TopTop
Begin typing your search above and press return to search.

ഭാവനാപൂര്‍ണമായ കാര്യങ്ങള്‍ ബജറ്റില്‍ കൊണ്ടുവരാമായിരുന്നില്ലേ? പുതിയ കാര്യങ്ങളില്ലെന്നത് ധനമന്ത്രിയുടെ പിഴവല്ല

ഭാവനാപൂര്‍ണമായ കാര്യങ്ങള്‍ ബജറ്റില്‍ കൊണ്ടുവരാമായിരുന്നില്ലേ? പുതിയ കാര്യങ്ങളില്ലെന്നത് ധനമന്ത്രിയുടെ പിഴവല്ല

മഹാമാരിയുടെ കാലമാണിത്. ഏറ്റവും കൂടുതൽ ശ്രദ്ധ വേണ്ടത് ആരോഗ്യ രംഗത്താണ്. സംസ്ഥാനത്തിൻ്റെ പുതിയ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അതു പുതുക്കിയ ബജറ്റിൽ പറഞ്ഞു. അതനുസരിച്ചു ബജറ്റിൽ പ്രഖ്യാപനങ്ങളും നടത്തി. കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ കേരള ആരോഗ്യ മേഖലയുടെ ചില കുറവുകൾ വെളിപ്പെട്ടിരുന്നു. ഓക്സിജൻ, വെൻ്റിലേറ്റർ ബെഡ്, ഐസൊലേഷൻ വാർഡ് തുടങ്ങിയവയുടെ കുറവ് പ്രത്യേകിച്ചും. ഇവ പരിഹരിക്കാനുംം രോഗംമൂലം ബുദ്ധിമുട്ടിലാായ ദുർബല വിഭാഗങ്ങളെ സഹായിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. അതിൻ്റെ നേർസാക്ഷ്യമാണു പുതുക്കിയ ബജറ്റ്. ഇതോടൊപ്പം ധനകാര്യ അച്ചടക്കം പാലിക്കാനും ശ്രദ്ധിച്ചു.

പണമില്ലായ്മയുടെ മഹാമാരി കൂടി സംസ്ഥാന ബജറ്റിനെ ബാധിച്ചിട്ടുണ്ട്. സംസ്ഥാന ജിഡിപി യിലെ കുറവ് 2020-21 ൽ 1,56,041 കോടി രൂപയാണ്. അതിന് ആനുപാതികമായ കുറവ് നികുതി വരുമാനത്തിലും ഉണ്ട്. കേന്ദ്രത്തിൽ നിന്നുള്ള വിഹിതവും ഇതേപോലെ കുറഞ്ഞു.കടം വാങ്ങിയും കരുതൽ നടപ്പാക്കുന്നതാണ് ഇടതുപക്ഷ നയം എന്നൊക്കെ ബജറ്റിൽ പറഞ്ഞിട്ടുണ്ട്. പ്രചാരണത്തിനുള്ള 'വൺ ലൈനറി'നപ്പുറമൊന്നും അതിനു പ്രാധാന്യമില്ല. കടം വാങ്ങൽ കേന്ദ്രം അനുവദിച്ച പരിധിയിൽ മാത്രം ഒതുങ്ങി. എന്നിട്ടും കടം ഭീമമാണെന്നതു മറ്റൊരു കാര്യം.

പണമില്ലായ്മ എന്ന ദുരിതം

കോവിഡ് പാക്കേജിനും ഇനിയും രൂപഭാവങ്ങൾ വ്യക്തമാകാത്ത തീരദേശ പാക്കേജിനുമുള്ള പ്രഖ്യാപനങ്ങൾ കഴിഞ്ഞാൽ ബജറ്റിൽ കാര്യമായി ഒന്നുമില്ല എന്നതാണു സത്യം. ബജറ്റിൻ്റെ പുതുക്കൽ രൂപം എന്നു പറയാനില്ല. ഒന്നു രണ്ടു പാക്കേജുകൾ പ്രഖ്യാപിച്ചു എന്നു മാത്രം. അവയ്ക്കാകട്ടെ പുതിയ വകയിരുത്തൽ നടത്തിയിട്ടുമില്ല. ഇതിൻ്റെ കാരണം പണമില്ലായ്മയാണ്. അതിനാൽ വലിയ പ്രഖ്യാപനങ്ങളില്ല. മഹാമാരിയുടെെ കാലത്തു ജനങ്ങളുടെ കൈയിൽ പണമില്ലെന്നു മന്ത്രിക്ക് അറിയാം. അതു കൊണ്ട് ഇപ്പോൾ നികുതി കൂട്ടുന്നില്ല.

പണമില്ലാത്തപ്പോൾ പുതിയ പദ്ധതികൾ അവതരിപ്പിച്ചു പണമൊഴുക്കുകയാണു ഗവണ്മെന്റുകൾ ചെയ്യേണ്ടത്. എങ്കിലേ നാട്ടിൽ പണിയും വരുമാനവും ഉണ്ടാകൂ. അതാണു യഥാർഥ വികസനവഴി. അതു ചെയ്യാത്തതിനു കേന്ദ്രത്തിലെ മോദി സർക്കാരിനെ വിമർശിക്കുന്നവരുടെ മുന്നണിയിലാണ് ഇടതുപക്ഷം.

കടത്തിൻ്റെ ഭാരം

അത് അറിവില്ലാത്തയാളല്ല ബാലഗോപാൽ. വാണിജ്യത്തിലും നിയമത്തിലും ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം പക്ഷേ നിസഹായനാണ്. കാരണങ്ങൾ പലതുണ്ട്. ഒന്ന്: കടമെടുക്കാവുന്നതിൻ്റെ പരമാവധി കേന്ദ്രം നിജപ്പെടുത്തിയിട്ടുണ്ട്. അതത്രയും കണക്കാക്കിയുള്ള ചെലവുകൾ ഉൾക്കൊള്ളിച്ചാണു മുൻഗാമി ഡോ. തോമസ് ഐസക്ക് ജനുവരിയിൽ ബജറ്റവതരിപ്പിച്ചത്.ആ ബജറ്റിലെ നിർദ്ദേശങ്ങളെല്ലാം പുതുക്കിയ ബജറ്റിലും തുടരുന്നു.

രണ്ട്: വേറേ വരുമാനം കണ്ടെത്താൻ നികുതി കൂട്ടുക എന്ന സാധ്യത ഉപയോഗപ്പെടുത്താനും പ്രയാസം. ജിഎസ്ടിയിൽ തൊടാൻ പറ്റില്ല. സംസ്ഥാനത്തിന് അതിനധികാരമില്ല. സംസ്ഥാനത്തിന് അധികാരമുള്ള നികുതികൾ ഭൂനികുതി, വാഹന നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ്, മദ്യനികുതി, പെട്രോൾ-ഡീസൽ വിൽപന നികുതി എന്നിവയാണ്. ഇപ്പോൾ ഇവ കൂട്ടിയാൽ വലിയ വിമർശനമുയരും. അതു ഭരണത്തുടർച്ചയുടെ മുഴുവൻ ശോഭയും കെടുത്തും.(പെട്രോളിനും ഡീസലിനും ദിവസേന വില കൂടുന്നതിനാൽ വർധനയുടെ 25 ശതമാനത്തിലധികം വരുന്ന തുക വാറ്റ് നികുതിയായി സംസ്ഥാനത്തിന് കിട്ടുന്നുണ്ട്. അതു പരോക്ഷമായ നികുതി വർധനയാണ്.)

മൂന്ന്: നികുതിയിതര വരുമാനം വർധിപ്പിക്കാനും വഴിയില്ല. ലോട്ടറി വിൽപന കോവിഡ് നിയന്ത്രണം മൂലം മുടങ്ങി. അതിൽ വരുന്ന നഷ്ടം 500 കോടി എന്നു പുതുക്കിയ ബജറ്റിൽ പറഞ്ഞിട്ടുള്ളത് ഒരു മാസത്തെ മാത്രം നഷ്ടമാണ്. നിയന്ത്രണങ്ങൾ നീളുംതോറും നഷ്ടം കൂടും.

കേന്ദ്രം വരയ്ക്കുന്ന പരിധി

കടമെടുപ്പിൻ്റെ കാര്യത്തിൽ കൂടുതൽ വിഷമത്തിലാണു സംസ്ഥാനത്തിൻ്റെ പുതിയ ധനമന്ത്രി. കടം സംസ്ഥാന ജിഡിപിയുടെ അനുപാതം എന്ന നിലയിൽ അപായകരമായ നിലയിൽ എത്തിയിരിക്കുന്നു. കഴിഞ്ഞ മാർച്ച് 31ലെ അവസ്ഥ ഇങ്ങനെ: സംസ്ഥാന ജിഡിപി 8.22 ലക്ഷം കോടി രൂപ. സംസ്ഥാന കടബാധ്യത 2.99 ലക്ഷം കോടി രൂപ. കടം ജിഡിപിയുടെ 36.11 ശതമാനം. ഇതിൻ്റെ പലിശ 20,286 കോടി. 2024 മാർച്ചിൽ കടം 3.9 ലക്ഷം കോടിയും പലിശ 27,667 കോടി രൂപയുമായി ഉയരും.

കേന്ദ്രവും റിസർവ് ബാങ്കും ധനകാര്യ കമ്മീഷനും വരയ്ക്കുന്ന അതിർവരമ്പിനുള്ളിൽ അഭ്യാസം നടത്താനേ സംസ്ഥാനങ്ങൾക്ക് അനുവാദമുള്ളു. അതിർവരമ്പിൽ റവന്യു കമ്മി ഇല്ലാതാക്കുകയും ധനകമ്മി സംസ്ഥാന ജിഡിപിയുടെ മൂന്നു ശതമാനമായി താഴ്ത്തുകയും വേണം. കോവിഡ് ആഘാതം മൂലം ഈ ലക്ഷ്യം നാലഞ്ചു വർഷം കഴിഞ്ഞേ ചിന്തിക്കാൻ പറ്റൂ.

ബജറ്റിലെ പ്രധാന സ്കീമായി പറയുന്ന 20,000 കോടി രൂപയുടെ പാക്കേജ് പുതിയ ഒന്നല്ല. കഴിഞ്ഞ വർഷം അവതരിപ്പിച്ചപ്പോഴും പുതിയതായിരുന്നില്ല. നിലവിലുള്ള വിവിധ പദ്ധതികൾ തന്നെയാണ് ഇപ്പറയുന്നത്. അതിനാലാണു ബജറ്റിൽ പാക്കേജിനായി പ്രത്യേക തുകയുടെ വകയിരുത്തൽ ഇല്ലാത്തത്.

ഉദാഹരണമായി സൗജന്യ വാക്സിനേഷനുള്ള 1000 കോടിയും അതിനു സാമഗ്രികൾ വാങ്ങാനുള്ള 500 കോടിയും ഐസലേഷൻ വാർഡുകൾ നിർമിക്കാനുള്ള 636.5 കോടിയും (ഈ തുക എം എൽ എ ഫണ്ടിൽ നിന്നു മാറ്റുന്നതാണ്) ഒക്കെ ചേർന്നതാണ് ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനുള്ള 2800 കോടി രൂപ.

കുറേ വായ്പ - ധനസഹായ പദ്ധതികൾ പ്രഖ്യാപിച്ചതിൽ വായ്പ നൽകുന്നത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ്. സർക്കാരിൻ്റെ പങ്ക് ഫസിലിറ്റേഷനും (സൗകര്യപ്പെടുത്തൽ) ചില ഇനങ്ങളിൽ പലിശ സബ്സിഡിയും മാത്രം. ഉപജീവനം നഷ്‌ടമാകുന്നവർക്കു നേരിട്ടു പണം നൽകുന്ന പദ്ധതി നിലവിൽ ദുർബല വിഭാഗങ്ങൾക്കുള്ള പെൻഷൻ-ധനസഹായ സ്കീമുകൾ തന്നെയാണ്. ക്ഷേമ പെൻഷനുകൾ ഒന്നും ഇല്ലാത്തവർക്കു നൽകാൻ ഡോ.തോമസ് ഐസക്ക് പ്രഖ്യാപിച്ച 1100 കോടിയുടെ പദ്ധതിയും ഇതിൽ പെടുന്നു. പുതുതായി ഒന്നും തുടങ്ങുന്നില്ല. വിപണിയിലേക്കെത്തുന്ന പണമാണ്, കൈയിലേക്കു നൽകുന്നതല്ല എന്നൊക്കെ വിശദീകരിച്ച് ഇതേപ്പറ്റി പുകമറ സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. പക്ഷേ പുതുതായി ഒന്നുമില്ലെന്ന വസ്തുത നിലനിൽക്കുന്നു.

കമ്മിപരിധി പാലിച്ചു

നടപ്പു വർഷത്തേക്കു ബജറ്റിൽ ലക്ഷ്യമിടുന്നത് 1,62,032.39 കോടി രൂപയുടെ ചെലവാണ്. അതിൽ 1,47891.18 കോടി റവന്യു ഇനം. ബാക്കി 14,141.21 കോടി മൂലധനച്ചെലവും. ചെലവിൽ 42,000 കോടി രൂപയുടെ വർധന കണക്കാക്കുന്ന ബജറ്റ് 16,910 കോടിയുടെ റവന്യു കമ്മി കാണിക്കുന്നു. 30,697.52 കോടിയുടെ ധനകമ്മി ഉണ്ടാകും. റവന്യു കമ്മി സംസ്ഥാന ജിഡിപിയുടെ 1.93 ശതമാനത്തിലും ധനകമ്മി 3.5 ശതമാനത്തിലും ഒതുക്കിയിട്ടുണ്ട്. ഈ പരിധി മറികടക്കാൻ കേന്ദ്രവും റിസർവ് ബാങ്കും അനുവദിക്കാത്തതിനാൽ മുണ്ടു വരിഞ്ഞുമുറുക്കുകയേ ധനമന്ത്രിക്കു മാർഗമുള്ളു. ധനകാര്യ അച്ചടക്കം പാലിക്കുന്നു എന്നു പറയുകയും ചെയ്യാം.

ജനുവരിയിലെ ബജറ്റ് കണക്കിൽ നിന്ന് കാര്യമായ മാറ്റം ബാലഗോപാൽ വരുത്തിയിട്ടില്ല. ലോട്ടറി വരുമാന പ്രതീക്ഷ 500 കോടി കുറച്ചു. വാറ്റ് - വിൽപന നികുതി ഇനത്തിൽ 1000 കോടിയുടെ കുറവും കണക്കാക്കി. ഇതു മദ്യ നികുതിയിലെ മാത്രം കുറവായിരിക്കാനാണു സാധ്യത. പെട്രോൾ-ഡീസൽ വിൽപനയിൽ കുറവു വന്നെങ്കിലും വില കൂടിയപ്പോൾ വാറ്റ് വരുമാനം കൂട്ടിയിട്ടുണ്ട്.

കേന്ദ്രത്തിൽ നിന്നു കിട്ടുന്ന തുക തോമസ് ഐസക്കിൻ്റെ ബജറ്റിൽ പറഞ്ഞതിനേക്കാൾ 4392 കോടി രൂപ അധികമുണ്ട്. അവിടെ നിന്നുള്ള നികുതിവിഹിതം കുറയുകയും ഗ്രാൻ്റ് ഇൻഎയിഡ് കൂടുകയും ചെയ്തു. ഗ്രാൻ്റ് ധനകാര്യ കമ്മീഷൻ അവാർഡ് വഴിയുള്ളതാണ്. കേന്ദ്രത്തിൻ്റെ ഔദാര്യമൊന്നുമല്ല.

ഭാവനയുടെ കമ്മി

ബാലഗോപാലിൻ്റെ ബജറ്റ് പുതുമകൾ ഒന്നും സമ്മാനിക്കുന്നില്ല. കവിതയും കഥയുമൊന്നും ചേർത്തില്ല, അധിക സമയമെടുക്കാതെ കാര്യം പറഞ്ഞു തീർത്തു എന്നൊക്കെ പുകഴ്ത്തുമ്പോഴും ഒരു സംശയം ബാക്കി. കുറേക്കൂടി ഭാവനാപൂർണമായ കാര്യങ്ങൾ ബജറ്റിൽ കൊണ്ടുവരാമായിരുന്നില്ലേ? (പ്രത്യേകിച്ചും ധാരാളം ആശയങ്ങൾ ഉള്ള ഒരു മുന്നണിയുടെ തുടർഭരണബജറ്റ് ആകുമ്പോൾ).

ഗവണ്മെൻ്റിൻ്റെ ധനനില മെച്ചപ്പെടുത്താൻ ബജറ്റിൽ പല നല്ല കാര്യങ്ങളും തുടങ്ങി വയ്ക്കാമായിരുന്നു. അതുണ്ടായില്ല. പുതിയ സർക്കാരിന് ആദ്യ വർഷം മുഖം നോക്കാതെ പലതും ചെയ്യാം. പിന്നീടുളള വർഷങ്ങളിൽ അത് എളുപ്പമല്ല. സർക്കാരിൻ്റെ ചെലവ് ചുരുക്കാനും വരവ് കൂട്ടാനും ആലോചനയും ഗൃഹപാഠവും തുടങ്ങി എന്നാണു ധനമന്ത്രി പറഞ്ഞത്. അതു നേരത്തേ ചെയ്യേണ്ടതായിരുന്നു. ഇനി ആലോചനയും പഠനവും വെട്ടും തിരുത്തും കഴിയുമ്പോൾ വർഷങ്ങൾ കടന്നു പോകും.

ആശയങ്ങളും പഠനത്തിൽ

ബജറ്റിൽ നിരവധി ആശയങ്ങളും പദ്ധതികളെപ്പറ്റിയുള്ള നിർദേശങ്ങളും ഉണ്ട്. വൈദ്യശാസ്ത്ര ഗവേഷണത്തിനും സാംക്രമിക രോഗ നിവാരണത്തിനും അമേരിക്കയിലെ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ മാതൃകയിൽ സ്ഥാപനം തുടങ്ങുന്നത് അതിലൊന്നാണ്. പക്ഷേ അതേപ്പറ്റി പഠനം തുടങ്ങുന്നതു മാത്രമേ ഉള്ളു.

വാക്സീൻ ഗവേഷണം, നിർമാണം തുടങ്ങിയവയിലേക്കു കടക്കാനുള്ള പ്രഖ്യാപനവും പഠന തലത്തിൽ മാത്രമാണ്. തീരദേശത്തിനു തീരസംരക്ഷണ പദ്ധതിയും വികസന പദ്ധതികളും അടങ്ങുന്ന പാക്കേജ് വിശദീകരിച്ചെങ്കിലും അവ നിലവിലുള്ളവ തന്നെയാണ്. കാര്യമായി പുതിയ കാര്യങ്ങൾ ഇല്ല എന്നത് ധനമന്ത്രിയുടെ പിഴവല്ല. വരുമാനം കുറഞ്ഞു; റവന്യു ചെലവുകളിൽ സിംഹഭാഗവും കുറയ്ക്കാൻ പഴുതില്ലാത്ത ശമ്പളം (39,837 കോടി), പെൻഷൻ (23,106 കോടി), പലിശ (21,940 കോടി) എന്നിവയാണ്. ഇവ കഴിഞ്ഞാൽ 63,008 കോടി മാത്രം.അതിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള തുക കിഴിച്ചാൽ 48,525 കോടി രൂപ മാത്രം. നിലവിലുള്ള പദ്ധതികളുടെ ചെലവും കെഎസ്ആർടിസി യുടെ ദുരിതം നീക്കലും കഴിഞ്ഞാൽ പുതിയ പദ്ധതികൾക്കു പഠനച്ചെലവ് നടത്താനേ ഇപ്പോൾ പറ്റൂ. അതാണു ബാലഗോപാൽ വിജയകരമായി നിർവഹിച്ചത്.


റ്റി.സി.മാത്യു

റ്റി.സി.മാത്യു

മുതിര്‍ന്ന ധനകാര്യ മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories