TopTop
Begin typing your search above and press return to search.

മതിഭ്രഷ്ടത, ആത്മരതി, കുടിലത; അധികാരകാമനയില്‍ സമഭാവം നഷ്ടമാകുമ്പോള്‍

മതിഭ്രഷ്ടത, ആത്മരതി, കുടിലത; അധികാരകാമനയില്‍  സമഭാവം നഷ്ടമാകുമ്പോള്‍

അധികാരം സവിശേഷമായ അതിന്റെ വ്യവഹാരരൂപങ്ങളായി വികസിക്കുമ്പോള്‍ അത് കൈകാര്യം ചെയ്യുന്നവര്‍ക്ക്സമഭാവവും അശരണരോടുള്ള തന്മയീഭാവവും കൈമോശം വരുന്നത് ചരിത്രത്തിലും വര്‍ത്തമാനത്തിലും അസാധാരണല്ല. അധികാരത്തിന്റെ സഹജസ്വരൂപമായി അത് പലപ്പോഴും വര്‍ത്തിയ്ക്കുകയും ചെയ്യുന്നു. ഏറ്റവും മാതൃകാപരമായി രാജ്യം ഭരിക്കുന്നയാളുടെ കാലത്ത് ഓരോ പൗരനും അധികാരി എടുക്കുന്ന തീരുമാനം തങ്ങള്‍ തന്നെ കൈക്കൊള്ളുന്നതാണെന്ന് തോന്നുമെന്നും രാജ്യാധികാരി എന്നൊരാളുടെ സാന്നിധ്യം അറിയുകയേയില്ലെന്നും അര്‍ത്ഥം വരുന്ന ഒരു ചൈനീസ് പഴമൊഴിയുണ്ട്. അത് വല്ലാതെ ആദര്‍ശകാത്മകമായ ഒരു അവസ്ഥയെ ദ്യോതിപ്പിക്കുന്നതാണെങ്കിലും അധികാരം എന്ന പ്രയുക്തശാസ്ത്രവും കലയും ഏറെ വഴക്കങ്ങള്‍ ആവശ്യപ്പെടുന്നുവെന്നതാണ് വാസ്തവം. എല്ലാവര്‍ക്കും സാധ്യമായ ഒന്നല്ലത്.

അധികാരം എന്നത് ചരിത്രത്തിലെ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയവുമാകുന്നു. അധികാരം സൃഷ്ടിക്കുന്ന ബഹുരൂപിയായ പ്രശ്‌നങ്ങള്‍, സങ്കീര്‍ണ്ണതകള്‍, അതിനായുള്ള പരക്കംപാച്ചിലുകള്‍... മനുഷ്യരെ എല്ലാക്കാലത്തും ഇതൊക്കെ വേവലാതിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അധികാരവുമായി ബന്ധപ്പെട്ട ബഹുവിധ പ്രശ്‌നങ്ങളില്‍പ്പെട്ട് മനുഷ്യചരിത്രം എക്കാലവും പ്രതിസന്ധിയിലാകുന്നതും പകച്ചുനില്‍ക്കുന്നതും കാണാം. ആരാണ് മികച്ച അധികാരി എന്നത് ഗ്രീസിലെ തത്വചിന്തകരെപ്പോലെ ഭാരതീയ ചിന്തകരേയും നിരന്തരം ചിന്തിപ്പിച്ചുകൊണ്ടിരുന്നു. അവരതിന് പല തരത്തിലുള്ള നിര്‍വചനങ്ങളും മാതൃകകളും നല്‍കിയിട്ടുണ്ട്. ഇത്തരം മാതൃകകളെ ചേര്‍ത്തുവെച്ച് ഓരോ കാലത്തും പുത്തന്‍ ബിംബങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. കോവിഡ് പോലുള്ള മഹാവ്യാധികള്‍ ചരിത്രത്തില്‍ ഭരണവ്യവസ്ഥകളുടെ കരുത്തിനേയും കാര്യക്ഷമതയേയും പരീക്ഷിക്കുന്ന കാലഘട്ടങ്ങളില്‍ വിശേഷിച്ചും.

അധികാരം എന്നത് പൗരാണിക കാലത്ത് കുടുംബപരവും ദായക്രമങ്ങളില്‍ അധിഷ്ടിതവുമായിരുന്നു. പിതാവില്‍ നിന്നും മക്കളിലേക്ക് സംക്രമിക്കപ്പെട്ടിരുന്നു. മക്കത്തായം പോലെ മരുമക്കത്തായവും ഉണ്ടായിരുന്നു. അമ്മവഴിയും അച്ഛന്‍വഴിയും. പണ്ടുകാലത്ത് രാജാക്കന്മാരേയും പ്രഭുക്കളേയും ഗ്രാമാധികാരികളേയും സൃഷ്ടിച്ചത് അതായിരുന്നു. ഇത്തരം അധികാര കൈമാറ്റ വ്യവസ്ഥകള്‍ പക്ഷെ അനര്‍ഹരേയും ദുര്‍ബലരേയും അധികാരത്തില്‍ എത്തിക്കുന്നതിനു അവസരമൊരുക്കി. ഒരു തരത്തിലും ധാര്‍മ്മികമോ ബുദ്ധിപരമോ ആയ ശേഷിയില്ലാത്തയാളുകള്‍ ചക്രവര്‍ത്തികളാകുകവഴി ആ ദേശം മാത്രമല്ല ചുറ്റുമുള്ള ദേശങ്ങളും നരകസമാനമായതിന് ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങള്‍.ഇവരാകട്ടെ പലതരത്തിലുള്ള മനോവ്യാധികള്‍ പ്രകടിപ്പിക്കുകയും അതിന്റെ പേരില്‍ പ്രജകളെ വലിയതോതില്‍ വിഷമത്തിലാക്കുകയും ഒക്കെ ചെയ്തിരുന്നു.

ആധുനികകാലത്തെ അധികാരികളിലും ഇത്തരം മനോവ്യതിയാനങ്ങളും രോഗാതുരതകളും പ്രകടമാണെന്ന് ഇംഗ്‌ളണ്ടിലെ ലീഡ്‌സ് ബെക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡോ സ്റ്റീവ് ടെയ്‌ലറി(Steve Taylor)നെപ്പോലെയുള്ള സാമൂഹ്യമനശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടാണ് വാഴ്ചാശീലങ്ങള്‍ മാറിമറിഞ്ഞിട്ടും, ജനാധിപത്യം പോലുള്ള പങ്കാളിത്ത പ്രാതിനിധ്യ അധികാര വ്യവസ്ഥകളുടെ കാലത്തും അധികാരസ്ഥാനങ്ങളില്‍ എത്തപ്പെടുന്നവര്‍ പഴയകാലത്തേതു കണക്കെയുള്ള പല മനോവിപര്യങ്ങള്‍ ആവര്‍ത്തിച്ചു വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഞാന്‍ തെറ്റുപ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ എന്റെ ചെവിക്കുപിടിയ്ക്കണമെന്നു പറഞ്ഞ നെഹ്‌റുവിനെപ്പോലുള്ള ആദര്‍ശാത്മകതയും സമഭാവവും ജീവിതത്തിലുടനീളം പുലര്‍ത്താന്‍ ശ്രമിച്ചിട്ടുള്ള അധികാരികള്‍ ആധുനിക സമൂഹത്തിലുണ്ടെന്ന് കാണാതെയല്ല ഇതെഴുതുന്നത്. പക്ഷെ അടുത്തനാളുകളിലായി അധികാരം മറ്റൊരു കാലത്തും കാണാനാവാത്തവണ്ണം ആസുരമായിത്തീര്‍ന്നിരിക്കുന്നു. തികച്ചും നിഷ്ഠൂരരായ, ദയാദാക്ഷിണ്യങ്ങളില്ലാത്ത, സമാനുഭാവ ശീലങ്ങളില്ലാത്ത ആത്മരതിക്കാരെ അത് വര്‍ദ്ധിച്ചതോതില്‍ ആകര്‍ഷിക്കുന്നതായി നമ്മള്‍ കാണുന്നു. ലോകത്തെമ്പാടും, ഏറ്റവും ആധുനികമായ ജനാധിപത്യ വഴക്കങ്ങളില്‍ പോലും.

