TopTop
Begin typing your search above and press return to search.

SERIES| കലിയുഗ കുരുക്ഷേത്ര ഭൂമി-കെപിഎസി സുലോചനയുടെ ജീവിതകഥയിലെ മറ്റൊരേട്

SERIES| കലിയുഗ കുരുക്ഷേത്ര ഭൂമി-കെപിഎസി സുലോചനയുടെ ജീവിതകഥയിലെ മറ്റൊരേട്

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെ.പി.എ.സി സുലോചനയുടെ ജീവിതകഥ തുടരുന്നു. (ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കാം.)

(52)

''സാമൂഹ്യവികാസത്തിന്റെ ശില്പിയാണ് ശാസ്ത്രം.ആധുനിക ഭാരതത്തില്‍ ശാസ്ത്രം ശരശയ്യയില്‍ കിടക്കുകയാണ്.മതങ്ങളുടെയും കക്ഷിരാഷ്ട്രീയങ്ങളുടെയും നിലവറകളിലെ നിധി കാക്കുന്ന ഭൂതങ്ങള്‍ വിഷം പുരണ്ട കൂരമ്പുകള്‍ കൊണ്ട്,ധര്‍മ്മസമരങ്ങളുടെ കുരുക്ഷേത്രഭൂമികളില്‍ ശരശയ്യകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു....''കെപിഎസിയുടെ എട്ടാമത്തെ നാടകമായ ശരശയ്യയുടെ യവനിക ഉയരുകയാണ്...

കുഷ്ഠരോഗം നിശ്ശേഷം ഭേദമായ സരോജം മറ്റൊരു ഗതിയുമില്ലാത്തതുകൊണ്ട്, ഡോ.തോമസിനെ സഹായിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്സില്‍ തന്നെ താമസിക്കുകയാണ്. തോമസിന്റെ ഭാര്യ ഗേളി ഡോക്ടറെ ഉപേക്ഷിച്ചുപോകുന്നു.മാത്രമല്ല വലിയൊരു അപവാദ പ്രചാരണത്തിന് ഇത് കാരണമാകുകയും ചെയ്യുന്നു.സരോജത്തിന്റെ അമ്മ ലക്ഷ്മിയമ്മ മരിച്ചതിനെ തുടര്‍ന്ന് അച്ഛന്‍ കേശവന്‍ സ്വാമി മാനസികരോഗിയായി. പണ്ട് സരോജത്തെ പ്രാണനുതുല്യം സ്‌നേഹിച്ചിരുന്ന മോഹനനാകട്ടെ,ഇന്ന് അവളെയും ഡോ.തോമസിനെയും ബദ്ധശത്രുക്കളായിട്ടാണ് കാണുന്നത്.

-'ബുദ്ധിജീവി' ആയ ഭര്‍ത്താവ് കരുണനുമായി മാനസികമായി ഒട്ടും പൊരുത്തപ്പെടാനാകാത്ത സരള മോഹനന്റെ കയ്യിലെ കളിപ്പാവയായി തീരുന്നു.കേശവസ്വാമിയോടുള്ള സരളയുടെ ക്രൂരമായ പെരുമാറ്റം കണ്ട് സഹികെട്ട സരോജം ഡോ.തോമസിന്റെ വീട്ടിലേക്ക് അച്ഛനെ കൂട്ടിക്കൊണ്ടുവരുന്നു.കേശവസ്വാമി യുടെ കുഷ്ഠരോഗത്തിന് ഡോക്ടര്‍ ചികിത്സയാരംഭിച്ചു.മാനസികപ്രയാസങ്ങള്‍ മറക്കാന്‍ സ്വയം മോര്‍ഫിന്‍ കുത്തിവെക്കുന്ന തോമസ് ഇന്ന് ആ ശീലത്തിന്റെ അടിമയാണ്.

ഗേളിയുടെ പിതാവും കോണ്‍ഗ്രസ് നേതാവുമായ പൗലോസിന്റെയും മോഹനന്റെയുമൊക്കെ പരിശ്രമം കൊണ്ട് തോമസിനെ സദാചാരലംഘനം ആരോപിച്ച് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. തോമസിന് പകരമെത്തുന്ന ഡോ.ഉസ്മാന്‍ തെറ്റിദ്ധാരണ മൂലം സരോജത്തോട് ആദ്യം മോശമായി പെരുമാറിയെങ്കിലും സത്യാവസ്ഥ മനസിലാക്കുന്നതോടെ അനുകമ്പ പ്രകടിപ്പിക്കുന്നു.അത് പരസ്പരസ്‌നേഹമായി വളര്‍ന്നു.അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനമെടുത്തു.കേശവസ്വാമിയുടെ മാനസികാവസ്ഥ സാധാരണനില കൈവരിക്കുന്നു.

മയക്കുമരുന്നിന്റെ വിഭ്രാന്തിയില്‍ ഡോ.തോമസ് ഒരു ദിവസം സരോജത്തെ നിര്‍ബന്ധിച്ചു ശാരീരിക ബന്ധത്തിന് വിധേയയാക്കുന്നു.അതിനുശേഷം സരോജം ഡോ.ഉസ്മാനോട് അകല്‍ച്ച പ്രകടിപ്പിക്കുന്നു.തന്നെ വിവാഹം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന മോഹനന്റെ വികാരം കാമം മാത്രമാണെന്ന് തിരിച്ചറിയുന്ന സരള, പശ്ചാത്തപവിവശയായി സരോജത്തെ തേടിയെത്തുന്നു.ആ സമയത്താണ് ഡോ.തോമസ് മരുന്നിനു പകരം അറിയാതെ മോര്‍ഫിന്‍ കുത്തിവെച്ചതിനെ തുടര്‍ന്ന് കേശവസ്വാമി മരണപ്പെടുന്നത്.മോഹനന്റെയും കൂട്ടരുടെയും പരാതിയിന്മേല്‍ കേശവസ്വാമിയുടെ മൃതദേഹംവീണ്ടും പോസ്റ്റുമാര്‍ട്ടത്തിനു വിധേയമാക്കുകയും ഡോ.തോമസിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയുമാണ്.കുഷ്ഠരോഗ ത്തിനെതിരെ ഡോ.തോമസ് പരീക്ഷണത്തിലൂടെ കണ്ടെത്തിയ വാക്‌സിന് ഉന്നതശാസ്ത്രസമിതിയുടെ അംഗീകാരം കിട്ടിയ വാര്‍ത്തയെത്തുന്നതും കാര്യങ്ങളെല്ലാം ബോധ്യപ്പെട്ട ഗേളി ഭര്‍ത്താവിന്റെ അടുത്തേക്ക് മടങ്ങിയെത്തുന്നതും ഒരുമിച്ചാണ്.പക്ഷെ അപ്പോഴേക്കും ഡോ.തോമസ് മരണത്തെ സ്വീകരിച്ചു കഴിഞ്ഞിരുന്നു....

''സംസ്‌കൃത നാടകാചാര്യന്മാര്‍ നാടകത്തിന് അഞ്ചു സന്ധികള്‍ ഉണ്ടെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 'മുഖം' (അവതരണം) 'പ്രതിമുഖം'(നാടകത്തിലെ സംഘട്ടനത്തിന്റെ അവതരണം) 'ഗര്‍ഭം' (നാടകപ്രമേയം വികസിച്ച് പൂര്‍ണ്ണത്വം പ്രാപിക്കുന്ന അവസ്ഥ) 'അവമര്‍ശം'(നാടകീയ മുഹൂര്‍ത്തങ്ങളിലൂടെയുള്ള സംഘട്ടനം)'സംഹൃതി'(ക്ലൈമാക്‌സില്‍ അഥവാ പരമാകാഷ്ഠയില്‍ നാടകം അവസാനിപ്പിക്കല്‍) എന്നിവയാണ് 'പഞ്ചസന്ധികള്‍'.''*

(സരോജവും(സുലോചന) കേശവസ്വാമിയും(തോപ്പില്‍ കൃഷ്ണപിള്ള))

'ശരശയ്യയില്‍ തോപ്പില്‍ ഭാസി 'അശ്വമേധ'ത്തിന്റെ 'സംഹൃതി'യെ 'മുഖം' ആക്കി മറ്റൊരു ക്ലൈമാക്‌സ് സൃഷ്ടിക്കുകയായിരുന്നു.

പതിവു പോലെ കെ പി എ സി യിലെ നടീ നടന്മാരെ മനസ്സില്‍ കണ്ടുകൊണ്ടു തന്നെയാണ് തോപ്പില്‍ഭാസി ഓരോ കഥാപാത്രങ്ങളെയും രൂപപ്പെടുത്തിയത്.സരോജത്തെ ഒത്തനടുവില്‍ നിറുത്തിക്കൊണ്ട് സൃഷ്ടിക്കപ്പെട്ട 'അശ്വമേധ'ത്തില്‍ നിന്ന് 'ശരശയ്യ'യില്‍ എത്തിയപ്പോള്‍ ഫോക്കസ് ഡോ.തോമസിലേക്കായി.എന്നാല്‍ സരോജത്തിന്റെ പ്രാധാന്യത്തിന് ഒട്ടും കുറവുണ്ടാകാതെ നോക്കുന്ന കാര്യത്തില്‍ ഭാസി അങ്ങേയറ്റം ശ്രദ്ധ ചെലുത്തുകയും ചെയ്തു.

(ശരശയ്യയില്‍ ഡോ.തോമസും(ഉമ്മര്‍) സരോജവും(സുലോചന))

കെ പി ഉമ്മറിനെയും സുലോചനയെയും പോലെ ശക്തരായ രണ്ട് അഭിനേതാക്കളെ ആ വേഷങ്ങള്‍ ഏല്‍പ്പിച്ചപ്പോള്‍ തന്നെ സംവിധായകന്റെ ജോലി എളുപ്പമായി.'അശ്വമേധ'ത്തിലെ ദുരന്തനായകനായ മോഹനന്‍ 'ശരശയ്യ'യില്‍ ദുഷ്ടതയുടെയും കുടിലതയുടെയും ആള്‍ രൂപമായ പ്രതിനായകനായി മാറുകയാണ്.'മൂലധന'ത്തില്‍ അത്തരമൊരു വേഷമെടുത്തു വിജയിപ്പിച്ച എന്‍ ഗോവിന്ദന്‍ കുട്ടി മോഹനന്റെ ഭാവപ്പകര്‍ച്ച നന്നായി കൈകാര്യം ചെയ്തു. ആദ്യനാടകത്തില്‍ 'നല്ലവളാ'യി വന്ന സരളയാണ് രണ്ടാംഭാഗത്തില്‍ ദുഷ്ടവേഷമെടുത്തണിയുന്ന മറ്റൊരു കഥാപാത്രം. സരോജത്തോട് നിന്ദയും വെറുപ്പും കാണിക്കുന്ന ആ കഥാപാത്രത്തോട് ദേഷ്യം തോന്നി ക്കുന്നതിനോടൊപ്പം തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടം കൂടി തോന്നാന്‍ സഹായിക്കുന്ന രണ്ട് നൃത്തങ്ങള്‍ അവതരിപ്പിക്കാനുണ്ടായിരുന്നു ലീലയ്ക്ക്.

(ഗേളി(ലളിത),മോഹനന്‍(ഗോവിന്ദന്‍ കുട്ടി)സരള(ലീല))

അശ്വമേധ'ത്തില്‍ പുത്രവാത്സല്യം കൊണ്ട് കുടുംബം തകര്‍ത്ത കേശവസ്വാമി പുതിയ നാടകത്തില്‍ ഏറിയ നേരവും മാനസികാസ്വാസ്ഥ്യം ഉള്ള ആളായിട്ടാണ് രംഗത്ത്വരുന്നത്. അയാള്‍ സമനില കൈവരിച്ചതിന് ശേഷമുള്ള അല്പനേരമാകട്ടെ നിര്‍ണ്ണായക നാടകീയസന്ദര്‍ഭ മായിത്തീരുകയും ചെയ്യുകയാണ്.

തോപ്പില്‍ കൃഷ്ണപിള്ളയുടെ കൈകളില്‍ ആ വേഷം ഭദ്രമായിരുന്നു.

അശ്വമേധത്തില്‍ നിന്ന് തുടര്‍ന്നെത്തുന്ന മറ്റൊരു കഥാപാത്രം ഡോ.തോമസിന്റെ ഭാര്യ ഗേളിയാണ്. ഭര്‍ത്താവിനെ ഒട്ടും മനസിലാക്കാന്‍ ശ്രമിക്കാതെ പണത്തിന്റെ യും പാരമ്പര്യത്തിന്റെയും ഡംഭ് കാട്ടി ഉപേക്ഷിച്ചുപോകുന്ന അശ്വമേധത്തിലെ ഗേളിയെ അവതരിപ്പിച്ച ലളിത തന്നെ ഇതിലും ആ വേഷമിട്ടു.

കെ പി എ സി യിലെ സ്ഥിരം അഭിനേതാക്കളായ സി ജി ഗോപിനാഥും ഖാനും കാരിക്കേച്ചര്‍ ശൈലിയിലുള്ള രണ്ട് കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.കുടുംബമഹിമയിലും പാരമ്പര്യത്തിലും ഊറ്റം കൊള്ളുന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ പൗലോസായി സി ജി വേഷമിട്ടപ്പോള്‍ പുസ്തകങ്ങളുടെ കാറ്റലോഗ് മാത്രം വായിച്ച് ബുദ്ധിജീവി ചമയുന്ന കരുണന്റെ വേഷമായിരുന്നു ഖാനിന്റേത്.

ശ്രീനാരായണ പിള്ളയ്ക്ക് ഇത്തവണ ഒരു ചെറിയ വേഷമായിരുന്നു. ഡോക്ടരുടെ അമ്മയുടെ കയ്യാളായി നില്‍ക്കുന്ന മത്തായി.

പുതിയ രണ്ട് അഭിനേതാക്കള്‍ ഇക്കുറി കെ പി എ സി യിലെത്തി.കെ പി എ സിയില്‍ ആദ്യമാണെങ്കിലും അഭിനയരംഗത്ത് തഴക്കം നേടിക്കഴിഞ്ഞവരായിരുന്നു അവര്‍.അഭിനയിക്കുന്നതിനോടൊപ്പം പാടാനും സാമാന്യം കഴിവുള്ള കോട്ടയത്തുകാരി രാധാമണി പതിനഞ്ചാമത്തെ വയസ്സില്‍ പാടിക്കൊണ്ടാണ് സിനിമയില്‍ കയറിയത്.കെടാവിളക്ക് എന്ന ആ ചിത്രം പുറത്തിറങ്ങിയില്ല.പക്ഷെ അധികം വൈകാതെ രാധാമണി പാലാ തങ്കം എന്ന പേരില്‍ നാടകവേദിയില്‍ ശ്രദ്ധേയയായി.എന്‍ എന്‍ പിള്ളയുടെ വിശ്വകേരള കലാസമിതി,കേരളാ തീയേറ്റേഴ്സ്,ചങ്ങനാശേരി ഗീഥാ തുടങ്ങിയ സമിതികളിലൊക്കെ നടിയും ഗായികയുമായി പേരെടുത്തു.ഉദയായുടെ കടലമ്മയിലൂടെ വീണ്ടും സിനിമയിലെത്തി.തുടര്‍ന്ന് തോപ്പില്‍ ഭാസി സംഭാഷണമെഴുതിയ റബേക്ക യില്‍ സത്യന്റെ അമ്മയായി വേഷമിട്ടു. ശരശയ്യയില്‍ ഡോ.തോമസിന്റെ 'അമ്മ ത്രേസ്യാമ്മയായി അഭിനയിക്കാന്‍ ഭാസി വേറെ ആരെയും തിരക്കിയില്ല.'കുഞ്ഞുമോനെ' സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന അമ്മച്ചി പാലാതങ്കത്തിന് തിളങ്ങാന്‍ പറ്റിയ കഥാപാത്രമായിരുന്നു.

ഗോവിന്ദന്‍ കുട്ടി വില്ലന്റെ വേഷത്തിലേക്ക് മാറിയപ്പോള്‍,നായികയുടെ കാമുകനായി അഭിനയിക്കാന്‍ സുമുഖനായ ഒരു നടനെ ആവശ്യമുണ്ടായിരുന്നു.പ്രതിഭാ ആര്‍ട്ട്സ് ക്ലബ്ബിന്റെ 'മൂലധന'ത്തില്‍ വികാരജീവി മധുവിന്റെ വേഷത്തിലും 'കാക്കപ്പൊന്നി'ല്‍ സ്‌കൂള്‍ അദ്ധ്യാപകനായ ഗോപിനാഥന്‍ നായരുടെ വേഷത്തിലും അഭിനയിച്ച ആറ്റിങ്ങല്‍ സ്വദേശിയായ അസീസ്, തീര്‍ത്തും വ്യത്യസ്തമായ ആ രണ്ടു വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടിയും നിരൂപകരുടെ അഭിനന്ദനങ്ങളും നേടിയ നടനാണ്.

(മത്തായി(ശ്രീനാരായണ പിള്ള)ത്രേസ്യാമ്മ(പാലാ തങ്കം)അസീസ്(ഡോ.ഉസ്മാന്‍)സരോജം(സുലോചന))

സി പി കരുണാകരന്‍ പിള്ള,ശങ്കരാടി എന്നിവരോടൊപ്പം പ്രതിഭയുടെ ഭാരവാഹിയായിരുന്ന അസീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായി ആറ്റിങ്ങല്‍ നഗരസഭയിലെ കൗണ്‍സിലര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് ആയിടെയാണ്.

അരങ്ങത്ത് മാത്രമല്ല,അണിയറയിലും ഇത്തവണ ചില 'പുതുമുഖ'ങ്ങളുടെ രംഗപ്രവേശമുണ്ടായി.ദേവരാജനു ശേഷം എം ബി ശ്രീനിവാസനും കെ രാഘവനും കൈകാര്യം ചെയ്ത സംഗീത സംവിധാനരംഗത്തേക്ക് മറ്റൊരു പ്രഗത്ഭന്‍ കടന്നുവന്നു.കെ പി എ സി യുടെ നാടകഗാനങ്ങള്‍ ക്കൊപ്പം ആസ്വാദകലോകം ഏറ്റെടുത്ത ഒരു കൂട്ടം മനോഹരഗാനങ്ങള്‍ ഒരുക്കിയ എല്‍ പി ആര്‍ വര്‍മ്മ.ചങ്ങനാശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ പൂരം തിരുനാള്‍ രവിവര്‍മ്മ തമ്പുരാന്‍ ,സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെയും മുത്തയ്യ ഭാഗവതരുടെയുമൊക്കെ കീഴില്‍ ശിക്ഷണം നേടിയ ശേഷം കച്ചേരികളിലൂടെ ശാസ്ത്രീയ സംഗീത ലോകത്ത് പ്രസിദ്ധനായി. പിന്നീട് പൊന്‍കുന്നം വര്‍ക്കിയുടെയും വയലാര്‍ രാമവര്‍മ്മയുടെയുമൊക്കെ ഒപ്പം എല്‍ പി ആര്‍ കേരളാ തീയേറ്റേഴ്സിന്റെ ഭാഗമായതോടെ ശ്രവണമധുരമായ ജനകീയ സംഗീതത്തിന്റെ വേറിട്ടൊരു ധാരക്ക് തുടക്കം കുറിക്കുകയായിരുന്നു.

(കേരളാ തീയേറ്റേഴ്സിന്റെ നാളുകള്‍--- വയലാര്‍,പൊന്‍കുന്നം വര്‍ക്കി,എല്‍ പി ആര്‍ വര്‍മ്മ,ദേവരാജന്‍)

വിശറിക്കു കാറ്റു വേണ്ട,മനുഷ്യന്‍,സ്വര്‍ഗം നാണിക്കുന്നു തുടങ്ങിയ നാടകങ്ങളിലൂടെ രണ്ടു വര്‍മ്മമാരും ചേര്‍ന്ന് ജന്മം നല്‍കിയ,

'കായലിനക്കരെ പോകാനെനിയ്‌ക്കൊരു

കളിവള്ളമുണ്ടായിരുന്നു...'

'പൂവനങ്ങള്‍ക്കറിയാമോ

പൂവിന്‍ വേദന - ഒരു

പൂവിന്‍ വേദന...'

'എരിയുമെന്‍ ഹൃദയത്തിന്‍ അനുരാഗകലികേ,

കരിയാതെ കരിയാതെ കാത്തൂ ഞാനരികെ...'

'ഒരു കിണ്ണം ചന്ദനവും കൊ-

ണ്ടോടി നടക്കും വെണ്ണിലാവേ

കാത്തിരിപ്പൂ കൈക്കുമ്പിളുമായ്

കാട്ടുപൂവിന്‍ ഹൃദയം...'

'പറന്നു പറന്നു ചെല്ലാന്‍

പറ്റാത്ത കാടുകളില്‍

കൂടൊന്നു കൂട്ടി ഞാനൊരു

പൂമരക്കൊമ്പില്‍....'

തുടങ്ങി ഹൃദയഹാരിയായ ഗാനങ്ങള്‍ നാടൊട്ടുക്ക് പാടി നടന്നവയാണ്.

കെ പി എ സിയുടെ ബാനറില്‍ 'ശരശയ്യ'ക്കു വേണ്ടിവയലാറും എല്‍ പി ആറും ഒരിക്കല്‍ കൂടി ഒത്തുകൂടിയപ്പോള്‍ പിറവിയെടുത്തത് ഒരു പിടി മനോഹരഗാനങ്ങളാണ്.

'കുരുക്ഷേത്രഭൂമി --- കുരുക്ഷേത്രഭൂമി,ഇതാ

കലിയുഗ കുരുക്ഷേത്ര ഭൂമി'

എന്നു തുടങ്ങുന്ന അവതരണ ഗാനത്തിന് പുറമേ

'കരഞ്ഞു കരഞ്ഞു കണ്ണുനീര്‍ വറ്റിയ

കടലാസുപൂവുകളേ

പൂമ്പൊടിയും തേന്‍കതിരും ചൂടിയിട്ടില്ലാത്ത

പുഷ്പകുമാരികളേ

പൂക്കാലം കാണാത്ത നിങ്ങളും ഞാനുമീ

പൂജാമുറിക്കുള്ളിലൊരുപോലെ !'

'പമ്പയുടെ തീരത്ത്

പഞ്ചമിനിലാവത്ത്

പണ്ടൊരു കന്യക തപസ്സിരുന്നൂ

കന്യകയവളൊരു കായാമ്പൂവര്‍ണ്ണനെ

കല്യാണമാലയിടാന്‍ കൊതിച്ചിരുന്നൂ...'

'പൂക്കളെനിക്കിഷ്ടമാണ് പൂക്കള്‍!--ഞാന്‍

പൂവനങ്ങള്‍ക്കരികിലൊരു വീടുവെയ്ക്കും!

രാത്രിയെനിക്കിഷ്ടമാണ് രാത്രി -- ഒരു

രാക്കുയിലായ്,--രാക്കുയിലായ്

ഞാനതില്‍ താമസിക്കും!'

'കാറ്റും പോയ്

കാറും പോയ്

കറുത്തപെണ്ണിന്‍

കാര്‍ത്തികവിളക്കില്‍

കര്‍പ്പൂരത്തിരി തെളിയുവതെന്നോ?

എന്നോ -- എന്നോ?'

'തനിച്ചിരുന്നു തക്കിളി നൂല്‍ക്കും

തങ്കക്കുടമേ -- എന്‍

തങ്കക്കുടമേ -- നീ

താഴെ നീര്‍ത്തിയതാമരമെത്തയില്‍

എനിക്കുറങ്ങാനിടമുണ്ടോ -- ഒ --

ന്നെനിക്കുറങ്ങാനിടമുണ്ടോ?'

'സ്വര്‍ണ്ണമല്‍സ്യമേ സ്വര്‍ണ്ണമല്‍സ്യമേ

സ്വപ്നം കണ്ടു തുഴഞ്ഞു നടക്കും

സ്വര്‍ണ്ണ മല്‍സ്യമേ.....'

'വെളുത്തവാവേ !

വെളുത്തവാവേ !

വെള്ളിത്തളികയിലിതെന്താണ്?

അരച്ചുകൂട്ടിയ ചന്ദനമോ?

അംഗരാഗകുങ്കുമമോ?'

എന്നീ ഏഴുപാട്ടുകളാണ് വയലാര്‍ -- എല്‍ പി ആര്‍ ടീം ഒരുക്കിയത്.

(ശരശയ്യയിലെ പാട്ടുകളുടെ പരിശീലനം.... സുലോചന, എല്‍ പി ആര്‍,വയലാര്‍)

'പൂക്കളെനിക്കിഷ്ടമാണ് പൂക്കള്‍ ' എന്ന പാട്ടിന്റെ വരികള്‍ക്ക് അനുസൃതമായി ലീലയും ലളിതയും ചേര്‍ന്ന് നൃത്തമവതരിപ്പിക്കുമ്പോള്‍ 'സ്വര്‍ണ്ണമല്‍സ്യമേ' എന്ന പാട്ടിനൊപ്പിച്ച് ലീലയുടെ 'സോളോ പെര്‍ഫോമന്‍സ്' ആണ്.ഇത്തവണയും നൃത്തസംവിധാനത്തിന്റെ ചുമതലയേറ്റെടുത്ത ഗോപാലകൃഷ്ണന്‍ ( മദ്രാസ്) പാശ്ചാത്യ പൗരസ്ത്യശൈലികള്‍ ഇഴചേര്‍ത്താണ് നൃത്തത്തിന്റെ ചുവടുകള്‍ ഒരുക്കിയത്.

കെ പി എ സി യുടെ തുടക്കം മുതല്‍ പിന്നണിവിഭാഗം നയിക്കുകയും വൈകാതെ അരങ്ങത്തേക്ക് പ്രവേശിക്കുകയും ചെയ്ത കെ എസ് ജോര്‍ജ്ജ് ഇക്കുറി നാടകത്തിലില്ല. സംഘടനയുടെ അനുമതിയോട് കൂടി തന്നെ ജോര്‍ജ്ജ് മറ്റൊരു രംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്.കഥാപ്രസംഗവേദിയിലേക്ക്.

(കെ എസ് ജോര്‍ജ്ജ്)

തോപ്പില്‍ ഭാസിയോടും സുലോചനയോടുമൊപ്പം സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന സമരത്തില്‍ ആവേശത്തോടെ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ഒക്കെ ചെയ്ത് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ജോര്‍ജ്ജ് കെ പി എ സി യുടെ എക്‌സിക്യൂട്ടീവിനു മുമ്പാകെ ഒരു അപേക്ഷ സമര്‍പ്പിച്ചു.കുറച്ചുനാളത്തേക്ക് സമിതിയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ അനുവദിക്കണമെന്നായിരുന്നു അത്. തനിക്ക് കുറെയേറെ കടബാദ്ധ്യതയുണ്ട്. കെ പി എ സി യില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് മാത്രം കുടുംബം പുലര്‍ത്താന്‍ കഴിയുന്നില്ല.അതുകൊണ്ട് കുറച്ചുകാലത്തേക്ക് സമിതിയില്‍ നിന്ന് അവധിയെടുത്ത് സ്വന്തമായി കഥാപ്രസംഗപരിപാടികള്‍ നടത്തി വരുമാനമുണ്ടാക്കി ബാദ്ധ്യതകള്‍ക്ക് പരിഹാരം കാണണമെന്നാണ് കരുതുന്നത്.ജോര്‍ജ്ജിനോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു കൊണ്ട് നടനും പിന്നണി കലാകാരനായ ടി ജെ ജോസഫും അവധിക്ക് അപേക്ഷിച്ചു.രണ്ടുപേരുടെയും അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിശദമായി ചര്‍ച്ചചെയ്തു.കെ പി എ സി യില്‍ നിന്ന് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ഒരു ആര്‍ട്ടിസ്റ്റ് കെ എസ് ജോര്‍ജ്ജ് ആണ്.കൂടുതല്‍ സാമ്പത്തിക നേട്ടത്തിന് വേണ്ടി സമിതി വിട്ടുപോകുന്നത് ശരിയല്ലെന്നായിരുന്നു ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം. ജോര്‍ജ്ജ് സ്വയം വരുത്തിത്തീര്‍ത്ത ബാദ്ധ്യതകളുടെ പേരില്‍ തന്നെ താനാക്കിയ പ്രസ്ഥാനത്തെ ഉപേക്ഷിച്ചുപോകുന്നത് തെറ്റാണെന്നു വാദിച്ചവരുടെയും അതു കേട്ടിരുന്നവരുടെയും മനസ്സില്‍ അപ്പോള്‍ പഴയ ഒരു സംഭവത്തെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു.....

കെ പി എ സി യില്‍ ചേരുന്ന സമയത്ത്,ആലപ്പുഴയിലെവില്യം ഗുഡേക്കര്‍ കമ്പനിയിലെ ഉണ്ട ചുറ്റുമൂപ്പനായിരുന്ന പിതാവ് സാമുവലിനും മറ്റു കുടുംബാംഗങ്ങളോടുമൊപ്പം ശവക്കോട്ട പ്പാലത്തിന് പടിഞ്ഞാറു വശത്തുള്ള ഒരു കൊച്ചുവീട്ടിലാണ് ജോര്‍ജ്ജ് താമസിച്ചിരുന്നത്.വിവാഹം കഴിഞ്ഞ് കുടുംബമൊക്കെയായപ്പോള്‍ സ്വന്തമായി ഒരു വീട് വേണമെന്ന ആഗ്രഹം ജോര്‍ജ്ജിന് ഉണ്ടായി.വീട് വെക്കാനുള്ള പണം കണ്ടെത്താനായി ജോര്‍ജ്ജ് ഒരു പദ്ധതി ആവിഷ്‌കരിച്ചു. കെ പി എ സി യുടെ നാടകം നടത്തി അതില്‍ നിന്നുള്ള വരുമാനം എടുക്കാന്‍ അനുവദിക്കണമെന്ന ജോര്‍ജ്ജിന്റെ അഭ്യര്‍ത്ഥനയോട് കെ പി എ സിയും പാര്‍ട്ടിയും സന്തോഷത്തോടെ സമ്മതം മൂളി.ആലപ്പുഴയില്‍ വെച്ചു നാടകം നടത്താനായി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിപുലമായ സ്വാഗതസംഘവും രൂപീകരിച്ചു.ടിക്കറ്റവില്പനയുള്‍പ്പെടെയുള്ള ഉത്തരവാദിത്തങ്ങള്‍ ഏല്പിച്ചിരുന്നത് വിവിധ സബ് കമ്മിറ്റികളെയായിരുന്നു.നാടകം അരങ്ങേറുന്നതിന് രണ്ടുദിവസം മുമ്പുതന്നെ ടിക്കറ്റുകളെല്ലാം വിറ്റു തീരുകയും ചെയ്തു.

അപ്പോഴാണ് ജോര്‍ജ്ജിന് ഒരാശയം തോന്നിയത്.ടിക്കറ്റ് എടുത്ത മുഴുവന്‍ ആളുകളും നാടകം കാണാന്‍ വരണമെന്നില്ലല്ലോ. അതുകൊണ്ട് കുറച്ചു ടിക്കറ്റുകള്‍ കൂടി അച്ചടിച്ചു വിറ്റാലെന്താ?കെ പി എ സി യും സംഘാടകസമിതിയുമൊന്നുമറിയാതെ ജോര്‍ജ്ജും ചില സുഹൃത്തുക്കളും ചേര്‍ന്ന് വേറെ ടിക്കറ്റ് അടിച്ചുവിറ്റു.എന്നാല്‍ ജോര്‍ജ്ജിന്റെ പ്രതീക്ഷകളെയെല്ലാം തെറ്റിച്ചുകൊണ്ട്, നാടകം നടക്കുന്ന അന്നു വൈകുന്നേരം കൊട്ടകയില്‍ എത്തിയത് വലിയ ഒരു ജനാവലിയായിരുന്നു.ആയിരത്തി ഇരുനൂറു പേര്‍ക്ക് ഇരിക്കാവുന്ന കൊട്ടകയില്‍ അതിന്റെ ഇരട്ടിയിലധികം ആളുകള്‍ എത്തിയാലത്തെ അവസ്ഥ ഊഹിക്കാമല്ലോ.സീറ്റ് കിട്ടാതെ ആയിരക്കണക്കിനാളുകള്‍ പുറത്തു ബഹളം കൂട്ടാന്‍ തുടങ്ങി.സംഘര്‍ഷഭരിതമായ ആ അന്തരീക്ഷത്തില്‍ നാടകം തുടങ്ങാന്‍ ഒരു നിവൃത്തിയുമില്ല.പാര്‍ട്ടി സഖാക്കള്‍ നേരെ പോയത് ടി വി തോമസിന്റെ വീട്ടിലേക്കാണ്.അന്ന് സ്ഥലത്തെ എം എല്‍ എ മാത്രമല്ല ആലപ്പുഴയുടെ നഗരസഭാദ്ധ്യക്ഷന്‍ കൂടിയാണ് ടി വി.

ടി വി തീയേറ്ററില്‍ എത്തിയ ഉടനെ തന്നെ സ്റ്റേജില്‍ കയറി മൈക്കിലൂടെ ഒരു അഭ്യര്‍ത്ഥന നടത്തി.

'അകത്തിരിക്കുന്ന എല്ലാ പാര്‍ട്ടി സഖാക്കളും പുറത്തിറങ്ങിയിട്ട്, സീറ്റ് കിട്ടാതെ പുറത്തു നില്‍ക്കുന്ന പാര്‍ട്ടിക്കാരല്ലാത്തവര്‍ക്ക് സീറ്റ് കൊടുക്കുക.'

ഇതുകേട്ടപാടെ അകത്തിരിപ്പ് പിടിച്ചിരുന്ന പകുതിയിലേറെപ്പേരും പുറത്തിറങ്ങിപ്പോയി.പുറത്ത് ബഹളം കൂട്ടിക്കൊണ്ടിരുന്നവരില്‍ ഭൂരിഭാഗവും അകത്തു കയറി.നാടകം പ്രശ്‌നങ്ങളൊന്നുമില്ലാതെ നടക്കുകയും ചെയ്തു.ടി വി തോമസ് എന്ന അനിഷേധ്യ നേതാവിന്റെ ആജ്ഞാശക്തിയും മാന്ത്രികസ്പര്‍ശവുമുള്ള വാക്കുകളാണ് അന്ന് ആ പ്രതിസന്ധിക്ക് പരിഹാരം കണ്ടത്.അങ്ങനെയൊരു സന്ദിഗ്ധാവസ്ഥക്ക് വഴിതെളിച്ച ജോര്‍ജ്ജിന്റെ നടപടി പാര്‍ട്ടിക്കുള്ളിലും കെ പി എ സി യിലും കടുത്ത വിമര്‍ശനത്തിന് വിധേയമായിരുന്നു.....

....കൂടുതല്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കായി ജോര്‍ജ്ജ് പ്രസ്ഥാനത്തില്‍ നിന്ന്, വിട്ടുനില്‍ക്കുന്നത് ശരിയായ നടപടിയല്ലെന്ന അഭിപ്രായമായിരുന്നു സുലോചന ഉള്‍പ്പെടെ യുള്ള മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്ക്.എങ്കിലും കെ എസ് ജോര്‍ജ്ജിനെ പോലെ ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റിന്റെ അപേക്ഷ പൂര്‍ണ്ണമായി തള്ളിക്കളയാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തയ്യാറായില്ല.അവര്‍ ഒരു തീരുമാനമെടുത്തു.കെ പി എ സി യുടെ മേല്‍നോട്ടത്തിലും ഉത്തരവാദിതത്തിലും തന്നെ ജോര്‍ജ്ജ് കഥാപ്രസംഗപരിപാടി നടത്തട്ടെ.കഥാപ്രസംഗത്തിനായി ഓര്‍ക്കസ്ട്രാ കലാകാരന്മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക ട്രൂപ്പ് ജോസഫിന്റെ ചുമതല യില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. കെ പി എ സി യുടെ ബാനറും മറ്റ് ഓഫീസ് സൗകര്യങ്ങളുമെല്ലാം ഇതിനായി ഉപയോഗിക്കാം.ഒരു നിശ്ചിത വിഹിതം മാത്രം സമിതിക്ക് നല്‍കിയാല്‍ മതിയാകും.കെ പി ഉമ്മറും എന്‍ ഗോവിന്ദന്‍ കുട്ടിയും സി ജി ഗോപിനാഥും ഉള്ളതുകൊണ്ട്,ജോര്‍ജ്ജിന്റെ അഭാവം അരങ്ങത്ത് അത്ര പ്രകടമായിരുന്നില്ല.എന്നാല്‍ കെ എസ് ജോര്‍ജ്ജ് ഇല്ലാത്ത ഒരു പിന്നണി ഗായക സംഘം വലിയൊരു കുറവ് തന്നെയായിരുന്നു. ഒരു പരിധിവരെ ആ കുറവ് പരിഹരിച്ചുകൊണ്ട് പുതിയൊരു ഗായകന്‍ കെ പി എ സി യിലെത്തി -- ഗംഗാധരന്‍.

കലാനിലയത്തിന്റെ ഏറെ പ്രസിദ്ധമായ അവതരണ ഗാനം 'സല്‍ക്കലാദേവി തന്‍ ചിത്രഗോപുരങ്ങളേ' യും 'താജ് മഹല്‍' നാടകത്തിലെ 'ഒരു ഗാന സാമ്രാജ്യ'വും ഒക്കെ തൃശൂര്‍ക്കാരനായ പി.എം. ഗംഗാധരന്റെ ഘനഗംഭീരമായ ശബ്ദത്തിലൂടെയാണ് സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്നത്. കെഎസ് ജോര്‍ജ്ജിന്റെ അനുപമ മായ,വേറിട്ട ശൈലിയിലുള്ള പാട്ടുകള്‍ ശരശയ്യയില്‍ ഉണ്ടായില്ലെങ്കിലും ഗംഗാധരന്‍ പാടിയ പാട്ടുകള്‍ക്ക് ശ്രവണസുഖം ഒട്ടും കുറവായിരുന്നില്ല. നടിയെന്നതിനെക്കാള്‍ നല്ലൊരു ഗായിക ആയി അറിയപ്പെട്ടിരുന്ന പാലാ തങ്കമായിരുന്നു ഗായകരുടെ കൂട്ടത്തിലെ മറ്റൊരു പുതുശബ്ദം.പുല്ലാങ്കുഴല്‍ വായിച്ചിരുന്ന ജോസഫ് ഇത്തവണ ഇല്ല. ഏതുപകരണവും സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്ന ജോണ്‍സന്റെ നേതൃത്വത്തില്‍ ഓര്‍ക്കസ്ട്രാ ടീം ഉഷാറായി. രംഗപടങ്ങള്‍ ഒരുക്കിയത് പതിവുപോലെ രാംജിയും ആര്‍ട്ടിസ്റ്റ് കേശവനുമാണ്.'ശബ്ദവും വെളിച്ചവും' കോട്ടയത്തെ ശങ്കുണ്ണിയും.ഓരോ കഥാപാത്രത്തിന്റെയും ആത്മാവിലേക്ക് കൂടു വിട്ടു കൂടു മാറാന്‍ പര്യാപ്തരാക്കുന്ന കഠിനമായ റിഹേഴ്‌സല്‍ ഏതാണ്ട് രണ്ടുമാസക്കാലം നീണ്ടുനിന്നു.

ശരശയ്യയുടെ റിഹേഴ്‌സല്‍ നടക്കുന്ന സമയത്ത് കെ പി എ സി യിലേക്ക് അപ്രതീക്ഷിതനായി ഒരു അതിഥി എത്തി.കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ എസ് എ ഡാങ്കേ.

(എസ് എ ഡാങ്കേയും കാമ്പിശ്ശേരിയും)

പാര്‍ട്ടിയുടെ ഭിന്നിപ്പിന് ശേഷം വിവിധ സംസ്ഥാന ങ്ങളില്‍ പര്യടനം നടത്തുന്നതിന്റെ ഭാഗമായാണ് ഡാങ്കേ കേരളത്തില്‍ വന്നത്.തിരുവനന്തപുരത്തും കൊല്ലത്തും നടന്ന സ്വീകരണങ്ങളിലും പൊതുസമ്മേളനങ്ങളിലുമൊക്കെ സംബന്ധിച്ചതിനു ശേഷം,സംസ്ഥാന സെക്രട്ടറി സി അച്യുതമേനോനോടൊപ്പം എറണാകുളത്തേയ്ക്ക് പോകുന്ന വഴിക്ക് കെ പി എ സി യില്‍ കയറുകയായിരുന്നു.അച്യുതമേനോന്‍ എല്ലാവരെയും പരിചയപ്പെടുത്തിക്കൊടുത്തു. തനിക്ക് അപ്പോള്‍ സംഭവിച്ച ഒരു അബദ്ധത്തെ കുറിച്ച് കെ പി ഉമ്മര്‍ ഓര്‍മ്മിക്കുന്നു.

'പരിചയപ്പെടലുകള്‍ക്കു ശേഷം 'ശരശയ്യ' യുടെ മലയാളത്തിലുള്ള നോട്ടീസ് ഞങ്ങള്‍ ഡാങ്കേയുടെ കയ്യില്‍ കൊടുത്തു.

'റിഹേഴ്‌സല്‍ നടന്നുകൊണ്ടിരിക്കുന്ന നാടകത്തിന്റെ നോട്ടീസാണ്.'അച്യുത മേനോന്‍ ഇംഗ്ലീഷില്‍ ഡാങ്കേയോട് വിശദീകരിച്ചു.ഡാങ്കേ ആ നോട്ടിസ് തിരിച്ചും മറിച്ചും നോക്കിയിട്ട് എന്താണ് ഈ നാടകത്തിന്റെ പേര് എന്ന് ഇംഗ്ലീഷില്‍ ചോദിച്ചു.കഷ്ടകാലത്തിന് ഞാനായിരുന്നു അതിന് മറുപടി പറയേണ്ടി വന്നത്.

'Arrow's Bed'

ഡാങ്കേ നീരസത്തോടെ എന്നെ ഒന്നു നോക്കി.അപ്പോഴേക്കും അച്യുതമേനോന്‍ 'Bed of Arrows' എന്നു തിരുത്തി.ഡാങ്കേയുടെ രൂക്ഷമായ നോട്ടത്തില്‍ നിന്നും എന്നെ രക്ഷപ്പെടുത്തി.'**

കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ, കെപിഎസിക്ക് കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ട് മികവുറ്റ ഒരുപിടി നാടകങ്ങള്‍ 1964 ലും അരങ്ങത്തു വന്നു. 'അള്‍ത്താര'യ്ക്ക് ശേഷം കാളിദാസകലാകേന്ദ്രം അവതരിപ്പിച്ച 'കടല്‍പ്പാലം' എന്ന നാടകത്തിന് എടുത്തുപറയേണ്ട ഒരു സവിശേഷതയു ണ്ടായിരുന്നു. മലബാറിന്റെ അരങ്ങത്ത് പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച കെ ടി മുഹമ്മദ് സ്വന്തം തട്ടകം വിട്ട് തെക്കന്‍ കേരളത്തിലേക്ക് വരികയായിരുന്നു 'കടല്‍പ്പാല'ത്തിലൂടെ.

(കെ ടി മുഹമ്മദും ഓ മാധവനും)

തന്നെ അന്ധനാക്കിത്തീര്‍ത്ത വിധിയുടെ മുമ്പിലും തന്റെ ഉരുക്കുമുഷ്ടിയില്‍ നിന്ന് കുതറി മാറാന്‍ വെമ്പുന്ന മക്കളുടെ മുമ്പിലും തോല്‍ക്കാന്‍ കൂട്ടാക്കാതെ മരണത്തെ സ്വയംവരിക്കുന്ന അഡ്വ.നാരായണകൈമള്‍ കെ ടിയുടെ ഒരു വേറിട്ട സൃഷ്ടിയായിരുന്നു.ഓ മാധവന്‍,വിജയകുമാരി, ടി കെ ജോണ്‍,കാലയ്ക്കല്‍ കുമാരന്‍,നെല്ലിക്കോട് ഭാസ്‌ക്കരന്‍,മണവാളന്‍ ജോസഫ്,വര്‍ഗീസ് തിട്ടേല്‍,മേരി തോമസ്,കലാമണ്ഡലം രാധ,കൃഷ്ണവേണി തുടങ്ങിയവരുടെ അഭിനയവും ഓ എന്‍ വി - ദേവരാജന്‍ ടീമിന്റെ പാട്ടുകളും കെ ടി യുടെ സംവിധാനവും ഒത്തുചേര്‍ന്നപ്പോള്‍, അരങ്ങത്ത് അസാമാന്യ വിജയം നേടാന്‍ കടല്‍പ്പാലത്തിന് സാധിച്ചു.

(കടല്‍പ്പാലത്തില്‍ മണവാളന്‍ ജോസഫ്,കാലയ്ക്കല്‍ കുമാരന്‍,നെല്ലിക്കോട് ഭാസ്‌കരന്‍,ഓ മാധവന്‍)

1964 ല്‍ അരങ്ങു തകര്‍ത്ത മറ്റൊരു നാടകം 'എന്‍ എന്‍ പിള്ളയും കുടുംബ'വും ചേര്‍ന്നവതരിപ്പിച്ച 'പ്രേതലോക'മാണ്.ചാട്ടുളി പോലെ തുളഞ്ഞു കയറുന്ന സംഭാഷണങ്ങളിലൂടെ,സമൂഹത്തിലെ പൊയ്മുഖങ്ങള്‍ പലതും പിച്ചിച്ചീന്തുന്ന നാടകകൃത്ത് തെരുവുതെണ്ടി പോക്കറുകാക്കയുടെയും സമുദായപ്രമാണി മാധവമേനോന്റെയും ഇരട്ടവേഷങ്ങളിലാണ് അരങ്ങത്തെത്തിയത്.

(പ്രേതലോകത്തില്‍ എന്‍ എന്‍ പിള്ള,കല്യാണിക്കുട്ടിയമ്മ, ഓമന)

എന്‍ എന്‍ പിള്ളയുടെ ഭാര്യ കല്യാണിക്കുട്ടിയമ്മ,സഹോദരി ഓമന,മകള്‍ സുലോചന മകന്‍ വിജയരാഘവന്‍ എന്നിവരോടൊപ്പം എസ് ജെ ദേവ്,മാവേലിക്കര അമ്മിണി, തൃശ്ശൂര്‍ എല്‍സി,കൊല്ലം ശങ്കര്‍,എം ആര്‍ മണി തുടങ്ങിയവരും വേഷമിട്ടു.

'ഏഴുരാത്രികളു'ടെ ഗംഭീര വിജയത്തിനു ശേഷം ചങ്ങനാശ്ശേരി ഗീഥാ ആര്‍ട്ട്സ് ക്ലബ്ബ് അരങ്ങത്ത് കൊണ്ടുവന്നത് ഒരു മുഴുനീള ഹാസ്യ നാടകമാണ്.ജഗതി എന്‍ കെ ആചാരി എഴുതിയ 'ലഹരി' നഗരപ്രാന്തങ്ങളില്‍ നിരാലംബരായി കഴിഞ്ഞുകൂടുന്ന തെരുവുതെണ്ടികളുടെ വേഷത്തില്‍ കഴിഞ്ഞ നാടകത്തില്‍ പ്രത്യക്ഷപ്പെട്ട നടീനടന്മാരെല്ലാം പച്ചപ്പരിഷ്‌ക്കാരികളുടെ രൂപഭാവങ്ങളില്‍ വരുന്നതായിരുന്നു നാടകത്തിന്റെ ഏറ്റവും വലിയ പുതുമ.

(ലഹരിയിലെ ഒരു രംഗം)

സംവിധായകനായ ചാച്ചപ്പനെ കൂടാതെ ആലുമ്മൂടന്‍,കമലമ്മ,ജെ പി തമ്പി,പി സി സേവ്യര്‍, ആലഞ്ചേരി,കെ കെ ജേക്കബ്,വിജയകുമാരി, മേരി തുടങ്ങിയവരാണ് അഭിനയിച്ചത്.

1964 നവംബര്‍ അഞ്ചാം തീയതി കായംകുളത്തെ കെ പി എ സി അങ്കണത്തില്‍ വെച്ച് 'ശരശയ്യ'യുടെ ഉദ്ഘാടനം നിര്‍വഹിച്ചത് കേരളം കണ്ട ഏറ്റവും വലിയ ധിഷണാശാലികളിലൊരാളും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായ എന്‍ വി കൃഷ്ണവാര്യരാണ്.

(ശരശയ്യയുടെ ഉദ്ഘാടന നോട്ടീസ്)

നാടകം കണ്ടവരെല്ലാം എടുത്തുപറഞ്ഞത്,മൂന്നര മണിക്കൂര്‍ നേരം കാണികളെ പിടിച്ചിരുത്തുന്നതില്‍ അഭിനേതാക്കള്‍ വഹിച്ച പങ്കിനെ കുറിച്ചായിരുന്നു.പ്രത്യേകിച്ച് ഉമ്മറിന്റെ യും സുലോചനയുടെയും മികച്ച അഭിനയത്തെ കുറിച്ച്.'ജനയുഗ'ത്തില്‍ നാടകത്തെ നിരൂപണം ചെയ്തുകൊണ്ട് തെങ്ങമം ബാലകൃഷ്ണന്‍ എഴുതി.

'അത്യഭിനയത്തിലേക്ക് വഴുതിപ്പോകാവുന്ന ഈ റോള്‍ ആത്മസംയമനത്തോടെ ഉമ്മര്‍ കൈകാര്യം ചെയ്തിരിക്കുന്നു....സരോജം എന്ന കഥാപാത്രം സുലോചനയുടെ കൈയില്‍ പൂര്‍ണമായിരിക്കുന്നതുപോലെ മറ്റൊരു നടിക്ക് അതിനെ വിജയിപ്പിക്കാന്‍ കഴിയുമോ എന്നുവരെ സംശയിക്കേണ്ടിയിരിക്കുന്നു.ആ കഥാപാത്രവുമായി അത്ര വളരെ താദാത്മ്യം ആ നടി കൈവരിക്കുന്നു.വേദനയുടെ ഉമിത്തീയില്‍ നില്‍ക്കുന്ന ആ കഥാപാത്രത്തിലൂടെ ആ വേദന അതിന്റെ മുഴുവന്‍ ഭാവത്തിലും സുലോചന നമ്മുടെ ഹൃദയത്തിലേക്ക് പകരുന്നു.'

വൈകാരിക മുഹൂര്‍ത്തങ്ങളുടെ തീവ്രമായ ആവിഷ്‌ക്കാരത്തിലും അതിനനുയോജ്യമായ സ്വാഭാവികാന്തരീക്ഷം സൃഷ്ടിക്കുന്നതിലുമുള്ള ഭാസിയുടെ സംവിധാന പാടവം പ്രശംസിക്കപ്പെട്ടു.എന്നാല്‍ മുന്‍ നാടകങ്ങളില്‍ നിന്ന് വിഭിന്നമായി ഭാസിയ്ക്ക് ഏറ്റവുമധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന നാടകമായിരുന്നു 'ശരശയ്യ'.

കൗമുദി വാരികയിലൂടെ കെ ബാലകൃഷ്ണനും കേരളശബ്ദം സ്വതന്ത്ര രാഷ്ട്രീയ വാരികയിലൂടെ പഴയ ജ്യേഷ്ഠസഖാവ് അഡ്വ.ജി ജനാര്‍ദ്ദനക്കുറുപ്പും നാടകത്തിനെതിരെ അഴിച്ചുവിട്ട ആക്രമണം അതിനിശിതമായിരുന്നു.തുല്യശക്തിയോടെ ഭാസി തിരിച്ചടിക്കുകയും ചെയ്തു.പാര്‍ട്ടിയുടെ പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ജനാര്‍ദ്ദനക്കുറുപ്പിന്റെ വിമര്‍ശനത്തിന് രാഷ്ട്രീയ സ്വഭാവമേറിനിന്നു.വ്യക്തിപരമായ ആരോപണപ്രത്യാരോപണങ്ങളാണ് കൗമുദി യുടെ താളുകളില്‍ നിറഞ്ഞുനിന്നത്.തോപ്പില്‍ ഭാസിയെ പ്രതിക്കൂട്ടില്‍ നിറുത്തുന്നവരാണ് ഈ രണ്ടു സംവാദങ്ങളിലും തുടര്‍ന്ന് പങ്കെടുത്തവരിലേറെയും എന്നതും ശ്രദ്ധേയമായിരുന്നു.

ഈ വിമര്‍ശനങ്ങളും പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പുമൊക്കെ ഉണ്ടാക്കിയ ഒച്ചപ്പാടുകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും നാടകത്തിന് തുടര്‍ച്ചയായ ബുക്കിംഗ് കിട്ടികൊണ്ടിരുന്നു.

(ശരശയ്യയുടെ പരസ്യം)

കേരളത്തില്‍ അങ്ങോളമിങ്ങോളം നാടകമവതരിപ്പിച്ചതിനു ശേഷം കെ പി എ സി സംഘം പതിവുപോലെ മറുനാടന്‍ പര്യടനത്തിന് പുറപ്പെട്ടു.എന്നാല്‍ എല്ലാത്തവണത്തെയും പോലെ ഊര്‍ജ്ജവും ഉന്മേഷവും പകര്‍ന്നുകിട്ടുന്ന,ആഹ്ലാദകരമായ ഒരനുഭവമായിട്ടല്ല, ആ പര്യടനം അവസാനിച്ചത്.കെ പി എ സി എന്ന ജനകീയ കലാപ്രസ്ഥാനത്തിന്റെയും,അതിന്റെ ഏറ്റവും അറിയപ്പെടുന്ന മുഖമായ സുലോചന എന്ന കലാകാരിയുടെയും ജീവിതത്തിലെ അതിനിര്‍ണ്ണായകമായ ഒരു വഴിത്തിരിവിന് നിമിത്തം കുറിക്കുകയായിരുന്നു ആ നാടകയാത്ര.

(അടുത്തഭാഗം:ഉള്‍പ്പിരിവുകള്‍)

*ഒളിവിലെ ഓര്‍മ്മകള്‍ക്കുശേഷം-തോപ്പില്‍ ഭാസി, ഡിസി ബുക്‌സ് , കോട്ടയം

** ഓര്‍മ്മയുടെ പുസ്തകം-കെ പി ഉമ്മര്‍, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരംബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories