞ്ഞെണീറ്റിട്ടുണ്ടാകും. ഇല്ല. ഇനി ഈ മകനെ അമ്മ കാണുകയില്ല. ''അമ്മേ'' എന്ന വിളി കേള്‍ക്കുകയുമില്ല. ഭാസി കഷ്ടിച്ച് രണ്ടുമാസക്കാലമേ

ആ ലോക്കപ്പില്‍ ഉണ്ടായിരുന്നുള്ളു. ഭാസി ''രക്ഷപ്പെട്ടു''; ലോക്കപ്പില്‍നിന്നു മാത്രമല്ല, ഈ വലിയ ജയിലില്‍നിന്നുതന്നെ. ആ രക്ഷപ്പെടല്‍വേളയിലും ഗോര്‍ക്കിയുടെ ''അമ്മ'യെ ആ നെഞ്ചോടുചേര്‍ത്തുപിടിച്ചിരുന്നു.

പുതുപ്പള്ളി രാഘവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും വിപ്ലവകാരിയും ആയിരുന്നതിനാല്‍ ഈ ആഖ്യാനത്തില്‍ ആത്മപരതയും വൈകാരികതയും കൂടുതല്‍ ചേര്‍ന്നതായി തോന്നിയേക്കാം. എന്നാലും നമുക്ക് അപരിചിതമായ, നേരിട്ടറിവില്ലാത്ത ഒരു കാലത്തേയും അതിനെ ത്വരിപ്പിച്ച പുസ്തകത്തെയും കുറിച്ചുള്ള ഈ അറിവുപോലും ഒരു വേള, വര്‍ത്തമാനകാലത്തിന്റെ ശീലങ്ങള്‍ക്ക് അത്രപൊരുത്തപ്പെട്ടു പോകുന്നത് ആവണമെന്നില്ല. നമ്മുടെ ചിന്തയെ പ്രകോപിപ്പിക്കുന്നതും ആകണമെന്നില്ല. ഭാസിയും ശൂരനാട് കലാപം പോലുള്ളവയുമൊക്കെ, നമ്മുടെ സാംസ്‌കാരികാവബോധത്തില്‍ എത്രമാത്രം ശേഷിക്കുന്നുവെന്നതാണ് അടിസ്ഥാന പ്രശ്‌നം. കലാപ മാര്‍ഗ്ഗങ്ങളോടുള്ള ഭിന്നത, അതിന്റെ പ്രസക്തിയെ കുറിച്ചുള്ള പലതരത്തിലുള്ള വിചാരങ്ങളും ചിന്തകളും ഒക്കെ, കാലവട്ടങ്ങളിലൂടെ നമ്മളിലേക്ക് എത്തിയിട്ടുമുണ്ട്. ഇത്തരം സമരമാര്‍ഗ്ഗങ്ങള്‍ വര്‍ത്തമാനകാല സാമൂഹ്യ സാഹചര്യങ്ങളില്‍ പ്രസക്തമല്ലാതായി തീര്‍ന്നിട്ടുണ്ടെങ്കിലും നാം കടന്ന ദുര്‍ഘടവഴികളെക്കുറിച്ചും ക്ലേശസഞ്ചാരങ്ങളെ കുറിച്ചും സഞ്ചയിക്കപ്പെടുന്ന ഓര്‍മ്മകളുടെ മൂല്യം മറ്റൊന്നാണ്. വിപ്ലവത്തിന്റെ നേരവകാശികള്‍ എന്നു പറഞ്ഞുനടക്കുന്നവര്‍ പോലും ഇതൊക്കെ വേണ്ടവണ്ണം മനസ്സിലാക്കിയിട്ടുണ്ടോയെന്ന് അറിയില്ല. വാര്‍ഷിക വേളയിലും തെരഞ്ഞെടുപ്പു കാലത്തും മറ്റും ഒരു പക്ഷെ, ആചാരം എന്ന കണക്കെ ഭാസിയെപ്പോലുള്ളവരെയൊക്കെ ഒന്നു ഓര്‍മ്മിച്ചുവെന്നുവരാം.അതിനപ്പുറമെന്ത്?

അതിലേറെ, ഇക്കാലത്തെ വിപ്ലവപ്രസ്ഥാനക്കാരില്‍ എത്രപേര്‍ മാക്‌സിംഗോര്‍ക്കിയെ വായിച്ചിട്ടുണ്ടാകും? റഷ്യന്‍ വിപ്ലവത്തിന് അടിത്തറയിട്ട പുസ്തകമെന്നാണ് 'അമ്മ'യെ കണക്കാക്കുന്നത്. ആ പുസ്തകത്തിന്റെ സാഹിത്യ മൂല്യത്തെ കുറിച്ച് ഭിന്നാഭിപ്രായമുള്ളവരെ ഈ ലേഖകന്‍ കണ്ടിട്ടുണ്ട്. നിയോമാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രജ്ഞരില്‍ പോലും ഇത്തരം സാഹിത്യത്തെ കുറിച്ച് ഭിന്നചിന്തകള്‍ കാണുന്നു. പക്ഷെ, അതല്ല, ഇന്‍ക്വിലാബ് സാഹിത്യമല്ല, ഇവിടത്തെ പരിഗണനാവിഷയം. മരണത്തിലേക്ക് കടന്നുപോകുന്ന ഒരുവന്‍, ഒരു പുസ്തകത്തെ നെഞ്ചോട് ചേര്‍ക്കുകയും അതില്‍ തന്നേയും തന്റെ പീഢിത സമൂഹത്തേയും കണ്ണാടിയിലെന്നപോലെ കാണുകയും ചെയ്യുകയെന്നത്....നമ്മുടെ കാലം നോക്കാന്‍ ഇഷ്ടം കാണിക്കാത്ത രസം പകര്‍ന്നു പിഞ്ഞിയ ആ പഴയ കണ്ണാടിയിലേക്ക് ഒന്നുനോക്കി എന്നുമാത്രം. ഒരു സാംസ്‌ക്കാരിക കൗതുകം.

(അവലംബം പുതുപ്പള്ളി രാഘവന്റെ വിപ്ലവ സ്മരണകളും കണ്ണീരിന്റേയും ചോരയുടേയും കഥകളും അടക്കമുള്ള രചനകള്‍)


Next Story

Related Stories