TopTop
Begin typing your search above and press return to search.

SERIES|''പാട്ടു നിറുത്തിപ്പോവതെങ്ങോ കുയിലേ...''കെപിഎസി സുലോചനയുടെ ജീവിതകഥയുടെ ആദ്യഭാഗം പൂര്‍ത്തിയാകുന്നു

SERIES|പാട്ടു നിറുത്തിപ്പോവതെങ്ങോ കുയിലേ...കെപിഎസി സുലോചനയുടെ ജീവിതകഥയുടെ ആദ്യഭാഗം പൂര്‍ത്തിയാകുന്നു

(2020 ഏപ്രില്‍ 17ന് പ്രസിദ്ധീകരണം ആരംഭിച്ച 'നാടകജീവിതം ജീവിതനാടകം' എന്ന കെപിഎസി സുലോചനയുടെ ജീവിത കഥ ഈ ഏപ്രില്‍ 25-ഓടെ അതിന്റെ ആദ്യഭാഗം പൂര്‍ത്തിയാക്കുകയാണ്. 54 ആഴ്ചകളിലായി, 54 അധ്യായങ്ങളിലായി സമരോത്സുകമായ കാലത്തിന്റെ വിളികേട്ടിറങ്ങിയ അനുഗൃഹീതയായ കലാകാരിയുടെ ജീവിതം അടയാളപ്പെടുത്തുകയായിരുന്നു കൃതഹസ്തനായ മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ. ബൈജു ചന്ദ്രന്‍. ഒരു വ്യക്തിയുടെ ജീവിതവഴിത്താര മാത്രമല്ല, ഒരു കാലത്തിന്റെ, സമൂഹത്തിന്റെ ആകെ സ്പന്ദനങ്ങളെ ഏറെ നാളുകളിലെ പഠനഗവേഷണങ്ങള്‍ നടത്തി, അപൂര്‍വ്വ ചരിത്രങ്ങളും ചിത്രങ്ങളും ശേഖരിച്ച് രേഖപ്പെടുത്തുകയായിരുന്നു ലേഖകന്‍.

2005 ഏപ്രില്‍ 17നാണ് കെപിഎസി സുലോചനയുടെ സംഭവബഹുലമായ ജീവിതത്തിന് തിരശ്ശീല വീണത്. അവരുടെ ജീവിതം കടന്നുപോയത് അത്യന്തം സംഘര്‍ഷനിര്‍ഭരങ്ങളായ വഴികളിലൂടെയായിരുന്നു. 'നാടകജീവിതം ജീവിതനാടകം' കെപിഎസി സുലോചനയെന്ന ഗായികയുടെയോ നടിയുടെയോ മാത്രം ജീവിതകഥനമല്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ, ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും ഒക്കെ കഥകളായിത്തീരുന്നത് 54 അധ്യായങ്ങളിലായി, മിഴിവോടെ നമ്മള്‍ കണ്ടു.

അത്യന്തം തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയില്‍ തികച്ചും ശ്രമകരമായ ഈ ദൗത്യം ഏറ്റെടുത്തതിന് വരും തലമുറ ലേഖകനോട് നന്ദിയുള്ളവരായിരിക്കും. സമകാലീന സാംസ്‌ക്കാരിക ചരിത്രമെഴുത്തില്‍- contemporary history writing- മലയാളി എഴുത്തുകാര്‍ പ്രായേണ ശ്രദ്ധപതിപ്പിച്ച് കാണാറില്ല. അത്തരമൊരു ദൗത്യം ഏറ്റെടുക്കാന്‍ കൂടുതല്‍ ആളുകളെ പ്രാചോദിപ്പിക്കുന്നത് കൂടിയാകുന്നു ഈ രചന. 'അഴിമുഖം' ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ള സീരീസുകളില്‍ സവിശേഷവും ഏറെ ആസ്വാദക ശ്രദ്ധപിടിച്ചു പറ്റിയതുമായ ഒന്നാണ് 'നാടകജീവിതം ജീവിതനാടകം'. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള, കലയേയും സാഹിത്യത്തേയും രാഷ്ട്രീയത്തേയുമൊക്കെ തികഞ്ഞ ഗൗരവത്തോടെ വീക്ഷിക്കുന്ന ഒട്ടേറെ വായനക്കാരില്‍ നിന്നും വളരെ നല്ല പ്രതികരണങ്ങളാണ് സീരിസിന് ലഭിച്ചത്. ഇതിന്റെ രണ്ടാം ഭാഗം ചെറിയ ഇടവേളയ്ക്കുശേഷം പ്രസിദ്ധീകരിച്ചു തുടങ്ങും.-പത്രാധിപര്‍) ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കാം.

ഭാഗം 54

''മറ്റുള്ള നാടകസംഘങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു,കെ പി എ സി അന്ന്. അവിടെ അന്ന് പ്രേമമില്ലായിരുന്നു. തൊഴുത്തില്‍ കുത്തില്ലായിരുന്നു. ഞാനെന്ന ഭാവം ആര്‍ക്കുമില്ലായിരുന്നു -- അതായിരുന്നു അന്നത്തെ കെ പി എ സി യുടെ ലോകം.അതിനെതിരായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നെങ്കില്‍ അവര്‍ ദൈവം പോലുമറിയാതെ പിഴുതെറിയപ്പെട്ടിരുന്നു.''കെപിഎസി സുലോചന. *

കാഴ്ചയിലും കാഴ്ചപ്പാടിലും സ്വഭാവത്തിലും മനോഭാവത്തിലുമെല്ലാം തീര്‍ത്തും വ്യത്യസ്തത പുലര്‍ത്തുന്ന കുറേ മനുഷ്യര്‍ ഒരുമിച്ചു കൂടുന്ന ഒരിടമാണ് നാടകസംഘം. കലാപരമായ സിദ്ധിയും വൈഭവവും സമാനമായ അഭിരുചികളുമൊക്കെയാണ് അവരെ പരസ്പരം ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍. ഒരുമിച്ച്, ഒരേ കൂരയ്ക്ക് കീഴില്‍ ഒട്ടേറെ രാവുകളും പകലുകളും ചിലവഴിക്കാനിടവരുമ്പോള്‍, സ്വാഭാവികമായും അവര്‍ തമ്മിലുള്ള ബന്ധം കുറെയൊക്കെ ഊഷ്മളവും ദൃഢതരവും ആയിത്തീരാന്‍ സാധ്യതയേറുന്നു. അതേസമയം, തങ്ങളുടെ സര്‍ഗ്ഗപരമായ സിദ്ധികള്‍ മറ്റാരുടേതിനെക്കാളും മുകളിലാണെന്നും എന്നും അങ്ങനെതന്നെ ആയിരിക്കണമെന്നുമുള്ള മനസ്സോടെ മത്സരബുദ്ധി വെച്ചുപുലര്‍ത്തുന്നവരാണ് ആര്‍ട്ടിസ്റ്റുകള്‍. ഒരു സര്‍ഗ്ഗപ്രതിഭ എന്ന നിലയിലുള്ള അഹംബോധവും കടുത്ത ആത്മവിശ്വാസവുമാണ്, അവരില്‍ ' ഈഗോ' എന്നു വിളിക്കുന്ന അഹംഭാവത്തിന്റെ അവസ്ഥയായി രൂപാന്തരപ്പെടുന്നത്.

(1960 കളിലെ ചില പ്രമുഖ നടീനടന്മാര്‍: കെ പി ഉമ്മര്‍,നെല്ലിക്കോട് ഭാസ്‌കരന്‍,ഗോവിന്ദന്‍കുട്ടി,ടി കെ ജോണ്‍,ഖാന്‍,തിലകന്‍,ജേസി,സി ഓ ആന്റോ,ലളിത,മേരി തോമസ്,പാലാ തങ്കം തുടങ്ങിയവര്‍)

വൈകാരികമായ ഒരുതരം അരക്ഷിതാവസ്ഥയുടെ നിഴല്‍വട്ടത്തില്‍ സദാ കഴിഞ്ഞുപോരുന്ന, വൈകാരിക ഋതുഭേദങ്ങള്‍ മാറിമാറി അവതരിപ്പിക്കാന്‍ നിയുക്തരായ ആര്‍ട്ടിസ്റ്റുകളില്‍,വികാരങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും വളരെ സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളാണ്. ഒരു പരസ്പരപ്പൊരുത്തവുമില്ലാത്ത ഭാവങ്ങള്‍ പെട്ടെന്ന് എടുത്തണിയാന്‍ അവര്‍ക്ക് സാധ്യമാകുന്നത് സെന്‍സിറ്റീവ് ആയ ഈ സ്വഭാവസവിശേഷത കൊണ്ടാണ്. എന്നാല്‍ സഹ അഭിനേതാക്കളോടും, സംവിധായകനോടും മറ്റ് സംഘാംഗങ്ങളോടുമൊക്കെയുള്ള ബന്ധത്തില്‍ പൊടുന്നെനെയുള്ള ഇടര്‍ച്ചകളും ഇടിച്ചിലുകളുമൊക്കെ സംഭവിക്കുന്നതിനും ഇതേ സെന്‍സിറ്റിവിറ്റി തന്നെ കാരണമാകുന്നു.പരസ്പരമുള്ള അസൂയയും കുശുമ്പും സ്വാര്‍ത്ഥ താല്പര്യങ്ങളുമൊക്കെ കലയുടെ മേഖലയില്‍, പ്രത്യേകിച്ച് നാടകലോകത്ത് തഴച്ചുവളരുന്നതും ഇതേ കാരണം കൊണ്ടാണ്.പ്രണയവും പ്രണയകലഹവുമൊക്കെ അവിടെ സര്‍വ സാധാരണമാകുന്നു. ഇതെല്ലാം നന്നായി മനസ്സിലാക്കി,ഓരോരുത്തരുടെയും ശക്തിദൗര്‍ബല്യങ്ങള്‍ അടുത്തറിഞ്ഞ്, മനസാന്നിദ്ധ്യം തീര്‍ത്തും കൈവിടാതെ നയിക്കാന്‍ പ്രാപ്തരായവര്‍ക്ക് മാത്രമേ വിഭിന്നപ്രകൃതരായ ഒരുകൂട്ടം മനുഷ്യരടങ്ങിയ ഒരു നാടകസംഘത്തെ ഉലച്ചിലൊന്നും കൂടാതെ മുന്നോട്ടു കൊണ്ടുപോകാനാകൂ.

(കെപിഎസി നാടകസംഘം 1950കളില്‍)

മറ്റ് പ്രഫഷണല്‍ നാടക സമിതികളില്‍ നിന്ന് കെ പി എ സി വ്യത്യസ്തമായിരുന്നത് പല കാരണങ്ങള്‍ കൊണ്ടായിരുന്നു. അതിലൊന്നാമത്തേത് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സമിതി എന്നതുതന്നെ.പാര്‍ട്ടിസംഘടനയ്ക്കും പ്രവര്‍ത്തകര്‍ക്കും ബാധകമായിരുന്ന അച്ചടക്കത്തിന്റെ വാള്‍ത്തല കെ പി എ സി പ്രവര്‍ത്തകരുടെ തലയ്ക്ക് മുകളിലും ഉണ്ടായിരുന്നു. പല പ്രകൃതക്കാരും പല പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്നവരും ആയ അവരെ പരസ്പരം ബന്ധിപ്പിച്ചത് ഉറച്ച രാഷ്ട്രീയ വിശ്വാസവും പാര്‍ട്ടിയോടുള്ള കൂറുമാണ്.ഉയര്‍ന്ന സദാചാര ബോധവും കമ്മ്യൂണിസ്റ്റ് സംസ്‌ക്കാരവുമുള്ള വ്യക്തികളാണ് അവരെ നയിച്ചുകൊണ്ട് മുന്നില്‍ നടന്നിരുന്നത്.

'വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.കെ പി എ സിയുടെ ഒരടിയന്തിര ജനറല്‍ ബോഡി കൂടിയിരിക്കുന്നു.ഒരു പെണ്ണ് ഒരു വിവാഹിതനെ സ്‌നേഹിച്ചു.എത്ര അന്തസ്സായി, ശക്തമായി കെ പി എ സി ആ തെറ്റിനെ നേരിട്ടു.' സുധര്‍മ്മയുടെ ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത് പ്രസ്ഥാനത്തിന് അന്നുണ്ടായിരുന്ന ധാര്‍മ്മികമായ ശക്തിയെക്കുറിച്ചാണ്.**

സുധര്‍മ്മയും സുലോചനയും ഓ മാധവനും ജനാര്‍ദ്ദനക്കുറുപ്പും തോപ്പില്‍ ഭാസിയും തോപ്പില്‍ കൃഷ്ണപിള്ളയുമൊക്കെ എടുത്തെടുത്തു പറയുന്ന ജനറല്‍ ബോഡി തന്നെയാണ് കെ പി എ സി യെ മറ്റു സമിതികളില്‍ നിന്ന് വേറിട്ടുനിറുത്തിയ ഘടകം.എത്ര നിസാരമായ പ്രശ്‌നങ്ങള്‍ ഉണ്ടായാലും അത് ഉന്നയിക്കാനും ചര്‍ച്ചചെയ്തു പരിഹരിക്കാനും സമിതിയിലെ എല്ലാ അംഗങ്ങളും ഒത്തുകൂടുന്ന ജനറല്‍ ബോഡിയെയാണ് ആശ്രയിച്ചിരുന്നത്.പാര്‍ട്ടിയിലെ ഉന്നതനേതാക്കള്‍ കൂടി പങ്കെടുത്തിരുന്ന ആ വേദിയില്‍ ആര്‍ക്കും ആരെയും -- അതെത്ര ഉന്നതനായാല്‍പ്പോലും -- തുറന്നു വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.ഏത് വലിയ പ്രശ്‌നമായാലും അതവിടെ അവസാനിക്കുകയായിരുന്നു പതിവ്. ഇതിന് പുറമെയാണ് വ്യക്തിപരമായ അഭിപ്രായഭിന്നതകളും സ്വാര്‍ത്ഥ താല്‍പര്യങ്ങളുമെല്ലാം തത്കാലത്തേക്ക് മറക്കുന്ന, സമിതി യംഗങ്ങള്‍ക്കിടയിലെ സൗഹൃദവും സാഹോദര്യവും ദൃഢവത്താകാന്‍ സഹായിക്കുന്ന മറുനാടന്‍ പര്യടനങ്ങള്‍.

(ഖാന്‍, അസീസ്, ഗോവിന്ദന്‍കുട്ടി, തോപ്പില്‍ കൃഷ്ണപിള്ള എന്നിവര്‍ ഒരു മറുനാടന്‍ പര്യടനത്തിനിടയില്‍)

''കൂടെ അഭിനയിക്കുന്നവരുടെ അഭിനയം മെച്ചപ്പെടുത്തുവാന്‍ പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്ന നടന്മാരും നടിക ളുമുള്ള ഏക സമിതി കെ പി എ സി യാണെന്ന് എനിക്കു തോന്നുന്നു.മറ്റു സമിതികളില്‍ ഞാന്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടീനടന്മാര്‍ തമ്മിലുള്ള കുതികാല്‍വെട്ടിന്റെ കഥകള്‍ ധാരാളം കേട്ടിട്ടുണ്ട്. മറ്റു സമിതികളില്‍ അഭിനയിക്കുന്നവര്‍ക്ക് സമിതിയിലുള്ള മറ്റാരെയും കാള്‍ താനാണ് പ്രമാണിയെന്നു വരുത്തിത്തീര്‍ക്കുവാനായിരിക്കും വ്യഗ്രത.കെ പി എ സി യെ സംബന്ധിച്ചിടത്തോളം അതിലഭിനയിക്കുന്ന ഓരോരുത്തര്‍ക്കും ഒരുപോലെ പ്രാമാണ്യമുണ്ട്. വ്യക്തിക്ക് ഉള്ള സ്ഥാനത്തേക്കാള്‍ ആ പ്രസ്ഥാനത്തിനാണ് പ്രാമുഖ്യം.അത് കെ പി എ സി യില്‍ പങ്കെടുത്തിട്ടുള്ള എല്ലാവര്‍ക്കും ബോധ്യമുള്ളതു കൊണ്ടായിരിക്കണമല്ലോ പ്രമുഖരായ പല നടീ നടന്മാരും അവരുടെ പേരിനോട് ചേര്‍ത്ത് കെ പി എ സി എന്ന പേരു് ഒരു ബിരുദം പോലെ വെയ്ക്കുന്നത്.'' ***

തോപ്പില്‍ കൃഷ്ണപിള്ളയുടെ ഈ വാക്കുകളെ ശരിവെക്കുന്നതാണ് കെ പി ഉമ്മര്‍ പറയുന്ന അനുഭവം.

''ഒരുദിവസം കൊല്ലത്തിനടുത്തുള്ള ഇരവിപുരത്ത് ഞങ്ങള്‍ നാടകം അവതരിപ്പിക്കുകയായിരുന്നു.വടക്ക് എവിടെയോ നാടകപര്യടനം കഴിഞ്ഞ് പകല്‍ മുഴുവന്‍ വാനില്‍ യാത്രചെയ്ത് ഇടക്ക് വിശ്രമിക്കാന്‍ കഴിയാതെയാണ് ഞങ്ങള്‍ ഇരവിപുരത്തു ചെല്ലുന്നത്.നാടകം 'അശ്വമേധം'.

( സുലോചനയും ഉമ്മറും അശ്വമേധത്തില്‍)

ആ നാടകത്തിന്റെ രണ്ടാം രംഗത്ത് ഡോക്ടര്‍ തോമസായ ഞാന്‍ പ്രവേശിക്കുമ്പോള്‍ സരോജം എന്ന രോഗിണിയും മറ്റൊരു രോഗിയായ പുരുഷനും സംസാരിച്ചുനില്‍ക്കുകയാണ്.സുലോചനയും കെ എസ് ജോര്‍ജ്ജുമായിരുന്നു ആ കഥാപാത്രങ്ങളായി അഭിനയിച്ചത്.....സരോജവും മറ്റൊരു കുഷ്ഠ രോഗിയുമായി സംസാരിച്ചു നില്‍ക്കുന്നത് ഡോക്ടര്‍ക്ക്ഇഷ്ടപ്പെട്ടില്ല.ഡോക്ടര്‍ ആ രോഗിയെ അവിടെനിന്നും ആട്ടിയോടിക്കുന്നു.എന്നിട്ട് സരോജത്തോട് 'എന്റെ രോഗികള്‍ സംസ്‌കാരമില്ലാത്തവരാണ്' എന്നുപറയുന്നു.യാത്രാക്ഷീണത്തോടെ ഞാന്‍ രണ്ടാം രംഗത്ത് പ്രവേശിച്ചു.പുരുഷനായ രോഗിയെ ആട്ടിപ്പായിച്ചശേഷം സരോജത്തോട് പറഞ്ഞത് 'എന്റെ രോഗികള്‍ സംസ്‌കാരമുള്ളവരാണ്' എന്നാണ്.തെറ്റു മനസിലാക്കിയ സുലോചന പ്രേക്ഷകര്‍ക്ക് ആ തെറ്റ് പിടികിട്ടുന്നതിനു മുമ്പ് ,അവരുടെ സംഭാഷണം തുടങ്ങി.

'എന്റെ രോഗികള്‍ സംസ്‌കാരമുള്ളവരാണ്' എന്ന് ഡോക്ടര്‍ തോമസ് അപ്പോള്‍ പറഞ്ഞാല്‍,നാടകം രണ്ടാംരംഗത്ത് അവസാനിപ്പിക്കണം.നാടകത്തിന്റെ പകുതിവരെ നില്‍ക്കുന്ന സംഘട്ടനാത്മകത ഇല്ലാതായി എന്നര്‍ത്ഥം. സുലോചന ഒന്നും പറയാതെ പരിഭ്രമിച്ചു നിന്നിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞ തെറ്റ് പ്രേക്ഷകര്‍ക്ക് മനസ്സിലാവും.അവര്‍ ഒരുപക്ഷെ കൂവുകയോ മറ്റുരീതിയില്‍ പരിഹാസശബ്ദം പുറപ്പെടുവിക്കുകയോ ചെയ്‌തെന്ന് വരും.രണ്ടാം രംഗം അവസാനിച്ചപ്പോള്‍ രംഗത്തു വെച്ചു തന്നെ കൈകൂപ്പി കൊണ്ട് സുലോചനയോട് ഞാനെന്റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തി.ഇങ്ങനെയായിരുന്നു ഞങ്ങളുടെ പരസ്പരധാരണയും സഹകരണവും,ഒരു നാടകസംഘം എന്ന നിലയിലുള്ള ആത്മാര്‍ത്ഥ മായ പ്രവര്‍ത്തനവും.'' ****

കൗമാരം കടക്കുന്നതിനു മുന്‍പ് അഭിനയവേദിയിലെത്തിയ സുലോചനയുടെ കെ പി എ സി യിലെ തുടക്കം തന്നെ നായികയും പ്രധാന ഗായികമായിട്ടാണല്ലോ.സുലോചന യുടെയും കെ എസ് ജോര്‍ജ്ജിന്റെയും അപൂര്‍വമധുരമായ ശബ്ദവും ആലാപനസിദ്ധിയും കെ പി എ സി നേടിയ ജനകീയാംഗീകാരത്തിന്റെ പ്രധാന കാരണങ്ങളായി.'

(സുലോചനയും കെഎസ് ജോര്‍ജ്ജും നയിക്കുന്ന കെപിഎസി ഗായകസംഘം)

അവളില്ലെങ്കില്‍ നാടകം കളിക്കേണ്ടെന്നു പറഞ്ഞ് നാട്ടുകാര്‍ നാടകം തന്നെ മുടക്കിയ അപൂര്‍വ സംഭവം ഒരുപക്ഷെ മറ്റൊരു കലാകാരിയുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടാകില്ല. പാട്ടുകാരി എന്നതിനോടൊപ്പം നടിയെന്ന നിലയിലുള്ള ഉയര്‍ച്ചയോടൊപ്പം ഒരു സിനിമാതാരത്തേക്കാള്‍ പേരും പ്രശസ്തിയും കൂടി തന്നെ തേടിയെത്തിയപ്പോള്‍ ആ നാടന്‍ പെണ്‍കുട്ടിയിലും അതനുസരിച്ചുള്ള മാറ്റങ്ങള്‍ ഉണ്ടായത് സ്വാഭാവികം.തനിക്ക് ശരിയല്ലെന്ന് തോന്നിയ പ്രശ്‌നങ്ങളില്‍ വെട്ടിത്തുറന്ന് അഭിപ്രായം പറയാനും മുഖത്തുനോക്കി വിമര്‍ശിക്കാനും സുലോചന മടിച്ചില്ല. ഗുരുതുല്യനായ ദേവരാജന്‍ സഖാവ് തന്റെ അഭിമാനത്തെ മുറിപ്പെടുത്തിയെന്ന് തോന്നിയപ്പോള്‍ സമിതിയ്ക്കുള്ളില്‍ പരാതിപ്പെടാനും വലിയ ഒരു പ്രശ്‌നമായി ആ സംഭവത്തെ വളര്‍ത്താനും തയ്യാറായത് ആ തന്റേടത്തിന്റെ ഉദാഹരണമാണ്.കെ പി എ സിയുടെ ആരംഭം മുതല്‍ തന്നോടൊപ്പമുണ്ടായിരുന്നവര്‍ മത്സരബുദ്ധി യോടെ മറ്റൊരു സമിതി രൂപീകരിച്ചപ്പോള്‍,പ്രസ്ഥാനത്തെ താങ്ങിനിറുത്തേണ്ടത് തന്റെ കൂടി ഉത്തരവാദിത്തമായി സുലോചന ഏറ്റെടുത്തു. അങ്ങനെയാണ് കെ പി ഉമ്മറിനെ കെ പി എ സി യില്‍ നായകനായി കൊണ്ടുവരാന്‍ മുന്‍കയ്യെടുത്തത്.ലളിതയുടെ കഴിവ് കണ്ടറിഞ്ഞു സമിതിയിലെടുക്കാനും പ്രോത്സാഹിപ്പിക്കാനും മുമ്പില്‍ നിന്നതും ഇക്കാരണം കൊണ്ടാണ്.എന്നാല്‍ തനിക്ക് ഇഷ്ടപ്പെടാത്ത കാര്യം എടുത്തടിച്ചതുപോലെ പറയുകയും ദേഷ്യം വരുമ്പോള്‍ മുന്‍പിന്‍ നോക്കാതെ പ്രതികരിക്കുകയും ചെയ്യുന്ന സ്വഭാവം സഹപ്രവര്‍ത്തകരില്‍ പലരെയും ശത്രുക്കളാക്കി.

''എനിക്ക് കെ പി എ സി യിലൂടെ ലഭിച്ച അംഗീകാരവും അതിലൂടെ വളര്‍ന്ന തലക്കനവും എന്റെ സഹപ്രവര്‍ത്തകര്‍ക്ക് രുചിച്ചില്ല.അതുകൊണ്ട് എന്നെ തരംതാഴ്ത്തി സംസാരിക്കാന്‍ കിട്ടുന്ന ഏതൊരവസരവും അവര്‍ പാഴാക്കിയില്ല.'' എന്ന് സുലോചന പറയുമായിരുന്നു. *****

'അശ്വമേധ'ത്തിലെ സരോജത്തെ പോലെ തനിക്ക് മഹാവ്യാധിയാണെന്ന് പറഞ്ഞുപരത്തി തന്റെ കല്യാണം മുടക്കിയതിന്റെ വരെ പിന്നില്‍ അവരൊക്കെയാണെന്ന് സുലോചന വിശ്വസിച്ചു.സമിതി യ്ക്കുള്ളില്‍ കലഹങ്ങള്‍ പതിവായെന്ന് ലളിത ഓര്‍ക്കുന്നു.

'' വഴക്കുകള്‍ ഇടയ്ക്കിടെ ഉണ്ടാകും.ക്യാമ്പില്‍ വഴക്കുണ്ടാക്കി ഇറങ്ങിയങ്ങു പോകും.പിന്നെ നാടകത്തിനൊന്നും വരില്ല.ഞങ്ങളെല്ലാം റെഡിയായി ഇരിക്കുകയായിരിക്കും.'ഇന്നു തൊട്ട് ഇനി വരുന്നില്ല' എന്ന് ഭീഷണിപ്പെടുത്തിയിട്ടായിരിക്കും ഇറങ്ങിപ്പോവുന്നത്.ഇതൊക്കെ എന്തിനാണെന്നോ? ഇവിടെ നിന്ന്,കെ പി എ സി യുടെ ക്യാമ്പില്‍ നിന്ന് ആരെങ്കിലും ചെല്ലണം,സമാധാനിപ്പിക്കണം,അനുനയിപ്പിക്കണം,അത്രതന്നെ.ആരെങ്കിലും ചെന്നാലൊന്നും അങ്ങനെ പോരില്ല. പോകേണ്ട ആള്‍ക്കാരുണ്ട്.ഒന്നുകില്‍ ഉമ്മുക്ക ( കെ പി ഉമ്മര്‍) അല്ലെങ്കില്‍ ഭാസിച്ചേട്ടന്‍.അവരാരെങ്കിലും പോയി അരമണിക്കൂറാകുമ്പോഴേക്കും എല്ലാം സമാധാനമായി എന്നു പറഞ്ഞ് പോയ ആള്‍ തിരിച്ചുവരും.അവര്‍ വന്നുകയറുന്നതിന് പിന്നാലെ ചിരിച്ചുകൊണ്ട് സുലോചന ചേച്ചിയും തിരിച്ചുവരും.''******

സുലോചനയുടെ സാന്നിദ്ധ്യം കെ പി എ സിയെ സംബന്ധിച്ചിടത്തോളം അത്രത്തോളം പ്രാധാന്യമുള്ളതായിരുന്നു അന്ന്. സുലോചനയുടെ താരപരിവേഷം മാത്രമായിരുന്നില്ല അതിന്റെ കാരണം.നാടകാവതരണം സംബന്ധിച്ച ഏതാണ്ടെല്ലാ മേഖലകളെക്കുറിച്ചും സുലോചനയ്ക്ക് താല്‍പ്പര്യവും താന്‍ അഭിനയിക്കുന്ന നാടകത്തെ സംബന്ധിച്ച് വ്യക്തമായ അഭിപ്രായങ്ങളും ഉണ്ടായിരുന്നു. പണ്ട്,കാമ്പിശ്ശേരി പരമുപിള്ളയുടെ വേഷമഭിനയിക്കുമ്പോള്‍, കൂടുതല്‍ ശോകഭാവം തോന്നിയ്ക്കാനായി,ഇടയ്ക്കിടെ പഴയ പ്രതാപ കാലമോര്‍മ്മിച്ചുകൊണ്ട് ഒന്നു ചിരിച്ചാല്‍ നന്നായിരിക്കുമെന്ന അഭിപ്രായം പറഞ്ഞത് അന്നൊരു തുടക്കക്കാരിയായിരുന്ന സുലോചനയായിരുന്നു.നാടകസംവിധാനം പൂര്‍ണമായും പുരുഷന്റെ മേഖലയാണെന്നു പരക്കെ അംഗീകരിക്കപ്പെട്ട ഒരു കാലത്ത്,സുലോചന യുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കെ പി എ സി യും തോപ്പില്‍ ഭാസി യും അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്തിരുന്നു.

കെ പി എ സി യുടെ ആരംഭനാളുകളില്‍ --- 'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി' ജൈത്രയാത്ര തുടങ്ങിയപ്പോഴൊന്നും തോപ്പില്‍ ഭാസി നാടകകൃത്ത് എന്ന നിലയില്‍ പ്രശസ്തി നേടിയിട്ടില്ല.

(തോപ്പില്‍ ഭാസി)

മദ്ധ്യതിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും മാത്രം അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു ഭാസി. എന്നാല്‍ 'സര്‍വേക്കല്ല്' അരങ്ങേറുമ്പോള്‍ ഭാസി ഒരെഴുത്തുകാരനായി പേരെടുത്തുകഴിഞ്ഞിരുന്നു.'മുടിയനായ പുത്രന്റെ' നാളുകളില്‍ മലയാളത്തിലെ മുന്‍നിര നാടകകൃത്താണ് ഭാസി.തുടര്‍ന്നുവന്ന 'മൂലധന'വും 'പുതിയ ആകാശം പുതിയ ഭൂമി'യും പ്രശസ്തിയുടെ കൂടുതല്‍ ഉയരങ്ങളിലെത്തിച്ചു.ഒപ്പം കെപിഎസി യുടെയും പ്രതിഭയുടെയും വേദികളിലൂടെ നടനായും പേരെടുത്തു.രണ്ടു തവണ,അതും അടുത്തടുത്ത വര്‍ഷങ്ങളിലായി, നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (മുടിയനായ പുത്രനും പുതിയ ആകാശം പുതിയ ഭൂമിയ്ക്കും) നേടിയ ഏക എഴുത്തുകാരന്‍ തോപ്പില്‍ ഭാസിയാണ്.

1962 ല്‍ അശ്വമേധം അരങ്ങത്തെത്തുമ്പോഴേക്കും തോപ്പില്‍ ഭാസി കെ പി എ സി യുടെ പര്യായപദമായി മാറിക്കഴിഞ്ഞിരുന്നു.

'ഇന്നത്തെ മലയാളനാടകരംഗത്തെ ഏറ്റവും വലിയ പോപ്പുലര്‍ ഹിറ്റ് ഏതെങ്കിലും ഗാനമോ നൃത്തമോ സംഭാഷണശകലമോ നാടകം പോലുമോ അല്ല, തോപ്പില്‍ ഭാസിയാണ്.'

അശ്വമേധം നാടകം നിരൂപണം ചെയ്തുകൊണ്ട് കേരളശബ്ദം വാരികയില്‍ കെ എസ് ചന്ദ്രന്‍ എഴുതിയ ഈ വാചകം ആ നാളുകളിലെ തോപ്പില്‍ ഭാസിയുടെ സ്ഥാനമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.പക്ഷെ അപ്പോഴേക്കും ഭാസിയുടെ പഴയ സഖാക്കളും കെ പി എ സി യുടെ തുടക്കക്കാരുമായ പലരും എതിര്‍പക്ഷത്തേക്ക് ചേക്കേറിക്കഴിഞ്ഞിരുന്നു.അഡ്വ.ജനാര്‍ദ്ദനക്കുറുപ്പും,ഓ മാധവനും,ദേവരാജനും ഓ എന്‍ വി യുമൊക്കെ അക്കൂട്ടത്തില്‍പ്പെടും.

സമിതിയ്ക്കുള്ളിലെ ഭാസിയുടെ ചോദ്യം ചെയ്യപ്പെടാത്ത മേധാവിത്വവും അപ്രമാദിത്വവും ഇഷ്ടപ്പെടാത്തവര്‍ ഇത് 'കെ പി എ സി' അല്ല, 'തോപ്പിയേസി' ആണെന്നു വിമര്‍ശിച്ചു.

എന്നാല്‍ ദേവരാജനും ഓ എന്‍ വിയും ഓ മാധവനും വിജയകുമാരി യും കെ പി എ സി വിട്ടുപോയപ്പോള്‍ ,വീറും വാശിയോടും കൂടി ഔദ്യോഗിക പക്ഷത്ത് ഉറച്ചുനിന്നു പോരാടിയ ആളാണ് സുലോചന. തോപ്പില്‍ ഭാസി സൃഷ്ടിച്ച മികച്ച ഏതാനും കഥാപാത്രങ്ങളെ,ഭാസിയുടെ സംവിധാനത്തിന്റെ കീഴില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ച സുലോചന 'പോലീസ് മന്ത്രിയ്‌ക്കെഴുതിയ തുറന്ന കത്തി'ല്‍ കലാ-സാംസ്‌കാരിക- രാഷ്ട്രീയരംഗങ്ങളിലെ ഭാസിയുടെ സ്ഥാനമെന്താണെന്ന് മന്ത്രിയ്ക്ക് വ്യക്തമാക്കിക്കൊടുക്കുന്നുണ്ട്.

(സുലോചന പോലീസ് മന്ത്രിക്ക് എഴുതിയ തുറന്ന കത്ത് )

'ഞങ്ങളുടെ സഖാവ് ഈ രാജ്യത്തിനകത്തും പുറത്തുമുള്ള സാഹിത്യ കാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും ലക്ഷക്കണക്കായ കലാസ്‌നേഹികള്‍ക്കുംഎത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് താങ്കള്‍ക്കറിയാമോ എന്നെനിക്ക് സംശയമുണ്ട്' എന്നാരംഭിക്കുന്ന ആ ഭാഗം ഇങ്ങനെ തുടരുന്നു.'കഴിഞ്ഞ പതിനൊന്നു കൊല്ലമായി അദ്ദേഹത്തിന്റെ നാടകങ്ങള്‍ കാണാതെ അധികം രാത്രികള്‍ കടന്നുപോയിട്ടില്ല....ഇന്ത്യയുടെ പ്രസിഡന്റ് ഡോ.എസ് രാധാകൃഷ്ണന്‍, രാഷ്ട്രപുനര്‍നിര്‍മ്മാണത്തെ ആധാരമാക്കി ആദ്യമായി ഒരു നാടകമെഴുതിയ ഞങ്ങളുടെ സഖാവിനെ നേരിട്ടഭിനന്ദിക്കുന്നത് ഞാന്‍ കണ്ടതാണ്.നമ്മുടെ പ്രധാനമന്ത്രി പണ്ഡിറ്റ്ജി നാടകം കണ്ടശേഷം അദ്ദേഹത്തെ അഭിനന്ദിക്കുന്നതും ഫോട്ടോയ്ക്ക് നിന്നുകൊടുക്കുന്നതും ഞാന്‍ കണ്ടതാണ്.കേന്ദ്രത്തിലെ സാംസ്‌കാരിക വകുപ്പു മന്ത്രിയായിരുന്ന ശ്രീ.ഹ്യൂമയൂണ്‍ കബീര്‍ കെ പി എ സി യ്ക്ക് ഒരു ഷീല്‍ഡ് സമ്മാനിച്ചുകൊണ്ട് ഞങ്ങളുടെ സഖാവിനെപ്പറ്റി പ്രകീര്‍ത്തിച്ചു പറഞ്ഞ വാക്കുകള്‍ ഞാനോര്‍ക്കുന്നു. ശ്രീ.വി കെ കൃഷ്ണമേനോന്‍ അദ്ദേഹത്തെ തഴുകി ആശ്ലേഷിക്കുന്നത് ഞാന്‍ കണ്ടു.ലോക്‌സഭാ സ്പീക്കരായിരുന്ന ശ്രീ.അനന്തശയനം അയ്യങ്കാര്‍ ആരും ആവശ്യപ്പെടാതെ ഒരു സ്റ്റേജില്‍ കടന്നുവന്ന് സഖാവിനെയും കെ പി എ സി യെയും പുകഴ്ത്തി സംസാരിച്ചതും എനിക്കോര്‍മ്മയുണ്ട്.മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ.കണ്ണംവാര്‍ 'അശ്വമേധം' കണ്ടശേഷവും,മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ 'പുതിയ ആകാശം പുതിയ ഭൂമി' കണ്ടശേഷവും മൈസൂര്‍ മുഖ്യമന്ത്രി ശ്രീ.നിജലിംഗപ്പ 'മുടിയനായ പുത്രന്‍' കണ്ടശേഷവും ഞങ്ങളുടെ സഖാവിനെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി.

1963 ജൂലൈ മാസത്തില്‍ എഴുതിയ വരികളാണിത്. 1964 ഏപ്രിലില്‍ ആണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരുന്നത്.തുടക്കത്തില്‍ എതിര്‍പക്ഷത്തായിരുന്ന സുലോചന, ഔദ്യോഗിക പക്ഷത്ത് ഉറച്ചുനില്‍ക്കുകയായിരുന്ന തോപ്പില്‍ ഭാസിയുടെ വാക്കുകള്‍ അനുസരിച്ച് കെ പി എ സി യില്‍ തന്നെ തുടര്‍ന്നു.

.....1964 ഡിസംബര്‍ ആദ്യം തൃശ്ശൂരില്‍ ചേര്‍ന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന സമാധാന/സാംസ്‌ക്കാരിക സമ്മേളനങ്ങളും കലാപരിപാടികളും ശ്രദ്ധേയമാണ്.

(സിപിഐ സംസ്ഥാന സമ്മേളന പരിപാടികള്‍)

സി പി ഐ യുടെ നിലപാടുകളെ പിന്തുണയ്ക്കുന്ന പ്രമുഖ വ്യക്തികളാണ് പരിപാടികളില്‍ ക്ഷണിതാക്കളായി എത്തിയത്.സാംസ്‌ക്കാരിക സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത് പൊന്‍കുന്നം വര്‍ക്കിയാണ്.സി പി ഐ യെയും എസ് എ ഡാങ്കെയെയും പൂര്‍ണ്ണമായും പിന്തുണച്ചുകൊണ്ടുള്ള ഒരു പ്രസംഗമാണ് വര്‍ക്കിസാര്‍ നടത്തിയത്. ഉദ്ഘാടനം ചെയ്ത കെ ബാലകൃഷ്ണന്റെ രാഷ്ട്രീയ കൂറ് ആര്‍ എസ് പി യോടാണെങ്കിലും പിളര്‍പ്പിന് ആസ്പദമായ പ്രശ്‌നങ്ങളെ സംബന്ധിച്ച് സി പി ഐയുടെ രാഷ്ട്രീയ നിലപാടുകളോടാണ് ബാലകൃഷ്ണന്‍ യോജിപ്പ് പ്രകടിപ്പിച്ചത്.സമ്മേളനത്തിലെ മറ്റ് പ്രാസംഗികരായ വൈക്കം ചന്ദ്രശേഖരന്‍ നായരുടെയും തോപ്പില്‍ ഭാസിയുടെയും വാക്കുകളും അതിനോട് ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു.

സമാധാന സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്ന മുന്‍ എം പി അഡ്വ.എസ് ഈശ്വരയ്യര്‍ കൈക്കൊണ്ട നിലപാട് ,അന്താരാഷ്ട്ര വിഷയങ്ങളില്‍ ചൈനയെ എതിര്‍ക്കുന്നതും സി പി ഐ യെ ശരിവയ്ക്കുന്നതുമായിരുന്നു.സമാധാന സമ്മേളനത്തിന്റെ ഭാഗമായുള്ള കലാപരിപാടി 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യിലെ ആദ്യ നായകനായ വി സാംബശിവനും പാര്‍ട്ടിയും അവതരിപ്പിച്ച കഥാപ്രസംഗമായിരുന്നു.

പൊതുസമ്മേളനത്തിന്റെ ഭാഗമായി കെ പി എ സി അവതരിപ്പിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം ചെയ്ത 'ശരശയ്യ'യല്ല,രക്തസാക്ഷികളെ കുറിച്ച് വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന 'മൂലധന'മാണ് എന്നതും ശ്രദ്ധേയമായിരുന്നു.പാര്‍ട്ടിയുടെ പിളര്‍പ്പ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഇനിയും മോചിതരായിട്ടില്ലാത്ത സമ്മേളന പ്രതിനിധികള്‍ക്കിടയിലും പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകര്‍ ക്കിടയിലുമൊക്കെ നാടകം ഉണര്‍ത്തിവിട്ട വികാരങ്ങള്‍ ദുഃഖവും രോഷവുമാണ്. സുലോചനയുള്‍പ്പെടെയുള്ള കെ പി എ സി പ്രവര്‍ത്തകര്‍ ആ വികാരം ഉള്‍ക്കൊണ്ട് തന്നെയാണ് അന്നവിടെ ആ നാടകം അവതരിപ്പിച്ചത്.

എന്നാല്‍ അല്പദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ എല്ലാത്തിനെയും മാറ്റിമറിച്ചു.ചൈനയോട് അനുഭാവം പുലര്‍ത്തുന്നതിന്റെ പേരില്‍ ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖനേതാക്കളെയും പ്രധാന പ്രവര്‍ത്തകരെയും കരുതല്‍ തടങ്കല്‍ നിയമപ്രകാരം ഇന്ത്യാ ഗവണ്മെന്റ് അറസ്റ്റ് ചെയ്തു ജയിലിലാക്കി.

(ചൈന അനുഭാവത്തിന്റെ പേരില്‍ ഇടതുപക്ഷ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളേയും മറ്റും അറസ്റ്റ് ചെയ്തത് സംബന്ധിച്ച പത്രവാര്‍ത്ത)

ഈ സംഭവം പിളര്‍പ്പിനെ തുടര്‍ന്ന് ഒരു ഭാഗത്തും ചേരാതെ നിന്ന കേരളത്തിലെ പാര്‍ട്ടിപ്രവര്‍ത്തകരിലും അനുഭാവികളിലും രൂക്ഷമായ പ്രതികരണമാണ് ഉണ്ടാക്കിയത്. 1965 മാര്‍ച്ചില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ് എസ് പി യുമായി മുന്നണിയുണ്ടാക്കി മത്സരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( മാര്‍ക്‌സിസ്റ്റ്) ( തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് അവര്‍ക്ക് ആ പേര് നല്‍കിയത്) 40 സീറ്റുകളില്‍ വിജയിച്ച് ഏറ്റവും വലിയ കക്ഷിയായി. ജയിച്ച നേതാക്കളില്‍ ഭൂരിഭാഗം പേരും ജയിലില്‍ കിടന്നുകൊണ്ട് മത്സരിക്കുകയായിരുന്നു.

(മുസ്ലിംലീഗൂമായുള്ള മുന്നണി്‌ക്കെതിരെ സി.അച്യുത മേനോന്റെ പ്രസ്താവന)

അതേ സമയം മുസ്ലീം ലീഗുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കുന്നതിന്റെ പേരില്‍ മാര്‍ക്‌സിസ്റ്റ് വിഭാഗവുമായി തെറ്റിപ്പിരിഞ്ഞ് ആര്‍ എസ് പിയോടൊപ്പം മത്സരിച്ച സി പി ഐ വെറും മൂന്നു സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്.തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത എം എന്‍,അച്യുതമേനോന്‍ എന്നിവരൊഴിച്ചുള്ള പ്രമുഖ പാര്‍ട്ടിനേതാക്കളെല്ലാം ദയനീയമായി പരാജയപ്പെടുകയും ചെയ്തു.ഇതോടെ രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ വെച്ചു മാത്രമല്ല,കേരളത്തിലെ തന്നെ ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടി മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് തെളിയിക്കപ്പെട്ടു.ഇടതുപക്ഷ അനുഭാവം പുലര്‍ത്തുന്ന പ്രസ്ഥാനങ്ങളിലും സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കിടയിലുമൊക്കെ പിന്നീടുണ്ടായ നിലപാടുമാറ്റങ്ങളെയും രാഷ്ട്രീയ ചായ് വുകളേയുമൊക്കെ ഈ പശ്ചാത്തലത്തില്‍ വേണം കാണേണ്ടത്.......

കെ പി എ സി യിലെ മറ്റെല്ലാവരെയും നിഷ്പ്രഭരാക്കിക്കൊണ്ടുള്ള തോപ്പില്‍ ഭാസിയുടെ ഉയര്‍ച്ച പലരെയും അലോസരപ്പെടുത്തി എന്നത് സത്യമാണ്.അപ്പോഴേക്കും സിനിമയില്‍ തിരക്കുള്ള തിരക്കഥാകൃത്തായി മാറിയ ഭാസിയുടെ പ്രത്യേക ആവശ്യപ്രകാരമാണ് കെ പി എ സി യില്‍ നിന്ന് കാമ്പിശ്ശേരി,തോപ്പില്‍ കൃഷ്ണപിള്ള,ലീല,കോട്ടയം ചെല്ലപ്പന്‍,അടൂര്‍ ഭവാനി എന്നിവരെ 'മുടിയനായ പുത്രനി'ലും ഇതില്‍ കാമ്പിശ്ശേരി ഒഴിച്ചുള്ളവരോടൊപ്പം സി ജി ഗോപിനാഥിനെയും ശ്രീനാരായണ പിള്ളയെയും 'പുതിയ ആകാശം പുതിയ ഭൂമി' യിലും അഭിനയിക്കാന്‍ ക്ഷണിക്കുന്നത്. ഈ രണ്ടു ചിത്രങ്ങളിലും പിന്നണി ഗായകനായി കെ എസ് ജോര്‍ജ്ജും ഉണ്ടായിരുന്നു. താനൊഴിച്ചുള്ള പ്രമുഖരെല്ലാം (ഓ മാധവന്‍,വിജയകുമാരി, ഓ എന്‍ വി,ദേവരാജന്‍ എന്നിവര്‍ അപ്പോഴേക്കും കെ പി എ സി വിട്ട് കാളിദാസകലാകേന്ദ്രം രൂപീകരിച്ചു കഴിഞ്ഞിരുന്നു) സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഒരു പാട്ട് പാടാന്‍ പോലും തന്നെ ക്ഷണിച്ചില്ല എന്ന ദുഃഖവും അതിന്റെ പേരില്‍ ഭാസിയോട് പരിഭവവും എക്കാലവും സുലോചനയ്ക്കുണ്ടായിരുന്നു.തന്റെ അഭിനയജീവിതത്തിലെ അനശ്വര കഥാപാത്രമായ സരോജത്തെ നല്‍കിയ ഭാസിയോടുള്ള കടപ്പാട് ആ പരിഭവത്തെ മറക്കാനും മറികടക്കാനും സഹായകമായെങ്കിലും പിന്നീടെപ്പോഴോ പഴയ നീരസം പിന്നെയും ഉയര്‍ന്നുവന്നു.താന്‍ മുന്‍കൈയെടുത്തു തെരഞ്ഞെടുത്ത ലളിതയുള്‍പ്പെടെയുള്ള മറ്റു നടിമാര്‍ക്ക് ഭാസി കൂടുതല്‍ പ്രാധാന്യം നല്കുന്നുവെന്ന തോന്നല്‍ ശക്തമായപ്പോഴായിരുന്നുവത്. അതാണ് ഭീലായിയിലെ അത്താഴം വിളമ്പുന്ന സന്ദര്‍ഭത്തിലുണ്ടായ വഴക്കില്‍ കലാശിച്ചത്.ഏതായാലും ആ കലഹം സംഘാംഗങ്ങള്‍ക്കിടയില്‍ തന്നെ അസുഖകരമായ ഒരന്തരീക്ഷം സൃഷ്ടിച്ചു.ആ യാത്രയില്‍ തന്നെയാകണം,ഭോപ്പാലില്‍ നാടകം കളിക്കുമ്പോള്‍ സുലോചന ഏതോ നിസ്സാരകാര്യത്തിന്റെ പേരില്‍ കരഞ്ഞുകൊണ്ട് നാടകം തുടങ്ങുന്നതിന് തടസമുണ്ടാക്കിയ സംഭവം ഭാസി ഓര്‍മ്മിക്കുന്നു.

''ഒരിക്കല്‍ ഭോപ്പാലില്‍ വച്ച് നാടകത്തിന് ഫസ്റ്റ് ബെല്‍ കൊടുത്തു.രണ്ടാമത്തെ ബെല്ലും പ്രതീക്ഷിച്ച് സദസ്സ് ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നു.സുലോചന കര്‍ട്ടന് പിന്നില്‍ നിന്ന് ഉറക്കെ കരഞ്ഞുകൊണ്ട് 'ഞാന്‍ രംഗത്തു കയറുകയില്ല,എന്നെ ഉടനെ തിരിച്ചയയ്ക്കണം.'' എന്നു പറയുന്നു.

മലയാളി സമാജം പ്രവര്‍ത്തകര്‍ വന്ന് വേഗം നാടകം തുടങ്ങണമെന്ന് പറഞ്ഞു.സുലോചന പത്തു ദൈവങ്ങളെപ്പിടിച്ച് ആണയിട്ടു പറയുന്നു.'എന്നെ കൊന്നാലും കെ പി എ സി യില്‍ ഇനി മുതല്‍ അഭിനയിക്കുകയില്ല.' ഞാനാകെ തകര്‍ന്നു പോയി.ഒടുവില്‍ സകല പ്രതാപവും കളഞ്ഞ് കെഞ്ചി പറഞ്ഞാണ് ആ പ്രതിസന്ധി ഒഴിവാക്കിയത്.' *******.....പ്രതിസന്ധികള്‍ പലതും പ്രസ്ഥാനത്തെ വിടാതെ പിന്തുടരുകയായിരുന്നു.കെ പി എ സി യുടെ മുന്‍ നാടകങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്‍കിയ ആവേശകരമായ വരവേല്‍പ്പ് ശരശയ്യയ്ക്ക് ലഭിച്ചില്ല.പാര്‍ട്ടിയുടെ ഭിന്നിപ്പിന് അതിലൊരു പങ്കുണ്ടായിരുന്നു എന്നത് ശരിയാണ്. എന്നാല്‍ നാടകം വിജയിക്കാതെ പോയതിന്റെ കാരണം തോപ്പില്‍ ഭാസി തന്നെ ചൂണ്ടിക്കാണിച്ചു. 'ഒരു ക്ലൈമാക്‌സിനെ ' 'മുഖം' ആക്കി മറ്റൊരു ക്ലൈമാക്‌സ് സൃഷ്ടിക്കേണ്ടി വന്നപ്പോള്‍ ,ശ്രീ.ബല്‍രാജ് സാഹ്നി 'മൂലധന'ത്തെ മുന്‍ നിറുത്തി എന്നെ വിമര്‍ശിച്ച 'മെലോഡ്രാമ' കടന്നുകൂടി എന്നതാണ് പറ്റിയ തകരാറ്.' ********

കെ പി ഉമ്മറിന് തൊട്ടു പിന്നാലെ മറ്റു രണ്ടു പ്രഗത്ഭ നടന്മാരെ കൂടി കെ പി എ സി യ്ക്ക് നഷ്ടമായി.സമിതിയുടെ ജോയിന്റ്സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കുവഹിക്കുന്ന സി ജി ഗോപിനാഥ് ആണ് അതിലൊരാള്‍.രാഷ്ട്രീയാഭിപ്രായവ്യത്യാസങ്ങളൊന്നും കൊണ്ടല്ല സി ജി സമിതി വിട്ടത്.

(സി ജി ഗോപിനാഥും എന്‍ ഗോവിന്ദന്‍ കുട്ടിയും)

നാടക കലയെ കുറിച്ച് ആഴത്തില്‍ വായിക്കുകയും പഠിക്കുകയും ചെയ്തുപോന്ന നല്ലൊരെഴുത്തുകാരന്‍ കൂടിയായിരുന്നു സി ജി ഗോപിനാഥ്. ആയിടയ്ക്ക് പൊട്ടിപ്പുറപ്പെട്ട ഇന്ത്യയും പാകിസ്ഥാനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സി ജി ഒരു നാടകമെഴുതി.'അഗ്‌നിഗോളം'.കെ പി എ സി യുടെ അഭിനേതാക്കളെ മനസ്സില്‍ കണ്ടുകൊണ്ട് എഴുതിയ 'അഗ്‌നിഗോളം' കെപിഎസി തന്നെ അവതരിപ്പിക്കണമെന്ന് സി ജി യ്ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തോപ്പില്‍ ഭാസിയുടേതല്ലാതെ മറ്റാരുടെയും നാടകം അവതരിപ്പിക്കാന്‍ കെ പി എ സി യ്ക്ക് താത്പര്യമുണ്ടായിരുന്നില്ല.ഒരു കലാകാരനെന്ന നിലയില്‍ മുറിവേറ്റ സി ജി, കെ പി എ സിയില്‍ നിന്നു രാജിവെച്ചു.ഒട്ടും വൈകാതെ കെപിഎസിയുടെ തൊട്ടടുത്തു തന്നെ കായംകുളം പീപ്പിള്‍സ് തീയേറ്റേഴ്സ് ആരംഭിച്ചു. സമിതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്,സി ജി യോട് ഉറ്റ സഹോദരബന്ധം കാത്തുസൂക്ഷിക്കുന്ന സുലോചനയാണ്.പുതിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി 'അഗ്‌നിഗോളം' അരങ്ങത്തു വന്നു.

ആ നാളുകളില്‍ തന്നെ മറ്റൊരു പ്രമുഖ നടന്‍ കൂടി കെ പി എ സി വിട്ടു. എന്റെ മകനാണ് ശരി' മുതല്‍ ശരശയ്യ ('മൂലധനം' ഒഴിച്ച്)വരെയുള്ള എല്ലാ നാടകങ്ങളിലും പല സിനിമകളിലും നര്‍മ്മഭാവമേറിനില്‍ക്കുന്ന ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്തു ശ്രദ്ധേയനായ ശ്രീനാരായണ പിള്ള.

(ശ്രീനാരായണ പിള്ള)

കെ പി എ സിയില്‍ ചേര്‍ന്നതുമുതല്‍ മാറ്റമില്ലാതെ തുടരുന്ന തന്റെ പ്രതിഫലം വര്‍ദ്ധിപ്പിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടാകുമെന്നില്ലെന്ന് കണ്ടപ്പോഴാണ് ദീര്‍ഘകാലം താന്‍ അംഗമായിരുന്ന പ്രസ്ഥാനത്തില്‍ നിന്ന് പിള്ള രാജിവെച്ചത്.മടങ്ങിച്ചെല്ലണമെന്ന് കാമ്പിശ്ശേരിയും പോറ്റിസാറും ഒരുപാട് നിര്‍ബന്ധിച്ചെങ്കിലും ശ്രീനാരായണ പിള്ള അപ്പോഴേക്കും സി ജി ഗോപിനാഥിന്റെ കായംകുളം പീപ്പിള്‍സ് തീയേറ്റേഴ്സില്‍ ചേര്‍ന്നു കഴിഞ്ഞിരുന്നു.

ഇങ്ങനെ ഒന്നിനുപിറകെ മറ്റൊന്നായി നേരിട്ടുകൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനും പുതിയൊരു ഉണര്‍വോടെ മുന്നോട്ട് പോകാനുമുള്ള ശ്രമങ്ങള്‍ തുടരുമ്പോഴാണ്, മറ്റൊരു പ്രതിസന്ധിയില്‍ പ്രസ്ഥാനം എത്തിച്ചേര്‍ന്നത്...

മറുനാടന്‍ പര്യടനം കഴിഞ്ഞു മടങ്ങിവന്ന് അധികം വൈകാതെ തന്നെ സുലോചന കെ പി എ സി യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് ഒരു കത്തെഴുതി.അച്ഛനോടും അണ്ണനോടും അക്കമ്മയുടെ ഭര്‍ത്താവിനോടും വളരെ അടുപ്പമുള്ള മറ്റു ചില അഭ്യുദയകാംക്ഷികളോടുമെല്ലാം ആലോചിച്ചു തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിലാണ് എഴുതിയത്.

വളരെക്കാലമായി ഒരു ദിവസം പോലും ഒഴിവില്ലാതെ അരങ്ങത്ത് അഭിനയിക്കുകയും പാട്ടുപാടുകയും ചെയ്യുന്നത് തന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.അതുകാരണം കുറച്ചുകാലത്തേക്ക് അഭിനയരംഗത്തു നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നു.എന്നാല്‍ ഒരു ഗായികയെന്ന നിലയില്‍ ഇനിയും സജീവമായി തുടരണമെന്നു തന്നെയാണ് വിചാരിക്കുന്നത്.അതിനുവേണ്ടി സ്വന്തമായി ഒരു ഗാനമേളട്രൂപ്പ് രൂപീകരിക്കണമെന്നാണ് ആഗ്രഹം.ഇക്കാരണങ്ങള്‍ കൊണ്ട്, കെ പി എ സി തനിക്ക് ഒരു വര്‍ഷത്തെ അവധി അനുവദിക്കണം.

കഴിഞ്ഞ കുറേ മാസക്കാലമായി സുലോചന സമിതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. പാര്‍ട്ടി ഭിന്നിപ്പിനെ തുടര്‍ന്നുള്ള രാഷ്ട്രീയാഭിപ്രായവ്യത്യാസങ്ങളെക്കാള്‍ വ്യക്തിപരമായ സ്വരച്ചേര്‍ച്ചയില്ലായ്മയായിരുന്നു കാരണം. കെ പി എ സി ആരംഭിച്ച നാള്‍ തൊട്ട് അതിലെ അംഗവും നായികയും പ്രധാന ഗായികയുമായ, തോപ്പില്‍ ഭാസിയോടൊപ്പമോ ഒരുപക്ഷേ അതിനെക്കാളുമോ താരപരിവേഷമുള്ള സുലോചനയുടെ മേല്‍,തുടര്‍ച്ചയായി കമ്മിറ്റി യില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാരണത്തിന്റെ പേരില്‍ നടപടിയെടുക്കാന്‍ സമിതിയുടെ നേതൃത്വം ഒരുക്കമായിരുന്നില്ല.സുലോചന കൂടി ഉള്‍പ്പെട്ടിരുന്ന പരസ്യമായ ചില കലഹങ്ങളും പൊട്ടിത്തെറികളും എന്തെങ്കിലും വിധത്തിലുള്ള നടപടികളിലേക്ക് വഴി തെളിച്ചുമില്ല

എന്നാല്‍ ഒരു വിധത്തിലുമുള്ള അനുരഞ്ജനത്തിനും സുലോചന തയ്യാറാകില്ലെന്നും പുറത്തേയ്ക്കുള്ള വഴിയിലാണെന്നും എല്ലാവര്‍ക്കും അറിയാമായിരുന്നു.ഇതുസംബന്ധിച്ച് കാമ്പിശ്ശേരിയും പോറ്റിസാറും സുലോചനയോട് സംസാരിക്കുകയും ചെയ്തിരുന്നു.കെ എസ് ജോര്‍ജ്ജ് മാറിനില്‍ക്കുന്നതുപോലെയല്ല സുലോചന വിട്ടുപോയാല്‍ എന്ന് സമിതിയ്ക്കും പാര്‍ട്ടിയ്ക്കും നന്നായി അറിയാമായിരുന്നു.മലയാളികള്‍ക്കിടയില്‍ മുഴുവന്‍ അലയൊലി കൊള്ളുന്ന വശ്യമനോഹരമായ ജനകീയസംഗീതത്തിന്റെ അടയാളരൂപമാണ് സുലോചന എന്നതുകൊണ്ട് മാത്രമായിരുന്നില്ല അത്. മലയാളനാടകവേദിയിലെ ഏറ്റവും കരുത്തയായ,പ്രേക്ഷകര്‍ക്ക് ഒരുപാടിഷ്ടപ്പെട്ട അഭിനേത്രിയാണ് സുലോചന എന്ന വസ്തുത യും ഒരു പ്രധാന ഘടകമായിരുന്നു.

സുലോചന യുടെ കത്ത് ചര്‍ച്ച ചെയ്ത,1965 ഒക്ടോബര്‍ 30 നു ചേര്‍ന്ന കമ്മിറ്റി യിലും സുലോചന പങ്കെടുത്തില്ല.സുലോചന ഉന്നയിച്ച ആവശ്യത്തെ സംബന്ധിച്ച് വിശദമായി ചര്‍ച്ചചെയ്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി നല്‍കിയ മറുപടി ഇതാണ്:

''നമ്മുടെ സംഘടനയുടെ തത്വങ്ങള്‍ക്ക് വിധേയമായി നിങ്ങള്‍ക്ക് ഗാനമേള പരിപാടി നടത്തണമെങ്കില്‍ ഒരിക്കലും കമ്മിറ്റി എതിരാവുകയില്ല.നമുക്ക് തന്നെ ആലോചിച്ച് സംഘടനയ്ക്ക് വിധേയമായി നടത്താവുന്നതേയുള്ളൂ താനും.'' *********

സുലോചന സംഘടന വിട്ടുപോകാതെ നോക്കുന്നതിനോടൊപ്പം തന്നെ എത്ര വലിയ ആളായാലും സംഘടനയ്ക്ക് ആരും അതീതരല്ല എന്ന് കാണിച്ചുകൊടുക്കുകയും കൂടി ചെയ്യാനുള്ള ഒരു ശ്രമമായിരുന്നു അത്.സുലോചന പക്ഷെ,അതിന് വഴങ്ങാന്‍ കൂട്ടാക്കിയില്ല.

എന്നാല്‍ അതിനിടെ കെ പി എ സി ആവശ്യപ്പെട്ടതനുസരിച്ച് ശരശയ്യയിലെയും മൂലധനത്തിലെയും പാട്ടുകള്‍ എച്ച് എം വിയ്ക്കും കൊളമ്പിയയ്ക്കും വേണ്ടി റിക്കോഡ് ചെയ്തു കൊടുക്കാന്‍ സുലോചന മടി കാണിച്ചില്ല. ആ പാട്ടുകളുടെ റെക്കാഡിംഗ് കഴിഞ്ഞയുടനെ സുലോചന കെ പി എ സിയില്‍ നിന്ന് രാജിവെച്ചുപിരിഞ്ഞു.

(സുലോചന)

സ്വന്തം പേരിനോടൊപ്പം മാത്രമല്ല,ജീവിതത്തിലേയ്ക്കു തന്നെ അണച്ചു ചേര്‍ത്തുപിടിച്ച പ്രിയപ്പെട്ട പ്രസ്ഥാനത്തോട് വേദനയോടെ വിടപറയുമ്പോള്‍,ആയിരമായിരം അരങ്ങുകളുടെ ഓര്‍മ്മകള്‍ സുലോചന യുടെ മനസ്സിലുണര്‍ന്നു.രാഷ്ട്രീയ ശത്രുക്കളും പോലീസും വേട്ടയാടിയ ദിനങ്ങള്‍....എല്ലാ പ്രതിസന്ധികളെയും മറികടന്ന് അരങ്ങത്തേറി നാടകം കളിക്കുമ്പോള്‍ അനുഭവിച്ച ഉന്മാദതുല്യമായ ആവേശവും സംഘബോധവും....ചെങ്കൊടി മുന്നില്‍ കെട്ടിയ നാടകവാനിലെ ആഹ്ലാദത്തിന്റെ മുഹൂര്‍ത്തങ്ങള്‍. അതോടൊപ്പം മറ്റൊരു രംഗം കൂടി ഉള്ളില്‍ തെളിഞ്ഞുവന്നു.സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ ഗ്രാമഫോണ്‍ റെക്കോഡ് കേള്‍ക്കാന്‍,കണ്ണും കാതും തുറന്നുപിടിച്ചുകൊണ്ട്, ആര്‍ത്തിയോടെ കാത്തു നില്‍ക്കുന്ന ഒരു എട്ടുവയസ്സുകാരി.

ജനങ്ങള്‍ തന്നെ ഇഷ്ടപ്പെടാനും ആരാധിക്കാനും അവരുടെ ഹൃദയത്തിലേറ്റാനും ഇടയാക്കിയത് തന്റെ പാട്ടാണ്.ജീവന്റെ ജീവനായി താന്‍ ഉപാസിക്കുന്ന സംഗീതമാണ്. ആ പാട്ടുകളുടെ മാസ്മരിക ലോകത്ത് ഇനിയും മുന്നോട്ട് യാത്ര ചെയ്യാന്‍ നിശ്ചയിച്ചുറപ്പിച്ചുകൊണ്ട്,തന്റെ ജീവിതനാടകത്തിലെ ഏറ്റവും നിറപ്പകിട്ടാര്‍ന്ന അങ്കത്തിന്റെ യവനിക താഴ്ത്തിക്കൊണ്ട്, സുലോചന കെ പി എ സി യുടെ പടികളിറങ്ങി...

*നാടകജീവിതത്തിന്റെ ലാഭനഷ്ടങ്ങള്‍, കെപിഎസി സുലോചന, ജനയുഗം ഓണിവിശേഷാല്‍പ്രതി, 1972

**നാടകജീവിതത്തിന്റെ ലാഭനഷ്ടങ്ങള്‍, സുധര്‍മ്മ, ജനയുഗം ഓണിവിശേഷാല്‍പ്രതി, 1972

*** ഏഴായിരം രാവുകള്‍-തോപ്പില്‍ കൃഷ്ണപിള്ള, കറന്റ് ബുക്‌സ് , കോട്ടയം

**** ' സുപ്രഭാതം കാണാത്ത നാളുകള്‍'-കെപി ഉമ്മര്‍, യവനിക, ദേശാഭിമാനി കെപിഎസി കനകജൂബിലി പതിപ്പ്

*****അരങ്ങിലെ അനുഭവങ്ങള്‍ -കെപിഎസി സുലോചന, കറന്റ് ബുക്‌സ്, തൃശൂര്‍

****** കഥതുടരും-കെപിഎസി ലളിത, ഡിസി ബുക്‌സ്, കോട്ടയം

******* ഒളിവിലെ ഓര്‍മ്മകള്‍ക്കുശേഷം- തോപ്പില്‍ഭാസി, ഡിസി ബുക്സ്, കോട്ടയം

******** ഒളിവിലെ ഓര്‍മ്മകള്‍ക്കുശേഷം- തോപ്പില്‍ഭാസി, ഡിസി ബുക്സ്, കോട്ടയം

********* കെപിഎസിയുടെ ചരിത്രം-വള്ളിക്കാവ് മോഹന്‍ദാസ്, പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

എഴുത്തുകാരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories