TopTop
Begin typing your search above and press return to search.

ചില കാര്യങ്ങള്‍ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് അതു നടക്കുന്ന കാലത്ത് അറിവാകാറില്ല

ചില കാര്യങ്ങള്‍ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് അതു നടക്കുന്ന കാലത്ത് അറിവാകാറില്ല

സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ കുറയ്ക്കുന്നു. പകരം വിദൂര രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങാന്‍ നീക്കം. സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാകാന്‍ കാരണം എന്ത്?

ചില കാര്യങ്ങള്‍ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് അതു നടക്കുന്ന കാലത്ത് അറിവാകാറില്ല. കാര്യങ്ങള്‍ നടന്ന് ഏറെക്കാലം കഴിഞ്ഞാകാം എന്തുകൊണ്ട് എന്നതിന് ഉത്തരം കിട്ടുക. അത്തരം ഒന്നാണ് ഇന്ത്യ - സൗദി അറേബ്യ ബന്ധത്തില്‍ ഈയിടെ ഉണ്ടായ തകര്‍ച്ച. കുറേ ദശാബ്ദങ്ങളായി ഇന്ത്യയുടെ ഊര്‍ജ ആവശ്യത്തിന്റെ വലിയ ഭാഗം നിറവേറ്റിയിരുന്നതു സൗദി അറേബ്യയായിരുന്നു. സൗദിയുടെ എണ്ണ കയറ്റുമതിയില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കായിരുന്നു.പെട്ടെന്നാണ് അതിനു മാറ്റം വന്നത്. സൗദിയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി പരമാവധി കുറയ്ക്കാന്‍ ഇന്ത്യാ ഗവണ്മെന്റ് രാജ്യത്തെ എണ്ണക്കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി.

ഇന്ധനസുരക്ഷിതത്വം

കുറച്ചു കാലമായി സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ കുറയ്ക്കുന്നുണ്ടായിരുന്നു. പശ്ചിമേഷ്യയെ മാത്രം ആശ്രയിക്കുന്ന ഇന്ധന സുരക്ഷിതത്വം അപകടകരമാകാം എന്ന ദീര്‍ഘവീക്ഷണമാണ് ഒരു കാരണം. തങ്ങളുടെ ക്രൂഡ് ഓയില്‍ കൂടി വാങ്ങാന്‍ അമേരിക്ക ഇന്ത്യയെ നിര്‍ബന്ധിച്ചതിന്റെ ഫലമായിട്ടും സൗദിയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞു. അതുകളൊന്നും സൗദി അറേബ്യയോടു പ്രശ്‌നമുണ്ടായിട്ടായിരുന്നില്ല. ഇപ്പോള്‍ അങ്ങനെയല്ല. എണ്ണവിലയുടെ കാര്യത്തില്‍ സൗദി അറേബ്യ ഇന്ത്യയുടെ അഭ്യര്‍ഥന വകവച്ചില്ലെന്നും ഇന്ത്യയെ അപമാനിക്കുന്ന രീതിയില്‍ മറുപടി നല്‍കിയെന്നുമാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്നത്. ഇതേ തുടര്‍ന്ന് സൗദിയെ മര്യാദ പഠിപ്പിക്കാനാണ് സൗദിയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നതെന്നും പറയപ്പെടുന്നു.

ഉല്‍പ്പാദനം കുറച്ച് വില കൂട്ടാന്‍ സൗദി പരിശ്രമം

ഈ വര്‍ഷം ജനുവരിയില്‍ സൗദി അറേബ്യ ക്രൂഡ് ഓയില്‍ ഉല്‍പാദനം ഏകപക്ഷീയമായി കുറച്ചു. സൗദി അറേബ്യ നേതൃത്വം നല്‍കുന്ന ഒപെകും (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന) റഷ്യ അടക്കമുള്ള മിത്ര രാജ്യങ്ങളും (ഒപെക് പ്ലസ്) ചേര്‍ന്ന് വില ഉയര്‍ത്താനായി ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. അതിനു ശേഷമാണു സൗദി സ്വന്തമായി പ്രതിദിന ഉല്പ്പാദനത്തില്‍ 10 ലക്ഷം വീപ്പയുടെ കുറവു കൂടി പ്രഖ്യാപിച്ചത്.

ഇതു വില വീപ്പയ്ക്ക് 70 ഡോളര്‍ വരെ ഉയര്‍ത്തി.അപ്പോഴാണ് ഇന്ത്യയുടെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സൗദി അറേബ്യയോട് ഉല്‍പാദനം കൂട്ടി വില താഴ്ത്താന്‍ അഭ്യര്‍ഥിച്ചത്. കോവിഡിനു ശേഷം തിരിച്ചുകയറി വരുന്ന സാമ്പത്തിക വളര്‍ച്ചയ്ക്കു തിരിച്ചടിയാണു ക്രൂഡ് വിലക്കയറ്റം എന്നു പ്രധാന്‍ പറഞ്ഞു.

'മര്യാദയില്ലാത്ത ' മറുപടി

ഇതിനു സൗദിയുടെ ഊര്‍ജ മന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞ മറുപടി ഇന്ത്യയെ പ്രകോപിപ്പിച്ചു എന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം തീരെ താഴ്ന്ന വിലയ്ക്ക് ഇന്ത്യ വാങ്ങി കരുതല്‍ ശേഖരത്തില്‍ വച്ചിരിക്കുന്ന ക്രൂഡ് ഉപയോഗിച്ചു കൂടേ എന്ന മറുചോദ്യമാണു രാജകുമാരനില്‍ നിന്ന് ഉണ്ടായത്. (ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും ഉള്ള ക്രൂഡ് കരുതല്‍ ശേഖരത്തില്‍ 164 ലക്ഷം വീപ്പ ക്രൂഡ് ആണുള്ളത്. നാലു ദിവസത്തെ ഉപയോഗത്തിനു മാത്രമേ ഇതു തികയൂ).

ഔദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്നത് ഒട്ടും നയതന്ത്ര മര്യാദയില്ലാത്തതായി ഈ മറുപടി എന്നാണ്. ഇതോടെയാണ് സൗദിയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ കേന്ദ്രം എണ്ണക്കമ്പനികളാേടു നിര്‍ദേശിച്ചത്. ഫെബ്രുവരിയില്‍ കുറയ്ക്കല്‍ തുടങ്ങി.

ആ ടെലിഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത് എന്താണ്?

പിന്നീടു രണ്ടു തവണ ഒപെക് യോഗം നടന്നു. ആദ്യ തവണ ഉല്പ്പാദനം കൂട്ടാനോ കുറയ്ക്കാനോ തീരുമാനിച്ചില്ല. മാര്‍ച്ച് അവസാനവും ഏപ്രില്‍ ആദ്യവുമായി നടന്ന രണ്ടാമത്തെ യോഗത്തില്‍ ഉല്‍പ്പാദനം ഘട്ടം ഘട്ടമായി കൂട്ടാന്‍ തീരുമാനിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥനയോട് സൗദി അറേബ്യ അനുകൂലമായി പ്രതികരിക്കുന്നു എന്ന തോന്നല്‍ വിപണിയില്‍ ഉണ്ടായി.

അതിനു ശേഷം ഏപ്രില്‍ മൂന്നു ശനിയാഴ്ച ധര്‍മേന്ദ്ര പ്രധാനും അബ്ദുള്‍ അസീസ് രാജകുമാരനും തമ്മില്‍ ടെലിഫാേണ്‍ സംഭാഷണം നടന്നു. സംഭാഷണത്തിന്റെ ഉള്ളടക്കം ആരും പുറത്തു വിട്ടില്ല.

ദിശ നോക്കി വിലനിര്‍ണയം

എന്നാല്‍ ഒരു ദിവസം കഴിഞ്ഞപ്പോള്‍ വേറൊന്നു സംഭവിച്ചു. സൗദി അറേബ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ക്രൂഡ് ഓയിലിന്റെ ഔദ്യോഗിക വില വര്‍ധിപ്പിച്ചു. ഒപ്പം യൂറോപ്പിനും അമേരിക്കയ്ക്കും നല്‍കുന്ന ക്രൂഡിന്റെ വില കുറച്ചു.വിശദീകരണമൊന്നും നല്‍കാതെയാണ് ഏപ്രില്‍ നാലിന് ഈ വിലമാറ്റം പ്രഖ്യാപിച്ചത്. വിപണിയാകട്ടെ സൗദി തീരുമാനത്തിന്റെ യുക്തിയും സാംഗത്യവും മനസിലാക്കാതെ കുഴങ്ങി.

പിറ്റേന്നു തിങ്കളാഴ്ച ഇന്ത്യ എണ്ണക്കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി. സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പരമാവധി കുറയ്ക്കുക. അതനുസരിച്ച് മേയിലേക്കുള്ള ഇറക്കുമതി ഓര്‍ഡര്‍ 36 ശതമാനം കുറച്ചു. സാധാരണ ഒരു മാസം 148 ലക്ഷം വീപ്പ എണ്ണ സൗദിയില്‍ നിന്നു വാങ്ങിയിരുന്നത് ഈ മേയില്‍ 95 ലക്ഷം വീപ്പയായി കുറയും.സൗദി എണ്ണ കുറയ്ക്കുന്നതിനു പകരം ഇന്ത്യ നൈജീരിയയിലും അമേരിക്കയിലും നിന്നുള്ള എണ്ണ വാങ്ങല്‍ കൂട്ടി. റഷ്യ, നോര്‍വേ, ബ്രസീല്‍, ഗയാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങിത്തുടങ്ങി.

എണ്ണ ആശ്രിതത്വവും

വിലപേശല്‍ ശേഷിയും

പശ്ചിമേഷ്യയോടുള്ള എണ്ണ ആശ്രിതത്വം കുറയ്ക്കുകയാണു ദീര്‍ഘകാല ലക്ഷ്യമെന്നു കേന്ദ്ര സര്‍ക്കാര്‍ ഈ ദിവസങ്ങളില്‍ പറയുന്നുണ്ട്. അതു വേണ്ടത്ര ആലോചന ഇല്ലാത്ത പെട്ടെന്നുള്ള ഒരു പ്രതികരണം മാത്രമായാണു തോന്നുന്നത്. പല രാജ്യങ്ങളും സൗദിയോ മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളോ പോലെ ഉറപ്പുള്ള കയറ്റുമതിക്കാരല്ല. ദൂരക്കൂടുതല്‍ മൂലം കടത്തുകൂലിയും കൂടും. പല രാജ്യങ്ങളിലെയും എണ്ണ ശുദ്ധീകരിക്കാന്‍ റിഫൈനറികളില്‍ പരിഷ്‌ക്കാരവും വരുത്തേണ്ടി വരും.

ഇന്ധന ഉപയോഗത്തില്‍ ലോകത്തു മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇതിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നു. വലിയ ഇറക്കുമതി രാജ്യം എന്ന പദവി വലിയ വിലപേശലിന് ഇന്ത്യയെ പ്രാപ്തമാക്കുമെന്ന് ഏതാനും വര്‍ഷം മുമ്പ് മന്ത്രി പ്രധാന്‍ പറഞ്ഞിരുന്നു. ആ പദവി ഉപയോഗിച്ച് സൗദി അറേബ്യയോടു വില കുറയ്ക്കാനും ഉല്‍പാദനം കൂട്ടാനും നിര്‍ദേശിക്കാനാണോ പ്രധാന്‍ ശ്രമിച്ചത്?

വലിയ ബഹുമതി

നരേന്ദ്ര മോദിക്ക്

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ എണ്ണ ബന്ധം മാത്രമല്ല ഉള്ളത്. സൈനികസഹകരണത്തിന് മന്‍മോഹന്‍ സിംഗിന്റെ കാലത്തു കരാര്‍ ഉണ്ടാക്കിയിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയ ശേഷം ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമായതേ ഉള്ളു. സൗദിയുടെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി (കോളര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് അബ്ദുള്‍ അസീസ് അല്‍ സൗദ് ) 2016ല്‍ മോദിക്കു സമ്മാനിച്ചിരുന്നു.

ഇന്ത്യയും സൗദി അറേബ്യയും സംയുക്ത സൈനികാഭ്യാസം നടത്താന്‍ തീരുമാനിച്ചിട്ടു രണ്ടു വര്‍ഷമായി. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം നടന്നില്ല. ഈ വര്‍ഷം നാവിക, കരസേനകളുടെ അഭ്യാസങ്ങള്‍ നടത്തും എന്നു ഫെബ്രുവരിയില്‍ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കരസേനാ മേധാവി ജനറല്‍ നരവനെ സൗദി സന്ദര്‍ശിക്കുകയും ചെയ്തു. നാല്പതു ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ സൗദി അറേബ്യയിലുണ്ട്. അവിടത്തെ ജനസംഖ്യയുടെ 14 ശതമാനം വരും ഇത്. സൗദിയിലെ ഏറ്റവും വലിയ പ്രവാസി വിഭാഗമാണ് ഇന്ത്യക്കാര്‍.

പൗരത്വവും കാശ്മീരും

ഇന്ത്യയെ പിണക്കാന്‍ സൗദി അറേബ്യ ശ്രമിച്ചിട്ടില്ല. പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിലോ ജമ്മു കാശ്മീര്‍ വിഷയത്തിലോ ഇന്ത്യക്കെതിരേ സൗദി ഭരണകൂടം നീങ്ങിയിട്ടില്ല. പാക്കിസ്ഥാനുമായി ഇപ്പോള്‍ അവര്‍ക്കു നല്ല ബന്ധവുമില്ല. ഈ മാസം ഒന്നിനാണു ജിദ്ദയില്‍ നിന്നുള്ള ഓണ്‍ലൈന്‍ ഇംഗ്ലീഷ് ദിനപത്രം സൗദി ഗസറ്റ് കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് വാര്‍ത്ത നല്‍കിയത്.

ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍

ഇങ്ങനെ നല്ല ബന്ധം നിലനില്‍ക്കെ എണ്ണ പ്രശ്‌നത്തില്‍ പരസ്യമായ വിമര്‍ശനങ്ങളും പരിഹാസവും തിരിച്ചടിയും ഒക്കെ ഉണ്ടായത് വിശദീകരണം ലഭിക്കാത്ത വിഷയമായി നില്‍ക്കുന്നു. മന്ത്രിമാരുടെ മാത്രം തലത്തിലുള്ള പ്രശ്‌നമല്ല ഇത്. തങ്ങളുടെ രണ്ടാമത്തെ വലിയ ക്രൂഡ് ഉപഭോക്താവിനോടുള്ള ബന്ധം ഉലയ്ക്കാന്‍ സൗദി അറേബ്യ ശ്രമിക്കുമോ? ഇന്ധന സുരക്ഷ ഇല്ലാതാക്കുകയും ദശലക്ഷക്കണക്കിനു പ്രവാസികള്‍ ഉള്ള രാജ്യവുമായി ബന്ധം വഷളാക്കാന്‍ ഇന്ത്യ മുതിരുമോ?

പുറത്തറിയാത്ത എന്തെങ്കിലും വിഷയം ഈ സംഭവങ്ങള്‍ക്കു പിന്നില്‍ ഉണ്ടാകുമെന്നു തീര്‍ച്ച. 61 വയസുള്ള ഒരു രാജകുമാരനും 51 വയസുള്ള ഒരു മന്ത്രിയും മാത്രം വിചാരിച്ചാല്‍ ഇത്ര വലിയ പ്രശ്‌നം സൃഷ്ടിക്കാവുന്ന ബന്ധമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ളത്.

വാല്‍ക്കഷണം:

പെട്ടെന്നുള്ള തോന്നലില്‍ തീരുമാനങ്ങള്‍ എടുക്കുന്നയാളാണു സൗദിയിലെ കിരീടാവകാശിയും ഭരണത്തിലെ യഥാര്‍ഥ ശക്തിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാന്‍ തന്റെ മൂത്ത സഹോദരനായ ഊര്‍ജമന്ത്രി അബ്ദുള്‍ അസീസ് രാജകുമാരനെ കിരീടാവകാശി അനുവദിച്ചെങ്കില്‍ അതിനു പിന്നില്‍ എന്താകും?


റ്റി.സി.മാത്യു

റ്റി.സി.മാത്യു

മുതിര്‍ന്ന ധനകാര്യ മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories