TopTop
Begin typing your search above and press return to search.

ശുദ്ധഭാവഗീതത്തിന്റെ നിര്‍മ്മല സുഭഗതകളും; പരാഗരേണുക്കളുടെ ചിത്രണ കൗതുകവും

ശുദ്ധഭാവഗീതത്തിന്റെ നിര്‍മ്മല സുഭഗതകളും;   പരാഗരേണുക്കളുടെ ചിത്രണ കൗതുകവും

''ജന്മങ്ങള്‍ കൊണ്ടു ചെയ്തുതീര്‍ക്കാനാവാത്ത ജോലികള്‍ ഞാന്‍ എന്റെ ചുറ്റിലും കാണുന്നുണ്ട്. ഒരുപാട് ചെയ്തുതീര്‍ക്കാന്‍ ബാക്കിയുണ്ട്. ഞാനെത്ര മെനക്കെട്ടാലും അതെല്ലാം തീര്‍ക്കാനാവില്ലെന്നും എനിക്കറിയാം. നെവര്‍ എന്‍ഡിംഗ് സ്ട്രഗിള്‍ എന്നുപറയുന്നതുപോലെയുള്ള ഒരു ജീവിതമാണ് എന്റേത്. ഒരു മാതിരിയൊക്കെയായി, ഇനി സമാധാനമായിരിക്കാം എന്ന് വിചാരിക്കുന്ന ഒരനുഭവം എനിക്കിതുവരെയുണ്ടായിട്ടില്ല. അതൊരു നിയോഗമായിരിക്കാം. ഈ ജന്മത്തു മാത്രമല്ല, ഇനിയുമിനിയും ഉണ്ടായേക്കാവുന്ന ജന്മങ്ങളില്‍പ്പോലും സ്വസ്ഥത ലഭിക്കാനുള്ള ഭാഗ്യം എനിക്കുണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്.'' (സുഗതകുമാരി)

ജന്മങ്ങള്‍ കൊണ്ടു ചെയ്തു തീര്‍ക്കാനാവാത്ത ജോലികളെ കുറിച്ച് സദാ ഉദ്കണ്ഠപ്പെട്ട എഴുത്തുകാരി. ലോകത്തെ സ്‌നേഹത്താല്‍ ചേര്‍ത്തുനിര്‍ത്തുകയും ലോകത്തോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്ത മനസ്സ്. അഗാധമായ മാനവ സ്‌നേഹം സദാപി സമരസജ്ജമാക്കിയ മനസ്സ്. സ്‌നേഹത്തിന്റേയും പ്രണയത്തിന്റേയും സമരത്തിന്റേയും ഒട്ടേറെ ഇതളുകളുള്ള പൂവായിരുന്നു അവര്‍ക്കു കവിത. സുഗതകുമാരിയുടെ രചനാ പ്രപഞ്ചത്തെ അപ്പാടെ നിര്‍വചിക്കുന്നത് വിവിധ സ്വത്വങ്ങളിലേക്കും സ്വരൂപങ്ങളിലേക്കും വികസിക്കുന്ന സ്‌നേഹം എന്ന അഗാധാനുഭവമാകുന്നു. അവരെഴുതുന്നു:

'' അത്രമേല്‍ വിശുദ്ധമാ-

യത്രമേല്‍ അഗാധമാ-

യത്രമേല്‍ സ്വയം സമര്‍-

പ്പിതമായ് സ്‌നേഹിക്കയാല്‍''

അഗാധമായ മാനവിക സ്‌നേഹത്തിന്റെ, അത്യപൂര്‍വചാരുതയാര്‍ന്ന രാധാകൃഷ്ണ സങ്കല്‍പത്തിന്റെ, പ്രകൃതിയോടും സര്‍വചരാചരങ്ങളോടുമുള്ള നിര്‍മലസ്‌നേഹത്തിന്റെ ഭാവവൈവിധ്യത്താല്‍ മയൂരപിഞ്ഛം വിടര്‍ത്തിയാടുന്ന കാവ്യപ്രപഞ്ചം ഏറെ ചേതോഹരമാണ്. സുഗതകമാരിയുടെ രചനാലോകത്തെ ഏറ്റവും വലിയ സവിശേഷത അതാകുന്നു. എഴുത്തിനും അപ്പുറത്ത് ഒട്ടേറെ കര്‍മ്മ മണ്ഡലങ്ങളില്‍ അവര്‍ സജീവമായിരുന്നുവെങ്കിലും കവിതയായിരുന്നു ജീവശ്വാസം. ''കവിതയില്ലാകിലില്ല ജീവിതമെന്നു...'' കരുതിയ കവിക്ക് പക്ഷെ പിന്നീട് '' ഇനി ഈ മനസ്സില്‍ കവിതയില്ല'' എന്നും എഴുതേണ്ടിയും വന്നു

ലോകമെങ്ങുമുള്ള അശരണരായ മാനഹൃദയങ്ങളെ കവിതയിലൂടെ അവര്‍ ചേര്‍ത്തുപിടിച്ചു. സ്‌നേഹത്തിന്റെ താമരനൂലുകളാല്‍ ബന്ധിച്ചു. ഇടയ്ക്കിടെ ചുറ്റം തെളിയുന്ന അശാന്തിയുടെ മേലാപ്പുകളിലേക്ക് കണ്ണയച്ച് മലയാളിയുടെ സ്വത്വബോധത്തെ ഉണര്‍ത്തി.''ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കായി ചെലവാക്കാനും ഒരു കണ്ണുനീര്‍ത്തുള്ളി മറ്റുള്ളവര്‍ക്കായി പൊഴിക്കാനും'' എന്നും ഉണര്‍ന്നിരുന്ന കവി പലപ്പോഴും കാലത്തിന്റെ സങ്കീര്‍ണ്ണ സമസ്യകളെ അപഗ്രഥിക്കാനാവാതെ ഗദ്ഗദ കണ്ഠയായി. ഇടറിനില്‍ക്കുന്ന അവരുടെ വാക്കുകളില്‍ വായനക്കാര്‍ അവരവരുടെ ചിത്തം കണ്ടു.

'' ഒരു പാട്ടു പിന്നേയും പാടിനോക്കുന്നിതാ

ചിറകൊടിഞ്ഞുള്ളരീ കാട്ടുപക്ഷി!''

എന്ന പാട്ടിലെ മാനസം തങ്ങളുടെ ഓരോരുത്തരുടേയുമാണെന്ന് മലയാളി തിരിച്ചറിഞ്ഞു. അവരതേറ്റു ചൊല്ലി. '' സുഗതകുമാരിയുടെ കവിതകള്‍ വായിച്ചപ്പോഴൊക്കെ എനിക്കുതോന്നി, എനിക്കുവേണ്ടിയാണല്ലോ ഇവരെഴുതുന്നത്.'' ഇതെഴുതിയത് എം.ടി.വാസുദേവന്‍ നായരാണ്. പരാഗരേണുക്കള്‍ കൊണ്ടു ഹൃദയഭിത്തിയില്‍ നടത്തുന്ന ചിത്രരചനയെ ആ കവിതകള്‍ ഓര്‍മ്മിപ്പിയ്ക്കുന്നതായും എം.ടി എഴുതിയിട്ടുണ്ട്. '' വികാരം ചിന്തയാകുന്നു, ചിന്ത വാക്കുകളെ കണ്ടെത്തുന്നു. വാക്കുകള്‍ അനുഭവങ്ങളാകുന്നു.''

വ്യാഖ്യാനങ്ങള്‍ കൊണ്ടു തടയണകെട്ടാതെ ഹൃദയത്തിലേക്ക് നേരിട്ടൊഴുകി വരുന്ന സുഗതകുമാരിയുടെ ഭാഗവഗീതങ്ങളുടെ ചേതോഹാരിതയെ കുറിച്ച് ഓഎന്‍വി കുറുപ്പും എഴുതിയിട്ടുണ്ട്. ' മുത്തുച്ചിപ്പി' എന്ന ആദ്യകവിതാ സമാഹാരത്തിലൂടെ മലയാളികള്‍ക്കു പ്രീയകവിയായി തീര്‍ന്ന സുഗതകുമാരി എഴുത്തില്‍ സജീവമായ 1960കള്‍ മുതല്‍ അവസാനകാലം വരെ ശുദ്ധഭാവഗീതത്തിന്റെ നിര്‍മ്മല സുഭഗതകളോടെ, ' ഒരു വികസ്വര പുഷ്പത്തിന്റെ കന്യാവിശുദ്ധിയോടെ, ഇലത്തുമ്പില്‍ തുളുമ്പിനില്‍ക്കുന്ന മഞ്ഞുതുള്ളിയുടെ നൈര്‍മല്യത്തോടെ' പ്രതിഭയുടെ അസിധാരയാല്‍ നമ്മുടെ ജീവിതങ്ങളെ അര്‍ത്ഥപൂര്‍ണ്ണമാക്കി.

ആധുനികതയുടെ പരീക്ഷണ വ്യഗ്രതകളിലേക്ക് അവരുടെ രചനകള്‍ എത്തിനോക്കിയില്ല. രൂപമായിരുന്നില്ല, ഭാവമായിരുന്നു സുഗതകുമാരിക്ക് കവിത. പാശ്ചാത്യ കവിതാവഴക്കങ്ങളെ പിന്‍പറ്റി പ്രഫ. കെ. അയ്യപ്പപണിക്കരെപോലുള്ളവര്‍ നടത്തിയ കാവ്യാന്മേഷണത്തിനു സമാന്തരമായി ഭാവസാന്ദ്രമായ അരുവിയുടെ തെളിമയോടെ സുഗതകുമാരിയുടെ കാവ്യലോകം ജീവത്തായി. അമ്പലമണിയും പാവം മാനവഹൃദയവും കൃഷ്ണ നീയെന്ന അറിയില്ല, ഇനി ഈ മനസ്സില്‍ കവിതയില്ല...പോലെ എത്രയോ കവിതകള്‍. കാലത്തിന്റെ ക്ഷുത്തിനെ പ്രതിഭയുടെ അഗാധതകളാല്‍ അശിപ്പിച്ച കവി അര്‍ത്ഥിച്ചത് ഇത്രമാത്രം:

''തീവെയിലത്തും തണല്‍ തേടാതെ

വീഴ് വോളവും

വേല ചെയ്യുവാന്‍ മാത്രം

നീയനുവദിച്ചാലും''

സുഗതകുമാരിയുടെ കവിതകള്‍ നല്‍കുന്ന സാന്ദ്വനസ്പര്‍ശം വിവരണാതീതമാണ്. അവ കെട്ടഴിച്ചുവിടുന്ന ഭാവസാന്ദ്രിമയ്ക്ക് സമാനതകളില്ല. പ്രത്യാശയ്ക്ക് അതിരുകളുമില്ല.

'' ഒരു താരകയെ കാണുമ്പോളതു

രാവു മറക്കും, പുതുമഴകാണ്‍കെ

വരള്‍ച്ച മറക്കും, പാല്‍ച്ചിരകണ്ടതു

മൃതിയെ മറന്നുസുഖിച്ചേ പോകും''

ആന്തരവൈരുദ്ധ്യ രഹിതവും ഭദ്രരൂപവുമായ ഒരു ജീവിതദര്‍ശനമുള്ള കവിയിത്രിയാണ് സുഗത കുമാരിയെന്ന് ' പാവം മാനവഹൃദയം' എന്ന കവിതാസമാഹാരത്തിന്റെ അവതാരികയില്‍ എന്‍. വി.കൃഷ്ണവാര്യര്‍ വിലയിരുത്തിയിട്ടുണ്ട്. അവരുടെ കവിതകള്‍ ഉടനീളം പരിശോധിച്ചാല്‍ ഇത് എത്രമേല്‍ അവാസ്തവമല്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

റോബര്‍ട്ട് ഫ്രോസ്റ്റ് പറഞ്ഞതുപോലെ കര്‍മ്മങ്ങളായി തീര്‍ന്ന വചനങ്ങള്‍ കൂടിയായിരുന്നു സുഗത കുമാരിക്ക് കവിത. 'സൈലന്റ്് വാലിയില്‍ വീണ്ടും' പോലുള്ള കവിതകള്‍ അക്കാര്യം വിശദീകരിക്കുന്നു. പരിസ്ഥിതിക്കുവേണ്ടി ലോകശ്രദ്ധ വിളിച്ചുവരുത്തിയ സൈലന്റ് വാലി സമരഭൂമിയില്‍ സുഗതകുമാരി മുന്നില്‍ നിന്നു. പരിസ്ഥിതിക്കായുള്ള എത്രയോ സമരങ്ങളില്‍ അവര്‍ അടരാടി. സമരങ്ങള്‍ കവിതകളായി തീരുകയും ചെയ്തു.കവിതകളുമായി അവര്‍ സമരഭൂവിലേയ്ക്കിറങ്ങി.

'' ആടിക്കറുപ്പാര്‍ന്ന കന്യ,യിക്കാടിനെ

ആരും തൊടില്ലെന്ന് കാക്കാന്‍

അരുത് പേടിക്കേണ്ട,

ഞാനിവിടെയുണ്ടെന്ന്

ചുഴലവും കണ്‍കള്‍ പായിച്ചും

കവരങ്ങള്‍ പിരിയുന്ന

കൊമ്പുകളുയര്‍ത്തിയും

തലപൊക്കി ഗന്ധം പിടിച്ചും

കലമാനിനെപ്പോലെ കാവല്‍നില്‍ക്കുന്നിതാ

മലനാടിന്‍ മനസാക്ഷി''

കവിതയെ നാടിന്റെ മനസാക്ഷിയാക്കിയ കവിയാണ് നമുക്കിടയില്‍ നിന്നും ഇറങ്ങിപ്പോകുന്നത്. ജന്മങ്ങള്‍ കൊണ്ടു ചെയ്തുതീര്‍ക്കാനാവാത്ത തന്റെ ജോലികളെ കുറച്ചവര്‍ ഉദ്കണ്ഠാകുലയായിരുന്നു. ആ ഉദ്കണ്ഠ മാനവികതയെ, മനുഷ്യത്വത്തെ, പ്രകൃതിയെ, പരിസ്ഥിതിയെ, സഹജാതരെ ഒക്കെ ചൊല്ലിയുള്ള ഉദ്കണ്ഠയും ആകുലതയുമായിരുന്നു. അത് പകര്‍ന്നുനല്‍കാന്‍ അവര്‍ തുഴഞ്ഞ ദൂരങ്ങള്‍ എത്രമേല്‍ തീഷ്ണങ്ങള്‍, കഠിനങ്ങള്‍, സംഭവ ബഹുലങ്ങള്‍.

താന്‍ എന്തിനെഴുതുന്നുവെന്ന് ഒരിക്കല്‍ സുഗതകുമാരി വിശദീകരിച്ചത് ഇങ്ങനെ: ''ഒരു പൂവ് വിരിയുന്നു.ഒരു കവിത ജനിക്കുന്നു,ബോധപൂര്‍വമായ ഒരു ഉദ്ദേശ്യവുമില്ലാതെ, ലക്ഷ്യങ്ങളൊന്നുമില്ലാതെ അനശ്വരതയെപ്പറ്റി യാതൊരു വ്യാമോഹവുമില്ലാതെ. പുമൊട്ടിനു വിരിഞ്ഞേ കഴിയു, പക്ഷിക്കു പാടിയേ കഴിയു, തൊട്ടാവാടിച്ചെടിക്ക് വാടിയേ കഴിയു, തിരമാലയ്ക്ക് ആഹ്ലാദത്തോടെ സ്വയം ഉയര്‍ന്നടിച്ച് ചിതറിയേ കഴിയു.അതുപോലെ തന്നെ അത്രമേല്‍ സ്വാഭാവികമായി ആത്മാര്‍ത്ഥമായി, ഞാനെഴുതുന്നു.''

സഹോദര കവി സച്ചിദാനന്ദന്‍ 'സുഗതകുമാരിയോട്' എന്ന ശീര്‍ഷകത്തില്‍ എഴുതിയ കവിത ഓര്‍മ്മിപ്പിക്കുന്നു: '' കൈപിടിക്കുക, സോദരി, സോദരി/ കൈതപൂത്ത വരമ്പില്‍ വഴുക്കുമേ'' കാലം കാത്ത് നില്‍ക്കുന്നു, കൂപ്പുകൈയുകളോടെ. വഴുക്കാത്ത വഴികളിലുടെ അമരത്വത്തിലേക്ക് മെല്ലെ, മെല്ലെ അവര്‍ കടന്നുപോകുന്നതും കാത്ത്.


Next Story

Related Stories