TopTop
Begin typing your search above and press return to search.

ആരോഗ്യത്തോടെ ജീവിച്ചിരിക്കുമ്പോള്‍ വേണ്ടതാണ് സാമ്പത്തിക വളര്‍ച്ചയും വ്യവസായ പുരോഗതിയും എന്നു ചിന്തിക്കേണ്ട സമയമായില്ലേ?

ആരോഗ്യത്തോടെ ജീവിച്ചിരിക്കുമ്പോള്‍ വേണ്ടതാണ്  സാമ്പത്തിക വളര്‍ച്ചയും വ്യവസായ പുരോഗതിയും എന്നു ചിന്തിക്കേണ്ട സമയമായില്ലേ?

കോവിഡിന്റെ ഭീഷണമായ രണ്ടാം തരംഗം രാജ്യത്തെ വിറപ്പിക്കുന്നു. അനവസരത്തില്‍ പ്രഖ്യാപിച്ച ലോക് ഡൗണിന്റെ ഗുരുതര പ്രത്യാഘാതങ്ങള്‍ ഓര്‍മയില്‍ ഉള്ളതുകൊണ്ട് ഇപ്പോള്‍ അനിവാര്യമായ രോഗ പ്രതിരോധ നടപടികള്‍ എടുക്കാന്‍ സര്‍ക്കാരുകള്‍ മടിക്കുന്നു. മഹാമാരിയെ നേരിടാനുള്ള ചികിത്സാ സംവിധാനവും മരുന്നുകളും വാക്‌സിനും ഇല്ലാത്തതും രാജ്യത്തെ വിഷമിപ്പിക്കുന്നു.

കോവിഡ് വീണ്ടും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു ഭീഷണിയായി. രണ്ടാം വട്ടവും കോവിഡ് വ്യാപിച്ച മറ്റു രാജ്യങ്ങള്‍ നേരിട്ടതു പോലെയല്ല ഇന്ത്യയിലെ രണ്ടാം വരവ്. കൂടുതല്‍ ആള്‍ക്കാരെ, കൂടുതല്‍ തീവ്രമായി ബാധിക്കുന്നതാണ് രണ്ടാം തരംഗത്തിലെ വൈറസ്.ആദ്യത്തെ കോവിഡ് തരംഗത്തിന്റെ ഏറ്റവും കൂടിയ അവസ്ഥയിലെ രോഗബാധയുടെ ഇരട്ടിയിലേറെയാണ് ഇപ്പോഴത്തെ പ്രതിദിന രോഗബാധ. മരണസംഖ്യയും കൂടുതല്‍. വ്യാവസായികമായി പ്രാധാന്യം ഉള്ള സംസ്ഥാനങ്ങളിലെല്ലാം രോഗബാധ കൂടുതലാണ്.

കഴിഞ്ഞ വര്‍ഷത്തേതുപോലെ സമ്പൂര്‍ണ ലോക് ഡൗണ്‍ ഇത്തവണ ഇല്ല. ഏറ്റവും രോഗബാധ ഉള്ള മഹാരാഷ്ട്രയില്‍ പോലും രണ്ടാഴ്ചത്തേക്ക് ഒരു 'മൃദു' ലോക് ഡൗണാണു പ്രഖ്യാപിച്ചത്. അതും വിവിധ വിഭാഗങ്ങളുമായി വിശദ ചര്‍ച്ച നടത്തി സമവായം ഉണ്ടാക്കിയ ശേഷമായിരുന്നു. മറ്റു സംസ്ഥാനങ്ങളും ഇതേ വഴിയാണ് അവലംബിച്ചത്. സമവായമുണ്ടാക്കിയാണെങ്കിലും ലോക്ക് ഡൗണുകളും യാത്രാ നിയന്ത്രണങ്ങളും സ്വാഭാവികമായും സാമ്പത്തിക രംഗത്തു തിരിച്ചടി ഉണ്ടാക്കും. വരും ദിവസങ്ങളില്‍ രോഗ വ്യാപനം കൂടുമ്പോള്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ജനജീവിതവും വ്യവസായിക - വാണിജ്യ പ്രവര്‍ത്തനങ്ങളും നിയന്ത്രണത്തിലാകും.

ലോക്ഡൗണ്‍ ദുരന്തമായപ്പോള്‍

കഴിഞ്ഞ വര്‍ഷത്തെ സമ്പൂര്‍ണ ലോക് ഡൗണിന്റെയും ഘട്ടം ഘട്ടമായുള്ള അണ്‍ലോക്കിന്റെയും ഫലം നാം അനുഭവിച്ചതാണ്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ രാജ്യത്തെ ജിഡിപി 24.4 ശതമാനം ഇടിഞ്ഞു. ജൂലൈ - സെപ്റ്റംബറില്‍ ജിഡിപി വീണ്ടും 7.5 ശതമാനം കുറഞ്ഞു. തുടര്‍ന്നുള്ള മൂന്നു മാസം 0.4 ശതമാനം എന്ന നാമമാത്ര വളര്‍ച്ച. നാലാം പാദം കൂടി ചേര്‍ത്താല്‍ വാര്‍ഷിക ജിഡിപി ഏഴര ശതമാനം കുറവാകും എന്നാണു ഗവണ്മെന്റും റിസര്‍വ് ബാങ്കും കണക്കാക്കുന്നത്.

ഇതിന്റെ ഫലം? മഹാമാരിയും ലോക് ഡൗണും ചേര്‍ന്നു കഴിഞ്ഞ വര്‍ഷം 12.2 കോടി ഇന്ത്യക്കാരെയാണു തൊഴിലും വരുമാനവും ഇല്ലാത്തവരാക്കിയത്. ലോക്ക് ഡൗണ്‍ നീങ്ങിയിട്ടും അവരില്‍ ഭൂരിപക്ഷത്തിനും തൊഴില്‍ തിരിച്ചു കിട്ടിയിട്ടില്ല. അടഞ്ഞു പോയ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ലക്ഷക്കണക്കിനാണ്.

അബദ്ധകണക്കുകള്‍

രാജ്യം അടച്ചിട്ടാല്‍ രണ്ടു മാസം കൊണ്ട് കോവിഡ് നാടുവിടുമെന്ന നീതി ആയോഗ് വിദഗ്ധരുടെ അബദ്ധ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യം സമ്പൂര്‍ണ ലോക് ഡൗണിലാക്കിയത്. കൃത്യ സമയത്തു ലോക്ക് ചെയ്‌തെന്നും കൃത്യ സമയത്ത് ലോക്ക് തുറന്നെന്നും കുറേക്കാലം ചിലരൊക്കെ പ്രസംഗിച്ചത് പഴങ്കഥ. നീതി ആയോഗും ഐസിഎംആറും ഇനിയും തെളിയിക്കപ്പെടാത്ത ചില ഗണിത മാതൃകകള്‍ (Mathematical models) ഉപയോഗിച്ചു രോഗവ്യാപനം സംബന്ധിച്ച പ്രവചനങ്ങള്‍ നടത്തി. ലോക് ഡൗണ്‍ വഴി കോവിഡ് വ്യാപനം മേയ് 16-ന് അവസാനിക്കും എന്നു കാണിക്കുന്ന ഒരു ഗ്രാഫ് നീതി ആയോഗ് ഏപ്രിലില്‍ പുറത്തുവിട്ടു. ലോക് ഡൗണ്‍ തുടങ്ങി ഒരു മാസം കഴിയുമ്പോള്‍ രോഗവ്യാപനം പാരമ്യത്തിലെത്തുമെന്നും തുടര്‍ന്നു താഴോട്ടു നീങ്ങുമെന്നുമായിരുന്നു പ്രവചനം. ശാസ്ത്രീയ അടിസ്ഥാനമില്ലാതെ തയാറാക്കിയ ഗ്രാഫ് വച്ചുള്ള പ്രവചനം അമ്പേ പാളിയതോടെ ജനങ്ങള്‍ക്കു സര്‍ക്കാരിലെ വിശ്വാസത്തിനു കോട്ടം വന്നു.

ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തു രോഗികളുടെ എണ്ണം 500-ലധികമായിരുന്നു. പ്രതിദിന രോഗബാധ നൂറിലേക്ക് കടന്നതേ ഉള്ളൂ. മേയ് 23-ന് ലോക്ക് ഡൗണ്‍ കഴിഞ്ഞപ്പോള്‍ രോഗികളുടെ സംഖ്യ ഒരു ലക്ഷത്തിനടുത്ത്. ആ ദിവസം രോഗികളായത് 6629 പേര്‍.പിന്നീടു 2021 ഫെബ്രുവരിയോടെ രാജ്യത്തു കോവിഡ് ബാധ അവസാനിക്കുമെന്നു ശാസ്ത്ര- സാങ്കേതിക മന്ത്രാലയം ചില ഗണിത മാതൃകകള്‍ വച്ചു നടത്തിയ പ്രവചനവും വൃഥാവിലായി.

പഴയ കാര്യങ്ങള്‍ വിശകലനം ചെയ്തിട്ടു കാര്യമില്ലല്ലോ. ഇനി എന്ത് എന്നതിലേക്കു നീങ്ങാം.

നമ്മള്‍ ഒരുങ്ങിയില്ല

ഇപ്പോള്‍ ലോകത്തില്‍ ഏറ്റവുമധികം പേര്‍ക്കു ദിവസേന കോവിഡ് ബാധിക്കുന്ന രാജ്യമാണ് ഇന്ത്യ. മൊത്തം രോഗബാധയില്‍ രണ്ടാം സ്ഥാനത്തും. നിയന്ത്രണങ്ങളും നിരോധനങ്ങളും കടുപ്പിച്ചും പരിശോധനകള്‍ വ്യാപകമാക്കിയും വാക്‌സിനേഷന്‍ അതിവേഗം നടത്തിയും സ്ഥിതി നിയന്ത്രണത്തിലാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. രണ്ടാം തരംഗത്തിലെ അതിതീവ്ര രോഗവ്യാപനം അസുഖകരമായ ചില കാര്യങ്ങള്‍ വെളിവാക്കി.

നമ്മുടെ ചികിത്സാ സംവിധാനം പരിമിതമാണ്. മഹാനഗരങ്ങളില്‍ പോലും ഇങ്ങനെയൊരു മഹാമാരി അതിവേഗം പടരുമ്പോള്‍ മതിയായ ചികിത്സാ സൗകര്യമില്ല. പെട്ടെന്ന് ഒരുക്കാവുന്ന സംവിധാനങ്ങള്‍ക്കും പരിമിതി ഉണ്ട്. ആശുപത്രി കിടക്കകള്‍ കുറവ്; വെന്റിലേറ്ററുകള്‍ കുറവ്; ഓക്‌സിജന്‍ സിലിണ്ടറുകളും മെഡിക്കല്‍ ഓക്്‌സിജനും കുറവ്; കോവിഡ് പ്രതിരോധ വാക്‌സിനുകളും ചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്നുകളും കുറവ്. ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും കുറവ്.

അവകാശവാദങ്ങള്‍ പാളി

ഒരു മാസം മുമ്പു വരെ ലോകത്തിനു മുഴുവന്‍ വാക്‌സിന്‍ നല്‍കുന്നു, വാക്‌സിന്റെ ആഗോള ദാതാവായി ഇന്ത്യ മാറി, വാക്‌സിന്‍ നയതന്ത്രത്തില്‍ ഇന്ത്യ ചൈനയെ തുരത്തി എന്നെല്ലാം അവകാശവാദം ഉയര്‍ന്നിരുന്നതാണ്. പക്ഷേ അതിവേഗം രോഗബാധ വര്‍ധിച്ചപ്പോള്‍ അവകാശവാദങ്ങളെല്ലാം ആവിയായി. ഇപ്പോള്‍ വാക്‌സിന്‍ ഇറക്കുമതിക്കു രാജ്യം ശ്രമിക്കുന്നു. വാക്‌സിന്‍ കയറ്റുമതി വിലക്കി. ചികിത്സയില്‍ ഉപയോഗിക്കുന്ന റെംഡെസിവിറിന്റെ കയറ്റുമതിയും നിരോധിച്ചു.

വാക്‌സിന്‍ ഉല്‍പ്പാദനശേഷി കൂട്ടാന്‍ തീവ്രശ്രമം ആരംഭിച്ചപ്പോള്‍ നിര്‍ണായക ഘടകങ്ങള്‍ കിട്ടാനില്ല. വാക്‌സിന്റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള അഡ്ജുവാന്റ് അമേരിക്കന്‍, യൂറോപ്യന്‍ കമ്പനികളില്‍ നിന്നു കിട്ടാനില്ല. അവിടങ്ങളിലെ കയറ്റുമതി നിരോധനം തന്നെ കാരണം. രാജ്യത്തെ പ്രമുഖ വാക്‌സിന്‍ നിര്‍മമ്മാണ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമ അഡാര്‍ പൂനാവാല നേരിട്ട് യു എസ് പ്രസിഡന്റിനോടു കയറ്റുമതി വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

രാജ്യത്ത് 20 ലക്ഷം ആശുപത്രിക്കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി ഉണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതെഴുതുന്ന ദിവസം രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണം 16.73 ലക്ഷമാണ്. പ്രതിദിന രോഗബാധ തുടര്‍ച്ചയായ മൂന്നു ദിവസവും രണ്ടു ലക്ഷത്തിനു മുകളിലും. രോഗികളില്‍ പകുതിപ്പേര്‍ക്ക് കിടത്തിചികിത്സ വേണ്ടി വന്നാല്‍ രണ്ടാഴ്ചയ്ക്കകം കിടക്കകള്‍ തികയാതെ വരും. ഇപ്പോള്‍ തന്നെ ഡല്‍ഹിയിലും മുംബൈയിലും മറ്റും കിടക്കകള്‍ ഇല്ലാത്തതിനാല്‍ രോഗികളെ വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിക്കുകയാണ്.

ഉദാസീനതയുടെ ഫലം

ആരെയും കുറ്റപ്പെടുത്തുകയല്ല.കഴിഞ്ഞ സെപ്റ്റംബറിലെ പാരമ്യത്തില്‍ (പ്രതിദിന രോഗബാധ 97,000) നിന്ന് ഫെബ്രുവരിയിലെ താഴ്ന്ന നിലയില്‍ (പ്രതിദിനം 10,000) എത്തിയതോടെ കോവിഡ് കാര്യത്തില്‍ രാജ്യത്ത് ഉദാസീനത പടര്‍ന്നു. എല്ലാം സാധാരണ ഗതിയിലായി എന്നു കരുതി. തെരഞ്ഞെടുപ്പുകളും ഉത്സവങ്ങളും കുംഭമേളയുമൊക്കെ ആഘോഷമാക്കാന്‍ പിന്നെ മടിച്ചില്ല. ചികിത്സാ സംവിധാനങ്ങള്‍ ഇനിയൊരു മഹാമാരിയെ നേരിടാവുന്ന വിധം വലുതാക്കാനും നവീകരിക്കാനുമുള്ള ഒരുക്കമൊന്നും തുടങ്ങിയുമില്ല. അതു കൊണ്ടാണ് ഇപ്പോള്‍ രാജ്യവും ഭരണാധികാരികളും വേവലാതിപ്പെടുന്നത്.

കഴിഞ്ഞ ദിവസം ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുമായുള്ള സുപ്രധാന കൂടിക്കാഴ്ച വേണ്ടെന്നു വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനുള്ള നടപടികളെപ്പറ്റി ചര്‍ച്ച വിളിക്കേണ്ടി വന്നത് അതുകൊണ്ടാണ്.ഇതിന്റെ അടുത്ത ഘട്ടം ഇപ്പോള്‍ ചിന്തിക്കാന്‍ പറ്റുന്നതിലും വലുതാകും. പ്രതിദിന രോഗബാധ ചികിത്സാ സംവിധാനത്തിനു കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമായാല്‍ എന്തുണ്ടാകും?

2020-21 ല്‍ ഏഴെട്ടു ശതമാനം ചുരുങ്ങിയ ജിഡിപി ഈ വര്‍ഷം തിരിച്ചു കയറുമെന്ന പ്രതീക്ഷ ഉപേക്ഷിക്കേണ്ടി വരും എന്നുള്ളതല്ല വിഷയം. ബ്രിട്ടീഷ് ശാസ്ത്ര പ്രസിദ്ധീകരണം ലാന്‍സെറ്റ് ജൂണ്‍ ആദ്യമാകുമ്പോള്‍ ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 2300-ലധികമാകുമെന്നു പ്രവചിച്ചു. ഏപ്രില്‍ ഒന്നിനു രാജ്യത്തെ കോവിഡ് മരണം 468 ആയിരുന്നു. 16-ന് അത് 1338 ആയി. 16 ദിവസം കൊണ്ടു 186 ശതമാനം വര്‍ധന. ഈ തോതില്‍ പോയാല്‍ ഏപ്രിലില്‍ തന്നെ ലാന്‍സെറ്റ് പറഞ്ഞ മരണത്തോത് മറികടക്കുന്നതു പോലുള്ള ദുരന്തത്തിലേക്കു കാര്യങ്ങള്‍ എത്തും.

നേരത്തേ പ്രധാനമായും നഗരങ്ങളിലും പട്ടണങ്ങളിലും പടര്‍ന്നിരുന്ന കോവിഡ് ഇപ്പോള്‍ ഗ്രാമങ്ങളിലും പടരുന്നു. തെരഞ്ഞെടുപ്പുകളും ആഘോഷങ്ങളും കുംഭമേളയും ഉത്സവങ്ങളുമൊക്കെ രോഗവ്യാപനം വര്‍ധിപ്പിക്കുന്നു. ഒരു ആരോഗ്യ അടിയന്തരാവസ്ഥയിലാണു രാജ്യം ഇപ്പോള്‍. ഇതു മാനുഷിക ദുരന്തമായി മാറാതിരിക്കാന്‍ കടുത്ത നടപടികള്‍ ഉണ്ടായേ തീരൂ. അതു വൈകും തോറും ദുരന്തം അടുത്തുവരും. മനുഷ്യര്‍ ആരോഗ്യത്തോടെ ജീവിച്ചിരിക്കുമ്പോള്‍ വേണ്ടതാണു സാമ്പത്തിക വളര്‍ച്ചയും വ്യവസായ പുരോഗതിയും എന്നു ചിന്തിക്കേണ്ട സമയമായില്ലേ?റ്റി.സി.മാത്യു

റ്റി.സി.മാത്യു

മുതിര്‍ന്ന ധനകാര്യ മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories