TopTop
Begin typing your search above and press return to search.

''കാറില്‍ തന്നെ കൊണ്ടുപോകണം. ബസ്സിലാവരുത്'' കമ്യൂണിസ്റ്റ് തടവുകാരന്റെ ലോക്കപ്പുമാറ്റ ഉത്തരവില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി എഴുതിയത്

കാറില്‍ തന്നെ കൊണ്ടുപോകണം. ബസ്സിലാവരുത് കമ്യൂണിസ്റ്റ് തടവുകാരന്റെ ലോക്കപ്പുമാറ്റ ഉത്തരവില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി എഴുതിയത്

രാഷ്ട്രീയ എതിരാളികളെ ജയിലടയ്ക്കാന്‍ മത്സരിക്കുന്ന വര്‍ത്തമാന കാല രാഷ്ട്രീയക്കാര്‍ക്ക് ഓര്‍മ്മിക്കാന്‍ ഒരു മുഖ്യമന്ത്രി

പുജപ്പുര സെന്‍ട്രല്‍ ജയിലിലെ ആശുപത്രി സെല്ലിനു മുന്നിലൂടെ നടന്നുപോകുന്ന ഒരു മുഖ്യമന്ത്രി. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് താനും അന്തേവാസിയായിരുന്ന ആ ജയില്‍ മുറിയിലേക്ക് കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി തെല്ല് ഔത്സുക്യത്തോടെ നോക്കി. പകല്‍ സമയമായിരുന്നതിനാല്‍ സെല്ല് പൂട്ടിയിട്ടുണ്ടായിരുന്നില്ല. ആരാണ് ആ മുറിയിലെന്ന് മുഖ്യമന്ത്രി ഒപ്പമുണ്ടായിരുന്ന ഐജിയോട് ആരാഞ്ഞു. തടവുകാരനായ വിപ്ലവകാരിയുടെ പേര് ഐജി പറഞ്ഞു.

അതു കേള്‍ക്കേണ്ട താമസം മുഖ്യമന്ത്രി മുറിയ്ക്കകത്തേയ്ക്കു കയറി. ഇതേ മുറിയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇപ്പോള്‍ തടവില്‍ കഴിയുന്ന വിപ്ലവകാരിയും മുഖ്യമന്ത്രിയും സഹതടവുകാരായിരുന്നു. വിപ്ലവകാരിയാവട്ടെ ക്ഷയരോഗ ബാധിതന്‍. നാഗര്‍കോവിലിലെ ക്ഷയഗോരാശുപത്രിയിലേക്ക് അയക്കുന്നതിനിടെയുള്ള ഇടത്താവളമായിട്ടാണ് പൂജപ്പുരയില്‍ എത്തിയത്. ട്രാന്‍സിറ്റ് തടവ്. രോഗക്ഷീണത്താല്‍ ഉറങ്ങിപ്പോയ വിപ്ലവകാരി മുറിയ്ക്കകത്തെ കാലനക്കങ്ങള്‍ കേട്ടു ഞെട്ടിയുണര്‍ന്നു. ''കേശവേട്ടാ'' എല്ലാം മറന്നു വിപ്ലവകാരി വിളിച്ചു. സി. കേശവന്‍ എന്ന കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രിയും പുതുപ്പള്ളി രാഘവന്‍ എന്ന കമ്യൂണിസ്റ്റുകാരനും. അപ്രതീക്ഷിത സമാഗമം.

സി. കേശവനും എം.എന്‍. ഗോവിന്ദന്‍ നായരും പുതുപ്പള്ളി രാഘവനും ഒക്കെ സഹതടവുകാരായി കഴിഞ്ഞ ജയില്‍ മുറി. ആ ചുമരുകള്‍ എത്രകേട്ടതാണവരുടെ അന്തമില്ലാത്ത സംസാരങ്ങള്‍. അതേ ജയില്‍ മുറിയില്‍ ഇപ്പോഴിതാ ഒരു അപ്രതീക്ഷിത സമാഗമം. ഈ ജയില്‍ ചത്വരത്തില്‍'' എടാ നിനക്കൊക്കെ സുഖമാണോ? എങ്ങനെ കഴിയുന്നു? എന്ന ചോദ്യവുമായി നിരന്തരം കയറിവരാറുള്ളയാള്‍ മുഖ്യമന്ത്രിയായി മുന്നില്‍ നില്‍ക്കുന്നു.

ക്ഷയരോഗാശുപത്രിയിലേക്കുള്ള യാത്രാമധ്യേ എത്തിയതാണെന്നു കേട്ടപ്പോള്‍ സി.കേശവന്‍ എന്ന സ്നേഹധനനായ മനുഷ്യന്റെ മുഖത്ത് കരിനിഴല്‍ പരക്കുന്നത് പുതുപ്പള്ളി രാഘവന്‍ കണ്ടു. ആശുപത്രിയിലേക്ക് അയക്കുന്നതിനുള്ള റിപ്പോര്‍ട്ടും ഡോക്ടര്‍മാര്‍ പരിശോധിച്ചതിന്റെ വിശദാംശങ്ങളും ജയില്‍ മുറിയില്‍ നിന്നുകൊണ്ടുതന്നെ അദ്ദേഹം വരുത്തിച്ചു. ജയില്‍ ഐജി കര്‍ത്താവ് അവ ഒന്നൊന്നായി മുഖ്യമന്ത്രിക്ക് കാണിച്ചു കൊടുത്തു.'' രാഘവനെ എന്തുകൊണ്ട് ഇതുവരെ ക്ഷയരോഗാശുപത്രിയില്‍ അയച്ചില്ല? ഒരാഴ്ചയിലധികമായല്ലോ ക്ഷയരോഗാശുപത്രിയിലേക്ക് അയക്കണമെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ട്? '' അദ്ദേഹം ചോദിച്ചു.

''എഴുത്തുകുത്തുകള്‍ ശരിയാക്കണം. ഉടനെ അയയ്ക്കാം'' ഐജി ഒരു വിധത്തില്‍ തട്ടിമൂളിച്ചു.

''നാളെ രാവിലെ നാഗര്‍കോവിലിലെ ടി.ബി. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് വിവരം റിപ്പോര്‍ട്ട് ചെയ്യുക.'' ജയില്‍ ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിയില്‍ മുഖ്യമന്ത്രി എഴുതി ഒപ്പുവെച്ചു. മുഖ്യമന്ത്രി യാത്രപറഞ്ഞു ലോക്കപ്പിനു പുറത്തേക്ക് ഇറങ്ങി. പെട്ടന്ന് അദ്ദേഹം താന്‍ ഉത്തരവെഴുതിയ ഫയല്‍ തിരികെ വാങ്ങിച്ചു. എന്നിട്ട് ഒരു വാചകം കൂടി അതില്‍ കൂട്ടിച്ചേര്‍ത്തു. ''കാറില്‍ തന്നെ കൊണ്ടുപോകണം. ബസ്സിലാവരുത്.'' എക്സറേ റിപ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഗുരുതരാവസ്ഥ മനസ്സിലാക്കിയതുകൊണ്ടാവണം അതുകൂടി സി. കേശവന്‍ എഴുതിച്ചേര്‍ത്തത്.

ജയില്‍ ആശുപത്രിയുടെ കവാടം വരെ പുതുപ്പള്ളി രാഘവനും മുഖ്യമന്ത്രിയെ അനുഗമിച്ചു. അവിടെവച്ച് യാത്രപറയവെ സി. കേശവന്‍ പറഞ്ഞു. ''വേണ്ടവിധമെല്ലാം ചികിത്സ സൗകര്യപ്പെടുത്താന്‍ ഞാന്‍ ഡോ. കൊച്ചുരാമന്‍ പിള്ളയെ ഏര്‍പ്പാടുചെയ്യാം. ആ എംഎന്റെ പിറകെ പൊയ്ക്കളയരുത്.'' അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആശുപത്രിയില്‍ ഇതുപോലെ ചികിത്സയ്ക്കായി എത്തിച്ചപ്പോള്‍ അവിടെ നിന്നും രക്ഷപ്പെട്ട എംഎന്‍ ഗോവിന്ദന്‍ നായരുടെ കാര്യമാണ് സി. കേശവന്‍ ഓര്‍മ്മിപ്പിച്ചത്.

ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി അവര്‍ക്കെതിരെ കടുത്ത രാഷ്ട്രീയ നിലപാടുകളെടുക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനുവേണ്ടി ഇത്തരം ഒരു നടപടി സ്വീകരിയ്ക്കുക ഏതുകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തന രീതി വെച്ച് നോക്കിയാല്‍പോലും അചിന്ത്യം. ഇപ്പോഴത്തെ നിലയിലാണെങ്കില്‍ പറയാനും ഇല്ല. പക്ഷെ അക്കാലത്തെ രാഷ്ട്രീയവും മൂല്യപദ്ധതികളും വ്യത്യസ്തമായിരുന്നു. 1951 ഓഗസ്റ്റ് 13ന് ആലപ്പുഴ കോസ്റ്റല്‍ ടാക്കീസില്‍ വെച്ച് തൊഴിലാളി നേതാക്കളുടേയും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും യോഗം ചേര്‍ന്നത് സര്‍ക്കാരിനേയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും വല്ലാതെ വേവലാതിപ്പെടുത്തിയിരുന്നു. ടി.വി. തോമസ്. ആര്‍. സുഗതന്‍, കെ.ആര്‍. ഗൗരിയമ്മ തുടങ്ങിയവരെ തടങ്കല്‍ നിയമമനുസരിച്ച് സമ്മേളന സ്ഥലത്തുവച്ചുതന്നെ അറസ്റ്റ് ചെയ്തുപൂജപ്പുര ജയിലില്‍ എത്തിച്ചിരുന്നു. തടങ്കല്‍ നിയമനുസരിച്ചുള്ള സൗകര്യങ്ങളൊന്നും ജയിലില്‍ ഏര്‍പ്പെടുത്തുന്നില്ലെന്ന കാരണത്താല്‍ അവര്‍ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു.

സമരം മൂന്നാം നാളിലേക്ക് കടന്ന വേളയിലാണ് മുഖ്യമന്ത്രി സി. കേശവന്റെ ജയിലില്‍ നേരിട്ടെത്തി സമരക്കാരുമായി സംസാരിച്ചത്. ജയില്‍ ഐജി കര്‍ത്താവ് പല തടസവാദങ്ങളും നിരത്തിയെങ്കിലും കരുതല്‍ തടവ് നിയമം അനുശാസിക്കുന്ന എല്ലാ സൗകര്യങ്ങളും തടവുകാര്‍ക്ക് ഏര്‍പ്പെടുത്തികൊടുക്കണമെന്ന ഉത്തരവ് സംഭവസ്ഥലത്ത് വെച്ചു തന്നെ പുറപ്പെടുവിച്ചശേഷം മടങ്ങവെയാണ് അദ്ദേഹം ജയിലാശുപത്രിക്കു മുന്നിലെത്തിയതും അവിടെ ലോക്കപ്പില്‍ കഴിയുന്ന പുതുപ്പള്ളി രാഘവനെ ആകസ്മികമായി കാണാന്‍ ഇടവന്നതും.


(പുതുപ്പള്ളി രാഘവന്‍)

സ്വാതന്ത്രാനന്തര കാലം. കേരള സംസ്ഥാനം രൂപം കൊണ്ടിട്ടില്ല. പല വിധകാരണങ്ങളാല്‍ പ്രക്ഷുബ്ദ്ധമായിരുന്നു 40കളുടെ അപരാഹ്നവും 1950 കളുടെ പൂര്‍വാഹ്നവും. '' ജയിലില്‍ മുഖ്യമന്ത്രി ടി.കെ. നാരായണപിള്ളയുടെ പേപ്പട്ടികള്‍ കടിച്ചും മഞ്ഞപ്പിത്തം പിടിച്ചും കമ്യൂണിസ്റ്റുകാര്‍ മരിച്ചുവീണ'' കാലമെന്ന് പുതുപ്പള്ളി രാഘവന്‍ തന്നെ പില്‍ക്കാലത്ത് എഴുതിയ കാലഘട്ടം. ശൂരനാട് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അദ്ദേഹം കായംകുളം പോലീസ് സ്റ്റേഷനിലും സബ് ജെയിലിലും ഒക്കെ കഴിഞ്ഞതിനുശേഷം ഏറെ പീഢനങ്ങള്‍ക്കു വിധേയനായിട്ടാണ് പൂജപ്പുരയില്‍ എത്തിയത്.

മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അടുത്തദിവസം രാവിലെ അല്‍പം ഗമയില്‍ത്തന്നെ നാഗര്‍കോവില്‍ കഴുകന്‍തിട്ടയിലുള്ള ക്ഷയരോഗാശുപത്രിയിലേക്ക് പുതുപ്പള്ളി യാത്രയായി. വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറും സ്റ്റെന്‍ഗണ്‍ ധാരിയായ ഒരു റിസര്‍വ് സബ് ഇന്‍സ്പെക്ടറും രണ്ടു തോക്കുധാരികളായ റിസര്‍വ് പോലീസുകാരുമാണ് കാറുമായെത്തി രാഘവനെ കൂട്ടിക്കൊണ്ടുപോയത്. ഇടയ്ക്കുനിന്നും നാഗര്‍കോവില്‍ എഎസ്പിയും സംഘത്തില്‍ ചേര്‍ന്നു. ഇടലാക്കുടി പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു കഴുകന്‍ തിട്ട പ്രദേശം നിലകൊണ്ടിരുന്നത്. അവിടത്തെ ഇന്‍സ്പെക്ടറേയും കൂട്ടിയാണ് ക്ഷയരോഗാശുപത്രിയില്‍ എത്തിയത്. എം.എന്‍. ഗോവിന്ദന്‍ നായര്‍ ചാടിപ്പോയശേഷം അവിടത്തെ സുരക്ഷ സൗകര്യങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു.

പുതുപ്പള്ളിയെ കൊണ്ടുവരുന്ന കാര്യം ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കൊച്ചുരാമന്‍ പിള്ളയെ മുഖ്യമന്ത്രി നേരിട്ട് തന്നെ വിളിച്ചുപറഞ്ഞിരുന്നു. അതിന്റെ പരിഗണന അദ്ദേഹത്തിനവിടെ ലഭിക്കുകയും ചെയ്തു. നാലു ലോക്കപ്പ് മുറികളുള്ള സബ് ജയിലായിരുന്നു ആശുപത്രി. ഓരോ മുറിയിലും നാലും അഞ്ചു കട്ടിലുകള്‍ ഇടാം. അതിലൊരു മുറി പുതുപ്പള്ളിയ്ക്കു മാത്രമായി ഒഴിച്ചിട്ടു. കട്ടിലും മെത്തയും വിരിപ്പും ഒക്കെ പുതിയവ. ദീര്‍ഘകാലം തടവില്‍ കഴിഞ്ഞിട്ടുള്ള പുതുപ്പള്ളി രാഘവന് ഒട്ടേറെ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു ആ ആശുപത്രിവാസമെന്ന് അദ്ദേഹം പില്‍ക്കാലത്ത് എഴുതിയിട്ടുണ്ട്.

1910 ജനുവരി 10ന് കാര്‍ത്തികപ്പള്ളി താലൂക്കില്‍ ജനിച്ച പുതുപ്പള്ളി രാഘവന്റെ ജന്മദിനമാണിന്ന്. കേശവേട്ടന്‍ എന്നു പുതുപ്പള്ളി പരാമര്‍ശിക്കുന്ന സി. കേശവന്‍ എന്ന മുഖ്യമന്ത്രിയെ കുറിച്ച് തന്റെ ആത്മകഥയില്‍ ജയില്‍ അനുഭവങ്ങളെ കുറിച്ച് വിശദീകരിക്കുന്ന വേളയില്‍ എഴുതുന്നു: ''മനുഷ്യസ്നേഹിയായ, അത്രയ്ക്കാര്‍ഭാടമൊന്നും ആവശ്യമില്ലാത്ത ഒരു മുഖ്യമന്ത്രിയും നമുക്കന്നുണ്ടായിരുന്നു.'' ഓരോ കാലവും അതിന്റെ കൈയൊപ്പിടുന്നത് ഇത്തരം നിസ്വന്മാരിലൂടെയാകണം.


Next Story

Related Stories