TopTop
Begin typing your search above and press return to search.

പുനലൂര്‍ ബാലന്‍: മിന്നിമുനിയുന്ന തീപ്പൊരി

പുനലൂര്‍ ബാലന്‍: മിന്നിമുനിയുന്ന തീപ്പൊരി

''ഏകാന്തസായാഹ്ന,

മിക്കടല്‍ത്തീരത്തു

ലോകാന്തരങ്ങള്‍

നോക്കി ഞാന്‍ നില്‍ക്കവെ,

കാലമൊഴുകി-

ത്തിമര്‍ക്കും തിരകളില്‍

ലോലകുമിളകള്‍

വീണുടഞ്ഞീടവെ,

പോയകാലത്തിന്‍

കളിത്തോണിയേറിയെ-

ന്നോര്‍മ്മതന്‍ തീരത്തു

വന്നുനിന്നാരൊരാള്‍''

കാലത്തിന്റെ, ഓര്‍മ്മയുടെ തീരത്ത് വന്നുനില്‍ക്കുന്നയൊരാള്‍. പുതുശ്ശേരി രാമചന്ദ്രന്‍' ഒരു സുഹൃത്ത് കവിയുടെ ഓര്‍മ്മയ്ക്ക്' എന്ന ശീര്‍ഷകത്തില്‍ എഴുതിയ കവിതയാണിത്. സഹോദര കവിയായ പുനലൂര്‍ ബാലനെ കുറിച്ച് എഴുതിയത്. പുതുശ്ശേരിയും ഓഎന്‍വിയും പി.ഭാസ്‌ക്കരനും വയലാര്‍ രാമവര്‍മ്മയും പുനലൂര്‍ ബാലനുമൊക്കെ മലയാളത്തിന്റെ ചുവപ്പു ദശകത്തില്‍ സഹോദര കവികളായിരുന്നു. പുനലൂര്‍ ബാലന്‍ ആ കൂട്ടത്തില്‍ ഏറ്റവും കുറച്ചുമാത്രം കൊണ്ടാടപ്പെട്ട എഴുത്തുകാരനായിരുന്നു.

അത്രമേല്‍ തീഷണ്മായ ഒരു കാലത്ത് സഹയാത്ര നടത്തുകയും ഓര്‍മ്മയില്‍ മിന്നിമുനിയുന്ന തീപ്പൊരിയായി തുടരുകയും ചെയ്യുന്ന ഒരാള്‍- 'ശോകച്ഛവി നിഴല്‍ വീഴ്ത്തും മലയാള കാവ്യരംഗത്തൊരു ശോണപ്രഭാതമായി' നിലകൊണ്ട എഴുത്തുകാരന്‍. പാര്‍ട്ടി രണ്ടായ നാളുകളില്‍ വാക്ശരമെത്രയോ തമ്മില്‍ തൊടുത്തെങ്കിലും അത്ര സുഹൃത്തുക്കളായിരുന്നവര്‍. അത്രമേല്‍ സ്നേഹിക്കയാല്‍, ലോകത്തെ, സഹജീവനത്തെ, സമൂഹത്തെ ഒക്കെ അഗാധാനുഭവങ്ങളിലേക്ക് ഊളിയിട്ടുപോവുകയും തീഷ്ണതീഷ്ണങ്ങളായി അതേക്കുറിച്ച് അന്വേഷിക്കുകയും യാത്രചെയ്യുകയും ഒക്കെ ചെയ്ത ഒരു എഴുത്തുകാരന്‍. പുനലൂര്‍ ബാലന്റെ ജന്മദിനമാണിന്ന്.

ബലിഷ്ഠങ്ങളായ കവനങ്ങളിലൂടെ മലയാള സാഹിത്യത്തില്‍ സ്വന്തം ഇടം പണിത ഒറ്റയാനായ എഴുത്തുകാരന്‍. മലയാള കവിതയുടെ ചുവപ്പ് ദശകങ്ങളുടെ ഭാസുരനക്ഷത്രം. നിസ്വരുടെ കോട്ടകളെ കുറിച്ച് പാടിയിരുന്ന ഈ കവിയുടെ രചനകള്‍ പച്ച മനുഷ്യരുടെ ജീവിതത്തിന്റെ ചൂരും ചൂടും ആവേശിച്ച് തീഷ്ണകാന്തിയാല്‍ തിളങ്ങിനില്‍ക്കുന്നു. താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ കുതിപ്പുകളും കിതപ്പുകളും ഉദ്വിഗ്‌നിതകളും അവയില്‍ അടരടരുകളായി കിടക്കുന്നു. സ്വന്തമായ കാഴ്ചപ്പാടും ഭാവനാവിലാസവും രചനാശൈലിയും സ്വായത്തമാക്കിയ പുനലൂര്‍ ബാലന്‍ മലയാള കവിതയില്‍ തനിക്കായി ഏകാന്തപീഠം നിശബ്ദം പണിയുകയും ചെയ്തു.

അമ്പതുകളില്‍ കെപിഎസിക്കുവേണ്ടി നാടകഗാനങ്ങള്‍ എഴുതിയിരുന്നു ശ്രദ്ധേയനായത്. ബാലന്റെ ആദ്യകാല കവിതകളില്‍ ചിലത് കൗമുദി വാരികയിലൂടെയാണ് പ്രകാശിതമായത്. 'തുടിക്കുന്ന താളുകള്‍' (1950) ആണ് ആദൃകവിതാസമാഹാരം. പിന്നീട് നീണ്ടകാലം എഴുത്തില്‍ സജീവമായിരുന്നില്ല. രാമന്‍ രാഘവന്‍ (1971), കോട്ടയിലെ പാട്ട് (1973) മൃതസഞ്ജീവനി (1976), അരം (1980), 'പുനലുര്‍ ബാലന്റെ കവിതകള്‍. (1988) എന്നിവയാണ് പില്‍ക്കാല കവിതാ സമാഹാരങ്ങള്‍. ''കോട്ടയിലെ പാട്ട്'' 1975-ല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡും നേടി.

ആദര്‍ശ സുരഭിലവും സാമൂഹികനീതിയിലും സമത്വത്തിലും അടിയുറച്ചുമുള്ള ജീവിത വീക്ഷണം വച്ചുപുലര്‍ത്തിയിരുന്ന പുനലൂര്‍ ബാലന്‍ ജീവിതത്തിലുടനീളം ഇടതാഭിമുഖ്യമുള്ള വ്യക്തിയായിരുന്നു. കമ്യൂണിസ്റ്റ് വിമര്‍ശനങ്ങള്‍ പോലും രാഗാധിഷ്ടിതം തന്നെ. ഭാഷ ഇനിസ്റ്റിറ്റിയൂട്ടിലെ പ്രവര്‍ത്തനകാലത്തിന്റെ ഒരു ഘട്ടത്തില്‍ അവിടത്തെ താന്‍ തന്നെ നേതൃത്വം കൊടുത്തിരുന്ന ഇടതുപക്ഷ സംഘടനയ്ക്കു പുറത്തുവരികയും കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍ ചേരുകയും ഒക്കെയുണ്ടായിട്ടുണ്ടെങ്കിലും തന്റെ രാഷ്ട്രീയ ബോധ്യങ്ങളെ പുനലൂര്‍ ബാലന്‍ ഒരിയ്ക്കലും അടിയറവു വച്ചില്ല. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ സാഹിത്യ അക്കാദമിയിലേക്കു പരിഗണിയ്ക്കുന്ന കാര്യം അറിയിക്കാനെത്തിയ ചങ്ങാതിയോട് അദ്ദേഹം പറഞ്ഞു.

'' ഇതുവരെ ഞാന്‍ എന്റെ പാര്‍ട്ടിയുടെ തെറ്റുകള്‍ വിമര്‍ശിച്ചത് ഈ ആനുകൂല്യത്തിനുവേണ്ടിയാണെന്ന് ആരോപണം വരും. എനിക്കുസ്ഥാനമാനങ്ങള്‍ വേണ്ട.'' ഇതായിരുന്നു പുനലൂര്‍ ബാലന്‍. സമൂഹത്തിലെ ഓരോ വിപര്യയങ്ങളും അദ്ദേഹത്തെ അഗാധമായി സ്പര്‍ശിച്ചു. 1950ല്‍ ആദ്യസമാഹാരം പ്രസിദ്ധീകൃതമായ ശേഷം ദീര്‍ഘകാലം മൗനം പൂണ്ടു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സഹയാത്രികനായിരുന്നപ്പോഴും അതിനു പില്‍ക്കാലങ്ങളിലുണ്ടായ വിപര്യയങ്ങള്‍ പുനലൂര്‍ ബാലനിലെ പ്രതിഭയെ ബാധിച്ചു. അദ്ദേഹം എഴുതി

'' ഇത്തിരി വിഷാദം കുടിച്ചിറക്കി

ഇത്തിരി വികാരം മനസ്സില്‍ നിര്‍ത്തി

നഷ്ടബോധത്തെ പിടിച്ചുനിര്‍ത്തി

ചോദിച്ചിടട്ടേ സഖാവേ:

ദൂരെ, യിമവെട്ടിച്ചുനിന്ന പൊട്ടച്ചൂട്ട്

ചാരമായെന്നുറപ്പായോ

വഴികാട്ടിയായി മിന്നിനിന്ന നക്ഷത്രം

മിഴിപൂട്ടിയെന്നുറപ്പായോ''

1929 ജനുവരി മൂന്നിന് പുനലൂര്‍ ആനന്ദാലയത്തില്‍ കേശവന്റേയും പാര്‍വതിയുടേയും ഏഴാമത്തെ പുത്രനായി ജനിച്ചു. പുനലൂര്‍ ഗവണ്മെന്റ് സ്‌കൂള്‍, ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം ഇന്റര്‍മീഡിയറ്റ് കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റും പിന്നീട് സാഹിത്യവിശാരദും മികച്ച നിലയില്‍ പാസായി. അധ്യാപകനായിരിക്കെ പ്രൈവറ്റായി പഠിച്ച് ബി.എ പാസായി. പത്തനാപുരം മാണ്ട് ടാബോര്‍ ട്രെയിനിംഗ് കോളേജില്‍ നിന്ന് ബി.എഡും (1963), തിരുവനന്തപുരം ഗവണ്മെന്റ് ട്രെയിനിങ് കോളേജില്‍നിന്ന് എം.എഡും (1965) നേടി. തുടര്‍ന്ന് മലയാളം എം.എ പ്രൈവറ്റായി പഠിച്ചു പാസ്സായി (1968). വാളക്കോട് എന്‍. എസ്. വി. ഹൈസ്‌കൂളിലാണ് ആദ്യമായി ഉദ്യോഗത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് പുനലൂര്‍ ഹൈസ്‌കുള്‍, ചെമ നത്തൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ ജോലി നോക്കി.

1969ല്‍ തിരുവനന്തപുരത്ത് കേരളകൗമുദി ദിനപ്രതത്തില്‍ സബ് എഡിറ്ററായി ചേര്‍ന്നു. 1969 ജൂണില്‍ കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസറായി. അവിടെ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍, വിജ്ഞാനകൈരളി എഡിറ്റര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ തസ്തിക കളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. സര്‍വീസില്‍ ഇരിക്കെ തന്നെ രോഗബാധിതനായ പുനലൂര്‍ ബാലന്‍ 1987 ജനുവരി മാര്‍ച്ച് 19ന് അദ്ദേഹം അന്തരിച്ചു.


Next Story

Related Stories