TopTop
Begin typing your search above and press return to search.

മരണത്തിന്റെ രുചികള്‍; അഥവാ ആത്മഹത്യയാല്‍ പവിത്രീകരിക്കപ്പെട്ട ജീവിതം -നന്തനാരെ ഓര്‍മ്മിക്കുമ്പോള്‍

മരണത്തിന്റെ രുചികള്‍; അഥവാ ആത്മഹത്യയാല്‍ പവിത്രീകരിക്കപ്പെട്ട ജീവിതം -നന്തനാരെ ഓര്‍മ്മിക്കുമ്പോള്‍

''ജീവിതം അനിശ്ചിതത്വമാണെങ്കില്‍ മരണം എന്താണ്? എന്നാണു മരണം? ശാശ്വത സത്യമോ? ഈ ജന്രപവാഹത്തില്‍ ജീവിതം വെറുക്കുന്നവര്‍. മരണത്തെ സ്‌നേഹിക്കുന്നവര്‍,ആത്മഹത്യ

ചെയ്യാന്‍ ധൈര്യമില്ലാത്തവര്‍ അങ്ങനെ എല്ലാ വിഭാഗത്തിലുംപെട്ടവര്‍ കാണില്ലേ? ജീവിതത്തിന്റെ ദൈര്‍ഘ്യം വെറും മണിക്കൂറുകളില്‍ ഒതുങ്ങി നില്‍ക്കുന്നുവെന്ന ബോധമുള്ളവര്‍ കാണില്ലേ?'' നന്തനാര്‍ എന്ന പി.സി. ഗോപാലന്‍ അവസാന നാളുകളില്‍ എഴുതിയ കഥയിലെ വരികളാണിത്. 'ജീവിതം അവസാനിക്കുന്നില്ല' എന്ന കഥയിലേത്. ആത്മഹത്യയായിരുന്നു പ്രതിപാദ്യം. നന്തനാരുടെ ഇഷ്ടവിഭവമായിരുന്നു വിശപ്പും മരണവും. അദ്ദേഹത്തിന്റെ രചനകളിലെ ഗൈഡിംഗ് മോട്ടിഫ്. തന്റെ പല കഥാപാത്രങ്ങളേയും പോലെ നന്തനാരും ജീവിതത്തെ മരണം കൊണ്ടു നിര്‍വചിക്കുകയായിരുന്നു.

1974 ജനുവരിയിലെ ഒരു തണുത്ത പ്രഭാതത്തില്‍. പാലക്കാട്ടെ ഒരു ഹോട്ടല്‍ മുറിയില്‍ നന്തനാര്‍ ആത്മഹത്യ ചെയ്തു. മരണത്തിന് നാലു ദിവസങ്ങള്‍ മുന്‍പും പ്രീയസുഹൃത്തും എഴുത്തുകാരനുമായ ശത്രുഘ്നനെ അങ്ങാടിപ്പുറത്തെ സ്വന്തം വീട്ടിലേക്ക് നന്തനാര്‍ ക്ഷണിച്ചു. 'ജീവിതം അവസാനിക്കുന്നില്ല' എന്ന കഥയെ കുറിച്ചവര്‍ വീടിന്റെ മുകള്‍ നിലയിലിരുന്ന് ദീര്‍ഘമായി സംസാരിച്ചു. ഉച്ചയൂണും കഴിച്ചു പാലക്കാട്ടേയ്ക്കു മടങ്ങാന്‍ നിന്ന ശത്രുഘ്നനൊപ്പം നന്തനാര്‍ റെയില്‍വെ ഗേറ്റിനടുത്തുള്ള ബസ് സ്റ്റോപ്പുവരെ കൂടെപ്പോയി. അപ്പോഴും പിസി എന്നു ചങ്ങാതിമാര്‍ വിളയ്ക്കാറുള്ള നന്തനാര്‍ ആത്മഹത്യയെ കുറിച്ചുതന്നെ സംസാരിച്ചുകൊണ്ടേയിരുന്നു. നാലു ദിവസങ്ങള്‍ക്കുശേഷം പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നന്തനാരുടെ മൃതശരീരം തിരിച്ചറിയേണ്ട ഗതിയും ശത്രുഘ്നന് വന്നുപെട്ടു. മരിച്ചു കിടക്കുന്നതു കാണാനാകാത്ത ശത്രുഘ്നന്‍ പോലീസ് കാണിച്ചുകൊടുത്ത വാച്ചും കണ്ണടയും ബാഗും കണ്ടായിരുന്നു തിരിച്ചറിഞ്ഞത്.

മനസ്സുകൊണ്ടു തന്റെ വഴി ഏതെന്ന് നന്തനാര്‍ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരിക്കണം. സ്വയം നിശ്ചിതമായ മരണത്തിലേക്ക് അടുക്കുന്ന ദോലനങ്ങളായിരുന്നു ആ ജീവിതത്തിന്റെ കാലടികള്‍. പലരും പറഞ്ഞുപഴകി അര്‍ത്ഥം പടര്‍ന്ന പ്രയോഗമുണ്ടല്ലോ, ആത്മാന്വേഷണത്തിന്റെ അശാന്തയാത്ര. എല്ലാ അര്‍ത്ഥത്തിലും തീര്‍ത്തും അശാന്തമായിരുന്നു ആ ജീവിതയാത്ര. ആലങ്കോട് ലീലാകൃഷ്ണന്‍ ഒരിയ്ക്കല്‍ എഴുതി:

'' ഓരോ യാത്രയും വിശപ്പില്‍ ചെന്നൊടുങ്ങുകയാണ്. ഓരോ വിശപ്പും മരണമായി തീരുകയും ചെയ്യുന്നു.'' നന്തനാരുടെ ജീവതത്തേയും രചനകളേയും ചൂഴ്ന്നുനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണിത്. തീര്‍ത്തും ഒറ്റപ്പെട്ടവന്റെ ജീവിതം. സ്വയം മരണം വരിച്ച കഥാപാത്രങ്ങളെ സൃഷ്ടിക്കുക വഴി മരണത്തിന്റെ പലവിധ രുചികളെ അദ്ദേഹത്തിന്റെ രസനകള്‍ തിരിച്ചറിയുകയായിരുന്നു. ഒടുവില്‍ ഏറ്റവും ആസ്വാദ്യമെന്ന് കരുതിയ വഴിയില്‍ അദ്ദേഹം മറ്റൊരു ദിശയിലേക്ക് യാത്ര തരിച്ചു.

ബന്ധുക്കള്‍ക്കും ബന്ധങ്ങള്‍ക്കുമെല്ലാമിടയില്‍ താന്‍ ഏകനും നിസ്വനുമാണെന്ന ബോധത്തോടെ ആത്മഹത്യയ്ക്കൊരുങ്ങിയ ഒരാളുടെ അവസാന നിമിഷങ്ങളിലെ അന്തസഞ്ചാരങ്ങളാണ് 'ജീവിതം അവസാനിക്കുന്നില്ല' എന്ന കഥയുടെ പ്രമേയം. മരിച്ചു തീര്‍ക്കുന്ന തീരാത്ത വിശപ്പുകള്‍ അശിച്ചു നിന്ന ജീവിതത്തെ നോക്കി അദ്ദേഹം എഴുതി.'' മരണത്തെ സ്നേഹിച്ചുകൊണ്ടു ജീവിക്കുക! ജീവിതത്തെ വെറുത്തുകൊണ്ടു ജീവിക്കുക.'' ശരീരവും മനസ്സും മരവിച്ചുപോകവെ അന്തമില്ലാത്ത ഈ വിശപ്പും പേറിയുള്ള യാത്രയാണ് നന്തനാരുടെ രചനാലോകം. മരണത്തെ കുറിച്ച് ചിന്തിച്ചും എഴുതിയും ഒടുവില്‍ അദ്ദേഹം സ്വയം അതിനു കീഴ്പ്പെട്ടു.

കടുത്ത ജീവിത കാമനകള്‍. വലയം ചെയ്തു നില്‍ക്കുന്ന പട്ടിണിയും വറുതിയും. നിഷ്ഠൂരമായ അവഗണന. വിട്ടുമാറാത്ത രോഗപീഢകള്‍, അനാഥത്വം. ഇത്തരത്തില്‍ മനുഷ്യാവസ്ഥയുടെ അത്യന്തം വിഷമതകള്‍ നിറഞ്ഞ വഴികളിലൂടെ കടന്നുപോകുന്നവരാണ് നന്തനാരുടെ കഥാപാത്രങ്ങള്‍. അവര്‍ നമ്മെ എല്ലാവരേയും പോലെ തന്നെയാണ്. ഒരേ സമയം നിത്യ വിഷാദികളും നിത്യപ്രസാദവാന്മാരും. പലപ്പോഴും ഒരു താരകയെ കണ്ട് രാവു മറക്കാന്‍ അവരില്‍ പലരും ശ്രമിക്കുന്നു. ''ശരീരത്തിനും മനസ്സിനും പഥ്യമായ ഭക്ഷണം ലഭിക്കുമ്പോള്‍ മരണത്തെതന്നെ

മറന്നുപോവുന്ന പാവം ജീവിതയാത്രികര്‍.'' പക്ഷെ വിപരീത കാലങ്ങളില്‍ അവര്‍ അതിശക്തമായി നിഷേധ ചിന്തകളിലേക്ക് കൂപ്പുകുത്തുന്നു. കഥ, നോവല്‍, ബാലസാഹിത്യം, നാടകം എന്നി ശ്രേണികളിലായി 85 ഓളം രചനകള്‍ നന്തനാരുടേതായിട്ടുണ്ട്.

പട്ടാളക്കഥകളും നോവുന്ന കഥകളും ഏറെ എഴുതിയിട്ടുള്ള നന്തനാര്‍ 'ഉണ്ണിക്കുട്ടന്റെ ലോകം' പോലെ അതിമനോഹരങ്ങളായ ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്.


''ഒരു സ്വപ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടന്‍ രാവിലെ ഉറക്കമുണര്‍ന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു. അവന്റെ കൊച്ചു ഹൃദയം അവന്‍ കണ്ട സ്വപ്ന ലോകത്തില്‍ത്തന്നെ തങ്ങിനില്‍ക്കുകയാണ്. എന്തായിരുന്നു അവന്‍ കണ്ട സ്വപ്നം? കട്ടിയുള്ള ഇളം നീലതുണി കൊണ്ടുണ്ടാക്കിയ ചെറിയൊരു കൂടാരം; മെയിന്‍ റോഡില്‍ നിന്ന് കൂടാരത്തിലേക്കു പോകാനുള്ള വഴിയുടെ ഇരുഭാഗവും കുല വാഴകള്‍ കൊണ്ടും വര്‍ണക്കടലാസുമാലകള്‍ കൊണ്ടും കമനീയമായി അലങ്കരിച്ചിട്ടുണ്ട്. കുടാരത്തിന്നകത്ത് മഞ്ഞവെളിച്ചം ചൊരിഞ്ഞുകൊണ്ട് കത്തുന്ന വൈദ്യുതവിളക്കുകളേയും ബലുണുകളെയും തൊട്ടുരുമ്മിക്കൊണ്ട് ഇഴഞ്ഞുനീങ്ങുന്ന വര്‍ണക്കടലാസുമാലകള്‍ക്കിടയില്‍, അവിടവിടെ യായി പച്ചീര്‍ക്കിലികളുടെ തലപ്പത്തു കുത്തിനിര്‍ത്തിയ പഴുക്കടയ്ക്കകളുണ്ട്. ദൂരത്തുനിന്നു നോക്കുമ്പോള്‍ പഴുക്കടയ്ക്കകള്‍ ചെറിയ സിന്ദുരച്ചെപ്പുകളാണെന്നാണു തോന്നുക.''

എത്രമനോഹരമാണ് ആഖ്യാനമെന്ന് നോക്കുക. ഒരു സ്വപ്നം കണ്ടുകൊണ്ട് ഉണരുന്ന ഉണ്ണിക്കുട്ടന്‍ കഴുത്തില്‍ കുടമണികെട്ടിത്തുള്ളിക്കുന്ന ആട്ടിന്‍കുട്ടിയും, മുല കുടിക്കുന്ന കുഞ്ഞും പുലരിത്തുടിപ്പും... അവന്റെ ഒരു ദിവസത്തെ നിറമുള്ളതാക്കുന്നു. ചെടികളും തൊടികളും വേട്ടാളന്‍ കൂടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും തിണ്ടിന്‍മേലിരുന്ന് എത്തിനോക്കുന്ന ഓന്തും വേലികടന്നെത്തുന്ന ചൊക്ലിപ്പട്ടിയും ഉണ്ണിക്കുട്ടന്റെ ലോകത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ' ഉണ്ണിക്കുട്ടന്റെ ഒരു ദിവസം', ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍', 'ഉണ്ണിക്കുട്ടന്‍ വളരുന്നു' എന്നി മൂന്നു കൃതികളുടെ സമാഹാരമാണ് 'ഉണ്ണിക്കുട്ടന്റെ ലോകം' എന്ന പുസ്തകം.

വളരെ സംഘര്‍ഷ ഭരിതവും കഷ്ടതകള്‍ നിറഞ്ഞതുമായിരുന്നു പില്ക്കാലത്ത് നന്തനാരായി തീര്‍ന്ന പി.സി ഗോപാലന്റെ ജീവിതം. 1926 ല്‍ മലപ്പുറം അങ്ങാടിപ്പുറത്ത് ചൂരപ്പറമ്പില്‍ പരമേശ്വരന്റേയും നാണിക്കുട്ടി അമ്മയുടേയും മകനായി ജനിച്ചു. വീട്ടില്‍ മുഴുപ്പട്ടിണിയായിരുന്നു. കഷ്ടതകള്‍ കൊണ്ടു അഞ്ചാം ക്ലാസില്‍ വെച്ച് പഠിപ്പ് അവസാനിപ്പിക്കേണ്ടിവന്നു. '' എന്തൊരു വിശപ്പാണ്! ഇന്ന് അന്നത്തിന്റെ വെള്ളം പോലും കണ്ടിട്ടില്ല. ഇന്നലെ വല്ലതും കഴിച്ചുവോ? ഓര്‍ക്കുന്നില്ല. മുഴുപ്പട്ടിണിയും അരപ്പട്ടിണിയുമായി ദിവസങ്ങള്‍ നീങ്ങുമ്പോള്‍ എന്ന്, എപ്പോള്‍, എന്തുകഴിച്ചുവെന്ന് ഓര്‍ക്കാന്‍ വിഷമമാണ്. വയര്‍ കടയുന്നു. വിത്തും കാമ്പുമെല്ലാം തുരന്നെടുത്ത മത്തനെപ്പോലെയാണോ വയര്‍? '' നന്തനാര്‍ തന്റെ ജീവിതം എഴുതുകയാണ്.

ദാരിദ്ര്യത്തില്‍ നിന്നും കഷ്ടകളില്‍ നിന്നും രക്ഷപ്പെടാനായി പട്ടാളത്തില്‍ ചേര്‍ന്നു. 1942ല്‍, പതിനാറാം വയസ്സില്‍. പുതുമണ്ണിന്റെ വാസനയും മഴക്കാഴ്ചകളും ഒക്കെ ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ പക്ഷെ കാഴ്ചയില്‍ തെല്ല് പരുക്കനെന്ന് തോന്നിപ്പിച്ചിരുന്നു. കഠിനങ്ങളായ ജിവതാനുഭവങ്ങളാവാം ആ ഭാവം അദ്ദേഹത്തിന് നല്‍കിയത്. പക്ഷെ അത്യന്ത ലോലമായ മനസ്സായിരുന്നു നന്തനാരുടേത്. കോവിലനും പാറപ്പുറത്തും ഇടശ്ശേരിയും ഒക്കെയായി അടുത്ത സൗഹൃദങ്ങള്‍ പുലര്‍ത്തിയിരുന്നുവെങ്കിലും കൂടുതല്‍ അന്തര്‍മുഖനായ അദ്ദേഹത്തിന് വിപുലമായ സുഹൃദ് ബന്ധം ഉണ്ടായിരുന്നില്ല.

നിരന്തരം ഉള്ളില്‍ കിന്നാരം പറഞ്ഞിരുന്ന തന്റെ സര്‍ഗവേളകളെ കുറിച്ച് നന്തനാര്‍ എഴുതുന്നത് ഇങ്ങനെ:

''നട്ടുച്ചനേരത്ത് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ വടക്കേ നടക്കരികിലൂടെ ഒഴുകുന്ന പുഴക്കരയിലെ പ്രശാന്തത നുകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ എന്റെ ഹൃദയതന്ത്രികളില്‍ അസ്പഷ്ടമധുരമായ ശബ്ദതരംഗങ്ങള്‍ അനുരണനം ചെയ്യുന്നതുപോലെ തോന്നിയിരുന്നു. വൈകുന്നേരത്തെ മഞ വെയില്‍ മാഞ്ഞുപോയി. സന്ധ്യാത്തുടിപ്പുകള്‍ പ്രപഞ്ചത്തെ വലയം ചെയ്യുന്നതും സന്ധ്യാത്തുടിപ്പുകളും മാഞ്ഞുപോയി പ്രപഞ്ചം നടുനിലാവില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്നതും...''

പതിഞ്ഞ ശബ്ദത്തില്‍ അളന്നു തൂക്കി സംസാരിക്കുന്ന, ഒറ്റയ്ക്കിരുന്നു മനോരാജ്യം കാണുന്ന, എല്ലാം കണക്കുകൂട്ടി ജീവിച്ച നന്തനാര്‍ മരണത്തെക്കുറിച്ചും കൃത്യമായി കണക്ക് കൂട്ടിയിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍.'' വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചുവന്ന് സുഖമായി കിടന്നുറങ്ങുക. ആ ഉറക്കത്തില്‍ നിന്നും പിന്നീടൊരുക്കലും ഉണരാതിരിക്കുക-അതാണെന്റെ മോഹം''

വിശപ്പും മരണവുമായിരുന്നു നന്തനാരുടെ ജീവിതത്തിന്റേയും എഴുത്തിന്റേയും അന്തര്‍ധാര. ഒരു വിശപ്പ് തീരുമ്പോള്‍ തലപൊക്കുന്ന മറ്റൊരു വിശപ്പ്. എഴുത്തിലും സ്വജീവിതത്തിലും മരണം തേടി നടന്ന പ്രതിഭ. ഒരനാഥ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ജീവിതത്തിലേക്ക് തിരിച്ചുവരുന്ന കഥാപാത്രത്തേയും സൃഷ്ടിച്ചു മരണത്താല്‍ നിര്‍വചിക്കപ്പെട്ട ഈ പ്രതിഭ- ഒരു വേള പ്രച്ഛന്നമാകാം പ്രത്യാശകളൊക്കേയുമെന്ന തിരിച്ചറിവോടെ തന്നെ.

അവലംബം;

1. നന്തനാര്‍-കെ.എസ്. വിജയനാഥ്, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം

2.ആത്മഹത്യ-ഷാനവാസ് എം.എ, എന്‍.പി സജീഷ്, പ്രണത ബുക്സ്, കൊച്ചി

3.നന്തനാരുടെ വിവിധ രചനകള്‍


Next Story

Related Stories