TopTop
Begin typing your search above and press return to search.

സൗമിത്ര ചാറ്റര്‍ജി: ബുദ്ധിജീവിയും കവിയുമായിരുന്ന നടന്‍

സൗമിത്ര ചാറ്റര്‍ജി: ബുദ്ധിജീവിയും കവിയുമായിരുന്ന നടന്‍

രണ്ടുതരം നടന്മാരുണ്ടെന്നാണ്, സാധാരണ പറയാറ്. ഒന്ന് ജന്മനാ നടന്‍. രണ്ട്, പരിശീലനം കൊണ്ട് നടനായ ആള്‍. രണ്ടും സമന്വയിച്ച ഉജ്വല നടനായിരുന്നു കഴിഞ്ഞ നവംബറില്‍ അന്തരിച്ച സൗമിത്ര ചാറ്റര്‍ജി. ഇന്ത്യന്‍ സിനിമയ്ക്കും, വിശിഷ്യാ ബംഗാളി സിനിമയ്ക്കും കനത്ത നഷ്ടമായിരുന്നു സൗമിത്ര ചാറ്റര്‍ജിയുടെ വിയോഗം.

സൗമിത്ര, കേവലം ഒരു നടന്‍ മാത്രമായിരുന്നില്ല. നാടകൃത്തും, സംവിധായകനും കവിയുമായിരുന്നു. ഇന്ത്യന്‍ സിനിമയിലെ അതികായനായ സത്യജിത് റേയ്ക്ക് ഏറ്റവും പ്രിയങ്കരനായ നടനായിരുന്നു, സൗമിത്ര. റേയുടെ പതിനാല് സിനിമകളില്‍ അദ്ദേഹം പകര്‍ന്നാടിയ കഥാപാത്രങ്ങളെല്ലാം എല്ലാം ഒന്നിനൊന്ന് മെച്ചം. ഒന്നിനൊന്ന് വ്യത്യസ്തം. .

1935 ജനുവരി 19ന് കൊല്‍ക്കത്ത സിയാല്‍ ദാ റെയില്‍വേ സ്റ്റേഷനടുത്തുള്ള മിജാപ്പൂര്‍ സ്ട്രീറ്റിലായിരുന്നു സൗമിത്രയുടെ ജനനം. ഹൗറ ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൊല്‍ക്കത്താ സിറ്റി കോളേജില്‍ ബിരുദപഠനം. കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ നിന്ന് ബംഗാളി സാഹിത്യത്തില്‍ എംഎ.

പഠിക്കുന്ന കാലത്ത് തന്നെ നാടകത്തില്‍ സജീവമായിരുന്നു, സൗമിത്ര. പ്രസിദ്ധ തീയേറ്റര്‍ പ്രതിഭ മൃത്യൂഞ്ജയ് സില്‍ലിമിന്റെ സൗഹൃദമാണ്, അദ്ദേഹത്തെ നാടക രംഗത്ത് എത്തിച്ചത്. ബംഗാളി നാടക വേദിയിലെ അഹിന്ദ്ര ചൗധരിക്കു കീഴില്‍ നാടക പരിശീലനം നേടി. ദ്വിജേന്ദ്ര റായി വല്ലാതെ സ്വാധീനിച്ചു. ആകാശവാണിയില്‍ അനൗണ്‍സറായിട്ടായിരുന്നു, ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് നാടകത്തിലും സിനിമയിലും പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ചു.

സത്യജിത് റേയുമായുള്ള സൗഹൃദ ബന്ധമാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. 1956 ല്‍ റേ 'അപാരിജിതോ' എടുക്കുമ്പോള്‍ പുതുമുഖങ്ങളെ അന്വേഷിച്ചിരുന്നു. സൗമിത്ര, റേയുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന് അന്ന് ഇരുപത് വയസു പ്രായം. കോളേജ് പഠനം പൂര്‍ത്തീകരിച്ചതേയുള്ളു. പ്രായക്കൂടുതല്‍ മൂലം ആ പദ്ധതി നടന്നില്ല. റേ 'ജല്‍സാ ഘര്‍' എടുക്കുമ്പോള്‍ സൗമിത്ര ഷൂട്ടിംഗ് കാണാന്‍ പോയി. അവിടെ വച്ച് റേ, ചബ്ബി ബിശ്വാസിനെ സൗമിത്രയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ''ഇതാണ് എന്റെ പുതിയ സിനിമയായ 'അപൂര്‍ സന്‍സാറി'ലെ നായകനായ സൗമിത്ര ചതോപാധ്യായ''. സൗമിത്ര ഞെട്ടിപ്പോയി. 1958 ആഗസ്റ്റ് 9-ാം തീയതി ആദ്യഷോട്ട് ഒറ്റടേക്കില്‍ ഓക്കെയായി. അത്ഭുതങ്ങള്‍ സംഭവിക്കുകയായിരുന്നു. അതു തുടര്‍ന്നു. റേയുടെ പതിനാല് ചിത്രങ്ങള്‍. വിഭിന്നകഥാപാത്രങ്ങള്‍. എല്ലാം, ഗംഭീരം. കുറസോവയ്ക്ക് ഷിഫൂണ്‍ പോലെ , ഫെല്ലിനിക് മാസ്ട്രോണി പോലെ, റേയ്ക്ക് സൗമിത്ര. സൗമിത്രയെ മനസില്‍ കണ്ടാണത്രെ, സത്യജിത് റേ പല തിരക്കഥകളും രചിച്ചത്.

അപുര്‍ സന്‍സാറില്‍ വിവാഹിതരായ ശേഷം പുതിയ ജീവിതമാരംഭിക്കുന്നതിനായി കൊല്‍ക്കത്തയിലെത്തുന്ന അപുവും അപര്‍ണയും വളരെയധികം കഷ്ടപ്പാടുകള്‍ സഹിച്ചാണ് ജീവിതം തള്ളിനീക്കിയിരുന്നത്. അപുവിന് ശരിയായ ജോലിയില്ല. കൃത്യമായ വരുമാനമില്ല. ദാരിദ്ര്യം കൊണ്ട് അവര്‍ വീര്‍പ്പുമുട്ടുന്നു. കവിയും സ്വപനജീവിയുമാണ് അപു. യുവാവായ ടാഗൂറിനെ അനുസ്മരിക്കുന്ന രൂപം. താടിവച്ച, മെലിഞ്ഞ അപു. ട്യൂഷനെടുത്താണ് അവര്‍ ഉപജീവനം കഴിക്കുന്നത്.

ഒരു ദിവസം അപു, അപര്‍ണയോട് ചോദിച്ചു. ''ഭര്‍ത്താവ് ദരിദ്രനായതില്‍ നിനക്ക് സങ്കടമുണ്ടോ?''. അവള്‍ വിളറിയ ഒരു ചിരിചിരിച്ചു.

അപു: ''നീ ചിരിക്കുകയാണോ?''

''അല്ല, കരയുകയാണ്''. അപര്‍ണ പരിഹസിച്ചു.

അപു ഉടനെ പുറത്തിറങ്ങാന്‍ തുടങ്ങുന്നു

''എവിടെ പോകുന്നു?'' - അപര്‍ണ.

'' ഒരു വേലക്കാരിയെ അന്വേഷിച്ച്'' - അപു

''അവര്‍ക്ക് ശമ്പളം ആരുകൊടുക്കും''?

''ഞാന്‍ കൂടുതല്‍ ട്യൂഷനെടുക്കും'' - അപു.

''എന്നാല്‍, എന്നെ എന്റെ വീട്ടില്‍ കൊണ്ടുപോയാക്ക്'' അപര്‍ണ പരിഭവിച്ചു.

അപു മടങ്ങി വന്നു: ''എന്തിന്?''

''രാത്രി വൈകി വന്നാല്‍ എനിക്ക് സഹിക്കാനാകില്ല''

''പിന്നെ ഞാനെന്തുചെയ്യും?''

അപു മുഖം വീര്‍പ്പിച്ചിരിക്കുന്നു. അപര്‍ണ അപുവിനോട് ചേര്‍ന്നിരുന്നുകൊണ്ട് തോളില്‍ തലചായ്ക്കുന്നു. എന്നിട്ട് അനുരാഗവിവശയായി പറഞ്ഞു.

''ഇവിടത്തെ കുട്ടിക്ക് മാത്രം ട്യൂഷനെടുത്താല്‍ മതി''

വികാരതീവ്രമായ ഈ അസുലഭ പ്രണയരംഗം അഭിനയചക്രവര്‍ത്തിയായ സൗമിത്ര ചാറ്റര്‍ജിയും അഭിനയ പ്രതിഭയായ ഷര്‍മ്മിള ടാഗൂറും അനശ്വരമാക്കി.

അപുര്‍ സന്‍സാറിന് ശേഷം റേയുടെ അഭിജാന്‍, ചാരുലത, ആരണ്യേര്‍ ദിന്‍ രാത്രി, അശനി സങ്കേത്, സൊനാര്‍ കെല്ല, ജയ്ബാബ ഫേലുനാഥ്, ഫിറക് രാജന്‍ ദേശ്, ഖരേ ബയ്റേ, ശാഖ പ്രശാഖ്, ഗണശത്രു എന്നീ ചിത്രങ്ങളിലും സൗമിത്ര കസറി.

റേയുടെ സമകാലിനനായിരുന്ന മൃണാള്‍ സെന്‍, അജീയ് കാര്‍, തരുണ്‍ മജൂദാര്‍, തപന്‍ സിന്‍ഹ എന്നിവരുടെ ചിത്രങ്ങളിലും, പുതിയ തലമുറയിലെ ഗൗതംഘോഷ്, അപര്‍ണാ സെന്‍, ഋതുപര്‍ണോ ഘോഷ് എന്നിവരുടെ ചിത്രങ്ങളിലും സൗമിത്ര തിളങ്ങി. ഇരൂന്നൂറിലേറെ ചിത്രങ്ങളിലും നിരവധി ടെലിവിഷന്‍ സീരിയലുകളിലും സൗമിത്ര തകര്‍ത്തഭിനയിച്ചു.

1978ല്‍ സിനിമയിലെ തിരക്കുകള്‍ക്കിടയിലും സൗമിത്ര നാടകത്തില്‍ തിരിച്ചെത്തി. നാം ജീബന്‍, രാജ്കുമാര്‍, ഫേര, നീല്‍കണ്ഠ, ഘട്ടക് ബിഡോ, ന്യായമൂര്‍ത്തി, തിക് തികി എന്നീങ്ങനെ എത്രയോ നാടകങ്ങള്‍. സുമന്‍ മുഖോപാധ്യായ സംവിധാനം ചെയ്ത, ഷേക്‌സ്പിയറിന്റെ 'കിംഗ് ലിയര്‍' നടകത്തില്‍ ലിയര്‍ രാജാവായി സൗമിത്ര ശോഭിച്ചു. ഇത് നാടകരംഗത്ത് അദ്ദേഹത്തിന് വമ്പിച്ച പ്രശസ്തി നേടിക്കൊടുത്തു. തീയേറ്റര്‍ സൗമിത്രയ്ക്ക് എന്നും ഒരു അഭിനിവേശമായിരുന്നു.

1992 ല്‍ റേ മരിച്ചപ്പോള്‍, സൗമിത്ര ഒരു അഭിമുഖത്തില്‍ വിലപിച്ചു. ''ഒരു ദിവസം പോലും റേയെ ഓര്‍ക്കാതെയോ റേയെപ്പറ്റി ചര്‍ച്ച ചെയ്യാതെയോ കടന്നുപോയിട്ടില്ല. റേ എന്റെ ജീവിതത്തിലെ നിതാന്ത സാന്നിധ്യമായിരുന്നു''. ശരിയാണ്. ഹോളിവുഡ് സിനിമകള്‍ കാണിച്ചും, സിനിമയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ സമ്മാനിച്ചും, സിനിമയെക്കുറിച്ച് സംസാരിച്ചും. പരിശീലിപ്പിച്ച്, റേ സൗമിത്ര എന്ന അതുല്യ നടനെ സൃഷ്ടിച്ചു.

സത്യജിത് റേയുടെ ജീവചരിത്രകാരിയും പ്രശസ്ത സിനിമാ നിരൂപകയുമായ മേരി സേറ്റന്‍ അഭിമുഖം നടത്തിയപ്പോള്‍ സൗമിത്ര ഹൃദയം തുറന്നു. ''റേ എന്നോട് അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അന്തംവിട്ടു. സ്റ്റേജും സ്‌ക്രീനും തമ്മിലുള്ള വ്യത്യാസം എനിക്കറിയില്ലായിരുന്നു. അമിതാഭിനയം കാഴ്ച്ചവയ്ക്കുമോ, എന്ന് ഞാന്‍ ഭയന്നു''. മേരി സേറ്റന്‍ സൗമിത്രയെ ഇങ്ങനെ വിലിയിരുത്തുന്നു: ''സ്വാഭാവികമായ അഭിനയം.''

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് രണ്ടുവട്ടം സൗമിത്രയെ തേടിയെത്തി. 1994 ല്‍ ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡ്, ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ഉന്നത പദവിയായ ഷെവലിയര്‍ ഡി ലാ ലിജിയന്‍ എന്നിവ സൗമിത്രയ്ക്ക് ലഭിച്ചു. 2004 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി സൗമിത്രയെ ആദരിച്ചു.

2020 ഒക്ടോബര്‍ 6ന് കൊല്‍ക്കത്ത സിറ്റി ആശുപത്രിയില്‍ എണ്‍പത്തിഅഞ്ചുകാരനായ സൗമിത്രയെ പ്രവേശിപ്പിച്ചു. നവംബര്‍ 15ന് മഹാമാരി അദ്ദേഹത്തെ അപഹരിച്ചു. സൗമിത്രയുടെ ജീവചരിത്രകാരനായ അമിതാവ് നാഗ് ഇങ്ങനെ രേഖപ്പെടുത്തുന്നു: ''ചിന്തിക്കുന്ന മനുഷ്യരുടെ ഹിറോ ആയിരുന്നു സൗമിത്ര. അദ്ദേഹം ബുദ്ധിജീവിയും കവിയും ആയിരുന്നു''.


Next Story

Related Stories