TopTop
Begin typing your search above and press return to search.

ഉദയാസ്റ്റുഡിയോ വരുത്തിയ മാതൃകാമാറ്റം

ഉദയാസ്റ്റുഡിയോ വരുത്തിയ മാതൃകാമാറ്റം

മലയാള സിനിമയുടെ പ്രാരംഭ ചരിത്രത്തില്‍ അസാധാരണ വിജയം നേടിയ ചിത്രമാണ് കെആന്‍ഡ്‌കെ പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച 'ജീവിതനൗക' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 1951 ഏപ്രില്‍ എട്ടാം തീയതിയിലെ ലക്കത്തില്‍ സിനിമയ്ക്ക് എഴുതിയ വിശദമായ നിരൂപണം ഇങ്ങനെയാണ് ആരംഭിക്കുന്നത്; ''ജീവിതനൗക കവിതയും വേദാന്തവും ഉള്‍ക്കൊള്ളുന്ന ഒരു പേരാണ്, കെആന്‍ഡ്‌കെ പ്രൊഡക്ഷന്‍സ് ഉദയാ സ്റ്റുഡിയോയില്‍ വെച്ച് നിര്‍മ്മിച്ച അവരുടെ രണ്ടാമത്തെ മലയാള ചിത്രത്തിനു നല്‍കിയിട്ടുള്ളത്. ഈ ചിത്രത്തെ എത്രമാത്രം ആശയോടും ആഹ്ലാദത്തോടും ആണ് ഇവിടുത്തുകാര്‍ സ്വീകരിച്ചു പോകുന്നത് എന്ന് ഉച്ച മുതല്‍ രാത്രി വരെ കോറണേഷന്‍ ടോക്കീസിനു മുന്‍പില്‍ സോത്സാഹം ക്യു ആയി അണിനിരക്കുന്ന ജനാവലിയെ നോക്കിയാല്‍ മനസ്സിലാക്കാം''. കലയെ സംബന്ധിച്ചുള്ള ഉന്നത - അധമ ദര്‍ശനം ആഴത്തില്‍ വേരോടി ഇരിന്ന അക്കാലത്ത്, കവിതയുടെയും വേദാന്തത്തിന്റെയും ഗുണമേന്മകളുടെ മാനദണ്ഡങ്ങള്‍ വെച്ചാണ് സിനിമ നിരൂപണം ചെയ്യപ്പെട്ടത് എന്നതാണ് യാഥാര്‍ത്ഥ്യം. ഈ ലാവണ്യ-ദാര്‍ശനീക തലങ്ങളിലേക്ക് ഉയരാത്തതുകൊണ്ട്, സിനിമ അധമകലയായി തന്നെ വിലയിരുത്തപ്പെട്ടു. ''സിനിമ എന്നുപറഞ്ഞാല്‍ 'നാരീസ്തന ഭരനാഭീദേശ' വിശേഷങ്ങള്‍ എന്നു ധരിച്ചുവശായ വായനക്കാരനുണ്ടോ കലാ വിമര്‍ശനാവേശം! ...ക്ലാസിക്കുകളുടെ മദ്യത്തില്‍ വിഹരിക്കുകയും ക്ലാസിക്കുകളുടെ സൗന്ദര്യത്തില്‍ അഭിരമിക്കുകയും ചെയ്യുന്ന ഒരു മനസ്സിന് മലയാളചിത്രങ്ങളില്‍ വളരെ കുറച്ചെണ്ണത്തോട് മാത്രമേ മമത തോന്നുകയുള്ളൂ എന്ന സത്യം അംഗീകരിക്കുക തന്നെ വേണം.'' എന്ന പ്രശസ്ത സാഹിത്യ നിരൂപകനായ എസ് ഗുപ്തന്‍ നായര്‍ (സി.എസ് വെങ്കിടേശ്വരന്‍, സിനിമ സാഹിത്യം: മലയാള പാഠങ്ങള്‍ എന്ന ലേഖനത്തില്‍ ഉദ്ധരിക്കുന്നത്)

ബോക്‌സോഫീസില്‍ വിജയിക്കുന്ന സിനിമകളോടുള്ള ഈ നിരൂപക അപ്രിയം മലയാളത്തിലെ മാത്രം സ്ഥിതിയായിരുന്നില്ല. പ്രാരംഭകാല ഇന്ത്യന്‍ സിനിമകളെ കുറിച്ചുള്ള ആധികാരികമായ ഒരു ഗ്രന്ഥമാണ് Firoze Rangoon walla രചിച്ച Indian Cinema - Past and Present. (Clarion Books, 1983) 1940 കളിലെ ഇന്ത്യന്‍ സിനിമയുടെ ചരിത്ര വിശകലനം അദ്ദേഹം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: Thus the nineteen- forties, a period of strange vicissitudes for the indian film, came to an end. From a high finnale of serious, significant cinema, even if with in a popular national and limitted range, The film by and large came down to the level of a mass entertainer that did its job by hook or by look.''

''വളരെ പെട്ടെന്ന് തന്നെ ഏതൊരാള്‍ക്കും മനസ്സിലാക്കുവാന്‍ കഴിയുന്ന ഒരു ശത്രുതാ മനോഭാവം ഈ നിരൂപക നിലപാടുകളില്‍ എല്ലാമുണ്ട്. ഇതിലാരെയും കുറ്റം പറയാന്‍ കഴിയില്ല എന്നതാണ് സത്യം. കാരണം, കലയുടെ ജനപ്രിയതയെ കുറിച്ചും ജനപ്രിയ കലകളുടെ കലാത്മകതയെക്കുറിച്ചുള്ള സൈദ്ധാന്തിക നിലപാടുകള്‍ ഇക്കാലത്ത് പ്രചാരം ആര്‍ജിച്ചിരുന്നില്ല. സാധാരണ ജനങ്ങള്‍ ആഘോഷിക്കുന്നത് എന്തും ജനപ്രിയസംസ്‌കാരത്തിന്റെ കണക്കില്‍പ്പെടും എന്ന് ചിന്ത പ്രബലമാകുന്നത് ആധുനികതയുടെ സുവര്‍ണ്ണ കാലത്തിനുശേഷമാണ്.

മാത്യു ആര്‍നോള്‍ഡിന്റെ culture and Anarchy എന്ന പുസ്തകത്തില്‍, അദ്ദേഹം സംസ്‌കാരത്തെയും അരാജകത്തത്തെയും നിര്‍വചിക്കുമ്പോള്‍, അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന് നീചമായ അഭിരുചികള്‍ സംസ്‌കാരത്തിന്റെ വരേണ്യ നന്മകളെയൊക്കെ നശിപ്പിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ''മനുഷ്യന്റെ ബുദ്ധിയുടെയും സാമൂഹിക ബോധത്തിന്റയും ആകെ തുകയാണ് സംസ്‌കാരം'' എന്ന് മാത്യു ആര്‍നോള്‍ഡ് നിര്‍വചിച്ചപ്പോള്‍, മനുഷ്യരെ അദ്ദേഹം ഉന്നത അധമ വര്‍ഗ്ഗങ്ങളായി കണ്ടിരുന്നു. മാത്യു ആര്‍നോള്‍ഡിന്റെ ഈ ഉന്നതകലാ സങ്കല്‍പത്തിനായിരുന്നു അക്കാലത്ത് മലയാള സാഹിത്യ നായകന്മാര്‍ക്കിടയില്‍ പ്രചാരം ഉണ്ടായിരുന്നത്. സാഹിത്യ നിരൂപണത്തിന്റെ വഴി പിന്തുടര്‍ന്ന് മലയാള നിരൂപകരും കലയുടെ വരേണ്യ പക്ഷത്തു തന്നെയാണ് നിലയുറപ്പിച്ചത്.'' മായം ചേര്‍ത്ത ഉല്പന്നങ്ങള്‍ വില്ക്കുന്ന കച്ചവടക്കാരോടുള്ള അതേ വികാരം തന്നെയാണ് മസാല പടങ്ങള്‍ പടച്ചിറക്കുന്ന നിര്‍മ്മാതാക്കളും ഞങ്ങള്‍ക്കുള്ളത്. ഇവരോട് സന്ധിസംഭാഷണത്തിനോ വിട്ടുവീഴ്ചയ്‌ക്കോ ഞങ്ങളില്ല. വേണമെങ്കില്‍ ഒറ്റക്കെട്ടായി നിന്ന് ബഹിഷ്‌കരിക്കുക തന്നെ ചെയ്യും.'' എന്ന കോഴിക്കോടന്റെ വാക്കുകള്‍ ഈ തീഷ്ണത കൃത്യമായും പ്രകടിപ്പിക്കുന്നുണ്ട്.

എന്നാല്‍ ഈ നിരൂപക ധര്‍ഷ്ട്യത്തെ എതിരിടാന്‍ പോകുന്ന സംരംഭക ധാര്‍ഷ്ട്യം കുഞ്ചാക്കോയ്ക്ക് ഉണ്ടായിരുന്നു. മലയാളികള്‍ അല്ലാത്ത സംവിധായകരെ ആശ്രയിച്ച് തന്റെ മലയാള സിനിമാ നിര്‍മാണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ കുഞ്ചാക്കോ, ലാഭകരമായ ഒരു തീരുമാനം എന്ന നിലയില്‍ തന്നെയായിരിക്കും സംവിധായകനാകാന്‍ തീരുമാനിക്കുന്നത്.

സ്റ്റുഡിയോയുടെ തുടക്കകാലത്ത് ഉണ്ടായ സാമ്പത്തികവും നിയമപരവുമായ പ്രശ്‌നങ്ങളൊക്കെ സഹോദരന്‍ അപ്പച്ചന്‍ പരിഹരിക്കുകയും സ്റ്റുഡിയോ നടത്തിപ്പില്‍ തനിക്കുള്ള വൈഭവം തെളിയിക്കുകയും ചെയ്തതോടെ, സംവിധായകനായി മാറാനുള്ള തീരുമാനം അനായാസം എടുക്കുവാന്‍ കുഞ്ചാക്കോയ്ക്ക് കഴിഞ്ഞിരിക്കാം. സംവിധായകന്‍ എന്ന നിലയിലുള്ള തന്റെ പരിമിതികളെ അതിജീവിക്കുവാനുള്ള ശേഷിയും തുടര്‍ന്ന് അദ്ദേഹം പ്രകടിപ്പിച്ചു.

ഒരു ചലച്ചിത്ര സംവിധായകന്‍ എന്ന നിലയില്‍ കുഞ്ചാക്കോയെ വിലയിരുത്തുമ്പോള്‍, ഒരു 'Author' എന്ന പരികല്‍പ്പന നാം സ്വീകരിക്കേണ്ടതില്ല ഒരു വ്യക്തിയുടെ ഉന്നത കലാസൃഷ്ടികള്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പരിഗണിക്കേണ്ടതുതില്ല. എന്നാല്‍, മലയാള സിനിമയില്‍ ജനപ്രിയ സംസ്‌കാരത്തിന്റെ ധാരയ്്ക്ക് അടിത്തറ പാകിയത് അതിന്റെ സാധ്യതകളെ പാകിയതും, നിരന്തരം പരിഷ്‌കരിച്ചതും അദ്ദേഹമാണ്. കുഞ്ചാക്കോയുടെ ഈ വിധമുള്ള സംഭാവനകളെ പരിഗണിച്ചുകൊണ്ടുള്ള പുതിയ നിരൂപണ സാധ്യതകളിലേക്ക് ആധുനികാനന്തര നിരൂപകര്‍ വിരല്‍ചൂണ്ടി കഴിഞ്ഞിരിക്കുന്നു.'ജനപ്രിയസംസ്‌കാരം - ചരിത്രവും സിദ്ധാന്തവും എന്ന പുസ്തകത്തില്‍ ഷാജി ജേക്കബ് എഴുതുന്നു: ''സിനിമ എന്ന കലയും വ്യവസായവും സമൂഹത്തില്‍ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ സംസ്‌കാരത്തിന്റെ(massculture) ഭാഗമായി അദ്ദേഹം(കുഞ്ചാക്കോ) കണ്ടു എന്നത് അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഉന്നയിക്കപ്പെട്ട വസ്തുതയായി ഞാന്‍ കാണുന്നു.''

കുഞ്ചാക്കോയുടെ നേതൃത്വത്തില്‍ 75 സിനിമകളാണ് ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിക്കപ്പെട്ടത്. അതില്‍ 40 സിനിമകള്‍ സംവിധാനം നിര്‍വ്വഹിച്ചത് കുഞ്ചാക്കോ ആണ്. മലയാള സിനിമ ചരിത്രത്തില്‍ കുഞ്ചാക്കോ ഒരു മാതൃക മാറ്റത്തിന്, ഉദയാ സ്റ്റുഡിയോയുടെ നിമിത്തമായി തീര്‍ന്നു എന്ന് ഇനിയെങ്കിലും നാം ഉറപ്പോടെ പറയേണ്ടതുണ്ട്. ''അനേകം അവഹേളനങ്ങള്‍ തട്ടിയാല്‍ മാത്രമേ നിങ്ങള്‍ക്ക് അഭിനന്ദനങ്ങളുടെ പടവുകള്‍ കയറാന്‍ കഴിയൂ'' എന്ന് സ്വാമി വിവേകാനന്ദന്‍. ജീവിതകാലം മുഴുവനും അതിനുശേഷം കുഞ്ചാക്കോ ധാരാളം പഴികള്‍ കേട്ടു ഇനി നമുക്ക് അദ്ദേഹത്തിന്റെ സംഭാവനകളെ പുനര്‍ വായിക്കേണ്ട സമയമാണ് അങ്ങനെ നമുക്ക് ചരിത്രത്തോട് നീതി പുലര്‍ത്താം. റെയ്മണ്ട് വില്യംസിന്റ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാല്‍ ആശയങ്ങളുടെയും സങ്കല്പങ്ങളുടെയും ലോകമാണ് സംസ്‌കാരം. സാഹിത്യം തുടങ്ങി എല്ലാ കലകളുടെയും ആധാരം സംസ്‌കാരമാണ്.

യഥാര്‍ത്ഥ വാദം സാമൂഹിക ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അതുപോലെ കലയില്‍ നിഴലിക്കും എന്നതാണല്ലോ എന്നാല്‍, കലയും സാഹിത്യവും സാമൂഹിക യാഥാര്‍ഥ്യങ്ങളെ കണ്ണാടിയില്‍ എന്ന വിധം പ്രതിഫലിപ്പിക്കുക അല്ല ചെയ്യുന്നത്. കലയുടെ സ്വതന്ത്രമായ അസ്ഥിത്വത്തെ റിയലിസവും സോഷ്യലിസ്റ്റ് റിയലിസവും പരിഗണിച്ചില്ല. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങളും സംസ്‌കാരത്തിനകത്ത് ഉള്‍ക്കൊള്ളുന്നു. മനുഷ്യന്‍ ഉല്‍പാദന പ്രത്യുല്പാദന വ്യവസ്ഥകളെ അപ്പാടെ ഉള്‍ക്കൊള്ളുന്നതാണ് സംസ്‌കാരം. (സംസ്‌കാര നിര്‍മ്മിതി 2017)

1950 -60 കാലഘട്ടത്തിലെ ജനപ്രിയ മലയാള സിനിമകളെ കുറിച്ചുള്ള നിരൂപകരുടെ പ്രധാന പരാതി അവ ഒട്ടും റിയലിസ്റ്റിക് ആയിരുന്നില്ല എന്നതാണ്. എന്നാല്‍, കഥാവ്യാഖ്യാനത്തിന് അവ സ്വീകരിച്ച സങ്കേതങ്ങള്‍ അവരുടെ സാങ്കേതികത ഒഴികെ ജനകീയ സംസ്‌കാരത്തില്‍ നിന്ന് സ്വീകരിച്ചവരാണ് പാട്ടുകള്‍,നൃത്തങ്ങള്‍, ബാലേ രൂപേണയുള്ള അന്തര്‍നാടകങ്ങള്‍, പുരാണേതിഹാസങ്ങള്‍,ഐതിഹ്യങ്ങള്‍,നാടോടി നാടകങ്ങളില്‍ എന്നപോലെയുള്ള വിദൂഷകപ്പൊലിമകള്‍, കയ്യാങ്കളികള്‍ എന്നുവേണ്ട നാട്ടു വഴക്കങ്ങളുടെ ധാരാളിത്തമാണ് നാം, അധമകലയെന്ന് അധിക്ഷേപിക്കപ്പെട്ട, ജനപ്രിയ സിനിമകളില്‍ കണ്ടത്. അസ്സലൊരു ഉത്സവപ്പറമ്പ്. തിയേറ്റര്‍ എന്ന പൊതുമണ്ഡലത്തെ സാര്‍വജനികമാക്കി തീര്‍ത്ത ഈ ഉത്സവവേളകളില്‍ അധമകലയുടെ ചാപ്പകുറ്റി മാറ്റിനിര്‍ത്തിയ വരേണ്യതയുടെ കാലം കഴിഞ്ഞിരിക്കുന്നു. ഉദയാ സ്റ്റുഡിയോ വരുത്തിയ മാതൃക മാറ്റം എന്താണെന്ന് ഉദയാ സ്റ്റുഡിയോ അവതരിപ്പിച്ച ചലച്ചിത്രങ്ങളെ ആധാരമാക്കി വിശദീകരിക്കുവാന്‍ ശ്രമിക്കുകയാണ് ഇനി.

അടുത്ത ലക്കം : കഥയുടെ തെരഞ്ഞെടുപ്പുകള്‍


പ്രഫ. ജോസി ജോസഫ്

പ്രഫ. ജോസി ജോസഫ്

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും. മാധ്യമ പഠന വിഭാഗം വകുപ്പ് അധ്യക്ഷന്‍, സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍, ചങ്ങനാശ്ശേരി.

Next Story

Related Stories