മനോവ്യവസ്ഥയെ രോഗാതുരമാക്കുന്ന 'ഇരുള്‍ത്രയ' ശീലങ്ങള്‍

മനശാസ്ത്രജ്ഞര്‍ ഇരുള്‍ത്രയം(dark triad) എന്നു വിശേഷിപ്പിക്കുന്ന മനോനിലയുണ്ട്. മൂന്നു തരത്തിലുള്ള അന്യോന്യബന്ധിതമായ ദ്വേഷബുദ്ധിയാര്‍ന്ന മനോനിര്‍മ്മിതികള്‍(three interrelated, malevolent personality construtcs) കൂടിക്കലര്‍ന്നു വ്യക്തികളില്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥാവിശേഷം. മതിഭ്രഷ്ടത, ആത്മരതി, കുടിലതന്ത്രജ്ഞത(psychopathy, narcissism and Machiavelliansim) എന്നിവയാണ് അതിന്റെ ചേരുവകള്‍. ഇവയെ ഒന്നോടൊന്ന് ചേര്‍ത്തുവെച്ചാണ് പഠിക്കാറുള്ളത്. കാരണം, ഇത്തരം മനോനില കൂടുതല്‍ അവസരങ്ങളിലും പരസ്പരം ചേര്‍ന്ന് മാറ്റിനിര്‍ത്താനാവാത്ത തരത്തില്‍ പ്രത്യക്ഷമാകുന്നുവെന്നത് തന്നെ.

ഒരാള്‍ക്ക് മതിഭ്രഷ്ടതയുണ്ടെങ്കില്‍ അത്മരതിയും കുടിലതയും അതിനോട് ചേര്‍ന്നു പ്രത്യക്ഷമാകുക തന്നെചെയ്യുന്നതായി കാണാം. ഇത്തരം സ്വഭാവ സവിശേഷതകളുള്ളവര്‍ക്ക് മറ്റുള്ളവരുടെ വികാരവിചാരങ്ങള്‍ മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ അതനുസരിച്ച് പ്രവര്‍ത്തിക്കാനോ കഴിയുകയില്ല. തങ്ങളുടേതല്ലാതെ മറ്റൊരു പരിപ്രേക്ഷ്യത്തില്‍ നിന്നും ലോകത്തെ നോക്കികാണാനും ആവില്ല. തങ്ങളുടെ ശരികളില്‍ അഥവാ തങ്ങള്‍ നിര്‍മ്മിച്ച ശരികളില്‍ മാത്രമാണ് അവര്‍ ജീവിക്കുക. തങ്ങളുടെ ലക്ഷ്യം നേടുന്നതിനായി ഏതു തരത്തിലുമുള്ള അധാര്‍മ്മിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന കാര്യത്തില്‍ അവര്‍ക്ക് മനസാക്ഷിക്കുത്തോ കുറ്റബോധമോ തോന്നുകയുമില്ല. തങ്ങള്‍ എല്ലാത്തിനും ഉപരിയാണെന്ന മിഥ്യാബോധം അവരെ ഭരിക്കുന്നുവെന്ന് മാത്രമല്ല, മറ്റുള്ളവരെ വരുതിയില്‍ നിര്‍ത്തുന്നതിലും അവിഹിതമായി കാര്യങ്ങള്‍ ചെയ്യുന്നതിലും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. അതേസമയം തങ്ങളാണ് എല്ലാത്തിന്റേയും കേന്ദ്രസ്ഥാനമെന്ന് മാലോകര്‍ പ്രഘോഷിക്കണമെന്ന് ആഗ്രഹിക്കുകയും അതുവഴി ലഭിക്കുന്ന ബഹുമാനാദരങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നു.

രാഷ്ട്രീയത്തിലും കോര്‍പ്പറേറ്റ് അധികാര വ്യവസ്ഥകളിലും ഇരുള്‍ത്രയം എന്ന മനോവിപര്യയ ബാധിതരായ ഒട്ടേറെ പേരെ കണ്ടെത്താമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നമ്മുടെ കുടുംബവ്യവസ്ഥകള്‍ക്കകത്തും ഇത്തരക്കാരുടെ എണ്ണം ചെറുതല്ല. മതിഭ്രഷ്ടതയും ആത്മരതിയും സ്വഭാവസവിശേഷതകളായി ഉള്ളവര്‍ക്ക് അധീശമനസ്ഥിതി ഏറിയിരിക്കും. അത്തരക്കാര്‍ രാഷ്ട്രീയ നേതൃത്വത്തില്‍ കടന്നുവരാന്‍ ശ്രമിക്കുക അത്യന്തം സാധാരണമാണ്. തീയിലേയ്ക്ക് ഈയലുകള്‍ പാറിവീഴുന്നതുപോലെയാണ് ഇത്തരം മനോനിലയുള്ളവര്‍ അധികാര കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുക. മതിഭ്രഷ്ടത ബാധിച്ചവരെ സാമൂഹിക വേട്ടക്കാര്‍(social predators) എന്നാണ് മനശാസ്ത്രജ്ഞനായ റോബര്‍ട്ട് ഹാരെ(Robert Hare) വിശേഷിപ്പിക്കുന്നത്. അധികാരവും സ്ഥാനമാനങ്ങളും പണവും ഉള്ളിടങ്ങളിലെല്ലാം ഇരതേടിയെത്തിയവരെപ്പോലെ അവര്‍ ചുറ്റിക്കറങ്ങും.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കിരാതമനസ്ഥിതിക്കാരായ ഭരണാധികാരകളുടെ പട്ടിക തയ്യാറാക്കിയാല്‍ ഹിറ്റ്‌ലറും സ്റ്റാലിനും പോള്‍പോട്ടും തുടങ്ങിയവര്‍ എന്തായാലും അതിനുപുറത്തുപോകാനിടയില്ല. അവരുടെ വ്യക്തിശീലങ്ങളേയും സാമൂഹ്യശീലങ്ങളേയും കുറിച്ച് നൂറുകണക്കിന് പഠനങ്ങളും പുസ്തകങ്ങളുമെല്ലാം പുറത്തുവന്നിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഇരുള്‍ത്രയ മനോവ്യാധി അതിതീഷ്ണമാം വിധം ബാധിച്ചിരുന്നതായി കാണാമെന്ന് സ്റ്റീവ് ടെയ്‌ലര്‍ ചൂണ്ടിക്കാണിക്കുന്നു. സൂക്ഷ്മമായി പഠനവിധേയമാക്കിയാല്‍ അവരുടെ ബൗദ്ധികശേഷിയേക്കാളേറെ, അവരുടെ അത്യന്തം തീഷ്ണമായ അധികാര കാമനയും അവിശ്വസനീയമാം വിധത്തില്‍ ദയാരഹിതവും ക്രൂരവുമായ വഴികളിലൂടെ അത് നേടിയെടുക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുമാണവരെ അധികാരസോപാനങ്ങളിലേക്ക് എത്തിയ്ക്കുന്നത് എന്നു മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. അത് നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനാവട്ടെ, എത്രമേല്‍ കഠിനമാകാമോ അത്രമേലും കുടിലതകള്‍ ചെയ്തുവെയ്ക്കാന്‍ അവര്‍ മടിക്കാറുമില്ല.

ഈ മനോനിലയുള്ള അധികാരികളില്‍ ആത്മരതിയും മതിഭ്രഷ്ടതയും അത്യന്ത സങ്കീര്‍ണ്ണങ്ങളായി കൂടിക്കുഴഞ്ഞുനില്‍ക്കുന്നത് കാണാം. അവരെ തിരിച്ചറിയുക അത്രമാത്രം വിഷമകരവുമായിരിക്കില്ല. വലിയ ശബ്ദകോലാഹലങ്ങളും കടുത്തനടപടികളും ഒക്കെ ഇവരുടെ വാഴ്ചാക്കാലത്ത് ഉണ്ടാകും. നിലവിലുള്ള സബ്രദായങ്ങളോടോ പാരമ്പര്യങ്ങളോടോ ഒന്നും കാര്യമായ ബഹുമാനം ഉണ്ടാകുകയില്ലെന്നു മാത്രമല്ല, സംവാദാത്മകമായ അന്തരീക്ഷം സൃഷ്ടിയ്ക്കാന്‍ ഇവര്‍ ശ്രമിക്കുകയുമില്ല. ഇക്കാലത്തെ ഇത്തരം നേതാക്കളില്‍ മതിഭ്രഷ്ടതയും ആത്മരതിയും വലിയ അനുപാതത്തില്‍ ചേര്‍ന്നിരിക്കുന്നതായി കാണാം. കടുത്ത രാഷ്ട്രീയ നയനിലപാടുകള്‍ സ്വീകരിക്കുന്ന ഇവര്‍ എല്ലായിപ്പോഴും സ്വേച്ഛാധിപതികളെപ്പോലെ പെരുമാറുകയും ചെയ്യും. ലോകത്തെവിടേയും നോക്കിയാല്‍ ഇത് കാണാന്‍ സാധിക്കും. രാജ്യാഭിമാനം, ദേശീയതാവാദം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സദാപി വാചാലരായിക്കാണാറുള്ള ഇത്തരക്കാര്‍ അതത് രാജ്യങ്ങളിലെ ചെറുഗ്രൂപ്പുകളേയും മറ്റും തികഞ്ഞ സംശയദൃഷടിയോടെ നോക്കികാണുകയും നിരന്തരം അവര്‍ക്കെതിരെ തിരിയുകയും ചെയ്യും. സമൂഹത്തില്‍ ഇരകളെ സൃഷ്ടിക്കുന്ന കാര്യത്തില്‍ ഇവര്‍ സദാജാഗരൂകയാരിക്കും. ഇക്കൂട്ടരില്‍ ഏറിയപങ്കും അഴിമതിക്കാരും ധാര്‍മ്മിക ചിന്തകള്‍ തൊട്ടുതീണ്ടാത്തവരും ആയിരിക്കും.

ഭരണസംവിധാനങ്ങള്‍ രോഗാതുരങ്ങളാവുമ്പോള്‍

ബ്രിട്ടണേയും അമേരിക്കയേയും പോലുള്ള രാജ്യങ്ങളില്‍ മതിഭ്രഷ്ടബാധിതര്‍ അധികാരത്തിലെത്താന്‍ സാധ്യത കുറവാണെന്ന് പലരും പറഞ്ഞുകാണാറുണ്ട്. പക്ഷെ ആത്മരതിയില്‍ വലിയ തോതില്‍ അഭിരമിക്കുന്നവര്‍, സമഭാവങ്ങള്‍ അന്യമായവര്‍ ഒക്കെ അത്തരം നാടുകളില്‍ അധികാരത്തില്‍ എത്തിയത് നമുക്ക് കാണാനാവുമെന്ന് സ്റ്റീവ് ടെയ്‌ലര്‍ ചൂണ്ടിക്കാണിക്കുന്നു. ഡൊണാള്‍ഡ് ട്രംപിനെപ്പോലുള്ളവരുടെ വാഴ്ചാക്കാലം നമുക്ക് കാണിച്ച് തന്നത് എന്താകുന്നു?ട്രംപിന്റെ വ്യക്തിത്വപ്രശ്‌നങ്ങളെക്കുറിച്ച് മുഴക്കത്തോടെ സംസാരിച്ചവര്‍ ഏറെയുണ്ട്. അതില്‍ മനശാസ്ത്രജ്ഞയായ അദ്ദേഹത്തിന്റെ അനന്തിരവള്‍ മേരി ട്രംപുമുണ്ടെന്ന കാര്യവും നമുക്ക് വിസ്മരിച്ച് കളയാവുന്നതല്ല.

കടുത്ത ആത്മരതിയാണ് ഡൊണാള്‍ഡ് ട്രംപ് അനുഭവിക്കുന്ന വ്യക്തിത്വപ്രശ്‌നമെന്ന് ചൂണ്ടിക്കാട്ടിയ മേരി ട്രംപ് സോഷ്യോപ്പതി എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വവ്യാധി അദ്ദേഹത്തെ ബാധിച്ചിരുന്നതായും വിശദീകരിക്കുന്നു.(She suggested that his main issue was his severe narcissism, but also that he 'meets the criteria for antisocial personality disorder, which in its severe form is generally considered sociopathy.) സൈക്കോപാത്തുകളും സോഷ്യോപാത്തുകളും പലപ്പോഴും ഒരേ തരത്തിലുള്ള മനോനിലകള്‍ പേറുന്നവരാണെന്നു പറയാമെങ്കിലും ഇരു വിഭാഗത്തിലും പെട്ടവര്‍ തമ്മില്‍ ചില സവിശേഷ വ്യതിയാനങ്ങളും ഉണ്ട്. സൈക്കോപാത്തുകള്‍ തികഞ്ഞകുടിലതകളോടെ ജീവിക്കുന്നവരാണെങ്കിലും അവര്‍ തികച്ചും സാധാരണജീവിതത്തിന് ഉടമകളാണെന്ന് തോന്നിപ്പിക്കും. പക്ഷെ സോഷ്യോപാത്തുകളുടെ കാര്യം അങ്ങനെയല്ല. അവരുടെ ജീവിതത്തില്‍ ക്രമരാഹിത്വവും താന്തോന്നിത്തവും ഏറിയിരിക്കും. ക്രോധവും ചഞ്ചലചിത്തതയും ഒന്നും ഒളിച്ചുവെച്ച് ജീവിക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയില്ല.

ട്രംപ് ഭരണകൂടത്തെ ചില സംഭവങ്ങള്‍ ആളുകള്‍ എടുത്ത് പറയാറുണ്ട്. അതിലൊന്നാണ് ഉത്തരവാദിത്തത്തോടെ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിച്ചിരുന്ന ഉദ്യോഗസ്ഥര്‍ പല ഘട്ടങ്ങളിലായി ചുമതലകള്‍ വച്ചൊഴിഞ്ഞുപോയത്. ആ സ്ഥാനങ്ങളിലേക്ക് ട്രംപ് ആകര്‍ഷിച്ചുകൊണ്ടുവന്നത് അദ്ദേഹത്തിന് സമാനമായ വ്യക്തിത്വ വിശേഷങ്ങള്‍ ഉള്ളവരെയാണ്. പോകെപ്പോകെ അവിടം മനോവ്യതിയാനങ്ങള്‍ സംഭവിച്ച ഉദ്യോഗസ്ഥരെകൊണ്ടു നിറഞ്ഞു. പോളിഷ് മനശാസ്ത്രജ്ഞനായ ആഡ്രു ലൊബോല്‌കോവ്‌സ്‌കി(Andrew Lobacewski)യെപ്പോലുള്ളവര്‍ ഇത്തരം അവസ്ഥയെ പാത്തോക്രസി(pathocracy) എന്നു വിശേഷിപ്പിച്ചു. ഭരണസംവിധാനം അപ്പാടെ മതിഭ്രമവും ആത്മരതിയും പോലുള്ള രോഗബാധിതരെക്കൊണ്ടു നിറയുന്ന അവസ്ഥയെയാണ് പാത്തോക്രസി എന്നു വിശേഷിപ്പിക്കുന്നത്. അത്തരക്കാരുടെ വാഴ്ചാക്കാലം എന്നര്‍ത്ഥം. ബ്രിട്ടണടക്കം പല രാജ്യങ്ങളിലും അത്തരം അവസ്ഥകള്‍ വന്നുഭവിച്ചിട്ടുണ്ടെന്ന് സ്റ്റീവ് ടെയ്‌ലര്‍ ചൂണ്ടിക്കാട്ടുന്നു. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒട്ടേറെ ഉദാഹരണങ്ങള്‍ കണ്ടെത്താനാവും.

പല രാജ്യങ്ങളിലും ഇത്തരം മനോനിലയുള്ളവരുടെ ആധിക്യം ഒരു സവിശേഷ സാഹചര്യം സൃഷ്ടിക്കുകപോലുമുണ്ടായി. സമഭാവവും നേതൃഗുണങ്ങളും ഉള്ളവര്‍ അധികാരത്തില്‍ നിന്നും സമദൂരം പാലിക്കുകയും എന്നാല്‍ ഇതിനു വിരുദ്ധമായ സ്വഭാവ സവിശേതകളുള്ളവരെ അധികാരം വല്ലാതെ മോഹാവേശിതാരാക്കുകയും അതിനായി എന്തു മാര്‍ഗ്ഗങ്ങളും അവര്‍ സ്വീകരിക്കുകയും ചെയ്യുന്ന അവസ്ഥ. ഇതൊരു പ്രസ്ഥാനം പോലെ ലോകത്താകമാനം സൃഷ്ടിക്കപ്പെട്ടുവെന്നും സ്റ്റീവ് ടെയ്‌ലര്‍ പറയുന്നു. സമഭാവം പുലര്‍ത്തുന്നവര്‍ താഴെത്തട്ടില്‍ ജനങ്ങളുമായി സംവദിച്ചു കഴിയവെ അതുണ്ടാക്കുന്ന ശൂന്യതയിലേക്ക് അതിക്രമിച്ചു കടക്കുന്നവരായി മറ്റൊരു വിഭാഗം രൂപപ്പെടുന്ന അവസ്ഥയായും ഇതിനെ വിശദീകരിക്കപ്പെടാറുണ്ട്. ഇതിന്റെ സാമൂഹ്യജന്മായ മറ്റു കാരണങ്ങളിലേക്കും പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. വിശേഷിച്ചും കോര്‍പ്പറേറ്റ് വല്‍ക്കരണം സമസ്തമായ ജീവിതാവസ്ഥകളിലും കടന്നുകയറുന്നു സത്യാനന്തരതയുടെ ഇക്കാലത്ത്. പക്ഷെ മനശാസ്ത്ര പഠിതാക്കള്‍ ഇക്കാര്യത്തിന് വേണ്ടത്ര ഊന്നല്‍ പലപ്പോഴും നല്‍കിക്കാണുന്നില്ല.

രാഷ്ട്രീയത്തിലും വേണം മനോവിപര്യയങ്ങള്‍ കണ്ടെത്താനുള്ള സ്‌ക്രീനിംഗ്

പക്ഷെ, എല്ലാത്തരം കുടിലതകളും പാര്‍പ്പാക്കുന്നതായി കാണുന്ന കോര്‍പ്പറേറ്റ് ലോകം ഇരുള്‍ത്രയം പോലുള്ള രോഗാവസ്ഥകളില്‍ പെട്ടവരെ തങ്ങളുടെ സ്ഥാപനങ്ങളുടെ താക്കോല്‍ സ്ഥാനങ്ങളില്‍ എത്തുന്നത് തടയുന്നതിനായി പല സബ്രദായങ്ങളും അവലംബിച്ച് വരുന്നതായി കണ്ടിട്ടുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തങ്ങളുടെ സ്ഥാപനങ്ങളുടെ അധികാര കേന്ദ്രങ്ങളിലേക്ക് മതിഭ്രഷ്ടത പോലുള്ള സ്വഭാവസവിശേഷതകള്‍ ഉള്ളവരെ ഒഴിവാക്കുന്നതിനായി ചില സ്‌ക്രീനിംഗ് സബ്രദായങ്ങള്‍ അവലംബിച്ചുപോരുന്നുമുണ്ട്. ഇത്തരം ഒഴിവാക്കല്‍ സമ്പ്രദായങ്ങള്‍ രാഷ്ട്രീയത്തിലും കൊണ്ടുവരുന്നത് നന്നായിരിക്കുമെന്ന് സ്റ്റീവ് ടെയ്‌ലര്‍ പറയുന്നു. ഓരോ സംഘടനയും സര്‍ക്കാരും ഇത്തരത്തിലുള്ള സൈക്കോപാത്തുകളേയും സോഷ്യാപാത്തുകളെയും കണ്ടെത്തി അവരെ അധികാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്് തടയാനായി തങ്ങള്‍ക്ക് അനുഗുണമായ സംവിധാനം രൂപപ്പെടുത്തിയെടുക്കണമെന്നും സ്റ്റീവ് ടെയ്‌ലര്‍ പറയുന്നു.

വ്യക്തിത്വ സ്വഭാവസവിശേഷതകള്‍ മനസ്സിലാക്കുന്നതിനുള്ള പേഴ്‌സണാലിറ്റി ട്രെയിറ്റ് ടെസ്റ്റുകള്‍ ഇതിനുപ്രയോജനപ്പെടണമെന്നില്ല. കാരണം ഇരുള്‍ത്രയങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന മാനസികാവസ്ഥയുള്ളവര്‍ ഇത്തരം പരിശോധകരെ കബളിപ്പിക്കാന്‍ തക്കവണ്ണം കൗശലങ്ങളും കൃത്രിമത്വങ്ങളും വിശ്വാസരാഹിത്യങ്ങളും പേറിനടക്കുന്നവരായിരിക്കും. അവര്‍ ഇത്തരത്തിലുള്ള ചോദ്യാവലിപരീക്ഷകളെ തന്ത്രപൂര്‍വ്വം ഉത്തരം നല്‍കി സസുഖം വിജയിച്ചുകയറിയെന്നുവരാം. അതുകൊണ്ട് ഇത്തരം വ്യക്തികളുടെ ഭൂതകാലത്തിലേക്ക് കൂടി നീളുന്ന വിപുലമായ പരിശോധനകളും നീണ്ട അഭിമുഖങ്ങളും നടത്തി പഴയസഹപ്രവര്‍ത്തകരും അടുപ്പക്കാരും അധ്യാപകരും അടക്കമുള്ളവരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടുവേണം വിലയിരുത്തലുകള്‍ പൂര്‍ത്തിയാക്കാന്‍.

ഈ നിര്‍ദ്ദേശം കേള്‍ക്കുമ്പോള്‍ മനശാസ്ത്രജ്ഞന്മാര്‍ക്കും മനോരോഗവിദഗ്ദ്ധര്‍ക്കും അധികാര കേന്ദ്രത്തിലേക്ക് എത്തുന്നവരെ കണ്ടെത്തുന്ന പ്രക്രീയയിലെ കേന്ദ്രബിന്ദുക്കളായി തീരുകയും അവര്‍ തന്നെ മറ്റൊരു തരത്തില്‍ അഴിമതിക്കാരായി മാറുകയില്ലേയെന്നുമുള്ള ചോദ്യമുയരാം. തീര്‍ത്തും യുക്തിസഹമായ ചോദ്യം. നമ്മുടേതുപോലുള്ള സാഹചര്യത്തില്‍ എല്ലാത്തരത്തിലും സത്യമായിതീരാന്‍ ഇടയുള്ള കാര്യമാണത്. പക്ഷെ ആത്മരതിക്കാരും മതിഭ്രമക്കാരും കുടിലതന്ത്രജ്ഞതയുള്ളവരുമൊക്കെ അധികാരത്തിലേക്ക് എത്തുന്നത് ഒഴിവാക്കാന്‍ മറ്റെന്താണ് മാര്‍ഗ്ഗം? എന്തായാലും ഇത്തരക്കാരെ ജനതയുടേയും സമൂഹത്തിന്റേയും നേതൃത്വത്തിലേക്ക് എത്തുന്നത് ഒഴിവാക്കാന്‍ മാര്‍ഗ്ഗം കണ്ടെത്തിയേ മതിയാകുകയുള്ളു. കേവലം ഒരു വ്യക്തിയ്ക്കുണ്ടാകുന്ന അപചയങ്ങള്‍ പോലെയല്ല, ഒരു ജനതതിയുടെ ആശിസ്സുകള്‍ തീരുമാനിക്കുന്നവരെ ബാധിക്കുന്ന മനോവിപര്യയങ്ങള്‍. അത്തരക്കാര്‍ അധികാരത്തിലെത്തിയതിന്റെ കെടുതികള്‍ വര്‍ത്തമാനത്തിലും ചരിത്രത്തിലും എമ്പാടുമുണ്ടെന്ന കാര്യം നമുക്ക് മറക്കാനാവില്ല.

അവലംബം:

1. How to stop psychopaths and narcissists from winning positions of power-Steve Taylor, The Conversation, 7, Apr-il 2021

2. The power of the dark side: personality, the dark triad, and political ambition, JulieBlais, ScottPruysers, www.sciencedirect.com

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)Next Story

Related Stories