TopTop
Begin typing your search above and press return to search.

കുഞ്ചാക്കോയും ഉദയായിലെ താരോദയങ്ങളും

കുഞ്ചാക്കോയും ഉദയായിലെ താരോദയങ്ങളും

മലയാള ചലച്ചിത്ര രംഗത്തെ അതികായന്‍ കുഞ്ചാക്കോയുടെ ജീവിത കഥ 'സംവിധാനം കുഞ്ചാക്കോ', അനുഭവകഥകളിലൂടെ അനുപമമായ ജീവിത സഞ്ചാരം പത്താംഭാഗത്തിലേക്ക് കടക്കുന്നു. ഉദയായിലെ താരോദയങ്ങളെ കുറിച്ചാണ് ഈ ഭാഗം മുതല്‍ പറഞ്ഞുതുടങ്ങുന്നത്. കുട്ടനാട് പുളിങ്കുന്നു ദേശത്ത് മാളിയംപുരയ്ക്കല്‍ മാണിചാക്കോയുടെയും ഏലിയാമ്മയുടെയും മൂത്തപുത്രനായി ജനിച്ച് മലയാള സിനിമയുടെ പ്രിയനായ കുഞ്ചാക്കോയുടെ ജീവിതം സംഘര്‍ഷ തീഷ്ണമായിരുന്നു.അതാവട്ടെ മലയാള സിനിമയുടെ കൂടി ചരിത്രത്തിലെ സുപ്രധാന ഏടായി തീരുകയും ചെയ്തു. പ്രതിഭയും സംരംഭകത്വവും ഒടുങ്ങാത്ത അന്വേഷണ തൃഷ്ണയും നിറഞ്ഞ ആ ജീവിതം തലമുറകള്‍ക്കു പ്രചോദനമാണ്. ആ വ്യക്തിത്വത്തിന്റെ ഉള്ളറകളിലേക്ക് സഞ്ചാരം നടത്തുകയുമാണ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. ജോസി ജോസഫ്. ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കാം.


1952 ഓഗസ്റ്റ് 22ന് കേരളത്തിലും പുറത്തുമായി പതിനൊന്ന് തീയറ്ററുകളില്‍ ' വിശപ്പിന്റെ വിളി' റിലീസ് ചെയ്യപ്പെട്ടു. പ്രേംനസീര്‍, തിക്കുറിശ്ശി, കുമാരി തങ്കം, പങ്കജവല്ലി. അടൂര്‍ പങ്കജം, എസ് പി. പിള്ള, നാണുക്കുട്ടന്‍, കാലായ്ക്കല്‍ കുമാരന്‍, വാണക്കുറ്റി, മാത്തപ്പന്‍ തുടങ്ങിയ ഒരു താരനിര തന്നെ അണിനിരന്ന ഈ ചിത്രം സംവിധാനം ചെയ്തത് മോഹന്‍ റാവു ആയിരുന്നു. ഗാനരചന അഭയ ദേവ്. സംഗീതം ദിവാകര്‍. ' പശിയിന്‍ കൊടുമൈ' എന്ന പേരില്‍ തമിഴിലേയ്ക്കും ' ആകലിപിലിപ്പ് ' എന്ന പേരില്‍ തെലുങ്കിലേക്കും വിശപ്പിന്റെ വിളി മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.

മൂന്ന് ഭാഷകളിലും ഈ സിനിമ ബോക്‌സോഫീസ് വിജയം നേടി. ' എന്റെ പ്രതീക്ഷകള്‍ക്കൊക്കെ എത്രയോ ഉയരെയായിരുന്നു ആ വിജയം. ' എന്നാണ് പ്രേംനസീര്‍ രേഖപ്പെടുത്തിയത്.

എന്താണ് ബോക്‌സോഫീസ്?

തീയറ്ററുകളില്‍ പ്രേക്ഷകര്‍ക്കുള്ള പ്രവേശന ടിക്കറ്റുകള്‍ വില്ക്കുന്ന പെട്ടിപോലുള്ള ഓഫീസ് മുറിയെയാണ് ബോക്‌സ് ഓഫീസ്. box office-എന്നു വിളിക്കുന്നത്. ഇതില്‍ നിന്നാണ് ഒരു സിനിമയുടെ പ്രദര്‍ശന വിജയത്തെ കുറിക്കുന്ന ബോക്‌സോഫീസ് വിജയം, ബോക്‌സോഫീസ് കളക്ഷന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ഉണ്ടായത്. ഓരോ പ്രദര്‍ശനത്തിനും ടിക്കറ്റ് വിറ്റ് പിരിഞ്ഞുകിട്ടുന്ന തുകയില്‍ നിന്ന് വിനോദനികുതി കഴിഞ്ഞുള്ള തുകയില്‍ നിശ്ചിത ശതമാനം തിയറ്റര്‍ ഉടമയും ചലച്ചിത്ര വിതരണക്കാരനും പങ്കുവെയ്ക്കുകയാണ് ചെയ്യുന്നത്. ചലച്ചിത്ര വിതരണക്കാരന് ലഭിക്കുന്ന പങ്കില്‍ നിന്ന് വീണ്ടും നിശ്ചിത ശതമാനം തുക ചലച്ചിത്ര നിര്‍മ്മാതാവിന് നല്‍കുകയും ചെയ്യും. മുഖ്യധാര സിനിമകള്‍(mainstream) എന്നറിയപ്പെടുന്ന വ്യാപാര സിനിമകളുടെയെല്ലാം ലക്ഷ്യം ബോക്‌സോഫീസില്‍ പണം വാരിപ്പടങ്ങള്‍ ആവുക അല്ലെങ്കില്‍ ഹിറ്റാവുക എന്നതാണ്. അത്തരത്തില്‍ ഹിറ്റുകള്‍ നിര്‍മ്മിക്കുവാന്‍ വേണ്ടി ചലച്ചിത്ര നിര്‍മ്മാതാക്കള്‍ പ്രയോഗിക്കുന്ന ചേരുവകളാണ്ഫോര്‍മുലകളും താരസബ്രദായവും.

(അമേരിക്കയിലെ ഓഹായോ തീയറ്ററിലെ ബോക്‌സോഫീസ്. കടപ്പാട് വിക്കിപീഡിയ)

മലയാള സിനിമയില്‍ ' നിത്യഹരിതനായകന്‍' എന്ന അസുലഭ വിശേഷണം സ്വന്തമാക്കിയ ഒരു യുവനടന്റെ താരസഞ്ചാരത്തിന്റെ തുടക്കമാണ് കുഞ്ചാക്കോയും പ്രേംനസീറും തമ്മിലുള്ള നേരത്തെ ഉദ്ധരിച്ച സംഭാഷണത്തില്‍ നാം കാണുന്നത്. അബ്ദുള്‍ ഖാദര്‍ എന്ന യുവനടനില്‍ ഒരു ' പ്രേംനസീറിനെ' കണ്ടെത്തുവാന്‍ കുഞ്ചാക്കോയ്ക്ക് കഴിഞ്ഞുവോ? '' എന്നെ ആദ്യ നോട്ടത്തില്‍ തന്നെ ചാക്കോച്ചന് ഇഷ്ടപ്പെട്ടു.' എന്നാണ് തങ്ങളുടെ ആദ്യ സമാഗമത്തെക്കുറിച്ച് പ്രേംനസീര്‍ തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

(പ്രേംനസീര്‍)

സാങ്കേതികത്വവും സര്‍ഗാത്മകതയും ഇഴചേരുന്ന ചലച്ചിത്രകലയുടെ വിഭിന്ന മേഖലകളിലേക്ക് വേണ്ട പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ക്രാന്തദര്‍ശിത്വമുള്ള കണ്ണ് കുഞ്ചാക്കോയ്ക്ക് ഉണ്ടായിരുന്നുവെന്നത് കാലം തെളിയിച്ച സത്യം. ഉദയാ സ്റ്റുഡിയോയില്‍ നിന്ന് ചലച്ചിത്ര വിഹായസ്സില്‍ ഉദിച്ചുയര്‍ന്ന താരങ്ങളുടെ ചരിത്രം ഈ സത്യത്തിന് മാറ്റുകൂട്ടുന്നു.

എന്താണ് താര സബ്രദായം

21-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ വളരെ പ്രബലമായിത്തീര്‍ന്ന ഒന്നാണ് അതിരുകളില്ലാത്ത താരരാധനയും ഫാന്‍സ് അസോസ്സിയേഷനുകളുടെ വേരോട്ടവും. സോഷ്യല്‍ മീഡിയ ഇതിലൊരു വലിയ പങ്കുവഹിച്ചുവെന്ന് എടുത്തുപറയേണ്ടതുണ്ട്. ഈ താരാരാധനയും ഫാന്‍സ് അസ്സോസിയേഷനും ഒക്കെ ബോക്‌സോഫീസ് ഹിറ്റുകള്‍ പിറക്കുന്നതില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്.

Oxford Dictionary Of Film Studies 'താര'ത്തിന് നല്‍കുന്ന നിര്‍വചനം ഇങ്ങനെയാണ്. ''Actors or performers who appear in major roles in commercially successful films, and who are nationally or internationally reorganized and celebrated. Many filmgoers decide which film to watch on the basis of stars involved, and this has led to star becoming powerful players in the film industry. Put simply, stars sell films.''

ഒരു സിനിമയുടെ സാമ്പത്തിക വിജയം മുന്‍കൂട്ടി ഉറപ്പാക്കാന്‍ കഴിയുന്ന, നായകവേഷങ്ങള്‍ ചെയ്യുന്ന അഭിനേതാക്കളെയാണ് താരങ്ങള്‍ എന്ന സങ്കല്പനം കൊണ്ട് വിവക്ഷിക്കുന്നത്. ചലച്ചിത്ര നിര്‍മ്മാണത്തിനുവേണ്ടിയുള്ള സ്റ്റുഡിയോ സബ്രദായത്തിന് രൂപം നല്‍കിയ അമേരിക്കയിലെ ഹോളിവുഡ് സിനിമകളില്‍ നിന്നുതന്നെയാണ് താരസബ്രദായത്തിന്റെ പിറവിയും. നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന, സമാനതകളുള്ള കഥാപാത്രങ്ങളിലൂടെയാണ് ഒരു താരം ഉരുവം കൊള്ളുന്നത്. പത്രങ്ങള്‍, ആനുകാലികങ്ങള്‍, ചലച്ചിത്ര പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ ഫീച്ചറുകളായും ഫോട്ടോ ഫീച്ചറുകളായും ഗോസിപ്പുകളായും മറ്റും ഈ താരനിര്‍മ്മിതി അനുസ്യൂതം തുടരുകയും കൃത്യമായി മാര്‍ക്കറ്റ് ചെയ്യപ്പെടുകയുമാണ്. സാമൂഹിക മാധ്യമങ്ങളുടെ കടന്നുവരവോടെ ഈ മാര്‍ക്കറ്റിംഗ് ചിലവ് കുറഞ്ഞതും അനായാസവുമായി എന്നതാണ് സത്യം.

ഹോളിവുഡ് സ്റ്റുഡിയോ സബ്രദായത്തിന്റെ പകര്‍പ്പുകളായാണ് ഇന്ത്യയിലും, വിവിധ സംസ്ഥാനങ്ങളില്‍ ഫിലിം സ്റ്റുഡിയോകള്‍ സ്ഥാപിതമാകുന്നത്. തമിഴ്‌നാട്ടിലുണ്ടായിരുന്ന ഇത്തരം പകര്‍പ്പുകളുടെ പ്രാദേശികവും ചിലവുകുറഞ്ഞതുമായ ഒരു പകര്‍പ്പായിട്ടാണ് ഉദയാ സ്റ്റുഡിയോ രുപം കൊള്ളുന്നത്. അടിസ്ഥാന സൗകര്യങ്ങളിലും സാങ്കേതിക സൗകര്യങ്ങളിലും ഉണ്ടായിരുന്ന പരിമിതികളെ ഉദയാ സ്റ്റുഡിയോ എങ്ങനെയാണ് അതിജീവിച്ചതെന്ന് പരിശോധിക്കുമ്പോഴാണ്, സര്‍ഗ്ഗാത്മകതയുടെ വിജയഘടകങ്ങള്‍ മുന്നിലേക്ക് വരുന്നത്. പ്രേക്ഷകപ്രീതി നേടാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഉള്ളടക്കവും അതിന് ഇണങ്ങുന്ന ആഖ്യാനവും തന്നെയാണ് ആദ്യം മുതല്‍ അവസാനം വരെ ഉദയചിത്രങ്ങള്‍ വച്ചുപുലര്‍ത്തിയത്. ജനപ്രിയചിത്രങ്ങളുടെ ഫോര്‍മുലകള്‍ക്കും താരാധിപത്യത്തിനും അപ്പുറം കേരളീയ സിനിമാസംസ്‌കാരത്തിലേക്ക് കാമ്പുള്ള ഈടുവെയ്പുകള്‍ ഉദയാചിത്രങ്ങള്‍ നല്‍കിയോ എന്ന നിലയിലുള്ള പഠനങ്ങള്‍ കാലമിത്ര കഴിഞ്ഞിട്ടും വിരളം തന്നെ.

താരങ്ങളില്ലാത്ത ആകാശമുണ്ടോ

ഇരിപ്പിടങ്ങളുടേയും നിരക്കുകളുടേയും കാര്യത്തില്‍ വേര്‍തിരിവുകളുണ്ടായിരുന്നുവെങ്കിലും ആസ്വാദനത്തിന്റെ കാര്യത്തില്‍ ഉച്ചനീചത്വങ്ങളില്ലാതിരുന്ന പൊതുമണ്ഡലം ആയിരുന്നു ചലച്ചിത്ര പ്രദര്‍ശനശാല. സാമൂഹികവും വൈയക്തികവുമായ അന്തര്‍സംഘര്‍ഷങ്ങളില്‍ നിന്ന് വിടുതല്‍ നേടാനൊരു ഉല്ലാസവേദിയായിട്ടാണ് സാധാരണ ജനങ്ങള്‍ അതിനെ കണ്ടത്. അതിനിണങ്ങുന്ന പാട്ടുകള്‍ക്കും നൃത്തങ്ങള്‍ക്കുമൊപ്പം അവര്‍ ആര്‍ത്തുവിളിച്ചു. നിലതെറ്റി വീഴുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ക്കും കയ്യടിച്ചു. ധീരോദാത്തനായ നായകനൊപ്പം തിന്മയുടെ പ്രതിരൂപമായ വില്ലനെ ഇടിച്ചുവീഴ്ത്തി.

ഉല്ലാസം തേടിയെത്തിയ ആ കാണികള്‍ക്ക് തിരശ്ശീലയാകുന്ന ആകാശത്ത് കണ്‍നിറയെ കാണേണ്ടിയിരുന്നത് താരങ്ങളെയാണ്! ഉദയാ സ്റ്റുഡിയോ നിര്‍മ്മിച്ച ചിത്രങ്ങളില്‍ അവര്‍ ആ താരകങ്ങളെ കണ്‍നിറയെ കണ്ടാഹ്ലാദിച്ചു! ആ താരങ്ങളെ കണ്ടെത്തുന്നതില്‍ കുഞ്ചാക്കോ നിര്‍ണ്ണായക പങ്കുവഹിച്ചുവെന്നത് മലയാള സിനിമ ചരിത്രത്തിന് വിസ്മരിക്കാനാവാത്ത സത്യം മാത്രം!

ഉദയായും താരസബ്രദായവും

ബോക്‌സോഫീസ് ഹിറ്റുകളാകാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ ഉള്ളടക്കത്തേയും ആഖ്യാനത്തേയും സംബന്ധിച്ച സൂക്ഷ്മവും കൃത്യവുമായ ധാരണ കുഞ്ചാക്കോ താന്‍ ആദ്യം നിര്‍മ്മിച്ച ചിത്രമായ 'വെള്ളിനക്ഷത്രം' മുതല്‍ സ്വരൂപിക്കുന്നുണ്ട്. ജര്‍മ്മന്‍കാരനായ എഫ്.ജെ.എച്ച് ബെയ്‌സിന്റെ സംവിധാനവും കുട്ടനാട് രാമകൃഷ്ണപിള്ളയുടെ തിരക്കഥയും ചിത്രത്തിന്റെ പരാജയത്തിന് കാരണമായി എന്നു തിരിച്ചറിഞ്ഞ കുഞ്ചാക്കോ സിനിമയുടെ വിജയത്തില്‍ താരങ്ങളുടെ പ്രസക്തിയും മനസ്സിലാക്കി. തമിഴ് സംഗീത നാടകങ്ങളുടെ ശൈലിയില്‍ പാടി അഭിനയിക്കുന്ന ഭാഗവതരേയും ഗായികമാരേയും അവതരിപ്പിക്കാനാണ് ഈ ചിത്രത്തില്‍ കുഞ്ചാക്കോ ശ്രമിച്ചത്. എന്നാല്‍, തമിഴ് സിനിമകളുടെ ജനപ്രീതിക്ക് ഒട്ടുവളരെ സഹായകരമായിരുന്ന ഈ ഘടകം, മലയാള സിനിമാ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നില്ലെന്ന് കുഞ്ചാക്കോ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ്, പിന്നീട് കെ ആന്‍ഡ് കെ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ' നല്ല തങ്ക' മലയാളത്തിലെ ആദ്യസൂപ്പര്‍ ഹിറ്റായതും. 'വെള്ളിനക്ഷത്ര'ത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ത്രേസ്യാമ്മ എന്ന പെണ്‍കുട്ടിയെ മിസ്. കുമാരി എന്ന താരറാണിയായി മാറ്റുമ്പോള്‍ ചലച്ചിത്ര പ്രേക്ഷകര്‍ക്ക് സ്വീകാര്യമായ ഒരു താരസങ്കല്പം രൂപപ്പെടുകയായിരുന്നു.

' താരം' ഒരു ബിംബ നിര്‍മ്മിതിയാണെന്ന് കുഞ്ചാക്കോ തുടക്കം മുതല്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഉദയാ സ്റ്റുഡിയോയില്‍ താരങ്ങള്‍ക്ക് കിട്ടിയ മുന്തിയ പരിഗണന ഇവിടെ ഓര്‍മ്മിക്കാം. പ്രേംനസീര്‍ ക്വാര്‍ട്ടേഴ്‌സ്, തിക്കുറിശ്ശി ക്വാര്‍ട്ടേഴ്‌സ് എന്നിങ്ങനെ താരങ്ങള്‍ക്കുവേണ്ടി പണിത ആഢംബരപൂര്‍വ്വമായ സ്വകാര്യ ഇടങ്ങള്‍ ഈ ബിംബനിര്‍മ്മിതിയുടെ ഭാഗമായിത്തന്നെ കാണണം. ഫ്യൂഡല്‍ വ്യവസ്ഥതിയുടെ അവശിഷ്ട സ്മാരകങ്ങളായാണ് അവയൊക്കെ എന്ന് പഴിപറയാനുള്ള സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്. എന്നാല്‍, നുറ് കണക്കിന് ആളുകള്‍ തൊഴിലിനായി ആശ്രയിക്കുന്ന സിനിമ എന്ന വ്യവസായത്തിന്റെ നിലനില്‍പ്പിന് ഇവയൊക്കെ സഹായകരമായി എന്നും കാണാം.

(അടുത്ത ഭാഗം: മിസ് കുമാരി- മണ്ണിലേക്കിറങ്ങിയ താരം)


പ്രഫ. ജോസി ജോസഫ്

പ്രഫ. ജോസി ജോസഫ്

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും. മാധ്യമ പഠന വിഭാഗം വകുപ്പ് അധ്യക്ഷന്‍, സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍, ചങ്ങനാശ്ശേരി.

Next Story

Related Stories