TopTop
Begin typing your search above and press return to search.

'ഭക്ഷണമുണ്ടു ഛര്‍ദിവരുമാ റെര്‍ണാകുളം ഹോട്ടലില്‍'; ചില ഭക്ഷണ സാഹിത്യ വിചാരങ്ങള്‍....

ഭക്ഷണമുണ്ടു ഛര്‍ദിവരുമാ റെര്‍ണാകുളം ഹോട്ടലില്‍;  ചില ഭക്ഷണ സാഹിത്യ വിചാരങ്ങള്‍....

ഭക്ഷണ സാഹിത്യമോ? അത്തരമൊരു സാഹിത്യമുണ്ടോയെന്ന ശങ്ക പലര്‍ക്കും തോന്നാം. കഥയും കവിതയും ലേഖനവും ഒക്കെപ്പോലെയുള്ള ഒരു പ്രസ്ഥാന സാഹിത്യം. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നിയേക്കാം. പാചകകലയെക്കുറിച്ചുള്ള എഴുത്തുകളൊക്കെ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. അത് പാചകക്കൂട്ടുകളെ കുറിച്ചുള്ളതാണ്. ഭക്ഷണ സാഹിത്യത്തില്‍ പാചകകലയ്ക്കു അനിക്ഷേധ്യമായ സ്ഥാനമാണ് ഉള്ളത്. എന്നാല്‍ ഭക്ഷണത്തെ പ്രമേയമാക്കിക്കൊണ്ടുള്ള കവനങ്ങളും എഴുത്തുകളും? ഒരുകാലത്ത് കേരളത്തില്‍ അത്തരം എഴുത്തുകള്‍ പലരൂപത്തില്‍ പ്രചുരപ്രചാരം നേടിയിരുന്നു.

എറണാകുളത്തെ ഒരു ഹോട്ടലിലെ ഭക്ഷണത്തെ കുറിച്ച് ഒടുവില്‍ കുഞ്ഞുകൃഷ്ണമേനോന്‍ എഴുതിയ കവിത തന്നെ അതിനു നല്ല ഉദാഹരണം. ഛര്‍ദ്ദിവരുന്ന ഹോട്ടലൂണിനെക്കുറിച്ചുള്ള കവിത. മലയാള മനോരമയില്‍ അത് പ്രസിദ്ധം ചെയ്യുകയും ചെയ്തു. വളരെ സരമാണ് അതിലെ വര്‍ണ്ണന. കാണുക:

''എട്ടാണ്ടെത്തിയമോരുമെന്റെ ശിവനേ

ചുണ്ണാമ്പുചോറും പുഴു

ക്കൂട്ടംതത്തിടുമുപ്പിലിട്ടതുകളുമഹോ

കൈപ്പേറുമുപ്പേരിയും

പൊട്ടച്ചക്കയില്‍ മോരൊഴിച്ചുവഷളാക്കി

ത്തീര്‍ത്തകുട്ടാനുമീ-

മട്ടില്‍ ഭക്ഷണമുണ്ടു ഛര്‍ദിവരുമാ

റെര്‍ണാകുളം ഹോട്ടലില്‍.''

പക്ഷെ പില്‍ക്കാലത്ത് ഇത്തരം സാഹിത്യം നന്നെ ശോഷിച്ചുപോയി എന്നു പറയാം. ഭക്ഷണ സാഹിത്യത്തില്‍ ഏറ്റവും അധികം സംഭാവന ചെയ്ത ഭാഷാകവി കുഞ്ചന്‍ നമ്പ്യാരാകുന്നു. ഹൃദ്യങ്ങളും സരസങ്ങളുമായ ഭക്ഷണവര്‍ണനകള്‍ അദ്ദേഹത്തിന്റെ രചനകളില്‍ എമ്പാടും കാണാം. മലയാളിയുടെ പ്രീയഭക്ഷണമായ പഴങ്കഞ്ഞിയുടെ ഔഷധഗുണവും ശീതസ്വഭാവവും സ്വാദും കുഞ്ചന്‍ നമ്പ്യാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതു കാണുക:

''എന്തോടോ കൂവേ പഴങ്കഞ്ഞിയെക്കാട്ടി-

ലെന്തുവിശേഷമമൃതിന്നു ചൊല്ലെടോ''

ഭക്ഷണത്തെ ഏറ്റവും സരസമായി വര്‍ണിയ്ക്കുന്നത് ചാക്യാര്‍മാരാണ്. കൂത്തിലെ സരസമായ പ്രതിപാദന വിഷയമാകുന്നു ഭക്ഷണം. ചാക്യാന്മാര്‍ ധാരമുറിയാതെ ശ്ലോകങ്ങള്‍ ചൊല്ലി സദ്യയുടെ ഒരുക്കങ്ങള്‍ തുടങ്ങിവര്‍ണിക്കുന്നത് കാണാം. സദ്യയുടെ വിഭവങ്ങള്‍ അനുഭവ രസികത്വത്തോടെ അവതരിപ്പിക്കുകയും ചെയ്യും. ഭാഷാപിതാവായ എഴുത്തച്ഛനും കൃഷ്ണഗാഥാകാരനായ ചെറുശ്ശേരിയും ഭക്ഷണചിത്രീകരണത്തില്‍ അത്ര താല്‍പ്പരരായിരുന്നില്ലെന്നു തോന്നുന്നു. ഭക്ഷണ വിധികള്‍ മുന്നു വിധമുണ്ടെന്ന് എഴുത്തച്ഛന്‍ എഴുതിയിട്ടുമുണ്ട്.

''ഉത്തമാശനം മാംസോത്തരമെന്നറിഞ്ഞാലും

മധ്യമാശനമല്ലോ ഗോരസോത്തമം നൂനം

അധമാശനം ലവണോത്തരമേവംമൂന്നു-

വിധമായുള്ളു ഭൂവി ഭോജനം...''

പഴയകാല ആനുകാലികങ്ങളില്‍ പലവയും ഭക്ഷണ സാഹിത്യത്തിനായി നല്ല പങ്ക് ഇടം നീക്കിവെച്ചിരുന്ന കാര്യം മാധ്യമ ഗവേഷകനും എഴുത്തുകാരനുമായ ജി. പ്രീയദര്‍ശനന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭക്ഷണവര്‍ണന ആയിരുന്നു 1891 ജൂണ്‍ 6 ലക്കം മലയാളമനോരമയിലെ കവിതാപംക്തിയില്‍ മുഖ്യഇനം. ''കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കുട്ടിക്കുഞ്ഞു തങ്കച്ചി, ഒറവങ്കര, കട്ടക്കയം, ഒടുവില്‍ തുടങ്ങി കളികേട്ട കേരളകവികളുടെ ഓരോ ഭക്ഷണവര്‍ണനകള്‍ ആയിരുന്നു അതിലെ ഉള്ളടക്കം. ഇരുപത്തിയേഴ് കവികള്‍ പങ്കെടുത്തു. പത്രാധിപര്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിള രണ്ടു വര്‍ണനകള്‍ കാഴ്ചവച്ചു.'' മത്സ്യാഹാര വര്‍ണനയും സസ്യാഹാര വര്‍ണ്ണനയും. കാണുക:

''ആട്ടിറച്ചി അഴകോടുവെച്ചുന-

ല്ലിഷ്ടുവാക്കിയതിലിഷ്ടരൊത്തുടന്‍

റൊട്ടിമുക്കിയശനത്തിനുള്ളൊരാ-

തുഷ്ടിവാസവനുമൊട്ടറിഞ്ഞിതോ.''

ഇനി സസ്യാഹാര വര്‍ണ്ണന

''കൊഴുത്തെഴും പാനിയുറച്ചതെരൊടു

പഴുത്ത പുവന്‍പഴവും പതുക്കവെ

കുഴച്ചുനല്‍ചോറ്റിലൊരിക്കലെങ്കിലും

കഴിച്ചവന്‍ പിന്നതൊഴിച്ചിരിക്കുമോ''

അവലംബം:

1. പഴമയിലെ പുതുമകള്‍-ജി. പ്രീയദര്‍ശനന്‍, കേരള സാഹിത്യ അക്കാദമി, തൃശൂര്‍

2. മലയാള സംസ്‌കാരം കാഴ്ചയും കാഴ്ചപ്പാടും, ഡോ. എന്‍. അജിത് കുമാര്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം


Next Story

Related Stories