TopTop
Begin typing your search above and press return to search.

തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കേരളത്തിന്റെ യഥാര്‍ത്ഥ ധനകാര്യ നില എന്ത്?

തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കേരളത്തിന്റെ യഥാര്‍ത്ഥ ധനകാര്യ നില എന്ത്?

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ധനകാര്യ നില എന്ത്? കേരളം ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ മതിയോ? ഒരു പരിശോധന.

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍. പ്രചാരണം അന്ത്യ ഘട്ടത്തില്‍. പതിവുപോലെ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയും പ്രചാരണ വിഷയമായി. അടച്ചുപൂട്ടിയ ഖജനാവും ഒന്നര വര്‍ഷം കുടിശികയാക്കിയക്ഷേമപെന്‍ഷനുകളുമാണ് പഴയ യുഡിഎഫ് ശേഷിപ്പിച്ചതെന്ന് എല്‍ഡിഎഫ്. തങ്ങള്‍ 5000 കോടി രൂപയുടെ ട്രഷറി മിച്ചം ശേഷിപ്പിക്കുമെന്നും എല്‍ഡിഎഫ് അവകാശവാദം.കടം വാങ്ങിയ പണമാണു ട്രഷറിയിലെന്നും വരും തലമുറകളെ കടക്കെണിയിലാക്കിയാണ് എല്‍ഡിഎഫ് ഭരണം വിടുന്നതെന്നും യുഡിഎഫ്.

നമ്മള്‍ എവിടെ?

അപ്പോള്‍ ആരാണു നല്ല ഭരണക്കാര്‍ എന്നു സംശയം ജനിക്കാം. എന്താണു സംസ്ഥാനത്തിന്റെ സാമ്പത്തിക നില? ചിലര്‍ പേടിപ്പിക്കുന്നതു പോലെ തകര്‍ച്ചയുടെ വക്കിലാണോ കേരളം? അതോ കുതിച്ചു പായാന്‍ പറ്റുന്ന നിലയിലാണോ?ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടും മുന്‍പ് ഒരു മുന്‍കൂര്‍ ജാമ്യം. ബജറ്റിലും ട്രഷറിയിലും മിച്ചം എന്നു പറയുന്നത് ഒരേ കാര്യമല്ല. രണ്ടും നമ്മുടെ സ്വന്തം വീട്ടുബജറ്റില്‍ മിച്ചം ഉണ്ട് എന്നു പറയുന്നതില്‍ നിന്നു വ്യത്യസ്തമാണ്.

ആ മിച്ചമല്ല, ഈ മിച്ചം

ട്രഷറിയിലോ റിസര്‍വ് ബാങ്കിലെ സംസ്ഥാന അക്കൗണ്ടിലോ മിച്ചമുണ്ടാകുന്നത് യഥാര്‍ഥ മിച്ചമാകണമെന്നില്ല. കുടിശികകളുണ്ടെങ്കിലും വായ്പയെടുത്തതായാലും അവിടെ ഏതെങ്കിലും ദിവസം മിച്ചം കാണും. അതു കാണിച്ച് മിടുക്കു പറയുന്നത് പൊതുജനം കഴുതയാണെന്നു കരുതുന്നവര്‍ മാത്രമാണ്.

മിച്ചബജറ്റ് എന്നു പറയുന്നതു ശരിയാകണമെങ്കില്‍ ഗവണ്മെന്റിനു കടം ഇല്ലാതാകണം. ബജറ്റുകള്‍ ഉണ്ടായ കാലം മുതല്‍ ഗവണ്മെന്റുകള്‍ കടം എടുക്കുന്നുണ്ട്. അത് ഇനിയും തുടരും.നമ്മുടെയൊക്കെ സ്വകാര്യ ബജറ്റ് മിച്ചമാകുന്നത് ബാധ്യതകള്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ്. ഗവണ്മെന്റുകള്‍ക്കു വലിയ ബാധ്യത ശേഷിക്കുമ്പോഴും കണക്കില്‍ മിച്ചം കാണിക്കാം. അതൊരു മിടുക്കായി കാണാനില്ല.

അഞ്ചുവര്‍ഷംമുമ്പ്

നമുക്കു വിഷയത്തിലേക്കു മടങ്ങാം. എന്താണു കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക നില? അഞ്ചു വര്‍ഷം മുമ്പ് എന്തായിരുന്നു?അതായതു 2015-16-ഉം 2020-21-ഉം തമ്മിലൊരു താരതമ്യം. (2015-16 ലേതു കണക്കുകളും 2020-21-ലേത് പുതുക്കിയ എസ്റ്റിമേറ്റുമാണ്).2015-16-ല്‍ സംസ്ഥാനത്തിന്റെ ജിഡിപി (ജിഎസ്ഡിപി) 5,61,994 കോടി രൂപ. അക്കൊല്ലം മൊത്തം ബജറ്റ് ചെലവ് 87,032 കോടി രൂപ. ബജറ്റ് ധനകമ്മി 17,818 കോടി രൂപ.സംസ്ഥാനത്തിന്റെ കടബാധ്യത 1,57,370 കോടി രൂപ.

2020-21ല്‍ ജിഎസ്ഡിപി 8,22,027.74 കോടി രൂപ. ബജറ്റ് ചെലവ് 1,28,382.63 കോടി രൂപ. കമ്മി 34,949.5 കോടി രൂപ. സംസ്ഥാന കടം 2,96,817.68 കോടി രൂപ. 2020-21 ഒരു മോശം വര്‍ഷമാണെന്നത് നിഷേധിക്കുന്നില്ല. പക്ഷേ ആ വര്‍ഷത്തെ കാര്യം പറഞ്ഞു മേനി നടിക്കുമ്പോള്‍ അതു നോക്കേണ്ട കാര്യമില്ലല്ലോ.

കടബാധ്യത കുതിച്ചു

അഞ്ചു വര്‍ഷം മുമ്പ് ജിഎസ്ഡിപിയുടെ 28 ശതമാനമായിരുന്നു സംസ്ഥാനത്തിന്റെ കടബാധ്യത. ഈ മാര്‍ച്ച് 31ന് അത് 36.11 ശതമാനമായി.ഇത് അത്ര അഭിമാനകരമായ നേട്ടമായി കാണാന്‍ കഴിയുമോ? എന്തുകൊണ്ട് കടം കൂടുന്നു? വികസന പ്രവര്‍ത്തനം കൂട്ടിയതുകൊണ്ട് എന്ന പതിവു വിശദീകരണമാണ് സര്‍ക്കാരുകള്‍ നല്‍കാറ്. വികസന പ്രവര്‍ത്തനമെന്നാല്‍ മൂലധന നിക്ഷേപമെന്ന് പെട്ടെന്നു തെറ്റിധരിക്കും. ഇവിടെ ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയവ കഴിച്ചുള്ള എല്ലാ റവന്യു ചെലവുകളും വികസന ചെലവായാണു രേഖപ്പെടുത്താറ്.

സത്യമെന്താണ്? ഭരണച്ചെലവ് വര്‍ധിക്കുന്നു. അതനുസരിച്ച് വരുമാനം കൂടുന്നില്ല. റവന്യൂ ചെലവ് കൂടുതല്‍, റവന്യു വരവ് കുറവ്. അതു കൊണ്ട് വലിയ തുക റവന്യു കമ്മി വരുന്നു.

കടമെടുത്തു പുട്ടടിച്ചു

2020-21-ലെ കാര്യം നോക്കാം. ബജറ്റ് കമ്മി 34,949.5 കോടി രൂപ. റവന്യു കമ്മി 24,206 കോടി. കമ്മി നികത്താന്‍ എടുക്കുന്ന കടം 34,949.5 കോടി രൂപ. ഇതിന്റെ 70 ശതമാനവും റവന്യു ചെലവിനു പോകുന്നു.കടമെടുത്ത് മൂലധന നിക്ഷേപം നടത്തുന്നത് യുക്തിസഹം. ഭാവിയില്‍ വരുമാനം കിട്ടും. പക്ഷേ ശമ്പളവും പെന്‍ഷനും പലിശയും നല്‍കാന്‍ കടം ഉപയോഗിക്കുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്. കാര്യങ്ങള്‍ ശരിയായ ദിശയിലല്ലെന്ന്.

പ്രതിജ്ഞ പാളി

റവന്യു കമ്മി ജിഎസ്ഡിപിയുടെ ഒരു ശതമാനവും ധനകമ്മി മൂന്നു ശതമാനവും ആക്കാന്‍ പല വര്‍ഷങ്ങളായി ധനമന്ത്രിമാര്‍ ലക്ഷ്യമിടുന്നു. ഡോ.തോമസ് ഐസക്കും അങ്ങനെ പലതവണ പ്രതിജ്ഞ എടുത്തിട്ടുണ്ട്.പക്ഷേ എത്തി നില്‍ക്കുന്നത് 2.94 ശതമാനം റവന്യു കമ്മിയിലും 4.25 ശതമാനം ധനകമ്മിയിലുമാണ്.

ചെലവില്‍ രണ്ടാമതു പലിശ

കടം കൂടുമ്പോള്‍ അതിനു നല്‍കേണ്ട പലിശയും കൂടും. 2020-21-ല്‍ 20,286 കോടി രൂപയാണു പലിശച്ചെലവ്. ഈ വര്‍ഷം അത് 27,940 കോടിയാകും. ശരാശരി 7.3 ശതമാനം പലിശയാണു കടബാധ്യതയ്ക്കുള്ളത്.ഇപ്പോള്‍ ശമ്പളം കഴിഞ്ഞാല്‍ അടുത്ത വലിയ റവന്യു ചെലവിനമായി പലിശ മാറിയിട്ടുണ്ട്. റവന്യു ചെലവിന്റെ 23.9 ശതമാനം ശമ്പളത്തിനു പോകുമ്പോള്‍ 17.3 ശതമാനം പലിശയ്ക്കു ചെലവാകും. പെന്‍ഷന് 16.5 ശതമാനവും.

അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാന ജിഡിപി 46.3 ശതമാനം വര്‍ധിച്ചെന്നാണ് ബജറ്റ് രേഖകള്‍ കാണിക്കുന്നത്. 5.62 ലക്ഷം കോടിയില്‍ നിന്ന് 8.22 ലക്ഷം കോടിയിലേക്ക്. ഇതേ സമയം ബജറ്റ് ചെലവ് 87,000 കോടിയില്‍ നിന്ന് 1.28 ലക്ഷം കോടിയിലെത്തി. വര്‍ധന 47.5 ശതമാനം. ആ സമയത്ത് സംസ്ഥാനത്തിന്റെ കടബാധ്യതയിലുണ്ടായ വര്‍ധന 88.6 ശതമാനം.

കടം വാങ്ങി നിത്യനിദാനച്ചെലവുകള്‍ നടത്തുന്നതിന്റെ അനിവാര്യ ഫലം. ഇതു സംസ്ഥാനത്തെ കടക്കെണിയിലേക്കു നയിക്കാതിരിക്കണമെങ്കില്‍ കടുത്ത ചികിത്സ വേണ്ടി വരും. വരുമാനം കൂട്ടാനും ചെലവ് കുറയ്ക്കാനും തയാറാകണം. മാര്‍ഗങ്ങള്‍ ഉണ്ട്. പക്ഷേ വോട്ടിനു വേണ്ടി അതു മറക്കുന്നു. ഇടതു-വലതു മുന്നണികള്‍ക്ക് അക്കാര്യത്തില്‍ നിറവ്യത്യാസമില്ല. നയപരമായ തര്‍ക്കവുമില്ല.


റ്റി.സി.മാത്യു

റ്റി.സി.മാത്യു

മുതിര്‍ന്ന ധനകാര്യ മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories