TopTop
Begin typing your search above and press return to search.

SOCIETY| ജീവിതത്തിനു മേലെയുള്ള ഒറ്റപ്പെടലിന്റെ അധികഭാരങ്ങള്‍

SOCIETY| ജീവിതത്തിനു മേലെയുള്ള  ഒറ്റപ്പെടലിന്റെ അധികഭാരങ്ങള്‍

ഏകാന്തതയും ഒറ്റപ്പെടലും. കോവിഡാനന്തര കാലം ലോകാനുഭവത്തിലേക്ക് ഏറ്റവും തീഷ്ണമായ ഒന്നായി ചേര്‍ത്തുവെയ്ക്കുന്നതാണ് ഏകാന്തതയുടെ/ ഒറ്റപ്പെടലിന്റെ ഭാവാന്തരങ്ങള്‍. അത്യന്തം പീഢിതമായ ഏകാന്തതയുടെ മാത്രാഭേദങ്ങളിലൂടെയാണ് ലോകം കുറെ മാസങ്ങളായി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അടച്ചിരിപ്പിന്റെ അതികഠിനമായ അവസ്ഥകളില്‍ നിന്നും പതുക്കെപതുക്കെ പുറത്തുവന്നുവെങ്കിലും ലോകം പഴയ പടിയിലേക്ക് മാറിയിട്ടില്ല. പുത്തന്‍ സാധാരണ നില (new normal) എന്നതിനെ വിശേഷിപ്പിക്കുകയാണ് സാമൂഹ്യശാസ്ത്രജ്ഞര്‍. മനുഷ്യര്‍ പ്രതിസന്ധി കാലങ്ങളില്‍ ശീലിച്ചെടുക്കാന്‍ നിര്‍ബന്ധിതമായ സാധാരണീയത.

loneliness എന്നും solitude എന്നുമുള്ള രണ്ടു ഇംഗ്‌ളീഷ് പദങ്ങള്‍ മനുഷ്യരുടെ ഏകാന്താനുഭവങ്ങളെ ദ്യോതിപിക്കുന്നതിനായി സാധാരണ നിലയില്‍ ഉപയോഗിച്ചുകാണാം. അന്യോന്യം ചേര്‍ന്നുവരുന്ന ഭാവങ്ങള്‍ പ്രകടമെങ്കിലും ഏകാന്തതയെന്നും ഒറ്റപ്പെടലെന്നും നമുക്കിതിനെ യാഥാക്രമം മലയാളീകരിക്കാമെന്ന് തോന്നുന്നു. മനുഷ്യമനസ്സിന്റെ അടുത്തടുത്തുനില്‍ക്കുന്ന അവസ്ഥാഭേദങ്ങള്‍. ഒറ്റപ്പെടലില്‍ അന്യവല്‍ക്കരണത്തിന്റെ നിഷേധാത്മകഭാവങ്ങള്‍ ഒട്ടൊക്കെ ചേര്‍ന്നു നില്‍ക്കുന്നുണ്ടെങ്കില്‍ ഏകാന്തതയില്‍ ഗുണാത്മകതയും കണ്ടെടുക്കാനാവും. വ്യക്തിനിഷ്ടവും സമൂഹനിഷ്ടവുമായ ഒട്ടേറെ കാരണങ്ങളും അവയ്ക്കുണ്ട്. അസ്തിത്വത്തിലേക്കുള്ള മടക്കം (return to the self) എന്ന് ആന്റണി സ്റ്റോറിനെപ്പോലുള്ള മനശാസ്ത്രജ്ഞര്‍ അതിനെ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്.

ചരിത്രത്തില്‍ നാം കണ്ടുവന്നിട്ടുള്ള, അനുഭവങ്ങള്‍ കൊണ്ടു തിടം വെച്ചിട്ടുള്ള, ഇത്രകാലം പരിചയിച്ചിട്ടുള്ള ഏകാന്തതാഭാവങ്ങളല്ല കോവിഡ് കാലം ലോകത്തിന് നല്‍കിയത്. അത്യന്തം ഉത്കണ്ഠാഭരിതവും അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതുമായ അവസ്ഥ. ലോകം പല തരത്തില്‍ പ്രതിസന്ധികളില്‍ പെട്ടുപോകുന്നത് ചരിത്രത്തില്‍ അത്രമേല്‍ അസാധാരണമല്ല. പക്ഷെ, ഒരു രോഗത്തെ ചുറ്റിപ്പറ്റി ലോകം അപ്പാടെ തന്നെ തുറവികളില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുന്നത് അത്യപൂര്‍വമാകുന്നു. രോഗം എന്തെന്ന് തന്നെ അറിയാത്ത അവസ്ഥ. അതേക്കുറിച്ചുള്ള പലതരം വിശദീകരണങ്ങളും പ്രത്യഷൗധങ്ങളെ കുറിച്ചുള്ള അനിശ്ചിതത്വങ്ങളും തുടങ്ങി 2020 തുടക്കം മുതല്‍ ഇതുവരെ നമ്മള്‍ കടന്നുപോയ അവസ്ഥ, ഇനിയും മുന്നിലേക്കു നീളുന്ന അറ്റം കാണാത്ത പ്രതിസന്ധികള്‍ ഒക്കെ ഓരോരുത്തരുടേയും ഏകാന്തങ്ങളിലേക്ക് ഒട്ടേറെ ചോദ്യങ്ങള്‍ എടുത്തെറിഞ്ഞുകൊണ്ടിരിക്കുന്നു, അപ്പാടെ അശരണരാക്കുന്നു. ഏതെങ്കിലും ഒരു സര്‍ക്കാരിനേയോ വ്യവസ്ഥയേയോ കുറ്റം പറഞ്ഞു കൈകഴുകിപ്പോകുന്ന കാര്യമല്ലിത്.

ചെറിയ ഉണര്‍വുകള്‍ അവിടിവിടെ കണ്ടുതുടങ്ങിയിട്ടുണ്ടെങ്കിലും ലോക സമ്പദ് വ്യവസ്ഥ അപ്പാടെ പ്രതിസന്ധിയിലാണിപ്പോഴും. നിരന്തരം പൂട്ടപ്പെടുന്ന തൊഴിലിടങ്ങള്‍. ഒന്നാംനിര പ്രഫഷണലിനും നിത്യവൃത്തിയ്ക്കായി തൊഴിലെടുക്കുന്ന സാധാരണ തൊഴിലാളിയ്ക്കും ഒരുപോലെ തൊഴില്‍ നഷ്ടം ദിനേന വര്‍ദ്ധിക്കുന്നു. ക്ലാസ് മുറികള്‍ കാണാതെ വിദ്യാര്‍ത്ഥികള്‍. കുട്ടികളെ നേരില്‍ കാണാത്ത അദ്ധ്യാപകര്‍. അടച്ചിരുന്നു ജോലി എടുക്കുന്ന വിവിധ തരത്തിലുള്ള ആളുകള്‍. അവര്‍ക്ക് പൊടുന്നനവെ, ഒരു ദിനം ആലയവും ആലംബവും നഷ്ടമാകുന്നു. തടവുമുറിപോലെ ശ്വാസം മുട്ടിക്കുന്നതായി വീട്ടകങ്ങള്‍ മാറി. നിത്യപ്രവാസിയായ മലയാളിയ്ക്ക് അപരനാടുകളിലെ അവരുടെ അന്നം നഷ്ടമായി. നാട്ടിലേക്ക് മടങ്ങിയവര്‍ക്ക് തിരികെപ്പോകാനാവുന്നില്ല. വ്യക്തിയും സമൂഹവും ഒക്കെ തീഷ്ണമായ ഒറ്റപ്പെടലുകളില്‍/ഏകാന്തങ്ങളില്‍ പെട്ടുപോകുന്നു. രാഷ്ട്രീയം തിന്നു ജീവിക്കുന്ന മലയാളിക്ക് ഏറ്റവും അരുചികരമായ ഭക്ഷണമായി അത് തോന്നിത്തുടങ്ങിയിരിക്കുന്നു. സരിതപോലെ സ്വപ്ന വന്നപ്പോള്‍ ഇത്തിരിയൊക്കെ ഇക്കിളിപ്പെട്ടെങ്കിലും അവരിലെ നല്ല പങ്കിനും മാധ്യമ ചര്‍ച്ചകള്‍ മനംപുരട്ടിക്കുന്നു. അറിയേണ്ടതുപോലും അറിയാതിരിക്കാന്‍ ആഗ്രഹിക്കുന്ന സമൂഹമായി മലയാളം മാറിക്കൊണ്ടിരിക്കുന്നു.

എല്ലാവരും കടുത്ത വിഷമാവസ്ഥയിലാണ്. സമൂഹത്തിന്റെ സൂക്ഷ്മ ഏകകങ്ങളായ വ്യക്തികള്‍ മുതല്‍ ബൃഹദാഖ്യാനങ്ങളായ ഭരണകൂടങ്ങളും- അത് ഏത് ഭരണ സമ്പ്രദായത്തെ പിന്‍തുടരുന്ന ഇടമാകട്ടെ- വ്യവസ്ഥാപിത സ്ഥാപനങ്ങളും സമ്പ്രദായങ്ങളും എല്ലാം ഒരുപോലെ. നിലനില്‍പ്പ്, നിത്യനിദാനം ഒക്കെ വല്ലാതെ വിഷമിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഇത്തരത്തില്‍ അത്യന്തം രൂക്ഷമായ സ്വത്വ പ്രതിസന്ധിയില്‍ അടച്ചിരിയ്ക്കാന്‍ വിധിയാകുന്ന മനുഷ്യന്‍ വല്ലാതെ സ്വന്തം ഉള്ളിലേക്ക് ഉറ്റുനോക്കുന്ന അവസ്ഥയാകുന്നു വര്‍ത്തമാന കാലത്തെ ഒറ്റപ്പെടല്‍. അന്യവല്‍ക്കരണത്തിന്റെ കരാളതകളിലേക്ക് എടുത്തെറിയപ്പെടുന്ന തീര്‍ത്തും വിഷമകരവും രോഗാതുരമായി പരിണമിച്ചുകൊണ്ടിരിക്കുന്നതുമായ അവസ്ഥ. ഇത്തരം അവസ്ഥകളില്‍ നിന്നും പുറത്തുവരുന്നതിന് പല സേഫ്റ്റി വാല്‍വുകളും അനുഭവങ്ങളില്‍ നിന്നും മനുഷ്യാവസ്ഥ രൂപപ്പെടുത്തിയിട്ടുണ്ടെങ്കിലും കോവിഡ് ഒരു പുത്തന്‍ അനുഭവം എന്ന നിലയില്‍ പരിചയിച്ച ഇടങ്ങള്‍ തുറവിനല്‍കുന്നതാവണമെന്നില്ല. ആവുന്നുമുണ്ടാവുകയില്ല. പുത്തന്‍ തുറവികള്‍ അന്വേഷിക്കുന്ന അവസ്ഥയിലാണ് ലോകമെങ്ങുമുള്ള മനുഷ്യാവസ്ഥ. അത്തരം അനുഭവങ്ങള്‍ നല്‍കുന്ന ശോഭയാകുന്നു കടുത്ത പ്രതിസന്ധികാലങ്ങളിലൂടെ മുന്നോട്ട് പോകാന്‍ പ്രേരകമായിത്തീരുന്നതും.

പല കാരണങ്ങള്‍ കൂടിക്കുഴഞ്ഞ് സങ്കീര്‍ണമായിത്തീര്‍ന്നിരിക്കുന്ന വര്‍ത്തമാന കാലത്തില്‍ ഉല്ലാസ വേളകള്‍ അസാധ്യമാകുന്ന ജീവിത സാഹചര്യങ്ങളില്‍ നിന്നും ലോകമെങ്ങുമുള്ള മനുഷ്യാവസ്ഥ ഇനിയും പുറത്തുവരേണ്ടിയിരിക്കുകയാണ്. സാമൂഹ്യവല്‍ക്കരണം-സോഷ്യലൈസേഷന്‍-മുന്‍കാലങ്ങളിലേതുപോലെ ആയിത്തീരുന്നതിന് കാലം ഏറെ വേണ്ടിവരും. ഊഷ്മളത ചോര്‍ന്നു പോകുന്ന ജീവിതം. സ്പര്‍ശം നമുക്ക് അസാധ്യമാകുന്നു. പല സമൂഹങ്ങളിലും ആശ്ലേഷം ചേര്‍ന്നുനില്‍പ്പിന്റെ ആദ്യ വിനിമയമാണ്. കൂടിക്കാഴ്ചയില്‍ സ്‌നേഹപൂര്‍വം ഹസ്തദാനം ചെയ്യുന്നതുപോലും അസാധ്യമാക്കിതീര്‍ത്തിരിക്കുന്നു രോഗകാലം. കവചങ്ങള്‍ മുഖത്തുമാത്രമല്ല, ഓഫീസ് മുറിയിലും എല്ലാ ഇടങ്ങളിലും മാധ്യസ്ഥം വഹിക്കുന്ന സാഹചര്യം. അനിവാര്യമല്ലാത്ത കൂടിക്കാഴ്ചകള്‍ എല്ലാം ഒഴിവാക്കുന്നു. എല്ലാകാര്യങ്ങളും വെര്‍ച്വലായി ചെയ്തുതീര്‍ക്കാനായി വിധിക്കപ്പെട്ടിരിക്കുന്നു.

ഈ അവസ്ഥയില്‍ ഏകാന്തയുടെ ശ്വാസം മുട്ടിയ്ക്കുന്ന ഏകതാനതകളില്‍ നിന്നും പുറത്തുവരാനാകാതെ മനുഷ്യര്‍ അതികഠിനമായി വിഷമിക്കുന്നുണ്ട്. അടച്ചിരിപ്പിന് ഇളവുകള്‍ പലതലങ്ങളിലും ഉണ്ടായിയെങ്കിലും ഭീഷണമായ ഏകാന്തതയുടെ ഭാരത്തില്‍ നിന്നും മനുഷ്യര്‍ കാര്യമായി പുറത്തുവന്നിട്ടില്ല. അതിനു പ്രധാനകാരണം വ്യക്തിതലത്തിലെ വല്ലാത്ത ഒറ്റപ്പെടലും സാമ്പത്തികാവസ്ഥയ്ക്കുണ്ടായിട്ടുള്ള തീഷ്ണമായ ആഘാതവുമാകുന്നു.


ഏകാന്തതയുടെ താളവും താളക്കേടും

ഏകാന്തത ഗുണാത്മകമായ ഫലം തരുന്ന മനോനില കൂടിയാകുന്നു. പ്രതിഭയുടെ പള്ളിക്കൂടമാണിതെന്നാണ് (solitude is the school of genius) എഡ്വാര്‍ഡ് ഗിബണ്‍ വിശേഷിപ്പിച്ചിട്ടുള്ളത്. സര്‍ഗാത്മകമായ തുറവികളിലേക്ക് നയിക്കുന്ന, ഏത് തരം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സൃഷ്ടിന്മുഖത ഏറ്റുന്ന അനുഭവതലങ്ങളും ഇത് നല്‍കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ അന്വേഷണ തൃഷ്ണയെ വളര്‍ത്തും. കലാകാരന്മാരാകട്ടെ, ഏകാന്തതയോടുള്ള സംവാദങ്ങളില്‍ നിന്നും അനല്പങ്ങളായ രചനകളെ സൃഷ്ടിച്ചെടുക്കും. ബേസ് മെറ്റലില്‍ നിന്നും സ്വര്‍ണ്ണം വിളയിക്കുന്ന ആല്‍ക്കെമി.

പക്ഷെ ആരോഗ്യകരമായ സാമൂഹ്യവല്‍ക്കരണം അസാധ്യമാക്കിത്തീര്‍ക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ്. മനുഷ്യന്‍ അടിസ്ഥാനപരമായി സാമൂഹ്യജീവിയാണ്. മറ്റുള്ളവരുടെ സ്‌നേഹസാന്ത്വനങ്ങളും സാന്നിധ്യങ്ങളും ജീവിതത്തില്‍ ഉടനീളം ഉണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. തൊട്ടില്‍ തൊട്ട് കുഴിമാടം വരെ സഹജീവികള്‍ ഒപ്പമുണ്ടെന്ന, തൊട്ടറിയലും തിരിച്ചറിയലുമാണവരെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുന്നതിന് പ്രാപ്തരാക്കുന്നതും സന്തോഷത്തോടെ ജീവിതം നയിച്ചുകൊണ്ടുപോകാന്‍ സാധ്യമാക്കുന്നതും. (It is widely believed that interpersonal relationships of an intimate kind are the chief, not the only, source of human happiness.) ഇതിന് ഭംഗം വരുമ്പോള്‍ മനുഷ്യന്‍ സ്വസ്ഥതയറ്റവനാകുന്നു. കടുത്ത ഒറ്റപ്പെടല്‍ രോഗാതുരമായ തലങ്ങളിലേക്ക് അവരെ എത്തിക്കുകയും ചെയ്യും. മുഖാമുഖം കണ്ടുകൊണ്ടുള്ള, ചേര്‍ന്നു നിന്നുകൊണ്ടുള്ള, ഊഷ്മളതയേറുന്ന സാമൂഹികമായ ഇടപെടലിനുള്ള അവസരം വിഷാദരോഗത്തെ അകറ്റിനിര്‍ത്തുന്നതില്‍ പ്രധാനമാണെന്ന് ക്രിസ്റ്റോഫര്‍ ബര്‍ഗ്ലാന്റി (Christopher Bergland) നെപ്പോലുള്ളവര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യമാണ്.

സമൂഹത്തിലും ലോകത്തിലും ഒന്നാകെ ഒറ്റപ്പെടലിന്റെ ഈ അവസ്ഥ നീണ്ടകാലം നിലനില്‍ക്കുന്നത് തികച്ചും നിഗ്രഹോത്സുകമായിത്തീരുകയും ചെയ്യും. കോവിഡ് പോലുള്ള കാലം വ്യക്തിയുടെ കാര്യത്തിലായാലും സമഷ്ടിയുടെ കാര്യത്തിലായാലും രോഗാതുരതരതയിലേക്ക് പാറിവീഴുന്നതും ആളുകള്‍ ഈയലുകള്‍ പോലെ അതില്‍ പെട്ടുപോകുന്നതും കണ്ടു.

സത്യത്തില്‍ അടച്ചിരിപ്പിന്റെ ആദ്യനാളുകളില്‍ കുടുംബത്തിനകത്ത് കൂടുതല്‍ സമയം ചെലവിടുന്നതിനുള്ള അവസരം പലപ്പോഴും ഗുണഫലങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ സൂചനകള്‍ നല്‍കുന്നുണ്ടായിരുന്നു. പക്ഷെ, അത് തുറവികളില്ലാതെ, അനിശ്ചിതമായി നീണ്ടതോടെ സോഷ്യലൈസേഷന്റെ ഇടങ്ങള്‍ വല്ലാതെ ചുരുക്കുകയും മനുഷ്യരെ ആകപ്പാടെ തടവിലിടുകയും ചെയ്തുതുടങ്ങി. പലരും ഒരു പരിധിവരെ പുതിയ സാഹചര്യവുമായി സമരസപ്പെടല്‍ വിദ്യകള്‍-കോപ്പിംഗ് മെക്കാനിസം -വളര്‍ത്തിയെടുത്തുവെങ്കിലും സമ്പദ്ഘടനയിലും മറ്റും വീണ ഇരുളുകള്‍ ആളുകളെ വല്ലാതെ വിഷാദത്തിലേക്കും നിസ്സഹായതയിലേക്കും രോഗാതുരത്വത്തിലേക്കും നയിച്ചുവെന്നതാണ് വാസ്തവം. കുറച്ചൊക്കെ സാമ്പത്തിക ഭദ്രതയുള്ളവര്‍ പോലും ഒറ്റപ്പെടലിന്റെ മറ്റുതരത്തിലുള്ള വ്യാധികളിലേക്ക് വീഴുകയായിരുന്നു.

സ്ത്രീകള്‍, വിശേഷിച്ചും വീട്ടമ്മമാരാണ് ഇത്തരം കെടുതികളുടെ അത്യന്തം ഭീഷണമായ അവസ്ഥകളെ കൂടുതലായി അഭിമുഖം കണ്ടത്. കുടുംബ ബജറ്റ് താളം തെറ്റിയതും അത് മാനേജ് ചെയ്യാന്‍ ആവാതെ നെട്ടോട്ടം ഓടിയതും അവരാണ്. വീട്ടമ്മമാര്‍ നേരിടുന്ന സാമൂഹികമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ ഒരു കാലത്തും ഫലപ്രദമായ സംവിധാനങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ നമുക്കായിട്ടില്ല. കേരളം പോലെ സാമൂഹിക വളര്‍ച്ചാ സൂചിക ഉയര്‍ന്നുനില്‍ക്കുന്ന ഇടങ്ങളില്‍ പോലും ഇക്കാര്യത്തില്‍ നില വളരെ മോശമാണ്. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും സമൂഹത്തിലെ പ്രാന്തവല്‍ക്കരിക്കപ്പെട്ട മറ്റു വിഭാഗങ്ങളുടേയും മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങളെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാന്‍ നമ്മുടെ സാമൂഹിക ക്ഷേമ വകുപ്പുകള്‍ക്കും മറ്റും എത്രമാത്രം കഴിയുന്നുണ്ടെന്ന കാര്യം പരിശോധിക്കേണ്ടതാണ്. കോവിഡ് കാലത്ത് അവര്‍ പല ദൗത്യങ്ങളും ഏറ്റെടുത്തുവെങ്കിലും എത്രമാത്രം ഫലപ്രദമായിരുന്നു ഇടപെടലുകള്‍ എന്നത് സംബന്ധിച്ച് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള വിലയിരുത്തല്‍ നടത്തി മുന്‍പോട്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണം.

കൂടുതല്‍ സമയവും ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും മറ്റും ചെലവിടാന്‍ വിധിക്കപ്പെടുന്നവരായി സമൂഹത്തിലെ നല്ല പങ്കും കഴിഞ്ഞ പത്തു മാസങ്ങള്‍ക്കകം മാറിത്തീര്‍ന്നിട്ടുണ്ട്. പഠനവും ജോലിയും ഉല്ലാസവും എല്ലാം അവിടെ തന്നെ. ഇതിനുശേഷിയില്ലാത്ത വലിയ ഒരു പങ്കു ജനത ലോകത്തുണ്ടെന്ന വാസ്തവം കാണാതെയല്ല ഇത് പറയുന്നത്. ഇത്തരത്തില്‍ വെര്‍ച്വല്‍ ലോകത്ത് അകപ്പെട്ടവരെ ഒരു പ്രത്യേക രീതിയില്‍ ആ പ്രപഞ്ചം പരുവപ്പെടുത്തി എടുക്കുകയും ചെയ്യുന്നു. ദീര്‍ഘകാല സ്വാധീനത കണക്കെലെടുത്ത് പരിശോധിക്കുമ്പോള്‍ ഇത് ഒരുപാട് ദൂഷ്യഫലങ്ങള്‍ ചെയ്യുന്നതായി ഡോ. അലക്‌സാണ്ടര്‍ ഡാന്‌വേഴ്‌സ് (Alexander Danvers) ചൂണ്ടിക്കാണിക്കുന്നു. വെര്‍ച്വല്‍ ലോകത്തെ അറ്റം കാണാത്ത അകപ്പെടല്‍ ഒറ്റപ്പെടല്‍ തീഷ്ണമാക്കുന്നുവെന്ന് മാത്രമല്ല വ്യക്തികളുടെ സാമൂഹികവല്‍ക്കരണത്തേയും സാമൂഹിക നൈപുണികളേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. സമൂഹമാകട്ടെ എങ്ങനെ കൂട്ടായ്മയോടെ പ്രവര്‍ത്തിയ്ക്കാമെന്ന് മറന്നുപോവുന്ന അവസ്ഥയിലുമെത്തും (And our society forgets a little more about how to work together). വ്യക്തിയേയും സമൂഹത്തേയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നതാണിത്.


Next Story

Related Stories