TopTop
Begin typing your search above and press return to search.

അതിര്‍ത്തി പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ ബജറ്റിനെപ്പറ്റി ചില നിരീക്ഷണങ്ങള്‍

അതിര്‍ത്തി പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ ബജറ്റിനെപ്പറ്റി ചില നിരീക്ഷണങ്ങള്‍

തങ്ങളുടെ കഴിഞ്ഞകാലം ഓര്‍ക്കാത്തവര്‍ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ശപിക്കപ്പെട്ടിരിക്കുന്നു. ഇതു പറഞ്ഞത് അമേരിക്കന്‍ ചിന്തകന്‍ ജോര്‍ജ് സന്തയന. ഇന്ത്യയുടെ പ്രതിരോധ തയാറെടുപ്പുകളെപ്പറ്റി ആലോചിക്കുമ്പോള്‍ സ്പാനിഷ് വംശജനായ ഈ ചിന്തകന്റെ വാക്കുകള്‍ ഓര്‍ക്കാതെ തരമില്ല. 1962-ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചു. വേണ്ടത്ര തോക്ക് പോലും നമുക്ക് ഇല്ലായിരുന്നു. യുദ്ധം തുടങ്ങിയപ്പോള്‍ പരക്കം പാഞ്ഞ് പല രാജ്യങ്ങളില്‍ നിന്നായി കുറേ ആയുധങ്ങളും മറ്റുപകരണങ്ങളും സംഘടിപ്പിച്ചു.1999-ല്‍ കാര്‍ഗിലില്‍ പാക്കിസ്ഥാന്‍ സേന കടന്നു കയറിയപ്പോഴും അടിയന്തരമായി വെടിക്കോപ്പുകളൂം ഉപകരണങ്ങളും സംഘടിപ്പിക്കേണ്ടി വന്നു.

വീണ്ടും കഴിഞ്ഞ വര്‍ഷം ചൈനയുടെ കടന്നുകയറ്റം ഉണ്ടായി. കിഴക്കന്‍ ലഡാക്കിലാണ് അതിര്‍ത്തി (യഥാര്‍ഥ നിയന്ത്രണരേഖ - എല്‍എസി) കടന്ന് ചീനപ്പട വന്നത്. പിന്നീട് അവിടെ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ ഭടന്മാര്‍ കൊല്ലപ്പെട്ടു. ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള 3500 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ ചൈനീസ് സേന നിയന്ത്രണരേഖയുടെ വളരെയടുത്ത് നിലയുറപ്പിക്കുകയും ചെയ്തു.

യഥാര്‍ത്ഥ നിയന്ത്രണരേഖയുടെ സിയാച്ചിനീകരണം

ഇത്തവണയും നമ്മള്‍ ഒരുങ്ങിയിട്ടില്ലായിരുന്നു. പാക് അതിര്‍ത്തിയിലുള്ള സിയാച്ചിന്‍ മഞ്ഞുമലയുടെ അവസ്ഥയിലായി ചൈനയുമായുള്ള അതിര്‍ത്തി മുഴുവന്‍. ഒരു നിമിഷം പോലും ഇളവില്ലാതെ അതിര്‍ത്തിയില്‍ നമ്മുടെ സേനയും നില്‍ക്കണം. നിയന്ത്രണരേഖയുടെ സിയാച്ചിനീകരണം എന്നാണ് ഇതേപ്പറ്റി പറയുന്നത്.അതല്ല നമ്മുടെ വിഷയം. സിയാച്ചിനിലേതുപോലെ 24 മണിക്കൂറും 365 ദിവസവും ഈ ദുര്‍ഗമ പ്രദേശത്തു ജാഗ്രത പാലിക്കാനുള്ള ഒരുക്കം നമുക്കില്ലായിരുന്നു. ശീതകാലത്തു മൈനസ് 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവ് താഴുന്ന കാലാവസ്ഥയില്‍ വേണ്ട വസ്ത്രങ്ങളോ ഭക്ഷണമോ ടെന്റുകളോ യുദ്ധോപകരണങ്ങളാേ ആവശ്യത്തിന് ഉണ്ടായിരുന്നില്ല. 59 വര്‍ഷം മുമ്പും 22 വര്‍ഷം മുമ്പും സംഭവിച്ച അതേ വീഴ്ച.

അടിയന്തര വാങ്ങലുകള്‍; ഈ വീഴ്ചയുടെ ഫലം?

ലഡാക്ക് സംഘര്‍ഷം തുടര്‍ന്നപ്പോള്‍ റഷ്യയിലും അമേരിക്കയിലും ഇസ്രയേലിലും ഫ്രാന്‍സിലും നിന്നു പതിനായിരക്കണക്കിനു കോടി രൂപയുടെ സൈനിക സാമഗ്രികള്‍ അടിയന്തരമായി വാങ്ങേണ്ടി വന്നു. ജൂലൈ രണ്ടിനു കേന്ദ്ര കാബിനറ്റ് അനുവദിച്ച 38,900 കോടി രൂപയുടെ വാങ്ങല്‍ ബജറ്റ് നോക്കുക.

33 യുദ്ധവിമാനങ്ങള്‍ (21 മിഗ് 29, പന്ത്രണ്ട് സുഖാേയ് 30 എംകെഐ), അസ്ത്ര എയര്‍ ടു എയര്‍ മിസൈലുകള്‍, ലാന്‍ഡ് അറ്റാക്ക് ക്രൂസ് മിസൈല്‍, ബി എം പി 2 ഇന്‍ഫന്‍ട്രി കോംബാറ്റ് വാഹനങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍, എം 777 പീരങ്കിക്കു വേണ്ട അമേരിക്കന്‍ വെടിയുണ്ടകള്‍, റഷ്യയുടെ ഇഗ്ല എസ് വ്യോമ പ്രതിരോധ സംവിധാനം, ഇസ്രയേലിന്റെ സ്‌പൈക്ക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍.

ഇതിനു പുറമെ അമേരിക്കയില്‍ നിന്ന് 72,000 സിഗ് 716 റൈഫിളുകള്‍, ആറു ബോയിംഗ് പി 81 നെപ്ട്യൂണ്‍ മാരിറ്റൈം വിമാനം, ആറു പ്രിഡേറ്റര്‍ സായുധ ഡ്രോണുകള്‍, ഇസ്രയേലില്‍ നിന്ന് ഹെറോണ്‍ ആളില്ലാ വിമാനം (യുഎവി) എന്നിവയുടെ വാങ്ങലും വേഗത്തിലാക്കി. ഇവയില്‍ പലതും വര്‍ഷങ്ങളായി ചര്‍ച്ചയിലുണ്ടായിരുന്ന വാങ്ങലുകളാണ്. പക്ഷേ നീണ്ടുനീണ്ടു പോയി. അത്യാവശ്യം വന്നപ്പോള്‍ അടിയന്തര വാങ്ങല്‍ വേണ്ടി വന്നു.

മഞ്ഞുമലകളിലെ ആവശ്യങ്ങള്‍

ഹിമാലയന്‍ മഞ്ഞുമലകളില്‍ സഞ്ചരിക്കാവുന്ന കവചിത വാഹനങ്ങള്‍, ഭാരം കുറഞ്ഞ ടാങ്കുകള്‍, മഞ്ഞുമേഖലയില്‍ വേണ്ട പ്രത്യേക വസ്ത്രങ്ങള്‍ തുടങ്ങിയവയും അടിയന്തരമായി സംഭരിക്കേണ്ടി വന്നു.

സാധാരണ ശീതകാലത്തു യഥാര്‍ഥ നിയന്ത്രണരേഖയിലെ പട്രോളിംഗ് പരിമിതമാണ്. അവിടെ നിയുക്തരാകുന്നവരുടെ എണ്ണവും വളരെ കുറവാണ്. ഈ വര്‍ഷം സംഘര്‍ഷ സാഹചര്യം വന്നതിനാല്‍ 50,000-ലധികം ഭടന്മാരെ ലഡാക്ക്, സിക്കിം അതിര്‍ത്തികളില്‍ വിന്യസിക്കേണ്ടി വന്നു. ഇവര്‍ക്കു വേണ്ട പ്രത്യേക വസ്ത്രങ്ങള്‍ എത്തിക്കാനായതു തന്നെ ഒക്ടോബര്‍ ഒടുവിലാണ്. (ശീതകാലം സെപ്റ്റംബറില്‍ തുടങ്ങിയിരുന്നു). ഒരാള്‍ക്ക് വേണ്ട വസ്ത്രത്തിനും ബൂട്‌സിനും കൂടി ഒരു ലക്ഷത്തിലേറെ രൂപ വരും. അമേരിക്കയില്‍ നിന്നാണ് ഇവ വാങ്ങിയത്.

എന്തുകൊണ്ട് ഇങ്ങനെ?

അതിര്‍ത്തിയില്‍ എല്ലാ ദിവസവും അശാന്തി ഉണ്ടാകാറില്ല. പക്ഷേ പാക്കിസ്ഥാനോടും ചൈനയോടുമുള്ള നമ്മുടെ അതിര്‍ത്തി ഒരിക്കലും ശാന്തമാണെന്നു പറയാനാവുന്ന നിലയിലായിരുന്നില്ല. എപ്പോഴും അശാന്തി പ്രതീക്ഷിക്കേണ്ട നില. ഇത് എല്ലാവര്‍ക്കും അറിയാം. പരിഹാരങ്ങളും അറിയാം. രണ്ട് അതിര്‍ത്തികളിലും ഒരേ സമയം പ്രശ്‌നമുണ്ടായാലും നേരിടാന്‍ വേണ്ട ശേഷി സൈന്യത്തിനുണ്ടാകേണ്ടതുണ്ട്. അതിനു വേണ്ട ദീര്‍ഘകാല പദ്ധതികളും ഉണ്ടാക്കിയിട്ടുണ്ട്.

2017- 22-ല്‍ നടപ്പാക്കാന്‍ അഞ്ചു വര്‍ഷ പദ്ധതി തയാറാക്കി. 26.84 ലക്ഷം കോടി രൂപ പ്രതിരോധത്തിന് അനുവദിച്ചാലേ അതനുസരിച്ചുള്ള കാര്യങ്ങള്‍ നടക്കൂ. അതിനു നിലവിലുള്ളതിന്റെ ഇരട്ടി തുക ബജറ്റില്‍ നീക്കിവയ്‌ക്കേണ്ടിയിരുന്നു. അതുണ്ടായില്ല. 2017-ലേത് ആദ്യ പഞ്ചവത്സര പദ്ധതിയല്ല. പതിമ്മൂന്നാമത്തേതാണ്. മുന്‍ പദ്ധതികള്‍ പോലെ ഇതും അവഗണിക്കപ്പെട്ടു. അതാണ് 1962-ഉം 1999- ഉം പോലെ 2020-ഉം രാജ്യത്തിനു ഞെട്ടല്‍ ഉളവാക്കിയത്.

പണം അനുവദിക്കില്ല

രാജ്യരക്ഷയ്ക്കു വേണ്ടതു പണമാണ്. പണമുണ്ടെങ്കിലേ വേണ്ടത്ര യുദ്ധ സാമഗ്രികള്‍ തയാറാക്കാനാവൂ. അതിനു പണം അനുവദിക്കുന്നതില്‍ എല്ലാ ഗവണ്മെന്റുകളും ഒരേ പോലെ മടിക്കുന്നു. 2009-13 കാലത്തു പ്രതിവര്‍ഷം ജിഡിപിയുടെ 2.65 ശതമാനം തുകയാണു പ്രതിരോധ ബജറ്റിനു നീക്കിവച്ചത്. 2014-18 കാലമായപ്പോള്‍ പ്രതിവര്‍ഷ വിഹിതം 2.47 ശതമാനമായി താണു. 2019 -ല്‍ പ്രതിരോധത്തിനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി പ്രതിരോധ ബജറ്റ് ജിഡിപി യുടെ മൂന്നു ശതമാനമാക്കണമെന്നു നിര്‍ദേശിച്ചു. നിര്‍ദേശം ആവര്‍ത്തിക്കാന്‍ അവസരം നല്‍കുന്ന വിധമാണു പ്രതിരോധത്തിനുളള ബജറ്റ് വിഹിതം.

ഈ വര്‍ഷം ഒരു പക്ഷേ വിഹിതം ഗണ്യമായി വര്‍ധിച്ചേക്കും. കാരണം ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷം. അതുമൂലം അടിയന്തര വാങ്ങലുകള്‍ ഏറെ വേണ്ടി വന്നു. എന്നു മാത്രമല്ല രാജ്യത്തെ ജിഡിപി ചുരുങ്ങുകയും ചെയ്തു. അപ്പോള്‍ സ്വാഭാവികമായും പ്രതിരോധച്ചെലവിന്റെ അനുപാതം ഉയരും. പക്ഷേ അത് തുടരുമെന്ന് ഉറപ്പില്ല.

മുഖ്യചെലവ് ശമ്പളവും പെന്‍ഷനും

പ്രതിരോധത്തിനു കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബജറ്റില്‍ 4.7 ലക്ഷം കോടി രൂപയാണു വകയിരുത്തിയത്. അതു ബജറ്റ് ചെലവിന്റെ 15.5 ശതമാനവും പ്രതീക്ഷിച്ച ജിഡിപിയുടെ 2.1 ശതമാനവും ആയിരുന്നു. പത്തു വര്‍ഷം മുമ്പ് 2010-11-ല്‍ ജിഡിപിയുടെ 2.5 ശതമാനവും ബജറ്റ് ചെലവിന്റെ 16.3 ശതമാനവും പ്രതിരോധത്തിനു നീക്കിവച്ചതാണ്.

പലിശ കഴിഞ്ഞാല്‍ ഏറ്റവും വലിയ ചെലവിനമാണു പ്രതിരോധം. തുക വളരെ വലുതാണെന്ന വിമര്‍ശനവും ഉയരാറുണ്ട്. പക്ഷേ, വിശദമായി പരിശോധിക്കുമ്പോള്‍ രാജ്യരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ചെലവുകള്‍ കുറവാണെന്നു കാണാം. പ്രതിരോധ ബജറ്റിലെ വലിയ ചെലവിനങ്ങള്‍ ശമ്പളവും പെന്‍ഷനുമാണ്. ഈ വര്‍ഷത്തെ ബജറ്റിന്റെ 30.2 ശതമാനം തുക ശമ്പളത്തിനാണ്. 2015-16ല്‍ ഇത് 29 ശതമാനമായിരുന്നു. പെന്‍ഷന് 28.4 ശതമാനം. അഞ്ചു വര്‍ഷം മുമ്പ് 20.5 ശതമാനമായിരുന്നു പെന്‍ഷന്‍ ചെലവ്. മൊത്തം ചെലവിന്റെ 58.6 ശതമാനം ഈ രണ്ടിനങ്ങളിലാണ്. 2015-16ല്‍ ഇത് 50 ശതമാനം മാത്രമായിരുന്നു.

വെടിയുണ്ടകള്‍ അടക്കം ഉപയോഗിച്ചു തീരുന്ന സാധനങ്ങള്‍ക്കു (സ്റ്റോഴ്‌സ്) ബജറ്റിന്റെ 9.6 ശതമാനവും പലവക ചെലവുകള്‍ക്കായി ഒന്‍പതു ശതമാനവും നീക്കിവയ്ക്കുന്നു.

ശേഷികൂട്ടാന്‍ മാത്രം പണമില്ല

ഇനി ശേഷിക്കുന്നതാണു യഥാര്‍ഥ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മൂലധനച്ചെലവ്. പുതിയ വിമാനങ്ങളും കപ്പലുകളും മിസൈലുകളും പീരങ്കികളും ടാങ്കുകളും ഒക്കെ വാങ്ങാന്‍ വേണ്ട ചെലവ്. അത് ഇപ്പോള്‍ ആകെ ചെലവിന്റെ 22.7 ശതമാനം മാത്രം. അഞ്ചു വര്‍ഷം മുമ്പ് ബജറ്റ് വിഹിതത്തിന്റെ 25.6 ശതമാനം മൂലധനച്ചെലവായിരുന്നു. പത്തു വര്‍ഷം മുമ്പ് 2011-12-ല്‍ പ്രതിരോധ ബജറ്റില്‍ 30 ശതമാനം മൂലധനച്ചെലവിന് ലഭിച്ചിരുന്നു.

4.71 ലക്ഷം കോടി രൂപ പ്രതിരോധത്തിനു മാറ്റി വയ്ക്കുമ്പോള്‍ അതിലെ 1.33 ലക്ഷം കോടി രൂപ മാത്രമാണു ശേഷി വര്‍ധിപ്പിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്യുന്നതിനുള്ളത്. അതുമൂലം അത്യാധുനിക ആയുധങ്ങള്‍, നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങള്‍, നവീന സാങ്കേതിക വിദ്യ, അതിര്‍ത്തി മേഖലയില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ഇല്ലാതെ പോകുന്നു.

മൂന്നു സേനാ മേധാവികള്‍ക്കു മീതെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) എന്നൊരു തസ്തിക ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിനു കീഴില്‍ മൂന്നു പുതിയ കമാന്‍ഡുകള്‍ ഉണ്ടാക്കുമെന്നു പ്രഖ്യാപിച്ചു. ഡിഫന്‍സ് സ്‌പേസ് ഏജന്‍സി, ഡിഫന്‍സ് സൈബര്‍ ഏജന്‍സി, മിലിട്ടറി ഫോഴ്‌സസ് സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഡിവിഷന്‍ എന്നിവ. ഇവ സാധ്യമാകണമെങ്കില്‍ വേണ്ടതു പണമാണ്.രാജ്യരക്ഷ നീക്കുപോക്കുകള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും അവസരം നല്‍കുന്ന ഒന്നല്ല. ആധുനിക കാലത്തു സൈനിക ശേഷിയില്‍ പിന്നിലായാല്‍ ഒപ്പമെത്താന്‍ ഏറെ പാടുപെടേണ്ടി വരും. ലഡാക്കില്‍ ഇന്ത്യ പഠിക്കുന്ന പാഠം അതാണ്. അഞ്ചു വര്‍ഷം പ്രതിരോധ മന്ത്രിയായിരുന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍ ആ പാഠം പഠിച്ചോ എന്ന് തിങ്കളാഴ്ച അറിയാം.

വാല്‍ക്കഷണം:

സമര്‍ഥരായ യോദ്ധാക്കള്‍ ആദ്യം തങ്ങളെത്തന്നെ അജയ്യരാക്കും; പിന്നെ എതിരാളികളുടെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്തും.(രണ്ടായിരം വര്‍ഷം മുമ്പ് ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ചൈനീസ് സൈന്യാധിപന്‍ സണ്‍ സൂ എഴുതിയ ദ ആര്‍ട്ട് ഓഫ് വാര്‍ എന്ന പുസ്തകത്തില്‍ നിന്ന്).


റ്റി.സി.മാത്യു

റ്റി.സി.മാത്യു

മുതിര്‍ന്ന ധനകാര്യ മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories