TopTop
Begin typing your search above and press return to search.

ബജറ്റിലെ ഭീമമായ കമ്മി ഉയര്‍ത്തുന്ന ചില ആശങ്കകള്‍

ബജറ്റിലെ ഭീമമായ കമ്മി ഉയര്‍ത്തുന്ന ചില ആശങ്കകള്‍

രസകരമായ കാലത്തു കൂടിയാണ് നാം കടന്നു പോകുന്നത്.തൊഴിലും സമ്പത്തും വര്‍ധിപ്പിക്കാന്‍ മൂലധന നിക്ഷേപം നടത്തേണ്ടതു സ്വകാര്യ മേഖലയാണെന്നു സര്‍ക്കാര്‍ പറയുന്നു. ഐഎഎസുകാരല്ല വ്യവസായം നടത്തേണ്ടതെന്നു പ്രധാനമന്ത്രി വരെ പറഞ്ഞു. ഇതേ ഭരണകൂടം തന്നെ ദീര്‍ഘകാല മൂലധന നിക്ഷേപത്തിന് സര്‍ക്കാര്‍ വക വികസന ധനകാര്യ സ്ഥാപനം തുടങ്ങാന്‍ 20,000 കോടി രൂപ നീക്കിവയ്ക്കുന്നു. ഒപ്പം ബജറ്റില്‍ മൂലധനച്ചെലവ് വര്‍ധിപ്പിച്ച് വികസനത്തിനു സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നതായി അവകാശപ്പെടുന്നു. ഇതിലെയൊക്കെ നയപരമായ വൈരുധ്യം വിശദീകരിക്കാന്‍ പുതിയ സിദ്ധാന്തങ്ങള്‍ തന്നെ ആവിഷ്‌കരിക്കേണ്ടി വരും.

കമ്മിനല്ലതെന്നു പുതിയ പാഠം

കമ്മി കുറച്ചു കൊണ്ടുവന്നു കര്‍ശനമായ ധനകാര്യ അച്ചടക്കം കാണിച്ചു എന്ന് ഏതാനും മാസം മുമ്പുവരെ അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ പറയുന്നു കമ്മി ഏതെങ്കിലും ഒരു ശതമാനത്തില്‍ ബന്ധിപ്പിച്ചിടുന്നതു വിവേകമല്ലെന്ന്. കമ്മിയുടെ തോത് മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം വര്‍ധിപ്പിക്കേണ്ടി വന്നു. 2020-21 ല്‍ ജിഡിപി യുടെ 9.5 ശതമാനവും അടുത്ത ധനകാര്യവര്‍ഷം 6.8 ശതമാനവുമാണു പ്രതീക്ഷിക്കുന്ന കമ്മി. 2025-26-ല്‍ 4.5 ശതമാനത്തിലേക്കു കമ്മി എത്തിക്കണം എന്ന ആഗ്രഹം പ്രകടിപ്പിക്കാനല്ലാതെ അതിനൊരു മാര്‍ഗരേഖ കാണിക്കാന്‍ പറ്റുന്നില്ല. അപ്പോഴും ധനകാര്യ വിവേകവും അച്ചടക്കവും ഉണ്ടെന്ന് അവകാശപ്പെടാന്‍ മടിയുമില്ല. അതല്ല ഇവിടെ പരിശോധനാ വിഷയം. കമ്മി എങ്ങനെ നികത്തുന്നു എന്നതാണു പരിശോധിക്കുന്നത്. കമ്മിനികത്തല്‍ മറ്റു പ്രശ്‌നങ്ങള്‍ക്കു വഴിതെളിക്കുമോ എന്നും പരിശോധിക്കണം.

കമ്മി നികത്തുന്ന വഴികള്‍

സാധാരണ ബജറ്റ് കമ്മിനികത്താന്‍ അഞ്ചു മാര്‍ഗങ്ങളാണുള്ളത്.

1. കടപ്പത്രങ്ങളും ട്രഷറി (ടി) ബില്ലുകളും. ഗവണ്മെന്റിനു വേണ്ടി റിസര്‍വ് ബാങ്ക് കടപ്പത്രം ഇറക്കുന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇവ വാങ്ങുന്നു. ഏഴു ദിവസം മുതല്‍ 364 ദിവസം വരെ കാലാവധിയുള്ള ട്രഷറി ബില്ലുകള്‍ വഴിയും റിസര്‍വ് ബാങ്ക് ഗവണ്മെന്റിനു പണം നല്‍കുന്നു. ഈ വര്‍ഷം ഈ മാര്‍ഗത്തില്‍ 12.74 ലക്ഷം കോടി രൂപ ശേഖരിക്കും.

2. ദേശീയ സമ്പാദ്യ പദ്ധതി: ഇതില്‍ വരുന്ന പണത്തില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ കടപ്പത്രം നല്‍കി വാങ്ങുന്നു. ഈ വര്‍ഷം 4.8 ലക്ഷം കോടി രൂപ.

3. കേന്ദ്ര സര്‍ക്കാരിനെ ട്രസ്റ്റിയാക്കിയിട്ടുള്ള പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍. (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലെ തുകയല്ല ഇത്. ഇപിഎഫ്ഒ നേരിട്ടു സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങും.) ഈ വര്‍ഷം 18,000 കോടി രൂപ ഇതില്‍ നിന്നു കിട്ടും.

4. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതു നിധിയിലെ നിക്ഷേപങ്ങള്‍. ഇക്കൊല്ലം ഇതുവഴി 39,129 കോടി കിട്ടും.

5. വിദേശകടം. ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങിയവയില്‍ നിന്നു കിട്ടുന്നത്. 2019 - 20-ല്‍ 8682 കോടി കിട്ടി. ഇക്കൊല്ലം കോവിഡ് മൂലം കൂടുതല്‍ വായ്പയുണ്ട്. 54,522 കോടി രൂപ.

കമ്മി കൂടിയപ്പോള്‍

ജിഡിപിയുടെ മൂന്നു മൂന്നര ശതമാനം കമ്മി അനായാസം നികത്തിയിരുന്നു. ബാങ്കുകള്‍ക്കും മറ്റും വര്‍ധിക്കുന്ന നിക്ഷേപത്തിന് ആനുപാതികമായി സര്‍ക്കാര്‍ കടപ്പത്രം വാങ്ങി വയ്‌ക്കേണ്ടതുണ്ട്. എസ്എല്‍ആര്‍ (സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ) പാലിക്കാന്‍ വേണ്ടിയാണിത്. കമ്മി കുറഞ്ഞു നിന്നാല്‍ അതും ദേശീയ സമ്പാദ്യ പദ്ധതിയും കൊണ്ടു കാര്യം നടക്കും. ഈ വര്‍ഷം കമ്മി കൈവിട്ടു പോയപ്പോള്‍ അത്രയും കൊണ്ട് ആകില്ലെന്നായി.

കേന്ദ്ര സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ക്കു പലിശ കുറവാണ്. സമീപകാലത്ത് ആറു ശതമാനത്തില്‍ താഴെ മാത്രം. അതിനാല്‍ ഇവ വാങ്ങി വയ്ക്കാന്‍ വ്യക്തികളോ പണം മിച്ചമുള്ള കമ്പനികളോ വരില്ല. അതേ സമയം ബാങ്കുകളുടെ കൈയില്‍ പണം മിച്ചമായിരുന്നു. കാരണം വായ്പ എടുക്കാന്‍ വ്യവസായങ്ങള്‍ മടിക്കുന്നു. ബാങ്കിലെ നിക്ഷേപം 12 ശതമാനം തോതിലും ബാങ്ക് നല്‍കുന്ന വായ്പ ആറു ശതമാനം തോതിലുമാണ് ഇപ്പോള്‍ വളരുന്നത്.

ബാങ്കുകളിലെ മിച്ചം പണം കടപ്പത്രം വാങ്ങാന്‍ ഉപയോഗിക്കാമെന്നു ഗവണ്മെന്റ് കരുതി. പക്ഷേ ബാങ്കുകള്‍ക്ക് ദീര്‍ഘകാല കടപ്പത്രങ്ങളില്‍ നിക്ഷേപിച്ചു കുറഞ്ഞ പലിശ വാങ്ങി കഴിയാന്‍ താല്‍പര്യമില്ല. വായ്പയ്ക്ക് ആവശ്യം കൂടുമ്പോള്‍ അതിനു പണം മുടക്കുന്നതാണു ബാങ്കുകള്‍ക്കു താല്‍പര്യം.

പുതിയ പരിഹാരം

ഈ വിഷയത്തിനു ഗവണ്മെന്റും റിസര്‍വ് ബാങ്കും കൂടി പരിഹാരം കണ്ടു. ബാങ്കുകളുടെ കൈയിലുള്ള പഴയ കടപ്പത്രങ്ങളില്‍ കുറേ റിസര്‍വ് ബാങ്ക് വാങ്ങുക. ആ പണം ഉപയോഗിച്ചു ബാങ്കുകള്‍ പുതിയ കടപ്പത്രം വാങ്ങുക. അപ്പോള്‍ സര്‍ക്കാരിന്റെ കമ്മി നികത്താം. ബാങ്കുകള്‍ക്കു യഥാര്‍ഥത്തില്‍ അധികം പണം മുടക്കേണ്ടി വരുന്നില്ല.എന്താണ് ഇതില്‍ സംഭവിക്കുന്നത്?

ഒരു ചെറിയ സൂത്രം. റിസര്‍വ് ബാങ്ക് കറന്‍സി അടിച്ചിറക്കി ബാങ്കുകളില്‍ നിന്നു കടപ്പത്രം വാങ്ങുന്നു. ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍ (ഒഎംഒ) എന്നാണിത് അറിയപ്പെടുന്നത്. ഈ വര്‍ഷം (2020 21) രണ്ടു ലക്ഷം കോടിയില്‍പരം രൂപയുടെ കടപ്പത്രം തിരിച്ചു വാങ്ങല്‍ നടത്തുമെന്നാണു സൂചന. ഇതില്‍ കുറേ പ്രത്യേക പ്രഖ്യാപനമില്ലാതെ റിസര്‍വ് ബാങ്ക് നേരിട്ടു കടപ്പത്ര വിപണിയില്‍ നിന്നു വാങ്ങുന്നതാകും.

കമ്മിപ്പണം ഇറക്കുമ്പോള്‍

അടുത്ത ധനകാര്യവര്‍ഷം നാലു ലക്ഷം കോടി രൂപയുടെ കടപ്പത്രം തിരിച്ചു വാങ്ങുമെന്നാണു കണക്കാക്കുന്നത്.

എന്താണിതിന്റെ ഫലം?

കമ്മി നികത്താന്‍ റിസര്‍വ് ബാങ്ക് കറന്‍സി അടിച്ചിറക്കി നല്‍കുന്നു. ഇതു പുതിയ കാര്യമല്ല. പഴയ കാര്യമാണ്. 1997-നു മുമ്പുണ്ടായിരുന്ന രീതി. 1996-ല്‍ ഗവണ്മെന്റും റിസര്‍വ് ബാങ്കും കൂടി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് നികത്താത്ത കമ്മി നികത്താന്‍ കറന്‍സി അടിച്ചിറക്കുന്നത് അവസാനിപ്പിച്ചത്. കടപ്പത്രമോ ട്രഷറി ബില്ലോ വഴി കമ്മിയത്രയും നികത്തുന്ന രീതി അതോടെ നിലവില്‍ വന്നു.

ഇപ്പോള്‍ വീണ്ടും കമ്മിപ്പണം വരുന്നു. കമ്മിപ്പണം എന്നതു സമ്പദ്ഘടനയില്‍ ഇല്ലാത്ത പണമാണ്. അതായത് അധിക പണം സമ്പദ്ഘടനയില്‍ എത്തുന്നു. സ്വാഭാവികമായും പണപ്പെരുപ്പം സംഭവിക്കുന്നു. പണപ്പെരുപ്പത്തിന്റെ ഫലം വിലക്കയറ്റമാണ്. കൂടുതല്‍ പണം കുറച്ചു സാധനങ്ങളെ തേടുമ്പോള്‍ സാധനങ്ങള്‍ക്കു വിലകൂടും.

പണപ്രതിഭാസം

സൗജന്യ ഭക്ഷ്യ വിതരണം ഉണ്ടായിട്ടും രാജ്യത്തു കോവിഡ് കാലത്തു ഭക്ഷ്യവിലക്കയറ്റം ഉണ്ടായതിന്റെ യഥാര്‍ഥ വിശദീകരണം ഇതാണ്. ചരക്കുനീക്കം തടസപ്പെട്ടതു കൊണ്ട് വില കൂടി എന്ന സര്‍ക്കാര്‍ വിശദീകരണം തെറ്റാണെന്നു മനസിലാക്കാന്‍ ഒത്തിരി ഗവേഷണം ആവശ്യമില്ല.ഈ വിലക്കയറ്റം ഭക്ഷ്യ വിലയില്‍ മാത്രം നില്‍ക്കുന്നില്ല. വില്‍പനയിലെ മാന്ദ്യം മാറിയില്ലെങ്കിലും പൊതുവേ ഉല്‍പന്നങ്ങള്‍ക്കു വില കൂടി വരുന്നതിന്റെ അടിസ്ഥാനം ഈ കമ്മിപ്പണമാണ്.വിലക്കയറ്റം എന്നും എവിടെയും ഒരു പണ പ്രതിഭാസമാണെന്നു വിവരമുള്ളവര്‍ പറഞ്ഞിട്ടുള്ളതു വെറുതെയല്ല.


റ്റി.സി.മാത്യു

റ്റി.സി.മാത്യു

മുതിര്‍ന്ന ധനകാര്യ മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories