TopTop
Begin typing your search above and press return to search.

എന്തുകൊണ്ടു നവലിബറലുകള്‍ ഞെട്ടുന്നില്ല? ഈ കടബാധ്യത എങ്ങോട്ട്? കേന്ദ്ര ബജറ്റിന്റെ മറുവശത്തേക്ക് ഒരു നോട്ടം

എന്തുകൊണ്ടു നവലിബറലുകള്‍ ഞെട്ടുന്നില്ല? ഈ കടബാധ്യത എങ്ങോട്ട്? കേന്ദ്ര ബജറ്റിന്റെ മറുവശത്തേക്ക് ഒരു നോട്ടം

നിര്‍മല സീതാരാമന്റെ മേല്‍ അഭിനന്ദനങ്ങളുടെ പുഷ്പവൃഷ്ടി തുടരുകയാണ്. ഓഹരിവിപണിക്കാകട്ടെ സ്വപ്നബജറ്റിന്റെ ആവേശലഹരി കെടുന്നില്ല. വളര്‍ച്ചയുടെ ഒരു പുതുയുഗത്തിലേക്കു രാജ്യം കടന്നെന്നു പറഞ്ഞുള്ള ആഹ്‌ളാദാരവങ്ങളാണു വ്യവസായി സംഘടനകള്‍ മുഴക്കുന്നത്. അപ്പോള്‍ എന്താണു സംഭവിച്ചത്?നിര്‍മല സീതാരാമന്റെ മൂന്നാമത്തെ ബജറ്റ് അത്ര വലിയ സംഭവമാണോ? മറ്റൊരവസരത്തിലായിരുന്നെങ്കില്‍ ഓഹരിവിപണി കൂപ്പുകുത്താനുള്ള കാര്യങ്ങള്‍ ആണു ബജറ്റിലുള്ളത്.

കഴിഞ്ഞ വര്‍ഷം (2019 20) ജിഡിപിയുടെ 4.6 ശതമാനം ധനകമ്മി. ഇക്കൊല്ലം കണക്കാക്കുന്നത് 9.5 ശതമാനം. അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്നത് 6.8 ശതമാനം. തീര്‍ന്നില്ല. 2025-26 -ല്‍ ധനകമ്മി 4.5 ശതമാനത്തില്‍ എത്തിക്കാമെന്നാണു ധനമന്ത്രി പ്രതീക്ഷിക്കുന്നത്.ധനകമ്മി മൂന്നു ശതമാനത്തില്‍ ഒതുക്കാന്‍ 2003-ല്‍ ഉണ്ടാക്കിയ നിയമത്തിലെ ലക്ഷ്യത്തിലെത്താന്‍ ഇനി അഞ്ചാറു വര്‍ഷമെങ്കിലും വേണം.

നവലിബറലുകള്‍ ഞെട്ടാത്തത് എന്തുകൊണ്ട്?

വാഷിംഗ്ടണ്‍ സമവായം (Washington consensus) എന്ന നവലിബറല്‍ പ്രമാണത്തിനു നേര്‍ വിപരീതമായ കാര്യങ്ങളാണിത്. ധനകാര്യ ചൂതാട്ടം എന്നും പറയാം. ഇത്ര വലിയ കമ്മി സ്വാഭാവികമായും ധനകാര്യ സന്തുലനം ഇല്ലാതാക്കും; അതിലുപരി കമ്മി സ്വകാര്യ മൂലധന സമാഹരണത്തെ തടസപ്പെടുത്തും. ഇതാണു നവലിബറലുകള്‍ പറയാറ്. പക്ഷേ, വിപണി സന്തോഷിക്കുകയാണ്. മുമ്പു കമ്മിയെ കമ്മി (കമ്യൂണിസ്റ്റ്) കളുടെ ഉപകരണമായി വിശേഷിപ്പിച്ചിരുന്നവര്‍ ഇപ്പോള്‍ സ്വാഗതം ചെയ്യുന്നു. ഈ സമയത്ത് ഇതാണു ശരിയെന്നു പറയുന്നു; വാഴ്ത്തുന്നു.അതു മാത്രമല്ല. വലിയ കമ്മി വഴി നടത്തുന്ന മൂലധനച്ചെലവ് വളര്‍ച്ച ത്വരിതപ്പെടുത്തും എന്നും പറയുന്നു. അവിടെയും നില്‍ക്കുന്നില്ല. കോവിഡ് മഹാമാരി മൂലം സാമ്പത്തിക മാന്ദ്യത്തിലായ ഈയവസരത്തില്‍ സര്‍ക്കാര്‍ മൂലധന നിക്ഷേപത്തിനു നേതൃത്വം നല്‍കണമെന്നും അവര്‍ പറയുന്നു. നല്ല കാര്യം.

ചോദ്യങ്ങള്‍ പലത്

പക്ഷേ, ചില ചോദ്യങ്ങള്‍ ചോദിക്കാതെ തരമില്ല.മാന്ദ്യകാലത്തു സര്‍ക്കാര്‍ മൂലധന നിക്ഷേപത്തിനു നേതൃത്വം നല്‍കി വളര്‍ച്ച കൂട്ടണമെന്നു പറയുന്നവര്‍ മറ്റു കാലങ്ങളില്‍ സര്‍ക്കാര്‍ പിന്നോട്ടു പോകണമെന്നു പറയുന്നത് എന്തുകൊണ്ട്? മറ്റു കാലങ്ങളില്‍ കമ്മിയും കടമെടുപ്പും തെറ്റാകുന്നത് എന്തുകൊണ്ട്? മാന്ദ്യമില്ലാത്തപ്പോഴും സര്‍ക്കാര്‍ മൂലധന നിക്ഷേപം വളര്‍ച്ച കൂട്ടുകയല്ലേ ചെയ്യുന്നത്? ഈ ബജറ്റിനു മുന്നോടിയായി അവതരിപ്പിച്ച സാമ്പത്തിക സര്‍വേ കടമെടുപ്പിനെയും കമ്മിയെയും ന്യായീകരിച്ചു വിശദമായി എഴുതിയിട്ടുണ്ട്. വളര്‍ച്ച കൂട്ടാനായി കടം കൂട്ടുന്നതു തെറ്റല്ലെന്നാണ് അതില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ സ്ഥാപിച്ചത്.

എന്തുകൊണ്ട് നിലപാടു മാറ്റം?

കഴിഞ്ഞ വര്‍ഷങ്ങളില്‍ സുബ്രഹ്മണ്യന് ഇങ്ങനെ തോന്നാത്തത് എന്തുകൊണ്ടാണെന്നാണ് അറിയേണ്ടത്. 2019 -20 ലെ കമ്മി 3.8 ശതമാനമായും ഇക്കൊല്ലത്തേത് 3.5 ശതമാനമായും പ്രതീക്ഷിച്ച ബജറ്റ് അവതരിപ്പിച്ച ശേഷം ധനകാര്യ സന്തുലനവും വിവേകവും സംബന്ധിച്ച് ഉപന്യസിക്കുകയായിരുന്നു അദ്ദേഹം.അപ്പോള്‍ എന്താണു സംഭവിച്ചത്? സുബ്രഹ്മണ്യന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കിയ ബജറ്റുകളിലെ കണക്കുകള്‍ പാളി. കമ്മി കൂടി. അതു ന്യായീകരിക്കണം.

സബ്‌സിഡിയില്‍ തട്ടിപ്പ്

2018 -19-ല്‍ ലക്ഷ്യം 3.3 ശതമാനം. നടന്നത് 3.4 ശതമാനം. (ഇതു തന്നെ ഭക്ഷ്യ സബ്‌സിഡി ചെലവ് വകയിരുത്താതെയാണ്.അതേപ്പറ്റി പിന്നീട് ). 2019 20 ല്‍ 3.3 ശതമാനം ലക്ഷ്യമിട്ടു. പുതുക്കിയ എസ്റ്റിമേറ്റില്‍ 3.8% ആയി. ഒടുവില്‍ കണക്കു വന്നപ്പോള്‍ 4.6%. അപ്പോഴും ഭക്ഷ്യ സബ്‌സിഡിയില്‍ തട്ടിപ്പ് കാണിച്ചു.ഇതൊക്കെ കോവിഡും ലോക്ക് ഡൗണും ആഘാതമേല്‍പ്പിക്കുന്നതിനു മുന്‍പാണ്. ഇന്ത്യയുടെ ബജറ്റ് കണക്കുകള്‍ സുതാര്യമല്ലെന്ന പരാതി നിരീക്ഷകരും റേറ്റിംഗ് ഏജന്‍സികളും ഉന്നയിച്ചത് ഈ പശ്ചാത്തലത്തിലാണ്.

കുറേ വര്‍ഷങ്ങളായി ഭക്ഷ്യ സബ്‌സിഡിയുടെ യഥാര്‍ഥ ചെലവ് ബജറ്റില്‍ പറഞ്ഞിരുന്നില്ല. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) യുടെ നഷ്ടത്തില്‍ ഒരു ഭാഗം മാത്രം സര്‍ക്കാര്‍ വഹിച്ചു. ബാക്കി ദേശീയ സമ്പാദ്യ പദ്ധതിയില്‍ നിന്നു വായ്പ എടുക്കാന്‍ നിര്‍ദേശിച്ചു. ഒന്നുരണ്ടു വര്‍ഷം അതു കുഴപ്പമില്ലാതെ നീങ്ങി. ഈ വര്‍ഷം ദേശീയ സമ്പാദ്യ പദ്ധതിക്കു പണവും പലിശയും നല്‍കേണ്ട സമയമായപ്പോള്‍ എഫ്‌സിഐക്കു പണമില്ല. സര്‍ക്കാര്‍ ബാധ്യത ഏറ്റെടുക്കേണ്ടി വന്നു. നാലു ലക്ഷം കോടിയോളം രൂപയാണു ബാധ്യത.

വരവ് ഇടിഞ്ഞു

2020-21 ലെ സ്ഥിതി ഒന്നു കൂടി നോക്കാം. ലോക്ക് ഡൗണ്‍ മൂലം ഒന്നാം പകുതിയില്‍ ജിഡിപി 15.7 ശതമാനം കുറഞ്ഞു. രണ്ടാം പകുതിയില്‍ പ്രതീക്ഷിക്കുന്ന നാമമാത്ര വര്‍ധന കൂട്ടിയാലും വാര്‍ഷിക ജിഡിപി 7.7 ശതമാനം താഴും. തന്നാണ്ടു വിലയില്‍ ഇടിവ് 4.2%.സ്വാഭാവികമായും നികുതി വരുമാനം കുറയും. കുറഞ്ഞു. ആകെ നികുതി പിരിവ് 24.23 ലക്ഷം കോടി പ്രതീക്ഷിച്ചിരുന്ന് 19 ലക്ഷം കോടി മാത്രം. കേന്ദ്രത്തിനു മാത്രമുള്ള കുറവ് മൂന്നു ലക്ഷം കോടിയേ വരൂ.നികുതിയിതര വരുമാനങ്ങള്‍ (ലാഭവീതം, ഫീസുകള്‍, ചാര്‍ജുകള്‍) കുറഞ്ഞു. കുറവ് 1.75 ലക്ഷം കോടി രൂപ.

പൊതുമേഖലാ ഓഹരി വില്‍പന ലക്ഷ്യമിട്ട 2.1 ലക്ഷം കോടിക്കു പകരം കിട്ടുന്നത് 32,000 കോടി മാത്രം. വ്യത്യാസം 1.8 ലക്ഷം കോടി രൂപ. കേന്ദ്രത്തിനു മൊത്തം വരുന്ന കുറവ് 6.5 ലക്ഷം കോടി രൂപ. ഇതില്‍ നാലര ലക്ഷം കോടി റവന്യു.അതേ സമയം ചെലവ് കൂടി. 30.42 ലക്ഷം കോടി കരുതിയത് 34.5 ലക്ഷം കോടിയാകും.

അതിന്റെ ഫലമായി കമ്മി 7.96 ലക്ഷം കാേടി കണക്കാക്കിയത് 18.5 ലക്ഷം കോടിയിലെത്തും.

കോവിഡല്ല പ്രതി

ഈ ചെലവ് വര്‍ധന മുഴുവന്‍ കോവിഡ് മൂലമുള്ള അധികച്ചെലവാണെന്നു തെറ്റിധരിക്കരുത്. ഗവണ്മെന്റ് മുമ്പു മറച്ചു വച്ച കമ്മി വെളിപ്പെടുത്തിയതടക്കമുള്ള ചെലവാണിത്. എഫ്‌സിഐ ദേശീയ സമ്പാദ്യ പദ്ധതിക്കു നല്‍കാനുള്ള തുകയും രാസവള സബ്‌സിഡിയുമൊന്നും കോവിഡ് മൂലമല്ല. അധികച്ചെലവില്‍ നല്ല പങ്ക് ഈ രണ്ടിനങ്ങളിലാണ്. പിന്നെയൊന്നു റെയില്‍വേയുടെ വരുമാന നഷ്ടം നികത്താന്‍ നല്‍കിയ തുക. കോവിഡ് ദുരിതമകറ്റാന്‍ സൗജന്യ ഭക്ഷ്യധാന്യ വിതരണം, തൊഴിലുറപ്പു പണി വര്‍ധന, സ്ത്രീകളുടെ ജന്‍ ധന്‍ അക്കൗണ്ടുകളിലേക്കു തുക നല്‍കല്‍ എന്നിങ്ങനെയുള്ള സമാശ്വാസ നടപടികള്‍ക്കായി വന്ന അധികച്ചെലവ് രണ്ടു ലക്ഷം കോടി പോലും വരില്ല. പക്ഷേ, കോവിഡ് എന്ന മഹാമാരിയുടെ കണക്കില്‍ മുന്‍കാല ചെയ്തികളുടെ പാപഭാരം തിരുത്താന്‍ ഗവണ്മെന്റ് ശ്രമിക്കുന്നതാണു ബജറ്റില്‍ കണ്ടത്. 2022-23 ഓടെ എഫ്‌സിഐ ദേശീയ സമ്പാദ്യ പദ്ധതിക്കു നല്‍കാനുള്ള ബാധ്യത തീര്‍ക്കും.

അതിനു ശേഷവും പ്രത്യേക കമ്പനികള്‍ (എസ്പിവികള്‍) രൂപീകരിച്ചു ബജറ്റില്‍ പെടുത്താതെ വയ്ക്കുന്ന ബാധ്യതകള്‍ നിലനില്‍ക്കും. അവയ്ക്കും എന്നെങ്കിലും ബജറ്റില്‍ വകയിരുത്തല്‍ വേണ്ടി വരും.

മൂലധനച്ചെലവ് വര്‍ധന എന്ന മായ

സാമ്പത്തിക മാന്ദ്യത്തിനു നടുവിലും മൂലധനച്ചെലവ് വര്‍ധിപ്പിച്ചെന്നാണു ധനമന്ത്രിയുടെ അവകാശവാദം. ഇതു ചൂണ്ടിക്കാട്ടിയാണു ബജറ്റ് വളര്‍ച്ച കൂട്ടുമെന്നുള്ള ന്യായീകരണം. മൂലധനച്ചെലവാണു കൂട്ടുന്നതെന്നും അതുകൊണ്ട് ബജറ്റിന്റെ വലുപ്പം കൂട്ടലും കമ്മിയും വിലക്കയറ്റം വര്‍ധിപ്പിക്കില്ലെന്നും ഗവണ്മെന്റ് സെക്രട്ടടറിമാര്‍ വരെ പറഞ്ഞു വച്ചു. ബജറ്റിലെ കണക്കുകള്‍ പരിശോധിക്കാതെ മന്ത്രിയുടെ പ്രസംഗത്തിലൈ കണക്കു മാത്രം വച്ച് സ്തുതിപ്പുമായി ആസ്ഥാാന വിദ്വാന്മാര്‍ രംഗത്തിറങ്ങി.

എന്നാല്‍ മൂലധനച്ചെലവ് കൂടിയെന്ന വാദം പൊള്ളയെന്ന് മുന്‍ ധനകാര്യ സെക്രട്ടറി എസ്.സി. ഗാര്‍ഗ് കഴിഞ്ഞ ദിവസം വിശദീകരിച്ചു. 202021 ലെ മൂലധനച്ചെലവ് ബജറ്റില്‍ പറഞ്ഞ 4.12 ലക്ഷം കോടിയില്‍ നിന്ന് 4.39 ലക്ഷം കോടിയാക്കിയെന്നും 2021-22 ല്‍ അത് 5.54 ലക്ഷം കോടിയാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

റവന്യു ചെലവുകളെ മൂലധന ചെലവുകളാക്കി കാണിക്കുകയാണ് മന്ത്രി ചെയ്തതെന്നു ഗാര്‍ഗ് ചൂണ്ടിക്കാട്ടി. റെയില്‍വേ മൂലധനച്ചെലവിലെ യഥാര്‍ഥ കണക്ക് ഗാര്‍ഗ് വിവരിച്ചു. പുതിയ ലൈനുകള്‍ക്കു 12,000 കോടി പറഞ്ഞതില്‍ നടന്നതു 929 കോടി, ഗേജ്മാറ്റം 2250 കോടിക്കു പകരം 26 കോടി മാത്രം. പാളം പുതുക്കലിന് 10,599 കോടി വച്ചതില്‍ ഒരു പൈസയും ചെലവാക്കിയില്ല. എന്‍ജിനുകളും ബോഗികളും വാങ്ങാന്‍ 5787 കോടി വച്ചതില്‍ ചെലവാക്കുന്നത് 2004 കോടി മാത്രം.

റെയില്‍വേക്കു സര്‍വീസ് നിര്‍ത്തിവച്ചതു മൂലമുള്ള നഷ്ടം ഒഴിവാക്കാന്‍ 79,398 കോടി പ്രത്യേക വായ്പയായി കൊടുത്തു. ഇതു മൂലധന കണക്കിലാണു പെടുത്തിയത്. ശമ്പളവും പലിശയും നല്‍കാനുള്ള ഈ തുക കുറച്ചാല്‍ റെയില്‍വേയുടെ മൂലധനച്ചെലവ് 1.09 ലക്ഷം കോടി എന്നു പറഞ്ഞതു യഥാര്‍ഥത്തില്‍ 29,000 കോടി ആണെന്നു കാണാം: ഗാര്‍ഗ് ചൂണ്ടിക്കാട്ടി. അപ്പോള്‍ കേന്ദ്രം അവകാശപ്പെട്ട മൊത്തം മൂലധനച്ചെലവ് 4.39 ലക്ഷം കോടിയില്‍ നിന്ന് 3.6 ലക്ഷം കോടിയായി കുറയും. അതു മുന്‍വര്‍ഷങ്ങളിലേക്കാള്‍ കുറവാണ്.

അടുത്ത വര്‍ഷത്തെ മൂലധനച്ചെലവ് കാണിച്ചിരിക്കുന്നത് അമിതവരുമാന പ്രതീക്ഷയുടെ ബലത്തിലാണെന്നും ഗാര്‍ഗ് പറയുന്നു. ഇതൊക്കെയാണു ബജറ്റ് കണക്കുകളുടെ മറുവശം.

ഈ ബാധ്യത എങ്ങനെ തീര്‍ക്കും?

വര്‍ധിച്ച കമ്മി വരുത്തിക്കൂട്ടുന്ന അധിക ബാധ്യതകള്‍ നാളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെപ്പറ്റി ബജറ്റനന്തരം ഒരു ചര്‍ച്ചയും ഉണ്ടായിക്കാണുന്നില്ല. എല്ലാവരും വലുപ്പം കൂടിയ ബജറ്റിനെയോര്‍ത്തു രോമഹര്‍ഷമണിയുകയാണ്.ലോക്ക് ഡൗണുകള്‍ മൂലം സാമ്പത്തിക മാന്ദ്യത്തിലായ ഇക്കൊല്ലം കേന്ദ്രവും സംസ്ഥാനങ്ങളും കൂടി വരുത്തി വയ്ക്കുന്ന അധിക കടം നമ്മേ എത്തിക്കുന്നത് എവിടെയാണ്? 2020 മാര്‍ച്ച് 31-നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം കടം ജിഡിപിയുടെ 76.7 ശതമാനം. ഈ മാര്‍ച്ച് 31-ന് അത് 93.3 ശതമാനമാകും. അടുത്ത വര്‍ഷം മാര്‍ച്ച് 31-ന് അതു 91.1 ശതമാനമായി കുറയുമെന്നാണു പ്രതീക്ഷ.

ഈ കടത്തിനു പലിശയുണ്ട്. കടം തിരിച്ചു കൊടുക്കുകയും വേണം. പലിശച്ചെലവ് അടുത്ത ധനകാര്യ വര്‍ഷം 8.1 ലക്ഷം കോടി രൂപയാകും. ആകെ ചെലവാകുന്ന 34.83 ലക്ഷം കോടിയുടെ 23.3 ശതമാനം. കേന്ദ്രത്തിന്റെ മാത്രം പലിശച്ചെലവാണിത്. ഇതിന്റെ പകുതിയോളം (നാലു ലക്ഷം കോടി രൂപ) വരും സംസ്ഥാനങ്ങളുടെ പലിശച്ചെലവ്.

ഇതു തുടര്‍ന്നു പോകാന്‍ പറ്റുമോ? ചെലവിന്റെ നാലിലൊന്നു പലിശ എന്ന അവസ്ഥ ഒട്ടും ഭദ്രവുമല്ല. മറ്റൊരു മാന്ദ്യത്തെ അതിജീവിക്കാന്‍ കഴിയുന്ന അവസ്ഥയല്ല.

വാല്‍ക്കഷണം:

നിങ്ങള്‍ ബാങ്കിനു 100 പവന്‍ നല്‍കാനുണ്ടെങ്കില്‍ പ്രശ്‌നം നിങ്ങള്‍ക്കാണ്. നിങ്ങള്‍ പത്തുലക്ഷം പവന്‍ നല്‍കാനുണ്ടെങ്കില്‍ അതു ബാങ്കിന്റെ പ്രശ്‌നമാകും:ജോണ്‍ മേനാര്‍ഡ് കെയ്ന്‍സ്


റ്റി.സി.മാത്യു

റ്റി.സി.മാത്യു

മുതിര്‍ന്ന ധനകാര്യ മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories