TopTop
Begin typing your search above and press return to search.

SERIES| സാഹസികതയുടേയും സംഘര്‍ഷത്തിന്റേയും യാത്രകള്‍ -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

SERIES| സാഹസികതയുടേയും സംഘര്‍ഷത്തിന്റേയും യാത്രകള്‍ -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു

(കെപിഎസിയുടെ വിഖ്യാതമായ വാന്‍)

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കാം.)

ഭാഗം 53

അന്ന് കോഴിക്കോട് നാടകം കഴിഞ്ഞപ്പോള്‍ അര്‍ദ്ധരാത്രി പിന്നിട്ടിരുന്നു.അപ്പോള്‍ തന്നെ കല്‍പ്പറ്റ വഴി മൈസൂരിലേക്ക് തിരിച്ചാല്‍ മാത്രമേ പിറ്റേന്ന് അവിടെ നാടകത്തിന് കൃത്യസമയത്തിന് എത്താന്‍ കഴിയൂ. കോഴിക്കോട് നിന്ന് യാത്ര തിരിക്കുമ്പോള്‍ ഒരു സഖാവ് മുന്നറിയിപ്പ് നല്‍കി.

' ഇന്നിനി കല്‍പ്പറ്റയില്‍ തങ്ങിയിട്ട് പുലര്‍ച്ചെ അവിടെ നിന്ന് തിരിക്കുന്നതായിരിക്കും നല്ലത്.ചിലപ്പോള്‍ വഴിയില്‍ ആനയിറങ്ങാന്‍ ഇടയുണ്ട്.'

അപ്പോള്‍ കെ പി ഉമ്മര്‍ പറഞ്ഞു.

'അതു നന്നായി.അപ്പോള്‍ ആനയെ അടുത്തൊന്നു കാണാന്‍ പറ്റുമല്ലോ.'

സുഹൃത്ത് പറഞ്ഞു. 'ആനയെയൊക്കെ കാണാന്‍ പറ്റും.ഏഴു മാസം മുമ്പ് ഒരു ഒറ്റയാന്‍ ഒരു ജീപ്പ് കൊക്കയിലേക്ക് മറിച്ചിട്ടു ! '

അതിന് തോപ്പില്‍ ഭാസിയാണ് മറുപടി പറഞ്ഞത്.

'അപ്പോള്‍ കൊക്കയും കാണാം.'

എല്ലാവരും ചിരിച്ചു.

ആ രാത്രി വാന്‍ കല്‍പ്പറ്റ വിട്ട്,മൈസൂര്‍ വനങ്ങളുടേയും കേരളത്തിന്റെ കാടുകളിലൂടെയും അതിര്‍ത്തിയിലൂടെ യാത്ര തുടരുകയായിരുന്നു. വഴിയിലൊരിടത്തെത്തിയപ്പോള്‍ ഹെഡ് ലൈറ്റിന്റെ പ്രകാശത്തില്‍,കുറച്ചു ദൂരെയായി ഒരു കാഴ്ച്ച കണ്ടു.ഒരു വലിയ കൊമ്പനാന നടുറോഡില്‍ വഴിതടഞ്ഞുനില്‍ക്കുന്നു! ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ട് വണ്ടി നിറുത്തി. അല്‍പ്പം മുമ്പ് തമാശ പറഞ്ഞ ഭാസിയും ഉമ്മറും ഉള്‍പ്പെടെ സകലരും വാനിനുള്ളില്‍ മരവിച്ചിരുന്നുപോയി.

ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ കണ്ണുകള്‍ ചിമ്മി,നീണ്ടുവളഞ്ഞ കൂറ്റന്‍ കൊമ്പുകളുമാട്ടിക്കൊണ്ട് ആന ഒരൊറ്റനില്‍പ്പ് അവിടെ തന്നെയങ്ങനെ നിലക്കുകയാണ്.....അല്‍പ്പനേരം അങ്ങനെ നിന്നതിനുശേഷം അവന്‍ മെല്ലെ റോഡ് മുറിച്ചു കടന്ന്,അടുത്തുള്ള ഈറ്റക്കാട്ടിനുള്ളിലേയ്ക്ക് കയറിപ്പോയി.ഒട്ടും നേരം കളയാതെ ഡ്രൈവര്‍ വാന്‍ മുന്നോട്ടെടുത്തു.ആ അനുഭവം സമ്മാനിച്ച ആഘാതം വിട്ടുണരാതെ എല്ലാവരും നിശ്ശബ്ദരായി ഇരിപ്പ് തുടര്‍ന്നു.

സുലോചനയാണ് അസുഖകരമായ ആ മൗനം മുറിച്ചത്.

'ഫലിതം പറഞ്ഞ നേതാക്കന്മാരുടെ ശബ്ദം പോലും കേള്‍ക്കാനില്ലല്ലോ!'

തോപ്പില്‍ ഭാസി:'ഞങ്ങളൊരു നേരമ്പോക്ക് പറഞ്ഞത് ഈ കൊമ്പന്‍ സീരിയസ് ആയിട്ടെടുക്കുമെന്ന് ആര് കരുതി?'

എല്ലാവരും കൂട്ടച്ചിരി.ആഹ്ലാദത്തോടെ ആ സംഘം മുന്നോട്ട് യാത്ര തുടര്‍ന്നു....

(കെപിഎസിയുടെ ചിഹ്നം)

കലാകാരന്മാര്‍(കലാകാരികളും)ക്കിടയിലുള്ള സ്പര്‍ധയും,മത്സരവും കുതികാല്‍വെട്ടുമൊക്കെ പ്രൊഫഷണല്‍ നാടകസമിതികളെ സംബന്ധിച്ചടത്തോളം സര്‍വ സാധാരണമായി തീര്‍ന്നപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ജനകീയ കലാസമിതി മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനിന്നു.അതിന്റെയൊരു കാരണം എന്തു പ്രശ്‌നങ്ങളുണ്ടായാലും ഉടനെ തന്നെ ചര്‍ച്ചചെയ്തു പരിഹാരം കണ്ടെത്തുന്ന,സമിതിയുടെ ജനറല്‍ ബോഡിയായിരുന്നു.മറ്റൊരു കാരണം, ആണ്ടിലൊരിക്കല്‍ കെ പി എ സി നടത്തിവന്ന,രണ്ടുമാസക്കാലം നീണ്ടുനില്‍ക്കുന്ന അഖിലേന്ത്യാ പര്യടനവും.അംഗങ്ങള്‍ തമ്മിലുള്ള എല്ലാ അഭിപ്രായവ്യത്യാസങ്ങളും അസ്വാരസ്യങ്ങളും മറന്ന് ഒരൊറ്റ കുടുംബത്തിലെ ഒരേ മനസ്സുള്ള സഹോദരങ്ങളെപ്പോലെയായി മാറുന്ന സന്ദര്‍ഭം...

(കെപിഎസി അഖിലേന്ത്യാ പര്യടനത്തിന്റെ അറിയിപ്പ്)

മറ്റു സംസ്ഥാനങ്ങളിലെ കലാകാരന്മാരും ഇപ്റ്റ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളുമായുമുള്ള കെ പി എ സി യുടെ സൗഹൃദബന്ധം 1953 മുതല്‍ 1965 വരെ യുള്ള ഒരു വ്യാഴവട്ടക്കാലത്ത് വളരെ ശക്തമായിരുന്നു.ഇന്ത്യയിലെ ചെറുതും വലുതുമായ ഓരോ പട്ടണങ്ങളിലും കെ പി എ സി വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലു മെത്തി.മലയാളിസമൂഹത്തിന്റെ പ്രകടമായ സാന്നിധ്യമുള്ളിടത്തെല്ലാം നാടകമവതരിപ്പിച്ചു.വൈരുദ്ധ്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന,വ്യത്യസ്ത തുടിച്ചുനില്‍ക്കുന്ന ഭൂപ്രകൃതി,വൈവിധ്യമാര്‍ന്ന ഭാഷ,വിഭിന്നസംസ്‌ക്കാരങ്ങള്‍, വേഷഭൂഷാദികള്‍, ആചാരങ്ങള്‍ വിശ്വാസങ്ങള്‍.....ഇവയെല്ലാം ദൃഢതരമായി നിലനില്‍ക്കുന്ന ഒരു രാജ്യത്തിന്റെ തലങ്ങും വിലങ്ങും സഞ്ചരിച്ച്,അവിടെയുള്ള സാധാരണ മനുഷ്യരെ നേരിട്ടുകണ്ട്,അവരുടെ സ്‌നേഹോഷ്മളമായ ആതിഥ്യത്തില്‍ നിന്ന് ഊര്‍ജ്ജമേറ്റുവാങ്ങുന്ന അസാധാരണാ നുഭവമായിരുന്നു ഓരോ യാത്രയും.മാവേലിക്കരയിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച്, തിരുവനന്തപുരം പോലെ ഒരു ചെറിയ നഗരപ്രദേശത്ത് വളര്‍ന്ന്, ഒരു പട്ടണമായി ഇനിയും മാറിയിട്ടില്ലാത്ത കായംകുളത്ത് സ്ഥിരതാമസമാക്കിയ, സുലോചനയുടെ ലോകവീക്ഷണം ഉരുവം കൊണ്ടത് ഈ നാടകപര്യടനങ്ങളിലൂടെയായിരുന്നു.

(മറുനാടന്‍ പര്യടനം നടത്തുന്ന സംഘം 1960ല്‍)

ഉത്തരേന്ത്യയിലെ മരുഭൂമി കളിലൂടെയും കൊടുങ്കാടുകളിലൂടെയും കെ പി എ സി യുടെ നാടകവണ്ടി സഞ്ചരിച്ചു.കൊള്ളക്കാരുടെ സാമ്രാജ്യമായ ചമ്പല്‍ക്കാടുകളിലൂടെ യാത്ര ചെയ്തു.പോകുന്ന വഴിയിലൊരിടത്തും ഹോട്ടലുകളോ റെസ്റ്റ് ഹൗസുകളോ താമസയോഗ്യമായ മറ്റ് ഇടങ്ങളോ ഉണ്ടായിരുന്നില്ല. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോകുന്ന സ്ത്രീകള്‍ക്കായി പുരുഷന്മാര്‍ കര്‍ട്ടന്‍ തുണികൊണ്ട് മറകെട്ടികൊടുക്കും.ആവശ്യമുള്ള വെള്ളം അടുത്തോ അകലെയോ ഉള്ള കിണറുകളില്‍ നിന്നും അരുവികളില്‍ നിന്നുമൊക്കെയായി ബക്കറ്റുകളില്‍ ശേഖരിച്ച് കൊണ്ടുക്കൊടുക്കും.

ഹോട്ടലുകള്‍ ഒന്നുമില്ലാത്ത പ്രദേശങ്ങളിലൂടെ യാത്രചെയ്യുമ്പോള്‍ ഭക്ഷണം പാകം ചെയ്തു കഴിക്കുകയായിരുന്നു പതിവ്.കഞ്ഞിവെയ്ക്കാനും കഴിക്കാനുമുള്ള പാത്രങ്ങളും പൊടിയരിയും ഉപ്പിലിട്ടതും ചമ്മന്തിപ്പൊടിയും മറ്റും കരുതിയിട്ടുണ്ടാകും.അപകടം കുറഞ്ഞ,ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വാന്‍ ഒതുക്കിയിടും.പുരുഷന്മാര്‍ പോയി വിറകും വെള്ളവും ശേഖരിച്ചു കൊണ്ടുവരും.സ്ത്രീകള്‍ അടുപ്പുകൂട്ടി കഞ്ഞി വെയ്ക്കും.എല്ലാവരും കൂടി വട്ടമിട്ടിരുന്നു കൊണ്ട് ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ കഞ്ഞികുടിക്കും.രാത്രിനേരങ്ങളില്‍ സഞ്ചരിക്കേണ്ടിവരുമ്പോള്‍,ആരുമുറങ്ങാന്‍ സമ്മതിക്കില്ല.എല്ലാവരും കൂടി ഉറക്കം വിട്ടുണര്‍ന്നിരുന്നു കൊണ്ട് പാട്ടും ബഹളവുമാണ്.സുലോചനയും ജോര്‍ജ്ജും കൂട്ടത്തിലുള്ളപ്പോള്‍ പാട്ടിനുണ്ടോ പഞ്ഞം!പാട്ടു പാടാനറിയാത്തവര്‍ പോലും അപ്പോള്‍ ഒന്നുപാടും!

'ഞങ്ങള്‍ പറയാറുണ്ട്,ആ വാഹനം ഞങ്ങളുടെ വീടാണെന്ന്. ഞങ്ങള്‍ ഇരുപത്തിനാലുപേര്‍ വസിക്കുന്ന വീട്.അതില്‍ വഴക്കുണ്ടാകാറുണ്ട്.ബഹളങ്ങള്‍ ഉണ്ടാകാറുണ്ട്. അങ്ങനെ ഒരുപാട് സംഭവങ്ങള്‍. ഒരുപാട് ജീവിതനാടകങ്ങള്‍.നാടകങ്ങള്‍ക്കുള്ളിലെ നാടകങ്ങള്‍.എല്ലാം ആ വാഹനത്തില്‍ അരങ്ങേറി.' ലളിത ഓര്‍മ്മിക്കുന്നു. *

(തോപ്പില്‍ കൃഷ്ണപിള്ള,ഖാന്‍,അസീസ്(നില്‍ക്കുന്നു)സി ജി ഗോപിനാഥ്,എന്‍ ഗോവിന്ദന്‍ കുട്ടി(ഇരിക്കുന്നു) മറുനാടന്‍ പര്യടനത്തിനിടയില്‍)

പഞ്ചാബും കാശ്മീരും ഒഴിച്ചുള്ള എല്ലാ സംസ്ഥാനങ്ങളിലൂടെയും കെ പി എ സി യുടെ ഫര്‍ഗോ വാന്‍ സഞ്ചരിച്ചു.മദ്രാസ്,ബാംഗ്‌ളൂര്‍, പൂന,നാഗ്പൂര്‍,ബോംബെ,അഹമ്മദാബാദ്,ഡല്‍ഹി,പാറ്റ്‌ന,റാഞ്ചി,കല്‍ക്കട്ട,ജംഷദ്പൂര്‍,റൂര്‍ഖല, കട്ടക്ക്,ഭുവനേശ്വര്‍,റായ്പൂര്‍,ഭീലായ്,ഭോപ്പാല്‍....നൂറിലേറെ മലയാളികള്‍ ജീവിക്കുന്ന സ്ഥലങ്ങളിലെല്ലാം കെ പി എ സി യുടെ വാന്‍ കടന്നുചെന്നു.

പുതിയ വാന്‍ ഉപയോഗിക്കുന്നതിന് കമ്പനി ചില നിബന്ധനകള്‍ വെച്ചിട്ടുണ്ടായിരുന്നു.അതനുസരിച്ച് ആകെ ഒമ്പതുപേരും അവരുടെ സാമാനങ്ങളും മാത്രമേ കയറ്റാവൂ.മറുനാടന്‍ പര്യടനത്തിന് പോകുന്ന കെ പി എ സി സംഘമാകട്ടെ പതിനഞ്ചുപേരും അവരുടെ വക സാധനങ്ങളും കര്‍ട്ടന്‍ സെറ്റും ലൈറ്റുമൊക്കെയായിട്ടാണ് യാത്ര.ആ വാനിന്റെ ചക്രങ്ങള്‍ ചെറുതായിരുന്നു.മുന്നൂറു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചക്രങ്ങള്‍ ചൂടു പിടിച്ച് അതില്‍ ഘടിപ്പിച്ചിരുന്ന റിങ്ങുകള്‍ ഊരിത്തെറിച്ചുപോകും. അതോടെ ട്യൂബിലെ കാറ്റുപോകും. അന്നൊക്കെ വടക്കെയിന്ത്യയിലെ ഒരു നഗരത്തില്‍ നിന്ന് അടുത്ത നഗരത്തില്‍ എത്തിച്ചേരണമെങ്കില്‍ നാന്നൂറും അഞ്ഞൂറും കിലോമീറ്ററുകള്‍ യാത്ര ചെയ്യണമായിരുന്നു.അതിനിടയ്ക്ക് വൈദ്യുതി പോലും എത്തിച്ചേര്‍ന്നിട്ടില്ലാത്ത കുഗ്രാമങ്ങളും മരുഭൂമികള്‍ പോലെ നീണ്ടുപരന്നു കിടക്കുന്ന വിജനമായ ഭൂപ്രദേശങ്ങളും കൊടുങ്കാടുകളുമൊക്കെയാണ്.പെട്രോള്‍ പമ്പുകളോ ഹോട്ടലുകളോ താമസിക്കാന്‍ പറ്റിയ സത്രങ്ങളോ ഒന്നുമുണ്ടായിരുന്നില്ല.

ഈ പ്രദേശങ്ങളില്‍ എവിടെയെങ്കിലും വെച്ച്,ടയറിന്റെ കാറ്റുപോയാല്‍ പിന്നെ ഒരു ബെന്‍സ് ലോറി വരുന്നതിനായി പ്രതീക്ഷയോടെ കാത്തുകിടക്കുക മാത്രമേ വഴിയുള്ളൂ.സന്മനസ്സ് കാണിക്കാന്‍ തയ്യാറുള്ള ലോറിക്കാരന്റെ സഹായത്തോടെ ലോറിയുടെ എഞ്ചിനില്‍ ഘടിപ്പിച്ച ഒരു ട്യൂബ് വഴി ഫര്‍ഗോ വാനിന്റെ ട യറിലെ ട്യൂബിലേക്ക് കാറ്റു നിറച്ചാണ് അത്തരം പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്യാറുണ്ടായിരുന്നത്.ഇങ്ങനെയുള്ള അവസരങ്ങളിലെല്ലാം നേതൃത്വമേറ്റെടുക്കാറുള്ള കെ പി ഉമ്മറിന്,ഒരബദ്ധം പറ്റി. ഇത്തവണയും ഉമ്മറിന് പണികൊടുത്തത് സ്വന്തം 'ഭാഷാജ്ഞാനം' തന്നെയായിരുന്നു.

(കെ.പി. ഉമ്മര്‍)

'ഒരിക്കല്‍ ഞങ്ങള്‍ അക്കോല എന്ന പട്ടണത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു.ടയറിന്റെ കാറ്റുപോയി. ഏതോ ഒരു ഗ്രാമത്തിലാണ് ഞങ്ങളെത്തിപ്പെട്ടിരുന്നത്.റോഡിന്റെ ഇരുഭാഗത്തും കണ്ണെത്താത്ത വയലുകളാണ്.നേരം വെളുത്തുവരുന്നതേയുള്ളൂ.ഞങ്ങള്‍ വാനില്‍ നിന്നിറങ്ങി റോഡിന്റെ അരികിലും വയലിലുമായി കിടന്നു.പെട്ടെന്ന് ആരെങ്കിലും കണ്ടാല്‍ ഒരു വലിയ അപകടം കഴിഞ്ഞ് മൃതദേഹങ്ങള്‍ കിടത്തിയിരിക്കുകയാണെന്നേ തോന്നൂ.നേരം വെളുത്തപ്പോള്‍ വെയിലിന് ചൂടു കൂടി. എല്ലാവരും എഴുന്നേറ്റ് നിത്യകര്‍മ്മങ്ങള്‍ ചെയ്യാനുള്ള ശ്രമത്തിലായി.ഞങ്ങളുടെ കൂട്ടത്തില്‍ ഹിന്ദി നന്നായി സംസാരിക്കാന്‍ കഴിയുന്ന രണ്ടുപേരെ ഉണ്ടായിരുന്നുള്ളൂ.ഒന്ന് നടനായ ഖാനും മറ്റൊരാള്‍ തബലിസ്റ്റ് അബൂബക്കറുമായിരുന്നു അത്.അവര്‍ രണ്ടുപേരും കുടിക്കാനുള്ള വെള്ളമന്വേഷിച്ചു പോയിരിക്കുന്നു.പിന്നെ എനിക്കറിയാവുന്ന ഹിന്ദി വാക്കുകള്‍ കൊണ്ടുള്ള ഒരു കളിയായിരുന്നു.അതുകാരണം എനിക്കും ഹിന്ദി അറിയാമെന്ന ധാരണ നമ്മുടെ ഗ്രൂപ്പിലെ അംഗങ്ങളുടെ ഇടയിലുണ്ടായി.

ഒരു ബെന്‍സ് ലോറി പാഞ്ഞുവരികയാണ്.'എടോ ഉമ്മറുകുട്ടീ അതാ ലോറി വരുന്നു.താനത് കൈകാട്ടി നിറുത്തിയിട്ട്, ഇച്ചിരി കാറ്റ് തരാന്‍ പറ.' തോപ്പില്‍ ഭാസി വിളിച്ചുപറഞ്ഞു.

ഞാന്‍ കുഴപ്പത്തിലായി.കാറ്റ് വേണമെന്ന് എങ്ങനെ ഹിന്ദിയില്‍ പറയും? ഞാനാലോചിച്ചു.കാറ്റ് എന്ന പദം സ്ത്രീലിംഗമോ പുല്ലിംഗമോ?സ്ത്രീലിംഗമായിരിക്കും.എന്തും വരട്ടെ.കാച്ചിക്കളയാം.ഞാന്‍ ലോറി കൈകാട്ടി നിറുത്തി.ലോറിയുടെ ഉടമസ്ഥന്‍ തന്നെയായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്.ഒരു മാന്യന്‍!ഞാനടുത്തേക്ക് ചെന്നിട്ട് വാന്‍ ചൂണ്ടിക്കാണിച്ചിട്ട് ഗൗരവം വിടാതെ പറഞ്ഞു.'ഹമാരാ ഹവാ ഗയീ.'

അയാള്‍ ഒരു തമാശ കേട്ട മട്ടില്‍ നന്നായി ചിരിച്ചു.എന്റെ സഖാക്കളെല്ലാം ഇതു ശ്രദ്ധിച്ചു നില്‍ക്കുന്നുണ്ടായിരുന്നു.ലോറിക്കാരന്‍ വാന്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് എന്തൊക്കെയോ ഹിന്ദിയില്‍ പറഞ്ഞു.ഞാന്‍ 'ജീ, ജീ ഹാ...'എന്നു പറഞ്ഞുകൊണ്ടിരുന്നു.

അദ്ദേഹം ടയറഴിച്ചുകൊണ്ടു കൊണ്ടുവന്നു.എഞ്ചിന്‍ സ്റ്റാര്‍ട്ടാക്കി കാറ്റ്നിറച്ചു.

ഞങ്ങളെല്ലാം കൈകൂപ്പി അദ്ദേഹത്തോട് നന്ദി പറഞ്ഞു.അദ്ദേഹം ലോറിയോടിച്ചുപോയി.ലോറിക്കാരന്റെ ചിരിയെപ്പറ്റിയായിരുന്നു ഞാന്‍ ചിന്തിച്ചത്.'ഹമാരാ ഹവാഗയി' എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? കാറ്റ് പോയത് വാഹനത്തിന്റെ ടയറിന്റെയോ അതോ ഞങ്ങളുടെയോ?'**

മറ്റൊരിക്കല്‍ 'വാന്‍ കിടപ്പിലായത്'പട്ടാപ്പകല്‍ പോലും ആളുകള്‍ കടന്നുചെല്ലാന്‍ ഭയക്കുന്ന, കൊള്ളക്കാരുടെ സങ്കേതമായ, ചമ്പല്‍ക്കാടുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു.തോപ്പില്‍ഭാസിയുടെ ഓര്‍മ്മകളിലൂടെ.

'ഒരിക്കല്‍ മാന്‍സിംഗ് എന്ന കൊള്ളക്കാരന്റെ വിഹാരഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ വാനിന്റെ ഫ്യൂവല്‍ പമ്പ് തകരാറിലായി വണ്ടി നിന്നു.വാനില്‍ സഞ്ചരിക്കുന്ന ഗോപാലന്‍ എന്ന വിദഗ്ധനായ മെക്കാനിക്ക്ശ്രമിച്ചിട്ട് ഒരു ഫലവുമില്ല.ഒടുവില്‍ അയാള്‍ തന്നെ ഒരു മാര്‍ഗം കണ്ടുപിടിച്ചു.പെട്രോള്‍ നേരിട്ട് എഞ്ചിനില്‍ എത്തിക്കുക.അതിന് പെട്രോള്‍ ഒരു പാത്രത്തില്‍ എടുത്തിട്ട് വാനില്‍ ഉയരത്തില്‍ പിടിക്കണം.ഒരു റബ്ബര്‍ ട്യൂബ് വഴി എഞ്ചിനിലേക്ക് കണക്ഷന്‍ കൊടുക്കണം.

വാനില്‍ കുടിവെള്ളം സൂക്ഷിക്കുന്ന ടാങ്ക് അഴിച്ചെടുത്തു പെട്രോള്‍ നിറച്ചു.വാനിന്റെ ഡോറിന് ചുറ്റും വെച്ചിരിക്കുന്ന ബീഡിങ് പൊളിച്ചെടുത്ത് അതിലെ ട്യൂബിലൂടെ കണക്ഷന്‍ കൊടുക്കുക.പെട്രോള്‍ നിറച്ച പാത്രം ആര്‍ട്ടിസ്റ്റുകള്‍ തോളില്‍ വച്ചു പൊക്കമുണ്ടാക്കുക.കൂടുതല്‍ സമയം ഈ പെട്രോള്‍ ടാങ്ക് തോളില്‍ വെച്ചത് ഞങ്ങളില്‍ കൂടുതല്‍ ആരോഗ്യമുള്ള കെ പി ഉമ്മറായിരുന്നു. വണ്ടി സ്റ്റാര്‍ട്ടാക്കിയപ്പോള്‍ വാനിനകത്തു സമൂഹഗാനമുയര്‍ന്നു.....

....ഇങ്ങനെ പ്രയാസപ്പെട്ടും ഉത്ക്കണ്ഠപ്പെട്ടുകൊണ്ടുമുള്ള യാത്ര കൊണ്ട് പല നേട്ടങ്ങളുമുണ്ട്.ഒന്ന് ഈ യാത്രാവേളയില്‍ സമിതി യംഗങ്ങള്‍ തമ്മിലുള്ള ഹൃദയബന്ധം രക്തബന്ധമുള്ളവരെക്കാള്‍ ദൃഢതരമായിരിക്കും.ഇരുപത്തിയഞ്ചോളം സ്ത്രീപുരുഷന്മാര്‍ ഒരേ രീതിയില്‍ ചിന്തിക്കുക,ഒരേ രീതിയില്‍ ഉത്ക്കണ്ഠപ്പെടുക, ആശ്വസിക്കുക,ഭയക്കുക,സന്തോഷിക്കുക,ദുഃഖിക്കുക എന്നത് പരസ്പരബന്ധത്തെ ദൃഢതരമാക്കുമല്ലോ.'***

(കെ പി ഉമ്മറും സുലോചനയും മറുനാടന്‍ മലയാളികുടുംബത്തോടൊപ്പം)

കെ പി എ സി യുടെ ആ കുടുംബവാഹനത്തില്‍ സുലോചന അവസാനം നടത്തിയ മറുനാടന്‍പര്യടനം സംഭവബഹുലമായിരുന്നു.സമിതിയിലെ മറ്റുപല അംഗങ്ങളുമായുള്ള സുലോചനയുടെ ബന്ധത്തിന് അപ്പോഴേക്കും ഉലച്ചില്‍ സംഭവിച്ചുകഴിഞ്ഞിരുന്നു.അതുവരെ ഉള്ളിലൊതുക്കി പിടിച്ചിരുന്ന നീരസവും സ്പര്‍ധയുമൊക്കെ മറനീക്കി പുറത്തുവരാന്‍ തുടങ്ങിയ പല സന്ദര്‍ഭങ്ങളുമുണ്ടായി.എന്നാല്‍ യാത്രയ്ക്കിടയില്‍ പ്രകൃതി സൃഷ്ടിച്ച ചില പ്രതിബന്ധങ്ങളും വിപത്തുകളുമൊക്കെ ചേര്‍ന്ന് താത്ക്കാലികമായിട്ടാണെങ്കിലും അവരെല്ലാപേരെയും ഒരുമിച്ചു നിറുത്തി.

ഭോപ്പാല്‍ നിന്ന് നാഗ്പൂരിലേക്കുള്ള യാത്രയിലാണ് അതുസംഭവിച്ചത്.തോരാതെ പെയ്യുന്ന മഴ വഴിനീളെ വിഘ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.വെള്ളപ്പൊക്കം കാരണം അവര്‍ക്ക് ഭോപ്പാലില്‍ തന്നെ രണ്ടു ദിവസം തങ്ങേണ്ടി വന്നു.നാഗ്പൂരിലും അവിടെ നിന്നു തെക്കോട്ടുള്ള സ്ഥലങ്ങളിലും നാടകം ബുക്ക് ചെയ്തിരുന്നതുകൊണ്ട്, മഴയെ അവഗണിച്ചു കൊണ്ട് മുന്നോട്ടു പോകാതെ നിവൃത്തിയില്ലായിരുന്നു.നര്‍മ്മദാനദിയുടെ മുകളിലൂടെയുള്ള പാലം കടന്നുവേണം നാഗ്പൂരിലേക്ക് പോകേണ്ടത്.കൂലംകുത്തി പാഞ്ഞൊഴുകുന്ന നദിയുടെ കരയില്‍ ചെന്നപ്പോള്‍ അവിടെ അങ്ങനെയൊരു പാലമുണ്ടായിരുന്നതിന്റെ സൂചന പോലുമില്ല.തലേദിവസമുണ്ടായ വെള്ളപ്പൊക്കത്തിലും പേമാരിയിലും പെട്ട് പാലം ഒലിച്ചുപോയിരുന്നു. അവിടെ നിന്ന് മറ്റൊരു മാര്‍ഗത്തിലൂടെ പൂന വഴി നാഗ്പൂരിലെത്താന്‍ രണ്ടുദിവസമെങ്കിലും വേണ്ടി വരും.പിറ്റേന്ന് വൈകിട്ടാണ് നാഗ്പൂരില്‍ നാടകം. എങ്ങനെയെങ്കിലും നദി കടന്നാല്‍ ഇന്ന് തന്നെ എത്താം.അവിടെയുണ്ടായിരുന്ന ചില ആളുകള്‍ അപ്പോള്‍ സഹായവാഗ്ദാനവുമായെത്തി.

'ഒരു നാടന്‍ ചങ്ങാടമുണ്ട്.അതില്‍ വണ്ടിയെയും ആള്‍ക്കാരെയും കൂടി അക്കര കടത്താന്‍ പറ്റുമോയെന്ന് ശ്രമിച്ചുനോക്കാം' പക്ഷെ അതിനായി അവര്‍ ആവശ്യപ്പെട്ട തുക അല്പം കൂടുതലായിരുന്നു.അഞ്ഞൂറു രൂപ! കുറെ തര്‍ക്കിച്ചുനോക്കിയെങ്കിലും നാട്ടുകാര്‍ ഒരു വിട്ടുവീഴ്ചക്കും ഒരുക്കമായിരുന്നില്ല.നദി കടക്കാനുള്ള ശ്രമമുപേക്ഷിച്ച് ആരോ നിര്‍ദ്ദേശിച്ച മറ്റൊരു വഴിയിലൂടെ യാത്ര പുറപ്പെട്ടു.കുറേ മുന്നോട്ടു ചെന്നപ്പോഴാണറിയുന്നത് -- ആ വഴിയേ പോയാല്‍ പൂനയിലെത്താന്‍ തന്നെ മൂന്നുദിവസമെങ്കിലുമെടുക്കുമെന്ന്. അപ്പോഴേക്കും നേരമിരുട്ടിത്തുടങ്ങിയിരുന്നു.മടങ്ങി നദിക്കരയിലെത്തിയപ്പോള്‍ രാത്രി പത്തുമണിയോളമായി.അപ്പോള്‍ പുതിയൊരു പ്രശ്‌നം.നേരത്തെ സമ്മതിച്ച അഞ്ഞൂറു രൂപയ്ക്ക് കൊണ്ടുപോകാന്‍ ചങ്ങാടക്കാര്‍ ഒരുക്കമല്ല.അവര്‍ക്ക് ആയിരം രൂപ വേണം.അതിഭയങ്കരമായ കാറ്റും കോളും.കടലുപോലെ ആര്‍ത്തലയ്ക്കുന്ന തിരകളുമായി ഇളകിമറിയുന്ന നദി.

സുലോചനയുടെ നേതൃത്വത്തിലുള്ള സ്ത്രീകള്‍ക്ക് എങ്ങനെയെങ്കിലും അക്കരയൊന്നു ചെന്നുപറ്റിയാല്‍ മതിയെന്നായി.ഒടുവില്‍ അവരുടെ നിര്‍ബന്ധം മൂലം ആയിരം രൂപയ്ക്ക് ഒത്തുതീര്‍പ്പായി.എന്നാല്‍ ചങ്ങാടത്തില്‍ കയറേണ്ട നേരമായപ്പോള്‍ സ്ത്രീകളെല്ലാവരും പേടിച്ചു വിറയ്ക്കാന്‍ തുടങ്ങി.തോപ്പില്‍ഭാസിയും കെ പി ഉമ്മറും കൂടി അവരെ അനുനയിപ്പിച്ച് വാനിനുള്ളില്‍ കയറ്റിയിരുത്തി.വാന്‍ ചങ്ങാടത്തില്‍ കയറ്റിയിട്ട് പുരുഷന്മാരെല്ലാം കൂടി അതിന് ചുറ്റുമായി നിലയുറപ്പിച്ചു.കൈവരിയൊന്നുമില്ലാത്ത, മരത്തടികള്‍ ചേര്‍ത്തുകെട്ടിയുണ്ടാക്കിയ,തുറന്ന ചങ്ങാടം ഇളകിമറിയുന്ന നര്‍മ്മദയിലൂടെ മെല്ലെ ചാഞ്ചാടി മുന്നോട്ടു നീങ്ങി.വാനിന്റെ ടയറുകള്‍ പകുതിയോളം വെള്ളത്തിലാണ്.വാനിന്റെയുള്ളിലേയ്ക്ക് ഇരച്ചുകയറിക്കൊണ്ടിരിക്കുന്ന വെള്ളം എല്ലാവരും കൂടിച്ചേര്‍ന്ന് തൊട്ടി കൊണ്ട് കോരി ഒഴിച്ചുകളഞ്ഞുകൊണ്ടിരുന്നു.ഏതു നിമിഷവും നര്‍മ്മദയുടെ ആഴങ്ങളിലേക്ക് വാന്‍ മുങ്ങിത്താഴുമെന്ന അവസ്ഥയിലാണ്.ഒരു വശത്തേക്ക് ചരിഞ്ഞുകൊണ്ടിരുന്ന വാന്‍ കൂട്ടത്തിലെ ദീര്‍ഘകായനായ ഉമ്മര്‍ രണ്ടു കൈകള്‍ കൊണ്ടും താങ്ങിപ്പിടിച്ചിരിക്കുകയാണ്.സുലോചനയും ലീലയും ലളിതയുമെല്ലാം ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി.ഒരു മണിക്കൂറോളം അങ്ങനെ മരണത്തെ മുഖത്തോട് മുഖം കണ്ടുകൊണ്ട് അവര്‍ നദി കടന്ന് അക്കരെയെത്തി.മുട്ടറ്റം വെള്ളത്തിലേക്ക് എല്ലാവരും ചാടിയിറങ്ങി. സെറ്റും ലൈറ്റും മറ്റു സാധനങ്ങളുമെല്ലാമെടുത്തുകൊണ്ട് കുറച്ചുപേര്‍ മുന്നിലും കുത്തനെയുള്ള കയറ്റത്തിലൂടെ വാന്‍ തള്ളി മുകളിലേക്ക് കയറ്റിക്കൊണ്ട് മറ്റുള്ളവരും ഒരുവിധത്തില്‍ ഉയരത്തിലുള്ള പ്രധാനറോഡിലെത്തിയപ്പോള്‍ സമയം രാവിലെ ആറുമണി.

കുളിക്കാനോ നിത്യകര്‍മ്മങ്ങള്‍ നടത്താനോ വേണ്ടി വഴിയിലൊരിടത്തും നിറുത്താതെ വാന്‍ മുന്നോട്ടു പാഞ്ഞു. രാത്രി എട്ടുമണിക്ക് നാഗ്പൂരിലെത്തി ആഡിറ്റോറിയത്തില്‍ ഇറങ്ങിനേരെ മേക്കപ്പ് റൂമിലേയ്ക്ക് പോയി. നാടകസംഘത്തെ സംബന്ധിച്ച് വിവരങ്ങളൊന്നുമറിയാതെ സംഘാടകര്‍ ആകെ പരിഭ്രാന്തരായി നില്‍ക്കുകയായിരുന്നു.തിങ്ങിനിറഞ്ഞ സദസ്സ് ആകട്ടെ ബഹളം കൂട്ടാന്‍ തുടങ്ങിയിരുന്നു.മേക്കപ്പ് പൂര്‍ത്തിയായി.തോപ്പില്‍ ഭാസി നാടകത്തെക്കുറിച്ചുള്ള അനൗണ്‍സ്‌മെന്റ് നടത്തി. കൂട്ടത്തില്‍ ഒരുകാര്യം കൂടി പറഞ്ഞു.നാടകം കഴിഞ്ഞ് ഉടനെ ആരും പോകരുത്.ഞങ്ങള്‍ ക്ക് ചില കാര്യങ്ങള്‍ അറിയിക്കാനുണ്ട്.തുടര്‍ന്ന് സുലോചന അഭിവാദനഗാനത്തിന്റെ പല്ലവി പാടി.'കുരുക്ഷേത്രഭൂമി....'ശരശയ്യ ആരംഭിച്ചു.

നാടകവും തുടര്‍ന്ന് സുലോചനയുടെ ഏതാനും പാട്ടുകളും കഴിഞ്ഞ് തോപ്പില്‍ ഭാസി സ്റ്റേജില്‍ കയറി മൈക്ക് കയ്യിലെടുത്തു. തലേന്നാള്‍ രാവിലെ തൊട്ടുള്ള സംഭവങ്ങള്‍ വിവരിച്ചു.സദസ്സ് ശ്വാസമടക്കിപ്പിടിച്ച് കേട്ടിരുന്നു. ഭാസി പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ഒരു നിമിഷം നിശ്ശബ്ദത.പിന്നെ നിലയ്ക്കാത്ത കയ്യടിയായിരുന്നു....അത്തരം അപൂര്‍വ്വനിമിഷങ്ങളെ ഉമ്മര്‍ ഓര്‍മ്മിക്കുന്നത് ഇങ്ങനെയാണ്:

'എല്ലാ വിഷമങ്ങളും ദു:ഖങ്ങളും മറക്കുന്നത്,ആയിരമായിരം മൈലുകള്‍ യാത്ര ചെയ്തിട്ട് ലക്ഷ്യസ്ഥാനത്തെത്തുമ്പോഴാണ്.സന്ധ്യാസമയത്ത് നാടകം തുടങ്ങാനുള്ള ആരംഭം കുറിക്കുന്ന കോറസ് തുടങ്ങുമ്പോള്‍ ഞങ്ങള്‍ മറ്റെല്ലാം മറന്ന് കഥാപാത്രങ്ങളിലേക്ക് ഇഴുകിച്ചേരാന്‍ശ്രമിക്കുകയായി.... നാടകം ആരംഭിക്കാന്‍ പോകുന്ന ആ നിമിഷം,പങ്കെടുക്കുന്നവര്‍ ഒരേ ലക്ഷ്യത്തോടെ ,ഒരേ മനസ്സോടെ,മറ്റെല്ലാ വൈരാഗ്യങ്ങളും മറന്ന് തങ്ങളുടെ കലാപ്രകടനം ഗംഭീരമാക്കി മാറ്റാനുള്ള തയ്യാറെടുപ്പ് നടത്തുന്ന ആ അനര്‍ഘ നിമിഷമുണ്ടല്ലോ,അതേപ്പറ്റി ഓര്‍ക്കുമ്പോള്‍ ഞാനിന്നും കോരിത്തരിക്കാറുണ്ട്.'****

കെ പി എ സിയേയും തോപ്പില്‍ ഭാസിയേയും സുലോചനയേയുമെല്ലാം തങ്ങളുടെ നെഞ്ചിന്റെയുള്ളിലേയ്ക്ക് സ്വീകരിച്ചിരുത്തിയവരാണ് ബോംബെയിലെ മലയാളി സമൂഹം.

(കെപിഎസി സംഘം ബോംബെയില്‍ (1958 )

1953ല്‍ ഇപ്റ്റയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചെന്നതുമുതല്‍ ആ കലര്‍പ്പില്ലാത്ത സൗഹൃദത്തിന്റെ ഊഷ്മളത കെ പി എ സി അംഗങ്ങള്‍ അനുഭവിച്ചു പോരുകയാണ്.എന്നാല്‍ ഇത്തവണ ബോംബെയില്‍ ചെന്നപ്പോഴുണ്ടായ അനുഭവം, വല്ലാത്തൊരു ആഘാതവും അതിലേറെ നൊമ്പരവുമാണ് അവര്‍ക്ക് സമ്മാനിച്ചത്.പാര്‍ട്ടിയിലെ പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ അതൊട്ടും അപ്രതീക്ഷിതമായിരുന്നില്ലെങ്കില്‍ പോലും.....

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് ഏറ്റവുമധികം ബാധിച്ചത് മറുനാടന്‍ മലയാളി സംഘടനകളെയാണ്.മിക്കവാറും എല്ലാ സംഘടനകളും രണ്ടു ചേരികളായി പിരിഞ്ഞു.മറുനാടന്‍ മലയാളി കള്‍ക്ക് ഏ കെ ജി യോടുള്ള ഇഷ്ടവും ബഹുമാനവുമൊക്കെയായിരുന്നു അതിന്റെ പ്രധാന കാരണങ്ങളിലൊന്ന്.ഈ ചേരിതിരിവ് ഏറ്റവും പ്രകടമായത് ബോംബെയിലെ മലയാളി സംഘടന കള്‍ക്കിടയിലാണ്.ബോംബെ നഗരത്തില്‍ സജീവമായിരുന്ന എഴുപതിലേറെ മലയാളി സംഘടനകള്‍ എല്ലാംതന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്നവയായിരുന്നു.പാര്‍ട്ടിയിലെ ഭിന്നിപ്പിനെ തുടര്‍ന്ന് അവയുടെയെല്ലാം പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായി.മുപ്പതോളം സംഘടനകളുടെ പ്രാതിനിധ്യമുണ്ടായിരുന്ന 'കേരളീയ കേന്ദ്രസംഘടനയും ഏതാണ്ട് നിശ്ചലമായി.1963 വരെ കേരളീയ കേന്ദ്രസംഘടനയുടെ ആഭിമുഖ്യത്തിലാണ് കെ പി എ സി നാടകങ്ങള്‍ ബോംബെയില്‍ അവതരിപ്പിച്ചിരുന്നത്.അതില്‍ നിന്ന് കിട്ടുന്ന ആദായം കൊണ്ടാണ് ''ആദര്‍ശവിദ്യാലയം' എന്ന മലയാളിസ്‌കൂളിന്റെ കെട്ടിടം പണിയുന്നത്.എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ എല്ലാം മുടങ്ങി.'കെ പി എ സി യെ യോ തോപ്പില്‍ ഭാസിയെയോ മേലാല്‍ ബോംബെയില്‍ കാലു കുത്താനനുവദിക്കില്ല' എന്ന് ചിലര്‍ പ്രഖ്യാപിച്ചു.

'തെളിവിലെ യാഥാര്‍ത്ഥ്യങ്ങള്‍' എഴുതിയതിന്റെ പേരിലാണ് തോപ്പില്‍ ഭാസിയ്ക്കും കെ പി എ സി യ്ക്കുമെതിരെ പഴയ സഖാക്കള്‍ അങ്ങനെയൊരു രോഷപ്രകടനം നടത്തിയത്.(ധാരാളം ഭീഷണിക്കത്തുകള്‍ ആ ലഘുലേഖ യുടെ പേരില്‍ ഭാസി യ്ക്ക് ഇതിനോടകം കിട്ടിയിരുന്നു.അവയിലേറെയും ഊമക്കത്തുകളായിരുന്നു.)

(തോപ്പില്‍ ഭാസിക്ക് നേരെ ഭീഷണി - വാര്‍ത്ത)

ഏതായാലും ഈ ഭീഷണികളെയും വെല്ലുവിളി കളെയും നേരിടാനുറച്ചുകൊണ്ട്, കെ പി എ സി യുടെ ഫര്‍ഗോ വാന്‍ 1965 ജൂണ്‍ എട്ടാം തീയതി ദാദറിലെത്തി.കേരള നാടകോത്സവകമ്മിറ്റി യായിരുന്നു സംഘാടകര്‍.ജൂണ്‍ 9 മുതല്‍ 13 വരെ അഞ്ചുദിവസങ്ങളില്‍ തുടര്‍ച്ചയായി ദാദറിലെ ശിവജി ആഡിറ്റോറിയത്തില്‍ അശ്വമേധം, ശരശയ്യ എന്നീ നാടകങ്ങള്‍ കെ പി എ സി അവതരിപ്പിച്ചു.സാധാരണ തുറന്ന മൈതാനത്തില്‍ അരങ്ങേറിയിരുന്ന കെ പി എ സി യുടെ നാടകങ്ങള്‍ ഇതാദ്യമായാണ് ഒരു തീയേറ്ററിനുള്ളില്‍ നടന്നത്. ശത്രുക്കളുടെ ഇടപെടല്‍ കൊണ്ടാകാം ആദ്യത്തെ രണ്ടുദിവസങ്ങളിലും കുറേ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു.എന്നാല്‍ പിന്നീടുള്ള മൂന്നുദിവസവും ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞു.രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങള്‍ക്കതീതമായി കെ പി എ സി യെ ഇഷ്ടപ്പെടുന്ന മലയാളികളാണ് നാടകം വിജയിപ്പിച്ചത്.എന്നിട്ടും ചിലര്‍ മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് സംഘാടകരിലൊരാളും പ്രമുഖ നാടകകൃത്തുമായ പി..വി. കുര്യാക്കോസ് ഓര്‍മ്മിക്കുന്നു.

(നാടകകൃത്ത് പി.വി കുര്യാക്കോസ് - കെപിഎസി ബോംബെ പര്യടനത്തിന്റെ റിപ്പോര്‍ട്ട്)

'ഉദ്ഘാടനദിവസം ചിലര്‍ കരുതിക്കൂട്ടി അപശബ്ദങ്ങളുണ്ടാക്കാന്‍ തുനിഞ്ഞത്,ആസ്വാദകരായ മറ്റു കാണികളില്‍ നിന്നുണ്ടായ പ്രതികൂല മനോഭാവം മൂലം ഫലപ്രദമായില്ല.'ഭാസി പാടണം' വിളിയും 'ശൂ ശൂ'ശബ്ദങ്ങളും ഇടയ്ക്കിടെ ഉണ്ടായി.'വിപ്ലവം' അതുകൊണ്ടവസാനിച്ചില്ല.ബാല്‍ക്കണിയിലെ ഒന്‍പതു സീറ്റുകള്‍(കുഷനിട്ട കസേരകള്‍) ബ്ലേഡ് കൊണ്ടു വരഞ്ഞു കീറി!ഒടുവില്‍ കെ പി എ സി യുടെ വാന്‍ നീങ്ങിയപ്പോള്‍ ഒരു മുദ്രാവാക്യവും വിളിച്ചു -- വിപ്ലവം സിന്ദാബാദ് ! അല്ലാതെന്തു കലാസേവനം നടത്താന്‍ !'

പതിവു പോലെ കെ പി എ സി യുടെ ചിരകാലസുഹൃത്തുക്കളായ ബല്‍രാജ് സാഹ്നിയും കെ എ അബ്ബാസും ഇപ്റ്റയുടെ പ്രവര്‍ത്തകരുമൊക്കെ നാടകങ്ങള്‍ കാണാനെത്തിയിരുന്നു.ഇരുവരുടെയും വീടുകളില്‍ കെ പി എ സി അംഗങ്ങള്‍ക്കുവേണ്ടി ചായസല്‍ക്കാരവുമുണ്ടായിരുന്നു. കെ എ അബ്ബാസ് പ്രത്യേകം ആവശ്യപ്പെട്ടതനുസരിച്ച് ശരശയ്യയിലെ പ്രധാന ആകര്‍ഷണമായ 'സ്വര്‍ണ്ണമല്‍സ്യമേ' എന്ന നൃത്തം ലീല അവതരിപ്പിച്ചു.

ജൂണ്‍ 15 ന് ചെമ്പൂര്‍ സിറ്റിസണ്‍ കമ്മിറ്റി യും 16 ന് നാടകോത്സവകമ്മിറ്റി യും നല്‍കിയ സ്വീകരണങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് തോപ്പില്‍ ഭാസി ഒരു കാര്യമെടുത്തു പറഞ്ഞു.രാഷ്ട്രീയവിശ്വാസം സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വ്യക്തിപരമായ വൈരാഗ്യം പ്രകടിപ്പിക്കാനുള്ള കാരണമായി മാറുന്നത് ഏറ്റവും പ്രാകൃതമായ ഒരു മനോഭാവമാണ്!

(സ്വീകരണത്തില്‍ തോപ്പില്‍ ഭാസി സംസാരിക്കുന്നു.സമീപത്ത് കെ എ അബ്ബാസ്,എ കെ ഹംഗല്‍ തുടങ്ങിയവര്‍)

ആ യാത്രകളില്‍ പാട്ടിനും തമാശയ്ക്കും കഥപറച്ചിലിനും കൊച്ചുവര്‍ത്തമാനങ്ങള്‍ക്കുമിടയില്‍ കളിയാക്കലുകളും പൊരിഞ്ഞ തര്‍ക്കങ്ങളും കൊച്ചുകൊച്ചു വഴക്കുകളും പിണക്കങ്ങളുമൊക്കെയുണ്ടാകാറുണ്ട്. ലളിത ഓര്‍മ്മിക്കുന്നു.

'ഞങ്ങളുടെ പുറകില്‍ കുറേ പാര്‍ട്ടികള്‍ ഇരിക്കുന്നുണ്ട്.ജോണ്‍സണ്‍ ഒക്കെ. കളിയാക്കാനും വഴക്കടിക്കാനും കേമന്മാരാണ്.

കെ പി എ സി യുടെ അടുത്ത നാടകത്തിന് സംഗീതം ചെയ്യുന്നത് ബാബുരാജാണ്.അതു തീരുമാനിച്ചുറച്ചിരിക്കുകയാണ്.യാത്രയ്ക്കിടയില്‍ ഒരു ദിവസം സുലോചന ചേച്ചി ഉറക്കത്തിനിടയിലെണീറ്റു ചോദിച്ചു : 'അല്ല ജോണ്‍ സഖാവേ, ഈ ബാബുരാജ് എടുത്തുചാട്ടക്കാര നാണല്ലിയോ?'

'ബാബുരാജ് എടുത്തുചാടുന്നത് ഞാന്‍ കണ്ടിട്ടില്ല. മ്യൂസിക് ഇടുന്നതേ കണ്ടിട്ടുള്ളൂ.'

വഴക്കിനൊരു കാരണം അതായി.ഇങ്ങനെ ചെറിയ കാര്യങ്ങള്‍ക്കൊക്കെ വഴക്കിട്ടായിരിക്കും ഞങ്ങളുടെ യാത്ര.'*****

എന്നാല്‍ അത്രയ്ക്ക് സുഖകരമല്ലാത്ത ഒരു വഴക്ക് ആ യാത്രയ്ക്കിടയില്‍ സുലോചനയും ലളിതയും തമ്മിലുണ്ടായി. ഭീലായിയില്‍ വെച്ചായിരുന്നു അത്.വളരെ നിസ്സാരമായ ഒരു പ്രശ്‌നത്തെ ചൊല്ലിയായിരുന്നു ആ കലഹം.അന്ന് രാത്രി ഭീലായിയിലെ മലയാളി അസോസിയേഷന്‍ ഭാരവാഹികളില്‍ ഒരാളുടെ വീട്ടിലായിരുന്നു സംഘത്തിലെ എല്ലാവര്‍ക്കും അത്താഴമൊരുക്കിയിരുന്നത്.വീട്ടില്‍ ചെന്നുകയറിയപാടെ സുലോചന ക്ഷീണം കാരണം വിശ്രമിക്കാന്‍ പോയി.ഗര്‍ഭിണിയായ വീട്ടുകാരിയെ അത്താഴമൊരുക്കാന്‍ സഹായിച്ചുകൊണ്ട് ലീലയും ലളിതയും അടുക്കളയിലൊപ്പം നിന്നു.എന്നാല്‍ എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍,സുലോചന എഴുന്നേറ്റുവന്ന് വിളമ്പലിന്റെ ചുമതല ഏറ്റെടുത്തു.ഇത് ലളിതയെ പ്രകോപിപ്പിച്ചു.അതിന്റെ പേരില്‍ രണ്ടുപേരും പരസ്യമായി വഴക്കിട്ടു.

' നീ ചേരുന്നതിന് മുമ്പുതന്നെ വണ്ടിയില്‍ വെച്ചു കാര്യങ്ങളൊക്കെ നിന്നോടു ഞാന്‍ പറഞ്ഞതാണ്.കൊല്ലം കോട്ടയം ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലിരുന്ന് ഞാന്‍ നിന്നോടെന്തൊക്കെ കാര്യങ്ങള്‍ പറഞ്ഞതാണ്.എല്ലാ കാര്യങ്ങളും ഞാന്‍ ഉപദേശിച്ചു തന്നില്ലേ? എല്ലാരും എതിര് നിന്നപ്പോഴും ഞാന്‍ നിന്നെ സപ്പോര്‍ട്ട് ചെയ്തു.ഞാനാണ് നിന്നെ ഏറ്റവും കൂടുതല്‍ റെക്കമെന്‍ഡ് ചെയ്തത്.ആ കാര്യങ്ങളൊക്കെ ഞാന്‍ നിന്നോട് പറഞ്ഞിരുന്നു.എന്നിട്ടും നീ എനിക്കെതിരായി നിന്നു.'

സുലോചന വികാരവിക്ഷുബ്ധയായി പൊട്ടിത്തെറിച്ചു. ലളിതയും വിട്ടുകൊടുത്തില്ല.

'അങ്ങനാണേല് കണക്കായിപ്പോയി.ചേച്ചി എന്നെ എന്തോ ചെയ്യുമെന്നാ പറഞ്ഞോണ്ട് വരുന്നത്...'******

ആ വഴക്കില്‍ കെ പി ഉമ്മര്‍ ഉള്‍പ്പെടെ പലരും സുലോചനയുടെ പക്ഷത്തായിരുന്നു.തോപ്പില്‍ ഭാസിയോടുള്ള സുലോചനയുടെ എതിര്‍പ്പായിരുന്നു അങ്ങനെയൊരു ശണ്ഠയുടെ രൂപത്തില്‍ പുറത്തുവന്നതെന്നാണ് ലളിതയ്ക്ക് തോന്നിയത്.

കുറച്ചുകാലമായി നീറിപ്പുകഞ്ഞു കിടക്കുകയായിരുന്ന കനലുകള്‍ ആളിക്കത്തുകയായിരുന്നു.പാര്‍ട്ടിയിലെ ഭിന്നിപ്പും അതിനോട് ബന്ധപ്പെട്ട രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളും മാത്രമായിരുന്നില്ല ആ പൊട്ടിത്തെറിയുടെ പിന്നിലെ രാസത്വരകങ്ങള്‍. കാരണം, പാര്‍ട്ടി പിളര്‍ന്നിട്ട് അപ്പോഴേക്കും വര്‍ഷമൊന്നു പിന്നിട്ടുകഴിഞ്ഞിരുന്നു....

നാടകപര്യടനത്തിന്റെ അവസാനത്തില്‍ കെ പി എ സി യ്ക്ക് അതിന്റെ പ്രിയപ്പെട്ട നായകനെ കൈവിടേണ്ടി വന്നു.തീരെ അപ്രതീക്ഷിതമായി രുന്നില്ലെങ്കിലും ദുഖകരമായിരുന്നു അത്. കാരണം കെ പി ഉമ്മര്‍ നാടകത്തില്‍ മാത്രമല്ല,സമിതിയ്ക്കകത്തും സൗഹൃദബന്ധങ്ങളിലുമെല്ലാം ഏത് നല്ല കാര്യത്തിനും നേതൃത്വം കൊടുക്കാന്‍ മുന്നിട്ടിറങ്ങുന്ന ഒരു നായകനെ പോലെ തന്നെയായിരുന്നു. തന്റെ മൂന്നാമത്തെ ചിത്രമായ 'സ്വര്‍ഗ്ഗരാജ്യം' പരാജയപ്പെട്ടതിനുശേഷം സിനിമയോട് അകന്നുനിന്നിരുന്ന ഉമ്മറിന് അഭ്രലോകത്തില്‍നിന്നും വീണ്ടുമൊരു വിളി വന്നിരിക്കുകയാണ്.

(സ്വര്‍ഗ്ഗരാജ്യത്തിന്റെ പോസ്റ്റര്‍)

ഉമ്മറിന്റെ പ്രിയസുഹൃത്ത് കൂടിയായ എം ടി വാസുദേവന്‍ നായരുടെ സ്‌നേഹത്തിന്റെ മുഖങ്ങള്‍ എന്ന കഥ സിനിമയാക്കുന്നു.എം ടി ആദ്യമായി തിരക്കഥയെഴുതുന്ന മുറപ്പെണ്ണ്.ഭാര്‍ഗവീനിലയത്തിനു ശേഷം എ വിന്‍സെന്റ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രേംനസീര്‍,മധു എന്നിവരോടൊപ്പം അല്‍പ്പം വില്ലന്‍ ഛായയുള്ള അനിയന്‍ എന്ന കഥാപാത്രമായി അഭിനയിക്കാനാണ് ഉമ്മറിനെ

ക്ഷണിച്ചിരിക്കുന്നത്.

(മുറപ്പെണ്ണില്‍ ജ്യോതി ലക്ഷ്മി,പ്രേം നസീര്‍,ഉമ്മര്‍,മധു,പി ജെ ആന്റണി)

ഒപ്പം കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്യുന്ന, സത്യന്‍ നായകനായ ദാഹം എന്ന ചിത്രത്തിലും നല്ലൊരു റോളുണ്ട്.തന്റെ ഏറ്റവും പ്രിയപ്പെട്ട അരങ്ങിനോടും കെ പി എ സിയോടും വിടപറഞ്ഞ്,വെള്ളിത്തിരയില്‍ പണ്ട് നഷ്ടപ്പെട്ട ഇടം വീണ്ടെടുക്കാനായി ഉമ്മര്‍ മദിരാശിയില്‍ ഇറങ്ങി.എല്ലാവരും പ്രിയപ്പെട്ട ഉമ്മറുകുട്ടിയ്ക്ക് ആശംസകള്‍ നേര്‍ന്നു.

സുലോചനയെ സംബന്ധിച്ചിടത്തോളം ഉമ്മര്‍ കെ പി എ സി വിട്ടുപോയത് തീര്‍ച്ചയായും ദുഃഖകരമായിരുന്നു.ഏറ്റവുംഅടുത്ത സുഹൃത്തും സഹോദരസ്ഥാനീയനുമായ ഉമ്മര്‍ കൂടിപോയതോടെ താന്‍ സമിതിയില്‍ തീരെ ഒറ്റപ്പെട്ടുപോയി എന്ന തോന്നല്‍ ശക്തമാകുകയായിരുന്നു.ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ചില തീരുമാനങ്ങളെടുക്കാന്‍ നിശ്ചയിച്ചുറപ്പിച്ചുകൊണ്ടാണ് സുലോചന ആ നാടകപര്യടനം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയത്...

(അടുത്തഭാഗം:'.....പാട്ടു നിറുത്തി പോവതെങ്ങോ കുയിലേ...')

* കഥ തുടരും-കെപിഎസി ലളിത, ഡിസി ബുക്‌സ്, കോട്ടയം

** ഓര്‍മ്മയുടെ പുസ്തകം-കെ.പി. ഉമ്മര്‍, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം

*** ഒളിവിലെ ഓര്‍മ്മകള്‍ക്കുശേഷം തോപ്പില്‍ ഭാസി, ഡിസി ബുക്‌സ് , കോട്ടയം

****ഓര്‍മ്മയുടെ പുസ്തകം-കെ.പി. ഉമ്മര്‍, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം

***** കഥ തുടരും-കെപിഎസി ലളിത, ഡിസി ബുക്‌സ്, കോട്ടയം

******കഥ തുടരും-കെപിഎസി ലളിത, ഡിസി ബുക്‌സ്, കോട്ടയം


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories