TopTop
Begin typing your search above and press return to search.

അധമകലയുടെ വെള്ളിച്ചിറകില്‍

അധമകലയുടെ വെള്ളിച്ചിറകില്‍

മാധ്യമ നിരൂപണരംഗത്ത് ശ്രദ്ധേയനായ ഷാജി ജേക്കബിന്റെ 'പൊതുമണ്ഡലവും മലയാള ഭാവനയും - മാധ്യമം, സിനിമ, സാഹിത്യം' എന്ന ഗ്രന്ഥത്തില്‍ നിന്ന്(കൈരളി ബുക്ക്‌സ് 2014) അല്‍പം ദീര്‍ഘമായി തന്നെ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കുകയാണ്: ''സിനിമ ഏറ്റവും മോശപ്പെട്ട കലയും വാണിജ്യവും ആണെന്ന് കുറ്റപ്പെടുത്തിയ മഹാത്മാഗാന്ധിയെ(Jeffry,Robin,2010) പിന്തുടര്‍ന്ന് രാജാജിയുടെ നേതൃത്വത്തില്‍ ബ്രാഹ്‌മണര്‍ സിനിമയ്‌ക്കെതിരെ നിലപാടെടുത്ത തമിഴ്‌നാട്ടില്‍ കാമരാജ്,അണ്ണാദുരെയും ഉള്‍പ്പെടെയുള്ളവര്‍ സിനിമയെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ കലയും സംസ്‌കാരവും ആയി മാത്രമല്ല, രാഷ്ട്രീയവുമാക്കി വളര്‍ത്തി. എന്നാല്‍, സിനിമ അതിന്റെ തുടക്കം മുതല്‍ തന്നെ ഒരു ജനപ്രിയ സംസ്‌കാരവും ജനകീയ കലയുമാണെന്ന് കരുതി പോരാറുണ്ടെങ്കിലും ഇന്ത്യയില്‍ ഒരു ഘട്ടം വരെ വരേണ്യ വിഭാഗം

കടുത്ത വിരോധമാണ് സിനിമയോട് പുലര്‍ത്തിയിരുന്നതെന്ന് കാണാം. അതുകൊണ്ടുതന്നെ സിനിമയുടെ കലാ മൂല്യത്തെ ഇകഴ്ത്തി കാട്ടാന്‍ വരേണ്യകലയുടെ വക്താക്കള്‍ നിരന്തരം ശ്രമിച്ചിരുന്നു. വിദ്യാസമ്പന്നരും എഴുതുക്കാരും സിനിമയെ പുച്ഛിച്ചുതള്ളി.'' ഈയൊരു സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കുഞ്ചാക്കോ സ്റ്റുഡിയോ ഉടമയും ചലച്ചിത്ര നിര്‍മ്മാതാവും ആയി രംഗപ്രവേശനം ചെയ്യുന്നത്. ഈ ചരിത്രത്തെ റദ്ദ് ചെയ്തുകൊണ്ട് കുഞ്ചാക്കോയുടെ ചലച്ചിത്ര സംവിധാന സംരംഭങ്ങളെ വിലയിരുത്താന്‍ കഴിയുമോ ?

മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ 'ബാലന്‍'(1938 ജനുവരി 19 ന് കോഴിക്കോട് ക്രൗണ്‍ തിയേറ്റില്‍ റിലീസ് ചെയ്തു) നിരൂപണം ചെയ്യപ്പെടുന്നത് 1938 ഒക്ടോബര്‍ 30ന് പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്. വി.ശംഖു ആയിരുന്നു നിരൂപകന്‍. ആ ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു. ''ഇന്ത്യയിലെ പൊതുജീവിതത്തിനുപയുക്തമായ ഒരു സങ്കല്പത്തെ തെളിച്ചു കാട്ടുന്ന ഈ പ്രസ്ഥാനം, പരമാര്‍ത്ഥത്തില്‍ ഇന്നും ചില മുതലാളിമാരുടെ പണസഞ്ചി വീര്‍പ്പിക്കുന്നതിനെ ഉപയോഗപ്പെടുന്നുള്ളു. വിശേഷിച്ചും തെക്കേ ഇന്ത്യയിലെ ചലച്ചിത്ര നിര്‍മ്മാണം............. ചലച്ചിത്രത്തിലുള്ള സംഗീതം, അത് അര്‍ഹിക്കാത്ത സ്ഥാനങ്ങളിലും സന്ദര്‍ഭങ്ങളിലും ആണെങ്കില്‍, എത്രതന്നെ കര്‍ണാനന്ദകരമായിരുന്നാലും കാണികള്‍ക്ക് അസ്വാസ്ഥ്യജനകമായേ തീരൂ.... മലയാള രാജ്യത്തിന്റെ ചലച്ചിത്ര നിര്‍മ്മാണത്തിന് പറ്റിയ ഒരു സ്റ്റുഡിയോ പോലുമില്ലെന്ന കുറവ് പരിഹരിക്കാന്‍ കേരളത്തിലെ മുതലാളിമാരും പ്രമുഖന്‍മാരും മുതിരുകയില്ലേ?'' ഇതിലെ വൈരുദ്ധ്യം വളരെ പ്രകടമാണ്. ''കേരളത്തിലെ മുതലാളിമാരും പ്രമുഖന്‍മാരും'' ചലച്ചിത്ര വ്യവസായത്തിന്റെ ഉന്നമനത്തിനായി പണം മുടക്കണം. എന്നാല്‍, അവര്‍ അതില്‍ നിന്ന് ലാഭമുണ്ടാക്കുന്നത് അനീതിയും ആണത്രേ.! ''കുഞ്ചാക്കോ മുതലാളി ഉദയാ സ്റ്റുഡിയോ വളര്‍ത്തിയെടുത്തതിലൂടെയാണ് സാധാരണക്കാരായ കേരളീയ തുടര്‍ച്ചയായി മലയാള സിനിമകള്‍ കണ്ട് ആസ്വദിച്ചത്. ആബാലവൃന്ദം മലയാളികള്‍ക്ക്, ജാതിമതവര്‍ഗ ഭേദമില്ലാതെ ഒരുമിച്ചു കൂടുവാനും വിനോദിക്കുവാനുള്ള തീയറ്റര്‍ എന്ന പൊതുമണ്ഡലം തുറന്നു കിട്ടിയത് ഇതോടെയാണ്. ജനകീയമായ, സമത്വസുന്ദരമായ പൊതുമണ്ഡലത്തിന്റെ ധനാത്മകമായ തലങ്ങളെ നിഷേധിച്ചുകൊണ്ടാണ് അക്കാലത്തെ ചലച്ചിത്രനിരൂപണം പുഷ്ടിപ്പെട്ടത്.

ഏതൊരു സാഹചര്യത്തിലാണ് ഇത്തരം കാഴ്ചപ്പാടുകള്‍ രൂപംകൊണ്ടത് എന്ന് ഇവിടെ നാം മനസ്സില്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഉദയായുടെ ആദ്യ ചിത്രവും മലയാളത്തിലെ അഞ്ചാമത്തെ ശബ്ദചിത്രവുമായ 'വെള്ളിനക്ഷത്രം' റിലീസ് ചെയ്യപ്പെട്ടത് 1949 ജനുവരി 14 ആം തീയതി ആയിരുന്നു. തുടര്‍ന്ന് നല്ലതങ്ക,ജീവിതനൗക, വിശപ്പിന്റെ വിളി, അവന്‍ വരുന്നു എന്നീ ചലചിത്രങ്ങളുടെ ജയപരാജയങ്ങള്‍ക്ക് ശേഷം, 1960 മാര്‍ച്ച് 29 ആം തീയതിയാണ് കുഞ്ചാക്കോയുടെ ആദ്യ സംവിധാന സംഭരഭമായ 'ഉമ' റിലീസ് ചെയ്യപ്പെട്ടത്.

കേരള ചരിത്രത്തില്‍ നവോത്ഥാനകാലം എന്ന് അടയാളപ്പെട്ട കാലമാണിത്. ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ സാമൂഹിക സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമായി സംഭവിച്ച കമ്മ്യൂണിസ്റ്റ് ഉന്മുഖമായ ആശയപ്രചാരം, അതിനെതിരെ രൂപപ്പെട്ടു വന്ന വലതുപക്ഷ, ജാതി കൂട്ടായ്മകളുടെ ഫലമായി നടന്ന വിമോചന സമരം, തല്‍ഫലമായി 1959 ജൂലൈ 31ന് ഇ എം എസ് മന്ത്രിസഭയുടെ രാജി - ഇതെല്ലാം ഉമ എന്ന സിനിമയുടെ സാക്ഷാത്കാരത്തിനും പ്രദര്‍ശനത്തിനും മുന്നോടിയായി കേരളീയ സമൂഹത്തില്‍ സംഭവിക്കുന്നുണ്ട്.

കലയുടേയും സംസ്‌കാരത്തിന്റെയും കേരളീയ ഭൂമികയില്‍ വലിയ പരിവര്‍ത്തനങ്ങളും ഇക്കാലത്ത് നടക്കുന്നുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് നാം കടക്കുന്നില്ല. എങ്കിലും, കലയെയും സംസ്‌കാരത്തെയും കുറിച്ച് ഇക്കാലയളവില്‍ പ്രാമാണ്യം നേടിയ ചിന്താധാരകള്‍ ഒട്ടൊന്നു മനസ്സിലാക്കേണ്ടതുണ്ട്. കല കലയ്ക്കു വേണ്ടി കല ജീവിതത്തിനു വേണ്ടി എന്ന പ്രശസ്തമായ വാദ-പ്രതിവാദത്തിന്റെ കാലമാണിത്. കല മനുഷ്യ ജീവിതത്തിന്റെ പുരോഗതിയാണ് ലക്ഷ്യം വെക്കേണ്ടത് എന്ന ജീവല്‍ സാഹിത്യ പ്രസ്ഥാനത്തിലൂടെ ഇഎംഎസും മറ്റും മുന്നോട്ടുവച്ച ആശയഗതിയും കല നല്‍കുന്ന ലാവണ്യാനുഭൂതികളുടെ വൈയക്തികാനുഭവങ്ങള്‍ക്കാണ് പ്രാധാന്യം എന്ന് മറുപക്ഷവും കേരളീയ ധൈഷണികതയെ ചലനാത്മകമാക്കിയ ഇക്കാലത്ത്, പക്ഷെ, കലയുടെ വരേണ്യതയെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ ഇളക്കം തട്ടാതെ നിന്നു.

ഏറ്റവും മികച്ചതിനെക്കുറിച്ചുള്ള ധ്യാനാത്മക ധാരണകളും അന്വേഷണവും ആയിട്ടാണ് മാത്യു അര്‍നോള്‍ഡ് സംസ്‌കാരത്തെ കണ്ടത്. ''നാളിതുവരെ പറയപ്പെട്ടതിലും ചിന്തിക്കപ്പെട്ടതിലും വെച്ച് ഏറ്റവും ശ്രേഷ്ഠമായതാണ് സംസ്‌കാരം'' എന്ന അദ്ദേഹത്തിന്റെ നിര്‍വചനമാണ് നമ്മുടെ സാംസ്‌കാരിക ചര്‍ച്ചകളില്‍ കൂടുതല്‍ സ്വീകരിക്കപ്പെട്ടത്. ''മനുഷ്യന്റെ ധാര്‍മികവും ആത്മീകവും ബുദ്ധിപരവുമായ വികാസ രേഖയാണ് സംസ്‌കാരം'' ബുദ്ധിപരവുമായ വികാസരേഖയാണ് സംസ്‌കാരം എന്ന മാക്‌സ് വെബറിന്റെ നിര്‍വചനത്തിനും മേല്‍ക്കൈ ലഭിച്ചു.

സംസ്‌കാരത്തെ വരേണ്യ സംസ്‌കാരം, ജനകീയ സംസ്‌കാരം, മേലാള സംസ്‌കാരം, കീഴാള സംസ്‌കാരം, തൊഴിലാളിവര്‍ഗ സംസ്‌കാരം,മുതലാളിവര്‍ഗ്ഗ സംസ്‌കാരം, സാമാന്യ സംസ്‌കാരം എന്നിങ്ങനെ വേര്‍തിരിക്കാറുണ്ട്. വര്‍ഗ്ഗ വിഭജനത്തിന് മേല്‍ത്തട്ടില്‍ ഉള്ളവരുടെ ജീവിതരീതികളും പ്രവര്‍ത്തന ശൈലികളും ആണ് മേലാള സംസ്‌കാരം, സമൂഹത്തിന്റെ കീഴ്ത്തട്ടിലുള്ള അധ്വാനവര്‍ഗത്തിന്റെ ജീവിതാവസ്ഥയാണ് കീഴാള സംസ്‌കാരം.

ഇത്തരത്തിലുള്ള വളരെ കൃത്യമായ ഒരു വേര്‍തിരിവ് കലാ ചിന്തകളില്‍ ഉണ്ടായിരുന്നു ഉന്നതം - അധമം എന്ന വിപരീതദ്വന്ദചിന്തയാണ് ഇവയില്‍ പ്രാമാണ്യം നേടിയത്. കേരളത്തെ സംബന്ധിച്ചിടത്തോളം സവര്‍ണ്ണതയുമായി ബന്ധപ്പെടുത്തി വരേണ്യം എന്നൊരു പ്രയോഗമാണ് ഉന്നതം എന്നതിനു പകരമായി പ്രീതി പിടിച്ചു പറ്റിയത്. ജന്മിത്വ-ഭൂപ്രഭുത്വ വ്യവസ്ഥിതിയില്‍ നിന്ന് പരിണമിക്കുപ്പെട്ട കേരളീയ നവോത്ഥാന സമൂഹത്തില്‍ കഥകളി തുടങ്ങിയ ക്ലാസിക്കല്‍ കലകളുടെ വരേണ്യത സര്‍വ്വ സ്വീകാര്യമായിരുന്നു. പാണ്ഡിത്യവും അധികാരവും ജന്മസിദ്ധമെന്ന് കരുതപ്പെട്ടതിനാല്‍ വരേണ്യതയുടെ ഈ അധീശത്വം ചുരുക്കമായേ ചോദ്യം ചെയ്യപ്പെട്ടുള്ളു. സ്വാഭാവികമായും സിനിമ എന്ന നവ കലാരൂപത്തെ ഉന്നത കലാരൂപമായി അംഗീകരിക്കുവാന്‍ ഇക്കാലഘട്ടത്തിലെ കേരളീയ ഭൗതീക സമൂഹം വിസമ്മതിച്ചു. എന്നാല്‍, പൊതുമണ്ഡലത്തില്‍ വലിയൊരു മാതൃകാ മാറ്റം സംഭവിക്കുന്നുണ്ടായിരുന്നു. '' മനുഷ്യന്‍ കണ്ടു പിടിച്ചവയില്‍ ഏറ്റവും ജനസമ്മതി ആര്‍ജിച്ച സംസ്‌കാര രൂപമെന്ന് റെയ്മണ്ട് വില്യംസ് ' 1914 ല്‍ സിനിമയെ രേഖപ്പെടുത്തി. എന്നാല്‍, കേരളത്തിലാകട്ടെ ജനകീയ സംസ്‌കാരമെന്നോ ജനകീയ കലയെന്നോ ഉള്ള പരികല്പനകള്‍ ഇക്കാലഘട്ടത്തില്‍ ആലോചന വിഷയമായതേ ഇല്ല. സിനിമയെ ഒരു 'പോപ്പുലര്‍ ആര്‍ട്ട്' എന്ന നിലയില്‍ സമീപിക്കുവാന്‍ അക്കാലത്ത് നിരൂപകര്‍ക്ക് ആര്‍ക്കും കഴിഞ്ഞതുമില്ല. സാഹിത്യ നിരൂപണത്തിന് വരേണ്യ വഴിയായിരുന്നു ചലച്ചിത്ര നിരൂപകരുടെ പടപ്പുറപ്പാട്.

1960 കള്‍ക്ക് ശേഷമാണ് കേരളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ചലച്ചിത്രം നിരൂപണങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതും കോഴിക്കോടന്‍, സിനിക്, നാദിര്‍ഷ തുടങ്ങിയ ചലച്ചിത്ര നിരൂപകര്‍ പ്രാമാണ്യം നേടുന്നതും. പത്തൊമ്പതാം നൂറ്റാണ്ടുകളോടെ സിനിമയെ കച്ചവടം എന്നും കല എന്ന ഈ നിരൂപകര്‍ വേര്‍തിരിക്കുകയും സിനിമയുടെ പൊതുമണ്ഡലത്തില്‍ ആനന്ദോത്മുകമായി അതെങ്ങനെയാണ് സ്വീകരിക്കപ്പെടുന്നത് എന്നിങ്ങനെ പരിഗണിക്കാതിരിക്കുകയും ചെയ്തു. മലയാള പഠനസംഘം പ്രസിദ്ധീകരിച്ച 'സംസ്‌കാരപഠനം ചരിത്രം, സിദ്ധാന്തം,പ്രയോഗം എന്ന സമാഹാരത്തില്‍ സി എസ് വെങ്കിടേശ്വരന്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്, ''സിനിമാസാഹിത്യം മലയാള പാഠങ്ങള്‍ എന്ന പ്രബന്ധത്തില്‍. സി എസ് വെങ്കിടേശ്വരന്‍ കോഴിക്കോടനെ ഇങ്ങനെ ഉദ്ധരിക്കുന്നു ''കള്ളുഷാപ്പിലോ വേശ്യ ഗ്രഹത്തിലോ കയറിയിറങ്ങിയ അനുഭവമാണ് കാഴ്ചക്കാര്‍ക്ക് ആവശ്യമെങ്കില്‍ അതിനു സിനിമ കാണണോ? കാണികള്‍ക്ക് ഇതൊക്കെയാണ് വേണ്ടത്. സ്റ്റണ്ടും, കുളിസീനും, നഗ്നനൃത്തവും, കാമകേളികളും. അതുകൊണ്ട് ഞങ്ങള്‍ അങ്ങനെയുള്ള ചലചിത്രകഥകള്‍ എഴുതിയുണ്ടാക്കി പടം എടുക്കുന്നു, എന്നാണ് നിര്‍മ്മാതാവ് പറയുന്നതെങ്കില്‍ അതിന്റെ പേര്‍ അധികാരമെന്നോ തോന്ന്യവാസം എന്നോ കല്ലുവെച്ച നുണ എന്നോ ആണ്'' (കാഴ്ചക്കാരുടെ ഭാഗത്തുനിന്ന് കോഴിക്കോടന്‍, ചലച്ചിത്രലോകം) അമ്ലരൂക്ഷമായ വിമര്‍ശനപരിഹാസങ്ങള്‍ മാത്രമാണ് ചലച്ചിത്ര നിരൂപകര്‍ കുഞ്ചാക്കോ എന്ന സംവിധായകനു മേല്‍ ചാര്‍ത്തിയത്. പക്ഷേ ജനങ്ങളോ?

അടുത്തലക്കം: ഉദയാസ്റ്റുഡിയോ വരുത്തിയ മാതൃകാമാറ്റം


പ്രഫ. ജോസി ജോസഫ്

പ്രഫ. ജോസി ജോസഫ്

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും. മാധ്യമ പഠന വിഭാഗം വകുപ്പ് അധ്യക്ഷന്‍, സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍, ചങ്ങനാശ്ശേരി.

Next Story

Related Stories