TopTop
Begin typing your search above and press return to search.

പ്ലേഗ് വരുത്തിയ സാമൂഹിക മാറ്റവും സ്പാനിഷ് ഫ്‌ളൂ കൊണ്ടുവന്ന വളര്‍ച്ചയും

പ്ലേഗ് വരുത്തിയ സാമൂഹിക മാറ്റവും സ്പാനിഷ് ഫ്‌ളൂ കൊണ്ടുവന്ന വളര്‍ച്ചയും

ഒരു മഹാമാരിയുടെ നടുവിലാണു ലോകം. അതില്‍ത്തന്നെ ഏറ്റവും വലിയ ആഘാതം നേരിടുന്ന രാജ്യമായി ഇന്ത്യ മാറി. അചിന്ത്യമായ ദോഷഫലങ്ങള്‍ ഉളവാക്കുന്ന മഹാമാരികള്‍ക്കു ശേഷം ലോകത്തിനു നല്ല വളര്‍ച്ചയാണു കിട്ടുക എന്നു കാണിക്കുന്ന ചില ധനശാസ്ത്ര പഠനങ്ങള്‍ പരിചയപ്പെടാം.

ധനശാസ്ത്രം ഇരുണ്ട ശാസ്ത്രമാണെന്നു പറഞ്ഞതു തോമസ് കാര്‍ളൈല്‍ (17951881). സ്‌കോട്ട്‌ലന്റുകാരനായ ഈ ചരിത്രകാരന്‍ സമകാലികനായ തോമസ് റോബര്‍ട്ട് മാല്‍ത്തൂസിന്റെ ( (1766-1834) അശുഭ പ്രവചനങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് ധനശാസ്ത്രത്തെ പൊതുവേ മോശമായി ചിത്രീകരിച്ചത്. ജനസംഖ്യാ വളര്‍ച്ചയ്‌ക്കൊപ്പം ഭക്ഷണവും മറ്റും വര്‍ധിക്കുകയില്ലെന്നും അതിനാല്‍ ഭാവി കഷ്ടതകളുടേതാണെന്നും മാല്‍ത്തൂസ് സിദ്ധാന്തിച്ചിരുന്നു. ആ സിദ്ധാന്തം ശരിയല്ലെന്നു പിന്നീടു തെളിഞ്ഞു.

കാര്‍ളൈലിന്റെ വിമര്‍ശനം ഓര്‍ക്കാന്‍ കാരണം കോവിഡാണ്. ലോകത്തെയും രാജ്യത്തെയും ഒന്നര വര്‍ഷമായി വിറപ്പിക്കുന്ന മഹാമാരി. ഈ വരികള്‍ കുറിക്കുന്ന ദിവസത്തെ കണക്കനുസരിച്ച് ലോകത്തില്‍ 14.53 കോടി പേര്‍ കോവിഡ് ബാധിതരായി. 12.33 കോടി രോഗമുക്തരായി. 30.85 ലക്ഷം പേര്‍ മരിച്ചു. പ്രതിദിനം എട്ടു ലക്ഷത്തിലേറെപ്പേര്‍ രോഗബാധിതരാകുന്നു. 13,000 ലേറെപ്പേര്‍ ദിവസേന മരിക്കുന്നു.

ഇന്ത്യയിലാകട്ടെ ഇതുവരെ 1.63 കോടി പേര്‍ക്കു രോഗം ബാധിച്ചു. 1.34 കോടി രോഗമുക്തരായി. 1.87 ലക്ഷം പേര്‍ മരിച്ചു. പ്രതിദിനം മൂന്നു ലക്ഷത്തിലേറെപ്പേര്‍ക്കു രോഗം ബാധിക്കുന്നു. രണ്ടായിരത്തിലേറെപ്പേര്‍ മരിക്കുന്നു.

തകര്‍ച്ചയുടെ ചിത്രം

കോവിഡ് ലോകമെങ്ങും വലിയ സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കി. കോടി ക്കണക്കിനു പേര്‍ക്കു പണിയും വരുമാനവും ഇല്ലാതായി. അഞ്ചു കോടിയിലേറെപ്പേര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയായി. മിക്ക രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലായി.ഐഎംഎഫ് നേരത്തേ കണക്കാക്കിയത് ആഗോള ജിഡിപി മൂന്നര ശതമാനം ചുരുങ്ങി എന്നാണ്. പക്ഷേ പുതിയ കണക്കുകള്‍ പ്രകാരം ആഗോള ജിഡിപി 4.5 ശതമാനം ചുരുങ്ങി.

ഇതു വഴിയുള്ള നഷ്ടം 3.94 ലക്ഷം കോടി ഡോളര്‍ (296 ലക്ഷം കോടി രൂപ) വരും. ഈ തുക ഇന്ത്യയിലെ 135 കോടി ജനങ്ങള്‍ക്കായി വീതിച്ചാല്‍ ഒരാളുടെ വിഹിതം 2,19,259 രൂപ വരും. അത്ര വലിയ നഷ്ടമാണ് കോവിഡ് വരുത്തിയത്.

വികസ്വരരാജ്യങ്ങളില്‍ രോഗവ്യാപനം കൂടുന്നു

കോവിഡ് ഇപ്പോഴും അതിവേഗം വ്യാപിക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലും രണ്ടാം തരംഗം ഏതാണ്ടു ശമിക്കാറായപ്പോള്‍ വികസ്വര രാജ്യങ്ങളിലാണ് വ്യാപനം കൂട്ടുന്നത്.. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കു കാണിക്കുന്നത് പുതിയ രോഗികളില്‍ 30 ശതമാനം ഇന്ത്യയിലാണെന്നാണ്. ബ്രസീല്‍, അര്‍ജന്റീന, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളാണു തൊട്ടുപിന്നില്‍.

വികസ്വര - അവികസിത രാജ്യങ്ങളില്‍ തീവ്ര വ്യാപനം ആഗോള സമ്പദ്ഘടനയുടെ തിരിച്ചു കയറ്റത്തെ ഉലയ്ക്കും. കഴിഞ്ഞ വര്‍ഷത്തെ മാന്ദ്യത്തിനു ശേഷം ഈ വര്‍ഷത്തെ ആഗോള ജിഡിപിയില്‍ ആറു ശതമാനം വളര്‍ച്ചയാണ് ഐഎംഎഫ് പ്രതീക്ഷിച്ചിരുന്നത്. അതുണ്ടായാല്‍ 2020-ലെ നഷ്ടം നികത്താമെന്നും പ്രതീക്ഷ ഉണ്ടായിരുന്നു. തീവ്ര രോഗബാധ തുടര്‍ന്നാല്‍ ആഗോള വളര്‍ച്ചയ്ക്കു വീണ്ടും തിരിച്ചടിയാകും. വികസിത രാജ്യങ്ങളുടെ വളര്‍ച്ചയും കുറയും. അവരുടെ ഉല്‍പന്നങ്ങളും സേവനങ്ങളും വില്‍ക്കേണ്ട വിപണികള്‍ മാന്ദ്യത്തിലായാല്‍ അവരുടെ വളര്‍ച്ച മെല്ലെയാകും.

സ്റ്റെഫാന്‍സ്‌കി കണ്ടെത്തിയത്

ഇങ്ങനെ സാമ്പത്തികമായി വലിയ കെടുതി വരുത്തുന്ന കോവിഡ് മഹാമാരിയിലും നന്മ കാണാന്‍ ധന ശാസ്ത്രജ്ഞര്‍ക്കു കഴിയും. ധാരാളം പേരുടെ മരണത്തിനിടയാക്കുന്ന വലിയ മഹാമാരികള്‍ പിന്നീടു സാമ്പത്തിക വളര്‍ച്ചയ്ക്കും ഉണര്‍വിനും വഴി തെളിച്ചിട്ടുണ്ടത്രെ. അങ്ങനെയൊരു നിഗമനമാണ് മാസിയെ സ്റ്റെഫാന്‍സ്‌കി (Maciej Stefanski) എന്ന യുവ ധനശാസ്ത്രജ്ഞന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ ലഭിച്ചത്. പോളണ്ടില്‍ വര്‍സോ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ഗവേഷകനായ അദ്ദേഹത്തിന്റെ പ്രബന്ധം GDP Effects of Pandemics: A Historical Perspective എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യുദ്ധങ്ങളും കാലാവസ്ഥയും ഉണ്ടാക്കുന്ന ദുരന്തങ്ങളുടെ പോലെയല്ല മഹാമാരികളുടെ ഫലങ്ങള്‍ എന്ന് സ്റ്റെഫാന്‍സ്‌കി പറയുന്നു. യുദ്ധക്കെടുതിയും കാലാവസ്ഥാ ദുരന്തവും ദോഷഫലങ്ങള്‍ മാത്രമാണുണ്ടാക്കുന്നത്. അവയുടെ ഫലം ദീര്‍ഘകാലം നിലനില്‍ക്കാറുമില്ല എന്നാണ് അദ്ദേഹം പറയുന്നത്.

യുദ്ധത്തേക്കാള്‍ നല്ലത്

യുദ്ധം സാധാരണ ഗതിയില്‍ ആളോഹരി ജിഡിപി ഒരു ശതമാനം കുറയ്ക്കും. ഒരു പത്തു വര്‍ഷം കൊണ്ട് അതിന്റെ ഫലങ്ങള്‍ ഇല്ലാതാകുമത്രെ. വ്യവസായ വിപ്ലവത്തിനു മുമ്പുള്ള യൂറോപ്പില്‍ യുദ്ധങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ ചാലകങ്ങള്‍ ആയിരുന്നെന്ന മുന്‍കാല നിഗമനങ്ങളെ സ്റ്റെഫാന്‍സ്‌കി തള്ളിക്കളയുന്നു.

ജനസംഖ്യയില്‍ ഒരു ശതമാനത്തെ ഇല്ലാതാക്കുന്ന ഒരു മഹാമാരിയാകട്ടെ ആളോഹരി ജിഡിപി യില്‍ 20 വര്‍ഷത്തേക്ക് 0.3 ശതമാനം വര്‍ധന ഉണ്ടാക്കുമെന്ന് അദ്ദേഹം കണ്ടെത്തി.13-ാം നൂറ്റാണ്ടു മുതലുള്ള നിരവധി മഹാമാരികളുടെയും യുദ്ധങ്ങളുടെയും പ്രകൃതിക്ഷോഭങ്ങളുടെയും ഫലം പഠിച്ച ശേഷമാണ് ഈ കണ്ടെത്തല്‍. 33 രാജ്യങ്ങളുടെ കണക്കുകളാണ് സ്റ്റെഫാന്‍സ്‌കി വിശകലനം ചെയ്തത്.

പ്ലേഗ് വരുത്തിയ സാമൂഹിക മാറ്റം

മഹാമാരികള്‍ സമൂഹത്തില്‍ ഗുണപരമായ പല മാറ്റങ്ങള്‍ക്കും കാരണമായിട്ടുണ്ടെന്നു ചരിത്രകാരന്മാര്‍ മുമ്പേ പറഞ്ഞു വച്ചിട്ടുള്ളതാണ്. ബ്ലാക്ക് ഡെത്തിനു കാരണമായ 14-ാം നൂറ്റാണ്ടിലെ ബ്യൂബോണിക് പ്ലേഗ് ഇംഗ്ലണ്ടില്‍ അടിമപ്പണി അവസാനിപ്പിക്കുന്നതിനും കര്‍ഷകകലാപങ്ങള്‍ക്കും വഴിതെളിച്ചത് ചരിത്രം അംഗീകരിച്ച നേട്ടമാണ്. പ്ലേഗ് മൂലം തൊഴിലാളികളും ദരിദ്ര കര്‍ഷകരുമാണ് ഏറ്റവുമധികം മരണമടഞ്ഞത്. ഇതു കര്‍ഷകത്തൊഴിലാളി ക്ഷാമത്തിനു വഴിതെളിച്ചു. പാട്ടക്കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പ്രതിഫലം വര്‍ധിപ്പിക്കേണ്ടി വന്നു.

ക്രമേണ കര്‍ഷകത്തൊഴിലാളികളും പാട്ടക്കര്‍ഷകരും നഗരങ്ങളിലേക്കു കുടിയേറി ഉയര്‍ന്ന വരുമാനമുള്ള വ്യാവസായിക ജോലികള്‍ നേടി. അത് ഇംഗ്ലണ്ടിന്റെ വ്യവസായവല്‍ക്കരണത്തിന്നു വഴിതെളിച്ച കാര്യങ്ങളില്‍ പ്രധാനമാണ്.

സ്പാനിഷ് ഫ്‌ളൂ കൊണ്ടുവന്ന വളര്‍ച്ച

ഒന്നാം ലോകയുദ്ധത്തിനു ശേഷം 1918 - 19 കാലത്തുണ്ടായ സ്പാനിഷ് ഫ്‌ലൂ ആറു കോടിയോളം പേരുടെ ജീവനാണപഹരിച്ചത്. ഇതിന്റെ സാമ്പത്തിക ഫലങ്ങളെ പഠിച്ച എലിസബത്ത് ബ്രെയിനെര്‍ഡും മാര്‍ക്ക് സീഗ്‌ളറും എത്തിയ നിഗമനം 1920 കളിലെ അമേരിക്കന്‍ സാമ്പത്തിക വളര്‍ച്ചയ്ക്കു പ്രധാന കാരണം മഹാമാരി ആയിരുന്നെന്നാണ്.( cfr: The Economic Effects of the 1918 Influenza Epidemic- CEPR discussion paper No 3791) പതിനഞ്ചിനും 44- നുമിടയക്ക് പ്രായമുള്ള പുരുഷന്മാരാണ് ഫ്‌ളൂവില്‍ മരിച്ചവരില്‍ മഹാഭൂരിപക്ഷം. ഈ പ്രത്യേകത ഉണ്ടായിട്ടും തുടര്‍ന്നുള്ള ദശകത്തില്‍ വലിയ സാമ്പത്തിക കുതിപ്പ് ഉണ്ടായി.

ധനശാസ്ത്രജ്ഞരുടെ പഠനങ്ങളും കണ്ടെത്തലുകളും ഇങ്ങനെയൊക്കെയാണ്. മാല്‍ത്തൂസിനെ വായിച്ചിട്ടു ധനശാസ്ത്രത്തെ മൊത്തം മോശമായി കണ്ട കാര്‍ളൈല്‍ ഇപ്പോഴത്തെ പ്രബന്ധങ്ങള്‍ കാണുമ്പോള്‍ എന്തു പറയും?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)റ്റി.സി.മാത്യു

റ്റി.സി.മാത്യു

മുതിര്‍ന്ന ധനകാര്യ മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories