TopTop
Begin typing your search above and press return to search.

മഹാമാരിയും ഔഷധ വ്യവസായമെന്ന കൊള്ളയും

മഹാമാരിയും ഔഷധ വ്യവസായമെന്ന കൊള്ളയും

കഴിഞ്ഞ 12-മാസത്തിനിടയില്‍ ഫൈസര്‍, ആസ്ട്ര സെനിക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ ഔഷധ നിര്‍മാണ കമ്പനികള്‍ 26 ബില്യണ്‍ ഡോളര്‍ (1 ബില്യണ്‍ = 100 കോടി) ലാഭവിഹിതമായും ഓഹരികള്‍ തിരിച്ചു മേടിച്ചതിന്റെ ഭാഗമായും ഓഹരി ഉടമകള്‍ക്ക് നല്‍കി. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 130 കോടി ജനങ്ങള്‍ക്കും കുത്തിവയ്പ് നല്‍കുന്നതിന് ഈ തുക ധാരാളമായിരുന്നു. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ വാക്സിന്‍ എന്ന ആഗോള പ്രസ്ഥാനം ഏപ്രില്‍ 22-ന് നടത്തിയ കണക്കെടുപ്പിലാണ് ഈ വിലയിരുത്തല്‍. (1) സൂര്യന്‍ കിഴക്കുദിക്കും എന്നു പറയുന്ന ലാഘവത്തോടെ മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്ന് മാത്രം പറയുന്നതില്‍ കാര്യമില്ല എന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന പാഠം. പരാജയം പലപ്പോഴും ആസൂത്രിതമാണ്. ലോകത്തെയാകെ വേട്ടയാടുന്ന കോവിഡെന്ന പൊതുജനാരോഗ്യ ദുരന്തം ചില വ്യക്തികള്‍ക്കും, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ശതകോടീശ്വരന്മാര്‍ ആയി മാറുന്നതിനുള്ള അവസരമായി ആസൂത്രണം ചെയ്യപ്പെടുന്ന സംവിധാനമായി സര്‍ക്കാരുകള്‍ മാറുമ്പോള്‍ ഭരണപരാജയം സ്വാഭാവികമായ മറ്റൊരു പകര്‍ച്ച വ്യാധിയാവുന്നു. കേവിഡ് വാക്സിന്റെ ലഭ്യതയുടെയും, വില നിര്‍ണ്ണയത്തിന്റെയും കാര്യത്തില്‍ ഇന്ത്യയിലും ആഗോളതലത്തിലും ഉണ്ടായിട്ടുള്ള സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ഇത്തരത്തില്‍ കരുതിക്കൂട്ടിയെന്നോണം നടപ്പിലാക്കുന്ന ഭരണപരാജയങ്ങളുടെ ആവര്‍ത്തനങ്ങളാണ്.

കോവിഡിനു ശേഷം ലോകത്തെ ശതകോടീശ്വരന്മാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന നല്‍കുന്ന സൂചനയും അതാണ്. 'പാന്‍ഡമിക് ബില്യണയേര്‍സ്' എന്നൊരു പ്രയോഗം ഭാഷയില്‍ ഇതിനകം പ്രചാരം നേടിക്കഴിഞ്ഞു. ലോകരോഗ്യ സംഘടന കോവിഡ്-19 മഹാമാരിയായി 2020 മാര്‍ച്ചില്‍ പ്രഖ്യാപിച്ച ഉടനെ ലോകത്തിലെ ധനവിപണികള്‍ വലിയ തകര്‍ച്ച നേരിട്ടുവെങ്കിലും സര്‍ക്കാരുകള്‍ നല്‍കിയ സാമ്പത്തിക ഉത്തേജന പാക്കേജുകളുടെ ബലത്തില്‍ പൂര്‍വ്വാധികം ശക്തിയോടെ അവ തിരിച്ചെത്തിയതായി ബിസിനസ്സ് പ്രസിദ്ധീകരണമായ ഫോബ്‌സ് വിലയിരുത്തുന്നു.2021 ഏപ്രില്‍ 6-ലെ ഫോര്‍ബ്സ് റിപ്പോര്‍ട്ട് പ്രകാരം 2020 അവസാനിച്ചപ്പോള്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പുതുതായി ഇടം പിടിച്ച 493-പേരില്‍ 40-പേര്‍ കോവിഡുമായി ബന്ധപ്പെട്ട ഔഷധ-ഉല്‍പ്പന്ന മേഖലകളില്‍ നിന്നുള്ളവരായിരുന്നു.

വാക്സിനും, ഓക്സിജനും ഇല്ലാതെ ആയിരങ്ങള്‍ ഇന്ത്യയില്‍ ദിവസവും മരിക്കുന്നുവെങ്കിലും ശതകോടീശ്വര പട്ടികയില്‍ കോവിഡിന്റെ ബലത്തില്‍ പുതുതായി എത്തിയവരില്‍ നാലുപേര്‍ ഭാരതത്തില്‍ നിന്നായിരുന്നു. അരവിന്ദ്ലാല്‍ 150 കോടി ഡോളര്‍ (മെഡിക്കല്‍ ഡയഗോന്സ്റ്റിക്സ്) പ്രതാപ് റെഡ്ഡി 150 കോടി ഡോളര്‍ (ആരോഗ്യ പരിപാലനം) പ്രേംചന്ദ് ഗോധ 120 കോടി ഡോളര്‍ (ഫാര്‍മസ്യൂട്ടിക്കല്‍സ്) എം സത്യനാരായണ റെഡ്ഡി 110 കോടി ഡോളര്‍ (ഫാര്‍മസ്യൂട്ടിക്കല്‍സ്).

സമ്പന്നരുടെയും, ദരിദ്രരുടെയും ശാരീരിക-സാമ്പത്തിക ആരോഗ്യത്തെ കാര്‍ന്നു തിന്നുന്ന വ്യാധിയായി ഔഷധവ്യവസായം വളര്‍ന്നു പന്തലിച്ചതിനെപ്പറ്റിയുള്ള പഠനങ്ങള്‍ വേണ്ടതിലധികം ഇപ്പോള്‍ ലഭ്യമാണ്. മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉള്ള ഔഷധങ്ങള്‍ ബോധപൂര്‍വ്വം വിറ്റഴിക്കുക, രോഗമുക്തിയെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങള്‍ നിലനിര്‍ത്തുക, സ്വാഭാവിക പാര്‍ശ്വഫലങ്ങളുടെ തീവ്രത ലഘൂകരിച്ച് കാണിക്കുക, അമിതലാഭമെടുക്കുക തുടങ്ങി പൊതുജനാരോഗ്യത്തിന് ഹാനികരമായതും, സാമൂഹ്യ ജീവിതത്തിന് ആവശ്യമായ ധാര്‍മ്മികത ഒട്ടുമില്ലാത്തതുമായ നിരവധി ഹീനതകളുടെ വിഹാരരംഗമായി ഔഷധ വ്യവസായം രൂപാന്തരപ്പെട്ടതിനെക്കുറിച്ചുള്ള വിശദമായ വിവരണങ്ങള്‍ അവയില്‍ ലഭ്യമാണ്. രോഗമുക്തിയും, ആരോഗ്യവും പ്രദാനം ചെയ്യുന്നതിന് ഉതകുന്ന അറിവുകളും, രീതികളും, പരീക്ഷണങ്ങളുമെല്ലാം മനുഷ്യരുടെ സര്‍വ്വതോമുഖമായ നന്മക്കു പകരം ഔഷധ വ്യവസായത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ള മൂലധനത്തിന്റെ ലാഭം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നതിന് മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന രീതിയാണ് ഈ വ്യവസായ മേഖലയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഈ നിഗമനത്തെ ശരിവെയ്ക്കുന്നതാണ് കോവിഡ് വാക്സിന്റെ വിലയും ലഭ്യതയുമായി ബന്ധപ്പെട്ട വസ്തുതകള്‍.

ആഗോള ഔഷധ ഭീമന്മാരും അവരുടെ സ്ഥിരം ദല്ലാളുകളും വലിയ ലാഭം നേടുന്നതിനുള്ള അവസരമായി മഹാമാരി ഉപയോഗപ്പെടുത്തുമെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട സാമൂഹിക പ്രവര്‍ത്തകര്‍ വളരെ നേരത്തേ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. മഹാമാരിയുടെ ഗൗരവം കണക്കിലെടുത്ത് കോവിഡ് വാക്സിന് വേണ്ടിയുള്ള ഗവേഷണം സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ഗവേഷണ സ്ഥാപനങ്ങള്‍ രാജ്യാന്തരതലത്തില്‍ പരസ്പ്പര സഹകരണത്തോടെ 'ഓപണ്‍ സോഴ്സ്' സമ്പ്രദായത്തില്‍ നടപ്പിലാക്കണമെന്നുള്ള നിര്‍ദ്ദേശം തുടക്കം മുതല്‍ തന്നെ അട്ടിമറിക്കപ്പെട്ടിരുന്നു. പേറ്റന്റ് പരിധിയില്‍ നിന്നും കോവിഡ് വാക്സിന്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും അമേരിക്കയും, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ശക്തമായി നിരാകരിച്ചു. ലോക വ്യാപാര സംഘടനയില്‍ വിഷയം ഔപചാരികമായി ഉന്നയിച്ചതല്ലാതെ അതിന് വേണ്ടി മൂന്നാം ലോകരാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിയ്ക്കുവാനും, ആഗോളതലത്തില്‍ അതിനെ ഒരു പ്രസ്ഥാനമായി വളര്‍ത്താനും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഭാഗത്തു നിന്നും ശ്രമങ്ങളൊന്നും ഉണ്ടായില്ല. വാക്സിന്‍ ഉല്‍പ്പാദനത്തിന്റെ 50 ശതമാനവും അമേരിക്കയും, കാനഡയും, യൂറോപ്പിലെ പ്രമുഖ രാജ്യങ്ങളും, ജപ്പാനും കൈയടക്കിയതോടെ വാക്സിന്‍ അപ്പാര്‍ത്തീഡ് അഥവ വാക്സിന്‍ വര്‍ണ്ണവിവേചനമാണ് നടമാടുന്നതെന്ന വിലയിരുത്തലുകള്‍ 2020 ഡിസംബറില്‍ തന്നെ വ്യക്തമായിരുന്നു.

വാക്സിന്‍ ഫലപ്രദമാണെന്നു തെളിഞ്ഞതോടെ കോവിഡിന്റെ അവസാനത്തിന്റെ ആരംഭമായെന്ന ശുഭാപ്തി വിശ്വാസം അസ്ഥാനത്തെണെന്നു വിശദീകരിയ്ക്കുന്ന ഒരു ലേഖനം 2020 ഡിസംബര്‍ ഏഴാം തീയതി ന്യൂയോര്‍ക്ക് ടൈസ് പ്രസിദ്ധീകരിച്ചിരുന്നു. അവസാനിക്കാത്ത കാത്തിരിപ്പിന്റെ ആരംഭം മാത്രമാണ് തുടങ്ങിയതെന്ന് അചാല്‍ പ്രഭാലയും, അര്‍ജുന്‍ ജയദേവും, ഡീന്‍ ബേക്കറും ചേര്‍ന്നെഴുതിയ പ്രസ്തുത ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നികുതിദായകരുടെ പണം ഏറെ ഉപയോഗിച്ച് നടത്തിയ വാക്സിന്‍ ഗവേഷണം നാലോ അഞ്ചോ കമ്പനികളുടെ പേറ്റന്റ് അവകാശമായി മാറുന്ന പ്രക്രിയയെപ്പറ്റി ഒരു ധാരണ രൂപീകരിയ്ക്കുവാന്‍ സഹായകമാണ് ഈ ലേഖനം. അമേരിക്കയിലെ പ്രമുഖ കോവിഡ് വാക്സിന്‍ നിര്‍മ്മാതാക്കളില്‍ ഒന്നായ മൊഡേണയുടെ നവീനമായ ടെക്നോളജി ഭാഗികമായി കണ്ടെത്തിയത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തായിരുന്നു. സര്‍ക്കാരില്‍ നിന്നും ഗവേഷണത്തിനും, വാക്സിന്റെ മുന്‍കൂര്‍ പണമായും 250 കോടി ഡോളറാണ് ഈ കമ്പനിക്ക് ലഭിച്ചത്. ഗവേഷണത്തിനായി ലഭിച്ച 100 കോടി ഡോളര്‍ അതിനു വേണ്ടി വന്ന ചെലവിന്റെ 100 ശതമാനവും വഹിച്ചുവെന്ന് കമ്പനി തന്നെ വെളിപ്പെടുത്തി. മറ്റൊരു കമ്പനിയായ ഫൈസറിന് ജര്‍മന്‍ സര്‍ക്കാരില്‍ നിന്നും 455 ദശലക്ഷം ഡോളര്‍ ധനസഹായം ലഭിച്ചതിന് പുറമെ 600 കോടി ഡോളറിന്റെ പര്‍ച്ചേസ് ഓര്‍ഡര്‍ അമേരിക്കന്‍ സര്‍ക്കാരിലും, യൂറോപ്യന്‍ യൂണിയനില്‍ നിന്നും ലഭിച്ചു. അസ്ട്ര സെനിക്കക്കും ഗവേഷണത്തിനും, വാക്സിനുള്ള മുന്‍കൂര്‍ പണമായും സര്‍ക്കാരില്‍ നിന്നും സഹായം ലഭിച്ചിരുന്നു. എപ്പിഡ്മെക് പ്രിപ്പേര്‍ഡ്നെസ് ഇന്നോവേഷനെന്ന സ്ഥാപനത്തില്‍ നിന്നും 750 ദശലക്ഷം ഡോളറിന്റെ മറ്റൊരു കരാറും ഈ കമ്പനിക്ക് ലഭിച്ചിരുന്നു.

പൊതുഖജനാവില്‍ നിന്നുള്ള പണം ഗവേഷണങ്ങള്‍ക്കും, കണ്ടുപിടുത്തങ്ങള്‍ക്കും വിനിയോഗിക്കുന്നതിന്റെ സ്വഭാവം വെളിപ്പെടുത്തുന്നതിനാണ് ഈ കണക്കുകള്‍ ഇവിടെ വിവരിച്ചത്. ഗവേഷണത്തിനും, കണ്ടുപിടുത്തങ്ങള്‍ക്കുമായി പൊതുഖജനാവിലെ പണം വിനിയോഗക്കുന്നത് മോശമാണെന്നല്ല പറയുന്നത്. അങ്ങനെ വിനിയോഗിക്കുന്ന പണമുപയോഗിച്ചുള്ള കണ്ടെത്തലുകള്‍ പൊതുജന ക്ഷേമത്തിനായി പ്രയോജനപ്പെടുത്തുന്നതിന് പകരം അവയില്‍ നിന്നും ലഭിക്കുന്ന സമ്പത്ത് കൂടുതല്‍ കൂടുതലായി സമ്പന്നരിലും, അതിസമ്പന്നരിലും മാത്രമായി കേന്ദ്രീകരിക്കുന്ന പ്രവണത രാഷ്ട്രീയ-സമ്പദ്ഘടനയുടെ അവിഭാജ്യഘടകമായി മാറിയെന്ന തിരിച്ചറിവ് നാം സ്വരുപിക്കേണ്ടിയിരിക്കുന്നു. റിഗ്ഗ്ഡ് എന്ന തന്റെ കൃതിയില്‍ ഡീന്‍ ബേക്കര്‍ 1980-കളോടെ പ്രബലമായ നിയോ-ലിബറല്‍ നയങ്ങളുടെ ഭാഗമായി ഈ പ്രക്രിയയെ വിശദീകരിയ്ക്കുന്നു. അദാര്‍ പൂനാവലയുടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള കോമ്പ്രദോര്‍ അഥവ ദല്ലാള്‍ മുതലാളിത്ത സ്ഥാപനങ്ങള്‍ ആഗോളതലത്തിലെ നിയോ-ലിബറല്‍ ശൃംഖലയുടെ കണ്ണി മാത്രമാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിന്റെ ചരിത്രവും നല്‍കുന്ന ചിത്രവും വ്യത്യസ്തമല്ല.

പൊതുഖജനാവിലെ പണം ഉപയോഗിച്ച് വികസിപ്പിച്ച കോവാക്സിന്റെ ബൗദ്ധിക അവകാശം ആര്‍ക്കാണെന്ന ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രഫ. രാമകുമാറിന്റെ ചോദ്യം ഇത്തരുണത്തില്‍ പ്രസക്തമാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പൂനയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ധാരണം ചെയ്ത സാര്‍സ്CoV-2 എന്ന വകഭേദത്തില്‍ നിന്നുമാണ് കോവാക്സിന്‍ വികസിപ്പിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ഐസിഎംആറും, ഭാരത് ബയോടെക്കുമായുള്ള സംയുക്ത സംരംഭമായി തുടങ്ങിയ വാക്സിനില്‍ സര്‍ക്കാരിന്റെ പങ്ക് ഇപ്പോള്‍ എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. നവലിബറല്‍ ശൃംഖലകളുമായി ഗാഢാലിംഗത്തിലായ ഇന്ത്യയിലെ ഉദ്യോഗസ്ഥ-ദല്ലാള്‍ മുതലാളിത്തവും, അതിനെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വവും പൊതുജന ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നയപരവും, നിയമപരവുമായ മുന്നൊരുക്കങ്ങള്‍ നടത്തുമെന്ന വ്യാമോഹങ്ങള്‍ നിരര്‍ത്ഥകമാണെന്ന് വാക്സിന്‍ വില നിര്‍ണ്ണയത്തിലെ സുതാര്യമില്ലായ്മകള്‍ ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നു.

1: ഓക്സ്ഫാം എന്ന സംഘടന ഏപ്രില്‍ 22, 2021-ല്‍ പുറത്തിറക്കിയ പത്രക്കുറിപ്പ്

2: പ്രഫ. രാമകുമാര്‍: പൊതുഖജനാവിലെ പണമുപയോഗിച്ച് വികസിപ്പിച്ച ഭാരത് ബയോടെക്ക് കോവാക്സിന്റെ ബൗദ്ധികാവകാശം ആര്‍ക്കാണ്. ഇന്ത്യ ഉത്തരം അര്‍ഹിക്കുന്നു. scroll.in ഏപ്രില്‍ 26,2021

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories